മാറുന്ന എഞ്ചിനീറിങ് ലോകം

Rafeeq Zacharia_Marunna engineering Lokam- -1990 Civil (1)
Rafeeq Zacharia
1990 CE

കമ്പ്യൂട്ടറുകളുമായി യാതൊരു ബന്ധവുമില്ലാത്ത എൻജിനീയറിങ് ശാഖയിൽ പഠനം നടത്തി പുറത്തേക്കിറങ്ങിയ ആധുനിക കേരളത്തിലെ രണ്ടാം തലമുറയുടെ പ്രതിനിധി എന്ന നിലയിൽ കമ്പ്യൂട്ടറും ഇൻഫർമേഷൻ യുഗവും എങ്ങനെ ജീവിതത്തെ സ്വാധീനിച്ചു എന്നതൊന്നു ഓർത്തെടുക്കാനാണ് ഈ കുറിപ്പ്. 1990 കളിൽ കോളേജ് പഠനം കഴിഞ്ഞ് നേരെ പൊതു മരാമത്ത് വകുപ്പിൻ്റെ രണ്ട് പാലം പ്രൊജക്ടു കളിൽ പ്രവർത്തിച്ചതിൻ്റെ അടിസ്ഥാനത്തിൽ ‘ഇങ്ങനെ പോയാൽ ശരിയാവൂല’ എന്ന ബോധ്യം ഉടലെടുത്തിരുന്നു. ആഗോള വത്ക്കരണത്തിൻ്റെ അനുരണനങ്ങൾ രാജ്യത്ത് തുടങ്ങിയ 1991-92 കാലത്ത മറ്റു പലരേയും പോലെ ഭാവി അനിശ്ചിതമായി നീങ്ങുന്ന കാലത്താണ്  പുറത്തേക്ക് പോവുക എന്ന ലക്ഷ്യം വെച്ച് അക്കാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന wordstar,lotus സൈൻ ബോർഡ് ശ്രദ്ധയിൽ പെടുന്നതും കമ്പ്യൂട്ടർ പഠനത്തിന് പെരിന്തൽമണ്ണയിലെ ശീതീകരിച്ച മുറികളുള്ള കമ്പ്യൂട്ടർ ക്ലാസ്സിൽ ചേർന്ന് പഠനം തുടർന്നതും. വേർഡ് സ്റ്റാർ വേണോ ലോട്ടസ് വേണോ എന്ന ചോദിച്ചപ്പോൾ കൃത്യമായ ഉത്തരമറിയാത്തതു കൊണ്ട്, എന്നാൽ വേർഡ് സ്റ്റാർ മതി എന്ന് മറുപടി പറഞ്ഞ് കോഴ്സ് തുടങ്ങുന്നത് .ഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ കൺട്രോൾ എഫും കൺട്രോൾ ഡിയുമൊക്കെയായി അക്ഷരങ്ങളുടെ കളിയായ കത്തുകളും മറ്റും ടൈപ്പ് ചെയ്യുന്ന പരിപാടി ആണ് എന്ന് പിന്നീടാണ് മനസ്സിലായത്. അക്കങ്ങളുടെ കളിയായ ലോട്ടസ് ആയിരുന്നു ചേർന്നത് എന്ന് പിന്നീടാണ് മനസ്സിലായത്.

