ഉറുമ്പുകളുടെ സഞ്ചാരപഥങ്ങൾ
Arjith
1999 ME
ഭക്ഷണം കഴിച്ചു കഴിഞ്ഞു സിന്ധു തല കുമ്പിട്ടിരുന്നു.
മനസ്സിൽ ചിന്തകൾ നിറഞ്ഞു.
പണം …
ടെക്സ്റ്റയിൽസിൽ പൂരത്തിന്റെ തിരക്കാണ് .
സൂപ്പർവൈസർ ഇപ്പോൾ തന്നെ കറങ്ങി ഡയ്‌നിങ് ഹാളിൽ എത്തുമെന്ന് ഉറപ്പാണ്.
അവൾ വെള്ളക്കുപ്പിയുമെടുത്തു തന്റെ ഫ്ളോറിലേക്കു നടന്നു.
ആർക്കും മുഖം കൊടുക്കാതെ ഫ്ലോറിന്റെ അറ്റത്തേക്ക് നടന്നു.
അവൾക്കു ജോലി ചെയ്യാൻ തോന്നിയില്ല .
അവൾ തുറന്നുകിടന്ന ട്രയൽ റൂമിൽ കയറി വാതിലടച്ചു.
പുറത്തു തേനീച്ചക്കൂടിന്റെ മുരൾച്ച അവൾ കേട്ടു .
ഉത്സവാന്തരീക്ഷത്തിൽ തിക്കിത്തിരക്കുന്ന ജനം.
എല്ലാവർക്കും പണമുണ്ട്…
സിന്ധു ട്രയൽ റൂമിന്റെ തറയിലിരുന്നു.
ആരോ ട്രയൽ റൂമിൽ തട്ടി.
അവൾ വാതിൽ തുറന്നില്ല.
വെള്ളക്കുപ്പി തുറന്നു.
കുപ്പിക്കുള്ളിൽ ഒരു ഉറുമ്പ് കുടുങ്ങിയിരിക്കുന്നു …
പാവം. ദാഹിച്ചു കയറിയതാവാം.
അവൾ ഉറുമ്പിനെ നോക്കി.
ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ പിടഞ്ഞുപായുന്ന ഉറുമ്പ്.
അവൾ വെള്ളക്കുപ്പി ചെരിച്ച് അല്പം വെള്ളം പുറത്തേക്കൊഴുക്കി.
ഉറുമ്പ് അതോടൊപ്പം പുറത്തേക്കു വീഴുമെന്നായിരുന്നു സിന്ധു കരുതിയത്.
പക്ഷെ ഉറുമ്പാവട്ടെ ഒഴുകിയെത്തുന്ന പ്രളയജലത്തിൽ നിന്നും നൊടിയിടയിൽ ഒഴിഞ്ഞുമാറി കുപ്പിയുടെ വെള്ളമൊഴിഞ്ഞ ഭിത്തിയിൽ അള്ളിപ്പിടിച്ചിരുപ്പായി…
ഉറുമ്പിനെ രക്ഷിക്കാനായി സിന്ധു വീണ്ടും ശ്രമിച്ചു.
ഇടയ്ക്കു കുപ്പിയിലെ വെള്ളത്തിൽ വീണെങ്കിലും അതിവേഗം കുപ്പിയുടെ മേൽഭാഗത്തേക്കു കുതിച്ചു കയറി ഉറുമ്പു തന്റെ അതിജീവനശക്തി പ്രദർശിപ്പിച്ചു.
അവളാവട്ടെ ഉറുമ്പും അവളും മാത്രമുള്ളൊരു ലോകത്തകപ്പെട്ടു പോവുകയും ചെയ്‌തു.
ശ്രദ്ധയോടെ കുപ്പിയുമായി ട്രയൽ റൂം തുറന്ന് അവൾ ബാത്ത് റൂമിലേക്ക് നടന്നു.
ആൾക്കൂട്ടമോ സൂപ്പർവൈസറോ അവളെ തടഞ്ഞതേയില്ല.
ബാത്റൂമിലെ ക്ളോസെറ്റിൽ കയറിയിരുന്ന്
അവൾ വീണ്ടും ഉറുമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മുഴുകി
* * *
സമയം രാത്രി പത്തുകഴിഞ്ഞിരുന്നു .
