“തിരിഞ്ഞോട്ടം”ഒരു “തിരിഞ്ഞു നോട്ടം”
Prashobh
Brother of Dinoop 1999 ME
പ്രശോഭ് – ശ്രീശൈലത്തിലും ദേവഗിരി കോളേജിലും ആയി പഠനം. ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. ഫോട്ടോഗ്രഫിയിലും യാത്രയിലും താല്പര്യം കൂടിയപ്പോൾ ജോലി രാജി വച്ചു . നിരവധി യാത്ര മാഗസിനുകളുടെ കവർ ചിത്രങ്ങൾക്കു ഫോട്ടോ നൽകി .സംസ്ഥാന സർക്കാരിന്റെ ഫോട്ടോ മത്സരങ്ങളിൽ ജേതാവായി . കുട്ടിക്കാലത്തു നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ടു. ( രാജാവിന്റെ മകൻ , ആൾക്കൂട്ടത്തിൽ തനിയെ , കാറ്റത്തെ കിളിക്കൂട് , കാതോട് കാതോരം ) ബാലതാരമായി സംസ്ഥാന അവാർഡ് ജേതാവ് . വേഷമിട്ട സിനിമകൾ അധികവും എം ടി യുടെ തിരക്കഥകൾ ആയിരുന്നത് എഴുത്തിനോടുള്ള താല്പര്യത്തിനും കാരണമായി.
ഇപ്പോൾ എറണാകുളത്തു താമസിക്കുന്നു .
ഭാഗം – 1
(കഥയും കഥയിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം)
ബാങ്കില്‍ അടിമപ്പണി എടുക്കുന്ന കാലം…
അവനവന്റെ മേശയിൽ തല കുനിച്ചിരുന്ന് പണിയെടുക്കുക; തലപൊക്കിയാൽ പണി കിട്ടും – അതായിരുന്നു അവസ്ഥ!
പോരാഞ്ഞ് ഓഡിറ്റ് ആന്റ് ഇന്‍സ്‌പെഷന്‍ റ്റീം ഓഫീസിൽ മേഞ്ഞുപോയിട്ട് അധികം ആയില്ല. ആകെയുള്ള ഒരാശ്വാസം ഞായറാഴ്‌ചകള്‍ ആണ്. അന്ന് എവിടെയെങ്കിലും യാത്ര പോകും. ഒറ്റയാൻ ആയതുകൊണ്ട് പ്രത്യേകിച്ച് ലഗേജ് ഒന്നും ഉണ്ടാവാറില്ല.
യാത്ര. എന്റെ വണ്ടിയിൽ നാട്ടിൽ പോകുക… അല്ലെങ്കിൽ കാണാത്ത പട്ടണങ്ങൾ കാണുക…
യാത്ര കഴിഞ്ഞു വീട്ടിൽ എത്തിയാൽ തുടങ്ങും ഒരു തരം ഭീതി. കിടക്കുമ്പോൾ ഓഫീസിലെ ഉപകരണങ്ങള്‍ എല്ലാം സ്വപ്നത്തിൽ കാണും!
വേറെയും കുറച്ചുപേർ വരും സ്വപ്നത്തിൽ… കടിച്ചുകീറുവാനെന്നോണം ശൗര്യത്തോടെ… സഹപ്രവര്‍ത്തകരും ഉപഭോക്താക്കളും! എല്ലാവരില്‍ നിന്നും രക്ഷപ്പെട്ട് അടുത്തദിവസം വീണ്ടും അതേ സീറ്റില്‍ ചെന്ന് ഇരിക്കും…
മാനേജര്‍ വരാൻ ഇത്തിരി വൈകും. വന്നാൽ ഉടൻ ബ്രാഞ്ചിന്റെ പ്രകടനം വിലയിരുത്താൻ തുടങ്ങും. പിന്നെ മൂട്ടിന് തീപിടിച്ചപോലെ എല്ലാവരും ഓടും… ഓഫീസില്‍ ഇരുന്നു പണിയെടുക്കുന്ന എന്നെപ്പോലുള്ള ഹതഭാഗ്യർ സീറ്റില്‍ച്ചെന്നിരുന്ന് കംപ്യൂട്ടറില്‍ നോക്കി ദീർഘ നിശ്വാസം വിടും…
പക്ഷെ അന്ന് സാര്‍ ഓഫീസില്‍ നേരത്തെ എത്തി. സാധാരണയിൽ നിന്നു വിപരീതമായി സന്തോഷവാനും! ഏതായാലും ആരും ഒന്നും ചോദിച്ചില്ല… എന്നാലും ജോലിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല….
വൈകുന്നേരം ആയപ്പോൾ സാര്‍ എല്ലാവരെയും വിളിച്ചു… എന്നിട്ട് പറഞ്ഞു, “I am pleased to inform you all that we are awarded A+ in our current Audit.”
ആശ്വാസം ആയി… എന്റെ മനസ്സിൽ ഒരു ലഡുവും പൊട്ടി…
ഓപ്പറേഷന്‍സ് മാനേജര്‍ ആയതിനാൽ എനിക്കാണ് ഈ അംഗീകാരം കൂടുതൽ ഉപകാരം ചെയ്യുക. അതുകൊണ്ട് പ്രമോഷന്‍ ഉറപ്പാ… (5 വർഷം ഒരു പ്രമോഷനും കിട്ടാതെ ജോലിയെടുത്ത കഥ പിന്നെയൊരിക്കൽ ഏഴുതാം).
