രണ്ടാം ജന്മം - കൊളുത്തുകൾ

Suresh Narayanan

സുരേഷ് നാരായണൻ

രണ്ടാം ജന്മം

അനുജത്തീ
നീയെന്നെ മറന്നുവോ
എന്ന് വിളറിപ്പോയ നെറ്റി
പൊട്ടിനോടു ചോദിക്കും.

‘എനിക്ക് നിന്നെയൊന്നു തൊടണം’ എന്ന്
തിരണ്ടു കുളി കഴിഞ്ഞൊരുച്ചവെയിൽ അകത്തേക്ക് വരും

എത്ര നാളായി
നിന്നോടു ഞങ്ങൾ പറയുന്നു,
പ്ലേറ്റുകൾ കഴുകാൻ മാത്രമല്ല കഴിക്കാൻ കൂടിയുള്ളതാണെന്ന്
എന്നൊരു കൂട്ടക്കലമ്പൽ
തീന്മേശയിൽ നിന്നു പൊട്ടിപ്പുറപ്പെടും

ദീർഘസുഷുപ്തിയിലാണ്ടിരുന്ന രസമുകുളങ്ങളോ,
വലിയൊരു ഞെട്ടലോടെ
കണ്ണുകളടച്ച് നാവുകൾ നീട്ടും!

ഭൂതകാല എക്കിട്ടങ്ങളെ
ഒരു വാശിയോടെ പുറത്തേക്കു
തള്ളാൻ ആമാശയം തയ്യാറെടുക്കും.

എല്ലാ ബഹളങ്ങളുമൊഴിയുമ്പോൾ
മനോരാജ്യത്തിൻറ്റെ
സ്വച്ഛമായ നിലാപ്പുതപ്പ്
ആ വീടിനെ വന്നു മൂടും.

നിശ്ശബ്ദരായ്
പൊടിപിടച്ചു കിടന്ന
സ്വപ്നമാപിനിളും
ദൂരമാപിനികളും
സ്വയം തട്ടിക്കുടഞ്ഞു
വൃത്തിയാക്കാൻ തുടങ്ങും.

നിൻറെ കരച്ചിൽ കേൾക്കാത്ത
(ആദ്യ)രാത്രിയിലേക്ക്
ലോകം ആശ്ചര്യത്തോടെ ഉണരും;
കുതിർന്ന തലയിണകൾ
ഗൂഢമായി ചിരിച്ചുകൊണ്ട്
ഉണങ്ങാൻ തുടങ്ങും!

 

 

കൊളുത്തുകൾ

എൻ്റെ ജനലഴികളിൽ വന്നിരിക്കുന്ന നിൻറെ പ്രാവുകൾ,
എന്നെ പവിത്രീരിക്കുന്ന അവയുടെ
കുറുകൽ കൂദാശകൾ!

കാറ്റിൻറ്റെ മറ്റേയറ്റത്ത്
കൊളുത്തില്ലാത്ത ജനൽപാളിക്കരികിലിരുന്ന് കവിതയെഴുതുന്ന നീ.
എഴുതുന്ന ഓരോ വരിയിൽ നിന്നും ഇറ്റുവീഴുന്ന നിൻറ്റെ രക്തം.

എൻ്റെ പ്രിവിലേജുകളെ മടക്കി മടക്കി ഞാനൊരു വിമാനമുണ്ടാക്കുന്നു.

സങ്കടക്കൂടുകൾ തിങ്ങിനിറഞ്ഞ
നിൻ്റെ മുടിക്കെട്ടിലേക്കതിനെ
പറത്തി വിടുന്നു.

സുരേഷ് നാരായണൻ. വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .
ബസേലിയോസ് കോളേജിൽ നിന്ന് കൊമേഴ്സ് ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്മെൻറിൽ
നിന്ന് എംബിഎ ബിരുദവും സ്വന്തമാക്കി.17 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം, കലാപൂർണ്ണ ,പച്ചമലയാളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം 2020 ഡിസംബറിൽ പുറത്തിറങ്ങി. കൊടുങ്ങല്ലൂർ എൻ വി ഭാസ്കരൻ സ്മാരക കവിത പുരസ്കാര ജേതാവ്. 

Share on facebook
Share on twitter
Share on linkedin
WhatsApp