ശ്രീലത എസ്

തീർച്ചയായും ഇത് ഇതിനകം പ്രസിദ്ധീകരിച്ച രണ്ട് പ്രശസ്ത പുസ്തകങ്ങളുടെ തലക്കെട്ടാണ്. ജവഹർലാൽ നെഹ്‌റു ജയിലിൽ നിന്ന് മോചിതനായി രണ്ട് മാസത്തിന് ശേഷം എഴുതി ലഘുലേഖാരൂപത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പരമ്പരയാണ് 1933-ൽ പ്രസിദ്ധീകരിച്ച ആദ്യത്തേത്. ഭരണകൂടം, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളിൽ തന്റെ രാജ്യം പിന്തുടരേണ്ട പാതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളായിരുന്നു അതിൽ.

“യുപിയിലെ മഥുര ലോക്‌സഭാ മണ്ഡലത്തിലെ വൃന്ദാവൻ, ഗോവർദ്ധൻ, രാധാകുണ്ഡ് പ്രദേശങ്ങളിൽ താമസിക്കുന്ന വിധവകളെ അവരുടെ കുടുംബങ്ങളും രാഷ്ട്രീയക്കാരും നാടുകടത്തിയിരിക്കയാണ്. അവരെ രാധമാർ എന്നാണ് വിളിക്കുന്നത്! അവർ പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവരെ അവരുടെ സമുദായങ്ങൾ പുറത്താക്കിയതിനാൽ അവർക്ക് അതിജീവനത്തിനായി ഒറ്റയ്ക്ക് പൊരുതേണ്ടി വരുന്നു.”

മഹാപണ്ഡിതനായ പ്രൊഫ. ഗോവിന്ദ് സദാശിവ് ഘരെ എഴുതിയതും 1974-ൽ ആദ്യമായി പ്രസിദ്ധീകരിച്ചതും ആയ  രണ്ടാമത്തെ പുസ്തകം, 1950-72 കാലത്തെ ഇന്ത്യയുടെ ഭരണഘടനാപരവും രാഷ്ട്രീയവും സാമുദായികവും ആയ  പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്റെ വീക്ഷണങ്ങൾ പങ്കുവെയ്ക്കുന്നു. രണ്ട് പുസ്തകങ്ങളും നിലവിലുള്ള സാഹചര്യത്തിലും ഏറെ പ്രസക്തമാണ്.

കർണാടകയിൽ നിന്നുള്ള ബിജെപി എംപി ശ്രീ. അനന്ത് കുമാർ ഹെഗ്‌ഡെ തന്റെ പാർട്ടിക്ക് ഇത്തവണ 400-ലധികം സീറ്റുകൾ ആവശ്യമാണെന്ന് വ്യക്തമായ വാക്കുകളിൽ പറഞ്ഞു, കാരണം അവർക്ക് ഭരണഘടന മാറ്റേണ്ടതുണ്ട്. അങ്ങനെ ഒടുവിൽ, പൂച്ച ബാഗിൽ നിന്ന് പുറത്തുചാടി.  400 സീറ്റുകൾ നേടാനുള്ള ഭ്രാന്തൻ ഓട്ടത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം ഇന്ത്യൻ ഭരണഘടനയെ അവരുടെ ഇഷ്ടങ്ങളും മോഹങ്ങളും അനുസരിച്ച് മാറ്റിയെഴുതുക എന്നതാണ്. ഈ ഭൂരിപക്ഷത്തോടെ അവർ വീണ്ടും അധികാരത്തിൽ വന്നാൽ, ഭരണഘടനയിൽ നിലവിലുള്ള ജാതിസംവരണത്തിന്റെ വകുപ്പുകൾ എടുത്തുകളയുക എന്നതാണ് ആദ്യം സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് മുൻകൂട്ടി പറയാൻ കഴിയും.

