പണ്ഡിറ്റ് കറുപ്പൻ — ലഘു ജീവിതരേഖ

PhotoGarlin Vincent 2009 CS
ഗാർലിൻ വിൻസെൻറ്
2009 CS

കേരളത്തിൽ കൊച്ചി രാജ്യത്തിൽ പ്രത്യേകിച്ചും പരക്കെ ഉണർന്ന ജാതിവിരുദ്ധ ബോധത്തിന് പണ്ഡിറ്റ് കറുപ്പൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. കവിയും, നാടകകൃത്തും,സാമൂഹിക പരിഷ്കർത്താവും ആയിരുന്ന പണ്ഡിറ്റ് കറുപ്പൻ്റെ ജീവിതം കേരളത്തിലെ ജാതി വ്യവസ്ഥിതിയോടുള്ള കലഹങ്ങളുടെ ചരിത്രം കൂടിയാണ്.
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ 1885 മേയ് 24-നാണ് അദ്ദേഹം ജനിച്ചത്. അരയ-വാല സമുദായത്തിൽപ്പെട്ട പാപ്പുവിൻ്റെയും കൊച്ചുപെണ്ണിൻ്റെയും പുത്രനായി ആയിരുന്നു ജനനം. മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ (കെ.പി. കറുപ്പൻ) എന്നാണ്. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ആണ് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയത്. കൊച്ചി രാജാവ് പ്രത്യേക താല്പര്യം എടുത്തത് കൊണ്ട് സംസ്കൃതവും അദ്ദേഹത്തിന് പഠിക്കാന് കഴിഞ്ഞു. കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെയും കൊച്ചുണ്ണിതമ്പുരാൻ്റെയും ശിക്ഷണത്തിൽ സംസ്‌കൃതത്തിൽ പാണ്ഡിത്യം നേടി. അതിനു ശേഷം കൊച്ചി മഹാരാജാസ് കോളേജിൽ അധ്യാപകനായും അദ്ദേഹം ജോലി ചെയ്തു. 1925-ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് കൌൺ‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാഭ്യാസത്തിനു ശേഷം ഗേൾസ് ഹൈസ്കൂളിൽ നിയമനം കിട്ടിയ കറുപ്പനെ സവർണ്ണർ ശക്തിയുക്തം എതിർത്തു. അവർണ്ണൻ അദ്ധ്യാപകനായത് സവർണ്ണർക്ക് ഇഷ്ടപ്പെട്ടില്ല. കുട്ടികളെ പഠിപ്പിനു അയക്കാതെയും മറ്റുമായി സവർണ്ണർ വലിയ പ്രക്ഷോഭം ആരംഭിച്ചു. എന്നാൽ കൊച്ചി രാജാവ് ഇത് അനുവദിക്കാൻ തയ്യാറായിരുന്നില്ല. “രാജർഷി കറുപ്പനെ അധ്യാപകജോലിയിൽ നിന്ന് മാറ്റുന്നില്ല” എന്ന തിരുവെഴുത്ത് പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭത്തിനു വിരാമമായി.

“വിദ്യാർഥികളോ അധ്യാപകർ തന്നെയോ സ്കൂൾ ബഹിഷ്കരിക്കുന്നതിലും വിട്ടുപോകുന്നതിലും വിരോധമില്ല. എന്നാൽ അധ്യാപകനായ കറുപ്പനെ പിൻവലിക്കുന്ന പ്രശ്നമില്ല” എന്നായിരുന്നു രാജാവിൻ്റെ തിരുവെഴുത്ത്.

മഹാരാജാസിൽ മലയാളം വകുപ്പിലെ അധ്യാപകനായിരുന്ന അദ്ദേഹത്തെ വകുപ്പ് തലവനാക്കിയപ്പോൾ ആ വകുപ്പിൽനിന്നു എതിർപ്പുകൾ ഉയർന്നു. എന്നാൽ എതിർപ്പുള്ളവർക്ക് പോകാം, ആ ക്ലാസ് കൂടി കറുപ്പൻ കൈകാര്യം ചെയ്യുമെന്നായിരുന്നു രാജശാസന.
പതിനാലാം വയസ്സിൽ തന്നെ കവിതകൾ എഴുതി തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് “ജാതിക്കുമ്മി”. ആ കാലത്തു നിലവിലിരുന്ന ജാതീയ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു ഇത്. 1905-ലാണ് “ജാതിക്കുമ്മി” രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912-ലാണ്. ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിൻ്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ആശാൻ്റെ “ദുരവസ്ഥ” പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. കൊച്ചിയിലെ ജീവിതത്തിനിടയിൽ പുലയസമുദായങ്ങളുടെ ജീവിതദുരിതമാണ് കറുപ്പനെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഈ കവിത ഉടലെടുക്കാൻ ഉണ്ടായ പ്രധാന കാരണവും അതായിരുന്നു.

“കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസമാമുനിയേ
നാളിക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
കോളാക്കിയോ തീണ്ടൽ ജ്ഞാനപ്പെണ്ണേ”

അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിൻ്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂർ പ്രദേശങ്ങളിലും പാടിയും പകർത്തിയും ഒട്ടേറെപ്പേർ അത് ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങൾ പാടിക്കളിക്കുകയും ചെയ്തിരുന്നു. കീഴാളജനങ്ങൾക്കിടയിൽ പ്രചരിച്ച പ്രസ്തുതകൃതിയിൽനിന്നും ഉൾക്കൊണ്ട ഉണർവ് അവരിൽ ആത്മവിശ്വാസം വളർത്തുകയും അയിത്താചരണങ്ങളെ ധീരതയോടെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്തു. “ജാതിക്കുമ്മി” ഉണർത്തിയ യുക്തിബോധം കരുത്താർജിച്ചതിൻ്റെ ഫലമായിട്ടാണ് “കൊച്ചി പുലയമഹാജനസഭ” യുടെ ആദ്യസമ്മേളനം എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്കൂളിൽ നടക്കാനിടയായത്.

ജാതി കുമ്മി

പ്രമുഖ സാഹിത്യകാരനും, മുൻ രാജ്യസഭാ എം.പിയും, സ്വാതന്ത്ര്യ സമര സേനാനിയും, കീഴാളരുടെ ശബ്ദം സാഹിത്യ തറവാടുകളുടെ അകത്തളങ്ങളിൽ എത്തിച്ചതിൽ പ്രധാനിയും ആയ ടി.കെ.സി വടുതല പറയുന്നത് ഇപ്രകാരമാണ്: “നിരക്ഷരകുക്ഷികളായ കേരളത്തിലെ പുലയരും അവരെപ്പോലുള്ള മറ്റു നിർഭാഗ്യവാന്മാരും “ജാതിക്കുമ്മി” യിലെ പല ഭാഗങ്ങളും അക്കാലത്തിനിടക്ക് ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികൾ ഹരിനാമകീർത്തനങ്ങളും സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളിൽ തങ്ങളുടെ കുടിലുകൾക്കകത്തിരുന്ന് അവരത് പാടിരസിക്കുകയും പതിവായിരുന്നു. “ജാതിക്കുമ്മി” അത്രയേറെ ജനസ്വാധീനം ആർജിച്ചശേഷമാണ് “ദുരവസ്ഥ” പ്രത്യക്ഷപ്പെട്ടതുതന്നെ.”
“അമ്മാനക്കുമ്മി” എന്ന നാടൻശീലിൽ 141 പാട്ടുകളാണ് “ജാതിക്കുമ്മി”-യിലുള്ളത്. അതീവ ലളിതമായ ഭാഷയിൽ കുമ്മിപ്പാട്ടിൻ്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിർവഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമർശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാൻപോകുന്ന ശങ്കരാചാര്യർക്ക് പറയ സമുദായത്തിൽപ്പെട്ട രണ്ടുപേർ മാർഗതടസം ഉണ്ടാക്കുന്നു. തുടർന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കിൽ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നൽകിയാണ് കൃതി അവസാനിക്കുന്നത്.[3] ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയൻ ചോദിക്കുന്നു. “ഗാത്രത്തിനോ തീണ്ടലാത്മാവിനോ?” എന്ന പറയന്റെ ചോദ്യത്തിനുമുന്നിൽ ആചാര്യസ്വാമിയുടെ ജാതിഗർവം അസ്തമിക്കുന്നു.

“ഇക്കാണും ലോകങ്ങളീശ്വരൻ്റെ
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!”

ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവർണമേധാവിത്വത്തെ ചോദ്യം ചെയ്തു.
“ജാതിക്കുമ്മി” പ്രസിദ്ധീകരിച്ചപ്പോൾ അവതാരിക എഴുതിയ മണ്ണത്താഴത്ത് നാരായണമേനോന്റെ വാക്കുകൾ:
“തൻ്റെ സമുദായവും അതുപോലെയുള്ള മറ്റു സമുദായങ്ങളും ഒരുപോലെ അനുഭവിച്ചുവന്നിരുന്ന തീണ്ട‌ൽപിശാചോപദ്രവങ്ങളെ ചൂണ്ടിക്കാണിക്കുകയും അവ കൊണ്ടു് സമുദായാഭ്യു‌ന്നതിക്കു് നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങളേയും ഹിന്ദുസമുദായത്തിനു മൊത്തത്തിൽ ഇതുകൊണ്ടു സംഭവിച്ചിട്ടുള്ള മലിനതയെയും ഇതിൽ അദ്ദേഹം പ്രസ്പഷ്ടമാകുംവണ്ണം വിവരിച്ചിട്ടുണ്ട്. പ്രസ്തുത കൃതി മി:കറുപ്പൻ്റെ കവിതോദ്യമങ്ങളിൽ ആദ്യത്തേതുകളിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നാണ്. ഗൌരവമേറിയ വിഷയങ്ങളേയും ആശയങ്ങളേയും ലളിതവും മധുരവുമായ രീതിയിൽ സന്ദർഭോചിതമായ വാക്കുകളിൽ പറയുവാൻ മി: കറുപ്പന്നുള്ള സാമർത്ഥ്യം ഒന്നു വേറെതന്നെയാണ്. ഏകദേശം 35–38 കാലത്തോളം ഭാഷാദേവിയെ അതിഭക്തിയോടും വാത്സല്യത്തോടും കൂടി ഭജിച്ചു സാഹിത്യ നഭോമണ്ഡലത്തിൽ അതിപ്രകാശത്തോടുകൂടി തിളങ്ങിയിരുന്ന അദ്ദേഹത്തിൻ്റെ ഏതു കൃതികളും ഞാൻ ഈ മുൻപറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുമെന്നാണ് എൻ്റെ വിശ്വാസം.”
കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായൽ സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. അധഃകൃതർ അനുഭവിച്ച ദുരിതങ്ങൾ‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രിൽ 21-ആം തിയ്യതിയിലെ കായൽ സമ്മേളനം. എറണാകുളം നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നു സംഘാടകരുടെ തീരുമാനം. പക്ഷേ, സ്ഥലം നല്‍കാൻ ആരും തയ്യാറായില്ല. സർക്കാർഭൂമിയിൽ തൊട്ടുകൂടാത്തവരെ യോഗം ചേരാൻ മഹാരാജാവ് അനുവദിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വേദി കായലിലേക്കു മാറ്റാന് സംഘാടകർ തീരുമാനിച്ചത്. ആലോചനകൾക്കു ശേഷം അറബിക്കടലും കൊച്ചിക്കായലും ചേരുന്ന പ്രദേശം തിരഞ്ഞെടുത്തു. മീൻ‍പിടിത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങൾ ഒരുമിച്ചു ചേർത്തുകെട്ടിയും വള്ളങ്ങൾ കൂട്ടിക്കെട്ടിയും നിരപ്പായ ഒരു പ്രതലം ഉണ്ടാക്കി. അതിനു മുകളിൽ പലക വിരിച്ചതോടെ വേദി തയ്യാറായി. ചെറുചെറു വള്ളങ്ങളിലാണ് സമ്മേളനത്തിൽ പങ്കെടുത്തവരെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കൾ കറുപ്പൻ‍ മാഷോടൊപ്പം കൈമെയ് മറന്നു നിന്നപ്പോൾ സമ്മേളനം വൻ‍വിജയമായി. (കായൽ സമ്മേളനം നടന്നത് 1913-ൽ അല്ല എന്നും അത് ആദ്യം എഴുതിയ ആൾ‍ക്ക് അച്ചടി പിശക് സംഭവിച്ചത് ആണെന്നും, ശരിക്കുമുള്ള വർഷം 1931 ആണെന്നും പണ്ഡിറ്റ് കറുപ്പൻ്റെ ബന്ധുവായ ഡോ.ഗോപിനാഥ് പാനങ്ങാട് പിന്നീടു പറയുന്നുണ്ട്. )
“ലോകചരിത്രത്തിൽ മറ്റൊരിടത്തും ഇതുപോലൊരു സംഭവം നടന്നതായി ഇന്നോളം കേൾ‍ക്കാൻ ഇടയായിട്ടില്ല” എന്നാണ് ടി.കെ.സി വടുതല എഴുതിയത്. ഈ കായൽ നടുവിലെ സമ്മേളനത്തിൽ നിന്ന് ഊർജം ഉൾ‍ക്കൊണ്ടാണ് പിന്നീട് സമസ്ത കൊച്ചി പുലയമഹാസഭ രൂപം കൊണ്ടത്. എറണാകുളം നഗരത്തിൽ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിനെതിരേ രണ്ടാമതൊരു ജലാശയസമരം കൂടി നടത്താൻ കറുപ്പൻ‍ തീരുമാനിച്ചിരുന്നു. ഒരു കാര്‍ഷിക പ്രദർശനം ഉദ്ഘാടനം ചെയ്യാൻ മഹാരാജാവ് വരുമെന്ന വിവരം മനസ്സിലാക്കിയ പണ്ഡിറ്റ് കറുപ്പനും കൂട്ടാളികളും വള്ളങ്ങളുമായി കായലിലെത്തി. രാജാവ് വന്നതോടെ പോരാളികൾ ചെണ്ടകൊട്ടി മഹാരാജാവിൻ്റെ ശ്രദ്ധക്ഷണിക്കാൻ‍ ശ്രമിച്ചു. പ്രക്ഷോഭകർ വിചാരിച്ചതു പോലെത്തന്നെ കാര്യങ്ങൾ നീങ്ങി. സമരത്തിനു നേതൃത്വം കൊടുത്ത കറുപ്പനെ രാജാവ് ആളയച്ചു വരുത്തി. ആവശ്യങ്ങളും പരാതികളും വിശദാംശങ്ങളോടെ എഴുതിത്തയ്യാറാക്കി തന്നെ കാണാൻ‍ രാജാവ് ആവശ്യപ്പെട്ടു. പരാതി വായിച്ച രാജാവ് താഴ്ന്ന ജാതിക്കാർക്ക് പട്ടണത്തിൽ പ്രവേശിക്കാമെന്ന വിളംബരം പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭവും അവസാനിച്ചു.

