സമരജീവികൾ

Rajeev mahadevan
രാജീവ് മഹാദേവൻ

സ്വാതന്ത്ര്യസമരം എന്ന സുദീർഘവും, ക്ലേശപൂർണവും, ഐതിഹാസികവുമായ പ്രക്രിയയിൽ, ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായും അല്ലാതെയും പല വിതാനങ്ങളിൽ ഉപഭൂഖണ്ഡത്തിലെ ബഹുജനങ്ങൾ സർവ്വം മറന്നിടപെട്ടുകൊണ്ടാണ്, ചിതറിക്കിടന്ന നാട്ടുരാജ്യങ്ങൾ ഇന്ത്യയെന്ന പൊതുവികാരത്തിൽ ഒരുമിച്ചത്. അതിനനുബന്ധമായാണ് തങ്ങളുടേതായ രാഷ്ട്രീയ, രാഷ്ട്രതന്ത്ര, സാംസ്ക്കാരിക നിലപാടുകളുടെ ആകെത്തുകയായി ഇന്ത്യൻ രാഷ്ട്രം ഉരുവം കൊണ്ടത്. പിന്നീടിങ്ങോട്ട് ഇന്ത്യൻ ബൂർഷ്വാസിയാൽ രൂപീകരിക്കപ്പെട്ടതും, എല്ലാ ഘട്ടങ്ങളിലും സമൂഹത്തിലെ മദ്ധ്യ-ഉപരി, ഉപരി വർഗങ്ങളുടെ താൽപ്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതുമായ ജനാധിപത്യഭരണ സമ്പ്രദായം, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ജനതയുടെ സമരവീര്യം നിരന്തരം  ഊറ്റിയെടുത്ത് സ്വന്തം നില ഭദ്രമാക്കിപ്പോന്നു.

തൊണ്ണൂറുകളിൽ ഇന്ത്യൻ വിപണി മലർക്കെ തുറക്കപ്പെട്ടതും, ഇന്ത്യൻ കാർഷിക മേഖല അസാധാരണമാംവിധം തകർന്നു തളരുന്നതും നമ്മൾ കണ്ടു. കോൺഗ്രസ്സ് സർക്കാരുകളുടെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്ക് തോരണം ചാർത്തി കടന്നു വന്ന സംഘപരിവാർ ശക്തികൾ കോർപ്പറേറ്റ് ഹിന്ദുത്വയുടെ പതാക വാഹകരായി കളം കീഴടിക്കിയതോടെ ഇടത്തരം ദരിദ്ര കർഷകരും മറ്റു ജനവിഭാഗങ്ങളും കൊടിയ ചൂഷണത്തിൻറെ നവകൊളോണിയൽ ഘട്ടത്തിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥയിലായി. ഇത്തരമൊരു ചരിത്രസന്ധിയിലാണ് ഇന്ത്യൻ കർഷകൻ അവൻറെ ആത്മവീര്യം വീണ്ടെടുത്ത മഹത്തായ കർഷകസമരം അരങ്ങേറുന്നത്.