ഇന്ത്യാരാജ്യത്ത് ആഗോളവത്ക്കരള നയങ്ങൾ നടപ്പിലാക്കുന്ന ഗാട്ട് കരാറിൽ ഒപ്പുവെക്കുന്ന കാലത്ത്, തൊഴിൽ തേടി അങ്ങ് സൗദി അറേബ്യയിൽ എത്തിയിരുന്നു. ചെറിയ കമ്പനിയായതുകൊണ്ട് പരിമിതമായ കമ്പ്യൂട്ടർ സൗകര്യമേ ഉണ്ടായിരുന്നുള്ളൂ . എൻജിനീയർ മാർക്കൊന്നും ഇതൊന്നും ആവശ്യമെ ഇല്ല എന്നായിരുന്നു കമ്പനിയുടെ നിലപാട്‌!. ഫലസ്തീനി സെക്രട്ടറിയുടെ അനുമതിയോടെ കമ്പ്യൂട്ടറിൽ കയറി പഠിച്ച കുറച്ചു വേർഡും സ്വന്തമായി ലോട്ടസും ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് വലിയ പുരോഗതിയൊന്നും കമ്പ്യൂട്ടർ പഠനരംഗത്ത് ഉണ്ടായില്ല. സൗദി വാസത്തിനു ശേഷം നാട്ടിൽ കിട്ടിയ ഒഴിവു കാലത്ത് MS Excel പ്രചാരത്തിലായിരുന്നു. വീനസ് റോഡിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എക്സലിൻ്റെ ബേസിക്സ് മനസ്സിലാക്കാ നായിരുന്നു. എക്സലിൻ്റെ സാധ്യതകൾ പഠിപ്പിച്ചിരുന്ന ഇൻസ്ട്രക്ടർക്കും വലിയ പിടിയുണ്ടായിരുന്നില്ല എന്ന് പിന്നീട് മനസ്സിലായി. തൃശൂർ കുരിയച്ചിറയിലെ  ടീം പ്ലസിൽ പ്രവർത്തിച്ചപ്പോഴും കമ്പ്യൂട്ടറിലെ ജോലികൾക്കായി അതാത് ആളുകളുണ്ടായത് കൊണ്ട് കംപ്യൂട്ടറിൽ പ്രാവീണ്യം നേടാൻ വേണ്ടത്ര സാഹചര്യം ലഭിച്ചിരുന്നില്ല.

1997 ൽ വിസിറ്റ് വിസയിൽ യു.എ.ഇ യിൽ വന്ന് ജോലി അന്വേഷിക്കാനായുള്ള സി.വിയിൽ എം.എസ് ഓഫീസ്, ഓട്ടോ കാഡ്  എന്നൊക്കെ എഴുതിയിരുന്നെങ്കിലും വലിയ പ്രാവീണ്യമൊന്നുമില്ലായിരുന്നു എന്ന് ജോലിയിൽ കയറിയതിന് ശേഷമാണ് മനസ്സിലാകുന്നത്. നഗരത്തിലെ ഇന്നീ കാണുന്ന കെട്ടിടങ്ങളിൽ ഭൂരിഭാഗവും 1990-2000 വർഷങ്ങളിൽ നിർമ്മിച്ചവയായിരുന്നു. ഇലക്ട്ര, ഹംദാൻ, ഖലീഫ, അൽഫലാ സ്ട്രീറ്റുകളിലൂടെ ഒരു മൂന്ന് കിലോമീറ്റർ സലാം സ്ട്രീറ്റ് ഭാഗത്തേക്ക് നടന്നാൽ ടവർ ക്രൈനുകളുടെ ഉത്സവമായിരുന്നു. നിർമ്മാണ കമ്പനികളുടെ വലിയ സൈൻ ബോർഡുകൾ എല്ലാ സൈറ്റുകളിലും എഴുതി വെച്ചിട്ടുണ്ടാവും. അവയിൽ നിന്നും ഫാക്സ് /ടെലിഫോൺ നമ്പറുകൾ സംഘടിപ്പിച്ച്, സി വി  ഫാക്സ് ചെയ്തും, നേരിട്ട് എൽപിച്ചും ആണ് ജോലി അന്വേഷണം. വന്ന അതേ ആഴ്ചയിൽ തുടങ്ങി. സിവിൽ എൻജിനീയർമാർക്ക് നല്ല ഡിമാൻറുള്ള കാലമായതുകൊണ്ടാവണം കുറെ ഇൻ്റർവ്യൂ കിട്ടുകയും ഏഴാം ദിവസം മുതൽ ഒരു സ്ഥാപനത്തിൽ ജോലി ലഭിക്കുകയും ചെയ്തു. എന്നെ ഇൻ്റർവ്യൂ ചെയ്ത ജനറൽ മാനേജർ പ്രത്യേക താത്പര്യമെടുത്ത് വർക്ക് സ്പേസ് ശരിയാക്കി തന്നാണ് ലീവിന് പോയത്. മൂന്ന് മാസം സമയമുണ്ടെന്നും ഇതിൽ പഠിക്കാവുന്നതൊക്കെ പഠിച്ചോളണമെന്നും എത്ര സമയവും ഓഫീസിലിരിക്കാമെന്നും സ്നേഹോഷ്മളമായ ഉപദേശങ്ങൾ തരുകയും ഇപ്പോൾ പാസ്പോർട്ട് റോഡ് മൂലയിലുള്ള ഹോട്ടൽ ബിൽഡിങ്ങിൻ്റെ ടെൻണ്ടർ ഡോക്യുമെൻ്റ് ഹാർഡ് കോപ്പി കെട്ടുകൾ ടേബിളിലിലേക്ക് ഓഫീസ് ബോയി കൊണ്ട് വെക്കുകയും ചെയ്തു. ജോലി  നിലനിർത്തുക എന്നത് മറ്റാരെക്കാളും എൻ്റെ ആവശ്യമായിരുന്നു എന്നതിനാലും സ്വതന്ത്രമായ ഒരു വർക്ക് സ്പേസും നല്ല സഹപ്രവർത്തകരും ഒക്കെ ആയിരുന്നത് കൊണ്ട് പരമാവധി ആത്മാർത്ഥതയോടെ ഏൽപിച്ച ജോലി ചെയ്യുകയും അധിക സമയങ്ങളിൽ എക്സൽ , വേർഡ്, എം.എസ് പ്രൊജക്ടും പ്രിമാവറയുടെ പഴയ വെർഷനായ ഷുവർ ട്രാക്കും സ്വയം പരിശീലിക്കാൻ തുടങ്ങി.!.

