കെ എന്‍ ഗണേശ്
മോദി സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് എന്‍സി ഇആര്‍ടി സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന കയ്യേറ്റം ഇതിനകം ചര്‍ച്ചാവിഷയം ആയിട്ടുണ്ട്. സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ കൂടാതെ സയന്‍സ് പാഠപുസ്തകങ്ങളിലും മാറ്റം വരുത്താന്‍ എന്‍സിഇആര്‍ടി തീരുമാനിച്ചിരിക്കുന്നു. പരിണാമവാദം ഒഴിവാക്കി ദശാവതാര സങ്കല്പം പഠിപ്പിക്കാനും സയന്‍സിന്റെ അടിത്തറയായി പഞ്ചകോശ സിദ്ധാന്തം പഠിപ്പിക്കാനും തീരുമാനമായിരിക്കുന്നു. ഇതനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ അടുത്തുതന്നെ പുറത്തുവരും എന്നാണ് സൂചന.
ആര്‍എസ്എസ്സുകാര്‍ മാത്രമല്ല എല്ലാ ജാതിമത ശക്തികളും എന്തിനാണ് പാഠപുസ്തകങ്ങളെ വിമര്‍ശനവിധേയമാക്കുന്നത് എന്ന പ്രശ്നമുണ്ട്. 1972-79൯ ല്‍ എന്‍സിഇആര്‍ടി തയ്യാറാക്കിയ ചരിത്രപാഠപുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ നടത്തിയ നീക്കങ്ങളാണ് ഇത്തരം വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ സംസ്കാരത്തെ ഇകഴ്ത്തിക്കാണിക്കുകയും സ്വാതന്ത്ര്യസമരത്തെ വളച്ചൊടിക്കുകയും ചെയ്യുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. അമാനുഷികതയ്ക്ക് അമിതപ്രാധാന്യം നൽകുന്നു എന്ന വിമര്‍ശനവും ഉണ്ടായിരുന്നു. 1999 ലെ വാജ്പേയി ഗവൺമെന്റിന്റെ കാലത്ത് ആര്‍എസ്എസ്സിന്റെ ചരിത്രസങ്കല്പം അനുസരിച്ച് പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതപ്പെട്ടു. പിന്നീട് വന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് അംഗീകരിക്കപ്പെട്ട കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ വീണ്ടും മാറ്റി എഴുതുകയും ഏറെക്കുറെ മുൻകാലരീതി പുനഃസ്ഥാപിക്കുകയും ചെയ്തു. ഇവയാണ് 2020ലെ എന്‍ഇപി അനുസരിച്ച് വീണ്ടും മാറ്റി എഴുതുന്നത്.
ഭരണം മാറുന്നതനുസരിച്ച് എന്തിനാണ് പാഠപുസ്തകങ്ങള്‍ മാറ്റി എഴുതുന്നത്? കേരളത്തില്‍പോലും മുന്‍പത്തെ ഗവൺമെന്റിന്റെ കാലത്ത് തയ്യാറാക്കപ്പെട്ട പാഠപുസ്തകങ്ങള്‍ പിന്നീടുവന്ന ഗവൺമെന്റ് പിന്‍വലിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ചില പാഠങ്ങള്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ കാരണം പ്രത്യേക കമ്മിഷനെ വെച്ചു മാറ്റി എഴുതുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതേ ഭാഗങ്ങള്‍ ഒരു സാധാരണ പുസ്തകത്തിന്റെ ഭാഗമായി വന്നാല്‍ വിരോധമില്ല. പക്ഷേ പാഠപുസ്തകങ്ങളിലേക്ക് കടന്നുകൂട. പാഠപുസ്തകങ്ങളെ ഒരു തരം വിശുദ്ധ പശുക്കളായി കാണുന്ന അവസ്ഥ എങ്ങനെ ഉണ്ടായി? ഇതില്‍തന്നെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത്. സാമൂഹ്യശാസ്ത്രം ഔപചാരിക വിഷയമായി പഠിക്കാന്‍ താല്പര്യമില്ലാത്തവര്‍പോലും പാഠപുസ്തകവിമര്‍ശനത്തിനു മുന്നിട്ടിറങ്ങുന്നത് കാണാം. എന്തുകൊണ്ടാണിങ്ങനെ?