എന്തായാലും സര്‍ ഓരോരുത്തരെയും അഭിനന്ദിച്ചു, കാരണം A+ പൊതുവെ സെമി അര്‍ബന്‍ ബ്രാഞ്ചുകൾക്ക് കിട്ടാറില്ല. ഏതായാലും എന്നെ അഭിനന്ദിച്ചശേഷം ഈ A+ അടുത്ത വർഷവും നേടിക്കൊടുക്കണം എന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു… (ആ പുഞ്ചിരിയുടെ വേദന ഞാൻ അടുത്ത ഒരുവർഷം അനുഭവിച്ചത് വേറേ ഒരു കഥയാണ്.)
മീറ്റിങ്ങിന്റെ ഒടുവിൽ പറഞ്ഞ കാര്യം എന്നെന്നേക്കുമായി എന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു.
സാര്‍ ചോദിച്ചു, “ഈ വരുന്ന ശനി, ഞായർ എന്താ പരിപാടി?”
എല്ലാവരും തമ്മിൽ നോക്കി, പണികിട്ടി എന്ന ഭാവത്തിൽ… ആരും ഒന്നും മിണ്ടിയേയില്ല, മൗനം തന്നെ ശരണം…
സര്‍ തുടർന്നു…
“ഞാൻ ഒരു യാത്ര പോകുന്നു… വരുന്നോ കൂടെ? ചിലവ് മുഴുവൻ എന്റെ വക…”.
ഹാവൂ…! ശ്വാസം നേരെ വീണു… യാത്ര ആയിരുന്നോ???
പ്രത്യേകിച്ചു ചെലവൊന്നും ഇല്ലാത്തതുകൊണ്ട്, പോവാനും തീരുമാനിച്ചു…
“എവിടേക്ക്?” എന്നായി നമ്മുടെ അടുത്ത ചോദ്യം…
“കാട്ടിലേക്ക്…………”
മൈസൂര്‍… ബാംഗ്ലൂര്‍… ഹൈദരാബാദ്… ഒക്കെ ചിന്തിച്ചു കൊണ്ടിരുന്ന ഞങ്ങൾക്ക്, കാട് എന്ന വാക്ക് ഒരു ഞെട്ടലായി അനുഭവപെട്ടു. ഞാൻ കാര്യം ഗ്രഹിച്ചു പറയാൻ തുടങ്ങുമ്പോഴേക്കും മറ്റു വിദ്വാൻമാർ ഓരോ കാരണങ്ങൾ പറഞ്ഞു ട്രിപ്പില്‍ നിന്ന് രക്ഷപെട്ടു.
സാറിന്റെ നെറ്റി ചുളുങ്ങി തുടങ്ങിയിരുന്നു…
ഞാൻ ഒട്ടും മടിച്ചില്ല, ” സാറേ, ഞാൻ ഉണ്ട് കൂടെ…”
ആ ഒരു ഉത്തരം നൽകിയ സമാധാനം, എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു.
അങ്ങനെ വെള്ളിയാഴ്ച്ച ആയി. ആ ശനി അവധി ആയതുകൊണ്ട് എല്ലാവരും നേരത്തെ ഇറങ്ങി. അതാവണം, ശനിയും ഞായറും സാര്‍ യാത്രക്ക് വേണ്ടി തിരഞ്ഞെടുത്തത്…
രാത്രി ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് സാര്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, “കൂടെ വരാം എന്ന്‌പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്”.
എന്നിട്ട് എന്റെ അടുത്ത് ഇരുന്നു.
എന്നിട്ട്, താൻ കാട് കയറിയ അനുഭവങ്ങൾ പറഞ്ഞു തരാൻ തുടങ്ങി. വർഷങ്ങളായി കാട്ടിൽ പോകുന്ന ഒരാളാണ് സാര്‍ എന്ന്‌എനിക്ക് മനസ്സിലായി. ഓരോ വിശദാംശങ്ങളും വളരെ പക്വതയോടെ പറയാൻ തുടങ്ങി. ആ മുഖത്തെ സന്തോഷവും പ്രസരിപ്പും ഒന്നു കാണാണ്ടതായിരുന്നു.
‘WWF’-ൽ വളണ്ടിയര്‍, ‘Indiawilds’-ൽ മോഡറേറ്റര്‍ -അങ്ങനെ നീളും ഒട്ടനവധി സ്ഥാനങ്ങൾ. പ്രസിദ്ധരായ വനപാലകർ, പ്രകൃതിശാസ്ത്രജ്ഞര്‍ ഒക്കെ സാറിന്റെ അടുത്ത സുഹൃത്തുക്കളാണ്. സമയം പോയതറിഞ്ഞില്ല, സാധാരണ 7 മണിക്ക് ഇറങ്ങുന്ന ഞങ്ങൾ 9 മണി വരെ സംസാരിച്ചിരുന്നു. എന്റെ നിഷ്‌കളങ്കതയും ആശ്ചര്യവും നിറഞ്ഞ ഓരോ ചോദ്യങ്ങൾക്ക് സർ ഒട്ടും മടികൂടാതെ മറുപടി തന്നുകൊണ്ടേയിരുന്നു. കാട്ടിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഏതു തരം വസ്ത്രങ്ങൾ ധരിക്കണം, വെള്ളം, ഭക്ഷണം എവിടുന്നു കിട്ടും… അങ്ങിനെ എന്തൊക്കെ ചോദിച്ചു…?
