സത്യപ്രിയരുടെ സത്യാന്വേഷണം

Aboobaker-Photo
അബൂബക്കർ ഒറ്റത്തറ
2009 EEE 

നോട്ടു നിരോധനത്തിൻ്റെ ഏഴാം നാൾ സത്യപ്രിയ എന്ന നാല്പതുകാരിയായ അവിവാഹിത ഏൽക്കേണ്ടി വരുന്ന കൊലപാതക ശ്രമത്തിൻ്റെ കാരണവും ഘാതകനെയും അന്വേഷിക്കുന്നത് സമകാലിക രാഷ്ട്രീയ പരികല്പനകളോടെ രചിക്കപ്പെട്ടതാണ് ‘ഘാതകൻ’. ഒരമ്പതു ദിവസം തന്നാൽ ഘാതകനെ താൻ കണ്ടു പിടിക്കുമെന്ന് സമകാലിക ഭരണാധികാരികളുടെ പ്രതിനിധിയായ പോലീസുദ്യോഗസ്ഥൻ സ്വയം ഡിറ്റക്ടീവായി മാറിയ സത്യപ്രിയയോട് പറയുന്നുണ്ട്. പരമാർഥ് എന്ന ‘ഭക്തൻ’ നോട്ടു നിരോധനത്തിന് ശേഷം വരുന്ന ചിപ്പുള്ള കറൻസിയെക്കുറിച്ചും രാഷ്ട്രത്തിൻ്റെ ശത്രുക്കളുടെ തലയരിഞ്ഞു കൂട്ടേണ്ടതിനെക്കുറിച്ചും സത്യയെയും സത്യയുടെ അമ്മയെയും ബോധവൽക്കരിക്കുന്നുണ്ട്. ചങ്ങമ്പുഴയുടെ കവിത പരമാർഥിന് ചൊല്ലിക്കൊടുക്കുമ്പോൾ ആ കവിത എഴുതിയയാൾ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് അവൻ ഉറപ്പു വരുത്തുന്നത് ‘പുതുഭക്തരു’ടെ ചിന്തകളെയും മാനസികാവസ്ഥയെയും വെളിപ്പെടുത്തുന്നുണ്ട്. വിശ്വസ്തരും ബന്ധുക്കളെപ്പോലെയായിരുന്ന സുഹൃത്തുക്കളുമെല്ലാം തൻ്റെ കൊലപാതകശ്രമത്തിൻ്റെ കാരണത്തിലെ കാണാച്ചരടുകളാണെന്ന് കഥയുടെ ദശാസന്ധികളിൽ അനാവൃതമാവുന്നുണ്ട്. സമകാലിക, സത്യാനന്തര രാഷ്ട്രീയത്തെ സമർത്ഥമായി പ്രതിനിധീകരിച്ചിരിക്കുന്നു എന്നതാണ് ‘ഘാതകൻ്റെ’ മനോഹാരിത. കഥയിൽ ഒരിടത്ത് പറയുന്നുണ്ട് ‘പിൽക്കാലത്തു ബീഫ് നിരോധിക്കപ്പെട്ടു. അതറിഞ്ഞപ്പോൾ എനിക്കു പഴയ രുചി തികട്ടിവന്നു.ഞാൻ തിടുക്കത്തിൽ ഒരു മലയാളിയുടെ റസ്റ്ററൻ്റിൽ പോയി ബീഫ് ഉലർത്തിയത് ഓർഡർ ചെയ്തു.പക്ഷേ, ആ പഴയ രുചി കിട്ടിയില്ല. അല്ലെങ്കിലും പേടിച്ചു കഴിച്ചാൽ പിന്നെന്തു രുചി? സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്തു രുചി?’.

ചെറിയ നഷ്ടങ്ങൾ, വലിയ നഷ്ടങ്ങളെ ചെറുതാക്കും എന്നത് ജീവിതാനുഭവമാണല്ലോ.’വീടു നഷ്ടപ്പെട്ടാൽ ഒരു ഗുണമുണ്ട്.പിന്നെ മറ്റൊരു നഷ്ടവും ബാധിക്കുകയില്ല. അതുകൊണ്ട് ജോലി പോയപ്പോൾ ഞാൻ സമാധാനത്തോടെ കട്ടിലിൽ നിവർന്നു കിടന്നു ‘. കവിതകൾ മനഃപാഠമായിരുന്ന, നിരന്തരം പുസ്തകങ്ങൾ വായിച്ചിരുന്ന ,കാലത്തോടൊപ്പം സഞ്ചരിച്ചിരുന്ന അമ്മ, വീടു നഷ്ടപ്പെട്ടപ്പോൾ മക്കളെ ആശ്വസിപ്പിക്കാൻ പറയുന്നത് ‘ ” ഒന്നാലോചിച്ചു നോക്ക്. നമ്മൾ പലസ്തീനിലാണു ജനിച്ചിരുന്നെങ്കിലോ? ഞാൻ ജനിച്ച കാലത്തു തുടങ്ങിയ അഭയാർത്ഥി ക്യാംപുകളിൽ നിന്ന് ഇന്നും മനുഷ്യർ പുറത്തുവന്നിട്ടില്ല.’ എന്നാണ്.

സത്യപ്രിയ നടത്തുന്ന സത്യാന്വേഷണം, ഒറ്റയിരിപ്പിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനമായാണ് മീര രചിച്ചിരിക്കുന്നത്. കെ.ആർ.മീരയുടെ കഥകളിലെ പൊതുവായ അതിജീവിക്കുന്ന സ്ത്രീപാത്രം തന്നെയാണ് ഘാതകൻ്റെയും പ്രത്യേകത. ആരാച്ചാരിലെ ചേതനയും സൂര്യനെ അണിഞ്ഞ സ്ത്രീയിലെ ജെസബെലും പുരുഷമേധാവിത്വത്തോട് പോരാട്ടത്തിലൂടെ അതിജീവിക്കുമ്പോൾ ഘാതകനിലെ സത്യപ്രിയ അനുഭവങ്ങളുടെ തീച്ചൂളയിൽ രൂപപ്പെട്ട സ്വതത്തെ തൻ്റെ ഘാതകനെ കണ്ടുപിടിക്കാനുള്ള ഊർജ്ജമാക്കി മാറ്റുകയാണ്.ഘാതകനിലെത്തുമ്പോൾ കഥാപാത്രം കൂടുതൽ ശക്തയാവുന്നുണ്ട്. 2016 ലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പശ്ചാത്തലമാവുമ്പോൾ, ശക്തമായ രാഷ്ട്രീയ ആഖ്യാനം കൂടിയാവുകയാണ് ഘാതകൻ. ഭരണകൂടവും ഭരണകൂടത്തിൻ്റെ കാവലാളുകളും ഭരണരാഷ്ട്രീയത്തിൻ്റെ പ്രചാരകരും കൂടി സൃഷ്ടിച്ച പുതിയ ഇന്ത്യയിൽ യുക്തിസഹമായി ചിന്തിക്കുന്നവരെ ഇല്ലാതാക്കുകയോ അടിച്ചമർത്തുകയോ ചെയ്യുകയാണല്ലോ. യുക്തിക്കും യാഥാർത്ഥ്യത്തിനും പ്രസക്തിയില്ലാതെ അന്ധവിശ്വാസത്തിനും വെറുപ്പിനും മുൻഗണന നൽകുന്നവരുടെ ഇടയിലുള്ള സത്യാന്വേഷണം ദുസ്സഹമാണ്. സമകാലിക സാഹചര്യത്തിലെ സത്യാന്വേഷണങ്ങളെല്ലാം ഇത്തരം ദുർഘട പാതകളെ അതിജീവിച്ചാൽ മാത്രമേ പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ എന്ന സത്യം നോവലിലെ ഓരോ അധ്യായത്തിലും വ്യക്തമാവുന്നുണ്ട്.

WhatsApp