ഉൾക്കനൽ

Rajan Azhekkodan
രാജൻ അഴീക്കോടൻ
1989 CE 

ഒരു യാത്ര
രണ്ടു ദിവസത്തേക്ക്.
നാല് യുവാക്കൾ.
നാലുപേരും നാല് ഭാഗത്തുനിന്ന്.
എത്തിപ്പെട്ടത് മനസ്സിന് കുളിരേകുന്ന ഒരു ചായത്തോട്ടത്തിൽ. തോട്ടത്തിന്റെ നടുവിൽ ഒരു വെളുത്ത കൂറ്റൻ ബംഗ്ലാവ്.
നാലു ഭാഗവും വലിയ മലകൾ. ചുറ്റുമുള്ള മലകളുടെ നടുക്കായി മലയുടെ പകുതി ഉയരത്തിൽ ചിരട്ട കമിഴ്ത്തി വച്ചതുപോലുള്ള കൊച്ചുമല. മലയുടെ നെറുകയിൽ വെളുത്ത ബംഗ്ലാവ്.
നാലു ഭാഗവും ചായത്തോട്ടം. ചായത്തോട്ടത്തിൽ അവിടവിടെയായി ശിഖരങ്ങൾ വെട്ടിമാറ്റിയ ഉയരമുള്ള മരങ്ങൾ. തോട്ടത്തിനിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകൾ.
മനോഹരമായ ബംഗ്ലാവ് കുന്നിൻമുകളിൽ ആറ് ചിമ്മിനികളുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു.
ബംഗ്ലാവിന്റെ നാലു ഭാഗവും വിശാലമായ വരാന്ത. നിലത്ത് ടെറാക്കൊട്ട ടൈയിൽ വിരിച്ചിരിക്കുന്നു. വരാന്തയിലുള്ള ഓരോ തൂണും ബംഗ്ലാവിന്റെ ഗാംഭീര്യവും പ്രൗഢിയും വിളിച്ചു പറയുന്നുണ്ട്.
ആറ് മുറികൾ. മുറികളിലേക്കുള്ള കോറിഡോറിന്റെ വിശാലതയും അതിന്റെ എടുപ്പും ചുമരുകളിലുള്ള ശില്പങ്ങളും ബംഗ്ലാവിനെ പ്രൗഢമനോഹമാക്കുന്നവ തന്നെ.
മുറികൾക്ക് എത്ര വലുപ്പം കൊടുക്കുവാൻ സാധിക്കുമോ അത്രയും വലുപ്പമുള്ള മുറികൾ. അലങ്കാര പണി ചെയ്ത മനോഹരങ്ങളായ പഴയ കട്ടിലും കസേരകളും. പഴയ ചെമ്പ് തകിടുകൊണ്ട് നിർമ്മിച്ച പങ്കകൾ. ഒക്കെ രാജകീയമായി ഒരുക്കി ബംഗ്ലാവിന്റെ പ്രൗഢി ഒന്നുകൂടി ശ്രേഷ്‌ഠമാക്കിയിരിക്കുന്നു.
നാലുപേരും ബംഗ്ലാവ് കണ്ട് ഞെട്ടി.
നാലുപേരും ലോകം കണ്ടവർ.
ഇത്ര സൗന്ദര്യവും പ്രൗഢിയുള്ള ഒരു ബംഗ്ലാവും മറ്റെവിടെയും കണ്ടില്ല.
രണ്ട് മുറികളിലായി നാലുപേർ. മുറിയുടെ കിടപ്പ് കണ്ടിട്ട് ഞങ്ങളുടെ സാധാരണ പെരുമാറ്റം അതിനു ചേരുന്നില്ല എന്ന് തോന്നി. മുറി തന്നെ ഞങ്ങളെ ഒരു പ്രത്യേക ഡിസിപ്ലിനിലേക്ക് എത്തിക്കുന്നതു പോലെ. ചെയ്യുന്നതിലൊക്കെ ഒരു യാന്ത്രികത.