നാളത്തെ യാത്രയെക്കുറിച്ച് ഒരു ചെറിയ വിവരണം ആകാം അല്ലേ?…
നാളത്തെ യാത്ര കര്‍ണാടകയിലെ ഒരു വനത്തിലേക്കാണ്. ഏകദേശം 5 മണി ക്കൂര്‍ യാത്ര ചെയ്താലേ അവിടെ എത്തൂ. ഒരു മണിക്ക് മുമ്പ് അവിടുത്തെ ഓഫീസില്‍ എത്തിച്ചേരണം. ഒരു ഗവണ്‍മെന്റിതര സംഘടന നടത്തുന്ന മൃഗസെന്‍സസ്സില്‍ പങ്കുചേരുക എന്നതാണ് നമ്മുടെ ലക്ഷ്യം. മാംസഭുക്കുകളല്ലാത്ത മൃഗങ്ങളുടെ കണക്കെടുപ്പാണ് പണി…. ബാക്കി വിവരങ്ങൾ വഴിയെ പറയാം….
രാത്രി 10 മണി ആയപ്പോൾ “എങ്കിൽ നാളെ കാണാം” എന്ന്‌പറഞ്ഞു സാറും ഞാനും പിരിഞ്ഞു.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഭാഗം – 2
ഒന്നാം ദിവസം:-
നേരത്തെ നിശ്ചയിച്ചതുപോലെ ഞാനും സാറും 6 മണിക്ക് സാറിന്റെ കാറില്‍ യാത്ര തുടങ്ങി. സാര്‍ ഇത്രക്കും ശാന്തനായി ഞാൻ കണ്ടിട്ടേയില്ല. പ്രഭാതഭക്ഷണത്തിനു വേണ്ടിയല്ലാതെ വേറെ ഒന്നിനും വണ്ടി നിർത്തിയില്ല… യാത്രയുടനീളം കാടിന്റെ വിശേഷങ്ങൾ മാത്രം. പട്ടണം കഴിഞ്ഞു ചുരം കയറി പച്ചപ്പിന്റെ മടിത്തട്ടിൽ എത്തിയത് വളരെ പെട്ടെന്നായിരുന്നു. മാനന്തവാടി കഴിഞ്ഞതും, കാട് അതിന്റെ സൗന്ദര്യം പ്രകടിപ്പിക്കാൻ തുടങ്ങി. മണിക്കൂറുകൾ നീണ്ടയാത്രയിൽ എവിടെയോ ഞാൻ എന്നിലേക്ക് ഒന്ന് ഊഴ്‌ന്നിറങ്ങി.
തികച്ചും വ്യത്യസ്തം ഈ ആശയം. നാട് കാണാതെ കാട് കാണുക. മൃഗശാലയിലല്ലാതെ വന്യത നേരിൽ അനുഭവിക്കുക. പ്രിയ വാഹനങ്ങളെ റോഡില്‍ കണ്ടു രസിക്കുന്നതിനു പകരം പക്ഷികളെ നിരീക്ഷിക്കുക. കെട്ടിടങ്ങള്‍ക്കു പകരം പാറക്കെട്ടുകൾ. എങ്ങും പച്ചപ്പ്. പശുക്കളെ കാണുംപോലെ കാട്ടുപോത്തിനെ കാണുക. പൂച്ചയെ കാണുംപോലെ പുലികളെ കാണുക. കാട്ടിലേക്കും യാത്രകൾ നടത്താം എന്ന പുതു ആശയം ദഹിക്കാൻ എനിക്ക് അത്ര സമയം വേണ്ടിവന്നില്ല.
സാറിന്റെ വനയാത്രകളിലെ നായകവേഷത്തില്‍ സ്വയം എന്നെ കണ്ടുകൊണ്ട്, ഓടി മറയുന്ന പച്ചപ്പിലേക്കി കണ്ണുംനട്ട് ഞാൻ ഇരുന്നു. സര്‍ നന്നായിട്ട് ഡ്രൈവ് ചെയ്യും. ചുരം കയറുംവരെ ഓടിച്ച വേഗത കണക്കിലെടുത്താല്‍, വളരെ പതുക്കയാണ് പിന്നെയുള്ള നമ്മുടെ യാത്ര നീങ്ങിയത്. ഇടക്കിടെ നിർത്തി കാറില്‍ ഇരുന്നുകൊണ്ട് കാട്ടിലേക്ക് തുറിച്ചു നോക്കും… ചിലപ്പോൾ മാനുകൾ, അല്ലെങ്കിൽ മ്ളാവ്, കാട്ടുപോത്ത് തുടങ്ങിയവയെ കാണിച്ചു തന്നുകൊണ്ട് ആ യാത്ര കടന്നുപോയി.
