കൽപാത്തി — ഒരു കറുത്ത ചരിത്രാദ്ധ്യായം
Garlin Vincent
2009 CSE
പാലക്കാടിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ അഗ്രഗണ്യമായി കൽപ്പാത്തി ക്ഷേത്രവും, അവിടുത്തെ രഥോത്സവവും ഇന്നും നിലകൊള്ളുന്നു. ഏതാണ്ട് എഴുനൂറു വർഷങ്ങൾക്ക് മുൻപ് ഇട്ടിക്കൊമ്പി അച്ചൻ പാലക്കാട് ഭരിച്ചിരുന്ന കാലത്ത് നിലവിൽവന്നു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന് ദക്ഷിണകാശി എന്നും പേരുണ്ട്. കേരളത്തിലെ ഒരുപക്ഷെ ഏറ്റവും പഴക്കം ചെന്ന അഗ്രഹാരങ്ങളും കൽപ്പാത്തി ക്ഷേത്രത്തിനു ചുറ്റുമുള്ളവ ആയിരിക്കും.
എന്നാൽ മറ്റു ഭൂരിഭാഗം ഇന്ത്യൻ ചരിത്രങ്ങളെയും പോലെ , കൽപാത്തി അഗ്രഹാരത്തിനും ജാതീയ വിവേചനത്തിൽ അധിഷ്ഠിതമായ ഹിംസയുടെ കഥകൾ പറയാനുണ്ട്. ഈഴവർക്കും, മറ്റു പിന്നാക്ക ജാതി മനുഷ്യർക്കും അഗ്രഹാരത്തിലെ വഴികളിലൂടെ നടക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. കൽപ്പാത്തി തേര് കാണാൻ ഈഴവർക്ക് ഭാഗ്യമുണ്ടായത് 1920 -കളുടെ രണ്ടാം പകുതിയോടു കൂടി മാത്രമാണ്.
1910-കളുടെ പകുതിയോടെ ഈഴവർ സംഘടനകൾ ഉണ്ടാക്കി ശക്തി പ്രാപിക്കുകയും , ആചാര പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു . ശ്രീ നാരായണ ഗുരു തുടക്കം കുറിച്ച നവോത്ഥാന പാതയുടെ ബാക്കിപത്രം ആയിരുന്നു അവ. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ അവയിൽ ആദ്യത്തേത് തന്നെയാണ് എന്ന് പറയാം. “കൽപ്പാത്തി കലാപം” എന്ന ചെറുഗ്രന്ഥം പദ്യരൂപത്തിൽ 1924 -ൽ തോണിപ്പാടം രാമത്തുകളം ശ്രീമാൻ കൃഷ്ണൻ അവർകൾ രചിച്ചിട്ടുണ്ട്.
പൊതുവഴി ഉപയോഗിക്കുന്നതിനു അവർണ്ണർ നടത്തിയ സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കൽപാത്തിയിൽ അരങ്ങേറിയത്. 1924 നവംബറിൽ ഗാന്ധിയൻ രീതിയിൽ തുടങ്ങിയ സമരം ആദ്യം പരാജയപ്പെട്ടു എങ്കിലും, കൂടുതൽ അവർണ്ണരും, സർക്കാരും, ചില സവർണരും ഇടപെട്ടു കൊണ്ട് അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു അനുകൂലമായ ഒരു സാഹചര്യം ഉണ്ടായി. രണ്ടു വർഷത്തോളം സമരം നീണ്ടുനിന്നു എന്ന് പറയാം. ഈഴവരിൽ നിന്നും വമ്പിച്ച രീതിയിൽ ഉണ്ടായ മതപരിവർത്തനം ആയിരുന്നു ഇതിന്റെ വേറൊരു ബാക്കിപത്രം. ഇസ്‌ലാമിലേക്കും, ക്രൈസ്തവ സഭയിലേക്കും, ആര്യ സമാജത്തിലേക്കും , ബുദ്ധ മതത്തിലേക്കും ഈഴവർ ധാരാളമായി മതം മാറി. സമരത്തിൽ ഏർപ്പെട്ടത് കൊണ്ട് കിട്ടുന്ന ശിക്ഷയിൽ നിന്നും ഇളവ് നേടാനായിരുന്നു ഇവയിൽ ചില മത പരിവർത്തനങ്ങൾ.