പാഠപുസ്തകങ്ങളുടെ വളര്‍ച്ച
ആദ്യകാല വിദ്യാലയങ്ങളില്‍ ഔപചാരിക പാഠപുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ പഠനത്തിനു സഹായിക്കുന്ന ഏതെങ്കിലും പുസ്തകം തെരഞ്ഞെടുത്ത് അവ പഠിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആധുനിക വിദ്യാലയങ്ങളിലാണ് ഔപചാരിക പാഠപുസ്തകങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. വിദ്യാലയങ്ങള്‍ മുതിര്‍ന്ന അധ്യാപകരെക്കൊണ്ട് പാഠപുസ്തകങ്ങള്‍ എഴുതിപ്പിക്കുന്ന രീതിയാണ് ആദ്യം പിന്തുടര്‍ന്നത്. ഇതിനായി സർക്കാരുകള്‍ പ്രത്യേകം പാഠപുസ്തക കമ്മിറ്റികള്‍ ഉണ്ടാക്കി. സ്കൂള്‍ പഠനലക്ഷ്യങ്ങള്‍ കൂടാതെ ബോധനനിലവാരം, മൂല്യബോധനം, പൗരധർമം തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് വേണം പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കാന്‍ എന്ന ധാരണയും വളര്‍ന്നു വന്നു.
ആദ്യകാല പാഠപുസ്തകങ്ങള്‍ വിവരസഞ്ചയങ്ങള്‍ ആയിരുന്നു. പ്രകൃതിയെയും സമൂഹത്തെയുംകുറിച്ചുള്ള വിവരങ്ങള്‍ നല്കുക അല്ലാതെ പഠനരീതി പരിചയപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് ശാസ്ത്രത്തില്‍ നിരീക്ഷണ, പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനം കുട്ടികള്‍ പരിചയപ്പെടുന്നത് ഉന്നതവിദ്യാഭ്യാസത്തിലാണ്. ഭാഷാബോധനത്തിലും ഗണിതത്തിലും മാത്രമാണ് കുട്ടികള്‍ കോമ്പോസിഷന്‍ പ്രവർത്തനങ്ങളിലൂടെയും പ്രശ്നപരിഹാര രൂപങ്ങളിലൂടെയും കുറച്ചെങ്കിലും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സാമൂഹ്യവിഷയങ്ങള്‍ പൂര്‍ണമായും വിവരദാനത്തില്‍ ഒതുങ്ങി.
ആദ്യഘട്ടത്തില്‍ സാമൂഹ്യവിഷയങ്ങള്‍ പൗരധർമത്തിന്റെ ഭാഗമായാണ് പഠിപ്പിക്കപ്പെട്ടത്. അന്ന് പൗരധർമം എന്തെന്ന് തീരുമാനിച്ചത് തിരുവിതാംകൂര്‍ പോലുള്ള നാടുവാഴി സർക്കാരുകളും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടവുമായിരുന്നു. അതുകൊണ്ട് അതനുസരിച്ച് പൗരധർമവും തീരുമാനിക്കപ്പെട്ടു. ഇതിനോടൊപ്പം അധീശത്വം സ്ഥാപിച്ച ധാര്‍മിക മൂല്യക്രമങ്ങള്‍ക്കനുസരിച്ചുള്ള ബോധനവും നടന്നു. ഗുണപാഠകഥകള്‍ ഭാഷാബോധനത്തില്‍ വരെ കടന്നുവന്നു. ചരിത്രമടക്കമുള്ള വിഷയങ്ങളുടെ ക്രമീകരണവും ഇതിനനുസരിച്ചായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യദശകങ്ങളില്‍ കൊളോണിയല്‍ പാഠപുസ്തകരീതികളില്‍ കാര്യമായ മാറ്റം ഉണ്ടായില്ല. 1964 ല്‍ എന്‍സിഇആര്‍ടി സ്ഥാപിക്കപ്പെട്ടതിനു ശേഷമാണ് പാഠപുസ്തകങ്ങളില്‍ പരിവര്‍ത്തനം ഉണ്ടായത്. പാഠപുസ്തകങ്ങളുടെ വിവരദായകസ്വഭാവം തുടര്‍ന്നു. എങ്കിലും പുതിയ ഭരണകൂടത്തിന്റെ സ്വഭാവമനുസരിച്ച് മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യനീതി മുതലായ ഘടകങ്ങള്‍ ഉൾപ്പെടുത്തപ്പെടുകയും അതനുസരിച്ച് ചരിത്രമടക്കമുള്ള സമൂഹ്യശാസ്ത്രവിഷയങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് പുനര്‍വിചിന്തനം നടക്കുകയും ചെയ്തു. ശാസ്ത്ര–സാങ്കേതികവിദ്യകളുടെയും ശാസ്ത്രബോധത്തിന്റെയും വികാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്കനുസരിച്ച് ശാസ്ത്രബോധനത്തിലും മാറ്റം വന്നു.
