R Rajagopal

ആര്‍. രാജഗോപാല്‍

(The Eye Election Edition ടീം രാജഗോപാലുമായി നടത്തിയ സംഭാഷണത്തിൽനിന്ന്.)

മുഖ്യധാര എന്നു വിളിക്കപ്പെടുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ഒരു ദശകം കൊണ്ട് സം‌ഭവിച്ച രൂപമാറ്റത്തിന്‌ അടിവരയിടുന്ന താഴെ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ നോക്കൂ.

Image 1
ചിത്രം ഒന്ന്

ആദ്യ ചിത്രം 2011 ഓഗസ്റ്റ് 17- ലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിന്റേതാണ്‌. യു. പി. എ-2 അധികാരത്തിലിരുന്നപ്പോൾ ലോക് പാൽ ബില്ലിനു വേണ്ടി അണ്ണാ ഹസാരെ നിരാഹാരസമരം ആരംഭിച്ചതിന്റെ തൊട്ടു പിറ്റേദിവസം. ഒരു വലിയ സൈസ് ദിനപത്രത്തിന്‌ സാധ്യമായ ഏറ്റവും കൂടിയ എട്ടു കോളം വലിപ്പത്തില്‍ ആ തലക്കെട്ട് കത്തിക്കയറി: “ഗവണ്‍മെന്റിന്‌ ഈ ഓഗസ്റ്റ് വിപ്ലവത്തെ തടയാന്‍ കഴിയില്ല.” (ഒന്നാമത്തെ ചിത്രം കാണുക)


ആ ശീര്‍ഷകം ഹസാരെയുടെ സം‌രംഭത്തെ സമീകരിച്ചത് സ്വാതന്ത്ര്യസമര കാലത്തെ ക്വിറ്റ് ഇന്ത്യാ സമരവുമായിട്ടാണ്‌. അടുത്ത 13 ദിവസങ്ങളിലായി “ടൈംസ് ഓഫ് ഇന്ത്യയുടെ ഡൽഹി പതിപ്പിൻ്റെ പ്രധാന വിഭാഗം, 401 വാർത്താശകലങ്ങൾ, 34 ലേഖനങ്ങള്‍, 556 ചിത്രങ്ങൾ, 29 കാർട്ടൂണുകള്‍ എന്നിവയുള്‍പ്പെടെ ഈ അണ്ണാ ഹസാരെ ഗാഥയെ ‘ഓഗസ്റ്റ് ക്രാന്തി (ഓഗസ്റ്റ് വിപ്ലവം)’ എന്ന മുദ്രയും കുത്തി 123 പേജുകള്‍ ആണ്‌ എഴുതിനിറച്ചത്.” എന്ന് പ്രീതം സെന്‍ഗുപ്ത “ദ ഇന്ത്യന്‍ ജേണലിസം റിവ്യു”വില്‍ എഴുതി.


ഇനി 2024 മാര്‍ച്ച് 15-ലേക്ക് വരിക, അതായത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇലക്ടറല്‍ ബോണ്ടുകളുടെ ആദ്യ വിശദാം‌ശങ്ങള്‍ അപ്‌ലോഡ് ചെയ്തതിന്റെ പിറ്റേ ദിവസം. ടൈംസ് ഓഫ് ഇന്ത്യ യഥാർത്ഥത്തിൽ മറ്റു പല പത്രങ്ങളേക്കാളും മികച്ച റിപ്പോര്‍ട്ടിങ്ങാണ് നടത്തിയത്, എങ്കിലും 2011-ലെ “ഓഗസ്റ്റ് ക്രാന്തി” യുടെ ആവേശം പ്രാധാന്യത്തിലും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ എണ്ണത്തിലും നമുക്ക് കാണാന്‍ കഴിയില്ല.

ചിത്രം രണ്ട്

സ്വാതന്ത്ര്യസമരകാലത്തും അടിയന്തരാവസ്ഥയിലും ജയിലിൽ പോയത് ഇത്ര വലിയൊരു ബഹുമതിയായിരുന്നെങ്കിൽ, ഇപ്പോൾ അത് അങ്ങനെയല്ലാത്തത് എന്തുകൊണ്ടാണ്‌? ഈ 75 വർഷവും ജനങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുകയും വൻലാഭം കൊയ്യാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, സമൂഹത്തിനും രാജ്യത്തിനും വേണ്ടി, വേണ്ടിവന്നാല്‍ നഷ്ടങ്ങള്‍ സഹിച്ചുപോലും പ്രത്യുപകാരം ചെയ്യാനുള്ള സമയമല്ലേ ഇത്?

