ക്യാമ്പസിലേക്കു വീണ്ടും

93962840_3122735071071144_1785483901414670336_n
Sreenadhan S
1982 EEE

തരിക നീയിന്നെനിക്കഴലിൻ നിശാന്തത്തി-
ലണയും ഉഷസ്സിന്റെ ഹരിതഗീതങ്ങളായ്
ശാന്തി വന്നലിയുമരയാലിലത്താലിയിൽ
പകരുമിക്കാറ്റിന്റെ ഭൂപാളകീർത്തനം.

വേനലിൽ, വർണ്ണപ്പതാകകൾ സാക്ഷിയായ്
കത്തുന്ന തരിശുകൾ അളക്കുന്ന ചങ്ങല
ആർദ്രനയനങ്ങളിൽ ടെലിമെട്രി, പിന്നെയ-
ക്കൌമാരമോഹങ്ങളുരുകുന്ന മൂശകൾ.
യന്ത്രതാപത്തെശ്ശമിപ്പിച്ച പെണ്ണിന്റെ
കണ്ണുനീരുറവകൾ
പാതിരയെണ്ണയെരിയിച്ച പുസ്തകം
പാതിവരച്ചു നിറുത്തിയ സ്കെച്ചുകൾ.

വിടചൊല്ലിയന്നു ഞാൻ പിരിയവേ കുന്നിന്റെ
നെറുകയിലെറിഞ്ഞവൾ മിഴികൾ;
യാത്ര ചോദിക്കുവാനരുതാത്ത രാത്രിയുടെ
വയലിനിൻ, തേങ്ങലായ് തീർന്നൊരെൻ ‌കൂട്ടുകാർ.

ചാന്ദ്രസ്പർശങ്ങളുടെ സ്മൃതിലഹരി മലകളുടെ
മുലഞെട്ടിൽ പൊട്ടിത്തരിക്കേ
ഏതോ വനാന്തരേ,വേടന്‍ തൊടുക്കുന്നൊരമ്പിനായ്
കാത്തുകൊണ്ടിന്നീ ശിലാതലം ചെറ്റിരിക്കട്ടെഞാൻ
ചോരയിൽ കുതിരുമൊരു പാവം മനസ്സിന്റെ-
മുടിയിഴ നരയ്ക്കവെ,ഹരിനാമകീർത്തനം-
പാടുമിക്കന്മഞ്ചമിരുളവേ,പഥികന്റെ-
പങ്കിലസത്രങ്ങൾ,തീവെയിൽ നഗരികൾ
ഉന്മാദരാവുകൾ വിസ്മൃതമാകവേ,
നിൻ ഗോപുരാഗ്രേ മണി മുഴങ്ങീടവേ
ഒരു ജിപ്സി നർത്തകിയെ കാണുവാനുഴറിയൊരു
കൂനന്റെ തപ്തമാം നേത്രങ്ങളിൽ നിന്നു-
മൊരു കൊച്ചു നൊമ്പരം അടരുന്നുവോ?

ഇല്ലില്ല, പന്തങ്ങളോർമ്മകൾക്കപ്പുറത്തിപ്പുറ-
ത്താരോ കൊളുത്തിയ പന്തങ്ങളുയരുന്നു.
കാണ്മൂ,പ്രകാശാതിവേഗമീപ്പാതയിൽ,പൈതങ്ങൾ
പമ്പരം ചുറ്റവേ,നീയന്ന് മേഘാരവങ്ങളിൽ നിന്നും
മനുഷ്യന്റെ നക്ഷത്രദീപ്തി അവർക്ക് കൊടുത്തതും
സൌരോർജ്ജമൂറ്റിത്തുടുപ്പിച്ച നിൻ പള്ളി
വാളിന്റെയഗ്രേ തെറിക്കുന്ന വിത്തുകൾ
ഉർവരമീ വയല്‍ത്താരയിൽ വീണതും
മലമുകളിൽ പണ്ടവർ തളച്ചിട്ട കാലമൊരു
ഉരുകുന്ന വെള്ളിപോൽ നിനക്കായ് ചുരന്നതും.

തരിക നീ,യീമലയു,മലയുന്ന മഴമേഘവൃന്ദവും
പെയ്തേയൊടങ്ങുന്നൊരിപ്പവിഴതാഴ്വര-
യിലേതോ കരിമ്പനപ്പട്ടമേലിടറുന്ന
നീർക്കാറ്റിലെത്തും വിതീർണ്ണ ഗന്ധങ്ങളും

തരിക നീ,വീണ്ടുമീപ്പഥികനായിരുളുന്ന
സായന്തനത്തിലൊരു സാഗരം‌പോൽ
സൂര്യഗീതങ്ങളുണരുമീ,ച്ചൂളമരങ്ങളിൽ
പതയുമിക്കാറ്റിന്റെ നടരാജനർത്തനം

Share on facebook
Share on twitter
Share on linkedin
WhatsApp