അതിൽ അനന്ത സാധ്യതയുള്ള എക്സലിനെ വല്ലാതെയങ്ങിഷ്ടപ്പെടുകയും അതിൻ്റെ സാധ്യതകൾ അന്വേഷിക്കുക ഒരു ഹോബിയാവുകയും ചെയ്തു. വർക്ക് ഷീറ്റുകളും വർക്ക് ബുക്കുകളും അവ പരസ്പരം ലിങ്ക് ചെയ്യുകയും എത്ര വലിയ ജോലിയും ഒറ്റ ഫയലിൽ തീർക്കാവുന്ന, എൻജിനീയറിങ് ഫോർമുലകളെ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു സോഫ്റ്റ് വെയർ ആയിരുന്നു മൈക്രോസോഫ്റ്റ് എക്സൽ. നമ്മുടെ ജോലിയും ഭാവിയും ഒക്കെ ഇതു തന്നെ അന്ന് തന്നെ ഉറപ്പിച്ചിരുന്നു. എങ്കിലും, ചില പ്രവർത്തനങ്ങൾ മാന്വൽ ആയേ ചെയ്യാവു എന്ന മൈൻ്റ് സെറ്റ് കാരണം അതങ്ങനെ തന്നെ തുടരുകയും,
ഒരിക്കൽ ഓഫീസ് ടേബിൾ പ്ലാനുകളും കണക്കുകളുമായി പരന്നത് കണ്ടപ്പോൾ ഞങ്ങളുടെ ബഹുമാന്യനായ എംഡി എന്നെ വിളിക്കുകയും എക്സൽ എങ്ങനെ ഉപയോഗിക്കണമെന്ന അദ്ദേഹത്തിൻ്റെ പുറകിലേക്ക് വിളിച്ച് സ്ക്രീനിൽ കാണിക്കുകയും ഒരു മോഡൽ ഫ്ലോപ്പി ഡിസ്ക്കിലാക്കി തരുകയും  ഗുഡ് ലക്ക് എന്നൊരാശംസയും തന്നതു മുതലാണ് എക്സലുമായുള്ള കെട്ടിമറിച്ചിൽ ശരിക്കും  തുടങ്ങിയത്. ക്ലീൻ ഓഫീസ്, പ്രസിഷൻ, ചേസബിലിറ്റി, വീണ്ടും വീണ്ടും ഉപയോഗിക്കാ വുന്ന ഫോർമാറ്റുകൾ, നമ്മുടെ ആവശ്യങ്ങൾക്ക് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയ വയൊക്കെ എക്സലിനെ വല്ലാതെയങ്ങിഷ്ടപ്പെടാൻ ഇടയാക്കി.