2011-ൽ എട്ട് കോളം വീതിയില്‍ വന്ന “ഓഗസ്റ്റ് ക്രാന്തി” തലക്കെട്ടിൽനിന്ന് വ്യത്യസ്തമായി, ഇലക്ടറൽ ബോണ്ട് അഴിമതിയുടെ തലക്കെട്ട് നാല് കോളങ്ങളായി ചുരുങ്ങി പകുതിയായി (ഇമേജ് 2-ലെ ചിത്രങ്ങള്‍ കാണുക). അന്ന് ഹസാരെയുടെ സമരത്തിന്റെ ആദ്യദിവസത്തെ കവറേജ് “14 പേജുകളിൽ 34 റിപ്പോർട്ടുകളും 2 അഭിപ്രായങ്ങളും 41 ഫോട്ടോഗ്രാഫുകളും 1 കാർട്ടൂണും” ആയി വിപുലമായിരുന്നെങ്കിൽ, അതേ മുന്‍നിര ഇംഗ്ലീഷ് പത്രം 2024 മാർച്ച് 15-ന് ചെയ്തത് ഇതാണ്: വെറും അഞ്ച് റിപ്പോർട്ടുകളും, ചാർട്ടുകളും ചിത്രങ്ങളും ഒക്കെ ചേര്‍ത്ത് അഞ്ച് ദൃശ്യങ്ങളും.
അതായത് 2011 നും 2024 നും ഇടയിൽ ദിനപത്രത്തിൻ്റെ ഒന്നാം പേജിനെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ നാടകീയമായ മാറ്റത്തിന് വിധേയമായി. കൃത്യമായി പറഞ്ഞാൽ  2024 മാർച്ച് 16-ലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജ് ഒരു മുഴുനീള പരസ്യ പേജ് ആയിരുന്നു (വിവിധ എഡിഷനുകളിൽ). അതു കഴിഞ്ഞ് ഒരു ഫ്ലാപ്പ് പേജും. അതും കഴിഞ്ഞാണ്‌ ഇലക്ടറൽ ബോണ്ട് എന്ന പ്രധാന വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്ന പേജ് (2011-ൽ ഇത് അങ്ങനെത്തന്നെയായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല). ടൈംസ് ഓഫ് ഇന്ത്യ പ്രത്യേകമായി ഇതില്‍ എന്തെങ്കിലും ചെയ്തിട്ടില്ല. ഇന്ത്യയിലെ മിക്ക പത്രങ്ങളും ഇപ്പോൾ ഒന്നാം പേജായി ഫുൾ പേജ് പരസ്യങ്ങളാണ്‌ കൊടുക്കുന്നത്. അതിലൂടെ സ്വയമറിയാതെ അവര്‍ മടങ്ങുന്നത് മുന്‍പേജുകള്‍ പരസ്യങ്ങളെക്കൊണ്ട് നിറച്ചിരുന്ന 18-ആം നൂറ്റാണ്ടിലെ പത്രങ്ങളുടെ രീതിയിലേക്കാണ്‌.

ചിത്രം മൂന്ന്
ചിത്രം നാല്
Image 5
ചിത്രം അഞ്ച്

അന്നത്തെ ആവേശം ടൈംസ് ഓഫ് ഇന്ത്യയിൽ മാത്രമല്ല മറ്റു നിരവധി പത്രങ്ങളിലും കാണാനില്ല. മറ്റ് പത്രങ്ങളുടെ 2011 ഓഗസ്റ്റ് 17-ന്റെ മുൻപേജുകൾ എനിക്ക് ഇന്റര്‍നെറ്റില്‍ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് ഞാൻ കൽക്കത്തയിൽ ജോലി ചെയ്യുന്ന പത്രത്തിൻ്റെ മുഖ്യ എതിരാളിയായ ടൈംസ് ഓഫ് ഇന്ത്യയുടെ ചിത്രങ്ങൾ ഇവിടെ ഉപയോഗിച്ചതെന്ന് വ്യക്തമാക്കട്ടെ.
ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള അവസാന വാക്ക് ഇപ്പോഴും പുറത്തുവന്നിട്ടില്ല. പല വിവരങ്ങളും വെളിപ്പെട്ടു കൊണ്ടിരിക്കുന്നതേയുള്ളൂ.എന്നിരുന്നാലും ഇതുവരെ പുറത്തുവന്നതു വെച്ചുതന്നെ നമ്മൾ ഇതുവരെ കേട്ടിട്ടുള്ള ഏതൊരു അഴിമതിയേക്കാളും സ്തോഭജനകമാണ് അത്. ഒരുപക്ഷേ, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ വരും ദിവസങ്ങളിൽ പത്രങ്ങൾ വേണ്ട രീതിയില്‍ ഇത് ഏറ്റെടുത്തേക്കാം എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
മാർച്ച് 16 ആയപ്പോഴേക്കും ടൈംസ് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ട് വിഷയം കൈകാര്യം ചെയ്യുന്നത് വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും അതിന്റെ കവറേജ്, 2011-ലെ ഹസാരെ വിഷയത്തിലെ പ്രചാരണത്തിന്റെ അടുത്തെങ്ങും എത്തുമോ എന്ന് കണ്ടറിയണം. 2011 ലെ ഹസാരെ പ്രചാരണത്തിനു കാണിച്ച ആവേശം 2024 ലെ ബോണ്ടുകളുടെ കവറേജില്‍ കാണിക്കുന്നില്ല എന്നതില്‍ 2024 മാർച്ച് 24-ന് ഞാൻ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതികരണം തേടി. എന്നാൽ നിങ്ങളുമായി സംസാരിക്കുന്ന ഈ നിമിഷം വരെ എനിക്ക് അവരില്‍നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
അവർ മറുപടി തന്നാലും ഇല്ലെങ്കിലും ‘ടൈപ്പ്‌റൈറ്റർ ഗറില്ലകൾ’ എന്ന അപരനാമത്താല്‍ അടയാളപ്പെടുത്തപ്പെട്ട 1990 ദശകത്തിലെ പത്രപ്രവർത്തനവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി വലിയൊരു മാറ്റം മിക്ക ഇന്ത്യൻ ന്യൂസ്റൂമുകളിലും സംഭവിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്‌. 1990 എന്നത് ഞാൻ പത്രപ്രവർത്തകനായി മാറിയ വർഷം കൂടിയാണ്.