സമരത്തിലേക്കുള്ള വഴി

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കാത്ത ഒരു സർക്കാർ, വേണ്ടത്ര ചർച്ചകൾ നടത്താതെയും, ചർച്ചകൾക്ക് മുതിർന്നവരെ ജനാധിപത്യ വിരുദ്ധനടപടികളിലൂടെ നിശ്ശബ്ദരാക്കുകയും ചെയ്തിട്ടാണ് ഇന്ത്യൻ കാർഷിക രംഗത്തെ അടിമുടി കോർപ്പറേറ്റ് വൽക്കരിക്കുന്ന ദൂരവ്യാപകമായ നയങ്ങൾ ഉൾക്കൊള്ളുന്ന മൂന്നു കാർഷിക നിയമങ്ങൾ പാസാക്കിയെടുത്തത്. 2020 സെപ്റ്റംബർ 14 നാണ് ഇവ പാർലമെൻറിൽ ഓർഡിനൻസ് ആയി കൊണ്ടു വരുന്നത്. എൻ ഡി എ മുന്നണിയ്ക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ സെപ്റ്റംബർ 17ന് ഈ ഓർഡിനൻസ് പാസാകുന്നു. മുന്നണിയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ശബ്ദ വോട്ടോടെയാണ് സെപ്റ്റംബർ 20ന് ഓർഡിനൻസ് പാസാകുന്നത്. ഓർഡിനൻസുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച എം പി മാരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ശേഷമാണ് തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിൽ ഓർഡിനൻസ് പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുന്നത്. ഇതേത്തുടർന്ന് സെപ്റ്റംബർ 24ന് പഞ്ചാബിലെ കർഷകർ മൂന്നു ദിവസത്തെ ട്രെയിൻ തടയൽ സമരം പ്രഖ്യാപിക്കുന്നു. അഖിലേന്ത്യാ കർഷക സമര സമിതിയുടെ [All India Kisan Sangharsh Coordination Committee (AIKSCC)] ആഹ്വാനമനുസരിച്ച് ഇന്ത്യയൊട്ടാകെ കർഷകർ തെരുവുകളിലിറങ്ങുന്നു. സെപ്റ്റംബർ 27ന് രാഷ്ട്രപതിയുടെ അനുമതിയോടെ ബിൽ നിയമമാവുന്നു.

പിന്നീട് സംഭവിച്ചത് ചരിത്രം. അഞ്ഞൂറിലധികം കർഷക സംഘടനകൾ ഒരേ വികാരത്തിൽ സുദീർഘമായ ഒരു കാലയളവിൽ, ശക്തികളോടും, മഹാമാരിയോടും, ഭരണകൂട മർദ്ദന സംവിധാനങ്ങളോടും പൊരുതി ഐതിഹാസിക വിജയം നേടി. കർഷകർക്കൊപ്പം എല്ലാ ഘട്ടങ്ങളിലും തൊഴിലാളികൾ അണിചേർന്നു. നിസ്വവർഗ അനുഭാവികളായ സമൂഹത്തിലെ ബഹിഭൂരിപക്ഷവും മാനസികമായി സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് അവരോടു തോൾചേർന്നു. തെരുവിൽ പൊരുതുന്ന കർഷക-തൊഴിലാളി സഖാക്കളെ വിരൽ ചൂണ്ടി ‘സമരജീവികൾ’ (ആന്ദോളൻ ജീവി) എന്നു പരിഹസിച്ച ഇന്ത്യൻ പ്രധാനമന്ത്രി, അതേ സമരജീവികളുടെ നിശാചയദാർഢ്യത്തിനു മുന്നിൽ, പോരാട്ടവീര്യത്തിനു മുന്നിൽ മുട്ടുമടക്കി. ജനാധിപത്യ വിരുദ്ധമായി പാസാക്കിയെടുത്ത, ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കപ്പെട്ടു.

2020 നവംബറിൽ ആരംഭിച്ച് 2021 ഡിസംബറിൽ അവസാനിച്ച, ഒരു വർഷത്തിലേറെ നീണ്ടു നിന്ന കർഷക സമരം വിജയം നേടി ഒരു വർഷം പിന്നിടുന്നു. കർഷകർ തുടർ സമരങ്ങളിലൂടെ അവരുടെ പോരാട്ടങ്ങളുടെ അന്തിമനീതിയ്ക്കായുള്ള സമരപാതയിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുന്നു.

 പ്രപഞ്ചത്തിൻറെ ഏതുകോണിലും; ചൂഷണ രഹിതമായ വ്യവസ്ഥിതിക്കുവേണ്ടി മുഷ്ടി ഉയർത്തുന്നവർ, അനീതിയ്‌ക്കെതിരെ ശബ്ദമുയർത്തുന്നവർ, അസമത്വങ്ങളുടെ തുടലുപൊട്ടിച്ചെറിയാൻ തുനിഞ്ഞിറങ്ങി വെടിയുണ്ടകളേറ്റുവാങ്ങാൻ ഉൾക്കരുത്തുള്ളവർ, ജീവിതം സമരമാക്കിയവർ, അവർ സമരജീവികളാണ്. അതിലവരുടെ അഭിമാനം നല്ല നാളെയുടെ പുഞ്ചിരികളിലാണ്.

