പ്രതി

Binu- Cousin - haritha VV കഥ 2009 EC
Haritha

“അതേയ്, ഇപ്പൊ ചളിവെള്ളം ഒന്നാമത്തെ സ്റ്റെപ്പ് കടന്നു ട്ടോ…മഴയൊട്ട് നിക്ക്ന്നൂല്ലാ…ഇനീപ്പം….”

വരാന്തയിലെ കാര്‍പ്പെറ്റ് അകത്തേക്ക് ഉന്തിനീക്കി വാതില്‍ കൊട്ടിയടച്ച് അവള്‍ മഴയെ പുറത്താക്കുക തന്നെ ചെയ്തു.നാലുഭാഗത്തും കെട്ടിയുയര്‍ത്തിയ മതിലുകള്‍ക്കിടയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന, വൃത്തികെട്ട വെള്ളത്തിന്‍റെ നിരപ്പളന്നു കൊണ്ട് സമീപഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വെള്ളപ്പൊക്കത്തെപ്പറ്റി വേവലാതിപ്പെട്ട് താടിക്കുകൈയും കൊടുത്ത് അവള്‍ സോഫയില്‍ വന്നിരുന്നു.

പനിച്ചൂടില്‍ വേവുന്ന ശരീരത്തെ മഴക്കുളിരില്‍ നിന്ന് മൂടിപ്പുതച്ചും പുഴുക്കടിയേറ്റ് നിലത്തു കുത്താന്‍ കഴിയാത്ത കാലുകള്‍ സെറ്റിയില്‍ കയറ്റി വെച്ചും സ്വസ്ഥമായിരിക്കാനുള്ള എന്‍റെ ശ്രമത്തിലേക്കാണ് മിനിട്ടുകള്‍ ഇട വിട്ടുള്ള ജലനിരപ്പളവുകളുമായി വന്ന്‍ അവളെന്നെ അലോസരപ്പെടുത്തുന്നത്.തൊട്ടടുത്ത നിമിഷത്തെ എന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുന്നത്!!!

‘നമ്മള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.ടൗണില്‍ റോഡരികിലെ സ്ഥലം വിലയ്ക്ക് വാങ്ങി കഴിഞ്ഞ വേനലില്‍ പുതിയ ഇരുനില വീട്ടില്‍ സുഖമായി കിടന്നുറങ്ങിയപ്പോള്‍ വെള്ളക്കെട്ടെന്ന ഒരു പ്രതിസന്ധിയെക്കുറിച്ച് ആലോചിച്ചില്ല..

പ്ലാസ്റ്റിക്ക്സര്‍ജറി ചെയ്ത് മുഖം മാറ്റപ്പെട്ട ഏതോ കൃഷിനിലമായിരുന്നു ഇവിടം എന്നാ വസ്തുത പരിഗണിച്ചുപോലുമില്ല.”

വികൃതമായി ശബ്ദിക്കുന്ന എന്‍റെ തൊണ്ടയെക്കളിയാക്കിക്കൊണ്ട് വീടിന്‍റെ ഇരുണ്ട മൂലയില്‍ നിന്ന്‍ തവളകള്‍ ഇടയ്ക്കിടെ മുരടനക്കുന്നു.!

നിലവിലുള്ള പ്രശ്നത്തിന്മേല്‍ വ്യക്തമായ ഒരു പ്രതികരണം ആവശ്യമുള്ളതിനാല്‍ അവള്‍ തന്‍റെ ആവലാതികള്‍ ഫോണിലൂടെ അമ്മയുടെ മുന്നില്‍ നിരത്താന്‍ തുടങ്ങി. മഴക്കെടുതികളുടെ ദുരിതകഥകള്‍ പരസ്പരം പങ്കുവെക്കാന്‍ തുടങ്ങി.പുറത്തെ ’മഴക്കൂറ്റി’നെ ജയിക്കാന്‍ കഷ്ടപ്പെടുന്ന അവളുടെ ഫോണ്‍ സംഭാഷണത്തില്‍ സങ്കടവും സഹതാപവും ഉണ്ടായിരുന്നു…കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു…ഇടയ്ക്കെപ്പോഴോ ക്ഷീണിതനായിരിക്കുന്ന ഞാനും അവര്‍ക്കിടയില്‍ ഒരു വിഷയമായി..

താളം തെറ്റിച്ച് കനക്കുന്ന മഴത്തുള്ളികള്‍…തകര്‍ത്തു പെയ്യുന്ന അവളുടെ ശബ്ദം….

