Picture6
ജി പി രാമചന്ദ്രൻ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ടു വര്‍ഷത്തിനകം തന്നെ സിനിമാരംഗത്തെ സര്‍ക്കാര്‍ സമീപനം എന്തായിരിക്കണം എന്നു തീരുമാനിക്കുന്നതിനായി കേന്ദ്ര ഭരണകൂടം ഒരു കമ്മീഷനെ നിയമിച്ചു. ഫിലിം എന്‍ക്വയറി കമ്മിറ്റി എന്നു പേരുള്ള ഈ കമ്മിറ്റി 1949ലാണ് രൂപീകരിച്ചത്. എസ് കെ പാട്ടീല്‍ അദ്ധ്യക്ഷനും എം സത്യനാരായണ്‍, ഡോക്ടര്‍ ആര്‍ പി ത്രിപാഠി, വി ശങ്കര്‍, വി ശാന്താറാം, ബി എന്‍ സര്‍ക്കാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍റെ റിപ്പോര്‍ട് 1951 ഒക്ടോബറില്‍ സമര്‍പ്പിക്കപ്പെട്ടു. വളരെ പ്രധാനപ്പെട്ട കുറെ നിര്‍ദ്ദേശങ്ങള്‍ എസ് കെ പാട്ടീല്‍ കമ്മിറ്റി സമര്‍പ്പിച്ചെങ്കിലും ഭൂരിഭാഗവും സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. നാനൂറോളം പേജുകളുള്ള ബൃഹത്തായ ഒരു റിപ്പോര്‍ട്ടായിരുന്നു അത്. ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്‍റെ ദൃഢീകരണം, അതിന്‍റെ നിലവിലുള്ള ബലഹീനതകളെ മറികടക്കുന്നതിനുള്ള സഹായങ്ങള്‍, മറ്റുള്ളവ എന്നിങ്ങനെ മൂന്നായി തിരിക്കാവുന്ന നിര്‍ദ്ദേശങ്ങളാണതിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ഒരു ഫിലിം കൗണ്‍സില്‍ രൂപീകരിക്കുകയും സിനിമാവ്യവസായത്തെ ആകെ നിയന്ത്രിക്കുകയും മേല്‍ നോട്ടം നിര്‍വഹിക്കുകയും ചെയ്യണമെന്നതായിരുന്നു സുപ്രധാന നിര്‍ദ്ദേശം. വഴികാട്ടി, സുഹൃത്ത്, ദാര്‍ശനികന്‍ എന്നിങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ വരുംകാല സിനിമയെ സര്‍ക്കാര്‍ മേലേ നിന്ന് കീഴോട്ട് വ്യാപകമായും സ്ഥിരമായും നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്യണമെന്നതായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അന്തസ്സത്ത. സര്‍ക്കാര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, പ്രദര്‍ശകര്‍, കലാകാരര്‍, സാങ്കേതിക വിദഗ്ദ്ധര്‍, തൊഴിലാളികള്‍, അദ്ധ്യാപകര്‍, സാമ്പത്തികോപദേഷ്ടാക്കള്‍ എന്നിവരടങ്ങുന്ന കൗണ്‍സിലാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. നിര്‍മ്മാണത്തിനുള്ള സാങ്കേതിക നിയമാവലിയുടെ ഭരണം (പ്രൊഡക്ഷന്‍ കോഡ് അഡ്മിനിസ്ട്രേഷന്‍/പിസിഎ) സ്ഥാപിക്കണം. തിരക്കഥകള്‍ നിര്‍മ്മാണാനുമതിയ്ക്കായി ഈ പിസിഎയ്ക്ക് സമര്‍പ്പിക്കണം. പൊതു സദാചാരം, നല്ല സ്വഭാവം, വിദ്യാഭ്യാസമൂല്യം എന്നിവ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരിക്കണം പരിശോധന നടത്തേണ്ടത്. പുറംരാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോയി കാണിക്കാന്‍ കൊള്ളുന്നതാണോ അതാതു സിനിമകള്‍ എന്നും ഈ സംവിധാനം തീരുമാനിക്കണം. ഈ പ്രധാന നിര്‍ദ്ദേശങ്ങളെല്ലാം പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതെത്ര നന്നായി എന്ന് ഇന്നാലോചിയ്ക്കുമ്പോള്‍ ഒരു വിശദീകരണവുമില്ലാതെ തന്നെ നമുക്ക് ബോധ്യമാവും.

എന്നാല്‍ എസ് കെ പാട്ടീല്‍ കമ്മിറ്റിയുടെ മറ്റു ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. സിനിമാ നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷനും ചലച്ചിത്രസങ്കേതം പഠിപ്പിക്കാനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കണമെന്നതായിരുന്നു അവയില്‍ പ്രധാനം. അന്നു രൂപീകരിച്ച ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ പിന്നീട് നാഷണല്‍ ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍(എന്‍എഫ് ഡിസി) ആയി മാറി. പൂനെയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. കൂടാതെ ഇന്ത്യയില്‍ തന്നെ സിനിമാ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം, കുട്ടികള്‍ക്കായുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം, ഫിലിംസ് ഡിവിഷന്‍ ശക്തിപ്പെടുത്തണം, നല്ല സിനിമകളുടെ പ്രിന്‍റുകള്‍ ശേഖരിച്ച് സംരക്ഷിയ്ക്കണം എന്നീ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. അതായത് തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുക എന്ന വിവേകപൂര്‍ണവും ദീര്‍ഘവീക്ഷണപരവുമായ സമീപനമാണ് നെഹ്റു സര്‍ക്കാര്‍ സ്വീകരിച്ചതെന്നു ചുരുക്കം.

ഇപ്പോള്‍ ഇതെല്ലാം ഓര്‍മ്മിപ്പിക്കപ്പെടാനുള്ള ചില സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നു. ദശകങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാല് സുപ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെ അവയുടെ സ്വതന്ത്ര നിലനില്പുകളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചുകൊണ്ട് NFDCയിലേയ്ക്ക്  ലയിപ്പിച്ചു. 2022 ആരംഭത്തില്‍ തന്നെ ഇതു സംബന്ധിച്ച സര്‍ക്കാരുത്തരവുകള്‍ ഇറങ്ങിയിരുന്നെങ്കിലും അത് നടപ്പിലായത് പിന്നീടാണ്‌. അതനുസരിച്ച്, ഫിലിംസ് ഡിവിഷന്‍(എഫ് ഡി), നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ (എന്‍എഫ്എ ഐ), ഡയരക്ടരേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്(ഡിഎഫ്എഫ്), ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ(സി എഫ് എസ് ഐ) എന്നിവയാണ് ഒറ്റയടിയ്ക്ക് NFDCയില്‍ ലയിപ്പിച്ചത്.  സിനിമാരംഗത്തും പുറത്തുമുള്ളവര്‍ വ്യാപകമായി ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും അതൊക്കെ വനരോദനങ്ങളായി കലാശിച്ചു.

അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലായിരുന്നു എന്നതാണ് ഈ നടപടിയ്ക്കുള്ള പ്രാഥമിക കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. കേവലം വ്യവസായസ്ഥാപനങ്ങളെപ്പോലെ സാംസ്ക്കാരികസ്ഥാപനങ്ങളെ കണക്കു കൂട്ടുന്ന നിലപാടാണിതെന്നത് പ്രത്യേകം പറയേണ്ടതില്ല. സ്വതന്ത്ര ഇന്ത്യ എന്ന ആധുനിക രാഷ്ട്രനിര്‍മ്മാണത്തില്‍ ഈ സ്ഥാപനങ്ങള്‍ നിര്‍വഹിച്ച സുപ്രധാനവും ചരിത്രപരവുമായ പങ്കാളിത്തം ഒറ്റ ഉത്തരവിലൂടെയും അതിനെ തുടര്‍ന്നുള്ള കൂട്ടലയനത്തിലൂടെയും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. നിര്‍മ്മാണം, വ്യാപനം, ശേഖരണം എന്നീ മേഖലകളിലെല്ലാം നിര്‍ണായകവും അനുഭവസമ്പത്ത് കൊണ്ട് നിബിഡവുമായ സംഭാവനകളാണ് ഈ സ്ഥാപനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നിര്‍വഹിച്ചത്. അതിനെ മറക്കുക എന്നു വെച്ചാല്‍ രാഷ്ട്രത്തിന്‍റെ ഓര്‍മ്മയെത്തന്നെ മറക്കുക എന്നാണര്‍ത്ഥം.

നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ പി.കെ നായരെ കുറിച്ചുള്ള ‘സെല്ലുലോയ്ഡ് മാൻ’ എന്ന ഡോക്യൂമെന്ററിയിൽനിന്ന്.

 1964ല്‍ 123 സിനിമകളുമായി ആരംഭിച്ച ആ പ്രയാണം പി കെ നായര്‍ വിരമിയ്ക്കുമ്പോള്‍ പന്ത്രണ്ടായിരമായി വര്‍ദ്ധിച്ചു. അതു പോലും ഇന്ത്യന്‍ സിനിമയുടെ അതിവിപുലമായ ചരിത്രം വെച്ച് നോക്കുമ്പോള്‍ എത്രയോ ചെറുതാണെന്നാണ്  അദ്ദേഹത്തിന്‍റെ അഭിപ്രായം. സിനിമകള്‍ സാംസ്ക്കാരിക പാരമ്പര്യത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവു പോലുമില്ലാത്ത കാലത്തു നിന്ന്, നമ്മുടെ വൈജ്ഞാനിക/സംസ്ക്കാര/പഠന/ചരിത്ര/കലാ മേഖലകളിലെ ഏറ്റവും നിര്‍ണായകമായ സ്ഥാനത്തേയ്ക്ക് സിനിമയെ കൊണ്ടു ചെന്നെത്തിക്കുന്നതില്‍ ഫിലിം ആര്‍ക്കൈവ്സും അവരുടെ സഹായത്തോടെ ഫിലിം സൊസൈറ്റികളും മറ്റും നടത്തിയ പതിനായിരക്കണക്കിന് പ്രദര്‍ശനങ്ങളും വഴി വെച്ചു. ഇനിയതെല്ലാം ഓര്‍മ്മകള്‍ മാത്രം.

Revival meeting of Calcutta Film Society in Kolkata, 1956. Seated in 2nd row (L to R) is Satyajit
കൽക്കട്ട ഫിലിം സൊസൈറ്റിയുടെ പുനരുജ്ജീവന യോഗം, 1956. രണ്ടാംനിരയിൽ സത്യജിത് റേ ഇരിക്കുന്നു

ലോകത്ത് ഏറ്റവുമധികം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന രാഷ്ട്രമായ ഇന്ത്യയില്‍ ഇനി മുതല്‍ ഒരു ഫിലിം ആര്‍ക്കൈവ് ഉണ്ടാകില്ല എന്നത് നടുക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അമേരിക്കയും ഫ്രാന്‍സുമടക്കം എല്ലാ പ്രധാന രാജ്യങ്ങളിലും കോടിക്കണക്കിന് ഡോളറും യൂറോയുമാണ് തങ്ങളുടേയും അല്ലാത്തതുമായ സിനിമകള്‍ ശേഖരിക്കുന്നതിന് ചിലവഴിക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ ആര്‍ക്കൈവുകള്‍ തുടങ്ങുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ എല്ലാ നഗരങ്ങള്‍ക്കും വ്യത്യസ്തമായ സിനിമാനിര്‍മ്മാണ ചരിത്രങ്ങളുണ്ട്. അവയെല്ലാം നഷ്ടമായാല്‍ എവിടെയാണ് നാം ഇന്ത്യന്‍ സിനിമയെയും ഇന്ത്യയെയും തിരയുക? നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് ഒരു കാലത്തും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ സാധിച്ചേക്കില്ല. എന്നാല്‍ സാംസ്ക്കാരികമായും ചരിത്രപരമായും രാഷ്ട്രനിര്‍മ്മാണപ്രക്രിയയുടെയും അതിന്‍റെ സുപ്രധാന ഘടകമായ സിനിമയുടെയും ശേഖരണം എന്നത് നിര്‍ത്തിവെക്കാനാകാത്ത പദ്ധതിയാണെന്ന് സര്‍ക്കാരിനോട് ആരാണ് പറഞ്ഞുകൊടുക്കേണ്ടത്? NFDCയുടെ ലാഭ-നഷ്ടക്കണക്കുകളില്‍ ഒടുങ്ങിയില്ലാതാവുന്ന ഒരോര്‍മ്മ മാത്രമായി ഇന്ത്യന്‍ സിനിമയുടെ ഡിജിറ്റല്‍ പൂര്‍വ്വകാലം മറഞ്ഞേയ്ക്കാം.

ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍റെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെയുള്ള കാലയളവില്‍ നിരവധി സിനിമകള്‍ക്ക് ധനസഹായം നല്‍കുകയുണ്ടായി. ഇന്ത്യന്‍ സിനിമയിലെ നവതരംഗം അഥവാ സമാന്തരസിനിമ അഥവാ ആധുനിക സിനിമ കുറെയൊക്കെ സാധ്യമായത് ഇതിലൂടെയാണ്. മിക്ക സിനിമകളും രാജ്യത്തിനകത്തും പുറത്തും അവാര്‍ഡുകള്‍ നേടുകയും ലോകമാകെ മേളകളില്‍ സഞ്ചരിക്കുകയും ചെയ്തു. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും കലാമികവും സമ്മേളിക്കുന്ന കുറെയധികം സിനിമകള്‍ ഉണ്ടായത് NFDCയുടെ സഹായത്തോടെയാണെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ ഈ സിനിമകള്‍ കൃത്യമായ പദ്ധതികളിലൂടെ വിതരണം ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ തന്നെ പ്രദര്‍ശന ശൃംഖലയുണ്ടാക്കി അതിലൂടെ പ്രദര്‍ശിപ്പിക്കാനോ NFDC ശ്രമങ്ങളൊന്നും നടത്തിയില്ല. അവസാനം ഇതെല്ലാം സാമ്പത്തിക നഷ്ടം എന്ന ഒറ്റക്കണക്കിലേയ്ക്ക്; വിശേഷിച്ചും  ഉദാരവത്ക്കരണ നയങ്ങളുടെ പൊതുബോധത്തിനിടയില്‍ കൂപ്പുകുത്തി. മാരകമായ ഈ പതനത്തിലേയ്ക്കാണ് രാഷ്ട്രത്തിന്‍റെ അഭിമാനങ്ങളായ നാലു സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൂട്ടിക്കെട്ടിയിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടുകളുടെ കലയും ചരിത്രവും സംസ്ക്കാരവും അടയാളപ്പെടുത്തിയ നൂറു കണക്കിന് ഡോക്കുമെന്‍ററികളാണ് ഫിലിംസ് ഡിവിഷന്‍ നിര്‍മ്മിച്ച് ശേഖരിച്ചിട്ടുള്ളത്. 1940കളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ ഫിലിം അഡ്വൈസറി ബോര്‍ഡ്; ആര്‍മി ഫിലിം & ഫോട്ടോഗ്രാഫിക് യൂണിറ്റ്, ഇന്‍ഫോര്‍മേഷന്‍ ഫിലിംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ന്യൂസ് പരേഡ് എന്നിവ ലയിപ്പിച്ചാണ് 1948ല്‍ ഫിലിംസ് ഡിവിഷന്‍ സ്ഥാപിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ബ്രിട്ടീഷ് പ്രചാരണധര്‍മ്മം നിര്‍വഹിക്കാനായിരുന്നു ഫിലിം അഡ്വൈസറി ബോര്‍ഡ് ഉണ്ടാക്കിയത്. ഇതിന്‍റെ പുനര്‍നാമകരണവും പരിണാമവും രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ പര്യായമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ബി ഡി ഗാര്‍ഗ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളില്‍ വിശദീകരിക്കുന്നതു പോലെ സ്വതന്ത്ര ഇന്ത്യയെ രാജ്യത്തിനകത്തും പുറത്തുമുള്ള ബഹുജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കു പോലും മനസ്സിലാക്കിയെടുക്കുന്നതിന് ഫിലിംസ് ഡിവിഷന്‍ സിനിമകള്‍ സഹായകമായി. എണ്ണായിരത്തി അഞ്ഞൂറു സിനിമകളാണ് ഫിലിംസ് ഡിവിഷന്‍ ഇത്രകാലം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളത്. ഇതെല്ലാം ശേഖരിക്കപ്പെടുമോ എന്നും ആവശ്യമുള്ള ഗവേഷകര്‍ക്ക് ലഭ്യമാവുമോ എന്നതും അനിശ്ചിതമായ യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ടെലിവിഷന്‍ പൂര്‍വ്വകാലത്തെ ഇന്ത്യയുടെ അവശേഷിക്കുന്ന ദൃശ്യരേഖകള്‍ ഫിലിംസ് ഡിവിഷന്‍റെ ഡോക്കുമെന്‍ററികള്‍ മാത്രമാണ്. പതിനാറു ഭാഷകളില്‍ നിര്‍മ്മിച്ചിരുന്ന ന്യൂസ് റീലുകളും മറ്റ് ഡോക്കുമെന്‍ററികളും ഫീച്ചര്‍ സിനിമാ പ്രദര്‍ശനങ്ങള്‍ക്കു മുമ്പ് കാണിച്ചിരിക്കണമെന്ന നിര്‍ബന്ധിത വ്യവസ്ഥ തന്നെ നിലവിലുണ്ട്. മാത്രമല്ല ഇതിനുള്ള വാടകയും തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിലൊടുക്കിയിരുന്നു. ഇതിലൂടെ ഫിലിംസ് ഡിവിഷന് കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു.