ഈ മാറ്റങ്ങളാണ് ആര്‍എസ്എസ്സിന്റെ വിമര്‍ശനത്തിനു പാത്രമായ പാഠപുസ്തകങ്ങള്‍ എഴുതപ്പെടാന്‍ പ്രേരകമായത് . ജെഎന്‍യുവിലെ ചരിത്രകാരന്മാര്‍ എഴുതിയ പാഠപുസ്തകങ്ങള്‍ മതനിരപേക്ഷജനാധിപത്യസങ്കല്പം അനുസരിച്ചുള്ളതും അന്നത്തെ ചരിത്രഗവേഷണത്തിന്റെ ഫലങ്ങള്‍ കൂട്ടിച്ചേർത്തതും ആയിരുന്നു. പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള പാഠപുസ്തകത്തില്‍ ചരിത്ര പഠനരീതിയെക്കുറിച്ചുള്ള പ്രാഥമിക സൂചനകളും നല്‍കിയിരുന്നു. ഇതാണ് മാര്‍ക്സിസ്റ്റ് ചരിത്ര രചനയായി വ്യാഖ്യാനിക്കപ്പെട്ടതും ആർഎസ്എസിന്റെ അതിതീവ്ര വിമര്‍ശനത്തിനു വിധേയമായതും.
ഇപ്പോഴത്തെ പാഠപുസ്തക പരിഷ്കാരങ്ങള്‍
കഴിഞ്ഞ ദശകങ്ങളിലെ പാഠപുസ്തക പരിഷ്കാരങ്ങളിലും ഭരണകൂടനയങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ കാണാന്‍ കഴിയും. എൺപതുകളുടെ അവസാനം അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യകളുടെ വികാസം , ടെസ്റ്റിംഗ് സംവിധാനങ്ങളുടെ വളർച്ച തുടങ്ങിയവ വിദ്യാഭ്യാസത്തില്‍ പൊതുവെയും ശാസ്ത്രവിദ്യാഭ്യാസത്തിൽ പ്രത്യേകിച്ചും സമൂലമായ മാറ്റങ്ങള്‍ വരുത്തി. പഠനത്തിന്റെ വിവരദായകസ്വഭാവത്തില്‍ മാറ്റം ഉണ്ടായില്ലെങ്കിലും കൂടുതല്‍ സാങ്കേതികവിവരങ്ങള്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമം നടന്നു. വിവരസാങ്കേതികവിദ്യയുടെ വികാസത്തിന്റെ പശ്ചാത്തലത്തിലാണ് സാങ്കേതികവിദ്യകളെ സ്കൂള്‍ തലത്തില്‍ തന്നെ പരിചയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു സമാന്തരമേഖലയായി വളര്‍ന്നത് ഈ തലത്തിലുള്ള മാറ്റങ്ങള്‍ അനിവാര്യമാക്കി.
ഭരണകൂടനയങ്ങള്‍ സാമൂഹ്യശാസ്ത്രബോധനത്തെയും ബാധിച്ചു. നവലിബറല്‍ നയങ്ങളുടെ ഭാഗമായി പിന്തുടര്‍ന്ന ‘ഉൾപ്പെടുത്തല്‍ വിദ്യാഭ്യാസത്തിന്റെ’യും മുഖ്യധാരാവല്‍ക്കരണത്തിന്റെയും ആശയസംഹിതകൾക്കനുസരിച്ച് അധഃസ്ഥിതരെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഉൾപ്പെടുത്തപ്പെട്ടു. ചരിത്രത്തിലും അത്തരം പാഠങ്ങള്‍ കടന്നുവന്നു. പ്രത്യേക വിഷയങ്ങളെക്കുറിച്ച് പ്രാദേശിക പാഠങ്ങള്‍ ആകാം എന്ന നിര്‍ദ്ദേശവും കരിക്കുലം ചട്ടക്കൂടില്‍ ഉണ്ടായിരുന്നു. സാംസ്കാരികപഠനങ്ങള്‍ക്കും ഊന്നല്‍ നല്‍കപ്പെട്ടു. ആദ്യഘട്ടത്തിലുള്ള സാമൂഹ്യശാസ്ത്ര കാഴ്ചപ്പാടില്‍ മാറ്റമൊന്നും ഉണ്ടായില്ല. പൗരധര്‍മത്തിനും മൂല്യബോധനത്തിനുമുള്ള ഉപാധിയാണ് സാമൂഹ്യശാസ്ത്രം എന്ന ധാരണയാണ് പിന്തുടര്‍ന്നത്.