നമ്മൾ എത്തിപ്പെടുന്ന സ്ഥലത്തിന്റെ സ്വഭാവവും കൂട്ടുചേരുന്നവരുടെ സ്വഭാവവും നമ്മളെ സ്വാധീനിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്.
ഞങ്ങളുടെ സംസാര രീതിയും നടപ്പും ഒക്കെ ഞങ്ങളെ ഉന്മേഷവാന്മാരാക്കുന്നുണ്ടെങ്കിലും പഴയ സ്വഭാവം അങ്ങനെ വിട്ടു പോകാൻ താല്പര്യപ്പെടുന്നുണ്ടായിരുന്നില്ല. പഴയ ചുറ്റുപാടും ഞങ്ങളെ മറ്റൊന്നിലേക്ക് നയിക്കുന്നുണ്ട്.
നാലു പേരുടെയും സ്വഭാവത്തിൽ ഉണ്ടായ വലിയ മാറ്റം നാലു പേരിലും ഒരുപോലെ ആയതിനാൽ അവയുടെ വേഷപ്രച്ഛന്നത പെട്ടെന്ന് വെളിപ്പെടാതെ ഉള്ളിൽ കിടന്നു കറങ്ങുന്നുണ്ടായിരുന്നു.
അപ്പോഴാണ് തലയിൽ മങ്കി തൊപ്പിയും കമ്പിളി ബനിയനും മുണ്ടും ധരിച്ച ഒരു വൃദ്ധൻ കട്ടൻ ചായയുമായി ഞങ്ങളുടെ മുന്നിൽ എത്തിയത്. മൂന്ന് പേരും അന്യോന്യം നോക്കുകയല്ലാതെ സംസാരങ്ങളൊക്കെ വളരെക്കുറവ്. പ്രകൃതി ഞങ്ങളുടെ സംസാരരീതി തന്നെ മാറ്റിയിരിക്കുന്നു. അധികം സംസാരിക്കുന്നത് നല്ലതല്ലെന്നും ആവശ്യത്തിന് മാത്രം സംസാരിച്ചാൽ മതിയെന്നും പ്രകൃതി തന്നെ ഞങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വൃദ്ധൻ എളിമയോടെ ചോദിച്ചു..
സാർ, ചായ കൂടുതൽ വേണമെങ്കിൽ പറയാം.
ചായ ഈ തോട്ടത്തിലെ തന്നെയാണ്.
തണുപ്പ് കൂടുന്തോറും ചായയുടെ രുചിയേറും.
കുറച്ചു കഴിഞ്ഞിട്ട് വരൂ.. പറയാം
സാർ ഇവിടെ ധാരാളം കാഴ്ചകൾ കാണുവാനുണ്ട്. രണ്ട് ദിവസമല്ലേ സാറന്മാരുള്ളു .
എന്താ കാണാനുള്ളത്.
ബ്രിട്ടീഷുകാർ ഇവിടെ എത്തിയപ്പോൾ ആദ്യമായി താമസിച്ച സ്ഥലവും അവർ ആദിവാസികളെ അടിമകളാക്കിയതും തോട്ടം തൊഴിലാളികളാക്കിയതും പോലുള്ള പല കഥകളും താല്പര്യമുണ്ടെങ്കിൽ അറിയുകയും കഥകളുടെ പരിസരങ്ങൾ കാണുകയും ചെയ്യാം. സാറന്മാർ കാണേണ്ടതാണ്. ഇവിടെ വരുന്നവർ ആരും ആ സ്ഥലത്ത് ഇതുവരെ പോയിട്ടില്ല.
പിന്നെ എന്തിനാണ് ഞങ്ങൾ അവിടെ..
അല്ല സാറെ.. എന്തോ..
എന്റെ മനസ്സ് അങ്ങനെ സംസാരിക്കുന്നു
ഞങ്ങൾക്ക് നാളെ രാവിലെ ആ വഴി പോകാം.