പറഞ്ഞതിലും നേരത്തെ ഞങ്ങൾ ക്യാമ്പില്‍ എത്തി. റജിസ്റ്റ്രേഷന്‍ ചെയ്യണമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരാണന്ന് പൂരിപ്പിച്ച ഫോമില്‍ നിന്നു മനസ്സിലാക്കിയപ്പോള്‍ അവർക്ക് വളരെ സന്തോഷമായി, “People like you should start joining these type of activities, only then others too might get inspired”.
അത് ഈ കാലഘട്ടത്തിലെ യാത്രകളുടെ ഉപരിപ്ലവതയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് വഴിമരുന്നായി.. “പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം” എന്ന ഭാവത്തിൽ ഞാൻ ക്യാമ്പ് നിരീക്ഷിക്കാൻ ഇറങ്ങി.
ചെറിയ ടെന്റുകളിലാണ് നമ്മുടെ താമസം. സ്ത്രികളും ഇതിന്‌എത്തിയത് വളരെ ആശ്ചര്യമായി തോന്നി. മിക്ക ക്യാമ്പംഗങ്ങളും നല്ല ജോലിയിലിരിക്കുന്നവർ. ഒന്നോ രണ്ടോ വീട്ടമ്മമാർ ഒഴിച്ചു ബാക്കിയുള്ള വനിതകൾ ഉയർന്ന ഉദ്യോഗസ്ഥർ. എന്തായിരിക്കും ഇവരെ പോലുള്ളവർക്കു കാടിനോട് ഇത്ര പ്രേമം?
കര്‍ണാടകക്കാര്‍ കുറച്ചേയുള്ളൂ, അധികവും വടക്കേ ഇന്ത്യയില്‍ നിന്ന് ഉള്ളവരാണ്… ഇത്രയും ദൂരം യാത്രചെയ്ത് സമയവും മുടക്കി വന്നതിന്റെ കാര്യം എന്തായിരിക്കും ? സുഹൃത്തുക്കളുടെ ഒത്തുചേരലല്ല എന്ന് അവരുടെ പ്രൊഫഷണല്‍ രീതിയിലുള്ള സമീപനം കണ്ടപ്പോൾ എനിക്ക് ബോധ്യമായി. എല്ലാവരുടെയും മുഖം പ്രസന്നം. എന്താണ് കാട് അവർക്ക് നൽകുന്ന സന്തോഷം?.
ക്യാമ്പിനു ചുറ്റുമുള്ള വൈദ്യുതവേലിക്ക് അരികിൽ ചെന്ന് കാട്ടിലേക്കി നോക്കിയിരിക്കെ സാറിന്റെ ഉച്ചത്തിലുള്ള വിളി ചെവിയിൽ മുഴങ്ങി…
“വാ… വേഗം റെഡി ആകണം… മൂന്ന് മണിക്ക് ട്രെക്കിങ്ങ് സ്റ്റാര്‍ട്ട് ചെയ്യും…”
ഞങ്ങൾ ടെന്റിലേക്കു നടന്നു. ബാഗ് വെച്ചശേഷം ടെന്റില്‍ ഇരുന്നു, ഒന്ന് മയങ്ങിത്തുടങ്ങിയപ്പോഴേക്കും സാര്‍ എന്നെ കുലുക്കി വിളിച്ചു.
“ഉറങ്ങാനാണോ ഇവിടംവരെ വന്നത്?” എന്നൊരു ചോദ്യവും…
ഓഫീസിലെന്നോണം ഞാൻ ചാടി എണീറ്റു… ഡ്രെസ്സ് മാറ്റാൻ തുടങ്ങി. ഇന്നലത്തെ സാറിന്റെ രാത്രി ക്ലാസ്സില്‍ പറഞ്ഞിരുന്നു, പച്ചനിറത്തിലുള്ള വസ്ത്രം വേണം ധരിക്കാൻ.
മുന്‍ നിശ്ചയിച്ചതു പോലെ, 3 മണിക്ക് ഞാനും സാറും ഹാജർ. ആശ്ചര്യമായിരിക്കുന്നു എല്ലാ അഗങ്ങളും കൃത്യസമയത്തു റിപ്പോര്‍ട്ടിങ്ങ് പോയിന്റില്‍ എത്തി. ഞാൻ ഒന്ന് ആലോചിച്ചു നിന്നു, “ഇവർക്കും സമയത്തിനു എത്താൻ അറിയാം അല്ലേ???” (പൊതുവെ ഉയർന്ന ഉദ്യോഗസ്ഥർ ഒരിക്കലും ഓഫീസില്‍ സമയത്തിന് വന്നു കാണാറില്ല, അതുകൊണ്ടു ചിന്തിച്ചു പോയതാ!!!)
