വെറുതെ ഒരു ശിക്ഷ
രാജൻ അഴീക്കോടൻ
1989 CE
ഉച്ച ഊണും കഴിച്ച് വിരസമായി ഉമ്മറത്ത് ഇരുന്നപ്പോൾ മുഷിഞ്ഞ ചിന്തകൾ വല്ലാതെ അലട്ടികൊണ്ടിരുന്നു. വെയിൽ ചൂടാറാൻ തുടങ്ങിയപ്പോൾ കുറച്ചു നടന്നു വരാമെന്ന് കരുതി, വീട്ടിൽ നിന്ന് പതുക്കെ ഇറങ്ങി.സാധാരണയുള്ള ജോലിയുടെ ചിന്തകളിൽ നിന്നുള്ള മോചനത്തിനായി പ്രശാന്ത സുന്ദരമായ ഭൂമിതേടി കിഴക്കോട്ടേക്ക് നടന്നു.
കിഴക്ക് പുഴയും വയലുകളുള്ള സുന്ദരമായ പ്രദേശം. മാത്രമല്ല ചെറുപ്പത്തിൽ ധാരാളം കളിച്ച സ്ഥലവും. ലോക്ക് ഡൗൺ കാരണം റോഡിലാരുമില്ല.
എന്നിരുന്നാലും ലക്ഷ്യം തെറ്റാതെ വയലിലേക്ക് തന്നെ നടന്നു തുടങ്ങി. ചിന്തകൾക്കൊന്നും അയവുവരാതെ വയൽക്കരവരെ നടന്നെത്തി. വയലും സമീപ പ്രദേശങ്ങളുടെ മുഖഛായ പാടെ മാറിയിരിക്കുന്നു. മഴ നേരത്തെ തുടങ്ങിയ കാരണം വയലിൽ പച്ചപ്പ് വന്നു കഴിഞ്ഞിരുന്നു. വയൽക്കര മുഴുവൻ വീടായി മാറിയിരിക്കുന്നു. പണ്ട് വയൽക്കരയിൽ വീട് ഉണ്ടെങ്കിൽ തന്നെ അത്ര ശ്രദ്ധിക്കപ്പെടില്ല. ശ്രദ്ധിക്കപ്പെട്ടാൽ തന്നെ അവിടെ പ്രകൃതിക്ക് ഏഴ് അഴകായിയിരിക്കും. വീടും പ്രകൃതിയും അത്രക്കും ഇഴചേർന്ന് കിടന്നതാവും. ഓല മേഞ്ഞ വീടാണെങ്കിലും കാണുവാൻ കണ്ണിന്ന് ഇമ്പമുള്ളവ യായിരിന്നു. അതിൻ്റെ രൂപവും ഭാവവും പ്രകൃതിയോട് അത്രക്കും സമരസപ്പെട്ടു കിടന്നിട്ടുണ്ടാവും.കൂടാതെ മുറ്റത്ത് കോഴി, പശു തുടങ്ങിയവയും അതിനോട് അനുബന്ധിച്ച് ധാരാളം കുട്ടികളും മുറ്റത്ത് കാണാം. ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച്
ഞാൻ നടന്ന് വയലിൻ്റെ മദ്ധ്യത്തിൽ ഉയരമുള്ള സ്ഥലത്ത് എത്തി. വല്ലാതൊരു സുഖം.
നാല് ഭാഗവും വയലിനാൽ ചുറ്റപ്പെട്ട ഒരു ഭൂമി. കാട് പിടിച്ചിട്ടുണ്ടെങ്കിലും നാല് ഭാഗവും വ്യക്തമായി കാണാം. ഇവിടെയാണ് പണ്ട് പാണ്ടൻ ഭാസ്ക്കരേട്ടൻ താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ വീട് തന്നെയാണോ എന്നറിയില്ല. ഇപ്പാൾ വീടിൻ്റെ തറ മാത്രം. കിണർ പൊട്ടിക്കിടക്കുന്നു. വർഷങ്ങളായി ആൾതാമസമില്ലാത്ത സ്ഥലം. ചുറ്റും കുറ്റികാടുകൾ. തെങ്ങുകൾ ഒന്നോ രണ്ടോ ബാക്കി. ബാക്കി ഒക്കെ തലപോയവ. കുറെ സമയം നാലുപാടു നോക്കിയിരുന്നു. വയലിൻ്റെ വരമ്പത്തുള്ള തെങ്ങുകൾ മുഴുവൻ നശിച്ചിരിക്കുന്നു. പണ്ട് മൂന്ന് വിളയെടുത്തിരിന്ന നെൽവയൽ. ഇന്ന് ഒന്നുമില്ലാതെ പരന്നു കിടക്കുന്നു. വയൽ വരമ്പുകളൊക്കെ നശിച്ചിരിക്കുന്നു. വയൽ വരമ്പുകളാണ് വയലിൻ്റെ ആകർഷണം. തോടുകൾ കാണാനേയില്ല. ഞാൻ പതുക്കെ ഭാസ്ക്കരേട്ടൻ്റെ വീട്ടിൻ്റെ പൊട്ടിയ തറയിൽ കുറച്ച് സ്ഥലം വൃത്തിയാക്കി ഇരുന്നു. ഭാസ്ക്കരേട്ടൻ മുന്നിലൂടെ നടന്നു പോകന്നത് പോലെ തോന്നി. കൂടെ നാല് വലിയ മൂരികൾ, കലപ്പകൾ തുടങ്ങിയവ. ചിന്തകൾ കാട്ടുതീ പോലെ പടർന്നു. ഭാസ്ക്കരേട്ടൻ്റെ കൂടെ ഒരു രാത്രി ഇവിടെ കിടന്നുറങ്ങിയ കഥയും ഓടി എത്തി .തല വല്ലാതെ പെരുക്കുവാൻ തുടങ്ങി.
അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഓണഅവധിക്കാലം ഞാനും എൻ്റെ ഏട്ടനും, അച്ഛൻ്റെ അനുജൻ്റെ മകൻ, വയലിൽ മീൻ പിടിക്കാൻ പരിപാടി ഇടുന്നു. പോകുന്ന വഴി ഒരു നല്ല ഭംഗിയുള്ള കുളമുണ്ട്. ഇന്നും ആ കുളത്തിൻ്റെ ഭംഗി ഒട്ടും ചോർന്നുപോയിട്ടില്ല. ആലോട്ടുക്കുളം എന്നാണ് കുളത്തിൻ്റെ പേര്. വയൽ കരയിലു ള്ള പ്രശാന്ത സുന്ദരമായ കുളം.
കുളക്കരയിൽ ഒരു മനോഹരമായ ചെമ്പക മരം.അനേകം ചില്ലകൾ നിറഞ്ഞ മരം.
ഏതുവിധേനയും ചെമ്പകമരത്തിൽ കയറാം. ചാഞ്ഞ് കിടക്കുന്ന ഭീമാകായകനായ ചെമ്പകമരം. ഈ മരത്തിൻ്റെ ചില്ലകളിൽ കയറി കുളത്തിലെക്കുള്ള ചാട്ടം കാണുന്നവർക്ക് അത്ഭുതവും രസകരവുമായിരുന്നു. ഓണാവധി ദിവസങ്ങളായതിനാൽ കുളം നിറച്ചും കുട്ടികൾ കുളിക്കാൻ കാണും. കുരുത്തംകെട്ടവർ എല്ലാ ദിവസവും കാണും. ഏട്ടൻ എല്ലാ ദിവസവും കുളിക്കാനുണ്ടാകും.ഞാൻ ഏട്ടൻ്റെ കീഴാളൻ.
കുളി കഴിഞ്ഞ് രണ്ട് പേരും വയലിൽ മീൻ പിടിക്കാൻ പോകുന്നു. ഏട്ടൻ കുരുത്തക്കേടിൽ ഭയങ്കര കേമനായിരുന്നു. ഭയങ്കര ധൈര്യശാലിയും. ഞങ്ങൾ രണ്ടു പേരും അന്യോന്യം ഏട്ടാ എന്നാണ് സാധാരണ വിളിക്കാറ്. മൂന്ന് മാസം ഞാൻ മൂപ്പു കൂടുതലാണെന്നാണ് അമ്മ പറയാറ്. പക്ഷേ ഞാൻ എന്നും അവനെ ഏട്ടാ എന്നാണ് വിളിക്കാറ്.
വയലിൻ എത്തുന്നതിന് മുന്നേ ഒരു വലിയ കവുങ്ങിൻ തോട്ടമുണ്ട്. ഉച്ചക്കുപോലും കവുങ്ങിൻ തോട്ടത്തിൽ സൂര്യപ്രകാശം നേരിട്ട് കയറില്ല. ചുറ്റുപാടും കാടും വള്ളികളും നിറഞ്ഞ കവിങ്ങിൽ തോട്ടം. ഈ കവുങ്ങിൻ തോട്ടം വഴി പോയാൽ മാത്രമെ കുളക്കടവിൽ നിന്ന് എളുപ്പത്തിൽ വയലിലേക്ക് ഇറങ്ങാൻ സാധിക്കുകയുള്ളൂ. കവുങ്ങിൻ തോട്ടത്തിൻ്റെ നടുവിൽ വലിയയൊരു തോടുണ്ട്. ഈ തോട്ടിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പാമ്പുകളെയാണ് സാധാരണ കാണാറ്. കവുങ്ങിൽ ആരും കയറാറില്ല. മാത്രവുമല്ല തികച്ചും കാട്ടുവള്ളികൾ നിറഞ്ഞതും തല കാണാത്തവയുമാണ്. ഒരു വല്ലാത്ത ഭീകരത ജനിപ്പിക്കുന്ന അന്തരീക്ഷമാണ് കവുങ്ങിൻ തോട്ടം ഉണ്ടെങ്കിലും എളുപ്പത്തിൽ ഇറങ്ങാൻ ഇതായിരുന്നു ഞങ്ങൾ കണ്ടെത്തിയ മാർഗ്ഗം.
വയൽ വിശാലമാണ് . കിഴക്കു ഭാഗം നോക്കത്താദൂരത്ത് കാട്ടാമ്പള്ളിപ്പുഴ. തെക്ക് ഭാഗം കുന്നുംകൈ എന്ന നീണ്ട ഒരു കുന്നിൻ പ്രദേശം. അവിടെ തെങ്ങുകൾ വയലിലേക്ക് ചാഞ്ഞ് കിടക്കുന്നു , വയലിന് സമാന്തരമായി വളർന്ന തെങ്ങുകൾ. ആർക്കുവേണ മെങ്കിലും ഓടികയറാം. പടിഞ്ഞാറ് ഓണപ്പറമ്പ് എന്ന കുന്നിൻ പ്രദേശം. കുന്നും കൈയ്യേക്കാൾ കുറച്ച് ഉയരം കൂടിയതാണ്. ഇവിടെയാണ് നമ്മുടെ രണ്ടു പേരുടെയും വീടുകൾ. തെക്ക് ഭാഗവും കാട്ടാമ്പള്ളിപ്പുഴ തന്നെ. തികച്ചും നെൽവയലുകൾ. അങ്ങിങ്ങായി വരമ്പുകൾക്കിടയിൽ ഉയരം കുറഞ്ഞ നല്ല തെങ്ങുകൾ .എല്ലാം തെങ്ങുകളും നല്ല കായ്ഫലമുള്ളതും ഭംഗിയുള്ളതും.
വയലിൻ നടുവിൽ ഒരു ഫുട്ബോൾ മൈതനത്തിൻ്റെ പകുതിയോളം വലുപ്പമുള്ള ശരിയായ രൂപമില്ലാത്ത ഏകദ്ദേശം ഒരു മീറ്റർ ഉയർന്ന സമതല പ്രദ്ദേശം.അതിൽ ഒരു കൊച്ചു വിട്. മുകളിൽ ഓടും നാലുഭാഗവും ഓല താഴ്ത്തിക്കെട്ടിയ ഒരു ചെറിയ ഒരുനില വീട്. മുറ്റത്ത് ഒരു കിണർ. നിറച്ചും തെങ്ങുകൾ. അതും വളരെ ഉയരം കൂടിയവ. ചില തെങ്ങുകൾ വയലിന് സമാന്തരമായി വളർന്നവയും. ഈ സാമ്രാജ്യ ത്തിൻ്റെ ഉടമസ്ഥൻ പാണ്ടൻ ഭാസ്ക്കരൻ. ആജാനുഭാഹുവാണ് ഭാസ്ക്കരേട്ടൻ. ആരും കണ്ടാലും ഒന്ന് ഞെട്ടും. മാത്രമല്ല എന്നും മൂരിയുടെ മണവും ശൗര്യവും ഭാസ്ക്കരേട്ടൻ്റെ മുഖമുദ്രയാണ്. പക്ഷേ കുട്ടികളെ സ്നേഹിക്കാൻ പഠിച്ച മനുഷ്യനാണ്. വയൽ ഉഴുത് മറിക്കുന്ന ജോലിയാണ് ഭാസ്ക്കരേട്ടൻ്റെത്.കൊക്കിറച്ചിയാണ് ഭാസ്ക്കരേട്ടൻ്റെ ഇഷ്ട ഭക്ഷണം. പിന്നെ തെങ്ങിൻ കള്ളും. നാല് വലിയ മൂരി ഈ ദ്വീപിൽ എന്നും ഒരു കാഴ്ചയാണ്. പിന്നെ പൊട്ടിയതും പൊട്ടാത്തതുമായ ധാരാളം കലപ്പയും.
വയലിൽ നെൽചെടികൾ പൊക്കത്തിൽ വളർന്ന് കതിരിട്ടിരിക്കയാണ്. വിളയാകാറായ നെൽക്കതിരുകൾ. ഇതിനിടയിൽ കുട്ടികൾ കയറിയാൽ കാണില്ല. വയൽ എന്നും വിജനമാണ്. പക്ഷികളുടെ അങ്ങിങ്ങായ കരച്ചിലും നെൽചെടികൾക്കിടയിലൂടെ കാറ്റിൻ്റെ സഞ്ചാരവേഗത്തിൻ്റെ ശബ്ദവുമല്ലാതെ മറ്റൊന്നുമില്ല. ശരിക്കു പറഞ്ഞാൽ സുന്ദരമായ ഭീകരാന്തരീക്ഷം. ഞങ്ങൾ രണ്ടു പേരും കവുങ്ങിൻ തോട്ടത്തിൽ നിന്ന് വയലിലേക്ക് ഇറങ്ങി. വയലിലെ തോടിൻ്റെ കര പിടിച്ച് വയലിൻ്റെ നടുഭാഗeത്തക്ക് ഏട്ടൻ എന്നെയും കൂട്ടി കുറേ ദൂരം നടന്നു. ഒറ്റയടി പാത . ഞാൻ വയലിൽ ഇറങ്ങിയത് അന്ന് ആദ്യമായിട്ടായിരുന്നു. ഏട്ടൻ പല തവണ വന്നിട്ടുണ്ട്.
ഏട്ടൻ ധൈര്യശാലിയാണ്. അവൻ്റെ പിറകെയാണ് എൻ്റെ യാത്ര. കുളിക്കാൻ കൊണ്ടുവന്ന തോർത്തു ഏട്ടൻ്റെ അരയിൽ ഭദ്രം. അവൻ കൈയ്യും വീശി വീര ഗാഥകൾ പറഞ്ഞാണ് നടപ്പ്. എൻ്റെ കൈവശം ഒന്നുമില്ല. ഞാൻ മൂത്ത വനാ ണെങ്കിലും എന്നും അവൻ്റെ ശിഷ്യനായാണ് നിൽപ്പ്. വയലിലൂടെ കുറേ ദൂരം നടന്നതിന് ശേഷം ഒരു ചെറിയ പാലം. രണ്ടു തെങ്ങിൻ തടിയാൽ നിർമ്മിച്ചത്. കാലു കൾ അകത്തി പിടിച്ച് രണ്ടു തെങ്ങിൻ തടിയിലും കാലുവച്ചു വേണം അപ്പുറത്തെ കരക്ക് കടക്കുവാൻ. സമയം ഉച്ചകഴിഞ്ഞ് കാണും. പാലം കടന്ന് തോടിൻ്റെ മറുവശത്ത് കൂടി തിരിച്ച് നടക്കുകയാണ്. പാലത്തിൽ എത്തിയതിൻ്റെ പാതി ദൂരം തിരിച്ച് മറുകരയിലൂടെ നടന്ന ഞങ്ങൾ രണ്ടു പേരും വയലിൽ അകത്തേക്ക് നടക്കാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾക്ക് ആകാശം മാത്രം കാണാം.നാല് ഭാഗവും നെൽചെടികൾ. ഏട്ടൻ പറഞ്ഞു തുടങ്ങി. ഏട്ടാ നമ്മുക്ക് ഇവിടെ നിന്ന് മീൻ പിടിക്കാം. ഇവിടെ ധാരാളം മീനുകൾ കാണും. ഏട്ടൻ അരയിൽ നിന്ന് തോർത്ത് ഊരി എടുത്ത് ഒരു വശം എനിക്ക് തന്നു. ഇവിടെ കരിമീനിൻ്റെ കുഞ്ഞുങ്ങൾ പുല്ലിനുള്ളിൽ ധാരാളം കാണും. അങ്ങനെ രണ്ടു പേരും കൂടി തോർത്ത് പിടിച്ചു മീൻ പിടിക്കാൻ തുടങ്ങി. കുറേ സമയം അങ്ങനെ നീങ്ങി. ഒരു മീൻ പോലും ഞങ്ങളുടെ തോർത്തിൽ കുടുങ്ങിയില്ല. പക്ഷേ ധാരാളം വാൽമാക്രികൾ കുടുങ്ങുന്നുണ്ടായിരുന്നു.
പെട്ടെന്ന് എൻ്റെ ശ്രദ്ധ വയലിൽ വന്ന ഒരു കൂട്ടം കൊക്കിലേക്ക് തിരിഞ്ഞു. വലിയ നീണ്ട കാലുകളും നീളമുള്ള കഴുത്തുമായി നെൽചെടികൾക്ക് മുകളിലൂടെ പറന്നക ലുന്നു. എൻ്റ ശ്രദ്ധ മുഴുവൻ കൊക്കിലായി. അവയുടെ വലുപ്പവും നിറവും ശബ്ദവും എന്നെ വല്ലാതെ ആകർഷിച്ചു . ഏട്ടൻ തോർത്ത് വിട്ട് ഞാൻ അറിയാതെ അവിടെ നിന്ന് പെട്ടെന്ന് സ്ഥലം കാലിയാക്കി. ഞാൻ ഭയന്നു വിറച്ചു. ഒച്ചവച്ചാൽ ആരും കേൾക്കില്ല.
നാല് ഭാഗവും നെൽച്ചെടികൾ. നെൽക്കതിരിനിടയിലൂടെയുള്ള കാറ്റിൻ്റെ ശബ്ദം എന്നെ ഭീതിപ്പെടുത്തികൊണ്ടിരുന്നു. ഞാൻ കരയാൻ തുടങ്ങി ആരും കേൾക്കാൻ ഉണ്ടായിരുന്നില്ല. വഴിയും അറിയില്ല. രണ്ടും കൽപ്പിച്ച് മുന്നിൽ കണ്ട വരമ്പിലൂടെ ഓടി എത്തിയത് നേരത്തെ വന്ന തോട്ടിൻ കരയിൽ. പകുതി ജീവൻ വന്നു. പെട്ടെന്ന് പാലത്തിൻ്റെ ഭാഗത്ത് നോക്കിയപ്പോൾ ഏട്ടൻ ഓടി പാലത്തിൻ്റെ അടുത്തെത്തി യിരുന്നു. ഞാനും അവൻ്റെ കൂടെ എത്താൻ ഓടി. പറന്നു എന്നു പറയുന്നതാവും ശരി.
അവൻ ഓട്ടം നിർത്താതെ തോടിൻ്റെ മറുകരയിൽ കൂടി കൂവി വിളിച്ച് എനിക്ക് എതിരായി എന്നെ ഭയപ്പെടുത്തിക്കൊണ്ട് ഓടി വരുന്നു.തോട്ടിൽ ചാടിയാൽ അവൻ്റെ കൂടെ എത്താം. പക്ഷേ ഭയപ്പാട് മൂലം ചാടാൻ സാധിച്ചില്ല.തോട്ടിൽ നിറച്ചു വെള്ളവും ഒഴുക്കും. അവൻ എന്നെയും കടന്നു മറുകരയിലൂടെ കവുങ്ങിൻ തോട്ടത്തിലൂടെ അപ്രത്യക്ഷ്യമായി. ഞാൻ ഭയന്ന് വിറച്ച് കവുങ്ങിൻ തോട്ടത്തിൽ കയറാതെ കരഞ്ഞുകൊണ്ട് വയലിൽ തന്നെ ഇരിപ്പായി.
സമയം വൈകുന്നേരമായി. വയലിൽ ഇരുട്ട് വന്നു തുടങ്ങി. ധാരാളം കൊക്കുകൾ പറന്നകലുന്നതു കാണാം. ഒന്നും ഭംഗിയില്ലാതതായി. ഞാൻ കരച്ചിൽ തുടർന്നു കൊണ്ടിരുന്നു. ആരേയും കാണാതെ അമ്മയേയും വിളിച്ച് കരഞ്ഞുകൊണ്ടിരുന്നു.
ഏട്ടൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ. പക്ഷേ അവൻ വന്നില്ല. ആരും വന്നില്ല.
വീട്ടിൽ ഉച്ചമുതൽ അമ്മ എന്നെ തേടുന്നുണ്ട്. പക്ഷേ വീട്ടിൽ ആരും എന്നെയും തേടി വരുവാൻ ഉണ്ടായിരുന്നില്ല. വൈകുന്നേരം അച്ഛൻ വന്നിട്ട് വേണം എന്നെ തേടി വരു വാൻ. അച്ഛൻ ഓണപ്പാമ്പിൽ അച്ഛൻ്റെ അനുജൻ്റെ വീട്ടിൽ തിരക്കി. അവിടെ എത്തിയിട്ടില്ല. അച്ഛൻ തിരക്കി എത്തിയത് ചേട്ടൻ കാണുന്നുണ്ട്. പക്ഷേ അവൻ പറഞ്ഞു കൊടുത്തില്ല. ഏട്ടന് ഇതൊക്കെ കളിയും തമാശയുമായി മാത്രമായാണ് കാണുന്നത്.
എല്ലാവർക്കും വേവലാതിയായി. എന്നെ കാണുന്നില്ല എന്നത് എല്ലാവരും അറിഞ്ഞു.
നാട്ടിൽ കാട്ടുതീ പോലെ പടർന്നു. അന്ന് അത്രയെ വീടുകൾ ഉണ്ടായിരുന്നുള്ളൂ നാട്ടിൽ. എല്ലാവർക്കും എല്ലാവരെയും അറിയാം. അതുകൊണ്ട് എല്ലാവരും നാട് മുഴുവൻ തേടുവാൻ തുടങ്ങി. എവിടെയും കണ്ടെത്തുവാൻ കഴിഞ്ഞില്ല. അങ്ങനെ കുളത്തിൽ പോയി നോക്കുവാൻ തീരുമാനിച്ചു. കുളക്കടവിലും കുളത്തിലും കണ്ടെത്തിയില്ല.
എൻ്റെ കുപ്പായങ്ങളൊന്നും കുളക്കടവിൽ കണ്ടില്ല. പിന്നിട്, കുളത്തിൽ കുളിച്ചതായി കണ്ടവരുണ്ട്. എല്ലാവർക്കും വേവലാതിയും നെഞ്ചിടിപ്പുമായി കുളക്കടവിൽ പരിഭ്രാന്തി പരത്തി നിൽക്കുമ്പോഴാണ് ഞങ്ങൾ വയലിൽ പോകുന്നത് കണ്ടിരുന്നതായി ഒരു പെൺകുട്ടി കുളക്കടവിലുള്ളവരോട് പറഞ്ഞത്. കൂടെ ബാബു ആണെന്നും പറഞ്ഞു കൊടുക്കുന്നു.
ബാബു എന്നാണ് ഏട്ടൻ്റെ പേര്. വയലിൽ പോയാൽ എന്നെ കണ്ടെത്താൻ വിഷമയാ യതിനാൽ ബാബുവിനെ കാണാൻ അവർ തിരിച്ച് പോകുന്നു. ബാബുവിനെ ചോദ്യം ചെയ്യുന്നു. ഏട്ടൻ കുളത്തിൽ നിന്ന് വീട്ടിൽ പോയിരുന്നു എന്ന് നാട്ടുക്കാർക്ക് അവൻ വാക്ക് കൊടുക്കുന്നു. പക്ഷേ ഞാൻ വീട്ടിൽ എത്തിയിട്ടില്ല. ഉച്ചക്ക് വീട്ടിൽ പോകുന്നത് ഞാൻ കണ്ടിരുന്നു, പിന്നെ ഞാൻ അറിയില്ല എന്ന് പറഞ്ഞ് ബാബു കരയുവാൻ തുടങ്ങി.
അവൻ കളിപ്പിക്കുന്നതാണെന്ന് എല്ലാവർക്കും ബോധ്യമായി. അവസാനം ഇളയപ്പൻ്റെ കൈവശത്ത് നിന്ന് രണ്ട് അടി നല്ലവണ്ണം കിട്ടി. എന്നിട്ടും അവൻ പറഞ്ഞില്ല.
അവൻ നടന്നത് ഒന്നും പറയാതെ അടിമുഴുവൻ വാങ്ങികൊണ്ടിരുന്നു.
അങ്ങ് ഇരുട്ട് മൂത്തു തുടങ്ങി. ഞാൻ കരഞ്ഞ് അവശനായി. തോട്ടിൽ കരയിൽ കിടന്ന് ശബ്ദമില്ലാതായി. ആകെ ചളിപുരണ്ട് വികൃതമായിരിക്കയാണ്. ഉച്ചഭക്ഷണം കഴിക്കാ തെ വിശന്ന് അവശനായി. കരഞ്ഞ് ക്ഷീണിച്ച് കിടപ്പാണ്. ഈ വഴി ആര് വരുവാൻ. യാത്രാ വഴിയുമല്ല. ഇനി നെൽക്കതിർ മൂരുന്നതുവരെ കാത്തിരിക്കേണ്ടി വരുമോ?
അത്ര വരെ ഞാൻ ഇവിടെ ജീവിച്ചിരിക്കുമോ? എന്നൊന്നും അറിയാതെ മൂന്നാം ക്ലാസ്സുകാരൻ ആകാശം നോക്കാതെ കമിഴ്ന്ന് കിടന്ന് ഉറങ്ങാൻ തുടങ്ങി.
ഇളയപ്പൻ ഏട്ടനെ പൊതിരെ തല്ലുന്നു. അവസാനം നിക്ക പൊറുതിയില്ലാതെ കഥ പറയുന്നു. എന്നെ വയലിലാക്കി ഓടി മറഞ്ഞ കഥ. ഏട്ടനെയും കൂട്ടി വയലിൽ ഒരു കൂട്ടം നാട്ടുക്കാർ ഇരുട്ടിൽ തിരയുവാൻ എത്തി. വയലിൽ എവിടെ നോക്കിയിട്ടും ആളെ കണ്ടെത്തിയില്ല. അവർ മണിക്കൂറുകളോളം തിരഞ്ഞു. ടോർച്ചു വെളിച്ചത്തിൽ. ഒരോരുത്തരും പേരു വിളിച്ചു വയലിലൂടെ നടന്നു. ആർക്കും കണ്ടെത്താൻ സാധിച്ചില്ല. അവസാനം അവർ തിരയൽ നിർത്തി. പകൽ വെളിച്ചത് നോക്കാം എന്നായി. വേറെ മാർഗ്ഗങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല.
നാളെ നോക്കാം എന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു. പിന്നെ എല്ലാവർക്കും അഞ്ചും പത്തും മക്കൾ ഉള്ളത് കാരണം ഈ ഒമ്പതാമന് വലിയ പ്രസക്തിയൊന്നു അന്ന് ഉണ്ടാവാൻ ഇടയില്ല. എല്ലാവരും വീട് അടങ്ങിയതിന് ശേഷം ഏട്ടന് വേവലാതിയായി.
ഏട്ടൻ എവിടെ പോയി? മരിച്ചുപോയോ? പുഴയിലൂടെ ഒഴുകി പോയോ ? എന്നായി.
അവന് ഉറക്കം വന്നില്ല. അവൻ കാര്യങ്ങൾ കരഞ്ഞുകൊണ്ട് ഇളയമ്മയോട് പറഞ്ഞു. ആരും അറിയാതെ നമ്മുക്ക് രാവിലെ നീ മീൻ പിടിച്ച സ്ഥലം വരെ പോകാം. എന്നിട്ട് നോക്കാം.രാത്രി ഏട്ടനെ പ്രേതം പിടിക്കുമോ? ഏട്ടൻ്റെ രക്തം പ്രേതം കുടിച്ചാൽ ഏട്ടൻ മരിച്ചുപോവില്ലേ?ഏട്ടൻ പ്രേതമായാൽ എന്നെ പിടിക്കാൻ വരുമോ?
കുട്ടികളുടെ പ്രേതം വലിയാളെ പോലെ തന്നെ ആണോ? അമ്മയും മകനും ഇങ്ങനെ കഥകൾ പറഞ്ഞ് ഭയത്താൽ നേരം വെളുപ്പിച്ചു.
എല്ലാവരും വയലിൽ എത്തുന്നതിന് മുന്നേ ഏട്ടനും ഇളയമ്മയും വയലിൽ എത്തുന്നു. രണ്ടു പേരും ചേർന്ന് തിരയുന്നു. അപ്പോഴെക്കും എല്ലാവരും എത്തി. വയൽ മുഴുവൻ തിരഞ്ഞു, കണ്ടെത്തിയില്ല.
രാത്രി കള്ളുകുടിച്ച് ചൂട്ടവിളക്കുമായി വരുന്ന പാണ്ടൻ ഭാസ്ക്കരേട്ടൻ തോട്ടിൽ കരയിൽ കമിഴ്ന്ന് കിടക്കുന്ന എന്നെ കാണാൻ ഇടയാകുകയും എന്നെയും പൊക്കി എടുത്ത് അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. നല്ല പൂസി ലായിരുന്ന ഭാസ്ക്കരേട്ടൻ ഞാൻ ആരാണെന്നോ? എങ്ങനെ ഇവിടെ എത്തി യെന്നോ അദ്ദേഹം ചോദിച്ചില്ല. കാരണം ഞാൻ വിശന്ന് ക്ഷീണതനായി നല്ല ഉറക്കത്തിലാണ്. ഇത്രയും എടുത്ത് നടന്നിട്ടും ഞാൻ എഴുന്നേറ്റിരുന്നില്ല. എന്നെ വീട്ടിൻ്റെ കോനായിൽ ഓലമേൽ കിടത്തി, ഒരു കീറിയ പുതപ്പും പുതപ്പിച്ചു. ഭാസ്ക്കരേട്ടനും കൂടെ കിടന്നു.രാവിലെ കിണറ്റിൻകരയിൽ നിന്ന് വെള്ളം ഒഴിച്ച് ചെളിയെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം ഭാസ്ക്കരേട്ടൻ ചോദിച്ചു.
നീ ആരാ മോനെ..
ഞാൻ രാജൻ..
ആരുടെ മോൻ..
അഴീക്കോടൻ രാമൻ്റെ..
രാമാട്ടൻ്റെ മോനാ..
നിന്നെയല്ലേ ഇന്നലെ നാട് മുഴുവൻ തിരഞ്ഞത്.
എനിക്കറിയില്ല!
എനിക്ക് വിശക്കുന്നുണ്ടെന്ന് ഭാസ്ക്കരേട്ടനോട് പറഞ്ഞു. അപ്പാടെ ഭാസ്ക്കരേട്ടൻ തെങ്ങിൽ കയറി ഒരു ഇളനീർ പറിക്കുന്നു. മൂട് ചെത്തി എനിക്ക് തന്നു. വെള്ളം കുടിച്ച് അതിൻ്റെ പാടയും തിന്നു. വിശപ്പിന് ശമനമായി. അപ്പോഴാണ് ദൂരേ നിന്ന് വിളി
ഭാസ്ക്കരാ.. ഒരു കുട്ടിയെ കണ്ടോ. ആ .ഇവിടെയുണ്ട്. എല്ലാവരും നിമിഷ നേരം കൊണ്ട് ഓടി ഭാസ്ക്കട്ടേൻ്റെ തൊടിയിലെത്തി. നാട്ടുക്കാർ എന്നെ സൂക്ഷിച്ച് നോക്കി. എല്ലാവർക്കും സമാധാനമായി. നിനക്ക് എന്താ പറ്റിയത്. ആരോ ഒരാൾ ചോദിച്ചു. ഏട്ടൻ എന്നെ പറ്റിച്ചതാണ്. എല്ലാവരും ഭയന്ന് പോയല്ലോ മോനേ. പിന്നിട് ഉത്സവം പോലെ ഭാസ്ക്കരേട്ടൻ്റെ പിറകിൽ എന്നെയും കൂട്ടി വീട്ടിലേക്ക്. വീട്ടിൽ എത്തിയ ശേഷം അച്ഛൻ ഒന്നും മിണ്ടാതെ പണിക്കുപോയി. നാട്ടുക്കാർ വീട്ടിൽ നിന്ന് പോയ ശേഷം അമ്മ എന്നെ പൊതിരെ തല്ലി. കവിളുകൾ പിടിച്ചു തിരിച്ചു. മുളക് പൊടി കണ്ണിൽ ഇടാൻ ശ്രമിച്ചു. അങ്ങനെ വീട്ടിലെ എല്ലാ ശിക്ഷയും ഏറ്റുവാങ്ങി ഞാൻ ആ ഓണാവധി നന്നായി ആസ്വദിച്ചുതീർത്തു.
അന്ന് എന്തിനും വലിയ ശിക്ഷയാണ്. ഇന്ന് കുട്ടികൾക്ക് ശിക്ഷയില്ല. സ്നേഹം കുറഞ്ഞു. ലാളന ഇല്ലാതായി. ബന്ധങ്ങളുടെ ഗന്ധമില്ലാതായി. എല്ലാവരും ഒറ്റപ്പെട്ടും തുടങ്ങി.
പതുക്കെ പാണ്ടൻ ഭാസ്ക്കരേട്ടൻ്റെ ആത്മാവിനെ മനസ്സിൽ ധ്യാനിച്ച് ആ മൺതിട്ട യിൽ നിന്ന് ഇറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു.അപ്പോഴെക്കും സൂര്യൻ ചക്രവാളത്തിനപ്പുറം കടന്നിരുന്നു..“