തെന്നിമാറുന്ന മുഖംമൂടികള്‍

ഇവിടെയും ചിത്രങ്ങൾ വാക്കുകളേക്കാൾ വ്യക്തമായി സംസാരിക്കും

Image 6
ചിത്രം ആറ്

Image 7

Image 8
ചിത്രം എട്ട്
Image 9
ചിത്രം ഒമ്പത്
Image 10
ചിത്രം പത്ത്
Image 11
ചിത്രം പതിനൊന്ന്
Image 12
ചിത്രം പന്ത്രണ്ട്
Image 13
ചിത്രം പതിമൂന്ന്

ഈ നാല് ജോഡി ചിത്രങ്ങൾ (ചിത്രങ്ങൾ 6 മുതൽ 13 വരെ) 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത സംഭവവും മസ്‌ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ അനുവാദം നല്‍കുന്ന 2019 നവംബറിലെ സുപ്രീംകോടതിവിധിയും ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങൾ എങ്ങനെയാണ്‌ ചിത്രീകരിച്ചത് എന്നു തുറന്നുകാട്ടുന്നു.
1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്തതിനെ അസന്ദിഗ്ദ്ധമായി അപലപിക്കുന്ന മുഖപ്രസം‌ഗങ്ങള്‍ ഈ പത്രങ്ങളെല്ലാം അവരുടെ ഒന്നാം പേജില്‍ പത്രാധിപരുടെ ഒപ്പോടെ തന്നെ പ്രമുഖ ലേഖനങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. അന്നത്തെ മുഖപ്രസം‌ഗങ്ങളുടെ തലക്കെട്ടുകൾ പരിശോധിക്കുക: “Republic Besmirched” (രാഷ്ട്രം അവഹേളിക്കപ്പെട്ടു), “National Shame” (ദേശീയ അപമാനം), “A Nation Betrayed” (ഒരു രാഷ്ട്രം വഞ്ചിക്കപ്പെട്ടു), “Unforgivable” (പൊറുക്കാനാവാത്തത്) എന്നൊക്കെയാണ്‌ അവ. ആ ധ്വംസനത്തെക്കുറിച്ച് ഓരോ പത്രവും എന്താണ് ചിന്തിക്കുന്നതെന്ന് പരല്‍ പോലെ വ്യക്തമായിരുന്നു.
പത്രങ്ങളെ ഞെട്ടിക്കുകയും രോഷാകുലരാക്കുകയും ചെയ്ത മസ്ജിദ് തകര്‍ക്കല്‍ നടന്ന അതേ വിഷയത്തില്‍ ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം കോടതി അതിന്റെ വിധി പ്രസ്താവിച്ചപ്പോൾ പത്രങ്ങളുടെ ഒന്നാം പേജുകളിലെങ്ങും പഴയതുപോലുള്ള മുഖപ്രസംഗങ്ങളുടെ ഒരു ലാഞ്ഛനയും ഉണ്ടായിരുന്നില്ല.
2024 ജനുവരി 22-ന് അയോധ്യയിൽ നടന്ന ‘പരിപാടി’യെക്കുറിച്ചാണെങ്കില്‍ മാധ്യമങ്ങള്‍ അത് കൈകാര്യം ചെയ്ത രീതി എത്ര കുറച്ചു പറയുന്നോ അത്രയും നല്ലത് എന്ന മട്ടിലായിരുന്നു. പല പത്രങ്ങളും “ബാബറി മസ്ജിദ്” എന്നു പരാമർശിക്കാൻ പോലും വിമുഖത കാണിച്ചു.

