കെ ജെ ജേക്കബ്
ഇന്ത്യ ജനാധിപത്യത്തിൻ്റെ അമ്മയാണ് എന്ന് ലോകത്തിനോട് പറയാൻ കിട്ടുന്ന ഒരു അവസരവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കാറില്ല. ജനാധിപത്യം എന്ന ആശയത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആ വിശേഷണം ഒത്തുപോകില്ലെങ്കിലും അക്കാര്യത്തിൽ അദ്ദേഹത്തോട് തർക്കിക്കേണ്ട കാര്യമില്ല. ഭൂമിയിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ
ഭരണഘടനാപരമായി ജനാധിപത്യം പിന്തുടരുന്നു എന്ന കാരണത്താൽ. മോദി പലപ്പോഴും പരാമർശിക്കുന്ന ലോകരംഗത്തേക്കുള്ള ഇന്ത്യയുടെ കടന്നുവരവിൽ ജനാധിപത്യരാഷ്ട്രമെന്ന പദവിക്കും പങ്കുണ്ട്.
എന്നാൽ ഇക്കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പ്രധാനമന്ത്രിയെന്ന നിലക്ക് ജനാധിപത്യത്തെയും രാജ്യത്ത് അത് പ്രവർത്തിക്കാനുള്ള സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തന്നതിൽ നരേന്ദ്ര മോദിയുടെ സംഭാവന എന്തായിരുന്നു? സത്യസന്ധമായ ഒരന്വേഷണം നടത്തിയാൽ പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകകളുടെയും കാര്യത്തിൽവരെ സംശയാസ്പദമായ ഉത്തരങ്ങളായിരിക്കും ലഭിക്കുക.
നിയമനിർമ്മാണത്തിന്റെയും കാര്യനിർവഹണത്തിന്റെയും സ്ഥാപനമായ പാർലമെൻ്റ് ഇക്കാലയളവിൽ മെച്ചപ്പെട്ടതിന്റെ യാതൊരു ലക്ഷണവും കാണാനാവില്ല. ഇന്ത്യയുടെ ആദ്യ ലോകസഭ 135 ദിവസങ്ങൾ സമ്മേളിച്ചെങ്കിൽ ഈ മെയ് മാസം കാലാവധി അവസാനിക്കുന്ന പതിനേഴാം ലോകസഭ വെറും 55 ദിവസങ്ങൾ മാത്രമാണ് കൂടിയത്. മോദി നയിക്കുന്ന ഇപ്പോഴത്തെ ലോകസഭയിലും ഇതിനു മുൻപുള്ള കാലയളവിലും നടപ്പാക്കിയ പ്രധാനപ്പെട്ട നിയമ ഭേദഗതികളുടെ ധൃതി ഒട്ടും ആശാസ്യമല്ല. ആർട്ടിക്കിൾ 370ന്റെ ഉള്ള് പൊള്ളയാക്കിക്കൊണ്ട് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി തരം താഴ്ത്തിയത് വെറും രണ്ട് ദിവസങ്ങൾ കൊണ്ടാണ്. ഏറ്റവും അവസാനത്തെ ഒരു നടപടി 19-ാം നൂറ്റാണ്ടു മുതൽ നിലവിലുണ്ടായിരുന്ന മൂന്ന് ക്രിമിനൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ്. മൂന്നു നിയമങ്ങളിലും കൂടി ഇന്ത്യയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ക്രിമിനലും സിവിലും ആയ നീതിന്യായ നടത്തിപ്പുകളെയും ബാധിക്കുന്ന ആയിരത്തിലേറെ നിയമ ഭാഗങ്ങളുണ്ട്. ജനപ്രതിനിധികളുടെ ഓരോ വാക്കുകളും അഭിപ്രായങ്ങളും വിലയിരുത്തിയതിനു ശേഷമെ അത്തരം നിയമനിർമ്മാണങ്ങൾ നടത്താൻ പാടുള്ളൂ എന്നത് ജനാധിപത്യത്തിൽ അനിവാര്യമായ സംഗതിയാണ്. എന്നാൽ നിയമഭേദഗതികൾ പഠിക്കാനുള്ള സമയമോ സാവകാശമോ നൽകാതെയുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ഒച്ചയുയർത്തി. ഫലമുണ്ടായില്ല. ഈ പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിലെ ജനാധിപത്യം ബലപ്പെട്ടു എന്ന് പറയാനാകുമോ?