ജയിൻസ് സ്റ്റുഡിയോയിൽ സിന്ധു എൽദോയെ കാത്തിരുന്നു.
എൽദോ എത്തുമ്പോൾ പതിനൊന്നു കഴിഞ്ഞു.
വന്ന ഉടനെ എൽദോ തിരക്കിട്ടു സ്റ്റുഡിയോയിലേക്ക് കയറി ലൈറ്റ് ഓൺ ചെയ്തു.
ചുവപ്പുസാരിയിൽ സിന്ധു സുന്ദരിയായിരുന്നു. കാത്തിരിപ്പിന്റെ വിരസത ഒട്ടും മുഖത്ത് വരാതെ അവൾ പോസു ചെയ്തു. എൽദോ സിന്ധുവിന്റെ സൗന്ദര്യം തന്റെ ക്യാമറയിലേക്ക് ശ്രദ്ധയോടെ പകർത്തി. പത്തു മിനിറ്റിനുള്ളിൽ തന്നെ മികച്ച അഞ്ചു ചിത്രങ്ങൾ തയ്യാറാക്കി എൽദോ സിന്ധുവിന് വാട്സ് അപ്പ് ചെയ്തു കൊടുത്തു.
* * *
മലബാർ ഹോട്ടലിന്റെ ലോബിയിൽ സിന്ധു കാത്തിരുന്നു.
പാതിരാത്രി കഴിഞ്ഞിരുന്നു .
എൽദോ പറഞ്ഞ നമ്പറിലേക്ക് തന്റെ ചിത്രങ്ങൾ അവൾ അയച്ചു കൊടുത്തു.
ലോബിയിൽ തിരക്കില്ലായിരുന്നു .
അരമണിക്കൂറിനുള്ളിൽ ഒരു ചെറുപ്പക്കാരൻ സിന്ധുവിന് അരികിലേക്കെത്തി .
അയാൾ പുഞ്ചിരിയോടെ സോഫയിൽ സിന്ധുവിനൊപ്പമിരുന്നു .
പിന്നെ അയാൾക്കൊപ്പം സിന്ധു ലിഫ്റ്റിനരികിലേക്കു നടന്നു.
വിശാലമായ ഹോട്ടൽ റൂമിലെ വലിയ കട്ടിലിൽ അയാൾക്കൊപ്പം സിന്ധു ഇരുന്നു.
അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“സിന്ധു റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു…
ഞാനാണ് അതു ചെയ്തത്…
അത് കഴിഞ്ഞ് ഞാൻ ഉറങ്ങുകയാണ്…
നീ ബോധം തെളിഞ്ഞുണരുമ്പോൾ എന്ത് ചെയ്യും… ? ഇതാണ് സീൻ . “
മുറിയിലാകെ മൂന്നു ക്യാമറകൾ.
അയാൾ സിന്ധുവിന് ക്യാമറകൾ കാട്ടിക്കൊടുത്തു. അനന്തരം റൂം ലോക്ക് ചെയ്തെന്നു ഉറപ്പിച്ചു.
അയാൾ കട്ടിലിലേക്ക് കിടന്നു.
സിന്ധു വിവസ്ത്രയായി.
അവൾ അയാൾക്കരികിലായി കിടന്നു…
മുറിയിലെ സ്പീക്കറിൽ ആക്ഷൻ
ശബ്ദം കേട്ടു …
സിന്ധു കട്ടിലിൽ നിന്നും ഞെട്ടി എണീറ്റു ചുറ്റുപാടും നോക്കി.
തന്റെ നഗ്നതയെ കൈകൾ കൊണ്ട് മൂടി…
കയ്യിൽ കിട്ടിയ ടവൽ വാരി ചുറ്റി എണീറ്റു .
അയാൾ കിടന്നുറങ്ങുകയാണ് …
അടുത്ത നിമിഷം ഭ്രാന്തിയെപ്പോലെ അലറിവിളിച്ചു അയാളുടെ നെഞ്ചിൽ മുട്ടുകൾ കുത്തി …അവൾ തലയിണ അയാളുടെ മുഖത്തമർത്തി…
മൂന്നാം മിനിറ്റിൽ കട്ട് എന്ന ശബ്ദം മുഴങ്ങി…
ശ്വാസം നഷ്ടപ്പെട്ടെങ്കിലും അയാൾ മരിച്ചിരുല്ല.
