തിരികെ നടക്കാനാവാതെ .....
പുഷ്പ ബേബി തോമസ്
W/O ബൈജു കല്ലുപറമ്പില്‍ (1992 EC)
അവൾ അവസാന യാത്രയ്ക്ക് ഒരുങ്ങി കിടന്നപ്പോൾ, ബന്ധുകൾ നിർബന്ധിച്ച് അവളുടെ അടുത്ത് ഇരുത്തി… അപ്പോഴാണ് ആ മുഖത്തേക്ക് നോക്കിയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു എന്ന് ആലോചിച്ചത്.
എത്ര മാറിയിരിക്കുന്നു ഇവൾ!!
മുടിയിഴകൾ ഇത്രയും നരച്ചിരുന്നോ?? മിഴികൾക്ക് കണ്ണീരിന്റെ നനവ്. എന്തോ പറയാൻ വെമ്പുന്ന ചുണ്ടുകൾ. മുഖമാകെ ചുളിവുകൾ…
കുരിശ് പിടിച്ചു കിടക്കുന്ന കൈകൾ അയാൾക്ക് പരിചിതമായിരുന്നില്ല.
മരുമകൾ ഏൽപ്പിച്ച താലിയും വിവാഹമോതിരവും നെഞ്ചോട് ചേർന്ന് കിടക്കുന്നുണ്ടായിരുന്നു. ഹൃദയത്തെ വേദനിപ്പിച്ചു കൊണ്ട്.
അന്ത്യചുംബനം കൊടുത്തപ്പോൾ അയാൾ ഓർത്തു: എത്ര വർഷങ്ങൾക്കു ശേഷം കൊടുക്കുന്ന ഉമ്മയാണിത് എന്ന്…
മകൻ അവന്റെ കഴിവിന് അനുസരിച്ച് ആർഭാടമായി തന്നെ അമ്മയെ യാത്രയാക്കി.
ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കൾ മടങ്ങി. താനും മകനും മരുമകളും മാത്രം. കിടക്കാനായി മുറിയിലേക്ക് നടന്നപ്പോൾ മരുമകൾ മകനോട് പറയുന്നത് കേട്ടു, “ഡാഡിക്ക് കൂട്ടായി പോയി കിടക്കൂ” എന്ന് . താൻ മറുപടി പറയും മുന്നേ മകൻ പറഞ്ഞു, “ഡാഡിക്ക് തനിയെ കിടക്കുന്നതാണ് ഇഷ്ടം”.
ഒന്നും മിണ്ടാതെ താൻ മുറിയിലേക്ക് നടന്നു.
മുറിയിലെ കട്ടിലുകളിൽ വിരിപ്പ് മാറ്റിയിട്ടുണ്ട്. അവളുടെ അസാനിദ്ധ്യം അനുഭവിച്ചു തുടങ്ങിയോ???
മിനിഞ്ഞാന്ന് രാത്രി വരെ അവൾ ഇവിടെ ഉണ്ടായിരുന്നു. കിടന്നപ്പോഴും കൈ പൊക്കി വാതിലിന് കൊളുത്തിടാൻ ബുദ്ധിമുട്ടായതിനെക്കുറിച്ച് അവൾ പറഞ്ഞിരുന്നു. ഒന്നു മൂളാൻ പോലും താൻ തയ്യാറായില്ല. രാത്രിയിൽ എപ്പോഴോ അവൾ “വയ്യാ ഇച്ചായാ” എന്ന് പറഞ്ഞ് തട്ടി വിളിച്ചപ്പോൾ ദേഷ്യപ്പെട്ട് തിരിഞ്ഞു കിടക്കുകയാണ് ഉണ്ടായത്.
രാവിലെ താൻ എണീറ്റിട്ടും ഉണരാതെ കിടന്ന അവളെ വഴക്കുപറഞ്ഞ് തന്നെയാണ് എണീറ്റത്. എന്നിട്ടും എഴുന്നേൽക്കാത്ത അവളെ തട്ടി വിളിച്ചപ്പോഴാണ്…….
