ഗാന്ധിമ്യൂസിയത്തിലെതോക്ക്

Raju mohan
Raju Mohan
1990 CE

സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ആദ്യത്തെതും ഏറ്റവും നിഷ്ഠൂരമായതുമായ ഭീകരാക്രമണം നടന്ന ദിനം 1948 ജനുവരി 30 ആണ്. ലോകത്തെയൊന്നടങ്കം ദുഃഖക്കടലിലാക്കിയ ആ സംഭവത്തിൻ്റെ – മഹാത്മാഗാന്ധി വധത്തിൻ്റെ – നാൾവഴികൾ സമകാലിക രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലവുമായി ഇണക്കിച്ചേർത്തുകൊണ്ട് വരച്ചുകാട്ടുന്ന ഗംഭീരമായ നോവലാണ് വിനോദ് കൃഷ്ണയുടെ “9 mm ബെരേറ്റ”.

9 mm ബെരേറ്റ എന്നത് മഹാത്മാഗാന്ധിയെ വധിക്കാനായി നാഥുറാം വിനായക് ഗോഡ്സേ ഉപയോഗിച്ച ഇറ്റാലിയൻ നിർമ്മിത സെമി ഓട്ടോമാറ്റിക് പിസ്റ്റൾ ആണ്. 1997 വരെ ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗ്യാലറിയിൽ പ്രദർശനത്തിനു വെച്ചിരുന്ന ഈ തോക്ക്, അത് വിളംബരം ചെയ്യുന്ന രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന് വരുംതലമുറകൾ മനസ്സിലാക്കാതിരിക്കാനെന്നോണം അവിടെ നിന്ന് എടുത്തു മാറ്റപ്പെട്ടിട്ടുണ്ട്. ഭാരതത്തിൻ്റെ മനസ്സിലും ശരീരത്തിലുമുണ്ടായ ഏറ്റവും വലിയ മുറിവുകളിലൊന്നായ ഗാന്ധിവധത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത ശക്തികളെപ്പറ്റിയുള്ള ഓർമ്മകൾ മായ്ച്ചു കളയാനും, അതുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകൾ മൂടിവെയ്ക്കാനും ഭൂതകാലസംഭവ പരമ്പരകൾ വളച്ചൊടിച്ച് പുതുവ്യാഖ്യാനങ്ങൾ സൃഷ്ടിച്ച് ചരിത്രത്തെ വികലമാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പുത്തൻ മതദേശീയതാവക്താക്കൾക്ക് 9mm ബെരേറ്റ എന്ന ആ പിസ്റ്റൾ ഒരു പേക്കിനാവായി മാറുന്നതിൽ എന്തദ്ഭുതം! ഒരേ സമയം, ജനുവരി 30ന് ഗാന്ധിസമാധിയിലെത്തി കൂപ്പുകൈകളോടെ പുഷ്പചക്രമർപ്പിച്ച് “മഹാത്മാഗാന്ധി അമർരഹേ… ” യെന്ന് ടെലിവിഷൻ ചാനലുകൾക്കു മുന്നിൽ മുദ്രാവാക്യം മുഴക്കിയ ശേഷം കുറച്ചു മാസങ്ങൾക്കു ശേഷം വരുന്ന നവംബർ 15ന് ഗാന്ധിഘാതകൻ്റെ ചിത്രത്തിൽ കാവിമാല്യം ചാർത്തി അവൻ്റെ ഹിന്ദുരാഷ്ട്രസ്വപ്നം സഫലമാക്കാനായി പ്രതിജ്ഞയെടുക്കുന്നവരുടെ കാപട്യവും സൃഗാലതന്ത്രവും സാമാന്യജനതയിലെത്തിക്കാൻ തക്കവിധം ശക്തമാണ് ” 9mm ബെരേറ്റ ” എന്ന ഈ നോവൽ. ഇത് എല്ലാ പ്രധാന ഭാരതീയഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെടേണ്ടതും വ്യാപകമായി വായിച്ച് ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒന്നാണ്. “ഭാരത് ഝോടോ യാത്ര” നടത്തിയ മലയാളി നേതാക്കളെങ്കിലും ഇത് വായിച്ചിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോയിരുന്നു! (ആശ മാത്രമാണ്, ആ കൂട്ടത്തിലെ വായനക്കാരാരും ഇത് കാണാത്തതിൽ ഖേദവുമുണ്ട്.)