Indian women carrying bags up mountain. Free public domain CC0 photo.


ബ്രീട്ടീഷുകാർ ഞങ്ങളുടെ നാട്ടിൽ വന്ന് എത്ര സുഖലോലുപരായിട്ടാണ് ജീവിച്ചത് എന്ന് ശരിക്കുമറിയാം.
ഈ കെട്ടിടം പുതുക്കി പണിതതാണ്. അവിടെ, അന്നത്തേതിൽ നിന്ന് മാറ്റമില്ലാത്ത കെട്ടിടങ്ങളാണ്.
വൃദ്ധന്റെ വിവരണം കേട്ടപ്പോൾ എന്തോ ഒരു ആകാംക്ഷ നാലുപേരിലുമുണ്ടായി. അപ്പോഴെക്കും ചായ കുടിച്ചു കഴിഞ്ഞിരുന്നു.
പുറത്ത് നല്ല തണുപ്പ് പരക്കുവാൻ തുടങ്ങി. കോട ഇറങ്ങി തുടങ്ങി. കോടയുടെ വേഗതയേറി തുടങ്ങി. കോടയുടെ തീവ്രതയും ഏറി തുടങ്ങി.
നല്ല സുഖമുള്ള തണുപ്പ്.
നാലുപേർക്കും പ്രകൃതിഭംഗി ആസ്വദിക്കുക, ചിന്തകളിൽ വ്യാപൃതരാകുക എന്നല്ലാതെ കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യമുണ്ടായിരുന്നില്ല.
പക്ഷേ കോടയുടെ കൂടെ മിണ്ടിയും പറഞ്ഞും ഇരിക്കുന്നുണ്ടായിരുന്നു.
നാല് പേരും നാല് ലോകത്തങ്ങനെ ഉലാത്തുകയാണ്.
കോട ബംഗ്ലാവിനെ മൂടി.
വൃദ്ധൻ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു, ഈ കോട സാധാരണയുള്ളതല്ല. നീങ്ങി പോകില്ല. എല്ലാവരും അകത്ത് വരണം. അല്ലെങ്കിൽ വഴി തെറ്റും. പരതി വന്നാലും കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എത്രയും പെട്ടെന്ന് റൂമിലേക്ക് എത്തണം.
ഇതു കേട്ട സമയം നാലുപേരും കുറച്ച് ബുദ്ധിമുട്ടി ബംഗ്ലാവിന്റെ വരാന്തയിൽ കയറി.
മുറിയുടെ അകത്തും കോട കയറി. പെട്ടെന്ന് തന്നെ വൃദ്ധൻ അകത്തുള്ള ഫയറിംങ് സ്ഥലത്ത് വിറക് നിരത്തി കർപ്പൂരം വച്ച് തീ ഇട്ടൂ.
ഹാ.. എന്തൊരു മണം
വിറകു കത്തുമ്പോഴും മുറിയിൽ നല്ല മണം.
പിന്നീട് ഒരു പൊക്കമുള്ള മനുഷ്യൻ വലിയ ഒരു തലപ്പാവും കോർത്തുടുത്ത മുണ്ടും ശരീരത്തിൽ ക്രോസ്സ് ചെയ്തു കെട്ടിയ വെളുത്ത തുണിയുമായുള്ള വേഷവിധാനത്തിൽ ഒരു ചെറിയ കാളവണ്ടി വലിച്ചുകൊണ്ട് വന്നു. അതിൽ വണ്ടിക്ക് അടിഭാഗത്ത് ചേർച്ചയോടെ തൂങ്ങിയ നാല് റാന്തലുകൾ.
വണ്ടി നിറയെ വിവിധ തരത്തിലുള്ള മദ്യക്കുപ്പികൾ.
അതിനിടയിൽ വെളുത്ത മെഴുകുതിരികൾ മഞ്ഞ വെളിച്ചവുമായി.