ഞങ്ങളെ എല്ലാവരെയും കുറേ ഗ്രൂപ്പുകളാക്കി തിരിച്ചു. എന്റെ ഗ്രൂപ്പിൽ 5 പേർ; അതിൽ ഒരാൾ ഗാര്‍ഡ് ആണ്. അങ്ങിനെ ഞങ്ങൾ കാട്ടിലേക്ക് നടക്കാൻ തുടങ്ങി. വനത്തിലേക്ക് കടക്കുന്നതിനു മുൻപു ഗാര്‍ഡും കൂടെയുള്ള രവിറാം എന്ന മറ്റൊരംഗവും തമ്മിൽ എന്തോ കാര്യമായി ചർച്ചചെയ്യുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അടുത്ത നിമിഷം ചിന്തകൾക്ക് അഗീകരിക്കാൻ പറ്റാത്ത ഒരു കാഴ്ച്ചയാണ് ഞാൻ കണ്ടത്.
രവിറാം, പാതയോരത്തു കണ്ട ഉണങ്ങിയ ആനപ്പിണ്ടം എടുത്ത് ഡ്രെസ്സിൽ പുരട്ടാൻ തുടങ്ങി!
സംഭവിക്കുന്നത് എന്താണ് എന്ന് മനസ്സിലാകാതെ ഞാൻ സാറിനെ നോക്കി.
സാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, “വാ… നടക്കൂ പറഞ്ഞുതരാം”.
രവിറാമിന്റെ വസ്ത്രത്തിൽ പെര്‍ഫ്യൂം ചെറിയതോതിൽ മണക്കുന്നുണ്ടായിരുന്നത്രേ. എനിക്ക്, സത്യം പറഞ്ഞാൽ ഒരു മണവും അദ്ദേഹം അടുത്തുവന്നപ്പോൾ കിട്ടിയിരുന്നില്ല. പക്ഷെ മൃഗങ്ങൾക്ക് ഇത്തരം ഗന്ധങ്ങള്‍ കിലോമീറ്ററുകള്‍ അപ്പുറത്തു നിന്നും മനസ്സിലാകുമത്രേ.
ഈയൊരറിവ് എനിക്ക് ആശ്ചര്യമായിത്തോന്നി.
കുറച്ചുകൂടി നടന്നാൽ ഞങ്ങൾ കാടുകയറാൻ തുടങ്ങും. വരാനിരിക്കുന്ന അപ്രതീക്ഷിത മുഹൂർത്തങ്ങളെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ ഞാൻ വലതുകാൽ വെച്ചു കയറി…
നിശ്ചയിച്ച മുഹൂർത്തത്തിൽ കാടെന്ന വീട്ടിലേക്ക് തോളിൽ കയ്യും വെച്ച് സാര്‍ എന്നെ ‘കാട്ടിൽക്കയറ്റി’….
ഇന്നത്തെ യാത്ര ഒരു acclimatization process പോലെയാണ് -നാളത്തെ major event-ന് മുന്നോടിയായി ഒരു trial run… രാത്രിയില്‍ നാളത്തെ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരണം ഉണ്ടാകും. ഏതായാലും സാര്‍ കൂടെയുള്ള ധൈര്യത്തിൽ ഞാനും അവരുടെകൂടെ നടന്നു.
ഇടവഴി എന്ന്‌പറയാവുന്ന രീതിയിലുളള ഒറ്റയടിപ്പാത. മാനുകൾ നടന്നുണ്ടായതാണത്രേ ഈ ഒറ്റയടിപ്പാത. ഓരോ പൊന്തക്കാട്ടിലും എന്തൊക്കയോ ഒളിഞ്ഞിരിക്കുന്നതുപോലെ തോന്നും. ഒരു തവണ ഞങ്ങൾ നടന്നുവരുന്ന ഒച്ച കേട്ടു ഒരു കാലങ്കോഴി തൊട്ടടുത്തുനിന്നു ഒച്ചയുണ്ടാക്കി പറന്നുപോയി… ഞെട്ടലോടെയാണ് ഞാൻ ആ സംഭവം ഇപ്പോഴും ഓർക്കുന്നത്.
കാടിന്റെ അകത്തേക്ക് കയറുംതോറും വേഗത കുറഞ്ഞുകൊണ്ടേയിരുന്നു. പാതയിലെ വളവുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ് മുമ്പോട്ട് നീങ്ങിയത്. വളവു തിരിയുമ്പോൾ പൊന്തക്കാടിന്റെ മറുവശത്ത് എന്തായിരിക്കും പതിയിരിക്കുന്നതെന്ന ചിന്തയാണ് എല്ലാവരുടെയും മനസ്സിൽ… അതുകൊണ്ടു ഒച്ചയില്ലാതെ പതുക്കെ നടക്കുക എന്നതായിരുന്നു നിയമം.
പെട്ടെന്ന്, ഏറ്റവും മുൻപിൽ നടക്കുന്ന ഗാര്‍ഡ് കയ്യുയർത്തിക്കാട്ടി.
Full stop ഇട്ടതുപോലെ എല്ലാവരും നിന്നു. പെട്ടെന്ന്…
എന്താണ് കാര്യം എന്ന് ഞാൻ സാറിനോട് സ്വകാര്യമായി ചോദിച്ചു. സാര്‍ മറുപടി പറയുമ്പോഴേക്കും, ഗാര്‍ഡ് കാര്യം വ്യക്തമാക്കി.
