പെൺമുറിവ്

Sindhu RamaChandran Do 84-88 Mech പെൺമുറിവ് Photo 5050
Sindhu Ramachandran
W/o Ramachandran 1988 ME

ഓരോ പ്രഭാതവും
കൺതുറക്കുന്നത്
പുതുവെളിച്ചത്തിലൂടെ
പാതിരാമയക്കത്തിന്റെ
ഉണർവിൽ…
അന്ധകാരത്തിന്റെ
ചുഴിയിൽ ചിതറുന്ന
ചില്ലു കൊട്ടാരത്തിന്റെ
ചീളുകൾ
കോറിയ മുറിവിലൂടെ
പാതിമുറിഞ്ഞ സ്വപ്‌നാടനം.
ജാലകപ്പഴുതിലെ
നേർത്ത

വെയിൽ നാളങ്ങളിലും
മഴച്ചാർത്തിലും
നിനവുകൾക്കു
നിറം പകരാൻ
ശ്രമിക്കുമ്പോൾ
മറയ്ക്കപ്പെടുന്ന
തിരശ്ശീലകൾ
അടുക്കളപ്പുകയിൽ 
നിന്നുയരുന്ന
കറിക്കൂട്ടുകളുടെ
രുചിഭേദങ്ങൾക്കപ്പുറത്ത്

അറിയാതെ പോകുന്ന
പെൺമനസ്സിന്റെ അഭിരുചി
സഹനമെന്ന
വാക്കിന്റെ ബലം
കൂടിയതുകൊണ്ടാവാം
നിശബ്ദമായത്.
മാറ്റങ്ങൾക്ക് മുറവിളി കൂട്ടുമ്പോഴും
നിഷ്ഫലമാകുന്ന കാഴ്ചകൾ 
പറന്നുയരാനുള്ള ചിറകുകൾക്ക്
തടയിടുന്ന
സമൂഹത്തിന്റെ പൊയ്‌മുഖം.
തുറന്നിട്ട പകലിനും
അടച്ചിട്ട രാത്രിയ്ക്കുമിടയിൽ
എരിയുന്ന പെൺമനം.
ത്യാഗത്തിന്റെയും
കടമയുടെയും
കണക്കുപട്ടിക
പൂർത്തിയാക്കുമ്പോൾ
സ്വന്തമെന്ന് കരുതിയത്
സ്വന്തമല്ലെന്ന തിരിച്ചറിവിൽ
അടയ്ക്കപ്പെടുന്ന
വാതിലുകൾക്കു
മുന്നിൽ ഉരുകുന്ന പെൺമനം.
തേങ്ങലുകൾക്കു
വിരാമമില്ലാതെ
ഭീതിയുടെ
ഇരുളിൽ നിന്നും
വെളിച്ചത്തിലേക്ക് 
ഇനിയെത്ര ദൂരം…..

Share on facebook
Share on twitter
Share on linkedin
WhatsApp