2001 സപ്തംബർ 11, വേൾഡ് ട്രേഡ് സെൻറർ സംഭവം ഭീതിയോടെ ഓഫീസിലെ ഒരു  കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കണ്ടത് ഇപ്പോഴും ഓർക്കുന്നു. കമ്പ്യൂട്ടർ ഡാറ്റാ സ്പേസു കൂടുന്നതിനനുസരിച്ച് കമ്പ്യൂട്ടർ സ്ക്രീനുകളുടെ വലുപ്പവും കൂടി വരുകയും എൽ.സി ഡി മോണിറ്ററുകൾ  പഴയ മോണിറ്ററുകൾക്ക് പകരം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഡി.വി ഡി യിൽ ഡോക്യുമെൻ്റുകൾ ലഭ്യമാവുകയും മോണിറ്ററുകൾ വലുതാകുകയും സോഫ്റ്റ് വെയറുകൾ അപ്ഡേറ്റ് ആവുകയും ചെയ്തപ്പോൾ ജോലിഭാരം കൂടുകയാണ് ചെയ്തത് എന്നത് എല്ലാവരുടെയും അനുഭവമായിരിക്കും

ഈ കാലയളവിലാണ്, രണ്ടായിരാമാണ്ടിനു ശേഷമാണ് ദുബായ് നഗരം, പ്രത്യേകിച്ചും ഷെയ്ക് സായിദ് റോഡിൽ കണ്ണഞ്ചിപ്പിക്കുന്ന വികസന പ്രവർത്തനങ്ങൾ നടന്നത്. ഒരു എട്ടു പത്തു വർഷം കൊണ്ട് ഒരു ടൈം ലാപ്സ് വീഡിയോ കാണുന്നത് പോലെയാണ് ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നു വന്നത്. ഇബ്നു ബത്തൂത്താമാളിനടുത്ത്, ഡിസ്കവറി ഗാർഡനിലെ ഒരു പ്രൊജക്ടിൻ്റെ സൈറ്റ് കാണാൻ പോയപ്പോൾ, പരന്ന മരുഭൂമിയല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഓരോ ദിവസവും പുതിയ പുതിയ പ്രൊജക്ടുകൾI. ഒരു സിവിൽ എൻജിനീയറെ സംബന്ധിച്ച് ദുബായ് യാത്രകൾ ആവേശമുണ്ടാക്കുന്നതായിരുന്നു. ടവർ ക്രൈനുകൾ ഉപയോഗിച്ച്, വിവിധ ഡിസൈനുകളിലുള്ള കെട്ടിടങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു. എവിടെ നോക്കിയാലും ചലനം മാത്രം. യഥേഷ്ടം പ്രൊജക്ടുകൾ. വന്നിറങ്ങിയാൽ മതി എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കിൽ ജോലി. അങ്ങനെ ഒരു പക്ഷെ ലോകനിർമ്മാണ ചരിത്രത്തിൽ തന്നെ അത്യപൂർവമായ വേഗതയിലും ആധുനികവുമായ നിർമ്മാണം നടന്ന കാലഘട്ടം. പുതിയ പുതിയ നിർമ്മാണ രീതികൾ. വേഗത എന്നത് ജീവിതത്തിൻ്റെ ഭാഗമായി, എല്ലാവരുടെയും.
എല്ലാം വേഗത്തിൽ കൃത്യതയോടെ നടക്കുന്നതിൽ, മുൻപു പറഞ്ഞ സോഫ്ട് വെയർ രംഗത്തെയും ഡാറ്റാ മാനേജ്മെൻ്റ് രംഗത്തെയും കുതിപ്പ് വല്ലാതെ ഉപകരിച്ചു എന്ന് പറയാതെ വയ്യ. അത്തരം ഒരു ഘട്ടത്തിലൂടെ കടന്ന് വരികയും വീക്ഷിക്കാനും പല പ്രൊജക്ടുകളിലും പരിമിതമായെങ്കിലും ഇടപെടാനുമുള്ള ഭാഗ്യം അക്കാലത്ത് യു.എ.ഇയിൽ ജോലി ചെയ്ത മിക്കവർക്കും കഴിഞ്ഞിട്ടുണ്ടായിരുന്നു.