ഏതോ വാര്‍ത്താചാനലില്‍ തികഞ്ഞ നിഷ്പക്ഷതയോടെ വാര്‍ത്തകള്‍ വായിക്കുന്നയാളുടെ നിര്‍വികാരമായ മുഖത്തേയ്ക്ക്  നോക്കിയിരിക്കുകയായിരുന്നു ഞാന്‍..

ഇന്നത്തെ ചൂടുള്ള വിഷയം മഴ തന്നെയാണ്!!

ഓരോ വാര്‍ത്ത അവസാനിക്കുമ്പോഴും അടുത്തതില്‍ മഴയുണ്ടാവാതിരിക്കാന്‍ ആഗ്രഹിച്ചുപോകുന്നു…പക്ഷേ,നിരാശപ്പെടുത്തിക്കൊണ്ട് മഴ തകര്‍ത്തെറിഞ്ഞ കൃഷിപ്പാടങ്ങളുടെ,കെട്ടിടങ്ങളുടെ,പദ്ധതികളുടെ, ജീവിതങ്ങളുടെ ക്യൂ പിന്നെയും നീളുന്നു..

വാര്‍ത്താനേരങ്ങള്‍ കൂടുതല്‍ ചലനാത്മകവും ആകര്‍ഷണീയവുമാകുന്നത് സംഭവസ്ഥലത്ത് നിന്നും തല്‍സമയമായോ അല്ലാതെയോ ഉള്ള ചിത്രീകരണങ്ങള്‍ ഉണ്ടാവുമ്പോഴാണ്.ഒരു ക്യാമറാമാന്‍റെ കൂടെ സംഭവസ്ഥലത്ത് വാചാലരാവുന്ന ചാനല്‍ പ്രതിനിധികള്‍ ഏറ്റവും എക്സ്ക്ലൂസീവ് ആയ വാര്‍ത്തകള്‍ക്കും കാഴ്ചകള്‍ക്കും ,സാധാരണക്കാരുടെയും വിദഗ്ദരുടെയും അഭിപ്രായങ്ങള്‍ക്കും വേണ്ടി ഊര്‍ജസ്വലമായി ചലിക്കുന്നത് കാണുമ്പോഴാണ് രണ്ടു ദിവസമായി എന്നെ പിടികൂടിയിരിക്കുന്ന പനിയോടും പുഴുക്കടിയോടും കഠിനമായ ദേഷ്യം തോന്നിയത്. അല്ലായിരുന്നെങ്കില്‍ അവരിലൊരാളാവേണ്ട ഞാനാണ് വെറും കാഴ്ചക്കാരനായി ചടഞ്ഞു കൂടിയിരിക്കുന്നത്.

കാഴ്ചക്കാരന്‍റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാന്‍ കാഴ്ചകള്‍ക്ക് കഴിയേണ്ടതുണ്ട്.ആ ഉത്തരവാദിത്തം കാഴ്ചകള്‍ തിരഞ്ഞെടുക്കുന്നവന്‍റെതാണ്.

ഇരയെ അകത്താക്കാന്‍ വാപിളര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍.. ജീവനെ തുടച്ചു മാറ്റാന്‍ വ്യഗ്രതപ്പെട്ടൊഴുകുന്ന മലവെള്ളം…തീരത്തെ വിഴുങ്ങാന്‍ അലറിയടുക്കുന്ന തിരമാലകള്‍…. അവയില്‍ നിന്നൊക്കെ രക്ഷപ്പെട്ട് ഒറ്റയ്ക്കും കൂട്ടമായും നില്‍ക്കുന്ന മനുഷ്യരോട് അവര്‍ പ്രസക്തങ്ങളായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രദ്ധിക്കുന്നു…

അധികാരികളുടെ അവഗണനയിലുള്ള പ്രതിഷേധം,മഴക്കാലത്തോടുള്ള അമര്‍ഷം…അങ്ങനെ അടക്കി വെച്ച രോഷമൊക്കെയും പ്രകടമാക്കുവാനുള്ള അവസരം നല്‍കുന്നു..തങ്ങളുടെ നഷ്ടങ്ങള്‍ക്ക് കാരണമായ ഓരോന്നിനെയും പരസ്യമായി ചീത്ത വിളിക്കാനുള്ള പ്രേരണ ഉണ്ടാക്കുന്നു..ചില ഘട്ടങ്ങളില്‍ ചീത്ത പറച്ചിലുകള്‍ കരച്ചിലുകളിലെക്ക് വഴിമാറാന്‍ കാത്തു നില്‍ക്കുന്നു.