ബ്രാഹ്മണർ പാർക്കുന്ന സ്ഥലങ്ങളിൽ പൊതുവഴിയിലൂടെ നടക്കാൻ അവർണ്ണർക്കും അവകാശമുണ്ടെന്നും , അതിനു അനുവാദമില്ലാത്ത അവസ്ഥ അനീതിയാണെന്നും, ഇനി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ ഈഴവർ തയ്യാറാണ് എന്നും പാലക്കാട് ഉള്ള 21 ഈഴവ പ്രതിനിധികൾ പാലക്കാട് ഹോം റൂൾ ലീഗ് പ്രസിഡന്റ് ശ്രീ.എൽ.എ.സുബ്ബരാമയ്യർക്ക് ഒരു പ്രത്യക്ഷപത്രം 1917 ഒക്ടോബറിൽ എഴുതിയിരുന്നു. ഇതിനു മറുപടി ആയി ഹോംറൂൾ ലീഗ് പ്രസിഡന്റ് അവർണ്ണരുടെ പൊതുവഴിയിലൂടെയുള്ള നടപ്പിനുള്ള അവകാശം ന്യായമാണ് എന്നും അതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പാണ് ഉള്ളത് എന്നുമാണ് എഴുതിയത്. അടുത്ത മാസം തന്നെ ഈ കത്ത് ഹോംറൂൾ ലീഗ് അംഗങ്ങളുടെ യോഗത്തിൽ വയ്ക്കുകയും, ഔദ്യോഗികമായി തന്നെ പൊതുവഴിയിലൂടെയുള്ള അവർണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യം അംഗീകരിക്കുകയും ചെയ്തു.
അവർണ്ണർക്ക് പൊതുവഴികളും, കിണറുകളും ഉപയോഗിക്കാൻ സ്വാതന്ത്രമുണ്ട് എന്നൊരു സർക്കാർ ഓർഡർ 1924 ആഗസ്തിനു ചേർന്ന മദ്രാസ് നിയമനിർമ്മാണ സഭ പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് 1924 നവംബർ 13 മുതൽ 15 വരെ നടക്കുന്ന കാൽപാത്തി രഥോത്സവ സമയം ഗ്രാമവീഥികളിലൂടെ സഞ്ചരിക്കാൻ പാലക്കാട് കാലിക്കറ്റ് ബാങ്കിൽ ചേർന്ന ഈഴവയോഗം തീരുമാനിച്ചു. ഇതിനായി സർക്കാർ ഓർഡർ അച്ചടിച്ച് ഈഴവ സമുദായത്തിൽ പ്രചാരം കൊടുക്കുകയും ചെയ്തു. 12-ആം തിയ്യതി ഉത്സവ തലേദിവസം പാലക്കാട് ഡിവിഷൻ ഓഫീസർ ഈഴവ സമുദായത്തിൽ പെട്ട വക്കീൽ എം.പി.രാഘവനെയും മറ്റു സമുദായ പ്രമാണികളെയും വരുത്തി ഈഴവർക്ക് ഉത്സവം കാണാൻ യാതൊരു വിരോധവും ഇല്ലെന്നു തീർപ്പു വരുത്തി.