ഈ അടിസ്ഥാന ധാരണയെ മുന്‍നിര്‍ത്തിയാണ് മോഡി സര്‍ക്കാരിന്റെ പാഠപുസ്തകങ്ങളുടെ നേരെയുള്ള കടന്നാക്രമണം എന്നു കാണാന്‍ പ്രയാസമില്ല. മോദി സര്‍ക്കാരിന്റെ ആശയസംഹിത മതനിരപേക്ഷജനാധിപത്യത്തെ ആധാരമാക്കിയുള്ളതല്ല. എന്‍ ഇ പി 2020 എന്ന രേഖയില്‍ അവര്‍ മതനിരപേക്ഷത എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല. അവര്‍ ദേശീയത എന്ന വാക്കുപയോഗിക്കുന്നുണ്ട്. അത് സാമ്പത്തികദേശീയത അല്ല. സാംസ്കാരിക ദേശീയതയാണ്. ഹിന്ദു സംസ്കാരം ദേശീയതയുടെയും രാഷ്ട്രീയത്തിന്റെയും ഭാഗവുമാണ്. സാംസ്കാരിക ദേശീയത വളര്‍ന്നു വരുന്നത് വിദേശാധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെയാണ് . വിദേശികള്‍ ബ്രിട്ടീഷുകാര്‍ മാത്രമല്ല, മുസ്ലിം ഭരണാധികാരികളും ഉള്‍പ്പെടും. വിദേശാധിപത്യത്തിനെതിരെ പോരാടിയവരിൽ മതനിരപേക്ഷവാദികള്‍ മാത്രമല്ല , മതവാദികളും പെടും. വിദേശാധിപത്യത്തിനെതിരായ പോരാട്ടം ആര്‍ഷഭാരത ഭൂമിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യന്‍ സംസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. അതുമായി പൊരുത്തപ്പെടാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ കുട്ടികള്‍ പഠിക്കേണ്ട ആവശ്യമില്ല. ഈ വാദഗതിക്ക് വേറെയും തലങ്ങളുണ്ട്. ആധുനിക ഇന്ത്യന്‍ ഭരണഘടനയില്‍ പ്രാചീന ഇന്ത്യന്‍ രാഷ്ട്രഘടനയ്ക്ക് കാര്യമായ സ്വാധീനമില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രതന്ത്ര ഗ്രന്ഥമായ കൗടില്യന്റെ അർഥശാസ്ത്രത്തിനുപോലും ഇന്ത്യന്‍ ഭരണകൂടത്തില്‍ സ്വാധീനമില്ല.
അതേസമയം, ഡല്‍ഹി സുൽത്താനറ്റിന്റെയും മുഗള്‍ഭരണാധികാരികളുടെയും നികുതിഘടന, നീതിന്യായവ്യവസ്ഥകള്‍, പ്രാദേശികഘടന തുടങ്ങിയവയ്ക്കെല്ലാം ഇപ്പോഴും നമ്മുടെ ഭരണരൂപങ്ങളില്‍ സ്വാധീനമുണ്ട്. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും മുഗള്‍ കലാസാംസ്കാരികരൂപങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. അവയില്ലാതെ നമുക്ക് ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. അതുപോലെ അതിസമ്പന്നമായ ഒരു ദേശീയമുസ്ലിം പാരമ്പര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടി വരും. ഗാലിബും അക്ബര്‍ ഇലഹബാദിയും ഫിരാക് ഗോരഖ്പുരിയും എം എഫ് ഹുസൈനും മൗലാന ആസാദും കേരളത്തില്‍ അബ്ദുറഹിമാന്‍ സാഹിബും ഇല്ലാത്ത ഒരു സാംസ്‌കാരിക – രാഷ്ട്രീയ പാരമ്പര്യത്തെ ക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടുതന്നെ, ഈ പാരമ്പര്യത്തെ ഒഴിവാക്കേണ്ടത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആവശ്യമാണ്. പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഏറ്റവും ഫലപ്രദം.