ഇനി നമുക്ക് 2014-ലേക്കു തിരിഞ്ഞു നോക്കാം. 2014-ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് വിജയിക്കാൻ വഴിയൊരുക്കിയത് എന്താണ്? ആദ്യത്തെ കാരണം, യുപിഎ ഭരിക്കുന്ന ഇന്ത്യയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന് ബിജെപി പ്രഖ്യാപിക്കാൻ സഹായകമായിത്തീർന്ന, നിർഭാഗ്യകരമായ നിർഭയ കേസായിരുന്നു. രണ്ടാമത്തേത്, അണ്ണാ ഹസാരെയുടെ ‘അഴിമതിവിരുദ്ധപ്രസ്ഥാനം ‘ ആയിരുന്നു. അധികാരത്തിലെത്താൻ ബിജെപി തന്റെ ലോക് പാൽ പ്ലാറ്റ് ഫോം  ദുരുപയോഗം ചെയ്തുവെന്ന് ഹസാരെ തന്നെ പിന്നീട് പറഞ്ഞു. എന്തുതന്നെയായാലും, യഥാർത്ഥത്തിൽ അത് യുപിഎ സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കമായിരുന്നു എന്ന് പിന്നീട് തുറന്നു  കാട്ടപ്പെട്ടു എന്താണ് സംഭവിച്ചതെന്ന് നമുക്ക് ഒന്ന് കണ്ണോടിക്കാം.

സ്ത്രീകളുടെ സുരക്ഷ

 ‘നാരീശക്തി’ക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് നമ്മുടെ പ്രധാനമന്ത്രി അടുത്തൊരു ദിവസം പറഞ്ഞു. ഇത് ഏതൊരു സ്ത്രീയേയും എങ്ങനെ സഹായിക്കും എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഇവിടെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ആവശ്യത്തിൽ കൂടുതൽ നിയമങ്ങളുണ്ട്, ഭരണകൂടം അവ ശക്തമായ രീതിയിൽ നടപ്പിലാക്കുകയാണ് വേണ്ടത്. ആരെങ്കിലും തന്റെ ജീവൻ ബലിയർപ്പിക്കുന്നത് ഒരു സ്ത്രീക്കും ഒരു ഗുണവും ചെയ്യില്ല.

2002-ൽ ഗുജറാത്ത് സംസ്ഥാനത്ത് നടന്ന മുസ്ലീം വിരുദ്ധ കലാപത്തിനിടെ ഗർഭിണിയായ ബിൽക്കിസ് ബാനുവിന്റെയും അവരുടെ കുടുംബത്തിന്റെയും നേരെയുണ്ടായ ക്രൂരമായ ആക്രമണം വിവേകമുള്ള ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. എന്നാൽ ജയിലിൽ കഴിഞ്ഞിരുന്ന ഈ കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ ഒരു അസാധാരണ ഉത്തരവിലൂടെ മോചിപ്പിച്ചു. ആ ഉത്തരവും അവർ ജയിലിൽ നിന്ന് പുറത്തു വന്നപ്പോഴുണ്ടായ ആഘോഷങ്ങളും ആഗോളതലത്തിൽ രോഷത്തിന് കാരണമായി. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഫലമായി ഇവരെ ജയിലിലേക്ക് തിരിച്ചയച്ചു.

ജമ്മു കാശ്മീരിലെ കത്വയിൽ പ്രായപൂർത്തിയാകാത്ത ഒരു നാടോടി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും തുടർന്ന് 2018 ജനുവരി 10 ന് കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ കൂടുതൽ ഞെട്ടിപ്പിക്കുന്നത് പ്രതികളെ പിന്തുണച്ചുകൊണ്ട് സംഘടിപ്പിച്ച റാലിയെക്കുറിച്ചുള്ള വാർത്തയാണ്. റാലിയെ അഭിസംബോധന ചെയ്തത് ആരാണെന്ന് അറിയാമോ? രണ്ട് ബിജെപി മന്ത്രിമാർ! ഒരു ലജ്ജയുമില്ലാതെ അവർ പ്രതികളെ പിന്തുണയ്ക്കുകയും പോലീസ് നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം, കീഴ് ജാതിക്കാരിയായ ഇരയേക്കാൾ ഉയർന്ന ജാതിക്കാരായ പ്രതികൾക്കാണ് പ്രാധാന്യം. ഇരകളായ സ്ത്രീകളേക്കാൾ കുറ്റാരോപിതരായ പുരുഷന്മാർക്കാണ് പ്രാധാന്യം. താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളോടും പ്രത്യേകിച്ച് സ്ത്രീകളോടും ഉള്ള അവരുടെ മനോഭാവത്തെ ഇത് കൃത്യമായി പ്രതിഫലിപ്പിക്കുന്നു.

