മുഖക്കുറിപ്പ്

ഓഗസ്റ്റ് 2021

ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ ഇന്ത്യക്കാരുടെ മേല്‍ ഇരുള്‍ വീണു കൊണ്ടിരിക്കുകയാണ്‌. ഓരോ ദിവസവും ഉദിക്കുന്നത് നമ്മെയാകെ നിയന്ത്രണവലയത്തിലാക്കുന്ന പുതിയ ഓരോ നടപടികളുമായാണ്‌. 2012-ലും മറ്റും നാം അഴിമതിക്കെതിരെ വലിയ പൌരപ്രക്ഷോഭങ്ങള്‍ കണ്ടു. ഇന്ന് അത്തരമൊന്ന്‌ അരങ്ങേറിയാല്‍ പങ്കെടുത്തയെത്ര പേര്‍ ജയിലിനു പുറത്തുണ്ടാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

2002-ലെ ഗുജറാത്ത് വംശഹത്യയെ സംബന്ധിച്ച് തനിക്കറിയാവുന്ന ചില വസ്തുതകളില്‍ ഉറച്കു നിന്നതിനാണ്‌ ശ്രീ. സഞ്ജീവ് ഭട്ടിനെ 25 വര്‍ഷം മുമ്പു നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ജയിലിലടച്ചത്. ഗുജറാത്തില്‍ നടന്ന മറ്റൊരു സംഭവത്തില്‍, ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് അനുകൂലമല്ലാത്ത വിധി പ്രസ്താവിച്ച ജസ്റ്റിസ് ലോയ ദുരൂഹമായി മരണപ്പെടുന്നതും നാം അറിഞ്ഞു.

ഇന്ത്യയിലെ ദളിത് സമരങ്ങളുടെ ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊന്നായ ഭീമ കൊറേഗാവ് സംഭവത്തിന്റെ വാര്‍ഷികം ആഘോഷിച്ചതുമായി ബന്ധപ്പെട്ട്, അതില്‍ പങ്കെടുത്തട്ടില്ലാത്ത ഇന്ത്യയിലെ ബുദ്ധിജീവിവൃന്ദത്തിലെ ശ്രദ്ധേയരായ പലരേയും “അര്‍ബന്‍ നക്സല്‍” എന്ന പുതിയൊരു സംജ്ഞ കണ്ടെത്തി ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കാനും ഭരണകൂടം മുതിര്‍ന്നു.

ഇന്ത്യയിലെ പ്രധാന സര്‍വകലാശാലകളായ ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്‌സിറ്റിയിലും ജാമിയ മില്ലിയ സര്‍വകലാശാലയിലും പൊലീസ് കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തത് അക്കാദമിക സമൂഹത്തിനെതിരെയുള്ള മറ്റൊരു കിരാത നടപടിയായിരുന്നു. ജെ. എന്‍. യു.വില്‍ പിന്നീട് ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടന തന്നെ കാമ്പസ്സിനകത്തു കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി പരിക്കേല്‍പ്പിക്കുന്ന നടപടിയും ഉണ്ടായി.

ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്യപ്പെട്ട ഝാര്‍ഖണ്ഡിലെ ആദിവാസി ക്ഷേമപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ കൊലയ്ക്കു കൊടുക്കുകയാണ്‌ ഉണ്ടായത്. വൃദ്ധനും രോഗബാധിതനുമായ അദ്ദേഹത്തിന്‌ ഭക്ഷണം കഴിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതില്‍പ്പോലും സര്‍ക്കാര്‍ ക്രൂരമായ നിഷേധബുദ്ധി പുലര്‍ത്തി.

ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടയിലെ ആനുഷംഗികമായ പ്രയോഗത്തിന്റെ പേരില്‍ ലക്ഷദ്വീപുകാരിയായ അയിഷ സുല്‍ത്താനയ്ക്കെതിരെ നടക്കുന്ന വേട്ടയാടല്‍ ഇപ്പോഴും തുടരുന്നു. അവരുടെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചത് ദേശീയ സ്ഥാപനങ്ങളിലേക്കല്ല, ഗുജറാത്തിലേക്കാണ്‌ എന്ന വിചിത്രമായ കാര്യം നാം കേട്ടു.