സര്‍ക്കാരിന്‍റെ പ്രചരണയന്ത്രം എന്ന അവസ്ഥയുണ്ടായിരുന്നെങ്കിലും ഫിലിംസ് ഡിവിഷന്‍ മുംബൈയില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മുംബൈ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷോര്‍ട്ട് ആനിമേഷന്‍ ആന്‍റ് ഡോക്കുമെന്‍ററി ഫിലിംസ്(മിഫ്) ലോകപ്രശസ്തമാണ്. അടുത്ത കാലത്തായി സര്‍ക്കാരും സെന്‍സര്‍മാരും കര്‍ശനവിലക്കുകളോടെ ഈ മേളയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും സമ്പന്നമായ ഒരു ഭൂതകാലം സഹൃദയരുടെ ഓര്‍മ്മയിലെത്തുന്നു. തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഔദ്യോഗിക ആതിഥേയത്വം സ്വീകരിച്ച് മിഫില്‍ പ്രതിനിധിയായി പങ്കെടുത്ത ഹൃദ്യമായ ഓര്‍മ്മ എനിയ്ക്കുമുണ്ട്. അന്ന്, ആനന്ദ് പട്വര്‍ദ്ധന്‍റെ വാര്‍ & പീസിനും പി ബാലന്‍റെ പതിനെട്ടാമത്തെ ആനയ്ക്കുമെല്ലാമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. സര്‍ക്കാരനുകൂലമാണെങ്കിലും വ്യവസായവത്ക്കരണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം എന്നീ മേഖലകളില്‍ നൂറുകണക്കിന് ഡോക്കുമെന്‍ററികള്‍ ഫിലിംസ് ഡിവിഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. കലാ-സാംസ്ക്കാരിക-രാഷ്ട്രീയ-ശാസ്ത്ര മേഖലകളിലെ പ്രമുഖരെ സംബന്ധിച്ച് ഫിലിംസ് ഡിവിഷന്‍ എടുത്തിട്ടുള്ള ജീവചരിത്ര ഡോക്കുമെന്‍ററികളും പ്രശസ്തമാണ്.

NFDCയില്‍ ലയിപ്പിക്കുന്നതിന്‍റെ ഭാഗമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന്‍റെയും ഫിലിംസ് ഡിവിഷന്‍റെയും പ്രാദേശിക ആപ്പീസുകളില്‍ മിക്കതും അടച്ചു പൂട്ടി. ഇവിടങ്ങളിലുള്ള ശേഖരങ്ങള്‍ നശിപ്പിക്കപ്പെടാനാണ് സാധ്യത. അതോടൊപ്പം വൈവിധ്യമുള്ള നിലപാടുകള്‍ അസാധ്യമായിത്തീരുകയും ചെയ്യും. FD സോണ്‍ എന്ന പേരില്‍ മുംബൈ അടക്കം ഒമ്പതു നഗരങ്ങളില്‍ FD സിനിമകള്‍ താല്പര്യമുള്ളവര്‍ക്ക് തെരഞ്ഞെടുത്തു കാണാനുള്ള പദ്ധതി നിലവിലുണ്ടായിരുന്നു. പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചതോടെ ഇതും ഇനി സാധ്യമാവില്ല. ജെബിഎച്ച് വാഡിയ, എസ്ര മിര്‍, വി ശാന്താറാം, ബി ഡി ഗാര്‍ഗ, ജീന്‍ ബൗനാഗരി, എസ് സുഖ്ദേവ്, എസ് എന്‍ എസ് ശാസ്ത്രി, വിജയ് മുലെ, പ്രമോദ് പാട്ടി, വിജയ് ബി ചന്ദ്ര, ലോക്സെന്‍ ലാല്‍വാനി, സത്യജിത് റായ്, ജി എല്‍ ഭരദ്വാജ്, റിത്വിക് ഘട്ടക്, മണി കൗള്‍, വി പക്കിരിസാമി, ജോഷി ജോസഫ്, കമല്‍ സ്വരൂപ്, അനിര്‍ബന്‍ ദത്ത, രേണു സാവന്ത്, ഫറാ ഖാത്തൂന്‍ എന്നിവരെല്ലാം ഫിലിംസ് ഡിവിഷന്‍റെ സിനിമകള്‍ സംവിധാനം ചെയ്ത സ്വതന്ത്ര ചലച്ചിത്രകാരന്മാരാണെന്ന് ഡോക്കുമെന്‍ററി സംവിധായകനായ അവിജിത് മുകുള്‍ കിഷോര്‍ സ്ക്രോളിലെഴുതിയ ലേഖനത്തില്‍ സ്മരിക്കുന്നു. സര്‍ക്കാരനുകൂല പ്രചാരണ ഡോക്കുമെന്‍ററിയാണെങ്കില്‍ പോലും അവ സംസ്ക്കാര ചരിത്രത്തിന്‍റെ ഒരു തടയണയാണ്.  അതു പൊട്ടിച്ചുവിടുന്നതിലൂടെ ദൃശ്യപാരമ്പര്യത്തിന്‍റെ ശേഖരവും തുടര്‍ച്ചയും ഇല്ലാതാവും.

എയര്‍ ഇന്ത്യ നഷ്ടത്തിലായെന്നു കണ്ടെത്തി സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ സര്‍ക്കാര്‍, NFDC നഷ്ടമാണെന്നു കണ്ടെത്തി വില്പനയ്ക്കു വെയ്ക്കാനും മടിക്കില്ല. ഈയിടെ കൊല്‍ക്കത്തയില്‍ പോയപ്പോള്‍ നാഷണല്‍ ലൈബ്രറിയിലെ മുതിര്‍ന്ന ലൈബ്രേറിയനായി വിരമിച്ച ഡോക്ടര്‍ കൊച്ചുകോശിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം അവിടെ നടന്ന ഒരു സംഭവം പറഞ്ഞു. ലോകത്തെ തന്നെ സുപ്രധാനവും വിപുലവുമായ ലൈബ്രറിയാണ് നാഷണല്‍ ലൈബ്രറി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോര്‍ഡ് ഫൗണ്ടേഷന്‍ ഒരു പ്രൊപ്പോസല്‍ നല്‍കി. നാഷണല്‍ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും സൗജന്യമായി ഡിജിറ്റലൈസ് ചെയ്ത് തരാമെന്ന് അവര്‍ പറഞ്ഞു. ഒരു നിബന്ധന മാത്രം. ഇതിന്‍റെ ഒരു കോപ്പി അവര്‍ സ്വന്തമായെടുക്കും. സര്‍ക്കാര്‍ ഇതിനോട് നയപരമായി വിയോജിക്കുകയും അത് തള്ളുകയും ചെയ്തു. ഇനിയുള്ള കാലത്ത് എല്ലാം ലാഭനഷ്ടക്കച്ചവടങ്ങളും വിസ്മരിക്കാവുന്നതുമായി മാറുന്ന കാലത്ത് നാഷണല്‍ ലൈബ്രറിയുടെയും ഫിലിം ആര്‍ക്കൈവിന്‍റെയും ഫിലിംസ് ഡിവിഷന്‍റെയും സ്ഥിതി എന്താവുമെന്ന് ഊഹിക്കാനാവുന്നില്ല.