വശീകരിക്കാനുള്ള കാരറ്റ്

സർക്കാർ പരസ്യങ്ങള്‍ എന്ന കനിയുടെ വശീകരണമാണ് മാധ്യമങ്ങൾ വഴങ്ങിക്കൊടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്നതാണ്‌ ഒരു വ്യാഖ്യാനം. വലിയ പൈതൃകമുള്ള മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരളവോളം ഒരു മിഥ്യയാണെന്നാണ്‌ ഞാൻ കരുതുന്നത്. പക്ഷേ ചെറിയ പത്രങ്ങളുടെ നിലനിൽപ്പ് അത്തരം പരസ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതും വിസ്മരിക്കാനാവില്ല.
വാസ്തവത്തിൽ മോദി സർക്കാരിൻ്റെ നയങ്ങളും പരിപാടികളും പത്രങ്ങളിൽക്കൂടി പ്രചരിപ്പിക്കാനുള്ള പരസ്യച്ചെലവ് 2017-ല്‍ നിന്ന് 2023-ല്‍ എത്തുമ്പോള്‍ 87 ശതമാനത്തോളം ഇടിഞ്ഞതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കണക്കുകൾ ഉദ്ധരിച്ച് ന്യൂസ്‌ലോണ്‍ട്രി റിപ്പോർട്ട് ചെയ്തു. “2017-2018 മുതൽ 2022-23 വരെ ടൈംസ് ഗ്രൂപ്പിൻ്റെ (സർക്കാർ) പരസ്യ വരുമാനം 42.90 കോടി രൂപയിൽ നിന്ന് 5.45 കോടി രൂപയായി. അതായത് 87.29 ശതമാനം ഇടിവ്. ഹിന്ദുസ്ഥാൻ ടൈംസ് ഗ്രൂപ്പിന് 87.55 ശതമാനവും ജാഗരൺ പ്രകാശന് 83.71 ശതമാനവും ദൈനിക് ഭാസ്‌കറിന് 86.27 ശതമാനവും അമർ ഉജാലയ്ക്ക് 78.58 ശതമാനവുമാണ് ഇടിവുണ്ടായത്.” എന്ന് പോർട്ടൽ പറയുന്നു.
2023 സാമ്പത്തിക വർഷത്തിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്കു ലഭിച്ച സർക്കാർ പരസ്യങ്ങളുടെ മൂല്യം 10 കോടിയിൽ താഴെയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു (മറ്റു സ്രോതസ്സുകൾ പ്രസിദ്ധീകരിച്ചതോ ഉദ്ധരിച്ചതോ ആയ കണക്കുകൾ പ്രകാരം ഇത് 5.45 കോടി രൂപയ്ക്കും 9.5 കോടി രൂപയ്ക്കും ഇടയിലാണ്‌). അവരുടെ ആ വർഷത്തെ മൊത്തം പരസ്യവരുമാനമായ 4,973.79 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ സംഖ്യകൾ തുലോം കുറവാണ്. വലിയ ഗ്രൂപ്പുകളുടെ മൊത്തം പരസ്യ വരുമാനത്തിൻ്റെ 1% പോലും സർക്കാർ പരസ്യങ്ങൾ വഴി ലഭിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എല്ലാ പത്രങ്ങൾക്കും അത്തരം ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ല. ആ അവസ്ഥയില്‍ സ്വന്തം നിലനിൽപ്പിനെ സർക്കാർ പരസ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഏതൊരു പത്രത്തിനും മാധ്യമസ്വാതന്ത്ര്യത്തോട് വിടപറയേണ്ടി വരും. സാമ്പത്തികസ്വാതന്ത്ര്യം മാധ്യമ/എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന് അനിവാര്യമാണ്.എന്നാല്‍, ഒരു പത്രത്തിൻ്റെ വരുമാനത്തിൻ്റെ ഗണ്യമായ ഭാഗം സർക്കാർ പരസ്യങ്ങൾ വഴിയല്ലെങ്കിൽ അത്തരമൊരു പ്രസിദ്ധീകരണം ഒരു വളര്‍ത്തുനായയെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ടായിരിക്കും?

ഭയമാണ്‌ വീഴ്‌ത്തുന്നത്?

എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇത്രമാത്രം സർക്കാർ സൗഹൃദമാകുന്നത് എന്ന ചോദ്യത്തിന് ഉടനടി ലഭിക്കുന്ന പ്രതികരണം “ഭയം” എന്നാണ്: ഇ. ഡി. ഭയം, ആദായനികുതി വകുപ്പിനോടുള്ള ഭയം, സിബിഐയോടുള്ള ഭയം, അത്തരം ചുരുക്കെഴുത്തുകളോടുള്ള ഭയം -എല്ലാം ‘ജയിലിനോടുള്ള ഭയ’ത്തിൽ കലാശിക്കുന്നു. .
അത്തരം സർവവ്യാപിയായ ഭയം നിലവിലുണ്ടെങ്കില്‍ അത് മനസ്സില്‍ ഉണര്‍ത്തുന്നത് ഈ ചോദ്യത്തെയാണ്‌: “നമ്മുടെ മാധ്യമ മുതലാളിമാർ എന്തിനെയാണ് ഭയപ്പെടുന്നത്? അവരുടെ അലമാരയിൽ നിറയെ രഹസ്യങ്ങളാണോ? അവര്‍ അങ്ങേയറ്റം നിയമവിരുദ്ധപ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടോ?” – അങ്ങനെയുണ്ടെങ്കില്‍ അവർ അതിന്റെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കട്ടെ.
സത്യം അതല്ലെങ്കിൽ അവർ എന്തിനു ഭയപ്പെടണം? എന്തായാലും സ്വാതന്ത്ര്യ സമരത്തിൽ തങ്ങളുടെ മുൻഗാമികളുടെ യഥാർത്ഥമായതോ അല്ലെങ്കിൽസാങ്കൽപ്പികമായതോ ആയ റോളുകൾ പല പരമ്പരാഗത മാധ്യമ ഗ്രൂപ്പുകളും മേൽക്കൂരകളിൽ കയറി വിളിച്ചുപറയുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങളുടെ മുത്തച്ഛന്മാരോ വല്ല്യമ്മാവന്മാരോ ജയിലിൽ കിടന്നുവെന്ന് അക്ഷീണം അവകാശപ്പെടാറുമുണ്ട്.
ഫെബ്രുവരി 27ന് കോഴിക്കോട്ട് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു സെമിനാറിൽ ഞാൻ പ്രസംഗിക്കുകയും തുടർന്ന് ഡൂൾ ന്യൂസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതു പറയാം. ‘‘മാധ്യമ മുതലാളിമാർ മിക്കവാറും ജയിലിൽ പോയത് പത്രപ്രവർത്തത്തിന്റേതല്ലാത്ത കാരണങ്ങളാലാണ്. എന്തുകൊണ്ടാണ് മാമ്മൻ മാപ്പിളയെ ജയിലിൽ അടച്ചത് എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട് -മനോരമയുടെ പത്രപ്രവർത്തനത്തിൻ്റെ പേരിലായാലും അല്ലെങ്കിൽ മനോരമയുടെ പത്രാധിപസ്ഥാനത്തോടുള്ള ഈര്‍ഷ്യ കാരണം കുടുക്കി എന്ന് ചിലര്‍ ആരോപിക്കുന്ന ബാങ്കിംഗ് കേസിലായാലും. എന്നാൽ റിപ്പോർട്ടർ ടിവിയിലെ ചില നിക്ഷേപകർ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കപ്പെട്ടത് പത്രപ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത മരംകൊള്ളക്കേസിൽ ആയിരുന്നു.’’
“അപ്പോൾ, മാധ്യമ മുതലാളിമാർക്ക് പത്രപ്രവർത്തനമല്ലാത്ത കാരണങ്ങളാൽ ജയിലിൽ പോകാമെങ്കിൽ എന്തുകൊണ്ടാണ് അവർ പത്രപ്രവർത്തനത്തിന്റെ പേരില്‍ പോകാൻ മടിക്കുന്നത്? മരങ്ങൾ വെട്ടിയിട്ടായാലും അധികാരത്തിലിരിക്കുന്നവരെ നേരിട്ടിട്ടായാലും ജയിൽ ഒന്നുതന്നെ… അതുകൊണ്ടാണ് മാധ്യമ മുതലാളിമാർ ജയിലിനെ ഭയപ്പെടുന്നു എന്ന വാദം ഞാൻ അം‌ഗീകരിക്കാത്തത്. കഴിഞ്ഞ 10 വർഷത്തിനിടെ ജയിലിൽ കിടന്ന ഒരു മാധ്യമ മുതലാളിയെ കുറിച്ച് പറയാമോ? അതിനാൽ, ജയിലിനെക്കുറിച്ചുള്ള ഭയമല്ല മറിച്ച് മറ്റൊരുകാര്യമാണ്‌ രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങൾക്കെതിരെ മാധ്യമ മുതലാളിമാരെയും എഡിറ്റർമാരെയും കണ്ണടയ്ക്കാൻ പ്രേരിപ്പിക്കുന്നത്.”
അതു മാത്രമല്ല  മാധ്യമ മുതലാളിമാർ ഇപ്പോൾ സ്വന്തം സുരക്ഷിതത്വം നന്നായി ഉറപ്പു വരുത്തിയിരിക്കുന്നു. മുമ്പ് ഉടമകളായിരുന്ന മിക്ക പ്രസാധകരും ഇപ്പോൾ ശമ്പളം പറ്റുന്ന പ്രൊഫഷണലുകളാണ്. ചില മുതലാളിമാർ പത്രാധിപര്‍ എന്ന പ്രത്യയമുള്ള ആലങ്കാരിക പദവികൾ ഏറ്റെടുക്കുമ്പോൾ പോലും. ഇക്കാലത്തെ ഇംപ്രിൻ്റ് ലൈനുകളില്‍ (ഉത്തരവാദിത്തങ്ങളുടെയും അച്ചടിസ്ഥലത്തിൻ്റെയുമൊക്കെ വിശദാംശങ്ങൾ) കൂടുതലും വാർത്തകൾ തിരഞ്ഞെടുക്കുന്നതിന് ഉത്തരവാദികളായ എഡിറ്റർമാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശമ്പളം പറ്റുന്ന ജീവനക്കാരുടെ പേരുകളാണ്. മാധ്യമ മുതലാളിമാർ സംരക്ഷിക്കപ്പെടുന്നു. പ്രസാധകരും എഡിറ്റർമാരും ഉത്തരവാദികളാവുന്നു – അവർ തങ്ങളുടെ അധികാരം ഉറപ്പിക്കണം എന്നു പറയാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണോ?
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് മറ്റൊരു പേടിസ്വപ്നം. ഇരകളാകാൻ സാധ്യതയുള്ളവരും ക്ഷമാപണം നടത്തുന്നവരും നിരന്തരം ഉന്നയിക്കുന്നത് ദൈനിക് ഭാസ്‌കറിനെതിരെയുള്ള റെയ്ഡുകളാണ്. എന്നാൽ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ ഇന്ത്യയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഇപ്പോഴും ആരെങ്കിലും പരാമര്‍ശിക്കുമ്പോഴും ഭാസ്‌കർ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ്‌ അവർ ഉദ്ധരിക്കുന്നത്. ആർക്കും അത് കാണാതെ പോകാനാവില്ല. ചിലർ അവകാശപ്പെടുന്നതുപോലെ ഭാസ്‌കർ “കുടിശ്ശിക തീർത്തു” എന്നാണെങ്കിൽപ്പോലും മറ്റുള്ളവരിൽ ഭൂരിഭാഗവും മിണ്ടാതിരുന്നപ്പോൾ അവർ ചെയ്ത മികച്ച പത്രപ്രവർത്തനത്തിന്റെ പ്രസക്തി ഇന്നും അനിഷേധ്യമായി നിലനില്‍ക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് ഇതാണ്: പ്രതിരോധം, അത് എത്ര ചെറുതാണെങ്കിലും, അതിന്‌ ഒരു മാറ്റമുണ്ടാക്കാൻ കഴിയും.
വാസ്തവത്തിൽ റെയ്ഡുകൾക്ക് ശേഷവും ഭാസ്‌കർ ഗ്രൂപ്പ് ഇലക്ടറൽ ബോണ്ട് വിഷയം ആക്രമണാത്മകമായി കവർ ചെയ്തു. ഇലക്ടറൽ ബോണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രചാരം നേടിയ തലക്കെട്ട് വന്നത് ദൈനിക് ഭാസ്‌കറില്‍ ആണ്: “നേതാവോൻ കേ ചന്ദാ മാമ” (കൊള്ളയടിക്കുന്ന നേതാക്കന്‍മാരുടെ ഇടയിലെ അമ്പിളി അമ്മാവൻ)- നക്ഷത്രങ്ങള്‍ക്കിടയില്‍ക്കാണുന്ന ചന്ദ്രനെ സ്നേഹത്തോടെ ഹിന്ദിയില്‍ വിളിക്കുന്ന പേരിനെ സൂചിപ്പിക്കുന്ന ട്രോള്‍.