2020 സെപ്തംബർ 14 ന് യുപിയിലെ ഹത്രസിൽ 19 കാരിയായ ഒരു ദളിത് യുവതിയെ നാല് ഉയർന്ന ജാതിക്കാർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ അവളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ആ പാവപ്പെട്ട സ്ത്രീ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. രാത്രിയുടെ മറവിൽ അവളുടെ ചേതനയറ്റ ശരീരം പോലീസ് തിടുക്കത്തിൽ സംസ്കരിച്ചു. ഇപ്പോഴും പെൺകുട്ടിയുടെ കുടുംബം ഉയർന്ന ജാതിക്കാരായ താക്കൂർമാരുടെ ആധിപത്യമുള്ള അവളുടെ ഗ്രാമത്തിൽ വളരെ ഒറ്റപ്പെട്ട ജീവിതം നയിക്കാൻ നിർബന്ധിതരാണ്.

2023 ജനുവരിയിൽ, ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിംഗ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തിക്കാർ പ്രതിഷേധം ആരംഭിച്ചു. ഇന്ത്യക്കു വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ ഗുസ്തിക്കാരായിരുന്നു അവർ. പക്ഷേ, ഒന്നും സംഭവിച്ചില്ല, എം പി എന്നത്തേയും പോലെ ഒരു തരക്കേടും സംഭവിക്കാതെ സുരക്ഷിതനായിരിക്കുന്നു. ഗുസ്തിക്കാർ പ്രതിഷേധസൂചകമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ തങ്ങളുടെ മെഡലുകൾ ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരായി.

മണിപ്പൂരിൽ 2023 മെയ് 03 ന് സ്ത്രീകളെ നഗ്നരായി പരേഡ് നടത്തി. 2023 ജൂലൈയിൽ അതിന്റെ വീഡിയോ ചോർന്നപ്പോൾ മാത്രമാണ് പൊതുജനങ്ങൾ കാര്യം അറിയുന്നത്. ഈ ക്രൂരവും അനാശാസ്യവുമായ സംഭവത്തിൽ ലോകം മുഴുവൻ സ്തംഭിച്ചു പോയി. എന്നാൽ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയുൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങളാരും സ്ഥലത്തെത്താനുള്ള മര്യാദ കാട്ടിയില്ല, എന്തിന്, ഈ ഭയാനകമായ സംഭവത്തെ അപലപിച്ചു കൊണ്ട് ഒരു വാക്ക് പോലും പറയാൻ കൂട്ടാക്കിയില്ല.

ഇത്തരം കേസുകളിൽ ഗവൺമെന്റ് എങ്ങനെ പ്രവർത്തിച്ചുവെന്ന് കാണിക്കാൻ വേണ്ടി ചില സംഭവങ്ങൾ പറയാൻ ശ്രമിക്കുകയായിരുന്നു. ഇന്ത്യയുടെ മാതൃകാ സംസ്ഥാനമെന്ന് കരുതപ്പെടുന്ന യുപി സംസ്ഥാനത്ത് താഴ്ന്ന ജാതിക്കാരായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നത് സർവ സാധാരണമാണെന്ന് നെറ്റിൽ തിരഞ്ഞാൽ മനസ്സിലാകും. ആർക്കും എന്തും പറഞ്ഞ് ഊറ്റം കൊള്ളാനാകുമായിരിക്കും. എന്നാൽ മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങൾ കാണിക്കുന്നത് ഇന്ത്യ സ്ത്രീകളോടും അവരുടെ പ്രശ്നങ്ങളോടും എത്രമാത്രം നിസ്സംഗത പുലർത്തുന്നു എന്നതാണ്.