അതുപോലെ സ്വാതന്ത്ര്യസമരം മതനിരപേക്ഷ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമല്ല. ഭാരതീയരുടെ മോചന പോരാട്ടമാണ്. അതായത്, ഇന്ത്യ– പാക്കിസ്ഥാന്‍ വിഭജനസമയത്ത് മുസ്ലിങ്ങള്‍ക്കെതിരെ ആർഎസ്എസ് നടത്തിയ അക്രമവും മോചനത്തിന്റെ ഭാഗമാണ്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ മഹാത്മാഗാന്ധി നവഖാലിയില്‍ നടത്തിയ സത്യാഗ്രഹം കൊടുംവഞ്ചനയാണ്, അതുകൊണ്ട് ഗോഡ്സേയ്ക്ക് മഹാത്മയ്ക്കെതിരെയുണ്ടായ വികാരം മനസ്സിലാക്കണം, അതായത് ഗോഡ്സേയെ ഗാന്ധിയുടെ കൊലപാതകിയായി ചിത്രീകരിക്കുന്ന പാഠഭാഗം ആവശ്യമില്ല. ആര്‍എസ്എസ് നിരോധിക്കപ്പെട്ട സംഘടനയായിരുന്നെന്നും കുട്ടികള്‍ അറിയരുത്. സവര്‍ക്കര്‍ മുതലുള്ള ഹിന്ദുത്വ പ്രവര്‍ത്തകരെ ഉൾക്കൊള്ളിക്കുന്നതും മൗലാന ആസാദ് അടക്കമുള്ള മുസ്ലിം ദേശീയവാദികളെ നിരാകരിക്കുന്നതും ഇതേ യുക്തി അനുസരിച്ചാണ്.
ഇന്ത്യന്‍ സംസ്കാരത്തെ വിശദീകരിക്കാനുള്ള ശ്രമത്തില്‍ അടിസ്ഥാന ഇന്ത്യന്‍ പാരമ്പര്യത്തെപ്പോലും വികലമാക്കാനുള്ള ശ്രമം കാണാം. ആധുനികശാസ്ത്ര ആശയങ്ങളില്‍ വളരെ സുപ്രധാനമായ പരിണാമവാദം പഠിപ്പിക്കേണ്ട എന്ന് തീരുമാനിക്കുന്നു. ഇന്ത്യന്‍ പാരമ്പര്യം പരിണാമവാദത്തിനെതിരല്ല. ഉപനിഷത്തുക്കളിലും സംഖ്യയോഗ ദര്‍ശനങ്ങളിലും പരിണാമസങ്കല്പത്തിന്റെ ആദ്യരൂപങ്ങള്‍ കാണാം. പരിണാമവാദത്തിന് എതിരായി അവതരിപ്പിക്കപ്പെടുന്ന സൃഷ്ടിവാദവും ധൈഷണികനിർമിതിവാദവും ഇന്ത്യന്‍ ദര്‍ശനങ്ങളില്‍ ഇല്ല. അതുകൊണ്ട് വൈഷ്ണവ പാരമ്പര്യത്തിന്റെ ഭാഗമായ ദശാവതാരസിദ്ധാന്തം പഠിപ്പിക്കണം എന്ന് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇത് ശാസ്ത്രവിരുദ്ധം മാത്രമല്ല, തികഞ്ഞ അസംബന്ധം കൂടിയാണ്. പരിണാമവാദത്തിന്റെ കാതലായ വശമായ പ്രകൃതിനിർധാരണത്തെയാണ് സൃഷ്ടിവാദികള്‍ ചോദ്യം ചെയ്യുന്നത്. ദശാവതാരം ഒരു ദാര്‍ശനികതത്ത്വത്തെ യും മുന്നോട്ടുവെക്കുന്നില്ല. വിഷ്ണുവിന്റെ അത്ഭുതകൃത്യങ്ങളുടെ ഒരു പരമ്പര മാത്രമാണത്.
ഇതുപോലുള്ള വകതിരിവില്ലായ്മകള്‍ വേറെയും കാണാം. ഉപനിഷത്തുകളിലെ പ്രപഞ്ച സിദ്ധാന്തങ്ങളില്‍ ഒന്ന് മാത്രമാണ് പഞ്ചകോശ സിദ്ധാന്തം, അതെടുത്ത് എല്ലാപാഠപുസ്തകങ്ങളിലും ഉൾപെടുത്തണം എന്ന് വാദിക്കുന്നതിലെ യുക്തി എന്താണ്? ഈ സിദ്ധാന്തം ദാര്‍ശനിക ഗ്രന്ഥങ്ങളില്‍ പൊതുവായി അംഗീകരിക്കുന്നതു പോലുമല്ല. പ്രാചീന യജ്ഞങ്ങള്‍ നടത്തുന്നതിനുള്ള പർണശാലയും ഹോമകുണ്ഡവും സംവിധാനം ചെയ്യുന്നതിനുള്ള അളവുകോലുകള്‍ വിശദീകരിക്കുന്ന സൂത്രങ്ങളാണ് വൈദികഗണിതം എന്ന പേരില്‍ പഠിക്കുന്നത്. ഇത് വൈദിക ലേബല്‍ ഇല്ലാതെ പഠിക്കാന്‍ കഴിയും. പിന്നെ എന്തിനാണ് നിര്‍ബന്ധിച്ച് പഠിപ്പിക്കുന്നത്? താല്പര്യമുള്ള വിദ്യാര്‍ത്ഥികളില്‍ ഇന്ത്യന്‍ ഗണിതത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ഒരു കോഴ്സ് നല്‍കുന്നതില്‍ അപാകതയില്ല. പക്ഷേ ഇതൊന്നും സ്കൂള്‍ ഗണിതശാസ്ത്ര സിലബസ്സില്‍ അടിച്ചേല്‍പ്പിക്കേണ്ടവയുമല്ല. മേൻഡിലീവിന്റെ മൂലകങ്ങളുടെ പട്ടിക എന്തിനാണ് ഒഴിവാക്കിയത്? പഞ്ചഭൂത സിദ്ധാന്തം അതിനേക്കാള്‍ ശാസ്ത്രീയമാണ് എന്നതുകൊണ്ടോ? ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ ചിന്തയെ തന്നെ രണ്ടു സഹസ്രാബ്ദങ്ങള്‍ പിന്നോട്ടടിപ്പിക്കുന്നതാണ്.