കർഷക-തൊഴിലാളി ഐക്യം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സ്വപ്‌നങ്ങൾ സത്യസന്ധമായ് പൂർത്തീകരിക്കുന്ന കാലത്തിലേക്ക് നൂറുചുകപ്പൻ അഭിവാദ്യങ്ങളോടെ, എല്ലാക്കാലങ്ങളിലേയും, സർവലോകങ്ങളിലേയും സമര ജീവികളോട്  ഐക്യദാർഢ്യപ്പെട്ടുകൊണ്ട്……….

അതെ,

ഞങ്ങൾ സമരജീവികളാണ്.
തലമുറ തലമുറകളായി,
അനീതിയും അന്യായവും മാത്രം
വിലയും കൂലിയുമായി
നേടിക്കൊണ്ടിരിക്കുന്ന,

അദ്ധ്വാന വർഗ്ഗത്തിൻ
നേരവകാശികൾ ഞങ്ങൾ;
കലഹിക്കാതിരിക്കുവതെങ്ങനെ,
സമരം ചെയ്യാതിരിക്കുവതെങ്ങനെ.

1
പണ്ടു പണ്ട്,
വിശക്കുമ്പോൾ മാത്രം
ഇരതേടിയും,
കിട്ടിയത് പങ്കിട്ടെടുത്തും,
എൻറെ നിൻറെ-
യെന്നില്ലാത്ത കാലത്തിന്ന-
നന്തമാം സ്വാതന്ത്ര്യമറിഞ്ഞും,
ഞങ്ങൾ
കമ്യുണിസമാസ്വദിച്ചിരുന്നു.

രണ്ടിൽ നിന്ന് പലതായി,
പലമടങ്ങായ്പ്പെരുകി
മനുഷ്യവംശം വളർന്നു.
വിഭവങ്ങൾ മെലിഞ്ഞുണങ്ങി.
വിശപ്പിന് നാനാർത്ഥങ്ങളായി.
കരുതൽ പ്രധാനമായ്.
സ്വാർത്ഥം മുള പൊട്ടി.
മത്സരം വളർന്നു.

മനുഷ്യൻ മനുഷ്യന് ശത്രുവായി.
ഒറ്റയ്ക്കും കൂട്ടായും
അവൻ പരസ്‌പരം പോർവിളിച്ചു.
വോൾഗ മുതൽ ഗംഗ വരെ,
അമ്മ-മുത്തശ്ശിമാരെ തട്ടി മാറ്റി
അച്ഛനമ്മാവന്മാർ വന്നു.
ഉടമയെ വെട്ടി നാടുവാഴിയും
അയാളെ വെട്ടി മുതലാളിയും വന്നു.
വ്യവസ്ഥിതികളുടെ
ചതുരംഗക്കടശ്ശിയിൽ,
മുതലാളിയും തൊഴിലാളിയും
നേർക്കു നേർ നിൽക്കുന്നു.
സാമ്രാജ്യവും കോളനികളും
കൊമ്പു കോർക്കുന്നു.

ചവിട്ടി നിൽക്കുന്ന ഇടമെല്ലാം
സ്വന്തമെന്ന
കാലം പോയി.
എനിക്കും നിനക്കുമെന്ന്,
മണ്ണ് പിടിച്ചു പറിയ്ക്കപ്പെട്ടു.

പണ്ടത്തെ ഉട്ടോപ്യകളെല്ലാം,
വെറും സങ്കല്പങ്ങളായിരുന്നെന്ന്,
സ്വകാര്യസ്വത്തിന്നപ്പോസ്തലന്മാർ
തലമുറകളെ പറഞ്ഞു പഠിപ്പിച്ചു.
ചൂഷണം ആപ്തവാക്യമാക്കി,
മുതലാളിത്തം
മണ്ണിനെ, മനുഷ്യനെ
വിഴുങ്ങി.

2
മണ്ണിനും മണ്ണിനുമിടയിൽ
വരമ്പുകളുയർന്ന നാൾ മുതൽ,
കിളച്ചും ഉഴുതും കൊയ്തും മെതിച്ചും,
മഴയിലും മഞ്ഞിലും വേനൽക്കനലിലും,
ജീവിതസമരത്തിലായിരുന്നു ഞങ്ങൾ.