Prime Minister of India Jawaharlal Nehru addresses parliament after Indian independence and partition in 1947. © World History Archive
കേരള നിയമസഭയിൽ ബി ജെ പി ക്ക് 140 ൽ 35 സീറ്റ് ലഭിച്ചാൽ അവർ കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞത് കേരളത്തിലെ ജനങ്ങൾ ഓർക്കുന്നുണ്ടാവും. തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യം എന്ന ആശയത്തിനോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു അത്. തിരഞ്ഞെടുപ്പുകളെയും ജനഹിതത്തെയും എത്രമാത്രം അവഞ്ജയോടെയാണ് മോദിയുടെ പാർട്ടി സമീപിക്കുന്നത് എന്നതിൻ്റെ വ്യക്തമായ ഉദാഹരണം. ഒരു പ്രാദേശിക നേതാവ് ഇപ്രകാരം വീമ്പടിക്കുന്നതിനു പുറകിൽ ബി ജെ പി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പാക്കിയ അട്ടിമറികളുടെ പിൻബലമുണ്ട്. ഒരു പാർട്ടിയുടെ ലേബലിൽ വിജയിച്ച സ്ഥാനാർത്ഥികൾ അതിനെ വഞ്ചിച്ച് അനായാസം ബി.ജെ.പി യിലേക്ക് ചേക്കേറുകയും ജനഹിതത്തിൽ അധികാരത്തിലേറിയ
സർക്കാറുകളെ താഴെ ഇറക്കുകയും ചെയ്യുന്ന പ്രക്രിയയാണത്. ഇന്ത്യയിലെ മിക്ക ബി ജെ പി ഇതര സംസ്ഥാന സർക്കാറുകളും സ്വന്തം പാർട്ടിക്കാർ ഏതു നിമിഷവും കാലുവാരുമെന്ന ഭീതിയിലാണ്. ഫലത്തിൽ തെരെഞ്ഞെടുപ്പ് എന്ന ആശയത്തെത്തന്നെ റദ്ദാക്കുന്ന അവസ്ഥാവിശേഷം. ജനാധിപത്യമെന്ന ആശയം ഇന്ത്യയിൽ മെച്ചപ്പെട്ടുവോ?
ഭരണഘടനയുടെ ഒന്നാം അനുഛേദം പറയുന്നത് ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു സംഘാതം ആണെന്നാണ്. ഭരണഘടനാവ്യവസ്ഥയിൽ നിയമനിർമ്മാണത്തിനു കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാറിനും നിശ്ചിതമായ അധികാര മേഖലകളുണ്ട്. സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ച വിഷയങ്ങളിലും ഏഴാം ഭാഗത്തിലെ കൺകറൻ്റ് ലിസ്റ്റിലെ വിഷയങ്ങളിലും സംസ്ഥാന നിയമസഭകൾ ബില്ലുകൾ ഇറക്കുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാതലവൻമാരായ ഗവർണർമാരിലാണ് അത്തരം ബില്ലുകളിൽ ഒപ്പുവെച്ച് നിയമമാക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് . അത്തരം ബില്ലുകളുടെയും നിയമങ്ങളുടെയും സാധുത പരിശോധിക്കുന്നത് ഹൈക്കോ ടതികളുടെയും സുപ്രീം കോടതികളുടെയും ഭരണഘടനാ ബെഞ്ചുകളും. നിയമസഭ പാസാക്കുന്ന ബില്ലുകളുടെ സാധുത പരിശോധിക്കുന്നതിന് ഗവർണർക്ക് ഭരണഘടന യാതൊരു അധികാരവും നൽകിയിട്ടില്ല.