മൂലകങ്ങളുടെ പട്ടിക
എന്തു ചെയ്യണം?
ഒന്ന് വ്യക്തമാണ്. പാഠപുസ്തകങ്ങളുടെ നേരെയുള്ള മോഡി സര്‍ക്കാരിന്റെ ആക്രമണം അവരുടെ ഹിന്ദുത്വ ഭരണനയങ്ങളുടെ ഭാഗമാണ്; അവരുടെ സങ്കല്പത്തിനനുസരിച്ച് ഹിന്ദുത്വ ആശയങ്ങളില്‍ അടിയുറച്ച ഭാവിപൗരരെ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. അവരുടെ ദേശീയബോധം സാംസ്കാരികദേശീയബോധവും സാമൂഹ്യനീതിസങ്കല്പം ചാതുർവർണ്യത്തിലധിഷ്ഠിതമാണ്. ഇവയെ ആധാരമാക്കിയുള്ള നീതിന്യായ സങ്കല്പമാണ് അവര്‍ക്കുള്ളത്. ഇവയുടെ അടിത്തറ ഹൈന്ദവ ധർമസംഹിതകളാണ്. അവയോടെല്ലാം പൊരുത്തപ്പെടുന്ന ശാസ്ത്ര – സാങ്കേതികബോധനമാണ് അവര്‍ ലക്ഷ്യമിടുന്നത്. സാമൂഹ്യശാസ്ത്രം സാംസ്കാരികബോധനത്തിന്റെ ഒരു ഉപഘടകം മാത്രമാണ്.
ഇതിനെ എതിർക്കാനായി മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരണം എന്ന് വാദിക്കാം. പക്ഷേ ഇവിടെ ഒന്നോർക്കേണ്ടതുണ്ട്. മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം അതിനെ വരിഞ്ഞുമുറുക്കിയിരുന്ന കൊളോണിയല്‍ ബന്ധനങ്ങളില്‍ നിന്ന് പൂര്‍ണമായി മോചനം നേടിയിരുന്നില്ല. ചരിത്രമടക്കമുള്ള സാമൂഹ്യശാസ്ത്രങ്ങള്‍ പൗരധർമത്തിന്റെയും മൂല്യസംഹിതകളുടെയും ബോധനത്തിന്റെ ഭാഗമായിരുന്നു. ഏതാനും ചില സര്‍വകലാശാലകളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയിലെ പൊതുവിദ്യാഭ്യാസത്തില്‍ സാമൂഹ്യശാസ്ത്രത്തിലെ മുന്നേറ്റങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഇന്ത്യയെപ്പോലെ സങ്കീർണമായ സമൂഹഘടനയും സാംസ്കാരിക വൈവിധ്യങ്ങളുമുള്ള പ്രദേശത്തിലെ സാമൂഹ്യപുരോഗതിക്ക് ആവശ്യമായ വിഭവങ്ങളുടെ ഉത്പാദനം സാധ്യമാകുന്ന വിധത്തില്‍ സാമൂഹ്യശാസ്ത്രപഠനം ഒരിക്കലും വിഭാവനം ചെയ്യപ്പെട്ടില്ല. ഇന്ത്യയുടെ സാമ്പത്തികവികസനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികശാസ്ത്രത്തിനു മാത്രമാണ് കുറെയെങ്കിലും അത്തരത്തിലുള്ള പ്രോത്സാഹനം ലഭിച്ചത്. മറ്റുള്ളവയെല്ലാം കൊളോണിയല്‍ മൂല്യവിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറി. ഇതിനെ നേരിട്ടുകൊണ്ടാണ് പരിമിതമായ തോതിലെങ്കിലും ഇന്ത്യയിലെ സാമൂഹ്യശാസ്ത്രവും ചരിത്രപഠനവും വളര്‍ന്നു വന്നത്. എന്നാല്‍ അതിന്റെ സംഭാവനകളെ ഉള്‍ക്കൊള്ളുന്ന വിധത്തിലോ സാമൂഹ്യപഠനത്തിന്റെ രീതിശാസ്ത്രം സിലബസ്സില്‍ ഉൾപെടുത്തുന്നതിനോ ഉള്ള ഒരു നീക്കവും ഉണ്ടായില്ല.