അർഹതപ്പെട്ടത്‌ നേടി
അതിജീവിക്കാൻ,
ഇത്രകാലവും ഞങ്ങൾക്കായിരുന്നില്ല.
അദ്ധ്വാനത്തിൻറെ
അവസാന തുള്ളിയും
ഊറ്റിക്കൊടുത്ത്,
ദാരിദ്ര്യം കൈമാറി
വെറും കയ്യോടെ,
ഞങ്ങൾ മരിച്ചു പോയിരുന്നു.

സ്വന്തമില്ലാത്ത, സ്വാർത്ഥമില്ലാത്ത,
ചൂഷണമില്ലാത്ത, മർദ്ദനമില്ലാത്ത,
ഞാനില്ലാത്ത, നീയില്ലാത്ത കാലം;
ജനിതകസ്മരണകളിൽ
പൊടിപിടിച്ചു
കിടന്നിരുന്നതായി ഞങ്ങൾ,
അറിയുകപോലുമുണ്ടായില്ല.

3
ചുവപ്പു രാശിയിൽ
ഒരു പുതിയ പുലരി
ഞങ്ങളെ മാടി വിളിച്ചു.
ഞങ്ങൾ തല ഉയർത്തി.
നട്ടെല്ല് നിവർത്തി.
വിയർപ്പു തുടച്ചു.
ആ പ്രകാശം
തെളിച്ച വഴിയിലൂടെ,
ഞങ്ങൾ നടന്നു തുടങ്ങി.

റോഡുകൾ ഞങ്ങളെ
പൊള്ളിക്കാൻ ശ്രമിച്ചു.
ദൂരങ്ങൾ ഞങ്ങളെ
തളർത്താൻ പണിപ്പെട്ടു.
ഞങ്ങൾ;
തീച്ചൂളകളിൽ
ജീവിതം ഉരുക്കൂട്ടിയ,
ചോരത്തുള്ളികളിൽ
ജീവനം സ്വരുക്കൂട്ടിയ,
മണ്ണടരുകളിൽ
അടയാളങ്ങളായ്പ്പതിഞ്ഞ,
ജനിമൃതികളുടെ
പരാഗണങ്ങളല്ലോ.

വാറോലകളിൽ കുരുക്കി
ശ്വാസം മുട്ടിച്ചും,
പീരങ്കികളിൽ വിഷം
നിറച്ചു തുപ്പിയും,
അധികാരത്തിൻറെ
മൂർച്ചയും, കടുപ്പവും,
ധാർഷ്ട്യവും, ക്രൗര്യവും,
ഉപജാപങ്ങളും കൂട്ടിച്ചേർത്ത്
ഞങ്ങളെ തച്ചു തകർക്കാൻ
ഭരണകൂടം
വെമ്പൽ കൊണ്ടു.

ദുരിതങ്ങൾ ഒന്നിനു പിറകെയൊന്നായ്
മുള്ളു തറയ്ക്കുന്ന ജീവിതങ്ങളിൽ,
ബയണറ്റുകൾ ഇക്കിളിസ്പർശമായി.
ആർത്തലച്ച പ്രളയത്തോട്
കിന്നാരം പറഞ്ഞവർക്ക്,
ജലപീരങ്കികൾ തമാശയായി.
അതിവൃഷ്ടിയും അനാവൃഷ്ടിയും,
മണ്ണിനെയും മനസ്സിനെയും
കൊടും പരീക്ഷകളിലുലച്ചപ്പോൾ,
അന്തമില്ലാക്കാത്തിരിപ്പുകളിൽ
ക്ഷമയുടെ അകം പുറം
പഠിച്ചവർ ഞങ്ങൾ.
ഞങ്ങൾ ചുകപ്പൻ പുഴയായി,
രാജവീഥികൾ നിറഞ്ഞൊഴുകി.
മഹാനഗരം കവിഞ്ഞ്,
തലസ്ഥാനം
അകം പുറം നിറഞ്ഞു.
കൊടും ശൈത്യത്തിൽ
ഞങ്ങൾ പട്ടിണിസമരം ചെയ്തു.
ലോകം ഞങ്ങളോടു തോൾ ചേർന്നു.
ഭാവികാലം ഞങ്ങളെ
ചേർത്തു പിടിച്ചു.
രിഹാനയും, കൊച്ചു ഗ്രെറ്റയും,
മീനയും ഞങ്ങളെ തൊട്ടു.
ഞങ്ങൾക്കൊപ്പം നടന്ന
ദിഷയിൽ,
ഫാസിസച്ചെങ്കോൽ പതിഞ്ഞു.
നേരിൻറെ പന്തങ്ങൾ
ഏറ്റു പിടിക്കാൻ,
ചെറുകയ്യുകൾ
വീണ്ടും വീണ്ടുമു-
യർന്നു കൊണ്ടിരുന്നു.