ഇരുട്ടു മൂടിയ കോറിഡോറ് വഴി മന്ദമന്ദം ആ വലിയ മനുഷ്യൻ വണ്ടിയുമായി വരുമ്പോൾ ഞങ്ങൾ സ്വർഗ്ഗത്തിലാണോ എന്ന് തോന്നിപോയി.
വണ്ടി ഞങ്ങളുടെ അടുത്ത് വന്നു നിന്നു. അതിൽ നിന്ന് മണമുള്ള ഒരു മെഴുകുതിരി ഞങ്ങൾക്കിടയിൽ വെളിച്ചം പകരുവാൻ വച്ചു. പിന്നീട് പച്ച നിറമുള്ള നാല് ചഷകങ്ങൾ..
അതിൽ കാസ്കേട് പോലെ ആ വലിയ മനുഷ്യൻ മദ്യം ഒഴിച്ചുകൊണ്ടിരുന്നു.
വണ്ടിയിൽ നിന്ന് വളരെ ചെറിയ ശബ്ദത്തിലുള്ള ഗസ്സലുകൾ.
ഫയർപ്ലയിസ്സിൽ നിന്ന് വരുന്ന ആരെയും മയക്കുന്ന സുഗന്ധം.
മദ്യത്തിന്റെ ത്രസ്സിപ്പിക്കുന്ന ഗന്ധം.
കോടയുടെ മികവിൽ തെളിഞ്ഞു നിൽക്കുന്ന കാളവണ്ടിയിലെ മഞ്ഞ വെളിച്ചം.
പാട്ടിന് താളമായി നാലു പേരുടെ പാദങ്ങൾ താളം ചവിട്ടുന്നു.
താളത്തിനനുസരിച്ച് ചുണ്ടിൽ നിന്ന് മധുചഷകം നൃത്തം ചവിട്ടുന്നു..
അരണ്ട വെളിച്ചത്തിൽ സംസാരങ്ങളൊന്നുമില്ലാതെ ലഹരിയിലേക്ക് പതിയെ നീങ്ങി തുടങ്ങി.
നാലുപേരും ഏതോ സ്വർഗ്ഗത്തിലെ രാജാക്കന്മാരായി നിദ്രയിലാണ്ടു.
രാവിലെ വൃദ്ധൻ വന്നു. ബ്രീട്ടീഷുകാർ താമസിച്ച സ്ഥലവും അവരുടെ ചുറ്റുപാടും കാണുവാൻ പുറപ്പെട്ടു. തെളിഞ്ഞ ഭൂപ്രകൃതി. നല്ല തണുപ്പ്.
പോകുന്ന വഴിയിൽ വൃദ്ധൻ കഥ പറയുവാൻ തുടങ്ങി..
ഇവിടെ ഈ മലയുടെ അധിപന്മാർ ഒരു ആദിവാസി കുടുംബമായിരുന്നു. അവർ ഉണ്ടാക്കിയെടുത്തതാണ് ഈ മലകളിൽ കാണുന്ന കൃഷിയൊക്കെ. മറ്റുള്ള നാടുകളിൽ പോയി കൃഷി കണ്ടു പഠിച്ച ആദിവാസി കുടുംബം നാട്ടുകാരെ വച്ച് നെയ്യ്തെടുത്തതാണ് ഇത്രയും വലിയ ചായ തോട്ടം.
അന്ന് ഇവിടെ ഉണ്ടായ അധികാരി കൃഷിയുടെ വലുപ്പവും സൗന്ദര്യവും കലക്ടറെ അറിയിക്കുകയും പിന്നീട് ബ്രിട്ടീഷ് തുക്കിടി സായിപ്പ് വന്ന് ആദിവാസി കുടുംബത്തെ കീഴടക്കുകയുമാണ് ചെയ്തത്.