1955ല്‍ സ്ഥാപിച്ച ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയ്ക്ക് വേണ്ടി മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, കെ എ അബ്ബാസ്, എം എസ് സത്യു, സായ് പരാഞ്ച്പേ എന്നിവരെല്ലാം സിനിമകളെടുത്തിട്ടുണ്ട്. കുട്ടികളുടെ ചലച്ചിത്രമേളകളും നടത്തി വന്നിരുന്നു.

അമ്പതുകള്‍ മുതലാരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെയും ദേശീയ അവാര്‍ഡിന്‍റെയും നടത്തിപ്പ്  ചുമതലയ്ക്കായാണ് ഡയരക്ടരേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് സ്ഥാപിച്ചത്. ഇന്ത്യയിലെ നല്ല സിനിമാ സംസ്ക്കാരം വികസിപ്പിക്കുന്നതില്‍ ഡി എഫ് എഫ് വഹിച്ച പങ്ക് നിസ്തുലമാണ്. 2006ലെ ദേശീയ അവാര്‍ഡിന്‍റെ ഭാഗമായി ഏറ്റവും നല്ല നിരൂപകനുള്ള സ്വര്‍ണകമലം എനിയ്ക്ക് ലഭിച്ചു. ഇതിന്‍റെ പിന്നാലെ 2007ലെ രചനയ്ക്കുള്ള ദേശീയ അവാര്‍ഡിന്‍റെ ജൂറിയില്‍ അംഗമായിരിക്കാനും എനിയ്ക്ക് സാധിച്ചു. സിരിഫോര്‍ട്ടിലെ ഡിഎഫ്എഫ് ആസ്ഥാനത്ത് യോഗങ്ങളില്‍ പങ്കെടുക്കാനും ദേശീയ പുരസ്കാര നിര്‍ണയം എന്ന സംവിധാനത്തില്‍ ഭാഗഭാക്കാവാനും സാധിച്ചത് ഈ പ്രക്രിയയുടെ സുതാര്യത ബോധ്യപ്പെടാന്‍ സഹായിച്ചു. ഇനി സിനിമാ നിര്‍മ്മാതാക്കളായ NFDCതന്നെ സിനിമാ അവാര്‍ഡും നിര്‍ണയിക്കുന്ന പരിതസ്ഥിതി വരുമ്പോള്‍ അതിന്‍റെ ഗതിയും വിശ്വാസ്യതയും എന്താവുമോ ആവോ?

ഇതെല്ലാം കേവലം സാമ്പത്തിക കാരണങ്ങളാല്‍ അളക്കപ്പടേണ്ട കാര്യങ്ങളല്ലെന്നും ചരിത്രത്തെ മാറ്റിയെഴുതാനുള്ള പരിശ്രമങ്ങളാണെന്നും സിനിമയ്ക്കകത്തെ പ്രത്യയശാസ്ത്രപ്പോരാട്ടമാണെന്നും നാം തിരിച്ചറിയണമെന്ന് പ്രമുഖ ഡോക്കുമെന്‍ററി സംവിധായകനായ ആനന്ദ് പട്വര്‍ദ്ധന്‍ പറഞ്ഞു. രാജ്യത്തെ നൂറു കണക്കിന് ചലച്ചിത്രപ്രവര്‍ത്തകര്‍ അവര്‍ക്കാവും പോലെയെല്ലാം ഈ ലയനത്തെയും പിടിച്ചെടുക്കലിനെയും അടച്ചുപൂട്ടലിനെയും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അതൊന്നും ശ്രദ്ധിക്കാന്‍ മെനക്കെട്ടില്ല. ജോണ്‍ ബ്രിട്ടാസ് എം പി ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിച്ചു. ഈ ഇടപെടലും മറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണ് ആദ്യം വഴങ്ങാതിരുന്ന സര്‍ക്കാര്‍ ഈ അടച്ചുപൂട്ടലും ലയനവും ശുപാര്‍ശ ചെയ്ത ബിമല്‍ ജുല്‍ക്ക റിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ടില്‍ അദ്ധ്യക്ഷനായ ബിമല്‍ ജുല്‍ക്കയും ഒരു ജോയന്‍റ് സെക്രട്ടറിയും മാത്രമാണ് ഒപ്പിട്ടിട്ടുള്ളൂ എന്നും അംഗങ്ങളായ സംവിധായകര്‍ എ കെ ബിര്‍, ടി എസ് നാഗഭരണ, രാഹുല്‍ റവൈല്‍, ശ്യാമപ്രസാദ് എന്നിവര്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതു സംബന്ധമായി എഴുതിയ ലേഖനത്തില്‍ മുന്‍ ഫിലിംസ് ഡിവിഷന്‍ ഉദ്യോഗസ്ഥനും സംവിധായകനുമായ ജോഷി ജോസഫ് വെളിപ്പെടുത്തി.

സര്‍ക്കാരിന്‍റെ സിനിമാസ്ഥാപനങ്ങള്‍ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ചലച്ചിത്ര സംസ്ക്കാരത്തിന്‍റെ മഹാപ്രയാണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി അടയാളപ്പെടുത്താനും ഇന്ത്യക്കാരെ പരിചയപ്പെടുത്താനും ഇന്ത്യയിലെ സിനിമയെ ഗുണപരമായി പരിവര്‍ത്തിപ്പിക്കാനും ആയി വിഭാവനം ചെയ്യപ്പെട്ടവയാണ്. അവയുടെ സ്വതന്ത്ര നിലനില്പ് ഇല്ലാതായതോടെ രാഷ്ട്രത്തിന്‍റെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാകുന്നു.

ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (ഇഫി) ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും സ്വതന്ത്രചിന്തയ്ക്കും അസ്തിത്വത്തിനും എത്രമാത്രം നിര്‍ണായകമാണെന്ന് തെളിയുന്ന ഒരു സംഭവം 2022ലെ മേളയിലുണ്ടായി. കശ്മീര്‍ ഫയല്‍സ് കൃത്രിമമായ ചലച്ചിത്ര കൗശല (സിനിമാറ്റിക് മാനിപ്പുലേഷന്‍) മാണെന്ന്‌ 2022ലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (ഇഫി-ഗോവ)യുടെ ജൂറി അധ്യക്ഷനായിരുന്ന നദാവ് ലാപിഡ് വിശദീകരിച്ചു. ശബ്ദത്തിന്റെയും ഇമേജുകളുടെയും ഉപയോഗം, ദൃശ്യങ്ങള്‍ നിര്‍മ്മിച്ചെടുത്തത്, നല്ലവരാരാണെന്നും ചീത്തവരാരാണെന്നുമുള്ള വേര്‍തിരിക്കല്‍, എന്നിവയെല്ലാം പ്രശ്‌നഭരിതമാണ്. അതിസങ്കീര്‍ണവും സങ്കടകരവുമായ സംഭവങ്ങളെയാണ് സിനിമ അടിസ്ഥാനമാക്കുന്നത്. അപ്പോള്‍, നമ്മള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ വിവേകമുള്ളവരാവേണ്ടിയിരിക്കുന്നു. വിവാദങ്ങളോ തര്‍ക്കങ്ങളോ സിനിമകളില്‍ വരാന്‍ പാടില്ല എന്നല്ല ലാപിഡ് പറയുന്നത്. അദ്ദേഹം തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലും വിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. അവയോടുള്ള സമീപനം എന്താണ് എന്നതാണ് പ്രശ്‌നം.

കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട ഡോക്കുമെന്ററി സംവിധായകനായ സഞ്ജയ് കാക്ക് അല്‍ ജസീറയിലെഴുതിയ ലേഖനത്തില്‍ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് ഇപ്രകാരം പറയുന്നു:  സത്യമെന്ന സിനിമയുടെ അവകാശവാദത്തിന് ലഭിച്ച അംഗീകാരവും ഈ സത്യങ്ങള്‍ ഇത്രകാലവും മൂടിവയ്ക്കപ്പെട്ടിരുന്നെന്ന് ചൂണ്ടിക്കാണിക്കലുമായിരുന്നു ഈ സിനിമയ്ക്ക് നിക്ഷേപിക്കപ്പെട്ട രാഷ്ട്രീയ മൂലധനം. വലിയ തോതില്‍ ആശങ്കയും അരക്ഷിതാവസ്ഥയും പരത്തിക്കൊണ്ട് ഹിന്ദു സമുദായത്തിലെ ചില പ്രധാനപ്പെട്ട വ്യക്തികള്‍ കൊല്ലപ്പെട്ട 1989ന്റെ പകുതി മുതല്‍ക്കുള്ള മാസങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും പോലീസുകാരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ ധാരാളം മുസ്ലീങ്ങളും കൊല്ലപ്പെട്ടു. അക്കാലത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു അതെല്ലാം. കാശ്മീര്‍ വംശഹത്യ എന്നതില്‍ കുറഞ്ഞതൊന്നും സംഭവിച്ചിട്ടില്ല എന്ന അവകാശവാദങ്ങളുടെയും അവ്യക്തതകളുടെയും ഇടയിലൂടെയാണ് കാശ്മീര്‍ ഫയല്‍സ് കടന്നുവരുന്നത്. ഇതില്‍ അവകാശപ്പെടുന്ന തെളിവുകള്‍ ഇരകളുടെ ആദ്യതലമുറയിലെ 700 പേരില്‍ നിന്നും വാമൊഴിയായി ശേഖരിച്ചതാണെന്ന്‌ പറയപ്പെടുന്നു. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ താല്‍പര്യപ്രകാരമുള്ള ‘ആധികാരികതയുള്ള’ ചരിത്രകാരന്മാരില്‍ നിന്നും അക്കാദമിഷ്യന്മാരില്‍ നിന്നും ഭരണകര്‍ത്താക്കളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുമാണ് അത് പുനഃപരിശോധിച്ചിരിക്കുന്നതത്രെ. ഈയൊരു കാരണം കൊണ്ടാണ് ഈ സിനിമയുടെ അവതാരകന്‍ ‘ഈ സിനിമ ചരിത്രപരമായ സംഭവങ്ങളുടെ യാതൊരു കൃത്യതയും അവകാശപ്പെടുന്നില്ല’ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നാതിരുന്നത്. വലതുപക്ഷം വിശേഷിപ്പിക്കുന്ന കാശ്മീരിലെ സത്യം ഇത് മാത്രമാണെന്ന് ഒരു മൂന്ന് പതിറ്റാണ്ട് കാലത്തേക്കെങ്കിലും തോന്നിപ്പിക്കാന്‍ ദ കാശ്മീര്‍ ഫയല്‍സിന് ശേഷിയുണ്ട്. അതിതീവ്ര അക്രമങ്ങള്‍ ഉള്‍പ്പെടുത്തി നമുക്ക് സത്യമെന്ന് അറിയാവുന്ന മറ്റൊരു വ്യാഖ്യാനം സാധ്യമല്ലാത്ത വിധത്തില്‍ അതിന്റെ കാഴ്ചക്കാരെ ക്രൂരന്മാരാക്കുന്ന സിനിമയാണ് ഇത്. പലര്‍ക്കും ഭയാനകമായ ദുരിതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും മിക്ക കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങളെയും അവരുടെ മുസ്ലിങ്ങളായ അയല്‍ക്കാര്‍ വഞ്ചിച്ചിട്ടില്ലെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. ചില വസ്തുവകകള്‍ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്‌തെങ്കിലും മിക്ക ക്ഷേത്രങ്ങളും വീടുകളും കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല.  പലതും വര്‍ഷങ്ങളോളമുള്ള അവഗണനയില്‍ നശിക്കുകയും ചെയ്തു. മാധ്യമങ്ങളിലെയും ഉദ്യോഗസ്ഥരിലെയും പോലീസിലെയും ചില ഘടകങ്ങള്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ അശ്രദ്ധ കാണിച്ചിട്ടുണ്ടാകുമെങ്കിലും സിനിമ സൂചിപ്പിക്കുന്നത് പോലെ പണ്ഡിറ്റുകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നിട്ടില്ല. വസ്തുതകളുടെ അവശിഷ്ടങ്ങള്‍ക്ക് അപ്പുറത്ത് നിന്ന് കാശ്മീരിനെക്കുറിച്ചുള്ള സത്യങ്ങള്‍ പ്രകോപനപരമായ കെട്ടുകഥകളുമായി കലര്‍ത്തി നിര്‍മ്മിച്ചതിലൂടെ ദ കാശ്മീര്‍ ഫയല്‍സ് വലിയ അജണ്ടയെക്കുറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. ആത്യന്തികമായി 1990കളിലെ കാശ്മീരിന്റെ ചരിത്രപരമായ ഒരു രേഖ സ്ഥാപിക്കുന്നതിനോ പലായനത്തിലായിരുന്ന ഒരു സമൂഹത്തിന്റെ തിരിച്ചുവരവ് എളുപ്പമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ അല്ല കാശ്മീര്‍ ഫയല്‍സ്. അതിന് പകരം കാശ്മീരി മുസ്ലിം എന്ന പൈശാചികവല്‍ക്കരണത്തിലൂടെയുള്ള ആഖ്യാനം അനുരഞ്ജനം കൂടുതല്‍ ദുഷ്‌കരമാക്കുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ മഹത്തായ ഭൂതകാലത്തേക്കുള്ള തിരിച്ചുവരവ് എന്ന ആശയവുമായി ബന്ധിപ്പിച്ച് കാശ്മീരിന്റെ 700 വര്‍ഷത്തെ സങ്കീര്‍ണ്ണമായ ചരിത്രം ഒഴിവാക്കിക്കൊണ്ട് ഹിന്ദു മാതൃരാജ്യമെന്ന വിത്ത് പാകുന്ന രാഷ്ട്രീയ പദ്ധതി നടപ്പാക്കുന്നു. കുടിയൊഴിപ്പിക്കലിന്റെയും അധിവാസത്തിന്റെയും ഇടയിലുള്ള ഒരു ആശയമാണ് അത്. അതാണ് ഈ സിനിമയിലെ സത്യത്തെ അപകടകരമാക്കുന്നത്.

വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ്   കേരളത്തെ പിടിച്ചെടുക്കാനായി ഫാസിസ്റ്റുകള്‍ പ്രയോഗിക്കുന്നത്. ഇതിന്റെ ഭാഗമാണ് കേരള സ്‌റ്റോറി(സംവിധാനം:സുദിപ്‌തോ സെന്‍ ) എന്ന പേരുമിട്ട് ഒരു നുണക്കോട്ട തന്നെ സിനിമയാക്കിയ നീക്കം.  2018ല്‍ ലവ് ജിഹാദ് തന്നെ പ്രമേയമാക്കി  ഇതേ സംവിധായകന്‍ ഇന്‍ ദ് നെയിം ഓഫ് ലവ്; മെലങ്കളി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പേരില്‍ ഒരു ഡോക്കുമെന്ററി പുറത്തിറക്കിയിരുന്നു. അതില്‍ പതിനേഴായിരം പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിച്ച് ഐഎസ് എസ്   എത്തിയതായി കാണിച്ചിരുന്നു.

കലാപത്തിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്‌ക്കാര(രാഹിത്യ)ത്തെ കേരളത്തില്‍ വ്യാപകമാക്കാനുള്ള സാമൂഹ്യ വിരുദ്ധ ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാണ്. കേരള സ്റ്റോറി എന്ന ഈ ചിത്രത്തിന്റെ ട്രെയിലറില്‍ പറയുന്നത് മുപ്പത്തിരണ്ടായിരം പെണ്‍കുട്ടികളെ കേരളത്തില്‍ മതപരിവര്‍ത്തനം നടത്തി ഐഎസ് എസ്  ല്‍ ചേര്‍ത്ത് സിറിയയിലും യെമനിലും എത്തിച്ചിട്ടുണ്ടെന്നൊക്കെയാണ്. വ്യാപകമായ എതിര്‍പ്പ് സകലരും ഉന്നയിച്ചതിനെ തുടര്‍ന്ന് മുപ്പത്തിരണ്ടായിരം എന്നത് മൂന്നാക്കിയിരിക്കുകയാണ്. 

വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം കിടപിടിക്കാവുന്ന ജീവിത നിലവാരത്തിന്റെയും സാമൂഹ്യസൂചികകളുടെയും ആരോഗ്യ സംവിധാനത്തിന്റെയും രേഖകളാണ് സത്യത്തില്‍ കേരളത്തിന്റെ സ്‌റ്റോറി. മതനിരപേക്ഷത, സമാധാനവാഴ്ച, സഹിഷ്ണുത, ബഹുസ്വരത, ജനാധിപത്യം, പുരോഗമന ചിന്താഗതി എന്നിവയെല്ലാമാണ് കേരളത്തിന്റെ അടയാളങ്ങള്‍.