 

കോർപ്പറേറ്റ് നീരാളിപ്പിടുത്തം


മാധ്യമങ്ങളെ നശിപ്പിക്കുന്നതിലെ മറ്റൊരു പ്രധാന ഘടകം നിരവധി മാധ്യമങ്ങളുടെ, പ്രത്യേകിച്ച് വാർത്താ ടെലിവിഷൻ ചാനലുകളുടെ കോർപ്പറേറ്റ് ഉടമസ്ഥതയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ചില മാധ്യമസ്ഥാപനങ്ങൾ എല്ലായ്‌പ്പോഴും പല വ്യാവസായിക സം‌രം‌ഭങ്ങളും നിയന്ത്രിച്ചിരുന്ന കുത്തകകളുടെ ഉടമസ്ഥതയിലായിരുന്നു എന്നത് ഒരു വസ്തുതയാണ്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ ചില മാധ്യമസ്ഥാപനങ്ങളെ പണം കൊണ്ടു മൂടിയ വ്യവസായമായിരുന്നു ചണം. പിന്നീട്, മറ്റ് വ്യവസായികളും ഈ മേഖലയിലേക്ക് പ്രവേശിക്കുകയോ പ്രവേശിക്കാൻ ശ്രമിക്കുകയോ ചെയ്തു.
മാധ്യമ ബിസിനസിൽ ‘കോർപ്പറേറ്റ്’ മേഖല എല്ലായ്പ്പോഴും എങ്ങനെ ഇടപെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് ദൈനിക് ഭാസ്കർ. ആ ഗ്രൂപ്പുമായി ബന്ധമുള്ള പത്രപ്രവർത്തകരെ ഉദ്ധരിച്ച് ന്യൂസ്‌ലോണ്‍ട്രി റിപ്പോർട്ട് ചെയ്തത് ഞാൻ ഡൂൾ ന്യൂസിലെ എന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്: ദൈനിക് ഭാസ്‌കർ “ഇപ്പോൾ ചിത്രീകരിക്കപ്പെടുന്നതു പോലെ എല്ലായ്‌പ്പോഴും എതിര്‍പ്പുകളെ വകവെയ്ക്കാത്ത പത്രപ്രവർത്തനത്തിൻ്റെ മാതൃകയല്ല എന്ന് പത്രവുമായി ദീർഘകാലമായി ബന്ധപ്പെട്ടിരുന്ന പത്രപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭാസ്‌കറിൻ്റെ ഉടമസ്ഥതയിലുള്ള അഗർവാൾ കുടുംബം പലതരം വ്യവസായങ്ങളില്‍ – ഖനനം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, അധികാരം, വിദ്യാഭ്യാസം, നിർമ്മാണം, പരസ്യംചെയ്യൽ, പ്രസിദ്ധീകരണം, ഭക്ഷ്യ സംസ്‌കരണം- നിക്ഷേപം നടത്തിയിരിക്കുന്നു എന്നതാണ് ഈ പൊരുത്തക്കേടിൻ്റെ ഒരു കാരണം എന്നും അവർ പറയുന്നു. പലപ്പോഴും പത്രത്തെ ഉപയോഗിച്ച് സ്വാധീനം നേടാനുള്ള മാര്‍ഗമായി ഈ എതിര്‍പ്പുകളെ അവര്‍ ഉപയോഗിക്കുകയാണെന്നും ആരോപണമുണ്ട്”.
ഇപ്പോൾ നിരവധി ടിവി ചാനലുകളുടെ ഉടമയായ അംബാനിയുടെ റിലയൻസ് 1980-കളുടെ അവസാനത്തിൽ പത്ര ബിസിനസിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അടുത്ത ദശകത്തിൽ പത്ര ബിസിനസ്സില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടും അവര്‍ക്ക് അന്ന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. തൻ്റെ ലാവണത്തിൽ ഒരു ജനപ്രിയ പത്രം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ സാക്ഷാല്‍ ധീരുഭായ് അംബാനി വലിയ താല്‍പ്പര്യമെടുത്ത് ‘The Observer of Business and Politics’ എന്ന പേരിട്ട് ഒരു പ്രസിദ്ധീകരണം തുടങ്ങുകയും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് പ്രതിഭകളെ വലവീശിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുപോലും അദ്ദേഹത്തിന്‌ അതില്‍ വിജയിക്കാനായില്ല.
തന്റെ പിതാവ് വിജയിക്കാത്തിടത്ത് മുകേഷ് അംബാനി വിജയിച്ചു. അതുപോലെ ഗൗതം അദാനിയും. ഇവർ ടിവി വാർത്തകളുടെ നിയന്ത്രണമാണ്‌ ഏറ്റെടുത്തത് എന്നതാണ് പ്രധാന വ്യത്യാസം. അവരുടെ മാധ്യമ സംരംഭങ്ങൾ എത്രത്തോളം ‘വിജയകരമാണെന്ന്’ എനിക്ക് ഉറപ്പില്ല, എന്നാൽ ഈ പ്രഭുക്കന്മാരുടെ ഉടമസ്ഥതയിലുള്ള ചാനലുകൾ വാർത്തകൾ കവർ ചെയ്യുന്ന രീതി വെച്ച് മാധ്യമ ബിസിനസ്സിലേക്കുള്ള അവരുടെ ചുവടുവെപ്പിന്റെ പിന്നിലെ പ്രധാന ലക്ഷ്യം വാര്‍ത്തകള്‍ കൃത്യമായി നല്‍കുക എന്നതിനേക്കാള്‍ സർക്കാരിൻ്റെ അജണ്ടയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്ന് ആര്‍ക്കും മനസ്സിലാക്കാനാകും.