കുറച്ച് നാൾ മുമ്പ് നമ്മുടെ പ്രധാനമന്ത്രി പ്രസ്താവിച്ചത് യൂണിഫോം സിവിൽ കോഡ് മുസ്ലീം സ്ത്രീകൾക്ക് ആശ്വാസമാകുമെന്നും അവർ അദ്ദേഹത്തോട് നന്ദി പറയുമെന്നും ആണ്. നമുക്ക് അത് മുഖവിലയ്‌ക്ക് എടുക്കാം. ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനം തീർച്ചയായും സ്വാഗതാർഹമാണ്. എന്നാൽ ഉപേക്ഷിക്കപ്പെട്ട ഹിന്ദു വിധവകൾ അവരുടെ ജീവിതം തികഞ്ഞ ദുരിതത്തിൽ ചെലവഴിക്കുന്നുതിനെക്കുറിച്ച് എന്താണ് പറയാൻ ഉള്ളത്? യുപിയിലെ മഥുര ലോക്‌സഭാ മണ്ഡലത്തിലെ വൃന്ദാവൻ, ഗോവർദ്ധൻ, രാധാകുണ്ഡ് പ്രദേശങ്ങളിൽ താമസിക്കുന്ന വിധവകളെ അവരുടെ കുടുംബങ്ങളും രാഷ്ട്രീയക്കാരും നാടുകടത്തിയിരിക്കയാണ്. അവരെ രാധമാർ എന്നാണ് വിളിക്കുന്നത്! അവർ പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവരെ അവരുടെ സമുദായങ്ങൾ പുറത്താക്കിയതിനാൽ അവർക്ക് അതിജീവനത്തിനായി ഒറ്റയ്ക്ക് പൊരുതേണ്ടി വരുന്നു. ഭക്ഷണത്തിനായി യാചിച്ചും സൗജന്യ ഭക്ഷണത്തിനായി ക്ഷേത്രപരിസരത്ത് കാത്തുനിന്നും, മണിക്കൂറുകളോളം വെറും ഇരുപത് രൂപയ്ക്ക് ഭജന പാടിയും ആണ് അവർ ജീവിതം തള്ളിനീക്കുന്നത്. വിശദമായ ലേഖനം ഇവിടെ വായിക്കാം.

https://www.indiatoday.in/elections/lok-sabha-2019/story/widows-of-vrindavan-banished-by-their-families-and-abandoned-by-politicians-1504438-2019-04-18?fbclid=IwAR3a3_NrD3N8tOTpzE2CTfPwnHwvsM6Poqqz8Yv_M4uGDiJHGdhcQlqa4U018

അഴിമതി

2014-ലെ തെരഞ്ഞെടുപ്പിൽ നൽകിയ പ്രധാന വാഗ്ദാനം ഒരു അഴിമതിരഹിതസർക്കാർ ഉണ്ടാക്കും എന്നായിരുന്നു. എന്നാൽ എന്താണ് ഇപ്പോഴത്തെ അടിസ്ഥാന യാഥാർത്ഥ്യം? ഇലക്ടറൽ ബോണ്ടുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ സംഘടിതമായ കൊള്ളയും നിയമവിധേയമാക്കിയ പിടിച്ചുപറിയുമാണ് വെളിപ്പെടുത്തുന്നത്. കേന്ദ്രസർക്കാരിന്റെ ED, CBI, NIA തുടങ്ങിയ എല്ലാ ഏജൻസികളും വിവിധ കമ്പനികളിൽ നിന്ന് പണം തട്ടാനുള്ള ഉപകരണങ്ങളായി മാറി. ബി.ജെ.പിക്ക് കോടികൾ ബോണ്ടായി നൽകിയ ഫാർമ കമ്പനികളുടേതാണ് ഇതിൽ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്നത്. മരുന്നുകളുടെ ഗുണനിലവാരപരിശോധനയിൽ പരാജയപ്പെട്ട ഏഴ് ഫാർമ കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് സംഭാവന നൽകി എന്നത് ഞെട്ടിക്കുന്നതായിരുന്നു. നമ്മുടെ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്ന വിധത്തിലുള്ള ചില അനൈതികമായ ഉപകാരങ്ങൾ ലഭിച്ചതു കൊണ്ടോ ഭാവിയിൽ ലഭിക്കാനോ വേണ്ടിയോ അല്ലെങ്കിൽ എന്തിനാണ് അവർ ഇലക്ടറൽ ബോണ്ടു വഴി സംഭാവന നൽകിയത്?