സമൂഹത്തില്‍ അസ്വസ്ഥത പടര്‍ന്നു പിടിക്കുമ്പോള്‍ ഇന്റര്‍നെറ്റ് മരവിപ്പിക്കുക എന്നത് ഭരണാധികാരികള്‍ സ്വീകരിക്കുന്ന രീതിയാണ്. അതു ശരിയോ തെറ്റോ എന്നത് മറ്റൊരു കാര്യം.  സമൂഹത്തിനകത്തെ കാര്യങ്ങള്‍ നിയന്ത്രണാതീതമായിരിക്കുന്നു എന്ന് ഭരണകൂടത്തിന് തോന്നുമ്പോളാണല്ലോ ഈ നിരോധനം നടത്തുന്നത്. ഇന്ത്യയില്‍ ജമ്മു കശ്മീരില്‍ 2012 മുതല്ക്ക് 418 തവണ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ നടപ്പിലാക്കി. രാജസ്ഥാനില്‍ 97ഉം ഉത്തര്‍പ്രദേശില്‍ 31ഉം പശ്ചിമ ബംഗാളില്‍ 20ഉം ഹരിയാനയില്‍ 19ഉം മേഘാലയയില്‍ 16ഉം ബീഹാറില്‍ 15ഉം മഹാരാഷ്ട്രയില്‍ 12ഉം ഗൂജറാത്തില്‍ 11ഉം ഒഡീഷയില്‍ 10ഉം പഞ്ചാബിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും 8 വീതവും ജാര്‍ഖണ്ഡിലും മധ്യപ്രദേശിലും 7 വീതവും ആസാം, നാഗാലാന്റ്, ത്രിപുര എന്നിവിടങ്ങളില്‍ 5 വീതവും ദില്ലിയില്‍ 4 തവണയും തെലങ്കാനയില്‍ 3 തവണയും ഉത്തരാഖണ്ഡില്‍ 2 തവണയും തമിഴ്‌നാട്, കര്‍ണാടകം, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ ഒരു തവണയുമാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പിലാക്കിയത്. കേരളത്തിലാകട്ടെ ഒരൊറ്റത്തവണ പോലും ഈ കടുത്ത നടപടി വേണ്ടിവന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്ക്കുന്ന സമാധാനത്തിന്റെ അന്തരീക്ഷത്തിന് ഇതില്‍ കൂടുതല്‍ എന്തു തെളിവ് വേണം?  സിക്കിം, ലഡാക്ക്, ചാണ്ഡിഗഢ്, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിലൂം ഇന്റര്‍നെറ്റ് ഇക്കാലയളവില്‍ നിരോധിച്ചിട്ടില്ല. ഇതിലധികവും കേന്ദ്രഭരണപ്രദേശങ്ങളാണ്. ജനസംഖ്യ താരതമ്യം ചെയ്യേണ്ടതില്ലാത്ത വിധത്തില്‍ കുറവും. അപ്പോള്‍, കേരളത്തെ സംബന്ധിച്ച്  മതവിദ്വേഷവും വെറിയും ദുരാരോപണങ്ങളും കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്നത് എന്തിനാവും?

കോടതികളും കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തള്ളിക്കളഞ്ഞ ലവ്ജിഹാദ് ആരോപണമാണ് ഈ സിനിമയുടെ അടിസ്ഥാനപ്രമേയം. ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന കേരളീയ മനസ്സിന്റെ സാമൂഹിക അബോധത്തില്‍ മുസ്ലിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമാക്കുക എന്നതാണ് ലവ്ജിഹാദ് ആരോപണത്തിന്റെ കൃത്യമായ ഉദ്ദേശ്യം.

സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ലിങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടുപിടിക്കാന്‍  പത്രങ്ങളും ചാനലുകളും നിര്‍മ്മിത പൊതുബോധവും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിച്ചത്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (other) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്‌ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യവേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയിലും തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ ഈ വിഷവ്യാപനം നടത്തിക്കൊണ്ടേയിരിക്കാനാണ് തീവ്ര വലതുപക്ഷം പരിശ്രമിക്കുന്നത്.

മതംമാറ്റം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്‌നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി കമലാ സുരയ്യയായി പേരു മാറ്റി മുസ്ലിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്‌നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി.  മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതംമാറ്റത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതംമാറ്റത്തെ സംസ്‌ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്‌നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്‌നമണ്ഡലത്തെയും മതംമാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതുശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്. ഈ അപരത്വത്തിലേക്ക് മുഴുവന്‍ കേരളീയരെയും തള്ളിവിടാനാണ് കേരള സ്‌റ്റോറി ശ്രമിക്കുന്നത്.

ഗുജറാത്തിനും ഒറീസ്സക്കും കര്‍ണാടകക്കും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രാമകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുത.

ലവ് ജിഹാദ് എന്ന ഒന്നില്ല എന്ന് മുന്‍ ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഢി പാര്‍ലമെന്റില്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും പുതിയ സിനിമയില്‍ ബോധപൂര്‍വ്വം ഈ വ്യാജ ആരോപണത്തെ മുഖ്യ കഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ക്കിടയില്‍ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനുമുള്ള നീക്കമാണെന്ന് നമുക്ക് മനസ്സിലാക്കാം. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയും വര്‍ഗീയമായി പിളര്‍ക്കുകയും ചെയ്യുന്നതോടൊപ്പം കേരളീയരെ മുഴുവനായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സംശയത്തോടെയും അവമതിപ്പോടെയും കാണുന്നതിന് പ്രേരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.

2022ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍, വിവാദസിനിമയായ കശ്മീര്‍ ഫയല്‍സ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ അന്താരാഷ്ട്ര ജൂറി അദ്ധ്യക്ഷന്‍ നദാവ് ലാപിഡ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ജൂറിയംഗങ്ങളില്‍ ഒരാളൊഴിച്ച് എല്ലാവരും നദാവ് ലാപിഡിനെ അനുകൂലിച്ചു. അദ്ധ്യക്ഷനോട് യോജിപ്പില്ലെന്ന് പറഞ്ഞ ഏക ജൂറി അംഗം സുദീപ്‌തോ സെന്നായിരുന്നു എന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.

കേരളത്തെയും കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ പുരോഗമന മനസ്സാക്ഷിയെയും സംരക്ഷിച്ചു നിര്‍ത്താന്‍ ജാഗ്രതയോടെ ഉണര്‍ന്നിരുന്നാല്‍ മാത്രമേ നമുക്ക് രക്ഷയുള്ളൂ എന്നാണീ കോലാഹലങ്ങളെല്ലാം തെളിയിക്കുന്നത്.