കൈകൾ അവളുടെ തലയണയിൽ പരതി. ഇല്ല… നനവ് മാറിയിട്ടില്ല…
അയാൾ പതിയെ കണ്ണുകൾ അടച്ചു. ഉറക്കം വരുന്നില്ല. അവളാണ് കൺ നിറയെ…. ഇത്രയ്ക്ക് അവളെന്റെ ജീവന്റെ ഭാഗമായിരുന്നോ??? അവൾ അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒഴിവാക്കാനാണ് നോക്കിയത്. എന്നിട്ടും???
ഓർമ്മയുണ്ട്, അവളെ ആദ്യം കണ്ട നിമിഷം. പെണ്ണുകാണാനായി എത്തിയ തന്റെ മുന്നിലേക്ക് വന്ന പെൺകുട്ടി… ഐശ്വര്യമുള്ള മുഖം, തിളങ്ങുന്ന കണ്ണുകൾ, ചിരിക്കുന്ന ചുണ്ടുകൾ, ആത്മവിശ്വാസം നിറഞ്ഞ സംസാരം, വിദ്യാഭ്യാസം… എല്ലാം ഒത്തുവന്നു, ഇവൾ മതി എന്ന തന്റെ തീരുമാനം .
നാലാം കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങിയപ്പോൾ സാധാരണ പെൺകുട്ടികളെ പോലെ കരഞ്ഞില്ല അവൾ. കാരണം തിരക്കിയപ്പോൾ, “മോഹിച്ച് പ്രാർത്ഥിച്ച് കൊതിച്ചിരുന്ന ജീവിതം കൈയിലെത്തുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്??” എന്ന് ഉത്തരം!
വല്ലാത്ത ജന്മം എന്ന് തോന്നി മനസ്സിൽ.
സ്വപ്നജീവിതം യാഥാർത്ഥ്യത്തിലേക്ക്…
പുതിയ പദവികൾ…
മകന്റെ വരവ്…
എപ്പോഴാണ് അവളിൽ നിന്ന് അകന്നു തുടങ്ങിയത്???
കട്ടിലുകൾ അകത്തി ഇട്ട രാത്രിയിൽ അവൾ ഏറെ കരഞ്ഞു. കാല് പിടിച്ചു. തുടർന്നുള്ള ദിവസങ്ങളിലും.
പിന്നീട് മകനായി അവളുടെ ലോകം. എങ്കിലും തന്റെ കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല.
….
രാവിലെ എണീക്കാൻ വൈകി. ആരെയും കണ്ടില്ല. മേശപ്പുറത്ത് ഭക്ഷണം അടച്ചു വച്ചിട്ടുണ്ട്. മകനെ വിളിക്കുന്നത് കേട്ട് അവന്റെ ഭാര്യ കടന്നു വന്നു.
“ഡാഡി എണീറ്റോ? പള്ളീന്ന് വന്നിട്ട് പുറത്തേയ്ക്ക് പോയി. താമസിക്കും വരാൻ. എന്നാ ഡാഡീ?”
ഇന്ന് രാവിലെ പള്ളിയിൽ പോകേണ്ടതായിരുന്നല്ലോ… താൻ അത് മറന്നു!
“ഈ മാസം മോന്റെ പിറന്നാളാണ്.”
“ദേ… ഇന്നലെ എന്റെ പിറന്നാളായിരുന്നു, കേട്ടോ…”
“ഇന്നാണ് ട്ടോ നിങ്ങളെന്നെ പെണ്ണ് കാണാൻ വന്ന ദിവസം.”
“നമ്മുടെ വിവാഹവാർഷികമാണ് നാളെ.”
…
എന്നിങ്ങനെ പലതും അവളാണ് ഓർമിപ്പിച്ചിരുന്നത്.
ചായ പകർന്നു തന്നിട്ട് മരുമകൾ ചോദിച്ചു.
“ഡാഡിക്ക് ഭക്ഷണം എടുക്കട്ടെ? മരുന്ന് കഴിക്കാനില്ലേ?”
“ഇപ്പോ വേണ്ടാ …. കുറച്ചു കഴിയട്ടെ “
ചായ കുടിച്ച് വരാന്തയിലെ ചാരുകസേരയിൽ വെറുതെ കിടന്നു. അവളുടെ മണിപ്പൂച്ചയും കുഞ്ഞുങ്ങളും പതിവ് സ്ഥാനത്ത് കിടപ്പുണ്ട് .
“ഞാൻ ഇവർക്ക് ഭക്ഷണം കൊടുത്തിട്ട് കഴിക്കുന്നില്ല. ആട്ടിൻകുട്ടികളും. ഡാഡീ…. എന്നാ ചെയ്യും?”
“ചെടികളും വല്ലാതെ വാടിയിരിക്കുന്നു.” ചെടികൾക്ക് വെള്ളമൊഴിക്കുന്നതിന് ഇടയിൽ മരുമകളുടെ പ്രതികരണങ്ങൾ…
നോക്കിയതല്ലാതെ ഒന്നും പറയാൻ തോന്നിയില്ല .
മകൻ വന്നപ്പോൾ അവന് ഭക്ഷണം കൊടുക്കാൻ അവൾ അകത്തേയ്ക്ക് പോയി.
ഇങ്ങനെ തന്നെ ആയിരുന്നില്ലേ അവളും???
ഉമ്മ നൽകി ഓഫീസിലേക്ക് പറഞ്ഞയച്ചിരുന്ന ആദ്യ നാളുകൾ… തിരിച്ചെത്താൻ കാത്തിരുന്നവൾ… വൈകി എത്തുന്നതിലെ പരിഭവങ്ങൾ…
അവൾ തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവോ??? ഒരു പെണ്ണിന്റെ ഇഷ്ടങ്ങൾക്ക്, മോഹങ്ങൾക്ക്, ആഗ്രഹങ്ങൾക്ക് വഴങ്ങുന്നവൻ അല്ല താന്നെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനുള്ള ബോധപൂർവ്വമായ പെരുമാറ്റങ്ങൾ… അവളെ മനസ്സിൽ കയറ്റാതിരിക്കാനുള്ള അടവുകൾ… പരിഭവവും പരാതികളും കേട്ടില്ലെന്ന് നടിച്ചു.
പതിയെ പറച്ചിലുകൾ കുറഞ്ഞു വന്നു. രക്ഷപ്പെട്ടു എന്ന് വിശ്വസിച്ചു താൻ! ഭാര്യയുടെ മുന്നിൽ തലകുനിക്കുന്നവനല്ല എന്ന് അഹങ്കരിച്ചു. നിറയുന്ന കണ്ണുകൾ മനഃപൂർവ്വം കണ്ടില്ല. ആ കണ്ണുകൾ തന്റെ മുന്നിൽ വച്ച് നിറയാതെയായി.
ജോലിസംബന്ധമായ മാറ്റങ്ങളിൽ കൂടെ കൂട്ടാൻ താത്പര്യം കാണിച്ചില്ല. വന്നോട്ടേ എന്ന് അവളും ചോദിച്ചിരുന്നില്ല.
മകൻ പഠിക്കാൻ പോയ ശേഷം അവളുടെ ദിനങ്ങൾക്ക് നീളം കൂടിയിരുന്നോ?? എങ്ങനെയാവും അവൾ സമയം ചെലവഴിച്ചിരുന്നത്??
“ഡാഡീ…”
മകന്റെ വിളിയാണ് ഉണർത്തിയത്
“ഏഴിന്റെ ചടങ്ങുകൾ കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് പോകണം. ഇത്ര തന്നെ ലീവ് ഒരുവിധത്തിലാണ് കിട്ടിയത് .”
മറുപടി ഒന്നും പറയാതെ മകന്റെ മുഖത്തേയ്ക്ക് നോക്കി.
“അപ്പാപ്പന്മാരോ, അപ്പച്ചിമാരോ, അവരുടെ മക്കളാ ഇവിടെ വന്ന് നിൽക്കുമോ? അതോ ഡാഡിയെ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുമോ? അടക്കത്തിന് പള്ളിയിൽ ആരൊക്കെയോ വന്നിരുന്നു; ല്ലേ? എന്നാ പറഞ്ഞു ഡാഡിയോട്? എന്നോട് ഒന്നും പറഞ്ഞില്ല.”