1902 ലെ ഒരു കാർട്ടൂൺ- കൈക്കൂലി എന്നെഴുതിയ തുണികൊണ്ട് കണ്ണുകെട്ടിയ പോലീസുകാരൻ

ഇനി, പ്രധാന ഭരണകക്ഷി പിന്തുടരുന്ന ‘എല്ലാം പ്രസംഗത്തിൽ മാത്രം, പ്രയോഗത്തിലില്ല’ എന്ന നയം വെളിവാക്കുന്ന മറ്റ് ചില വസ്തുതകൾ കൂടി നമുക്ക് പരിശോധിക്കാം.

പാരമ്പര്യവാഴ്ച്ച

കോൺഗ്രസ് എക്കാലവും അതിന്റെ പാരമ്പര്യഭരണത്തിന് കുറ്റപ്പെടുത്തപ്പെട്ടിരുന്നു, അത് സത്യവുമായിരുന്നു. കേരളത്തിൽ പോലും അതിന് ഉദാഹരണങ്ങളുണ്ട്. നെഹ്‌റു കുടുംബമില്ലാതെ തങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്ത കോൺഗ്രസ് രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു. എന്നാൽ പാരമ്പര്യഭരണത്തോട് വലിയ അവജ്ഞ കാണിച്ചിരുന്ന ബിജെപിയും അത് പിന്തുടരുകയാണ്. 1999 മുതൽ  കോൺഗ്രസിന് 36  ‘പാരമ്പര്യ ‘ എംപിമാരുണ്ടായിരുന്നപ്പോൾ ബിജെപിക്ക് അത്തരം 31 പേർ ഉണ്ടായിരുന്നു. 2019 മാർച്ചിലെ ദ വയർ റിപ്പോർട്ട് പ്രകാരമാണ് ഇത്. ഇപ്പോൾ എണ്ണം തീർച്ചയായും വർദ്ധിച്ചിട്ടുണ്ടാകണം. അതിനാൽ, സ്വജനപക്ഷപാതം ബിജെപിയിൽ കോൺഗ്രസിൽ എന്നപോലെ വ്യാപകമാണ്.

മാധ്യമ സ്വാതന്ത്ര്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് നമ്മുടെ പ്രധാനമന്ത്രി എപ്പോഴും വീമ്പിളക്കാറുണ്ട്. കൊള്ളാം, ഒരിക്കൽ അങ്ങനെയായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ജി 7 ഉച്ചകോടി ജർമ്മനിയിൽ നടന്ന അവസരത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹം ഏറെ വാചാലനായിരുന്നു. അതേ ദിവസം തന്നെ അദ്ദേഹം അവിടെ വീമ്പിളക്കുമ്പോൾ ഇന്ത്യൻ പൗരാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമായ ടീസ്റ്റ സെതൽവാദും ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറും അറസ്റ്റിലായി! വാക്കുകൾ പ്രവൃത്തികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇത് കാണിക്കുന്നു അല്ലെങ്കിൽ പ്രവൃത്തികൾ വാക്കുകളുടെ നേർവിപരീതമാണ്!

ഹിന്ദു ഖത്രേ മേ ഹേ! ഹിന്ദുക്കൾ അപകടത്തിലാണ്. ഇന്ത്യയിൽ 80% ഹിന്ദുക്കളുണ്ട്, എന്നാൽ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീങ്ങൾ കാരണം ഇന്ത്യയിലെ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാണെന്ന ഭയം ഹിന്ദുക്കളിൽ സൃഷ്ടിക്കുന്നതിൽ പാർട്ടി വിജയിച്ചിട്ടുണ്ട്. ഹിന്ദുക്കളെ സംരക്ഷിക്കാൻ അവർ ഇതുവരെ എന്താണ് ചെയ്തത്? ഹിന്ദുക്കളെ രക്ഷിക്കാൻ മുസ്ലീങ്ങളെ കൊന്നൊടുക്കിയാൽ മതിയോ? ഭീമമായ ഇന്ധനവിലയിൽ നിന്ന് ഹിന്ദുക്കളെ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞോ? ഇല്ല. പക്ഷേ മുദ്രാവാക്യത്തിന്റെ കെണിയിൽ വീഴുന്നവർ ഒരിക്കലും ഇക്കാര്യങ്ങളെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കില്ല.