ഏഴാം വയസ്സുമുതല്‍ വായന ആരംഭിച്ച അമര്‍ ചിത്രകഥകളില്‍ നിന്നാണ് തന്റെ അന്വേഷണ-ഗവേഷണ യാത്രകളും കഥാഖ്യാന/വിവരണ പടുത്വവും വികസിച്ചു വന്നതെന്നാണ് ബാഹുബലികളുടെയും ആര്‍ ആര്‍ ആറിന്റെയും സംവിധായകനായ എസ് എസ് രാജമൗലി സ്വയം വിലയിരുത്തുന്നത്. അമര്‍ ചിത്രകഥകള്‍ ഒരു സൂപ്പര്‍ ഹീറോയെക്കുറിച്ചു മാത്രമല്ലെന്നും അത് ഇന്ത്യയുടെ ‘സംസ്‌ക്കാര’മായ നാടോടിത്തവും പുരാണവും ഇതിഹാസങ്ങളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും എല്ലാം നിറഞ്ഞ കഥാപാരമ്പര്യത്തിന്റെ മഹാസമുദ്രമാണെന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്. കോട്ടകളും മഹാരാജാക്കന്മാരും യുദ്ധങ്ങളും നിറഞ്ഞ ആ ചിത്രകഥകള്‍ എന്നെ എല്ലാക്കാലത്തും ത്രസിപ്പിച്ചു പോന്നു. ഞാനവ വായിച്ചു രസിക്കുക മാത്രമല്ല ചെയ്തത്; എന്റേതായ അവതരണഭംഗിയോടെ പുതിയ കഥകള്‍ നിര്‍മ്മിച്ചു കൂട്ടുകാരോട് വിവരിക്കുകകൂടി ചെയ്തു പോന്നു. അതായത് ചുരുക്കം ഇതാണ്: അമര്‍ ചിത്രകഥകളില്‍ ഉറച്ചു പോയ കുട്ടിത്ത ഭാവുകത്വത്തിന്റെ വിസ്താരമാണ് ബാഹുബലി ഒന്നും രണ്ടും എന്നര്‍ത്ഥം. സ്വാതന്ത്ര്യസമരത്തെയും ഇത്തരം കുട്ടിക്കഥകളാക്കി ഭാവന ചെയ്യുകയാണ് ആര്‍ ആര്‍ ആറില്‍ ചെയ്യുന്നത്. അനുഭവത്തിന്റെയും ചരിത്രപരതയുടെയും രാഷ്ട്രീയ സങ്കീര്‍ണതകളെ നിരാകരിക്കുന്ന ബാലിശമായ ലാളിത്യമാണ് ഫാസിസത്തിന്റെ ഒരു സ്വഭാവം എന്നിരിക്കെ ബാഹുബലികളുടെയും തുടര്‍ചിത്രങ്ങളുടെയും തീവ്രവിജയങ്ങള്‍ ഒട്ടും തന്നെ അകാലികമല്ല. ആര്‍ആര്‍ആറിന്റെയും ബാഹുബലികളുടെയും തിരക്കഥാകൃത്തായ വിജയേന്ദ്രപ്രസാദ് ആര്‍ആര്‍എസിനെക്കുറിച്ചുള്ള ഒരു ബിഗ് ബജറ്റ് സിനിമയ്ക്കുള്ള തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ പ്രിയദര്‍ശന്‍ അടക്കമുള്ള ആറു സംവിധായകര്‍ ചേര്‍ന്ന് ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു സീരീസ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ആര്‍എസ്എസ് രൂപീകരിച്ച് നൂറു വര്‍ഷം തികയുന്ന 2025ഓടെ പൂര്‍ത്തിയാവും. വണ്‍ നാഷന്‍, ഏക് രാഷ്ട്ര എന്നു പേരുള്ള ഈ സീരീസിന്റെ പോസ്റ്ററില്‍ കാക്കിക്കളസമിട്ട് പിന്‍തിരിഞ്ഞു നില്‍ക്കുന്ന ശാഖാംഗമാണുള്ളത്.

ഒറ്റ രാഷ്ട്രം, ഒറ്റ കമ്പോളം, ഒറ്റ നികുതി, എന്ന മുദ്രാവാക്യത്തോടെ ജിഎസ് ടി  നടപ്പിലാക്കുന്നതിനു തൊട്ടു മുമ്പായി ഇന്ത്യയിലെ സിനിമാകമ്പോളവും വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സിനിമാകമ്പോളവും ഒറ്റയടിക്ക് പിടിച്ചടക്കിയ ബാഹുബലികള്‍ വിപണനത്തിന്റെയും പബ്ലിക് റിലേഷന്റെയും പരസ്യങ്ങളുടെയും വിജയം കൂടിയാണ് അടയാളപ്പെടുത്തുന്നത്. പ്രാദേശിക സംസ്‌ക്കാരങ്ങളെയും ഭാഷകളെയും ഒരേ സമയം ഉള്‍ക്കൊള്ളിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ദ്വൈതഭാവമാണ് ബാഹുബലികള്‍ക്കുള്ളത്. അവ എല്ലാ ഭാഷകളിലേക്കും ഡബ് ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതാതിടത്തെ കൊച്ചുസിനിമകളെ തല്ക്കാലത്തേക്കെങ്കിലും മരവിപ്പിച്ചു നിര്‍ത്തുകയോ തള്ളിമാറ്റുകയോ ചെയ്യുന്നു. ഇതെല്ലം വരുംനാളുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെ് അന്വേഷിക്കേണ്ടിയിരിക്കുന്നു. എല്ലാറ്റിലുമുപരിയായി ഹിന്ദു പുരാണാഖ്യാനങ്ങളിലൂടെയാണ് ആരംഭിച്ചതെങ്കിലും നല്ലൊരു പരിധി വരെ മതേതരമായി നിലക്കൊണ്ട ഇന്ത്യന്‍ മുഖ്യധാരാ സിനിമ അതേപടി ഇനിയുള്ള കലുഷിത കാലത്ത് നിലനില്‍ക്കാന്‍ പോകുന്നില്ലെന്ന വ്യക്തമായ അടയാളവാക്യമാണ് ബാഹുബലികള്‍  ബാക്കി വെക്കുന്നത്. ഇതുതന്നെയാണ് ഏറ്റവും ഉത്ക്കണ്ഠാകുലമായ യാഥാര്‍ത്ഥ്യം.

ബ്രിട്ടീഷ് ഭരണകൂടത്തിനും നൈസാമിനുമെതിരെ പോരാടിയ കൊമുറം ഭീം(എന്‍ടിആര്‍ ജൂനിയര്‍) എന്ന ഗോണ്ട് ആദിവാസി വിഭാഗത്തില്‍ പെട്ട സ്വാതന്ത്ര്യസമരസേനാനിയും അല്ലൂരി സീതാരാമരാജു(രാം ചരണ്‍ തേജ) എന്ന ക്ഷത്രിയനായ സമരനേതാവുമാണ് രാജമൗലിയുടെ ഹിറ്റ് ആര്‍ആര്‍ആറിലെ നായകര്‍. സിനിമാക്കഥയാക്കി മാറ്റിയപ്പോള്‍ തങ്ങള്‍ ചില സ്വാതന്ത്ര്യങ്ങളെടുത്തിട്ടുണ്ടെന്ന് സംവിധായകരും മറ്റു ബന്ധപ്പെട്ടവരും ആദ്യമേ വ്യക്തമാക്കുന്നുണ്ട്. ചരിത്ര യാഥാര്‍ത്ഥ്യങ്ങളുമായി ആര്‍ആര്‍ആറിനുള്ള വൈജാത്യങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടാതിരിക്കാനാണ് ഇങ്ങനെ അവകാശപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിലെ ആദിവാസിധാരകള്‍ കൃത്യമായി ഗവേഷണം ചെയ്ത കെ സഹദേവനെപ്പോലുള്ള നിരീക്ഷകര്‍ ഈ വ്യതിയാനങ്ങളെ ഗുരുതരമായ ചരിത്ര-രാഷ്ട്രീയ വഞ്ചനയായി തുറന്നു കാട്ടുന്നു. സിനിമയിലെ കൊമുറം ഭീം, അല്ലൂരി സീതാ രാമരാജുവിനോട് പറയുന്നു: കാട്ടുജാതിക്കാരനല്ലേ, അണ്ണാ. ഒന്നും അറിയില്ലായിരുന്നു.  ആദിവാസികള്‍ അറിവില്ലാത്തവരും അപരിഷ്‌കൃതരുമാണെന്ന പൊതുബോധത്തിലേയ്ക്കാണ് ഈ അസത്യം കയറ്റിവിടുന്നത്. 1938-41 കാലയളവില്‍ ആദിലാബാദ് ജില്ലയിലെ ഗോണ്ട് – കോലം ആദിവാസി ഗോത്ര ജനതയെ നയിച്ച് വിഖ്യാതമായ ബാബേഝാരി-ജോദേന്ഘാട്ട് പ്രക്ഷോഭം നടത്തിയ പോരാളിയും നൈസാമിനും ബ്രിട്ടീഷുകാര്‍ക്കും എതിരായി ഒരേ സമയം പട നയിച്ച ധീരനുമായിരുന്നു കൊമുറം ഭീം. ആദിവാസികളുടെ വനാവകാശങ്ങള്‍ക്കു വേണ്ടി, ജല്‍-ജംഗള്‍-ജമീന്‍ (വെള്ളം, വനം, മണ്ണ്) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച നേതാവാണദ്ദേഹം. ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായി മാറി കൊമുറം ഭീം. ആ ധീരയോദ്ധാവിനെ ഒന്നുമറിയാത്ത കാട്ടുജാതിക്കാരനാണെന്ന് സവര്‍ണകുലജാതനായ നായകന്റെ മുന്നില്‍ പറയിപ്പിക്കുന്നതിന്റെ പിന്നിലെ വംശീയ-ജാതി മനോഭാവങ്ങള്‍ തുറന്നു കാട്ടേണ്ടതുണ്ട്. അല്ലൂരി സീതാ രാമരാജുവും കൊമുറം ഭീമും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിമോചനപ്പോരാട്ടങ്ങള്‍ നടത്തിയിരന്നുവരും പരസ്പരം കണ്ടിരിക്കാന്‍ സാധ്യത ഇല്ലാത്തവരുമാണ്. സിനിമയിലെ രാമരാജു അമാനുഷികനും പുരാണത്തിലെ രാമവേഷത്തിനു സമാനമായ വേഷമണിയുന്നയാളുമാണ്. കാവിയും രുദ്രാക്ഷവും അണിഞ്ഞ അമ്പുമായാണ് ഈ കഥാപാത്രം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആസാമില്‍ ഒളിവില്‍ പോയി തോട്ടം മേഖലയില്‍ തൊഴിലാളിയായി പണിയെടുത്ത്  തിരിച്ചുവന്ന കൊമുറം ഭീം കമ്യൂണിസ്റ്റ് പാര്‍ടിയുമായി സഹകരിക്കുകയും തെലങ്കാന മേഖലയില്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ആദിവാസികളുടെ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. തെലങ്കാനയും ആന്ധ്രയും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിപ്ലവനിലങ്ങളായി പരിണമിച്ചതിന്റെ പിറകിലുള്ള ചരിത്രം കൂടിയാണിത്. ഇതിനെയാണ് ഈ സിനിമ സൂത്രത്തില്‍ റദ്ദ് ചെയ്യുന്നത്. ആര്‍ആര്‍ആര്‍ സിനിമയുടെ അവസാന ക്രെഡിറ്റ് ദൃശ്യത്തില്‍ നേതാജി, സര്‍ദാര്‍ പട്ടേല്‍, ഭഗത് സിംഗ്, വിഒസി പിള്ള, ടി പ്രകാശം, കിത്തൂര്‍ റാണി ചെമ്മ, പഴശ്ശിരാജ, ശിവാജി എന്നിവരുടെ ചിത്രങ്ങള്‍ ആദരിക്കാനായി ചേര്‍ത്തിരിക്കുന്നു. ഗാന്ധിയും നെഹ്‌റുവും അംബേദ്ക്കറും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഏതുതരം ഇന്ത്യയെ ആണ് ഇതിലൂടെ പൊതുബോധത്തിലേയ്ക്ക് നിര്‍മ്മിച്ചുവിടുന്നത് എന്നത് ഇതില്‍പ്പരം വിശദീകരിക്കേണ്ടതില്ലല്ലോ!