ഇതുപ്രകാരം 13-ആം തിയ്യതി പാലക്കാട് താലൂക്കിൽ പെട്ട മിക്ക അംശങ്ങളിൽ നിന്നും മൊത്തം എൺപതിൽ അധികം ഈഴവ പ്രമുഖർ ഉത്സവസ്ഥലത്ത് എത്തിച്ചേരുകയും സർക്കാർ ഉത്തരവ് പാലിച്ചുകൊണ്ട് കൽപ്പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ദേവനെ നമസ്കരിക്കുകയും ചെയ്തു. എന്നാൽ ഇവർ തിരിച്ചു വരാൻ ഒരുങ്ങിയ സമയത്ത് നിരുപദ്രവകാരികളും നിരായുധരും ആയ ഇവരുടെ നേർക്ക് സവർണ്ണർ കല്ലെടുത്ത് എറിയുകയും അടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. മുഖത്തും കണ്ണിനും പരിക്കേറ്റ ചില ഈഴവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ക്ഷേത്രപ്രവേശനത്തിന് അല്ല ഇവർ ശ്രമിച്ചത് എന്നോർക്കണം. പൊതുവഴിയിലൂടെ നടക്കുക മാത്രമായിരുന്നു ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്ന അതേ അഗ്രഹാരവീഥികളിൽ വെച്ചാണ് ഇവയെല്ലാം നടന്നത്. മർദ്ദനം ഏൽക്കുന്ന ഈഴവരെ സഹായിക്കാൻ ആരും ഉണ്ടായില്ല.
സർക്കാർ പ്രതിനിധികളുമായി മുൻപ് തന്നെ സംസാരിച്ച് തീർപ്പുകല്പിച്ച ശേഷമാണ് അഗ്രഹാര വീഥികളിൽ അവർണ്ണർ പോയത് എങ്കിലും, അത് സവർണ്ണരുടെ ഒരു ചതി ആയിരുന്നു. ഈഴവരെ സംബന്ധിച്ച് ഇത് ആദ്യ സംഭവം ആയിരുന്നില്ല. ജാതീയവിവേചനം നിമിത്തമുള്ള അക്രമങ്ങൾ മുൻപും ഉണ്ടായിരുന്നു. എന്നാൽ ഇതു മാത്രമല്ല, ഈഴവർക്ക് ഗ്രാമവീഥികളിലൂടെ നടക്കാൻ പാടില്ല എന്നൊരു നിരോധന കല്പന കൂടി ക്രിമിനൽ പ്രോസീഡർ കോഡിലെ 144-ആം വകുപ്പ് പ്രകാരം ഉടനെ വന്നു. കളക്ടർ, പാലക്കാട് മുനിസിപ്പൽ ചെയർമാൻ, പാലക്കാട് സ്റ്റേഷനറി മജിസ്‌ട്രേട് എന്നിവർ സവർണ്ണരുടെ ആവശ്യം അനുസരിച്ചു പ്രവർത്തിച്ചു. പുണ്യാഹം കഴിച്ച ശേഷം പിറ്റേ ദിവസം ആണ് രതോത്സവം നടത്തിയത്.
144-ആം വകുപ്പ് പ്രകാരമുള്ള നിരോധനം രണ്ടു മാസത്തേക്ക് കൂടി നീട്ടിക്കിട്ടുവാൻ കൽപ്പാത്തി ഗ്രാമത്തിലെ പട്ടന്മാർ ശ്രമിച്ചു എങ്കിലും പാലക്കാട് സബ് ഡിവിഷനൽ മജിസ്‌ട്രേട് ആയിരുന്ന തുക്ടി സായിപ്പ് അംഗീകരിച്ചില്ല. കൽപ്പാത്തി സംഭവത്തെ പറ്റി താഴ്ന്ന ജാതി പ്രതിനിധി ആയ ആർ. വീരയ്യൻ എം. എൽ. സി. മദ്രാസ് നിയമനിർമ്മാണ സഭയിൽ ഒരു പ്രമേയം പാസാക്കാൻ ശ്രമിച്ചു എങ്കിലും പ്രസിഡന്റ് അനുവാദം നൽകിയില്ല. 1924 നവംബർ 24 നു തിരുവിതാംകൂറിൽ നിന്നും ദേശാഭിമാനി പത്രാധിപർ ടി. കെ. മാധവനും , നാരായണ ഗുരു സ്വാമികളുടെ ശിഷ്യപ്രധാനി ആയ സ്വാമി സത്യവ്രതനും എത്തിച്ചേരുകയും ഈഴവസഭയിൽ പിന്തുണ അറിയിച്ചു സംസാരിക്കുകയും ചെയ്തു. പാലക്കാട് രാജാക്കന്മാരുടെ വാസസ്ഥലമായ അകത്തേത്തറയിൽ വച്ച് അവർണ്ണർക്ക് എതിരെ നടന്ന അക്രമങ്ങളെ അപലപിക്കുന്ന 500-ൽ പരം സവർണ്ണർ പങ്കെടുത്ത ഒരു യോഗം നടന്നു. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കണ്ണന്തോടത്ത് വേലായുധ മേനോൻ എന്നിവർ ഇതിൽ പെടുന്നു. പിന്നീട് കാലിക്കറ്റ് ബാങ്കിൽ നടന്ന യോഗത്തിൽ ദിവാൻ ബഹദൂർ എം.കൃഷ്ണൻ നായർ പങ്കെടുക്കുകയും ഈഴവർക്ക് നേരെ ഉണ്ടായ അക്രമങ്ങളെ അപലപിക്കുകയും ചെയ്തു.