രണ്ടായിരത്തി എട്ടിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പലരെയും ബാധിച്ചു വെങ്കിലും ദുബായിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇത്തിരി ലോ പ്രൊഫൈലിൽ പിന്നെയും അഞ്ച് വർഷം നടന്നിരുന്നു. 2015 ന് ശേഷം എക്സ്പോ 2020 മായി ബന്ധപ്പെട്ട് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാവുകയും ഡാറ്റാ മാനേജ്മെൻ്റ് സെർവറിലേക്കും ക്ലൗഡുകളിലേക്കും മാറുകയും ഉപയോഗിച്ചു കൊണ്ടിരുന്ന സോഫ്ട് വെയറുകൾ കൂടുതൽ അപ്ഡേറ്റുചെയ്യപ്പെടുകയും ഓരോ വർക്ക് സ്റ്റേഷനുകളിലും രണ്ട് മോണിറ്ററുകൾ ഉപയോഗിക്കുന്ന രീതി വരുകയും ജോലി ഭാരം കൂടുകയും ചെയ്തു എന്നതാണ്. ഈ മാറ്റങ്ങൾക്കൊപ്പം നിന്ന് പോവാൻ പ്രത്യേകിച്ചും പഴയ തലമുറയിലുള്ളവർക്ക് മുമ്പിലുള്ള പോംവഴി അപ്ഡേറ്റഡ് ആവുക എന്നതും ഒന്നിനോടും മുഖം തിരിക്കാതെ പുതിയത് എന്താണൊ അത് എത്രയും പെട്ടെന്ന് പഠിച്ചെടുക്കുക എന്നതായിരുന്നു. ഇതിനിടയിലൂടെ പരിക്കുകളില്ലാതെ ഇരുപത്തഞ്ചി ലധികം വർഷം ജോലി ചെയ്ത ആളെന്ന നിലയിൽ ലഭിച്ച പാഠം.

എങ്കിലും ഇപ്പോഴത്തെ പോക്ക് കണ്ടിണ്ട് ഇതുവരെ തുടർന്ന് വന്ന രീതികൾ പാടെ മാറി, ദ്വിമാന വരകൾക്ക് പകരം ഓട്ടോ ഡെസ്ക് ഡവലപ്പ് ചെയ്ത റെവിറ്റ് പോലുള്ള സോഫ്റ്റ് വെയർ,ബിം എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്ങി ലേക്ക് ചുവട് മാറുന്നതായാണ് കാണുന്നത്. ഒരു ലാപ്ടോപ്പാ, ഐപാഡോ ഉണ്ടെങ്കിൽ ഡിസൈൻ എൻജിനീയർ മുതൽ സൈറ്റ് എൻജിനീയർക്ക് വരെ റഫർ ചെയ്യാവുന്ന ത്രിമാന രൂപകല്പനകൾ ആക്കുന്ന രീതിയിലേക്ക് പെട്ടെന്ന് മാറുന്നത് പിന്തുടരുക  പഴയ തലമുറക്ക് അത്ര എളുപ്പമാവില്ല!. ഓട്ടോകാഡ്, എൻജിനീയറിങ് ഡിസൈൻ രംഗത്തു നിന്നും പിൻവാങ്ങുന്ന കാലം വിദൂരമല്ല എന്ന് ഓട്ടോ ഡസ്ക് മുന്നറിയിപ്പ് തരുന്നുമുണ്ട്. തീർച്ചയായും അനുബന്ധമായ എല്ലാ സോഫ്റ്റ് വെയറുകളും രീതികളും പിൻവാങ്ങുമെന്ന് പറയേണ്ടതില്ലല്ലോ. മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിലവിലെ രീതികൾ പിൻതുടരുന്ന  ഒരു തലമുറ തന്നെ പിൻ വാങ്ങേണ്ടി വരുമെന്നും സൂചനയുണ്ട്.

