മരം കോച്ചുന്ന രാവുകളിൽ
മനസ്സാകെ ചുട്ടു പൊള്ളി
ഉടലാകെ നനഞ്ഞ് …
കണ്ണീരിൽ നനഞ്ഞ
ഉറക്കമില്ലാത്ത രാപ്പകലുകൾ …
ചുളിവ് വീഴാത്ത കിടക്കവിരി
രുചി മറന്ന നാവ്
മണമില്ലാത്ത അടുക്കള
ഇരുളടഞ്ഞ ജനാലക്കാഴ്ചകൾ
ജീവിതം ഒടുക്കണമെന്ന് തോന്നിയ നാളുകൾ …
നിന്നെ മുറുകെ പിടിക്കാറില്ലെങ്കിലും
നീ മുറുകെ പിടിക്കാൻ കൊതിച്ചിരുന്ന വിരലുകൾ
മുറുകെ പിടിക്കുന്നത് മറ്റൊന്നെന്ന
നീറുന്ന സത്യത്തിൻ്റെ
നീരാവിയിൽ പുഴുങ്ങി,
നനുത്ത മഞ്ഞണിഞ്ഞ പുലർവേളകളിൽ,
നിൻ്റെ മനസ്സിൻ്റെ ഉടമയെ തേടി
തനിച്ചുള്ള യാത്രകൾ …
തുറക്കാത്ത വാതിൽപ്പടിയിൽ
കീറി മുറിഞ്ഞുള്ള കാത്തിരിപ്പ് …
തീ കോരിയിടുന്ന വാക്കുകളാൽ
മേനിയാകെ വെന്ത് നീറുമ്പോൾ
കത്തിച്ചാമ്പലാകാൻ കൊതിച്ച വേളകൾ ….
കുറവുകളിൽ നിന്ന്
നിറവുകളിലേയ്ക്ക്
അവൻ ഒഴുകി എത്തിയപ്പോൾ …
നിറഞ്ഞ മനസ്സിൽ
നിനക്കിടമില്ലെന്ന സത്യം
പഠിപ്പിച്ച പാഠങ്ങൾ …
മിഴികൾ അടച്ച്,
മനസ്സ് പൂട്ടി
കേട്ട ഗുണഗണങ്ങൾ …
അറിയാത്ത ദൂരങ്ങളിലേക്ക്
പറന്നകന്നപ്പോൾ
തകർന്ന്, തനിച്ചായിട്ടും …
എന്നിട്ടും…. എന്നിട്ടും….
എങ്ങനെ ??
ഇങ്ങനെ ??
നീ …കാത്തിരിക്കുന്നു ???