കൽപാത്തി സംഭവത്തെ പറ്റിയുള്ള പ്രതിഷേധങ്ങൾ മദ്രാസ് നിയമ നിർമ്മാണ സഭയിലും എത്തിയിരുന്നു. 1925 ജനുവരി 9 നു മദ്രാസ് സർക്കാർ പരസ്യം ചെയ്ത ഒരു കല്പനയിൽ അഗ്രഹാര വീഥികളിലൂടെ ഈഴവർക്ക് നടക്കാമെന്നും, എങ്കിലും ഈഴവർ പ്രകോപനം ഉണ്ടാക്കാതെ നോക്കണം എന്നും, സവർണ്ണർക്ക് ഇതിൽ പ്രശ്നം ഉണ്ടെങ്കിൽ സിവിൽ കോടതി വഴി തീർപ്പ് ഉണ്ടാക്കാം എന്നും പറയുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന സർ ടി. സദാശിവയ്യർ, സത്യമൂർത്തി അയ്യർ എം. എൽ. സി എന്നിവരുടെ നേതൃത്വത്തിൽ മദ്രാസിൽ ഒരു സഭയും, വി. വി. ഗോവിന്ദൻ നായർ എം. എ. എൽ. ടി, എ. കെ. പവിത്രൻ ബി. എ. ബി. എൽ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ടൌൺ ഹോളിൽ ഒരു സഭയും കൂടി ഈഴവർക്ക് നേരിടേണ്ടി വന്ന അനീതിയിലും അക്രമത്തിലും സഹതപിക്കുകയും പിന്തുണ കൊടുക്കുകയും, അക്രമം നടത്തിയ സവർണ്ണരെ വിമർശിക്കുകയും ചെയ്തു. മിതവാദി, കേരളകൗമുദി എന്നീ പത്രങ്ങൾ കൽപാത്തി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അവർണ്ണർ നേരിട്ട ജാതീയ അക്രമത്തെ എതിർത്തു കൊണ്ട് ലേഖനങ്ങളും എഴുതി.