ഇങ്ങനെ ഏതു മേഖലകളില്‍പ്പെട്ടവരായാലും, ഭരിക്കുന്നവര്‍ക്ക് ഒരല്‍പ്പം മനഃപ്രയാസം ഉണ്ടാക്കുന്നു എന്നു വന്നാല്‍ അവരെ വളഞ്ഞിട്ടു ദ്രോഹിച്ച് വരുതിക്കു കൊണ്ടുവരാനും, അവരുടെ നേരെ അനുവര്‍ത്തിക്കുന്ന കാര്‍ക്കശ്യം കാണിച്ച് മറ്റുള്ളവരെ നിശ്ശബ്ദരാക്കാനുമുള്ള ശ്രമങ്ങള്‍ അതിന്റെ ഉച്ഛസ്ഥായിയിലാണ്‌.

സര്‍ക്കാരുകള്‍ക്കു മാത്രം വാങ്ങാവുന്ന ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒട്ടനവധി പ്രമുഖവ്യക്തികളുടെ ഫോണുകളും കമ്പ്യൂട്ടറുകളും ചോര്‍ത്തി എന്നത് ഈ നിരയിലെ ഏറ്റവും പുതിയ സംഭവമാണ്‌. ഇസ്രയേലി സോഫ്റ്റ്‌വെയര്‍ ആയ പെഗസസ് ഉപയോഗിച്ചുള്ള സ്വകാര്യതാ ലംഘനത്തെക്കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നടത്തിയ പഠനത്തിലാണ്‌ അതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതുവരെ പ്രതിപക്ഷവും അക്കാദമിക-മാധ്യമലോകവും ആയിരുന്നു നിരീക്ഷണ പരിധിയില്‍ എങ്കില്‍, ഇതില്‍ സ്വന്തം സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സ്വന്തം നിഴലിനെപ്പോലും വിശ്വാസമില്ലാത്ത, ഏറെക്കാര്യങ്ങള്‍ മറച്ചുവെക്കാനാഗ്രഹിക്കുന്ന, ഒരു നിഗൂഢവൃന്ദത്തിന്റെ ലക്ഷണങ്ങളാണ്‌ നമ്മുടെ ഗവണ്‍മെന്റ് പ്രകടിപ്പിക്കുന്നത്.

ഈ ചാര സൊഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഉപകരണങ്ങളില്‍ ആ വ്യക്തി അറിയാതെ രേഖകള്‍ നിര്‍മ്മിച്ച് കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന സാദ്ധ്യത കൂടിയുണ്ട്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ പലരും തങ്ങളുടെ മേല്‍ ആരോപിതമായ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് വാദിക്കുന്നുണ്ട്. അതും ഈ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന സംശയം ഉണര്‍ത്തുന്നതാണ്‌.

ഇതൊക്കെ നമ്മുടെ ജനാധിപത്യത്തിന്റെയും പൌരാവകാശങ്ങളുടേയും മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന സംഭവങ്ങളാണ്‌. ഇതിനെ നട്ടെല്ലുയര്‍ത്തി എതിര്ത്തില്ലെങ്കില്‍, ആ വാതായനങ്ങളൊക്കെ അടഞ്ഞ് ഭരണകൂടത്തെ നിയന്ത്രിക്കുന്ന പ്രാകൃത ശക്തികളുടെ അടിമകളായി നാം ജീവിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ്‌ നാട് ചെന്നെത്തുക. അതിന്‌ അനുവദിക്കരുത്. ഇന്നലെ വരെ നാം മറ്റു വിഷയങ്ങളില്‍ പുലര്‍ത്തിയിരുന്ന അഭിപ്രായവ്യത്യാസങ്ങളൊക്കെ മാറ്റിവെക്കുക. സര്‍വശക്തിയും സംഭരിച്ച് ഈ കടന്നുകയറ്റങ്ങളെ ചെറുത്തു തോല്‍പ്പിക്കുക.

പ്രതീക്ഷകളോടെ പത്രാധിപസമിതി

Share on facebook
Share on twitter
Share on linkedin
WhatsApp