ജാതീയത

OBC മോർച്ച, SC മോർച്ച, ST മോർച്ച തുടങ്ങിയ പേരുകൾ നിങ്ങൾക്ക് പരിചിതമാണോ? ഇവയെല്ലാം പ്രധാന ഭരണകക്ഷിയുടെ വിവിധ ബഹുജനസംഘടനകളാണ്! ഇന്ത്യയിലെ ക്രൂരമായ ജാതിവ്യവസ്ഥയെ അംഗീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായ ഈ സംഘടനകളിൽ ചേരാൻ ആളുകൾക്ക് എങ്ങനെ കഴിയുന്നുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു. സ്വന്തം ജനതയെ അസ്പൃശ്യർ ഉൾപ്പെടെയുള്ള വിവിധ ജാതികളായി വിഭജിക്കുന്ന ഈ അപരിഷ്‌കൃതവും ക്രൂരവുമായ ആചാരങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഇന്ത്യയിലെ പല പ്രമുഖ നേതാക്കളും പോരാടിയിട്ടുണ്ട്. നമ്മുടെ സമൂഹം അഭിവൃദ്ധി പ്രാപിക്കാൻ ഉന്മൂലനം ചെയ്യേണ്ട ഈ ഭീകരമായ ജാതിവ്യവസ്ഥയെക്കുറിച്ച് ഡോ ബി ആർ അംബേദ്കർ അനേകം വാല്യങ്ങൾ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘വെയ്റ്റിംഗ് ഫോർ എ വിസ’ അദ്ദേഹം പൂർവ്വ വിദ്യാർത്ഥിയായിരുന്ന ന്യൂയോർക്കിലെ പ്രശസ്തമായ കൊളംബിയ സർവകലാശാലയിൽ പാഠപുസ്തകമാക്കിയിട്ടുണ്ട്.

ഇനി പ്രസക്തമായ മറ്റു ചില ഘടകങ്ങളിലേക്കും നമുക്കൊന്ന് കണ്ണോടിക്കാം. വ്യത്യസ്ത രാഷ്ട്രീയമുള്ള ഭരണകക്ഷികൾ ഒരേ സമയം സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്ന അവസ്ഥ ഇന്ത്യയ്ക്ക് വളരെ പരിചിതമാണ്. എന്നാൽ ഈ പുതിയ ഭരണത്തിലൂടെ ബിജെപി ഇതര സംസ്ഥാനങ്ങളിലേക്ക് ഗവർണർമാരെ അയക്കുന്നത് കലഹവും ഭരണസ്തംഭനവും സൃഷ്ടിക്കാനാണ്. അതു കൊണ്ട് കേരളം, തമിഴ്‌നാട്, കർണാടക സർക്കാരുകൾക്ക് കാര്യങ്ങൾ പൂർത്തീകരിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നു. നിയമപരമായ കേസുകൾ ഫയൽ ചെയ്യാൻ പോലും അവർ നിർബന്ധിതരാകുന്നു. ഇത്തരത്തിലുള്ള ശത്രുതാമനോഭാവമാണ് കേന്ദ്രത്തിലെ ഭരണകക്ഷിക്കുള്ളത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി കേരളീയരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: നിങ്ങൾ  ഞങ്ങളെ തിരഞ്ഞെടുത്തില്ലെങ്കിൽ നിങ്ങൾക്ക് മോദിയുടെ ഗ്യാരണ്ടികളൊന്നും ഉണ്ടാകില്ല!