കഴുത്തിലെ വേദനക്കിടയിലും അയാൾ പുഞ്ചിരിച്ചു.
സിന്ധു വസ്ത്രം ധരിച്ചു…
ഇരുവരും ഫ്രിഡ്ജ് തുറന്നു വെള്ളം കുടിച്ചു .
പിന്നെ കസേരയിൽ ഇരുന്നു .
സിന്ധുവിന് ആത്മവിശ്വാസം തോന്നി .
മൊബൈലിലെ ഗൂഗിൾ പേ യിൽ മണി കിലുങ്ങി …
അവളുടെ മുഖം വിടർന്നു.
അയാൾ മുറിതുറന്നു പുറത്തേക്കു പോകവേ മറ്റൊരാൾ മുറിക്കുള്ളിലേക്ക് കടന്നു വന്നു.
വലിയൊരാൾ …
വാതിൽ വീണ്ടുമടഞ്ഞു….
അയാൾ ആലിംഗനത്തിനായി കൈകൾ നീട്ടി . അത് കാത്തിരുന്നതുപോലെ സിന്ധു അയാളുടെ കൈകൾക്കുള്ളിൽ കുരുങ്ങി നിന്നു .
സിന്ധുവിന്റെ ചുണ്ടുകളിൽ അയാൾ ചുംബിച്ചു.
മുറിയിലെ ലൈറ്റുകളും ക്യാമറകളും വീണ്ടും സജീവമായി .
നൊടിയിടയിൽ വിവസ്ത്രമായ രണ്ടു ശരീരങ്ങൾ കട്ടിലിലേക്ക് വീണു.
ആക്ഷൻ ശബ്ദം കേട്ടതും റേപ്പ് സീനിന്റെ കാഠിന്യത്തിലേക്കു സിന്ധു വലിച്ചിഴയ്ക്കപ്പെട്ടു ….
പിന്നെ മയക്കം …
…മയക്കം വിട്ടു സിന്ധു ഉണർന്നു.
ആവർത്തനം .. ..
കൈകൾ കൊണ്ട് നാണം മറച്ചു …
ടവൽ വാരിചുറ്റി …
കുതിച്ചു ചാടി അയാളുടെ നെഞ്ചിൽ മുട്ട് കുത്തി…
പിന്നെ തലയിണകൊണ്ടു അയാളുടെ മുഖം പിടിച്ചമർത്തി…
കട്ട് എന്ന ശബ്ദം ആവർത്തിച്ചത് അവൾ കേട്ടില്ല…
വാതിൽ ഇടിച്ചു പൊളിച്ചു പ്രളയം പോലെ മുറിയിലേക്ക് ആളുകൾ പ്രവേശിച്ചു .
സിന്ധു ഉറുമ്പിനെപ്പോലെ അപ്രത്യക്ഷയായി …
* * *
കരാമയിലെ നൃത്തശാലയിൽ ഇടവേളകളൊന്നിൽ സിന്ധു ബിയർ ഗ്ലാസ് കയ്യിലെടുത്തു.
ഗ്ലാസ് ചുണ്ടോടടുപ്പിക്കവേ ഗ്ലാസ്സിനുള്ളിൽ ബിയർ നുരയ്ക്കു മുകളിലായി കറുത്ത പൊട്ടുപോലൊരു കുഞ്ഞനുറുമ്പ് .
സിന്ധു ശ്രദ്ധയോടെ ഗ്ലാസ്സിലേക്ക് നോക്കി .
ഉറുമ്പിന്റെ കണ്ണുകളിലേക്കു നോക്കി …
ബിയർ നുര രുചിച്ച കുഞ്ഞുറുമ്പിന്റെ മുഖത്ത് ചിരി കണ്ടു .
സിന്ധു ഉറുമ്പിനെ ചൂണ്ടു വിരലിൽ തോണ്ടിയെടുത്തു .
പിന്നെ വിടർന്നൊരു പുഞ്ചിരിയോടെ ബിയർ ഗ്ലാസ് കാലിയാക്കി.
അരങ്ങിലേക്ക് നടന്നു …
ആൾക്കൂട്ടത്തിന്റെ ഇരമ്പം അവൾ കേട്ടു ….