4
ഒടുവിൽ;
അധികാരത്തിൻറെ
ധാടി മുറിഞ്ഞു.
ധാർഷ്ഠ്യത്തിൻറെ
മോടി കുനിഞ്ഞു.
വാറോലകൾ
സമരാഗ്നിയിൽ ചാരമായി.
പക്ഷെ ഞങ്ങൾക്ക്
ബോദ്ധ്യമുണ്ട്,
ഈ വിജയം
അന്തിമമല്ലെന്ന്.
ജനാധിപത്യം,
പണമൂലധനത്തിന്
കങ്കാണികളെ നിർമ്മിച്ചു
കൈമാറുന്ന വ്യവസ്ഥിതിയാ-
യധഃപതിച്ചു ദുഷിച്ചിരിക്കുമ്പോൾ;
പരിസ്‌ഥിതിയെ
മുച്ചൂടും മുടിച്ചില്ലാതാക്കി,
മനുഷ്യകുലത്തെ
വംശനാശം വരുത്തി,
മുതലാളിത്ത
വികസന കാപട്യം,
മറുഗ്രഹങ്ങളിലേക്ക് ചേക്കേറി
സ്വന്തം തടി കാക്കാൻ
തയ്യാറെടുക്കുമ്പോൾ;
ഞങ്ങള് കൊയ്യുന്ന വയലുകൾ
ഞങ്ങളുടേതാകുന്ന,
ഞങ്ങളുടെ വിയർപ്പിൻ ഫലങ്ങൾ
ഞങ്ങളുടെ തലമുറ ആസ്വദിക്കുന്ന
കാലത്തിനായ്,
മനുഷ്യപ്പറ്റിൻറെ
പ്രത്യയശാസ്ത്ര പിൻബലത്തിൽ,
ഞങ്ങളീ കൊടി
ഉച്ചത്തിലുയരത്തിൽ വീശുന്നു.
അന്തിമ സമരത്തിനായ്
തയാറെടുക്കുന്നു.
നഷ്ടപ്പെടുവാൻ,
നഷ്ടങ്ങളുടെ ചങ്ങലക്കെട്ടുകൾ
മാത്രമുള്ളവർക്ക്,
ജീവിതം തന്നൊരു സമരമാണ്.
ജീവിതത്തോളം
ആയുസ്സുള്ളൊരു സമരം.

രാജീവ് മഹാദേവൻ 

കൊല്ലം സ്വദേശി 
കോട്ടയം ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എസ് എഫ് ഐയിലും ബിരുദം(2007).നിലവിൽ മസ്‌ക്കറ്റിൽ കോപ്പി പേസ്റ്റ് എൻജിനീയറായി കഴിഞ്ഞു കൂടുന്നു.
എം നന്ദകുമാറിൻറെ നോവൽ കാളിദാസൻറെ മരണം നോവൽ ആസ്വാദനം ദേശാഭിമാനി വാരികയിൽ വന്നിരുന്നു.അദ്ദേഹത്തിൻറെ കഥാസമാഹാരം ‘കഥകൾ’ റിവ്യൂ ദേശാഭിമാനി ഓൺലൈനിലും വന്നിട്ടുണ്ട്.
നന്ദകുമാറിൻറെ ‘നീറേങ്കൽ ചെപ്പേടുകൾ’ എന്ന ആക്ഷേപഹാസ്യ നോവലിനെക്കുറിച്ച് 2019 ഷാർജ ബുക്ക് ഫെയറിൽ നടന്ന ചർച്ചയിൽ  അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു.

WhatsApp