ഇന്ത്യയുടെ ആഗോളപട്ടിണിസൂചിക 125 ൽ 111 ആണ്. 80 കോടി അല്ലെങ്കിൽ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് സൗജന്യ റേഷൻ നൽകുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികവും സൗജന്യ പ്രതിവാര റേഷനിൽ അതിജീവിക്കുന്നു. മിക്കവരും തൊഴിലില്ലാത്തവരുമാണ്.

ആളുകൾക്ക് ഭക്ഷണവും പാർപ്പിടവും വസ്ത്രവും ആണ് ആവശ്യം. അല്ലാതെ അമ്പലങ്ങളല്ല. 2014-ന് മുമ്പ് വോട്ട് ഉറപ്പാക്കാൻ മതപരമായ വിള്ളലുകൾ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യക്കാർക്ക് പരിചയമില്ലായിരുന്നു. എന്നാൽ ഇപ്പോൾ പലരും അതിനോട് സമരസപ്പെടുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. വിലകുറഞ്ഞ ഗിമ്മിക്കുകൾ ഉപയോഗിച്ചു കൊണ്ടല്ല ഭരണം നടത്തേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ കൊള്ളയടിക്കൽ, പ്രതിപക്ഷ പാർട്ടികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കൽ തുടങ്ങിയ എല്ലാത്തരം അൺപാർലമെന്ററി രീതികളും ഇപ്പോൾ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഉപയോഗിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടം എന്നൊരു സംഗതി പാലിക്കേണ്ടതുണ്ട്, എന്നാൽ അത് അവഗണിക്കപ്പെട്ടതായി തോന്നുന്നു. ഇന്ത്യയിലെ ഒരു നിയമവും ബിജെപി നേതാക്കൾക്ക് ബാധകമല്ല.

ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് നമ്മൾ ‘ഇന്ത്യ എങ്ങോട്ട് ‘ എന്ന് ചോദിച്ച് അതിനനുസരിച്ച് പ്രവർത്തിക്കാൻ പോകുന്നത്?

ചെറുതായി അശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിന് വായനക്കാരോട് ഞാൻ ക്ഷമ ചോദിക്കുന്നു, പക്ഷേ ഇത് ഒരു പാരയെ പാര എന്ന് വിളിക്കുന്നത് പോലെയാണ്. നമുക്ക് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടേ പറ്റൂ. അതിനാൽ ചവർപ്പുള്ള സത്യങ്ങളും ഉൾക്കൊള്ളാനാകണം. എങ്കിലും നമുക്ക് ശുഭാപ്തിവിശ്വാസം ഉള്ളവർ ആയിരിക്കാം. നമ്മുടെ ജനാധിപത്യത്തെ വീണ്ടെടുക്കാൻ വിവേകപൂർവ്വം വോട്ടുചെയ്യാനുള്ള അവകാശം ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.

ശ്രീലത എസ്: ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ ശ്രീലത എസ് എഴുത്തുകാരിയും വിവർത്തകയുമാണ്. ആനുകാലികങ്ങളിലും മാസികകളിലും കിൻഡിൽ ഇബുക്കുകളിലും അവർ കഥകളും ഉപന്യാസങ്ങളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്‌സ്, കേരള സാഹിത്യ അക്കാദമി, യുകെയിലെ  നാഷണൽ ഹെൽത്ത് സർവീസ്, യൂറോവാനില ഫ്രാൻസ്, റോയൽ എൻഫീൽഡ് എന്നിവയ്‌ക്കായി ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കും തിരിച്ചും പുസ്തകങ്ങളും ലേഖനങ്ങളും വിവർത്തനം ചെയ്‌തിട്ടുണ്ട്. വിക്കി മലയാളം, സായാഹ്ന ഫൗണ്ടേഷന്റെ മലയാളം ശബ്ദതാരാവലി, ഗുണ്ടർട്ട് വിക്കി തുടങ്ങിയ കമ്മ്യൂണിറ്റി ഡിജിറ്റലൈസേഷൻ സംരംഭങ്ങളിലും അവർ ഒരു ഭാഗമാണ്.

 email: sreelathas2811@gmail.com

Blog: http://maithreyi.blogspot.com/

Facebook: https://www.facebook.com/sreelatha.maithreyi

Share on facebook
Share on twitter
Share on linkedin
WhatsApp