ഒരേ സമയം ഗാന്ധിവധവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളും ഈ കാലഘട്ടത്തിലെ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയ സാഹചര്യങ്ങളും ഫിക്ഷൻ്റെ ചാരുത ചാലിച്ചു ചേർത്തുകൊണ്ട് ഒന്നിടവിട്ട അദ്ധ്യായങ്ങളിലൂടെ ചർച്ചയ്ക്കു വിധേയമാക്കുകയാണ് നോവലിസ്റ്റ്. ഈ രണ്ടു കാലഘട്ടങ്ങളെയും കൂട്ടിയിണക്കുന്ന അന്തർദ്ധാര ഹിന്ദുത്വ എന്ന ആശയം മുന്നോട്ടു വെയ്ക്കുന്ന മതാന്ധ്യമാണ്. ഗാന്ധിജിയെ വധിക്കാനായി നാഥുറാം ഗോഡ്സെയ്ക്കും കൂട്ടാളികളായ നാരായൺ ആപ്തെ, വിഷ്ണു കാർക്കറെ, ഗോപാൽഗോഡ്സെ തുടങ്ങിയവർക്കും ആ മതഭീകര ബോധവും തജ്ജന്യമായ ഊർജ്ജവും പകർന്നു നല്കിയവരിൽ പ്രമുഖർ ദാമോദർ സവർക്കറും ദത്താത്രേയ പാർച്ചുറെയുമായിരുന്നു. അവരുടെ രാഷ്ട്ര സങ്കല്പം ” ഒറ്റയിനം പൂക്കൾ മാത്രം വിരിഞ്ഞു നില്ക്കുന്ന ചേതോഹരമായ പൂന്തോട്ടം -മഞ്ഞു മാത്രം മൂടി നില്ക്കുന്ന ഹിമാലയനിരകൾ പോലെ ഒറ്റയിനം മനുഷ്യർ മാത്രമുള്ള രാജ്യം ” എന്നതാണ്. ആ കാലത്തിൽ നിന്ന് നാം മുന്നോട്ടു ദീർഘ ദൂരം സഞ്ചരിച്ചെത്തി ഇന്നെത്തി നില്ക്കുന്നതും ഏതാണ്ടതേ പരിസരങ്ങളിൽത്തന്നെയല്ലേ? “മനുഷ്യൻ ആധുനികനാകുമ്പോൾ മതത്തിൽ നിന്ന് പുറത്തേയ്ക്കു കടക്കുകയും കുറെക്കൂടി ആധുനികനാകുമ്പോൾ മതത്തിനുള്ളിലേയ്ക്ക് തിരികെ കയറുകയും ചെയ്യു”മെന്നുള്ള സിദ്ധാന്തം ഇന്നത്തെ ഇന്ത്യയിലും ശരിയായി മാറിക്കൊണ്ടിരിക്കുകയാണോ? കാലഗതിയനുസരിച്ച് പുരോഗമിച്ച മാനവിക സിദ്ധാന്തങ്ങളുടെയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും ആനുകൂല്യങ്ങൾ മുതലെടുത്തു കൊണ്ടും, കോർപ്പറേറ്റു മുതലാളിമാർക്ക് രാഷ്ട്ര സമ്പത്ത് കുറേശ്ശെയായി അടിയറവെച്ചുകൊണ്ട് ചങ്ങാത്തം കൂടിയും, പണക്കൊഴുപ്പിൻ്റെ പിൻബലത്തിൽ മാധ്യമങ്ങളെ വിലയ്ക്കെടുത്തു കൊണ്ടും, ഒന്നിലും തളരാതെ സത്യബോധനം നടത്തുന്ന ജിഹ്വകളെ നിഷ്ക്കരുണം അരിഞ്ഞു വീഴ്ത്തിക്കൊണ്ടും ഇന്ന് ആ പ്രത്യയശാസ്ത്രം വളർന്നു പന്തലിക്കുന്നത് കലാത്മകതയോടെ ചിത്രീകരിക്കുന്നു നോവലിസ്റ്റ്. “അമിതദേശീയത പടക്കം പൊട്ടുന്ന പോലുള്ള കാര്യമാണ്. ഏതു ഭൂഖണ്ഡത്തിലുള്ളവർ തീ കൊടുത്താലും പൊട്ടും ” എന്നത് ഈ കാലഘട്ടത്തിലെ കഥാനായകനായ ശിവറാം ഗോധ്രയുടെ വാക്കുകളാണ്. രാജ്യം ക്യാഷ്ലെസ് ഇക്കോണമി ആകാനായി അയാളാഗ്രഹിക്കുന്നത് കറൻസി നോട്ടുകളിലെ മഹാത്മാവിനെ ചുമന്നു നടക്കേണ്ടി വരില്ല എന്നതിനാലാണ് ! ഇപ്രകാരം ഹിന്ദുരാഷ്ട്ര പുനർനിർമ്മിതിക്കു വേണ്ടി നവസാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളും, ഹൈജാക്ക് ചെയ്യപ്പെടുന്ന നവസാങ്കേതികവിദ്യകളും അങ്ങേയറ്റം കൗശലത്തോടെയും ക്രൗര്യത്തോടെയും ദുരുപയോഗിക്കപ്പെടുന്നതും ഈ നോവലിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഗോഡ്സെയുടെ പുനർജന്മമെന്ന് ഇടയ്ക്കൊകെ സ്വയം അഭിമാനിക്കുന്ന ശിവറാം ഗോധ്ര 9mm ബെരേറ്റ ഉപയോഗിച്ച് സത്യഗ്രഹ സമരത്തിലേർപ്പെട്ട ആബിയ മഖ്ധൂമി എന്ന കശ്മീരി വിദ്യാർത്ഥിനിയെ കൊലചെയ്യപ്പെടുന്നിടത്താണു നോവൽ അവസാനിക്കുന്നത്. എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിലവസാനിക്കുമെന്നും മരണത്തെയൊഴിവാക്കി നിർത്തുന്ന എഴുത്തുകാരൻ മെച്ചപ്പെട്ട കഥാകാരനല്ലെന്നുമുള്ള ഏണസ്റ്റ് ഹെമിംഗ് വേയുടെ വാക്കുകൾ ഈയവസരത്തിൽ വായനക്കാരന് ഓർക്കാതിരിക്കാനേ വയ്യ.