അതാ.. ആ കാണുന്നതാണ് തുക്കിടി സായിപ്പിന്റെ ബംഗ്ലാവ്. ആ ബംഗ്ലാവ് എവിടെ നിന്നോ ആൾക്കാരെ കൊണ്ടുവന്ന് ചെയ്‌യിച്ചതാണ്. അവരുള്ള സമയത്ത് ആ ബംഗ്ലാവിന്റെ ഏഴ് അയലത്ത് പോകാൻ ആരേയും സമ്മതിക്കില്ല.
സായിപ്പന്മാരും മദാമ്മമാരും നിറഞ്ഞാടിയ സ്ഥലം.

ബംഗ്ലാവിന്റെ മുന്നിൽ തന്നെ അന്ന് ഉണ്ടാക്കിയ ടെന്നീസ് കോർട്ട്. കാട് കയറിയിട്ടുണ്ടെങ്കിലും കേടുപാടുകൾ പറ്റാത്ത കോർട്ടാണ്. പിന്നെ ഫുട്ബോൾ ഗ്രൗണ്ട്. ഒരു ഭാഗം അന്നത്തെ ബ്രിട്ടിഷ് അംഗങ്ങൾക്ക് മാത്രം കാണുവാനുള്ള ഇരുമ്പിൽ തീർത്ത മൊബൈൽ ഗാലറി. അങ്ങനെ പലതും. കാളവണ്ടിയും കുതിര വണ്ടിയും യഥേഷ്ടം .
ഇവിടെ ഉണ്ടായിരുന്ന മൂപ്പൻകുടുംബം കുറച്ചു നാൾ ബ്രിട്ടിഷുകാരുടെ സംരക്ഷണ വലയത്തിൽ ആയിരുന്നു.
ബ്രിട്ടീഷുകാർ താമസം തുടങ്ങിയ ശേഷം ഈ മലകളുടെ നിയന്ത്രണം അവർ കൈവശപ്പെടുത്തുകയും മൂപ്പനേയും കുടുംബത്തേയും കാണാതാവുകയും ചെയ്തു. അന്ന് പോലീസും പട്ടാളവും കേസ്സും ഒന്നുമില്ലാത്ത സ്ഥിതിക്ക് അവരെ കുറിച്ച് മറ്റുള്ളവർക്ക് അറിയാതെ ആയി. പക്ഷെ കൃഷി ചെയ്തു വരുന്ന ആദിവാസികൾ എന്നും മൂപ്പന്റെ തിരിച്ചുവരവിന് പ്രാർത്ഥനയിൽ ആയിരുന്നു.
പക്ഷേ ആദിവാസികൾക്ക് മുപ്പൻകുടുംബത്തെ ബ്രിട്ടീഷുക്കാർ നാടുവിട്ട് പോകുന്നതുവരെ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. ആദിവാസികൾക്ക് സംശയമുണ്ടായിരുന്നു ബംഗ്ലാവിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ അവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. ബ്രീട്ടീഷുകാർ നാട് വിട്ടുപോയ ദിവസമാണ് അവർ വലിയ മതിലുകളാൽ ചുറ്റപ്പെട്ട ബംഗ്ലാവ് തന്നെ കാണുന്നത്. അത്രയ്ക്കും സംരക്ഷിതമായിരുന്നു ബംഗ്ലാവ് നിന്നിരുന്ന സ്ഥലം.
ബംഗ്ലാവിന്റെ മൊത്തം കാഴ്ച്ച ബംഗ്ലാവിനെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ബ്രിട്ടീഷ് രാജ്യത്തിലെ പല ഉന്നതരും ഇവിടെ വന്നു താമസി ച്ചിട്ടുണ്ടെന്നാണ് കേട്ടുകേൾവി. വിശാലമായ ലൈബ്രറി വരെ ഇതിനകത്ത് ഉണ്ട്. ആരും വായിക്കാതെ ഉപയോഗശൂന്യമായി കിടക്കുന്ന ധാരാളം പുസ്തകങ്ങൾ, കൈയെഴുത്തുകൾ.
