മുഖക്കുറിപ്പ്

July 2023

ദ ഐ മാഗസിന്റെ പുതിയ ലക്കവുമായി എത്തുകയാണ്‌. ഇത്തവണത്തെ പ്രമേയമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത് “യാത്ര” ആയിരുന്നു. പതിവു പശ്ചാത്തലങ്ങളില്‍ നിന്ന് നമ്മെ പുറത്തെത്തിക്കുന്ന അവസരങ്ങളാണ്‌ യാത്രകള്‍.  “ജീവിതയാത്ര” എന്ന രൂപകത്തിന്റെ മറുവശമായി, ജീവിതം എന്നത് നമ്മളേല്‍ക്കുന്ന യാത്രകളുടെ പരിണിതത്വവുമാണ്‌.

ജീവിതത്തിന്റെ സങ്കല്‍പ്പനങ്ങളുടെ അതിരുകളെ കൂടുതല്‍ വിശാലമാക്കി, നമ്മെ അതിന്റെ സമാന്തരക്കണ്ണാടികള്‍ക്കു മുന്നില്‍ നേര്‍ക്കുനേര്‍ നിര്‍ത്തി അമ്പരപ്പിച്ച പ്രഖ്യാത എഴുത്തുകാരന്‍ മിലന്‍ കുന്ദേരയുടെ വിയോഗം യാത്രകളെയും വിശാലമായ ഭൂമികയില്‍ കാണാനുള്ള പ്രചോദനമാണ്‌.

“ഓർമ്മകൾ സ്വന്തം ഇഷ്ടപ്രകാരം നമ്മിലേക്ക് മടങ്ങിയെത്തുന്നതുവരെ ഒരിടത്തിരുന്ന് നമ്മൾ ഒരിക്കലും ഒന്നും ഓർക്കുകയില്ല! ഓർമ്മകൾ ലോകമെമ്പാടും ചിതറിക്കിടക്കുന്നു. അവയെ കണ്ടെത്തി അവയുടെ ഒളിത്താവളങ്ങളിൽ നിന്ന് തുരത്തണമെങ്കിൽ നമ്മൾ യാത്ര ചെയ്യണം!” എന്നാണ്‌ കുന്ദേര പറയുന്നത്. ഓര്‍മ്മകളെ വീണ്ടെടുക്കാനോ താലോലിക്കാനോ അല്ല, പഴയ ഓര്‍മ്മകളില്‍ കഴിയുന്നതിനെ തള്ളിക്കളയു ന്നതിനെക്കുറിച്ചാണ്‌ കുന്ദേര സംസാരിക്കുന്നത്.

കുന്ദേരയുടെ പശ്ചാത്തലം ചെക്കോസ്ലോവാക്യയിലെ വയലറ്റ് വിപ്ലവം എന്നും വിളിക്കപ്പെടുന്ന പ്രാഗ്‌ വസന്ത(Prague spring)വുമായി ഇഴചേര്‍ന്നാണിരിക്കുന്നത്. അതേത്തുടര്‍ന്നുള്ള പ്രതികരണങ്ങളാണ്‌ ഒടുവില്‍ അദ്ദേഹത്തിന്റെ പ്രവാസത്തിലേക്ക് എത്തിക്കുന്നത്. മാറ്റത്തെ കേവലമായി കാണുന്ന ഒരു ചിന്താധാരയെ പ്രതിനിധാനം ചെയ്യുമ്പോഴും, മാറാനുള്ള വൈമനസ്യവുമായി ചേര്‍ത്തുവെക്കാവുന്ന ഒന്നാണ്‌ പ്രാഗ്‌ വസന്തം. അതില്‍നിന്ന്‌ ഉരുവെടുക്കുന്ന സാഹിത്യ ചിന്തകള്‍ പക്ഷേ രാഷ്ട്രീയ വ്യവസ്ഥ(political apparatus)യുടെ മര്‍ദ്ദകത്ത്വത്തില്‍ മാത്രം തറഞ്ഞുനില്‍ക്കാതെ, സാമൂഹ്യജീവിതത്തിലെ വിവിധ അടരുകളില്‍ മനുഷ്യര്‍ പരിപാലിക്കുന്ന എല്ലാവിധ മേധാവിത്വ ആഗ്രഹങ്ങളെയും ശ്രേണീബന്ധങ്ങളെയും ഇഴവിടര്‍ത്തുന്നു എന്നിടത്താണ്‌ കുന്ദേര നമുക്ക് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ പകരുന്നത്.