ഇന്നത്തെ നിലയില്‍ കേവലം വിവരസഞ്ചയമായി കണ്ടുകൊണ്ടോ എതെങ്കിലും ധാർമികമൂല്യസംഹിതയുടെ ഭാഗമായി കണക്കാക്കിക്കൊണ്ടോ ഉള്ള കരിക്കുലം നമുക്കാവശ്യമില്ല. ഒരു വൈജ്ഞാനികസമൂഹമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ഈ വിജ്ഞാനം സമാഹരിക്കാനുള്ള രീതിശാസ്ത്രം കുട്ടികളെ ആദ്യം മുതല്‍ പരിചയപ്പെടുത്തുന്ന വിദ്യാഭ്യാസപദ്ധതിയാണ് നമുക്കാവശ്യം.ആധുനിക സാങ്കേതികവിദ്യകളുടെ വളർച്ച ലോകമാസകലമുള്ള ശാസ്ത്ര–സാമൂഹ്യശാസ്ത്രപുരോഗതിയെ വിവരങ്ങള്‍ എന്ന നിലയില്‍ നമ്മുടെ മുമ്പില്‍ എത്തിച്ചിട്ടുണ്ട്. അവയെ മൂർത്തരൂപത്തില്‍ കണ്ടെത്തി, മനുഷ്യരുടെ നിലനിൽപ്പിനും വികാസത്തിനും ആവശ്യമായ വിജ്ഞാനം ഉത്പാദിപ്പിക്കാനുള്ള കഴിവ് നേടുകയാണ് പ്രധാനം. ഇതിന്റെ ഭാഗമായി തന്നെയാണ് ജീവിതത്തിനാവശ്യമായ മൂല്യസംഹിതകളും പൗരധർമത്തെക്കുറിച്ചുള്ള ആശയങ്ങളും മനുഷ്യര്‍ നേടുന്നത്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത പൗരധർമങ്ങളും മൂല്യസംഹിതകളും ആവശ്യമെങ്കില്‍ മാറ്റിമറിക്കാനുള്ള കഴിവും ഇതിനോടൊപ്പം മനുഷ്യര്‍ നേടുന്നുണ്ട്. സാമൂഹ്യപുരോഗതിക്കുള്ള അനിവാര്യഘടകമാണിത്. ഇത്തരത്തില്‍ രീതിശാസ്ത്രബദ്ധമായി പഠന സാമഗ്രികളെ ക്രമീകരിക്കേണ്ടത് ഏതൊരു പാഠപുസ്തകത്തിന്റെയും കടമയാണ്.