പൊതുവേ, സന്ദേശാത്മക രചനകളിലെയും രാഷ്ട്രീയ രചനകളിലെയും പ്രചാരണാംശം കൃതികളിലെ ലാവണ്യാത്മകതയ്ക്ക് വിഘാതമായി നില്ക്കുന്ന കാഴ്ചയാണ് കലാസാഹിത്യമേഖലകളിലുള്ളത്. കലാകാരൻ്റെ ആത്മാംശവും വ്യക്തിസത്തയും ചോർന്നുപോയശേഷം, അവിടെ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ആശയം സൗന്ദര്യത്തിനു മുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നതായാണ് പലയിടത്തും കണ്ടുവരുന്നത്. എന്നാൽ യഥാർത്ഥ പ്രതിഭാശാലികൾ മുദ്രാവാക്യം മുഴക്കുമ്പോൾ പ്പോലും അവിടെ കലാലാവണ്യത്തിൻ്റെ കൊടിക്കൂറയാകും ഉയർന്നുപറക്കുക. ടോൾസ്റ്റോയ് യുടെ നിരവധി സാരോപദേശകഥകൾ, ഗോർക്കിയുടെ വിഖ്യാതമായ “അമ്മ”, മയക്കോവ്സ്കി, നെരൂദ, ബ്രഹ്ത് തുടങ്ങിയവരുടെ നിരവധി രചനകൾ …. ഇങ്ങനെ പലതും പ്രചാരണാംശവും സൗന്ദര്യാനുഭൂതിയും ഒരുപോലെ നിലനിർത്തുന്നവയാണ്. മലയാളത്തിൽ മഹാകവി കുമാരനാശാൻ്റെ “സിംഹനാദം”, ഒരു SNDP യോഗസമ്മേളനത്തിന് മുദ്രാവാക്യമായി, പടപ്പാട്ടായി വിരചിക്കപ്പെട്ടതാണത്രേ.
“ഉണരിനുണരിനുള്ളിലാത്മ ശക്തി –
പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ
രണപടഹമടിച്ചു ജാതിരക്ഷ-
സ്സണവൊരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ ….”
ആ മഹാപ്രതിഭകളുമായി താരതമ്യം ചെയ്യുകയല്ല – ഈ നോവലിലും ആശയപ്രചാരണം കലയുമായി കൈകോർത്ത്, സമരസപ്പെട്ടു പോകുന്നത് കാണുമ്പോൾ ആഹ്ലാദം തോന്നും അനുവാചകന്.