പ്രത്യുപകാരത്തിനുള്ള സമയം

പല പത്രങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിൽ സംശയമില്ല. വിറ്റുവരവിൻ്റെ ‘25 മുതൽ 30 ശതമാനം വരെ’ ലാഭം ലഭിക്കുമായിരുന്ന ആ നല്ല പഴയ ദിനങ്ങൾ ഇനി സാധ്യമല്ല. ഇപ്പോള്‍ കൂടുതൽ സാധ്യമായ ലാഭനിരക്ക് 3 ശതമാനമായിരിക്കും. ഈ സാഹചര്യത്തില്‍ സർക്കാരിനെ എതിർക്കാന്‍ പോയി എത്ര ചെറിയ തോതിലാണെങ്കിലും വരുമാനം നഷ്‌ടപ്പെടുത്താനും അതുപോലെ നിയമപരമായ പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്താനും പരമ്പരാഗത മാധ്യമങ്ങൾ എന്തിന്‌ തുനിയണം?
അതെ, ഞാൻ അങ്ങനെ വിശ്വസിക്കുന്നു. എന്തുകൊണ്ടാണത്?
ഈ വർഷങ്ങളിലെല്ലാം ഈ പത്രങ്ങൾ വലിയൊരു വിഭാഗം വായനക്കാരുടെ സദ്‌ഭാവന നേടിയെടുത്തിരുന്നത് സ്വാതന്ത്ര്യസമരത്തിൽ അവരുടെ പ്രശംസനീയമായ പങ്കിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. 2014-ന് മുമ്പ് അവർ മാന്യമായ തോതില്‍ ലാഭവും നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രിൻ്റര്‍ ആന്റ് പബ്ലിഷര്‍ എന്ന സംഘടന 2023-വരെയുള്ള ഒമ്പത് വർഷ കാലയളവിൽ 35 ഇന്ത്യൻ ന്യൂസ്‌പേപ്പർ ഗ്രൂപ്പുകള്‍ക്കിടയിൽ നടത്തിയ സർവേയില്‍, വര്‍ഷങ്ങളായി തുടര്‍ന്ന ട്രെന്റിനൊടുവില്‍ 2016-17-വര്‍ഷത്തിൽ അവ ഏറ്റവും കൂടുതല്‍ ലാഭം, 3,199 കോടി രൂപ നേടിയതായി കാണിക്കുന്നു. തീർച്ചയായും, അത്തരമൊരു സഞ്ചിത കണക്ക് ഈ വ്യവസായത്തിൻ്റെ കൃത്യമായ ചിത്രം നൽകണമെന്നില്ല. പക്ഷേ തീര്‍ച്ചയായും ഈ രം‌ഗത്തെ പ്രമുഖരെല്ലാം ലാഭത്തിലാണ്‌ എന്ന കാര്യം ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.
അതിനുശേഷം ഇന്ത്യൻ പത്രവ്യവസായം ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഭീമന്മാർ ആധിപത്യം പുലർത്തുന്ന ഡിജിറ്റൽ ഇടത്തിലേക്ക് പരസ്യങ്ങള്‍ വൻതോതില്‍ മാറിയിരിക്കുന്നു. കോവിഡ് മഹാവ്യാധി, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം എന്നിവ മൂലം ന്യൂസ് പ്രിൻ്റിൻ്റെ വില വർധിച്ചിരിക്കുന്നു. എന്നാൽ തിരിച്ചടികൾക്കിടയിലും കരകയറലിൻ്റെ ലക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. അതേ സമയം ചെറുകിട പത്രങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധി അലട്ടുന്നു എന്ന കാര്യത്തെക്കുറിച്ച് ഞാന്‍ ബോധവാനാണ്‌. ഞാന്‍ പരാമർശിക്കുന്നത് അത്തരം പത്രങ്ങളെയല്ല മറിച്ച് വലിയ മാധ്യമസ്ഥാപനങ്ങളെയാണ്.
സ്വാതന്ത്ര്യസമരകാലത്തും അടിയന്തരാവസ്ഥയിലും ജയിലിൽ പോയത് ഇത്ര വലിയൊരു ബഹുമതിയായിരുന്നെങ്കിൽ ഇപ്പോൾ അത് അങ്ങനെയല്ലാത്തത് എന്തുകൊണ്ടാണ്‌? ഈ 75 വർഷവും ജനങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുകയും വൻലാഭം കൊയ്യാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ സമൂഹത്തിനും രാജ്യത്തിനും വേണ്ടി വേണ്ടിവന്നാല്‍ നഷ്ടങ്ങള്‍ സഹിച്ചുപോലും പ്രത്യുപകാരം ചെയ്യാനുള്ള സമയമല്ലേ ഇത്?

