മുത്തശ്ശനും കൊച്ചുമോളും
Jayasheelan M. A.
1988 ME
അന്ന്, രണ്ടു വർഷം മുൻപ്, തോരാമഴ ദിവസങ്ങളിൽ ഒന്നിൽ, പോയതിൽ പിന്നെ കൊച്ചുമോളുടെ സ്വപ്നങ്ങളിൽ പോലും എപ്പോഴുമൊന്നും മുത്തശ്ശൻ വരാറില്ല. പക്ഷെ ഇന്നലെ വൈകുന്നേരം, മുത്തശ്ശന്റെ കൂടെ വായനശാലയിലേക്ക് നടക്കുകയായിരുന്നു.
മുത്തശ്ശന്റെ മുഖത്തു നോക്കിയപ്പോൾ വല്ലാത്ത സങ്കടം തോന്നി. പണ്ട് എത്ര വഴക്കിട്ടു! എത്ര വിഷമിപ്പിച്ചു! കൊതിയുള്ള മുത്തശ്ശനു കൊടുക്കാതെ മീൻ വിഭവങ്ങളും, മധുര പലഹാരങ്ങളും, മാമ്പഴങ്ങളും തിന്നു തീർത്തു കളഞ്ഞിട്ടുണ്ട്! ടീവിയിൽ വരുന്ന പഴയ ഹിന്ദി ഗാനങ്ങൾ കേൾക്കാൻ സമ്മതിക്കാതെ കാർട്ടൂൺ ചാനലുകളിലേക്ക് നിർബന്ധിച്ചു മാറ്റിയിട്ടുണ്ട്!
കണ്ണ് നിറച്ചു പഴയ കാര്യങ്ങൾ അവൾ പറയുന്നതു കേട്ട്, മാപ്പ് ചോദിക്കുന്നതു കേട്ട്, പരിഭ്രമത്തോടെ മുത്തശ്ശൻ ചോദിച്ചു, “ഇതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ, വീണ്ടും ഓർമ്മിക്കാൻ എന്താ ഇപ്പോൾ ഉണ്ടായത്?”
ശരിയാണ്! അതൊക്കെ കുഞ്ഞുന്നാളിലെ കുസൃതികൾ അല്ലേ? വീണ്ടും പറയാൻ എന്താ കാരണം? ഇപ്പോൾ മുത്തശ്ശന്റെ മുഖത്തു കാണുന്ന ഒരു മാറാത്ത ദുഃഖം ആണോ? അതുകൊണ്ടായിരിക്കുമോ ഇങ്ങനെയൊക്കെ പറഞ്ഞു പോയത്!
ഓരോന്നോർത്ത് അപ്പുവിന്റെ വീട്ടിനു മുൻപിൽ എത്തിയപ്പോൾ, ഒരു വീഡിയോ ഗെയിം കളിച്ചുകൊണ്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങി വന്നു.
പെട്ടെന്നാണ് അതിനകത്തു നിന്നും നാലു കൊള്ളക്കാർ ചാടി ഇറങ്ങിയത്. “മുത്തശ്ശാ… ഓടിക്കോ…” എന്ന് പറഞ്ഞ്, പിടിച്ചുവലിച്ചു മുത്തശ്ശനെ വീട് വരെ എത്തിച്ചു. “പേടിക്കാതെ മോളെ” എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ച്, വീട്ടിലെ പുറത്തേക്കുള്ള വാതിലിനോട് ചേർന്നുള്ള നടുമുറിയിലെ മുത്തശ്ശന്റെ തന്നെ കസേരയിൽ ഇരുന്നു.
കൊള്ളക്കാരുടെ പിന്നാലെ, ഒരു ലേസർ തോക്കുമായി അപ്പുവും ഓടിവന്നു. പിന്നെ വലിയ യുദ്ധം തന്നെ ആയിരുന്നു! തോക്കിൽ നിന്നും തീ, അകത്ത് പച്ചക്കറി മുറിക്കുന്ന മുത്തശ്ശിയുടെ മേൽ വീഴുമോ എന്ന് പേടിച്ച്, “അപ്പൂ, സൂക്ഷിച്ച്…” എന്ന് അവൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.
ഈ യുദ്ധം ഒക്കെ സ്വതസിദ്ധമായ ചെറിയ ചിരിയോടെ മുത്തശ്ശൻ ആസ്വദിക്കുകയാണ്! ഒരു പേടിയും ഇല്ലാതെ…
അപ്പോൾ പെട്ടെന്നാണ് ലേസർ തോക്കിൽ നിന്നും ഒരു തീഗോളം മുത്തശ്ശന്റെ ദേഹത്ത് പതിച്ചത്.
“എടാ അപ്പൂ, അല്ലെങ്കിൽത്തന്നെ മുത്തശ്ശൻ ഒരു പ്രാവശ്യം മരിച്ചു പോയതാണ്, നീ പിന്നെയും കൊന്നുകളഞ്ഞല്ലോ…” എന്നു പറഞ്ഞ് അവൾ വാവിട്ടു കരയാൻ തുടങ്ങി.
അതുവരെ ചിരിച്ചുകൊണ്ടിരുന്ന മുത്തശ്ശനും, അതുകേട്ടു സങ്കടപ്പെട്ട് കണ്ണുനീരോടെ പിന്നെയും ആ കസേരയിൽത്തന്നെ ഇരുന്നു.
ഈ കോലാഹലങ്ങൾ ഒന്നും അറിയാതെ, മുത്തശ്ശി വേറെ ലോകത്ത് എന്നപോലെ, കുനുകുനാ പച്ചക്കറി മുറിച്ചുകൊണ്ട് ഏതോ ഒരു സദ്യക്കുള്ള വെപ്രാളത്തിലും…
മുത്തശ്ശിയെയും മുത്തശ്ശനെയും മാറിമാറി നോക്കി കരഞ്ഞുകരഞ്ഞാണ് ഉണർന്നത്! പിന്നെയും മുത്തശ്ശന്റെ ഓർമയിൽ കുറെ നേരം കൂടി എഴുന്നേൽക്കാതെ അവൾ വെറുതെ കിടന്നു…