ഏതാണ്ട് അര കിലോമീറ്റര്‍ അകലെ ഒരു ആനക്കൂട്ടം ഉണ്ട്, അതിൽ രണ്ടു കുട്ടിയാനയും ഉണ്ട്. അതുകൊണ്ട് ഞങ്ങൾ വളരെ ശ്രദ്ധിച്ചുവേണം നീങ്ങാൻ. ആനക്കൂട്ടം അവിടം വിട്ടതിനു ശേഷമേ
ഇനി ഞങ്ങൾക്ക് അനങ്ങാൻ പറ്റു.എല്ലാവരോടും നിശ്ചലരായി നിൽക്കാൻ ഗാര്‍ഡ് ആവശ്യപ്പെട്ടു.
എനിക്ക് ചിരിവന്നു… 500 മീറ്റര്‍ അകലെ ഉള്ള ആനയെ എന്തിന് പേടിക്കണം?
ഗാര്‍ഡ്, കാര്യങ്ങൾ വെറുതെ കൂടുതൽ നാടകീയമാക്കുകയാണെന്ന് എനിക്ക് തോന്നി.
അതിനിടയിൽ, കൂടെയുള്ള ഒരംഗം, ആനകളെ കൂടുതൽ ഭംഗിയായി കാണാൻവേണ്ടി ഒരു ചുവട് മുമ്പോട്ടുവെച്ചു.
കാൽവെച്ചത് ഒരു ചെറിയ ഉണങ്ങിയ കൊമ്പിൽ.
“ടിക്” എന്ന് വളരെ ചെറിയ ശബ്ദമുണ്ടായി….
സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്തവിധം ഞാൻ ആ കാഴ്ചക്ക് സാക്ഷിയായി…
(തുടരും…….)
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഭാഗം – 3
ആനക്കുട്ടത്തിലെ കൊമ്പൻ, ശബ്ദം വന്ന ദിശയിലേക്കു നോക്കി നടക്കാൻ തുടങ്ങി. രണ്ടടി നടന്നപ്പോൾ ഞങ്ങളെത്തന്നെ നോക്കുന്നതുപോലെ അവിടെനിന്നു സൂക്ഷ്മമായി നോക്കി. തുമ്പിക്കൈ മെല്ലെ പൊന്തിച്ചുപിടിച്ച്, ചെവികൾ അനക്കാതെ, ഒച്ച വന്ന ദിക്കിലേക്ക് തുറിച്ചുനോക്കി.
ഞങ്ങൾ അനങ്ങാതെ നിശബ്ദരായി നിന്നു.
ആ നിമിഷം ശ്വാസംപോലും വിടാന്‍ ഭയം തോന്നി.
കലോത്സവ വേദികളിൽ ടാബ്ലോയില്‍ പങ്കെടുത്തു പരിചയമുള്ളതുകൊണ്ട്, ഒരുതരി അനങ്ങാതെ ഞാൻ നിന്നു.
മിനിട്ടുകൾക്ക് മണിക്കൂറിന്റെ ദൈര്‍ഘ്യം എന്നു തോന്നി.
കുറച്ചു മിനിറ്റുകൾക്കുള്ളിൽ പിടിയാനയും മക്കളും അവിടംവിട്ടു പോയി. കുടുംബം സുരക്ഷിതരാണെന്ന് ഉറപ്പായപ്പോൾ, കൊമ്പൻ തൊട്ടടുത്ത മരക്കുട്ടം ലക്ഷ്യമിട്ട് മെല്ലെ തിരിഞ്ഞു നടന്നു. മരക്കുട്ടത്തിനടുത്ത് എത്തിയപ്പോൾ പെട്ടെന്നൊന്ന് തല തിരിച്ചു ഞങ്ങളുള്ള ദിക്കിലേക്ക് നോക്കി; എന്നിട്ടു മരങ്ങളുടെ ഇടയിൽ മറഞ്ഞു…
ആനയുടെ അവസാനത്തെ നോട്ടം എന്നെ അടിമുടി വിറപ്പിച്ചു….
നടത്തം തുടരണോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു നിന്നു. എന്തെന്നാൽ, കൊമ്പനെ അവസാനമായി കണ്ടയിടത്തുകൂടി വേണം ഞങ്ങൾക്കും നടന്നു പോകാൻ. ആനയുടെ sensory power അവർണനീയം. സാറിനോട് കൂടുതൽ കാര്യങ്ങൾ തിരക്കി. സാര്‍ എനിക്ക് കൂടുതൽ വിവരങ്ങൾ പറഞ്ഞുതരാൻ തുടങ്ങി.
ആനകൾക്ക് വിവിധതരം ശബ്ദങ്ങളിലൂടെ മറ്റു ആനകളോട് സംവദിക്കാൻ പറ്റുമത്രേ. വിവരങ്ങൾ കൂടുതൽ കേൾക്കാൻ തുടങ്ങിയപ്പോൾ ആ മൃഗത്തോട് ആദരവും സ്നേഹവും തോന്നാൻ തുടങ്ങി. ആനയുടെ അവസാന നോട്ടം rewind അടിച്ചു വീണ്ടും വീണ്ടും മനസ്സിൽ കണ്ടുകൊണ്ട് ഞാൻ ഏറ്റവും പുറകിൽ നടന്നു.