രാഷ്ട്രീയനോവൽ എന്ന പ്രധാന വർഗ്ഗീകരണത്തിനു വിധേയമാകുമ്പോഴും മനസ്സിനെ ആർദ്രമാക്കുന്ന പല കഥാപാത്രങ്ങളും ഈ നോവലിലുണ്ട്. പൂനയിലെ പ്രസിദ്ധ ബ്രാഹ്മണ കുടുംബത്തിലെ പണ്ഡിതവിപ്രൻ്റെ മകൻ – താൻ പിറന്ന കുലത്തിൻ്റെയും തൻ്റെ സിരകളിലോടുന്ന ചോരയുടെയും ആഭിജാത്യത്തെച്ചൊല്ലി എന്നും അഭിമാനം കൊണ്ടിരുന്ന നാരായൺ ആപ്തെയുടെ ഏറ്റവും മികച്ച കാമിനി ക്രിസ്തുവിൻ്റെ ഉപാസകയായ മനോരമ സാൽവിയാണ്. ഇരുവരുടെയും അവസാനസമാഗമം പ്രണയാതുര മനസ്സുകളിലെ കവിതപോലെ വാക്കുകളിൽ നുരയിട്ടു തുളുമ്പുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ലിംഗത്തിൽ ചുറ്റിയിട്ട കുരിശുമാല എന്ന ബിംബം സമ്മാനിക്കുന്ന വായനാനുഭവം അതുല്യമാണ്. ഹൃദയത്തെ സ്പർശിക്കുന്ന മറ്റൊരു ബന്ധം, വിധ്വംസക പ്രവർത്തനങ്ങൾക്കായി ആധുനിക തീവ്രവാദ സനാതനവാദി സംഘം ഉപയോഗിക്കുന്ന രാംചമാർ എന്ന ദളിത് യുവാവിൻ്റെയും അയാളുടെ കൂട്ടാളിയായ മൂന്നാം ലിഗക്കാരൻ്റെയുമാണ്. സർക്കാർ ഉദ്യോഗം –രഹസ്യപ്പോലീസുദ്യോഗ-മെന്ന് തെറ്റിദ്ധരിപ്പിച്ച് ആ ദളിത് യുവാവിനെ അയാൾ പോലുമറിയാതെ ചേലാകർമ്മം നടത്തി അജ്മൽ റാസയെന്ന മുസ്ലിം നാമത്തിൽ ആധാർ കാർഡും സൃഷ്ടിച്ചാണ് ഈ സംഘം തീവ്രവാദപ്രവർത്തനങ്ങൾക്കുപയോഗിക്കുന്നത്. ഒടുവിൽ, അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ താൻ പോലുമറിയാതെ ഭരണകൂടത്തിൻ്റെ കാവൽപ്പടയാളികളുടെ വെടികൊണ്ടു മരിക്കാനായിരുന്നു രാംചമാറിൻ്റെ നിയോഗം. രാംചമാറിനെ പ്രണയിച്ചു തുടങ്ങിയ ആ മൂന്നാംലിംഗക്കാരൻ അവനു കൂട്ടായി സ്വജീവനും വെടിയുകയാണ്. ദളിതരായ ലക്ഷ്മൺ ഗാവന്തിൻ്റെയും ഭാര്യയുടെയും കഥ മറ്റൊന്നാണ്. ഇങ്ങനെ രാഷ്ട്രീയത്തിനിടയിലും പച്ചമനുഷ്യരുടെ ജീവിതകഥകൾ കൂടി പ്രധാന സംഭവങ്ങളോട് ഇഴുകിച്ചേർന്നു വരുമ്പോൾ ഒരു ഡോക്യു ഫിക്ഷൻ എന്ന തലത്തിൽ നിന്നുയർന്ന് അന്യൂനമായ ഒരു കലാസൃഷ്ടി എന്ന തലത്തിലേയ്ക്ക് ഈ നോവൽ ഉയരുകയാണ്.

“ഒരു രാഷ്ട്രത്തിൻ്റെ ചരിത്രം നിർമ്മിക്കുന്നത് നിരാലംബരായ പൗരന്മാരുടെ ജീവിതമാണ് ” എന്ന ഉറച്ച ബോധമുള്ളയാളിൻ്റെ സൃഷ്ടിയാണ് 9mm ബെരേറ്റ എന്ന ഈ നോവൽ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എഴുത്ത് മൗലികമായ രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. സംസാരിക്കാൻ പാർലമെൻ്റോ, തെരുവോ, മൈക്കോ ഇല്ലാത്ത ഭയരഹിതനായ ഒരെഴുത്തുകാരന് സത്യങ്ങൾ വിളിച്ചു പറയാനുള്ള ഏകമാർഗ്ഗം അയാളുടെ അക്ഷരങ്ങളും ഭാഷയും തന്നെയാണെന്ന് ഈ പുസ്തകം അടിവരയിട്ട് പ്രസ്താവിക്കുന്നുണ്ട്.

അടുത്തകാലത്ത് വായിച്ച രാഷ്ട്രീയം പറഞ്ഞ ചേതോഹരങ്ങളായ പല നോവലുകളും ഈ വായനയ്ക്കിടയിൽ ഓർമ്മ വന്നു. വി. ഷിനിലാലിൻ്റെ “124”, “സമ്പർക്ക ക്രാന്തി”, എം.നന്ദകുമാറിൻ്റെ “നീറേങ്കൽ ചെപ്പേടുകൾ ” …. തീർച്ചയായും സുന്ദരങ്ങളായ നോവലുകൾ തന്നെ. എന്നിരുന്നാലും, ഒരു സംശയവുമില്ലാതെ പറയുന്നു – കഴിഞ്ഞ പത്തിരുപതു വർഷങ്ങൾക്കിടയിൽ വായിച്ച ഏറ്റവും മികച്ച രാഷ്ട്രീയ നോവൽ തന്നെ ഇത്.

Share on facebook
Share on twitter
Share on linkedin
WhatsApp