സഞ്ജു.. വിട...

Rajesh S. Anand
Rajesh S Anand
 1999 ME

അച്ഛനോടൊത്തായിരുന്നു ആദ്യം പാലക്കാട്ടു അഡ്മിഷന് വന്നത്. അന്ന് മഴയുള്ള ഒരു ദിവസമായിരുന്നു.. മഴ ശമിച്ചപ്പോൾ മേഘശകലങ്ങൾക്കിടയിലൂടെ കണ്ട കല്ലടിക്കോടൻ മലയും താഴ്വരയിലുള്ള കോളേജും ഒരു മനോഹര ദൃശ്യമായിരുന്നു. അത്രയും ഭംഗി കോളേജിന് പിന്നൊരിക്കലും തോന്നിയിട്ടില്ല…

Sanju Vijayan by Dinoop
Sanju Vijayan by Dinoop

അഡ്‌മിഷന്റെ ഔപചാരികതകളൊക്കെക്കഴിഞ്ഞ് കറുത്ത വസ്ത്രം ധരിച്ചു ചീറിപ്പായുന്ന ബൈക്കുധാരികളെയും കടന്നു ഹോസ്റ്റലിൽ എത്തിയപ്പോൾ ആദ്യം കണ്ടത് കണ്ണാടി വച്ച സൗമ്യനായ ഒരു വിദ്യാർത്ഥിയെയാണ്. ഞങ്ങൾ ആരാഞ്ഞ കാര്യങ്ങൾക്കെല്ലാം വളരെ വിനയത്തോടെ മറുപടി തന്നു… പിന്നെയും കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ആ വ്യക്തിയുടെ പേര് പരിചിതമായത്: സഞ്ജു വിജയൻ.

അച്ഛൻ ഇന്നില്ല… എങ്കിലും ആ പെരുമാറ്റം ഇഷ്ടപ്പെട്ടെന്ന് അച്ഛൻ പറഞ്ഞത് ഇന്നും ഓർക്കുന്നു…

സഞ്ജു ആരാണെന്നു ശരിക്കും മനസ്സിലാവുന്നത് ക്യാമ്പസ് തീയേറ്ററില്‍ പോയപ്പോളാണ്. സഞ്ജു ഒരിക്കലും ഞങ്ങളുടെ ലെവല്‍ ആയിരുന്നില്ല. He was gifted… അയാൾ സംസാരിക്കുമ്പോൾ, ശബ്ദത്തിലുള്ള ഗാംഭീര്യം കൊണ്ട് നമ്മൾ ആജ്ഞാനുവര്‍ത്തികൾ ആവും… ‘ഗാന്ധി’ നാടകം സഞ്ജു സംവിധാനം ചെയ്തപ്പോൾ, ഒരു കൊച്ചു റോൾ ഈയുള്ളവനും കിട്ടിയിരുന്നു. ഗാന്ധി ആയി പല്ലി സുജിത്, പട്ടേലായി പപ്പേട്ടൻ, മൗണ്ട്ബാറ്റൺ ആയി വാൾ എന്ന പ്രവീൺ. ഗോഡ്‌സെ ആയി സഞ്ജു സംഭാഷണങ്ങള്‍ ഡെലിവര്‍ ചെയ്യുമ്പോൾ നമ്മൾ മോഹവിദ്യയ്ക്ക് അടിപ്പെട്ടതു പോലെ കേട്ടിരിക്കുകയായിരുന്നു…

പിന്നെ, ആ മനുഷ്യൻ നീ തന്നെ എന്ന നാടകം. ബൈബിൾ കഥ. ദാവീദിന്റെയും ബെത്‌ശെബയുടെയും കഥ. ഊറിയയുടേയും… ബെത്‌ശെബയോടുള്ള ആസക്തി കാരണം ഊറിയയെ കാലാൾപ്പടയുടെ മുൻനിരകളിലേക്ക് അയക്കുന്ന ദാവീദ്… യുദ്ധം ലഹരിയായി കാണുന്ന ഊറിയ, ചതി അറിയാതെ കൽപ്പന അനുസരിച്ച് പടയുടെ മുൻനിരയിലേക്ക് ആവേശത്തോടെ പോകുന്നു…

ഊറിയ ആയി വാൾ പ്രവീൺ… അന്ന് വാൾ അൽപ്പസ്വൽപ്പം SFI പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. അപ്പോളൊക്കെ കോളേജിലെ പെൺകുട്ടികൾക്ക് അവനെ ഊറിയ ആയിട്ട് തന്നെ തോന്നി. “ഊറിയ” എന്ന് വിളിക്കുകയും ചെയ്യുമായിരുന്നു. അതൊക്കെ സംവിധായകനെന്ന നിലയിൽ സഞ്ജുവിന്റെ വിജയമായിരുന്നു.

