നിഷേധികളുടെ പതാകവാഹകൻ

Omar Sherif
ഒമർ ഷെറിഫ്
1991 EEE

അറുപതു വർഷത്തോളം നീണ്ട സമാനതകളില്ലാത്ത സിനിമാ ജീവിതത്തിനു തിരശ്ശീലയിട്ടാണു പോയ സെപറ്റംബറിൽ, തൊണ്ണൂറ്റിഒന്നാമത്തെ വയസ്സിൽ, ഗൊദാർദ് എന്ന വിഖ്യാത സിനിമാ സംവിധായകൻ വിടപറഞ്ഞത്.   ബൃഹത്തും വിപ്ലവാത്മകവും ആയിരുന്നു ആ കലാജീവിതം.   എഴുപതോളം ഫീച്ചർ സിനിമകളാണു അദ്ദേഹത്തിന്റെ സംവിധാന നിയന്ത്രണത്തിൽ രൂപംകൊണ്ടത്.   1950 കളിൽ പാരീസിൽ സിനിമാ നിരൂപകനായി ആരംഭിച്ച് അറുപതുകളോടെ  ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ അമരക്കാരനായ സംവിധായകനായി ഗൊദാർദ് മാറി.  1960-ൽ പുറത്തുവന്ന ആദ്യചിത്രമായ ‘ബ്രത്ത്ലസ്’ മുതൽ 2018-ലെ ‘ദി ഇമേജ് ബുക്ക്’ വരെ അവിശ്വസനീയമായ ഊർജ്ജത്തോടെയും ആവേശത്തോടെയും അദ്ദേഹം നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നതാണു നമ്മൾ കണ്ടത്.  

ഒരു സമ്പൂർണ്ണ കലാരൂപം എന്ന നിലയിൽ സിനിമ അതിന്റെ സ്ഥാനം ഉറപ്പിക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.  സിനിമയുടെ ദൃശ്യ ഭാഷ, അതിന്റെ വ്യാകരണവും ലാവണ്യശാസ്ത്രവും ഒക്കെ രൂപപ്പെട്ടുവരുന്നതേയുള്ളൂ എന്ന് പറയാം.  പക്ഷെ, ഒരു കാര്യം വ്യക്തമായിരുന്നു –  വാണിജ്യസാധ്യതകൾ ഏറെ ഉണ്ടെങ്കിലും, മറ്റുകലാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി നിർമ്മാണത്തിനു വലിയ മുടക്കുമുതൽ ആവശ്യപ്പെടുന്ന ഒന്നാണു സിനിമ.  അതുകൊണ്ട് തന്നെ വലിയ സ്റ്റുഡിയോകളും നിർമ്മാണക്കമ്പനികളും സിനിമാ നിർമ്മാണത്തിന്റെ സമസ്തമേഖലകളും അതിന്റെ നിയന്ത്രണത്തിൻ കീഴിൽ ആക്കുകയും വണിജ്യ വിജയത്തിനുള്ള സൂത്രവാക്യങ്ങൾ തയ്യാറാക്കിവെക്കുകയും ചെയ്തിരുന്നു.  ഒരർത്ഥത്തിൽ അതാണു അക്കാലത്ത് സിനിമയുടെ വ്യാകരണവും സൗന്ദര്യശാസ്ത്രവും നിർവ്വചിച്ചത്, പ്രത്യേകിച്ച് വലിയ മുടക്കുമുതലിൽ സിനിമകൾ നിർമ്മിച്ചുകൊണ്ടിരുന്ന ഹോളിവുഡിൽ.  ആ ഫോർമാറ്റുമായുള്ള ബഹുമുഖമായ സംഘർഷമായിരുന്നു ഫ്രഞ്ച് നവസിനിമാ പ്രസ്ഥാനത്തിന്റെ ആശയപരമായ അടിസ്ഥാനം.