എന്റെ ചിന്തിച്ചുള്ള നടത്തം എന്നെ മറ്റുള്ളവരിൽ നിന്ന് അകത്തി. കൂടെ നടക്കണം എന്ന് സാര്‍ എന്നോട് മുമ്പേ പറഞ്ഞുതന്നിട്ടുണ്ട്.
കൊമ്പന്റെ ഉപദ്രവം ഇല്ലാതെ ഞങ്ങൾ നടത്തം തുടർന്നു…
ഞാൻ പുറകിലായ വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല, ഞാൻ ഉൾപ്പടെ… എന്തായാലും ഒരുകണക്കിന് അതു നന്നായി എന്ന് ഞാൻ എന്നോട് പറഞ്ഞുപോയി, അടുത്ത സംഭവം നടന്നപ്പോൾ…
വളരെ സൂക്ഷിച്ചാണ് ഗാര്‍ഡ് ഞങ്ങളെ കൊണ്ടുപോകുന്നത്. ഓരോ പൊന്തക്കാടും വളരെ നിരീക്ഷിച്ചാണ് വളവുകൾ തിരിയാറ്. ഇടവും വലവും ഒരുപോലെ നോക്കി നടക്കണം. അങ്ങനെ നടന്നുകൊണ്ടിരിക്കെ, ഒരു പൊന്തക്കാടിനോട് ചേർന്നുള്ള വളവിലേക്ക് തിരിഞ്ഞതും ഗാര്‍ഡ് ഉച്ചത്തിൽ അലറി…
“Get Back….. Get Back……”
സംഭവിച്ചത് എന്താണെന്ന് അറിയാതെ ഞാൻ പകച്ചുനിന്നു.
കൊമ്പന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത്…
കണ്ണുചിമ്മി നോക്കുമ്പോൾ ഗാര്‍ഡ് ഉൾപ്പടെ എല്ലാവരും എന്റെ നേർക്ക് ഓടിവരുന്നു.
ഞാൻ വീണ്ടും ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി….
അപ്പോഴാണ് അവനെ ഞാൻ കണ്ടത്…
എന്നോളം വലുപ്പമുള്ള ഒരു കരിമ്പൻ കരടി.
അത് ഞങ്ങളുടെ നേരെ കുതിച്ചുവരുന്നു…
ബോധം വീണ്ടെടുത്തു ഓടാൻ തീരുമാനിക്കുമ്പോഴേക്കും ഞാൻ എല്ലാവരുടെയും പിന്നിലായി…
എങ്ങോട്ടെന്നില്ലാത്ത ഓട്ടം… ഒന്നു തിരിഞ്ഞു നോക്കാൻ പോലും ധൈര്യമില്ലായിരുന്നു….
നിർത്താതെ ഓടി, മറ്റുള്ളവരുടെ കൂടെയെത്താൻ…
ഒരാളെയെങ്കിലും ഓടി പിന്നിലാക്കിയെങ്കില്‍ എന്ന് ഞാൻ ആഗ്രഹിച്ചുപോയി, എന്നാൽ കരടി എന്നെ ആദ്യം പിടികൂടിലല്ലോ!!!…
ധൈര്യം കൊണ്ടോ, അതോ എന്നോടുള്ള സഹതാപം കൊണ്ടോ, ഗാര്‍ഡ് തിരിഞ്ഞു നോക്കി…
എന്നിട്ട് പാഞ്ഞടുക്കുന്ന എന്നോട് Stop… Stop… എന്ന് പറഞ്ഞു.
അപ്പോഴാണ് എനിക്ക് ശ്വാസം വീണത്.
150 മീറ്ററോളം ഞങ്ങൾ ഓടിയിരുന്നു. ഞാൻ എല്ലാവരുടെയും പുറകിൽ ഓട്ടം അവസാനിപ്പിച്ചു തിരിഞ്ഞുനോക്കിയതും, എല്ലാവരും വീണ്ടും ഓടാൻ തുടങ്ങി എന്ന് മനസ്സിലായി. പക്ഷെ ഗാര്‍ഡ് ഇപ്രാവശ്യം ഓടാത്തത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.
കരടി ഓടിയടുത്തപ്പോൾ, ഗാര്‍ഡ് കൈയിലുള്ള ഓട്ടോമാറ്റിക്ക് കുട കരടിക്കു നേരെ പിടിച്ചു പെട്ടെന്ന് തുറന്നു.
സഡന്‍ ബ്രെയ്‌ക്ക് ഇട്ടോണം കരടി അവിടെ നിന്നു… എന്നിട്ടു തിരിഞ്ഞൊരോട്ടം…
കരടി തിരിഞ്ഞോടുമ്പോഴാണ് ഞാൻ ആ അത്ഭുതക്കാഴ്ച്ച, അല്ലെങ്കില്‍ ആ സുന്ദരമായ
കാഴ്ച്ച കണ്ടത്.
ഒരു കുട്ടിക്കരടി ആ അമ്മക്കരടിയുടെ മുതുകിൽ പിടിച്ചിരിക്കുന്നുണ്ടായിരുന്നു!