എന്നാൽ എൻഡിഎ ഇതര സർക്കാറുകളുടെ ബില്ലുകളിൽ ഒപ്പുവെക്കാതെ അവയിൽ അടയിരിക്കുന്ന ഭൂതങ്ങളായി ഗവർണർമാർ മാറുകയും അതുവഴി സംസ്ഥാന സർക്കാറുകളെ നോക്കുകുത്തികളാക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾക്ക് നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നു.
യഥാർത്ഥത്തിൽ ഗവർണർമാർ അമിതമായ വീറ്റോ പവർ ഉപയോഗിക്കുന്നതിനു തുല്യമാണിത്. ചിലപ്പോഴൊക്കെ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും കേന്ദ്ര സർക്കാറിൻ്റെ ഉപദേശത്തോടെ അവയിൽ രാഷ്ട്രപതി തീരുമാനം എടുക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ട്.
മറ്റൊരർത്ഥത്തിൽ നിയമനിർമ്മാണത്തിനുള്ള അധികാരം സസ്ഥാനങ്ങളിൽനിന്നും കേന്ദ്ര സർക്കാറിലേക്ക് മാറ്റുന്ന പ്രക്രിയ ആണിത്. ഭരണഘടനാപരമായ ജനാധിപത്യത്തെ ഇതെല്ലാം എങ്ങിനെയാണ് മുൻപോട്ടു കൊണ്ടുപോവുക?
2017-ൽ മോദി സർക്കാർ ഇലക്ട്രൽ ബോണ്ട് സ്കീം തുടങ്ങിയപ്പോൾ
പറഞ്ഞ അവകാശവാദം അത് രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപ്പറേറ്റുകളുടെയും വ്യക്തികളുടെയും സംഭാവനകളെ സുതാര്യമാക്കുന്ന സംവിധാനമാണ് എന്നായിരുന്നു. സംഭാവന നൽകിയവർ സർക്കാറിന്റെ നയരൂപീകരണത്തിലും തീരുമാനങ്ങളിലും സ്വാധീനം ചെലുത്തുമെന്നതിനാൽ ഇലക്ട്രൽ ബോണ്ടുകൾ അഴിമതിക്ക് നിയമസാധുത നല്കലാണെന്ന് ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ അന്നുതന്നെ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈയിടെ സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ കൈകാര്യം ചെയ്തിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് 2019 മുതൽ 2024 വരെയുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിനിമയത്തിൻ്റെയും പ്രായോക്താക്കളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ടതോടെ വലിയ ഭൂകമ്പമാണ് ഉരുത്തിരിഞ്ഞത്. അതിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളിൽ നിന്നും മനസ്സിലാക്കാനാവുന്നത് കോർപറേറ്റുകളുടെ പിഴകൾ മുതലാക്കി അവരിൽനിന്നും ഭീമമായ തുകകൾ തട്ടിയെടുക്കാനുള്ള ഒരു കൂറ്റൻ യന്ത്രത്തിന്റെ പ്രവർത്തനമാണ്. പൊതുജനതാത്പര്യങ്ങളെ ഹനിക്കുന്ന പദ്ധതിയായിരുന്നു ഇലക്ടറൽ ബോണ്ടുകൾ എന്നത് സ്പഷ്ടമായിക്കഴിഞ്ഞു. രാഷ്ട്രീയ പ്രവർത്തനം കൂടുതൽ സുതാര്യമാവുമെന്ന ബി.ജെ.പി വാദത്തിൻ്റെ നേരെ വിപരീതമാണ് അരങ്ങേറിയത്. നമ്മുടെ ജനാധിപത്യം ഇത്തരമൊരു കൊടിയ അഴിമതി കാംക്ഷിക്കുന്നുണ്ടോ?