Credit
Credit

ഒരു വാചകത്തിൽ കർത്താവും കർമ്മവും ക്രിയയും വിന്യസിക്കും പോലെ, ഒരു സീനിൽ ഷോട്ടുകൾ നിരത്തേണ്ട ഘടന മിക്കവാറും കൃത്യമായി പിന്തുടരുന്ന ഒന്നായിരുന്നു ഹോളിവുഡ് ശൈലി.   ക്യാമറ വെക്കുന്ന ആംഗിളും ചലിക്കുന്ന രീതിയും എല്ലാം പൂർവ്വനിശ്ചിതമായ കണിശതകളെ ഭക്തിയോടെ പിന്തുടർന്നു.  മിക്കവാറും താര/വീര പരിവേഷമുള്ള വിഷയങ്ങളെ ചുറ്റിപ്പറ്റി നിർമ്മിച്ച ആ സിനിമകളുടെ പ്രേക്ഷകരെ പൂർണ്ണമായും പരിസരം മറന്ന് ആ സിനിമയുടെ മായലോകത്ത് മയക്കിക്കിടത്തുന്ന പരിചരണമാണു ആ ദൃശ്യവ്യാകരണം ഉറപ്പുനൽകിയതു.  “the invisible cut” എന്നാണു ഏറ്റവും കുറ്റമറ്റ എഡിറ്റിങ്ങിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്.   എന്നാൽ ഇതിനു തീർത്തും വിപരീതമായ സമീപനമാണു ഗൊദാർദും നവസിനിമയിലെ മറ്റ് സഖാക്കളും സ്വീകരിച്ചത്.  മിക്കവാറും ഒരോ കട്ടും പ്രേക്ഷകരെ അനുഭവിപ്പിക്കാനാണു അവർ ശ്രമിച്ചത്.   “ഇതു സിനിമയാണു… ഇതു സിനിമയാണു…” എന്ന് ഓരോ കട്ടും അവരുടെ സിനിമകളിൽ പ്രേക്ഷകരെ ഉണർത്തിക്കൊണ്ടിരുന്നു.  നാടകത്തിൽ ബ്രഹറ്റ് സ്വീകരിച്ച ശൈലിക്ക് സമാനമായിരുന്നു ഇത് എന്ന് പറയാം.  രണ്ടുപേരും അത് ചെയ്തതാകട്ടെ രൂപഘടനയിലുള്ള വെറും പരീക്ഷണങ്ങൾക്ക് വേണ്ടിയല്ല,  വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു.   

ഒട്ടൊക്കെ അമേരിക്കൻ ശൈലിയിൽ ആയിരുന്നെങ്കിലും തന്റെ ആദ്യചിത്രമായ ബ്രത്ത്ലസ്-ൽ തന്നെ അക്കാലത്തെ മിക്ക ദൃശ്യഭാഷാ രീതികളും ഗൊദാർദ് ലംഘിച്ചു.  സിനിമയിൽ രണ്ട് ഷോട്ടുകൾ ചേർത്തുവെക്കുമ്പോൾ അടിസ്ഥാനപരമായി ഒഴിവാക്കേണ്ട  ഒന്നാണു ‘jump’ എന്ന് വിളിക്കുന്ന  ദൃശ്യസുഖത്തെ നശിപ്പിക്കുന്ന കല്ലുകടി.  എന്നാൽ ബ്രത്ത്ലസ്-ൽ ഗൊദാർദ് അത് വളരെ സർഗ്ഗാത്മകമായി ഉപയോഗിച്ചു ഫലിപ്പിച്ചു.   എല്ലാ പതിവുരീതികളും തെറ്റിച്ച് സംഭാഷണങ്ങൾ ചിത്രീകരിച്ചു.   ആറുപതിറ്റാണ്ട് പിന്നിടുമ്പോഴും സിനിമയുടെ വ്യാകരണ തത്വങ്ങൾ പൊളിച്ചെഴുതിയ  ബ്രെത്ത്ലസ് ഗൊദാർദിന്റെ കയ്യൊപ്പുള്ള മഹത്തായ സിനിമകളിൽ ഒന്നായി കരുതപ്പെടുന്നു… ലോക സിനിമയിലെ പ്രധാനപ്പെട്ട ഒന്നും.   ചിലവുകൂടിയ വലിയ ക്യാമറകളും സ്റ്റുഡിയോ സംവിധാനങ്ങൾക്കും പകരം ലളിതമായ സാങ്കേതിക സംവിധാനങ്ങളാണു നവസിനിമക്കാർ പൊതുവെ ഉപയോഗിച്ചത്.  സിനിമയുടെ രൂപഘടനയിൽ സ്വതന്ത്രമായി ധാരാളം പരീക്ഷണങ്ങൾ നടത്താൻ ഇതവർക്ക് സൗകര്യം നൽകി.   കാഴ്ചയെ അലോസരപ്പെടുത്താത്ത ഡോളി ഷോട്ടുകൾക്ക് പകരം ക്യാമറ കയ്യിൽ ഏന്തി ചിത്രീകരിച്ച ‘പരുക്കൻ’ ദൃശ്യങ്ങൾ ഉപയോഗിക്കാൻ ഗൊദാർദിനെപ്പൊലെയുള്ളവർ മടിച്ചില്ല.  സിനിമയുടെ രൂപഘടനയെ അപ്രസക്തമായി കരുതുന്നതുകൊണ്ടല്ല ഇത് എന്ന് പ്രത്യേകം പറയണം.   ‘ഫോം’-ൽ നിന്ന് ‘കണ്ടന്റ്’-ലേക്കും തിരിച്ചും ഉള്ള അന്വേഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖത്തിൽ, മനുഷ്യൻ എന്നത് ഒരു ‘ഫോം’ കൂടി ആണു എന്ന് ഓർമ്മിപ്പിക്കുന്നുണ്ട് അദ്ദേഹം.   

goodbye-to-language-Godard
goodbye-to-language-Godard

ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള ചായ് വ് പരസ്യമായി പ്രഖ്യാപിച്ചവർ ആയിരുന്നു ഫ്രഞ്ച് നവതരംഗ സിനിമയിലെ പല പ്രമുഖരും.  ഗൊദാർദ് ആകട്ടെ ആ രീതിയിലുള്ള വിഷയങ്ങൾ (വിയറ്റ്നാം യുദ്ധം,  കൺസ്യൂമറിസം, മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രശ്നങ്ങൾ തുടങ്ങിയ…) പലതും ധാരാളമായി തന്റെ സിനിമയിൽ വിഷയമാക്കി.   അവ അവതരിപ്പിക്കുന്നതാകട്ടെ സിനിമയുടെ പതിവുരീതികളെ മറികടന്നും.  ‘2 or 3 things i know about her’ എന്ന സിനിമയിൽ ഉടനീളം പതിഞ്ഞ ശബ്ദത്തിലുള്ള കമന്ററി ഉപയോഗിച്ചിരിക്കുന്നു.  നിരവധി സന്ദർഭങ്ങളിൽ കഥാപാത്രങ്ങൾ ‘നാലാം ചുമർ’ തകത്ത് ക്യാമറയിലേക്ക് നോക്കുകയും സംവദിക്കുകയും ചെയ്യുന്നു.   2010-ൽ പുറത്തുവന്ന ‘സോഷ്യലിസം’ എന്ന സിനിമയിൽ, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തങ്ങളെടെ മാതാപിതാക്കളെ കുട്ടികളുടെ ട്രൈബ്യൂണലിനു മുന്നിൽ ഹാജരാവാൻ ക്ഷണിക്കുന്ന സഹോദരങ്ങളെക്കാണാം.   തൊണ്ണൂറ്റി ഒന്നാം വയസ്സിൽ തന്റെ ജീവിതത്തിനു സ്വയം ‘കട്ട്’ നടത്താൻ തീരുമാനിക്കും വരെ സിനിമയെക്കുറിച്ചും ഈ ലോകത്തെ സാമൂഹിക രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ചും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയും ആകുലപ്പെടുകയും ചെയ്ത കലാകാരൻ ആയിരുന്നു ഗൊദാർദ്.  

2021-ൽ  IFFK അദ്ദേഹത്തിനു Lifetime Achievement Award നൽകിയപ്പോഴാണു ഇതിനു മുൻപ് ഗൊദാർദ് നമ്മുടെ വാർത്തകളിൽ നിറഞ്ഞത്.   അതിനോടനുബന്ധിച്ച് സി.എസ് വെങ്കിടേശ്വരൻ, ബീനാ പോൾ എന്നിവരുമായി അദ്ദേഹം ഒൺ ലൈനിൽ നടത്തിയ സംഭാഷണം ഇപ്പോഴും ഓർക്കുന്നു.  ലോകം മുഴുവൻ മഹാമാരിയുടേയും ലോക്ഡൗൺ-ന്റേയും ഹതാശമായ കാലം ആയിരുന്നു അത്.  എങ്കിലും വലിയ ഊർജ്ജത്തോടേയും നർമ്മത്തോടേയുമാണു പ്രതിഭാശാലിയായ ആ കലാകാരൻ സംസാരിക്കുകയും തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്തത്.  ആർട്ട് ഹൗസ് / പരീക്ഷണ സിനിമകളിൽ വലിയ താത്പര്യം ഇല്ലാത്തവർ പോലും സിനിമയെ സംബന്ധിച്ച് ഗൊദാർദിന്റെ പല ഉദ്ദരണികൾ ശ്രദ്ധിച്ച് കാണും.  അതിൽ സിനിമ എന്ന കലാരൂപത്തെക്കുറിച്ചുള്ള പ്രസിദ്ധമായ പ്രഖ്യാപനം (“Photography is truth.  Cinema is truth 24 times a second”)  മുതൽ സിനിമയുടെ വർത്തമാനത്തെക്കുറിച്ച് നർമ്മം കലർത്തിയ ആകുലതകൾ (“I pity French cinema because it has no money; I pity American cinema because it has no ideas”) ഉണ്ടാവും.  കാരണം ലോകസിനിമാ ചരിത്രത്തോളം തന്നെ വലുപ്പമുള്ള ഒരു കലാജീവിതമായിരുന്നു അത്.   He was “more present than the present…”.

Share on facebook
Share on twitter
Share on linkedin
WhatsApp