തനിക്ക് മറുപടി ഇല്ലെന്ന് മകനറിയാം.
ചെറുപ്പത്തിലെ അപ്പന്റെ മരണം. താനടക്കം അഞ്ചു മക്കൾ. എല്ലാവരുടെയും പഠിപ്പ്… ഭാവി… അരിഷ്ടിച്ച് കടന്നു പോയ നാളുകൾ… പഠനം കഴിഞ്ഞ് ജോലിയ്ക്കായുള്ള അലച്ചിൽ. ഒടുവിൽ സർക്കാർ ജോലി. തനിക്കും ഒരു സഹോദരനും ഒന്നിച്ചാണ് കിട്ടിയത്. പക്ഷേ… ഉത്തരവാദിത്തങ്ങൾ തന്റേത് മാത്രമായി. പിണക്കമോ, ദേഷ്യമോ തോന്നിയില്ല.
സഹോദരിമാരുടെ വിവാഹം, അനുജന്റെ വിവാഹം, വീട്, അമ്മയുടെ ചികിത്സ… കുടുംബ സ്നേഹമുള്ളവനായി എല്ലാവരും വാഴ്ത്തിപ്പാടി. താനതിൽ ഏറെ അഭിമാനിച്ചിരുന്നു. രക്തബന്ധം -അതാണ് എല്ലാറ്റിലും ആഴത്തിലുള്ള ബന്ധം എന്ന് വിശ്വസിച്ചു. പല ചടങ്ങുകളിലും, നിറയെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ നാത്തൂന്‍മാരുടെയും അനുജത്തിമാരുടെയും ഇടയിൽ പരിഹാസപാത്രമായി അവൾ.
“ഡാഡി ഒന്നും പറഞ്ഞില്ല.”
മകന്റെ ശബ്ദം.
“ഒരാളെ അന്വേഷിക്കുന്നുണ്ട്. കിട്ടിയാൽ കിട്ടി. അമ്മയോട് പെരുമാറിയത് പോലെ പെരുമാറിയാൽ ആരും നിൽക്കില്ല.”
ഇഷ്ടങ്ങൾക്ക് വിലക്കുകൾ ആവും എന്നല്ലേ സൂചന?? സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവൾക്കോ, മകനോ വേണ്ടി വേണ്ടെന്ന് വെക്കാൻ ഒരിയ്ക്കലും ശ്രമിക്കാത്തതിന്റെ ശിക്ഷയാണോ ഇത്???
“ഇച്ചായാ… ഇന്ന് ആ കാപ്പിപ്പൊടി അച്ചന്റെ ഒരു പ്രസംഗം കേട്ടു. ഭർത്താക്കന്മാർക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണെന്ന് അറിയാമോ? താൻ ജീവിച്ചിരിക്കുമ്പോൾ ഭാര്യ മരിച്ചു പോവുക എന്നതാണത്രേ. ഭാര്യമാരോട് ഭർത്താക്കന്മാരുടെ പെരുമാറ്റം അനുസരിച്ച് പ്രാർത്ഥിക്കാനും അച്ചൻ പറഞ്ഞു.”
“നീ തന്നെ നേരത്തെ മരിക്കാൻ പ്രാർത്ഥിച്ചോളൂ. തനിയെ ജീവിക്കാൻ എനിക്കറിയാം. എന്റെ മുപ്പതാമത്തെ വയസ്സിലല്ലേ നിന്നെ കണ്ടത്?? അതു വരെ ജീവിച്ചില്ലേ?? ഇനിയും ജീവിക്കും – നിന്നോട് രക്തബന്ധം ഒന്നും ഇല്ലല്ലോ? നിയമപരമായ ബന്ധം മാത്രം. രക്തബന്ധങ്ങളാടീ വലുത്.”
അവൾ ഒന്നും പറയാതെ കുളിക്കാൻ കയറി.
“എനിക്ക് ഒന്ന് കിടക്കണം”, അയാൾ എണീറ്റു.
പതിയെ അവളുടെ കട്ടിലിൽ പോയി കിടന്നു. . നനവ് ഉണങ്ങി തുടങ്ങിയ തലയണ വീണ്ടും നനഞ്ഞു തുടങ്ങി