ബ്രിട്ടീഷുക്കാർ പോയ ദിവസം തന്നെ ആദിവാസികൾ ബംഗ്ലാവിൽ ചാടിക്കയറിയിരുന്നു. എല്ലാ മുറികളും പരിശോധിച്ചു. പക്ഷേ ആദിവാസി മൂപ്പന്റെ കുടുംബത്തെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ബംഗ്ലാവിന്റെ പിറകിൽ ഒരു ചെറു കുന്നുണ്ട്. ആ കുന്നിനടിയിൽ ഒരു തുരങ്കമുണ്ട്.
കൂടുതൽ നടന്നാൽ അകത്ത് വെളിച്ചമില്ലാത്ത ഒരു ഇരുട്ടറയുണ്ട്. ആ മുറിയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായി ആ കുടുംബത്തെ മൊത്തം പട്ടിണിക്കിട്ട് കൊലപ്പെടുത്തുക ആയിരുന്നു ബ്രിട്ടിഷുകാർ.
ഞങ്ങൾ ഗുഹക്കകത്ത് കടക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഗുഹക്കകത്ത് വെളിച്ചവുമായി നീങ്ങിയപ്പോൾ അതിൽ പതിനഞ്ചോളം അസ്ഥികൂടങ്ങൾ പല രീതിയിൽ കിടക്കുന്നു. എല്ലിൽ നിന്ന് മാംസങ്ങൾ നിങ്ങിയതല്ലാതെ എല്ലുകൾ ഒരു പോറലുമേൽക്കാതെ അനേകം വേദനകൾ സഹിച്ചു കൊണ്ട് അനങ്ങാതെ കിടക്കുന്നത് കാണുമ്പോൾ ഇവർ ആരോട് ചെയ്ത പാപമാണെന്ന് ഓർത്ത് ഞങ്ങൾ ദു:ഖിച്ചു.
ഇത്രയും മനോഹരമായ ഒരു ഭൂമി ഉണ്ടാക്കിയതാണ് അവർ ചെയ്ത തെറ്റ്. ഈ ഭൂമി ഇത്രയും മനോഹരമാക്കിയില്ലായിരുന്നെങ്കിൽ അവർക്ക് ഈ നരകയാതന സഹിക്കേണ്ടി വരില്ലായിരുന്നു.
പണിയെടുക്കുന്നവർ ചിലർ, വിളവെടുക്കുന്നവർ മറ്റു ചിലർ.
ഇത്രയും കണ്ടപ്പോൾ ഞങ്ങളുടെ മനസ്സ് വല്ലാതെ പിടഞ്ഞു. ഒന്നുമറിയാതെ മനസ്സിൽ വലിയ ഭാരവുമായി ഞങ്ങൾ താമസിക്കുന്ന ബംഗ്ലാവിലേക്ക് മടങ്ങി. അന്ന് രാത്രി മൂപ്പനെ ഓർത്ത് വളരെ മൂകരായി ചഷകം ചുണ്ടിൽ നൃത്തംചവിട്ടി തുടങ്ങിയപ്പോൾ ആരോ പുറത്ത് തട്ടി വിളിക്കുന്നു. ആരാണെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ആദിവാസിമൂപ്പൻ.
മൂപ്പൻ എന്നെയും കൂട്ടി ബംഗ്ലാവിന്റെ മുക്കിലും മൂലയിലും കൊണ്ടുപോയി യാതനയുടേയും വേദനയുടേയും കഥ പറയുമ്പോൾ എനിക്ക് ആശ്വാസവാക്കുകൾ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ മൂപ്പൻ സന്തോഷവാനായിരുന്നു.
പെട്ടെന്നാണ് ഉണരൂ എന്ന് പറഞ്ഞ് ഒരാൾ വിളിക്കുന്നത്.
വീട്ടിലേക്ക് തിരിച്ചു പോകാനുള്ള സമയമായി.
പുറപ്പെട്ടോളൂ..

WhatsApp