Kayal Samaram
“Kayal Sammelanam”, Art by Sashy Memury, 2021


മേൽപ്പറഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 1909 ൽ എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്കൂളിൽ പുലയരുടെ സമ്മേളനം നടന്നത്. പ്രസ്തുത സമ്മേളനത്തിൽ 1500-ഓളം പുലയർ സംബന്ധിച്ചിരുന്നു. സമ്മേളനത്തിൻ്റെ എല്ലാ ഏർപ്പാടുകളും കറുപ്പൻ മാസ്റ്ററാണ് ചെയ്തത്. ആ സമ്മേളനത്തിൽ വെച്ചാണ് “കൊച്ചി പുലയമഹാജനസഭ” രൂപീകരിച്ചത്. പിന്നീട് 5 മാസങ്ങൾ‍ക്ക് ശേഷം വീണ്ടും അവിടെവെച്ചുതന്നെ ദ്വിതീയ സമ്മേളനം ചേർന്നു. അത് അലങ്കോലപ്പെടുത്തുന്നതിനുവേണ്ടി സാമൂഹ്യദ്രോഹികൾ ആവതു പരിശ്രമിച്ചു. പക്ഷേ, മനുഷ്യാവകാശം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളെ അതൊന്നും സാരമായി ബാധിച്ചില്ല.
അരയസമുദായത്തിൻ്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. ഇടക്കൊച്ചിയില് ആരംഭിച്ച ജ്ഞാനോദയം സഭ, ആനാപ്പുഴയിൽ 1912-ൽ ആരംഭിച്ച കളയാനദായിനി സഭ, കുമ്പളത്ത് ആരംഭിച്ച സന്മാർഗ്ഗപ്രദീപ സഭ, തേവരയിൽ ആരംഭിച്ച സുധാർമ സൂര്യോദയസഭ, വൈക്കം ആരംഭിച്ച വാലസേവാ സമിതി, പറവൂർ ആരംഭിച്ച സമുദായ സേവിനി എന്നിവ ആയിരുന്നു അവ. 1907-ൽ അരയസമാജവും, 1922-ൽ അഖില കേരള അരയമഹാസഭയും അദ്ദേഹം സ്ഥാപിച്ചിരുന്നു. 1931-ൽ പണ്ഡിറ്റ് കറുപ്പൻ നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.
‘കായൽ സമ്മേളന’ത്തിനുശേഷം അധികം വൈകാതെ നടന്ന സംഭവമായിരുന്നു ഇന്നത്തെ സുഭാഷ് പാർക്കിൽ നടന്ന കാർഷിക പ്രദർശനം. ആ പ്രദർശനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ അന്നത്തെ ദിവാനായിരുന്ന ഡബ്ല്യു.ജെ.ഭോർ എന്ന സായ്പും കറുപ്പൻ മാസ്റ്ററും സംബന്ധിച്ചിരുന്നു. കറുപ്പൻ മാസ്റ്റർ തൻ്റെ പ്രസംഗത്തില് ഇങ്ങനെ പറഞ്ഞു: “പ്രദർശനത്തിന് വെച്ചിട്ടുള്ള വിളകൾ ഉണ്ടാക്കിയവർക്ക് പ്രദർശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ് കാര്യങ്ങൾ അന്വേഷിച്ചു. “അവർക്ക് ഈ കരയിൽ കാലുകുത്തുന്നതിന് അവകാശമില്ല;” കറുപ്പൻ മാസ്റ്റർ വിശദീകരിച്ചു. “ഇത് അനീതിയാണ്. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കിൽ പ്രദർശനസ്ഥലത്തേക്ക് വരട്ടെ;” സായ്പ് കല്‍പ്പിച്ചു. കറുപ്പൻ മാസ്റ്റർ അവരോട് (പുലയരോട്) പ്രദർശനവേദിയിലേക്ക് കടന്നുവരാൻ നിർദ്ദേശിച്ചു. അവർ വന്നു. പ്രദർശനം കണ്ട് സന്തുഷ്ടരായി മടങ്ങിപ്പോയി. കൊച്ചി നഗരത്തിൻ്റെ സിരാകേന്ദ്രത്തിൽ പുലയരുടെ കാല് ആദ്യമായി പതിഞ്ഞത് അന്നായിരുന്നു.
അന്ന് എറണാകുളത്തും പരിസരപ്രദേശദ്വീപുകളിലും മുളവുകാട്, വൈപ്പിന്‍കര, ചേരാനല്ലൂർ, വടക്കൻ പറവൂർ തുടങ്ങിയ പ്രദേശങ്ങളിലും അരയരും പുലയരുമല്ലാത്ത അയിത്തജാതിക്കാർ കുറവായിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മതപരമായും എല്ലാം അവർ തുല്യ ദു:ഖിതരായിരുന്നു. അവരെ കറുപ്പൻ മാസ്റ്റർ ഒന്നായി കണ്ടു. ചൂഷണം ചെയ്യപ്പെടുന്നതിലും ആ തുല്യത കാണാമായിരുന്നു. അതിനാൽ അവരുടെ ഇടയിലുള്ള ജാതിവ്യത്യാസം മാസ്റ്റർ കണ്ടില്ല. അവരിലെ പിന്നോക്കാവസ്ഥയും അജ്ഞതയും ദാരിദ്ര്യവും മറ്റുമാണ് അദ്ദേഹം ശ്രദ്ധിച്ചത്. അന്ന് ആ പ്രദേശത്തുണ്ടായിരുന്ന ഈഴവരും ലത്തീൻ ക്രിസ്ത്യാനികളുമെല്ലാം സാമ്പത്തികമായും സാമൂഹികമായും മറ്റു വിധത്തിലും അരയ-പുലയസമുദായങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ടവരായിരുന്നു. സഹോദരൻ അയ്യപ്പൻ പുലയരുമായി പന്തിഭോജനം നടത്തിയതിൻ്റെ പേരിൽ അയ്യപ്പനേയും സഹപ്രവർ‍ത്തകരേയും സമുദായത്തിൽ നിന്നും പുറംതള്ളിയവരാണ് അന്നത്തെ അവിടത്തെ ഈഴവർ. ‘പുലയനയ്യപ്പൻ’’എന്ന പേര് അദ്ദേഹത്തിന് നല്‍കിയത് അവർ തന്നെയാണ്. മാസ്റ്റർ തൻ്റെ പ്രവർ‍ത്തനം കേന്ദ്രീകരിച്ചത് അരയ-പുലയ സമുദായങ്ങളിലായിരുന്നു.
1919-ൽ കറുപ്പൻ ‘ബാലാകലേശം’ എന്ന നാടകം രചിച്ചു. കൊച്ചി മഹാരാജാവിൻ്റെ ഷഷ്ഠിപൂർത്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകമൽസരത്തിൽ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. രാജ്യത്തെ പൊതുവഴികളിൽ എല്ലാ മനുഷ്യർക്കും വഴിനടക്കാം എന്നായിരുന്നു നാടകം നൽകുന്ന സന്ദേശം. പൊതുവഴിയിലൂടെ സഞ്ചരിച്ച പുലയനെ മർദ്ദിച്ച സവർണനെ തൂക്കിക്കൊല്ലാനും മറ്റുള്ളവരെ നാടുകടത്താനും അയിത്താചാരണം ശിക്ഷാർഹമാണെന്ന നവോത്ഥാന സന്ദേശം നല്‍കിയും നാടകം അവസാനിക്കുന്നു. മൽസരത്തിൽ ഈ നാടകത്തിനായിരുന്നു പുരസ്‌കാരം. പണ്ഡിറ്റ് കറുപ്പൻ കൊച്ചിരാജാവിൻ്റെ കീഴിലുള്ള സർക്കാർ സർവീസിൽ ജോലിയിലിരിക്കെ എഴുതിയ “ബാലാകലേശം” വായിച്ചശേഷം ഡോ. പല്‍പ്പു ചോദിച്ചത് ‘’ഇതെഴുതിയതിനുശേഷവും നിങ്ങളെ സർവീസിൽ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്. ചാതുർവർണ്യത്തിൻ്റെ പേരിൽ പുലയൻ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിൻ്റെ നീതിന്യായ വ്യവസ്ഥിതികളെയും നാടകം ചോദ്യംചെയ്തിരുന്നു. സ്വന്തം സമുദായത്തേക്കാൾ മറ്റുള്ള സമുദായക്കാരുടെ ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കറുപ്പൻ സാഹിത്യരചന നിർവഹിച്ചത്.
പണ്ഡിറ്റ് കറുപ്പൻ രചിച്ച “ബാലകലേശം” എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിച്ച ഈ കൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് ധീവര സമുദായത്തിൽ ജനിച്ച കറുപ്പൻ്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. “ബാലകലേശം” എന്ന നാടകം പുറത്തു വന്നപ്പോൾ “വാലകലേശം” എന്ന് പറഞ്ഞു പരിഹസിക്കുക ആയിരുന്നു രാമകൃഷ്ണപിള്ള ചെയ്തത്. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപി‌ള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.
കറുപ്പൻ്റെ നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ്. കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഒരു വലിയ സാമൂഹ്യ തിന്മയായി രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. എന്തു തെറ്റു ചെയ്താലും ഒരു ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിച്ചുകൂടാ എന്നാണ് ‘മനുസ്മൃതി’ അനുശാസിക്കുന്നത്. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്. ഒരു രാജാവിൻ്റെ രാജ്യത്ത് നിന്ന് മറ്റൊരു രാജാവിൻ്റെ രാജ്യത്തേക്ക് അയയ്ക്കുക എന്നതുമാത്രം.
ഒരു ബ്രാഹ്മണനെ സൽക്കരിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണൻ തെറ്റു ചെയ്താൽ അയാളെ ഒരു പുതിയ രാജാവിൻ്റെ സൽക്കാരത്തിന് പറഞ്ഞു വിടുക എന്നത് ഒരു ശിക്ഷയാണോ എന്നുകൂടി നമ്മളോർക്കണം.
ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധർമ്മം നിലനിന്ന കാലമാണത്. അതിന് വിപരീതമായി കറുപ്പൻ തെറ്റു ചെയ്തു; ബ്രാഹ്മണന് തൻ്റെ കഥയിൽ വധശിക്ഷ നൽകി അതാണ് ബാലാകലേശം എന്ന നാടകത്തിൽ രാമകൃഷ്ണപിള്ള കണ്ടു പിടിച്ച ഒരുവലിയതെറ്റ്.”ബാലാ കലേശം” എന്ന അതിൻ്റെ പേര് രാമകൃഷ്ണപിള്ള അദ്ദേഹത്തിൻ്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് “വാലാകലേശം” എന്നാക്കിമാറ്റി.
1926-ൽ മദിരാശി ഗവർണറായിരുന്ന ഘോഷൻ പ്രഭുവിൻ്റെ കൊച്ചിസന്ദർ‍ശനത്തോടനുബന്ധിച്ച് മഹാരാജാവ് ഒരു വിരുന്നു നടത്തി. നിയമസഭാ സാമാജികരടക്കമുള്ള പ്രമുഖരെയെല്ലാം ക്ഷണിച്ചിരുന്ന ആ വിരുന്നിൽ നിയമസഭാ സാമാജികനായിരുന്നിട്ടും കറുപ്പനെ ജാതിയുടെ പേരിൽ ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് “ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരൻ്റെ ആവലാതി” എന്ന കൃതി രചിച്ച് രാജാവിനു സമർപ്പിച്ചത്. ആത്മാഭിമാനിയായ കവി സ്വന്തം ജീവരക്തംകൊണ്ടെഴുതിയ ആ കാവ്യം പില്‍ക്കാലത്ത് ഏറെ ശ്രദ്ധേയമാവുകയുണ്ടായി.
“1928-ൽ ആണ് ‘ആചാരഭൂഷണം’ പണ്ഡിറ്റ് കറുപ്പൻ പ്രസിദ്ധീകരിക്കുന്നത്. അത് പി.സി.ചാഞ്ചൻ, കെ.പി.വള്ളോൻ തുടങ്ങിയ മുഴുവൻ സമുദായപ്രവർ‍ത്തകരും കയ്യിൽ കൊണ്ടുനടന്ന വേദപുസ്തകമായിരുന്നു. അധഃസ്ഥിത ജനതയുടെ മുഴുവൻ ജീവിതത്തേയും മാറ്റിമറിക്കുന്നതിനുപയുക്തമായ ഇത്തരം ഒരു ഗ്രന്ഥത്തെക്കുറിച്ച് മഹാനായ ഡോ.അംബേദ്കർ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല. മരണം സംഭവിച്ച വീടുകളിൽ അലമുറയിടുന്നതിനുപകരം ശാന്തിഗീതം ചൊല്ലണമെന്ന് ‘ആചാരഭൂഷണം’ നിർദ്ദേശിക്കുന്നു. “ എന്നാണ് പണ്ഡിറ്റ് കറുപ്പൻ്റെ ബന്ധുവും കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ ഫൗണ്ടേഷൻ്റെ ചെയർമാനും ആയ ഡോ.ഗോപിനാഥ് പാനങ്ങാട് പറയുന്നത്.
“മറ്റ് നവോത്ഥാനനായകന്മാരെല്ലാവരും അവരവരുടെ സമുദായത്തിൻ്റെ സംഘടനകൾ ഉണ്ടാക്കുകയും അതത് സമുദായങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്‌തെങ്കിൽ തൻ്റെ സമുദായത്തിലും താഴ്ന്നവർ എന്നു കരുതപ്പെട്ടിരുന്ന പുലയർ മുതൽ നായാടി വരെയുള്ള സമുദായങ്ങൾക്കു സംഘടന ഉണ്ടാക്കുകയും അവരുടെ അവകാശങ്ങൾക്കുവേണ്ടി സമരം നയിക്കുകയും ചെയ്ത ഏക നവോത്ഥാന നായകൻ പണ്ഡിറ്റ് കറുപ്പനാണ്” എന്നാണ് പണ്ഡിറ്റ് കറുപ്പൻ്റെ തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ പഠനത്തിൽ ഡോ. കെ.എസ്.രാധാകൃഷ്ണൻ നിരീക്ഷിച്ചത്. (മുൻ പി.എസ്.സി ചെയർമാൻ കൂടി ആയിരുന്ന ഈ കെ.എസ്.രാധാകൃഷ്ണൻ ആണ് ഈയടുത്ത് ബി.ജെ.പിയിൽ ചേർ‍ന്നത്).
അധ്യാപകനായി സർവീസിൽ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പൻ ഫിഷറീസ് വകുപ്പിൽ ഗുമസ്തനായി, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കൺവീനറായി, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി, നാട്ടുഭാഷാ സൂപ്രണ്ടായി. അധഃകൃതരുടെ വിദ്യാഭ്യാസത്തിൻ്റെ ചുമതലയും മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ പൗരസ്ത്യ ഭാഷാപരീക്ഷാ ബോർഡ് മെംബറായും അതിൻ്റെ ചെയർമാനായും അവസാനം എറണാകുളം മഹാരാജാസ് കോളജിൽ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചു. “കേരള ലിങ്കൻ” എന്നാണ് പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത്.
തന്നെ രണ്ടാമതും കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ തയ്യാറായപ്പോൾ അദ്ദേഹം അതു നിരസിക്കുകയും ഇനി ഒരു പുലയനാണ് ആ സ്ഥാനത്ത് വരേണ്ടത് എന്നഭിപ്രായപ്പെടുകയും പി.സി. ചാഞ്ചൻ്റെ പേര് നിർദ്ദേശിക്കുകയും ചെയ്തു. അയ്യങ്കാളി തിരുവല്ലാ ചോതിയെ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് ശുപാർശ ചെയ്തത് 1914 കാലഘട്ടത്തിലാണ്. കറുപ്പൻ മാസ്റ്റർ ചഞ്ചനെ ശുപാർശ ചെയ്തത് 1928ലാണ്. കറുപ്പൻ മാസ്റ്റർ നിര്യാതനായപ്പോൾ കൊച്ചിനിയമസഭയിൽ നടത്തിയ അനുശോചന പരാമർ‍ശനത്തിൽ കെ.പി.വള്ളോൻ പരസ്യമായി പൊട്ടിക്കരഞ്ഞുകൊണ്ട് പ്രസംഗം പൂർ‍ത്തിയാക്കാനാവാതെ ഇരുന്നുപോയി.

അയ്യങ്കാളി


കറുപ്പൻ എം.എൽ .സി. ആയിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ നിർബന്ധപൂർവ്വമായ ശ്രമഫലമായിട്ടാണ് കൊച്ചിയിൽ അധ:കൃതോദ്ധാരണവകുപ്പു തന്നെ രൂപീകരിക്കപ്പെട്ടത്. ആദ്യം അതിൻ്റെ ഉപാദ്ധ്യക്ഷനും കറുപ്പൻ മാസ്റ്റർ തന്നെയായിരുന്നു. പിന്നീട് 1933-നു ശേഷം അത് ഹരിജൻ ക്ഷേമവകുപ്പായി. ഇപ്പോൾ ഹരിജൻ എന്ന വാക്കു തന്നെ സർ‍ക്കാർ രേഖകളിൾ നിഷിദ്ധമായി. അയിത്തക്കാര്‍ക്കായി ഗാന്ധി പ്രത്യേകം കണ്ടെത്തിയ വാക്കായിരുന്നുവല്ലോ അത്.
കറുപ്പൻ മാസ്റ്ററുടെ ശ്രമഫലമായിട്ടാണ് അക്കാലത്ത് എറണാകുളത്ത് ‘വാലാഹോസ്റ്റല്’ സ്ഥാപിക്കപ്പെട്ടത്. അത് തൻ്റെ സമുദായ ത്തിൽപ്പെട്ട അനേകം വിദ്യാർത്ഥികൾക്ക് ഒരു അനുഗ്രഹമായി. എറണാകുളത്തും സമീപപ്രദേശങ്ങളിലുമായി അനേകം അഭ്യസ്തവിദ്യരായ ധീവരർ ഉണ്ടാകുവാൻ അത് കാരണമായി. ആദ്യം അധ:കൃതോദ്ധാരണവകുപ്പ് വിദ്യാഭ്യാസവകുപ്പിൻ്റെ ഒരു ഉപവകുപ്പായിരുന്നു. അതുപോരാ എന്ന് കണ്ട് പിന്നീട് അതിനെ ഒരു സ്വതന്ത്രവകുപ്പാക്കിയപ്പോൾ ഇംഗ്ലീഷ് കൂടുതൽ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിവുള്ള മറ്റൊരാളെ അതിൻ്റെ അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുകയാണുണ്ടായത്. കറുപ്പൻ മാസ്റ്റർ ഔദ്യോഗികമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളായിരുന്നില്ല. സ്വപ്രയത്‌നംകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യുവാനുള്ള പ്രാഗത്ഭ്യം സമ്പാദിച്ചെടുത്തു എന്നു മാത്രം. അദ്ദേഹം ഒരു രംഗത്തും ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1934-ൽ അദ്ദേഹം സാമുദായിക ഗാനകലകൾ (Folk Songs of Malabar) എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടൻ പാട്ടുകൾ ശേഖരിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. അതിൻ്റെ ഒന്നാം ഭാഗത്തിന് അദ്ദേഹം എഴുതിയ Introduction ഇംഗ്ലീഷിലായിരുന്നു. അത് വായിക്കുമ്പോളറിയാം അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് പരിജ്ഞാനം
ലങ്കാമർദ്ദനം, നൈഷകം (നാടകം), ഭൈമീപരിണയം, ചിത്രലേഖ, ഉർവശി (വിവർത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകൾ), ചിത്രാലങ്കാരം, ജലോദ്യാനം, രാജരാജപർവ്വം, വിലാപഗീതം, ദീനസ്വരം, തിരുനാൾക്കുമ്മി, ഒരു താരാട്ട്, എഡ്വേർഡ് വിജയം (സംഗീതനാടകം), കൈരളീകൌതുകം (മൂന്ന് ഭാഗം), ആചാരഭൂഷണം, ഉദ്യാനവിരുന്ന്, സമാധിസപ്തകം എന്നീ കൃതികളും പണ്ഡിറ്റ് കറുപ്പൻ രചിച്ചിട്ടുണ്ട്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ “വിദ്വാൻ” ബഹുമതിയും, കൊച്ചി മഹാരാജാവ് “കവിതിലക” ബിരുദവും,”സാഹിത്യനിപുണൻ” പദവിയും നൽകി ആദരിച്ചിട്ടുണ്ട്. 1938 മാർ‍ച്ച് 23-നായിരുന്നു പണ്ഡിറ്റ് കറുപ്പൻ്റെ മരണം.

Share on facebook
Share on twitter
Share on linkedin
WhatsApp