അഫ്ഗാൻസ്ത്രീയും ഞാനും
നീമ കെ എൻ
2010 CE
അഫ്ഗാൻ സ്ത്രീയെ കുറിച്ച് ഞാൻ എന്ത് സംസാരിക്കാനാണ്? ഞാൻ അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിട്ടില്ല, ഒരു അഫ്ഗാൻ സ്ത്രീയെയും വ്യക്തിപരമായ അറിയില്ല. എന്നിട്ടും താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ഓഗസ്റ്റ് 15 ആം തിയതി, എന്നെ വല്ലാതെ ഭീതിപ്പെടുത്തി. വെറും രണ്ടു പുസ്തകങ്ങളിലൂടെ ഞാൻ അനുഭവിച്ച മാനസിക സംഘർഷം, ഒരു ജനതയുടെ ദൈനദിനജീവിതമാകാൻ പോകുന്നു എന്നുള്ള തിരിച്ചറിവ് തികച്ചും ഉള്ളുലക്കുന്ന ഒന്നാണ്.
കാലിദ് ഹുസ്നിയുടെ രണ്ടു ബുക്കുകൾ, The Kite Runner &The thousand splendid Sun, ഇതു രണ്ടും വായിച്ചു കഴിഞ്ഞു ഞാൻ കുറെ നേരം ആലോചിച്ചു നോക്കിയിട്ടുണ്ട് അവിടെത്തെ ജീവിതം. അങ്ങനെ ഒരു സാഹചര്യം വന്നാൽ എന്ത് ചെയ്യും ഞാൻ എന്ന് വരെ ചിന്തിച്ചു നോക്കി അന്താളിച്ചു ഇരിന്നിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ആ ഇരുണ്ട കാലഘട്ടം അവരുടെ ജീവിതത്തിൽ തിരിച്ചു വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. അതുകൊണ്ട് തന്നെ ആ വാർത്ത മനസിനെ വല്ലാതെ അലോസരപ്പെടുത്തി എന്ന് മാത്രമല്ല തുടർന്നുള്ള ദിനങ്ങളിലെ വാർത്തകളും ഒട്ടും നല്ലത് ആയിരുന്നില്ല.
ഈ വിഷയത്തിലെ രാഷ്ട്രീയം എനിക്ക് അത്ര പരിചിതമല്ല. അമേരിക്ക എന്തുകൊണ്ട് വളരെ തിടുക്കപ്പെട്ട് പിന്മാറി? ഇത്രയും ദുർബലമായ ഒരു സർക്കാർ ആയിരുന്നോ അവിടെ ഭരിച്ചിരുന്നത്? ഇതിനൊന്നും ഉത്തരം എനിക്ക് അറിയില്ല പക്ഷേ ഒന്ന് അറിയാം. ഇനി അവിടെ സ്ത്രീകൾ എന്നൊരു സാമൂഹ്യജീവി ഇല്ല. അവൾ വെറും അടിമയാണ്. പുരുഷൻ അവന്റെ അത്യാഗ്രഹത്തിന് മറപിടിക്കാൻ ഉണ്ടാക്കിയ മതത്തിന്റെ അടിമ.
അവൾക്ക് ഇനി ഒരു മോചനം എങ്ങനെ സാധ്യമാകും എന്നും ആർക്കും അറിയില്ല. കാരണം താലിബാൻ ഭരണം ലോകരാജ്യങ്ങൾ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. താലിബാൻ ഓരോ ദിവസവും അവരുടെ നിയമവാലികൾ പുറത്ത് വിട്ടു കൊണ്ടിരിക്കുന്നു. അതിൽ എവിടെയും സ്ത്രീവിരുദ്ധത വളരെ പ്രത്യക്ഷമായി കാണാൻ സാധിക്കും.
എന്നിട്ടും എന്ത്കൊണ്ട് ആരും ഇതൊന്നും ചോദ്യം ചെയ്യുന്നില്ല. അപ്പോൾ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനങ്ങൾ എവിടെ? ഇതൊന്നും അതിൽ വരുന്നില്ലേ?
പഠിച്ചു നേടിയ സർട്ടിഫിക്കറ്റ് കത്തിച്ചു കളഞ്ഞാലേ ജീവിക്കാൻ പറ്റു എന്നൊരു അവസ്ഥ എത്ര ഭയാനകമാണ്. സ്ത്രീയെ വെറും ശരീരമായി കാണുന്ന ഇത്രയും അധഃപതിച്ച ചിന്തകൾ എന്ത്കൊണ്ട് മാറുന്നില്ല? സ്വാതന്ത്രമായി ചിന്തിക്കുന്ന സ്ത്രീകളെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്?അവരെ അംഗീകരിച്ചു ജീവിക്കുന്നതിൽ എന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്?
എന്തിന്നും ഏതിനും സ്ത്രീയെ അടിച്ചമർത്തുന്നത് എന്തിനാണ്?
കറുത്ത വസ്ത്രങ്ങൾ തങ്ങളുടെ പാരമ്പര്യത്തിൽ ഇല്ല എന്ന് പറഞ്ഞുകൊണ്ട് മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന അഫ്ഗാൻ സ്ത്രീകൾ ട്വിറ്ററിൽ ഒരു ക്യാമ്പയിൻ നടത്തിയത് കണ്ടിരുന്നു. അതിൽ അഫ്ഗാൻ ജനത ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കാണുമ്പോൾ അറിയാം അവിടെത്തെ സ്ത്രീകൾ എത്ര വർണ ശഭളമായ വേഷവിധാനങ്ങൾ ആണ് ഉപയോഗിച്ചിരുന്നതെന്ന്.
ഇത്രയും അസഹിഷ്ണുത എന്തിനാണ് താലിബൻ സ്ത്രീകളോട് കാണിക്കുന്നത്? ഇവർ പറയുന്ന നിയമങ്ങൾ ഇതുവരെയും ലോകത്തു നിന്ന് തുടച്ചു മാറ്റപെടാത്തത് എന്തുകൊണ്ടാണ്? മനുഷ്യൻ ബഹിരകാശത്തു ജീവിക്കാൻ പോകുന്ന ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള കാടത്ത നിയമങ്ങൾക്കു എന്ത് കൊണ്ട് പ്രോത്സാഹനം ലഭിക്കുന്നു?
ഇനിയുള്ള വേവലാതി ഈ രീതികൾക്ക് ലഭിക്കുന്ന ജനപിന്തുണയാണ്. അതിന്റെ ഒരു മാതൃക നമ്മൾ ഇപ്പോൾ കേരളത്തിൽ വരെ കണ്ടു കഴിഞ്ഞു. ഒരു പ്രമുഖ പാർട്ടി അവരുടെ വനിതാ വിഭാഗം പിരിച്ചുവിട്ടിരിക്കുന്നു. അതിൻ്റെ കാരണമാണ് ശരിക്കും പേടിപ്പെടുത്തുന്നത്. അഭിപ്രായസ്വാതന്ത്ര്യം അവരുടെ പുരുഷസംഘടനക്കു മാത്രം അവകാശപെട്ടതാണ് പോലും.
ഇങ്ങനെ നിത്യജീവിതത്തിൽ നമ്മുടെ ചുറ്റുപാടും നടക്കുന്ന വൃത്തികെട്ട പുരുഷധിപത്യം അനുദിനം കൂടി വരുന്നതാണ് കാണുന്നത്. അതിനു ജാതീയമായ കാഴ്ചപ്പാട് മാത്രമല്ല, സാമൂഹ്യപരമായും നമ്മൾ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ഒരു ആവർത്തന ചക്രത്തിന്റെ പ്രയാണം പോലെ നമ്മൾ കടന്നുവന്ന വഴികൾ വീണ്ടും മുന്നിൽ തെളിഞ്ഞു വരുന്ന ഒരു ബീഭത്സപ്രതിഭാസം. ഇതിനു എന്ത് പ്രതിവിധി?
ആരോചകമായി തോന്നിത്തുടങ്ങിയിരിക്കുന്നു, സ്ത്രീ ശാക്തീകരണപ്രവർത്തനങ്ങളും അതിന്റെ പൊളയായ യഥാർഥ്യങ്ങളും.
സ്ത്രീക്ക് അവൾ ശരിക്കും കൊതിക്കുന്ന സ്വാതന്ത്ര്യം എന്നും ഒരു മരീചിക മാത്രമായി മാറുകയാണോ?