നീഷെയും കാഫ്‌കയും ഒക്കെ, നാം അകപ്പെടുകയും സ്വയം വരിക്കുകയും ചെയ്യുന്ന ചങ്ങലകളെയും രാവണന്‍കോട്ടകളെയും കുറിച്ച് ഉണര്‍ത്തുമ്പോള്‍    പലപ്പാഴും നാം അതിനെ അധികാരത്തിന്റെ ഉപോല്‍പ്പന്നമായ സ്വാതന്ത്ര്യനിഷേധമായി മാത്രം വീക്ഷിക്കുകയാണ്‌ ചെയ്തിരുന്നത് എന്നതിലെ തെറ്റ് നമ്മുടേതാണ്‌..  അതില്‍നിന്നും വര്‍ത്തുളമായി ഉയര്‍ന്ന തലത്തില്‍ ലൈംഗികതയും ഭാഷയും പോലെ ജീവിതത്തിലെ ശൈലീബദ്ധമായ എന്തും നമ്മുടെ സത്തയില്‍ ചെലുത്തുന്ന ഞെരുക്കങ്ങള്‍ കൂടി കുന്ദേര അഭിസംബോധന ചെയ്യുമ്പോള്‍,നാം മനസ്സിലാക്കിയതിനേക്കാള്‍ വലുതാണ്‌ മനുഷ്യന്റെ അന്യവല്‍ക്കരണത്തിന്റെ പ്രശ്നങ്ങള്‍ എന്ന തിരിച്ചറിവില്‍ നാം എത്തുന്നു.

ഈയൊരു ദിശാസന്ധിയില്‍ നമ്മുടെ മുന്‍തലമുറ എഴുത്തുകാര്‍ അടിപ്പെടുന്ന ഒരു ഋണതയിലേക്ക് അദ്ദേഹം വീഴുന്നില്ല എന്നതുകൂടി ശ്രദ്ധേയമാണ്‌. തങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നവസ്തുവെ മനുഷ്യസത്തയുടെ ഒരു പ്രതിനിധി അനുഭവിക്കുന്ന പ്രതിസന്ധിയായി കാണാനുള്ള ഔന്നത്യം കരഗതമാകാതെ, അതിനെ ഒരു വൈയക്തികപ്രശ്നമാക്കി ചുരുക്കി, ജീവിതം നിഷ്ഫലമെന്നോ അസ്തിത്ത്വം ഫലശൂന്യമെന്നോ ഒക്കെ എളുപ്പത്തില്‍ ക്രിയ ചെയ്യുന്നതില്‍ നിന്ന് വിഭിന്നമായി, അവന്റെ അന്തര്യാമിയുടെ സ്വാതന്ത്ര്യപൂര്‍ണ്ണമായ സ്വച്ഛന്ദത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പുതിയ ജീവിത സങ്കല്‍പ്പങ്ങളിലേക് വികസിപ്പിക്കാനാണ്‌ കുന്ദേര താല്‍പ്പര്യപ്പെടുന്നത്. മനുഷ്യസത്തയുടെ ഈ ജൈവപര(organic)മായ കൊടിക്കൂറയത്രേ കുന്ദേരയോടൊപ്പമുള്ള യാത്രയെ പ്രിയങ്കരമാക്കുന്നത്.

നശ്വരതയ്ക്കും അനശ്വരതകള്‍ക്കും അപ്പുറം നമ്മുടെ ആവര്‍ത്തനങ്ങളെയും നില്‍പ്പുകളെയും പുതുക്കിക്കൊണ്ട് നമുക്ക് നിരന്തരം യാത്രകളും നിയോഗങ്ങളും ഏറ്റെടുക്കാം.

“And what can life be worth if the first rehearsal for life is life itself?”

– Milan Kundera

പ്രതീക്ഷകളോടെ പത്രാധിപസമിതി

Share on facebook
Share on twitter
Share on linkedin
WhatsApp