ഇതിനെല്ലാമുപരി രാജ്യത്തിന്റെയും സാമ്പത്തിക രംഗത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന വലിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിക്കപ്പെട്ട ഏജൻസികളെ പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കാൻ അഴിച്ചുവിട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനായി നിയമത്തെ ദുരുപയോഗം ചെയ്യുകയെന്നത് മോദി ഭരണത്തിന്റെ, പ്രത്യേകിച്ചും അതിന്റെ രണ്ടാം ഘട്ടത്തിൽ, മുഖമുദ്രയായി മാറിയിരിക്കുന്നു. 2002-ലെ കള്ളപ്പണ നിരോധന നിയമ (PMLA) ത്തിലെ ജാമ്യം പോലും അസാധ്യമാക്കുന്ന കർക്കശ നിബന്ധനകൾ പരമാവധി ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളിൽ ഉള്ളവരെ, മുഖ്യമന്ത്രിമാരെപ്പോലും പിന്തുടരുകയും ജയിലറക്കുള്ളിലാക്കുകയും ചെയ്യുന്നു. കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുംവരെ ഒരാളെ നിരപരാധിയായി കണക്കാക്കണമെന്ന തത്വം മോദി ഭരണകൂടം തലകീഴാക്കി. PM LA നിയമം മയക്കുമരുന്ന് കച്ചവടത്തിലെ ഇടപാടുകാരെയും അവർ ധനമുണ്ടാക്കുന്ന രീതികളെയും നിയന്ത്രിക്കാനും വ്യാജമരുന്നുകളുടെ വില്പനയിലൂടെ സമാഹരിക്കുന്ന പണം കണ്ടുകെട്ടുമെന്ന് അവർക്ക് താക്കീത് നൽകാനും രൂപീകരിക്കപ്പെട്ടതാണ്. ക്രമേണ നിയമത്തിന്റെ പരിധി വികസിപ്പിക്കപ്പെടട്ടു. അഴിമതിയിലൂടെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ വാരിക്കൂട്ടിയ സമ്പത്തിന് അയാൾ കണക്കുപറയേണമെന്നുള്ളതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിനു പകരം നിയമം നടത്താൻ അധികാരപ്പെടുത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് എന്ന ഏജൻസിയെ പ്രതിപക്ഷ രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്താനും ബ്ലാക്മെയിൽ ചെയ്യുന്നതിനും ഉള്ള ഉപകരണമായി തരംതാഴ്ത്തി കഴിഞ്ഞിരിക്കുന്നു. ഇതു വഴി പ്രതിപക്ഷം തന്നെയില്ലാത്ത ജനാധിപത്യം എന്നാണ് സർക്കാർ സങ്കൽപ്പിക്കുന്നത്. ജനാധിപത്യത്തിൻ്റെ പ്രഖ്യാപിതവും ഭരണഘടനാപരവുമായ ആശയങ്ങൾക്ക് ഈ സങ്കല്പം നിരക്കുന്നതെങ്ങനെ?
ഉൾക്കൊള്ളലിന് എല്ലാ വിധത്തിലും പരിശ്രമിച്ച ഒരു ജനാധിപത്യമെന്ന നിലയിൽനിന്നും ശുഷ്ക്കിച്ച്, തീരുമാനങ്ങൾ എടുക്കുന്നതിലുള്ള പൊതുജനപങ്കാളിത്തം തുലോം കുറഞ്ഞു വെറും തെരഞ്ഞെടുപ്പ് ജനാധിപത്യം എന്നതിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ നിലനിന്നിരുന്ന ഉദാരമായ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കാനുള്ള വഴികളെക്കുറിച്ച് ഇന്ത്യക്കാർ ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
(ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്)
കെ ജെ ജേക്കബ് : കേരളത്തിലെ മാധ്യമ മേഖലയിൽ 30 വർഷത്തിലധികമായി സജീവമായി ഇടപെടുന്നു . മാതൃഭൂമി, വീക്ക്, ഡെക്കാൻ ഹെറാൾഡ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചു