പ്രസവാനന്തര വിഷാദം നിസ്സാരമല്ല

Dr Najiya Photo
 Dr. Najiya

W/o Shameem

2014 ME

പവിത്രമായ മാതൃസങ്കല്പങ്ങളെ കളങ്കപ്പെടുത്തും വിധം ഭയാനകമായ അന്തരീക്ഷമാണ് പുതിയ തലമുറയിലെ മാതൃത്വം സൃഷ്ടിക്കുന്നത്. ഇത് പുതിയ തലമുറയുടെ കഴിവുകേടാണോ അതോ മാറിയ സമൂഹത്തിന്റെ ചിന്താഗതികളുടെ  ദൗർബല്യമാണോ.

 

“പോസ്റ്റ്‌ പാർട്ടം ഡിപ്പ്രെഷൻ” (postpartum depression) അഥവാ “പ്രസവാനന്തര വിഷാദം” നവ ലോകത്ത് ദിനം പ്രതി വർധിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ്. പത്രങ്ങളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും കുഞ്ഞിനെ കടലിലേക്ക് വലിച്ചെറിഞ്ഞ അമ്മയെ കുറിച്ച് നമുക്ക് സുപരിചിതമാണ്. ഇത് ഇന്നത്തെ തലമുറയിൽ പെട്ടെന്ന് പൊട്ടിമുളച്ചതാണോ എന്നാണ് പലരുടെയും ആക്ഷേഭ വാക്യം. എന്നാൽ ഈ രോഗാവസ്ഥ പണ്ടും നിലകൊണ്ടിരുന്നു. പുറത്ത് പറയാനുള്ള മടി കാരണമോ സമൂഹം ഭ്രാന്തി ആയി പച്ചക്കുത്തുമോ എന്ന വേവലാതി കാരണമോ രേഖപ്പെടുത്തിയിട്ടുള്ള കേസുകൾ വളരെ ചുരുക്കമായിരുന്നു എന്നു മാത്രം.

 

പോസ്റ്റ്‌ പാർട്ടം ഡിപ്പ്രെഷൻ (postpartum depression) പ്രധാനമായും ഹോർമോണുകളുടെ വ്യതിയാനം കൊണ്ടോ വൈകാരികമായ കാരണങ്ങൾ കൊണ്ടോ ഉണ്ടാകാവുന്നതാണ്. ഗർഭം നിലനിർത്തുവാൻ ആവശ്യമായ ഈസ്ട്രജൻ (estrogen),  പ്രജസ്ട്രൺ (progesterone) തുടങ്ങിയ ഹോർമോണുകളിൽ പ്രസവ ശേഷം ഉണ്ടാവുന്ന കുറവുകളും തൈറോയ്ഡ് (thyroid) ഹോർമോണിന്റെ വ്യത്യാസങ്ങളും ആണ് ഇതിൽ മുഖ്യ പങ്കുവഹിക്കുന്നത്..ഈ രോഗാവസ്ഥയെ മൂന്നു ഘട്ടങ്ങളിലായി തരം തിരിക്കുവാൻ സാധിക്കും.

പ്രസവാനന്തരം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കണ്ടു വരുന്ന ഒരവസ്ഥയാണ് “പോസ്റ്റ്‌ പാർട്ടം ബ്ലൂസ്” (postpartum blues) അഥവാ “ബേബി ബ്ലൂസ്” (baby blues) എന്ന പേരിൽ അറിയപ്പെടുന്നത്. മൂഡ് സ്വിങ്സ് (mood swings), പ്രകോപനങ്ങൾ, കാരണമില്ലാതെ ഉള്ള കരച്ചിൽ, കുഞ്ഞിനോട് അടുപ്പമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. പങ്കാളിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും സ്നേഹവും പിന്തുണയും കൊണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പരിപൂർണമായും മാറാവുന്ന ഒരു അവസ്ഥയാണിത്.

 

എന്നാൽ ഇത് രണ്ടാഴ്ചകൾക്കു ശേഷവും അതിന്റെ മോശമായ അവസ്ഥയിൽ തുടരുന്നുണ്ടെങ്കിൽ അതിനെ ആണ് “പോസ്റ്റ്‌ പാർട്ടം ഡിപ്പ്രെഷൻ” (postpartum depression) എന്നു വിളിക്കുന്നത്. കുഞ്ഞിന്റെ കാര്യങ്ങളിൽ ശ്രദ്ധയില്ലായ്മ, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാതിരിക്കുക, സ്വയം കുറ്റബോധം തോന്നുക, നിസംഗത അനുഭവപ്പെടുക, ആസ്വസ്ഥതകൾ ഉണ്ടാവുക, കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയുമോ എന്ന സംശയം തുടങ്ങിയവയാണ് അധികവും കണ്ടു വരുന്ന ലക്ഷണങ്ങൾ. പ്രസവാനന്തരം ശരീര ഘടനയിൽ വരുന്ന മാറ്റങ്ങൾ, തുടർന്നുണ്ടാവുന്ന ആത്മവിശ്വാസമില്ലായ്മ, ആദ്യമായിട്ട് മുലയൂട്ടുന്നതിലുള്ള പ്രയാസങ്ങൾ, ഉറക്കമില്ലായ്മ, കുഞ്ഞിനെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, സാമ്പത്തിക ബാധ്യതകൾ തുടങ്ങിയവയും മറ്റു സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലങ്ങളും ഇതിനു കാരണമാവാറുണ്ട്.