പൊന്തക്കാടിന്റെ മറവിലേക്ക് ഓടി രക്ഷപെടുന്നതിനിടക്ക് ആ കുട്ടിക്കരടി ഞങ്ങളെ ഒന്ന് നോക്കി.
എന്തു നിഷ്കളങ്കമായ മുഖം!…
ഈ നടന്നതൊന്നും അവൻ അറിഞ്ഞുകാണില്ല… അവന്റെ ചിന്ത, കരടിഅമ്മ എന്തോ പുതിയ കളി കളിക്കുകയാണെന്നാവും…
ഇനിയും ഒരു ആക്രമണം ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തി, ഗാര്‍ഡ് ഞങ്ങളെ നയിക്കാൻ തുടങ്ങി. ട്രെക്കിങ്ങിന്റെ അവസാനത്തെ അര മണിക്കൂർ, പക്ഷികളെക്കൊണ്ട് നിറഞ്ഞിരുന്നു. വിവിധയിനം പക്ഷികൾ… ചെറുതും വലുതുമായി, കൂടണയാൻ നേരമായി എന്നോണം അവറ്റകൾ പറന്നുകൊണ്ടേയിരുന്നു… അങ്ങിനെ രണ്ടര മണിക്കൂർ നീണ്ട ട്രെക്കിങ്ങിന്റെ അവസാനം ഞങ്ങൾ ക്യാമ്പില്‍ തിരിച്ചെത്തി.
എല്ലാ ഗ്രൂപ്പംഗങ്ങളും തമ്മിൽ കണ്ട് അവരവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ തുടങ്ങി. അവരവരുടെ കഥ ഏറ്റവും ഗംഭീരം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, ആരുടെയൊക്കയോ പ്രാർത്ഥനകൊണ്ട് ദാനംകിട്ടിയ ആയുസ്സിനെ മനുഷ്യൻ വിസ്മരിക്കുന്നു!
നടത്തത്തിന്റെ ക്ഷീണം എന്റെ ശരീരത്തെ വല്ലാതെ കീഴ്പ്പെടുത്തി. സര്‍ എന്നോട് ഫ്രഷ് ആയി വരാൻ പറഞ്ഞു… ഞാൻ നേരെ ടെന്റില്‍ കയറി, അഞ്ചു മിനിറ്റ് കിടന്നിട്ട് കുളിക്കാം എന് കരുതി കിടന്നു.
കൊമ്പനെയും കരടിയേയും ഇരുവശങ്ങളിൽ കാവൽനിർത്തി ഉറക്കത്തിന് ഞാൻ കീഴടങ്ങി…
ശരീരത്തിൽ എന്തോ വന്നുവീണത് പോലെ തോന്നിയിട്ടാണ് കണ്ണ് തുറന്നത്. കാര്യം സത്യമാണ്, സാറിന്റെ ബാഗ് എന്റെ നെഞ്ചത്തു വന്നു വീണതാ… ടെന്റിന്റെ സ്ഥലപരിമിതി കാരണം ബാഗ്, ഉറങ്ങുന്ന എന്റെ നെഞ്ചത്ത്!
ഞെട്ടി കണ്ണ് തുറന്ന എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സാര്‍ പറഞ്ഞു, “Dinner time… Get up…”
കുളിക്കാൻ ഒന്നും വയ്യ. നേരെ വെച്ചു പിടിച്ചു, ഡിന്നര്‍ കഴിക്കാനായി… കഴിക്കുന്നതിനിടെ സാര്‍ എന്റെ അടുത്ത് വന്നിരുന്നു.
“ഡിന്നറിന് തൊട്ടുമുമ്പു ഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു. ടെന്റില്‍ നീയുറങ്ങുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല. എന്തായാലും കഴിച്ചു വേഗം ഉറങ്ങിക്കോ, നാളെ 4.30-ന് എഴുന്നേൽക്കണം, 5.30-ന് സെന്‍സസ് എടുക്കാൻ കാട്ടിലേക്ക് പോകണം”.
“Random selection-ലൂടെ ആണ് ഓരോ ഗ്രൂപ്പും ഉണ്ടാക്കിയത്. നിന്റെ കാര്യത്തിൽ, നിന്റെ ആദ്യത്തെ യാത്രയാണെന്നു പറഞ്ഞ് എന്റെ കൂടെക്കൂട്ടി. സെന്‍സസിന്റെ രീതികളെക്കുറിച്ച് ഞാൻ നാളെ പോവുമ്പോൾ പറഞ്ഞുതരാം”.
വയറുനിറയെ കഴിച്ചു ഞാൻ ടെന്റിലേക്കു മടങ്ങി.
ട്രെക്കിങ്ങിന്റെ വീരവാദങ്ങൾ അങ്ങിങ്ങ് മുഴങ്ങുന്നുണ്ടായിരുന്നു…
ഗൈഡിന്റെ ഓട്ടോമാറ്റിക്ക് കുടയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഗാഢനിദ്രയെ പുൽകി…
(തുടരും…….)
ഇനിയും സംഭവങ്ങളുണ്ട്. രണ്ടാം ദിവസത്തെ യാത്രയിലെ ആ സംഭവങ്ങള്‍ അടുത്ത ലക്കത്തില്‍