ജാതി വ്യവസ്ഥയിൽ നിന്നും മോചനം നേടാൻ ഈഴവർ പല വ്യത്യസ്തമതങ്ങളിലേക്കും പരിവർത്തനം നടത്തി. അതിൽ പ്രധാനമായിരുന്നു ആര്യസമാജം. പാലക്കാട് ആര്യസമാജം സ്വീകരിച്ച 12-ഓളം ഈഴവർ ആര്യസമാജപ്രവർത്തകൻ ആയ ദേവബന്ധുവിനോട് ഒരുമിച്ച് 1925 ഒക്ടോബർ 31-നു കൽപ്പാത്തി പ്രവേശനം നടത്തി. ഇതു കണ്ട 200-ഓളം സവർണ്ണർ ഓടിവന്ന് ഇവരെ തടയാനും ആക്രമിക്കാനും തുടങ്ങി. കല്ലേറ് കൊണ്ട് ചിലർക്ക് മുറിവുകൾ ഉണ്ടായി. എന്നാൽ ഇത്തവണ ആര്യസമാജത്തിൽപ്പെട്ട ആളുകൾ തിരിച്ചും എതിർക്കാൻ തുടങ്ങി. അതൊരു ലഹള ആയി മാറി. ഈ സംഭവത്തിന് ശേഷം ആര്യസമാജത്തിൽപ്പെട്ട ഈഴവർക്ക് മാത്രം അഗ്രഹാരവീഥികളിലൂടെ നടക്കാം എന്നായി. പട്ടന്മാർക്കു തിരിച്ചും ശാരീരികമായി ചെറുത്തുനിൽപ്പ് നേരിട്ടതാണ് ഈ മാറ്റം അനിവാര്യമായതിനു ഒരു പ്രധാന കാരണം.
ആര്യസമാജത്തിൽ ചേർന്ന പി. സി. ശങ്കരൻ, സർക്കാർ ജോലി സംബന്ധമായുള്ള യാത്രയിൽ കാൽപാത്തിയിലെ ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിനടുത്ത് എത്തിയപ്പോൾ പട്ടന്മാർ അദ്ദേഹത്തെ ഉപദ്രവിക്കുകയും, ശങ്കരൻ കഴിയുന്ന വിധത്തിൽ എതിർക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അക്രമികള്‍ക്ക് എതിരെ അന്യായം ഫയൽ ചെയ്ത ശങ്കരൻ, ആ കേസും, തനിക്കെതിരെ അക്രമികള്‍ ഫയൽ ചെയ്ത ക്ഷേത്രത്തെ അയിത്തമാക്കി എന്ന കള്ളക്കേസും, രണ്ടും വാദിച്ചു ജയിച്ചത് ഒരു വലിയ സംഭവമായിരുന്നു. 1925 ഡിസംബർ 4-ന് മദ്രാസ്സിൽ ഹൈ കോടതി ജഡ്ജി ടി. വി. ശേഷഗിരി അയ്യർ, ടി. വി. വെങ്കടരാമയ്യർ, രത്നസഭാപതി മുതലിയാർ, സുരേന്ദ്രനാഥ് ആര്യ, സി. രാജഗോപാലാചാരി, റാവു ബഹദൂർ കണ്ടസാമി ശെട്ടി, പ്രൊഫസർ ഗാഡ്‌വാനി എന്നിവർ അടങ്ങിയ ഒരു സഭ കൂടുകയും അവർണ്ണർക്ക് എതിരെ സവർണ്ണർ നടത്തുന്ന അതിക്രമങ്ങളെ എതിർത്തു കൊണ്ട് പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾക്ക് എല്ലാം ശേഷം, ഏതാണ്ട് രണ്ടു വർഷം നീണ്ടുനിന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഈഴവർക്ക് അഗ്രഹാര വഴികളിലൂടെ നടക്കാൻ സ്വാത്രന്ത്ര്യം കൈവന്നത്. ആര്യസമാജത്തിലേക്കോ മറ്റു മതങ്ങളിലേക്കോ മതം മാറാതെ തന്നെ, ഈഴവർക്ക് ബ്രാഹ്മണർ ഉപയോഗിക്കുന്ന പൊതുവഴിയിലൂടെ നടക്കാൻ സാധ്യമായത് ഒരു പുതിയ കാലത്തേക്കുള്ള ചവിട്ടുപടി ആയിരുന്നു. പാലക്കാടുകാർ ഒരുപക്ഷെ ഇങ്ങനെയൊരു ചരിത്രം മറന്നിരിക്കുന്നു.
(ഈ.കെ.ചാമി രചിച്ച “പാലക്കാടിന്റെ സാമൂഹിക ചരിത്രം” എന്ന പുസ്തകത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചു തയ്യാറാക്കിയ ലേഖനം)