Postpartum
Credit-Mindhelp
Postpartum Credit-Mindhelp

വേണ്ടപ്പെട്ടവരുടെ പിന്തുണ, കൗൺസിലിങ്, സൈക്കോതെറാപ്പി (psychotherapy)തുടങ്ങിയവ കൊണ്ട് തന്നെ ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ സാധിക്കും. ചുരുക്കം ചിലരിൽ മാത്രമേ സൈക്കാട്രിക് മെഡിക്കേഷൻസിന്റെ (psychiatric medications) ആവശ്യകത ഉണ്ടാവാറുള്ളു. സ്വന്തമായി ഈ രോഗാവസ്ഥയെ അംഗീകരിക്കുക, ആത്മവിശ്വാസം വളർത്തിയെടുക്കുക, തനിക്കു ഏറ്റവും വിശ്വാസമുള്ള ആളുടെ അടുത്ത് തന്റെ വികാരങ്ങൾ പങ്കുവെക്കുക തുടങ്ങിയവ ഇതിൽ നിന്നും പെട്ടെന്ന് വിമുക്തി നേടാൻ സഹായിക്കും. കൗമാര പ്രായത്തിൽ വിഷാദരോഗം ഉണ്ടായിരുന്നവർക്കും മരുന്നുകൾ എടുത്തിരുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതകൾ ഏറെ കൂടുതലാണ്.

 

കൃത്യ സമയത്ത് രോഗം തിരിച്ചറിയാതെ അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വീകാര്യത ലഭിക്കാതെ ഏറ്റവും തീവ്രമായ ഘട്ടത്തിൽ എത്തുന്ന അവസ്ഥയാണ് “പോസ്റ്റ്‌ പാർട്ടം സൈക്കോസിസ്”(postpartum psychosis). അതൊരു മാനസ്സിക രോഗമാണ്. അത്തരം ആളുകൾക്ക് ആത്മഹത്യ പ്രവണതയും കുഞ്ഞിനെ അപായപ്പെടുത്താനുള്ള സാധ്യതയും കൂടുതലായി കണ്ടു വരാറുണ്ട്. രോഗ വിമുക്തി നേടാൻ ഒരുപാട് കാലതാമസം എടുക്കുകയും ആശുപത്രിയിൽ കിടത്തി ചികിൽസിക്കേണ്ടി വരുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

 

ഒരു കാലഘട്ടം വരെ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനു മുൻകണന നൽകാതെ പ്രായമാവുന്നതിനു മുൻപ് തന്നെ വിവാഹം കഴിച്ചു കൊടുക്കുകയും കുഞ്ഞുങ്ങളുണ്ടാവുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പാകപ്പെടുത്തുകയും ചെയ്യുന്ന ഒരു സമൂഹമായിരുന്നു നിലകൊണ്ടിരുന്നത്. അവിടെ സ്ത്രീകൾ തലമുറകളായി ഈ ഒരു കർത്തവ്യമായിരുന്നു ശീലിച്ചിരുന്നത്. ഭർത്താവിന് നല്ലൊരു ഭാര്യയായി വീട്ടുകാർക്ക് നല്ലൊരു മരുമകളായി കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മയായി ഇരിക്കുക എന്നുള്ളതിനപ്പുറം അവരുടെ സ്വപ്നങ്ങൾക്കോ വികാരങ്ങൾക്കോ ആഗ്രഹങ്ങൾക്കോ അന്ന് പരിഗണനയുടെ ഒരു നോട്ടം പോലും ലഭിച്ചിരുന്നില്ല.

 

എന്നാൽ പുതിയ തലമുറയിൽ വിദ്യാഭ്യാസം കൊണ്ടും സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ടും അവരുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അത്തരം ഒരു തലമുറയിൽ കുഞ്ഞുങ്ങളുണ്ടാവുമ്പോൾ പുതിയ പരിവർത്തനങ്ങളോടും ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ കുറച്ചധികം സമയം അവർക്കു ആവശ്യമായി വരുന്നു.

 

സ്ത്രീയും പുരുഷനും ശരീരികമായും മനസികമായും ഒരു കുഞ്ഞിനെ വരവേൽക്കാൻ പാകപ്പെടുമ്പോൾ മാത്രമേ നല്ലൊരു രക്ഷാകർത്തൃത്വം അവിടെ ഉണ്ടാവുകയുള്ളൂ. ഒരു കുഞ്ഞ് ജന്മം കൊള്ളുമ്പോൾ ഒരു അമ്മയും അച്ഛനും ആണ് ജനിക്കുന്നത്. ഏതു രോഗവസ്ഥയെയും ഒരുപോലെ പിന്തുണച്ചു കൊണ്ട് സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും നേരിടാനും സമാധാനകരമായ കുടുംബാന്തരീക്ഷം ഉണ്ടാക്കുവാനും പുതിയ തലമുറയ്ക്ക് സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

Share on facebook
Share on twitter
Share on linkedin
WhatsApp