പറഞ്ഞ് വരുന്നത് ഡ്രോയിങ് ബോർഡും ടി. സ്ക്വയറും ഉപയോഗിച്ച് കടലാസിൽ രൂപകല്പനകൾ ചെയ്തിരുന്ന തലമുറയിൽ നിന്നും കമ്പ്യൂട്ടർ സ്ക്രീനിലേക്ക് മാറിയ രണ്ടാം തലമുറയിലേക്ക് എൻജിനീയറിങ് ഡിസൈനും അനുബന്ധ പ്രവർത്തനങ്ങളും പുതിയ ത്രിമാന രീതികളിലേക്ക് ചുവട് മാറി മൂന്നാം തലമുറയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

എല്ലാ സൗകര്യങ്ങളും ആവശ്യത്തിനായി എന്നും, ഇനി എൻജിനീയറിങ് മേഖലയിൽ കാര്യമായി ഒന്നും ഉണ്ടാകില്ല എന്ന വാദം നിരർത്ഥകമാണ്. ഒരു കോൺക്രീറ്റ്  കെട്ടിടത്തിൻ്റെ അഥവാ വീടിൻ്റെ നിലനിൽക്കാൻ സാധ്യതയുള്ള ശരാശരി വർഷം മുപ്പതാണെങ്കിൽ  ഒരു എൻജിനീയറുടെ ശരാശരി പ്രഫഷണൽ ജീവിതത്തിൻ്റെ വർഷവും 30 -35 വർഷമാണ് എന്നോർക്കണം. അഥവാ എല്ലാ തലമുറയിലെ എൻജിനീയർമാർക്കുള്ള നിർമ്മാണ പ്രവർത്തനം നടന്നു കൊണ്ടെ ഇരിക്കും!

ലോകരാജ്യങ്ങളുടെ വാതിൽ തുറന്ന് വച്ച ആഗോളീകരണ കാലഘട്ടത്തിൽ പ്രഫഷണൽ ജീവിതമാരംഭിച്ച രണ്ടാം തലമുറയിലെ എൻജിനിയർമാർ അവരുടെ  സർവീസിൻ്റെ അവസാന കാലം എത്തി നിൽക്കുന്നത്  കോവിഡ് പ്രതിസന്ധി നല്കുന്ന അടച്ചു വെച്ച ലോകത്താണ്. ഒട്ടേറെ പദങ്ങൾ, സ്പേസ്, അതിരുകൾ അടക്കുക, സോഷ്യൽ ഡിസ്റ്റൻസ്  തുടങ്ങിയവ ജീവിതത്തിൻ്റെ ഭാഗമാവുകയും കോമൺ, ഷെയറിങ് തുടങ്ങിയ പദങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുന്ന വരും വർഷങ്ങളാണ് മുന്നിലുള്ളത്. അത് കൂടി കണക്കിലെടുത്തുള്ള എൻജിനീയറിങ് സാധ്യതകളിലേക്കാണ് കോവിഡ് കാലവും കോവിഡാനന്തര ലോകവും തുറക്കുന്നത് എന്നുകൂടി നാം മുന്നിൽ കാണേണ്ടിയിരിക്കുന്നു.

Share on facebook
Share on twitter
Share on linkedin
WhatsApp