കോഴ്സ് കഴിഞ്ഞിട്ട് സഞ്ജുവിനെ അന്വേഷിച്ചതേയില്ല. നമ്മെക്കാൾ പ്രതിഭാശാലിയായ ഒരാൾ വല്ലാതെ രക്ഷപെട്ടിട്ടുണ്ടാവുമെന്ന മധ്യവര്‍ഗ ചിന്താഗതി കൊണ്ട് അധികം അന്വേഷിച്ചില്ല. അതിൽ ഇപ്പോൾ ഖേദിക്കുന്നു. എന്നും അന്തര്മുഖനായിരുന്ന പുള്ളിയെ, ഇടയ്ക്കു വിളിച്ച് അന്വേഷിക്കേണ്ടത് നമ്മളായിരുന്നു എന്ന് ഇന്ന് ജെറാൾഡ് പറഞ്ഞപ്പോൾ അത് ശരിയായിരുന്നു എന്നെനിക്കും തോന്നി…

ഒരു കാര്യം തീർച്ച. ഒരു ജനുവരി പുലരിയിൽ ഒരു മരവിച്ച മരണക്കുറിപ്പിലോ, സ്ഥിരം RIP-യിലോ ഒതുങ്ങേണ്ട ഒരാളായിരുന്നില്ല സഞ്ജു… ഒരു മഞ്ഞുപാളിയുടെ, ജലത്തിൽ മറഞ്ഞു കിടക്കുന്ന പ്രതലങ്ങൾ പോലെ, ചെയ്യാത്ത അനേകം സൃഷ്ടികൾ ബാക്കിവെച്ചാണ് ആ പെട്ടെന്നുള്ള മടങ്ങിപ്പോക്ക്…

അത് അയാളുടെ മാത്രം നഷ്ടമല്ല, നമ്മളോരോരുത്തരുടേയും ആണ്… വിട…

സഞ്ജു: ജീവിതചിത്രം

സഞ്ജു വിജയൻ (1975-2023)

സിവിൽ എൻജിനീയറായിരുന്ന വിജയൻ പിള്ളയുടെയും ശ്രീ കുമാരിയുടെയും മകനായി 1975 തിരുവനന്തപുരം മണക്കാട് ജനനം. ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്നു ഹൈസ്കൂൾ വിദ്യാഭ്യാസവും ആർട്സ് കോളേജിൽ നിന്നു പ്രീഡിഗ്രിയും പൂർത്തിയാക്കിയ ശേഷം 1993 -1997 കാലഘട്ടത്തിൽ പാലക്കാട് NSS എഞ്ചിനീയറിങ്ങ് കോളേജില്
ഇന്സ്ട്രുമെന്റേഷന്ആന്റ് കണ്ട്രോള്ബ്രാഞ്ചില് എഞ്ചിനീയറിംഗ് പഠനം  നിർവഹിച്ചു.

 പുരോഗമന രാഷ്ട്രീയവുമായി അടുത്ത ബന്ധം പുലർത്തിയ സഞ്ജു ക്യാമ്പസ്സിലെ SFI-യുടെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു. ക്യാമ്പസ് തീയറ്റർ പ്രവർത്തനങ്ങൾക്ക് ഏറെ സമയം കണ്ടെത്തിയ സഞ്ജു മികച്ച സംഘാടകനായും നടനായും സംവിധായകനായുമൊക്കെ  സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. “ഗാന്ധി, “ഹിഗ്വിറ്റ“, “ മനുഷ്യൻ നീ തന്നെതുടങ്ങി 10-ഓളം നാടകങ്ങൾ ക്യാമ്പസ് തീയേറ്ററിന് വേണ്ടി  കാലയളവിൽ സഞ്ജു സംവിധാനം ചെയ്തു.

 കോഴ്സിനു ശേഷം ഹാരി ബര്ട്ടണ്‍, വുഡ്സ് എന്നീ കമ്പനികളിൽ ജോലി ചെയ്ത ശേഷം കോവിഡ് സമയത്തു നാട്ടിൽ തിരിച്ചു വന്നു. കോവിഡാനന്തരം ഇന്ത്യയിൽ തന്നെ ജോലി ചെയ്യണം എന്ന ആഗ്രഹത്തിൻറെ ഭാഗമായി ജോലിയിൽ പ്രവേശിക്കാനിരിക്കെ, മധ്യപ്രദേശിലെ രേവ എന്ന സ്ഥലത്തു വച്ച് 2023 ജനുവരിയിൽ തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതം
പ്രതിഭയുടെ
ജീവിതത്തിന്
വിരാമമിട്ടു..

Share on facebook
Share on twitter
Share on linkedin
WhatsApp