അതുവരെ,കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുംപ്രതികരിച്ചുകൊണ്ടിരുന്ന മനുഷ്യര്‍ പെട്ടെന്നാണ് നഷ്ടപ്പെട്ടതിനെയൊക്കെ പെറുക്കിയെടുത്ത് ടെലിവിഷന്‍ സ്ക്രീനിറങ്ങി എന്‍റെ സ്വീകരണ മുറിയിലേക്ക് കടന്നു വന്നത്.ഒരു കൂട്ടം നിരാശ്രയരായ അഭയാര്‍ഥികള്‍..

ചാനലിന്‍റെ ലോഗോ പതിച്ച മൈക്ക് എപ്പോഴാണ് എന്‍റെ കയ്യില്‍ വന്നുപെട്ടതെന്നറിയില്ല..ഞാന്‍ സംസാരിക്കുകയാണ്…

“പറയൂ…ഈ മഴ നിങ്ങള്‍ക്കുണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ച് പറയൂ..”

അവര്‍ പറഞ്ഞു തുടങ്ങി.പിന്നെപ്പിന്നെ ചോദിക്കാതെ തന്നെ അവര്‍ മഴയുടെ മേല്‍ കുറ്റങ്ങള്‍ ആരോപിക്കാന്‍ തുടങ്ങി.എന്‍റെ സ്വീകരണമുറിയ്ക്ക് വളരെ പെട്ടെന്ന് തന്നെ ഒരു കോടതിമുറിയുടെ മുഖം കൈവന്നു….

ഏറ്റവുമൊടുവില്‍,ഭരണഘടന അനുവദിച്ചിട്ടുള്ള ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ച് ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത മഴയ്ക്ക് ശിക്ഷ വിധിക്കണമെന്ന പൊതു ആവശ്യം ഉയര്‍ന്നു വന്നു.

അപ്പോഴാണ്,കോടതിമുറിയുടെ നിലത്ത് ചെളിവെള്ളം പരക്കാന്‍ തുടങ്ങിയത്.മഴ ശിക്ഷിക്കപ്പെടണമെന്നത് സംശയലേശമെന്യേ തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന്‍ ഉറക്കെ പറയാന്‍ വാ തുറന്നതായിരിന്നു..ശബ്ദം പക്ഷെ പുറത്തേയ്ക്ക് വന്നില്ല..

കഴിഞ്ഞ വേനല്‍ക്കാലം ചുട്ടെരിച്ചു കളഞ്ഞ ജീവജാലങ്ങള്‍ക്ക് വേണ്ടി വളരെ ശക്തമായി പ്രതികരിച്ച ശബ്ദമാണ് മഴ അടച്ചു കളഞ്ഞത്.!

ഇപ്പോഴത്തെ പ്രതി കൂടുതല്‍ ശക്തനാണ്!!!

ഡോക്ടറെ കണ്ടാലോ എന്നാ ചിന്ത കഠിനമായപ്പോഴാണ് അവള്‍ ഫോണ്‍ വിളി മതിയാക്കി തിരിച്ചു വന്നത്.പുതിയ വാര്‍ത്തകള്‍,വേവലാതികള്‍,സങ്കടങ്ങള്‍ ഇപ്പോള്‍ എന്നെ കെട്ടി വരിയാന്‍ തുടങ്ങും…മാന്തിപ്പൊളിക്കും…അതിഭയങ്കരമായ കലമ്പലുകളും  ദയനീയമായ  നിലവിളികളും ഉയരും….

ഹോ…നരകം..!!!!!!!.ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു..!!!!!!

പെട്ടെന്ന്‍,തണുത്ത ഒരു കൈത്തലം വിങ്ങുന്ന എന്‍റെ നെറ്റിയില്‍ അമരുന്നത് ഞാനറിഞ്ഞു..പനിക്കൂര്‍ക്കലിന്‍റെ മണമായിരുന്നു അതിന്..

അന്നേരം , കോടതിമുറിയില്‍ കീറിമുറിഞ്ഞും ചീഞ്ഞു നാറിയും നിന്ന ഭൂമിയെ പ്രണയിച്ചു കൊണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മഴയെ പാതിമയക്കത്തിലും ഞാന്‍ കണ്ടു…നിരപരാധിത്വം സ്വയം സ്ഥാപിക്കാന്‍ കഴിയാത്ത നിസ്സഹായതയില്‍ അവള്‍ നിര്‍ത്താതെ കരയുകയായിരുന്നു….

Share on facebook
Share on twitter
Share on linkedin
WhatsApp