രീതിശാസ്ത്രബദ്ധമായ പഠനം വിമര്‍ശനാധിഷ്ഠിത പഠനമാണ്. സ്വാഭാവികമായും വിമര്‍ശനം ഉയരുക ഏതൊരു പ്രസ്താവനയുടേയും പരിമിതികളില്‍ നിന്നാണ്. പരിമിതികള്‍ തിരിച്ചറിയണമെങ്കില്‍ പ്രസ്താവന ആധാരമാക്കുന്ന വിവരസഞ്ചയവും പൂര്‍ണമായി ലഭ്യമായിരിക്കണം, എന്നാല്‍ മാത്രമാണ് പ്രസ്താവനയുടെ അംശങ്ങള്‍ വേർതിരിക്കപ്പെടുകയും അപഗ്രഥിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുകയുള്ളൂ. വിവരങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പഠനത്തിന്റെ ഭാഗമായി മാറുകയാണ്. ശാസ്ത്രപഠനത്തെയും സമൂഹ്യശാസ്ത്രപഠനത്തെയും ഒരുപോലെ ബാധിക്കുന്ന ഘടകമാണിത്. പ്രസ്താവനകളെ നിഷേധിക്കാനും പുതിയ പ്രസ്താവനകള്‍ നിര്‍മിക്കാനുമുള്ള തയ്യാറെടുപ്പും അങ്ങനെ തന്നെയാണ് രൂപപ്പെടുക. ഇതൊരു മൂല്യബോധനപ്രക്രിയ അല്ല. പഠനരീതിയുടെ ഭാഗമായി മൂല്യങ്ങള്‍ ഉൽപാദിപ്പിക്കുകയാണ് ചെയ്യുക. ഈ പ്രക്രിയക്കാവശ്യമായ സാമഗ്രികള്‍ നല്കുകയാകണം പാഠപുസ്തകങ്ങളുടെ നിര്‍മാണം ലക്ഷ്യമാക്കേണ്ടത്. വിവരശേഖരങ്ങളേക്കാള്‍ വിവരശേഖരണത്തിനുള്ള വഴികളാണ് പാഠപുസ്തകങ്ങളില്‍ നല്‍കേണ്ടത്. ജ്ഞാനോല്പാദന പ്രക്രിയയുടെ ജനാധിപത്യവും മത, ജാതി, ലിംഗനിരപേക്ഷസ്വഭാവവും സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയും ഉറപ്പു വരുത്തുന്നതും ഈ അന്വേഷണത്തിന്റെ ഭാഗമാക്കണം.
ബാലാവകാശകമ്മിഷന്റെ നിര്‍ദേശപ്രകാരം പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ സിലബസ് വെട്ടിക്കുറച്ചത്. ഏറ്റവും ദുര്‍ബലമായ ന്യായീകരണവാദമാണിത്.പാഠപുസ്തകങ്ങളെ കേവലം വിവരസമുച്ചയങ്ങളായി കാണുകയും ഉൾപ്പെടുത്തേണ്ട വിവരങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് പാഠപുസ്തകങ്ങളുടെ ഭാരം വര്‍ധിച്ചത്. പഠന പ്രക്രിയയുടെ ദൗര്‍ബല്യത്തെയാണ് അത് കാണിക്കുന്നത്.ഉൾപ്പെടുത്തല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉൾപ്പെടുത്തുകയാണ് ശരിയായ തന്ത്രം എന്ന ധാരണയാണ് മതനിരപേക്ഷവാദികള്‍ക്കു പോലുമുള്ളത്. ആവശ്യമായ വിവരങ്ങള്‍ ഇന്ന് നിരവധി പുസ്തകങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ലഭ്യമാണ്. അവയിലേക്കുള്ള പ്രവേശികകള്‍ ഏറ്റവും ലളിതമായും ഹൃദ്യമായും നല്‍കുകയും അന്വേഷണത്തിനുള്ള പടിവാതിലുകള്‍ തുറക്കുകയുമാണ് പാഠപുസ്തകങ്ങളുടെ കടമ. പാഠപുസ്തകങ്ങള്‍ വെട്ടിക്കളയുക എന്നത് ഭരണനയപരമായ ഇടപെടലാണ്. അതുകൊണ്ട് കുട്ടിയുടെ പഠനം പ്രോത്സാഹിപ്പിക്കപ്പെടുകയില്ല. എന്നു മാത്രമല്ല, ഒരു പ്രമേയത്തിന്റെ അപഗ്രഥനത്തിനാവശ്യമായ വിവരങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുവയ്ക്കുകവഴി അവരുടെ ജ്ഞാനോല്പാദനശേഷിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസവിരുദ്ധവും വിജ്ഞാനവിരുദ്ധവുമായ നടപടിയാണത്.
ഇതെല്ലാം കാണിക്കുന്നത് പാഠപുസ്തകങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് ജനപക്ഷത്തുനിന്നുള്ള പുനരാലോചന ഇന്ന് ആവശ്യമാണ് എന്നാണ്.
കെ എൻ ഗണേഷ്: അറിയപ്പെടുന്ന ചരിത്രകാരനും അക്കാദമിഷ്യനും എഴുത്തുകാരനും. കേരള വിദ്യാഭ്യാസ കമ്മീഷൻ്റെ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽനിന്ന് പിഎച്ച്‌ഡി നേടിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം മുൻ മേധാവിയായിരുന്നു. 1989-ൽ കേരള ഗസറ്റിയേഴ്‌സിൻ്റെ എഡിറ്ററായിരുന്നു. വൈജ്ഞാനികസാഹിത്യത്തിൽ 2015ലെ കേരള സാഹിത്യ അക്കാദമി അവാർഡ് കെ എൻ ഗണേഷിന് ലഭിച്ചു.