അക്ഷയ് കുമാര്‍ ആണ് സംഘ് പരിവാറിന്റെ പോസ്റ്റര്‍ ബോയ്. ടോയ്‌ലറ്റ് ഏക് പ്രേം കഥ, പാഡ് മാന്‍ പോലുള്ള നിരവധി സിനിമകളിലൂടെ മോഡി സര്‍ക്കാരിന്റെ പരസ്യവണ്ടിയായി മാറിയ സിനിമകളില്‍ കുറെയെണ്ണത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകന്‍. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബുദ്ധ ഇന്‍ എ ട്രാഫിക് ജാം എന്ന സിനിമയില്‍ നഗരനക്‌സലുകള്‍(അര്‍ബന്‍ നക്‌സലുകള്‍) എന്ന ഫാസിസ്റ്റ് പ്രയോഗത്തെ സാധൂകരിക്കുന്നതിനുള്ള പരിശ്രമങ്ങളാണുള്ളത്. 2019ലിറങ്ങിയ താഷ്‌ക്കന്റ് ഫയല്‍സില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തെ മുന്‍നിര്‍ത്തി ഇടതുപക്ഷ-മതനിരപേക്ഷ-സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരായ കടന്നാക്രമണം അഴിച്ചുവിട്ടു. ഇക്കാലത്തിറങ്ങിയ ഉറി ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയും വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയായിരുന്നു. 2019ല്‍ തന്നെയിറങ്ങിയ ദ് ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയില്‍ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗ് നെഹ്‌റു കുടുംബത്തിന്റെ ഭരണമോഹത്തിന്റെ ഇരയായി ചിത്രീകരിക്കപ്പെട്ടു. പി എം നരേന്ദ്രമോഡി എന്ന സിനിമയില്‍ മോഡിയെ മഹത്വവത്ക്കരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത 2023 മെയ് 28ന് പ്രദര്‍ശനം ആരംഭിച്ച സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന സിനിമ സവര്‍ക്കറെ മഹത്വവത്ക്കരിക്കുന്നു.

ബാജിറാവ് മസ്താനി, പത്മാവത്, മണികര്‍ണിക, പാനിപ്പത്ത്, കേസരി, തന്‍ഹാജി ദ് അണ്‍സംഗ് വാരിയര്‍, പവന്‍ ഖിന്ദ്, സമ്രാട്ട് പ്രിഥ്വിരാജ്, ആദിപുരുഷ് തുടങ്ങി നിരവധി സിനിമകളില്‍ ഹിന്ദു രാജാക്കന്മാരെയും പുരാണദൈവങ്ങളെയും വാഴ്ത്തുകയും മുഗള്‍ ഭരണകര്‍ത്താക്കളെ ഇകഴ്ത്തുകയും ചെയ്തു. ഛത്രപതി ശിവജിയെക്കുറിച്ചുള്ള വേദത് മറാഠെ വീര്‍ ദോദില്‍ സാത് എന്ന സിനിമയും റിലീസിന് തയ്യാറാകുന്നു. രാം സേതു, ദ് വാക്‌സിന്‍ വാര്‍, ദ് ദില്ലി ഫയല്‍സ്, 72 ഹൂറൈന്‍, ഡോക്ടര്‍ ഹെഡ്‌ഗെവാര്‍, മെയിന്‍ ദീന്‍ദയാല്‍ ഹൂം എന്നീ ചിത്രങ്ങളും സംഘപരിവാര്‍ വാദങ്ങളെ സാധൂകരിക്കുന്നതിനുള്ള സിനിമകളാണ്.

പൊതുബോധത്തെ നിര്‍ണയിക്കാന്‍ കഴിവുള്ള ഏറ്റവും ജനപ്രിയമായ മാധ്യമമാണ് സിനിമ എന്നെല്ലാവര്‍ക്കും അറിയാം. യഥാര്‍ത്ഥ സംഭവങ്ങളും കല്പിതകഥകളും അര്‍ദ്ധസത്യങ്ങളും നുണകള്‍ തന്നെയും കൂട്ടിക്കുഴക്കുക എന്നത് സിനിമയില്‍ പുതിയ കാര്യമല്ല. സിനിമയോട് പൊതുവെയും അതാത് സിനിമകളോട് പ്രത്യേകിച്ചും വിമര്‍ശനാത്മകവും ചരിത്രബോധ്യത്തെ അടിസ്ഥാനപ്പെടുത്തിയതും ജനാധിപത്യ അവബോധത്തോടു കൂടിയതുമായ സമീപനം കാണികളും അല്ലാത്തവരുമായവര്‍ക്കിടയില്‍ വ്യാപിപ്പിക്കുക എന്നതു മാത്രമേ ഈ വിഷമസന്ധിയിലും നമുക്ക് ചെയ്യാനാവുന്ന കാര്യമായുള്ളൂ. അതെത്രമേല്‍ ദുഷ്‌ക്കരമാണെങ്കിലും നിര്‍വഹിക്കാതെ നിവൃത്തിയില്ല.

വളരെ കൃത്യമായ അതേ സമയം അങ്ങേയറ്റം ലളിതമായ ഒരു സന്ദേശമാണ് ഈ സംഭവങ്ങളില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാനുള്ളത്. സിനിമയില്‍ നിന്നും സിനിമയ്ക്ക് ആധാരമായ ജീവിതത്തില്‍ നിന്നും അഥവാ ജീവിതം തന്നെയായ സിനിമയില്‍ നിന്നും വെറുപ്പിനെയും വിദ്വേഷത്തെയും മാറ്റിനിര്‍ത്തുക.

ജി പി രാമചന്ദ്രൻ: പ്രമുഖ ചലച്ചിത്ര നിരൂപകൻ. മികച്ച ചലച്ചിത്ര നിരൂപകനുള്ള 2006 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുകളുടെ ജൂറി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

Share on facebook
Share on twitter
Share on linkedin
WhatsApp