പ്രധാന കാരണങ്ങൾ

എൻ്റെ വാദം ഒരു ‘തർക്കവിഷയ’മായി തുടരും. എങ്കിലും പൗരന്മാരോടുള്ള കടപ്പാടിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കേണ്ട ഇന്ത്യൻ മാധ്യമലോകം അത് ചെയ്യാതെ തളർന്നുപോകാനുള്ള പ്രധാന കാരണം അവരില്‍ അന്തര്‍ലീനമായ വർഗം, ജാതി എന്നീ ഘടകങ്ങളുടെ വിഷലിപ്തവും പ്രതിലോമപരവുമായ മിശ്രിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
വർഗ, ജാതി ഘടകങ്ങൾ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു, എന്നാൽ പുതുതായി തുറന്ന കുപ്പിയിൽ നിന്ന് അവ പുറത്തുചാടിയപ്പോള്‍ അതു വെച്ച് പൂണ്ടുവിളയാടാന്‍ മാധ്യമങ്ങള്‍ക്ക് സുരക്ഷിതവും ഫലഭൂയിഷ്ഠവുമായ ഒരു മേഖലയാണ്‌ കിട്ടിയിരിക്കുന്നത്. ന്യൂസ്‌റൂമുകളുടെ ഘടന തന്നെയാണ്‌ ഏറ്റവും മോശമായ ഈ രഹസ്യത്തിനു പിന്നിലുള്ളത്. പത്രാധിപന്‍മാര്‍ക്കിടയില്‍ എത്ര മുസ്ലീം പത്രാധിപരെ നിങ്ങൾക്ക് കണ്ടെത്താനാകും? എത്ര ദളിത് പത്രാധിപന്‍മാരെ നിങ്ങൾക്കറിയാം?
സാങ്കൽപ്പികമായ ഭൂതകാല പ്രതാപവും പൂർണ്ണമായി വസ്തുതാപരമൊന്നുമല്ലാത്ത ഭൂതകാലസംബന്ധിയായ അവകാശവാദങ്ങളും ഒക്കെ പുനരുജ്ജീവിപ്പിക്കാൻ മോദി ഭരണകൂടത്തിന്റെ സജീവപങ്കാളികളായി മാറിയിരിക്കുന്നു സവർണ്ണരാല്‍ നിറഞ്ഞ നമ്മുടെ സവർണ്ണ മാധ്യമസ്ഥാപനങ്ങൾ.
അധികാരം -അധികാരമല്ലെങ്കിൽ അധികാരത്തോടുള്ള സാമീപ്യം- നിരവധി പത്രമുതലാളിമാരെയും എഡിറ്റർമാരെയും ബിസിനസ്സിൽ നിലനിർത്തുന്ന മദാലസയാണ്‌. അത് അവര്‍ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്‌, ചിലപ്പോഴൊക്കെ ഓക്സിജനേക്കാൾ ഒഴിച്ചുകൂടാനാവാത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തിയ അടുത്തിടെ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിൻ്റെ വൈസ് ചെയർപേഴ്‌സണും എക്‌സിക്യൂട്ടീവ് എഡിറ്റർ ഇൻ ചീഫുമായ കാളി പുരി നടത്തിയ നന്ദിപ്രകടനം നിങ്ങള്‍ ശ്രദ്ധിച്ചോ?
പുരി പറഞ്ഞു: “പ്രതിപക്ഷത്തിൻ്റെ റോൾ നിര്‍വഹിക്കാനുള്ളവരല്ല മാധ്യമങ്ങൾ. അങ്ങനെ ചെയ്യണമെന്നു പ്രതീക്ഷിക്കുന്നതു കൊണ്ടാണ്‌ ‘ഗോദി മാധ്യമം’ അല്ലെങ്കിൽ ‘മോദി മാധ്യമം’ എന്നൊക്കെയുള്ള അന്യായമായ കുറ്റപ്പെടുത്തലുകള്‍ക്ക് ഇടയാക്കുന്നത്. പ്രതിപക്ഷം താറുമാറാണെങ്കിൽ അതിന് കുറ്റപ്പെടുത്തേണ്ടത് മാധ്യമങ്ങളെയല്ല. മറുപക്ഷം ശക്തമായി നിലവിലില്ലെങ്കിൽ ആ പക്ഷത്തെ സമാനശക്തിയില്‍ അവതരിപ്പിക്കാൻ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങൾ ഈ ബോക്സിംഗ് മത്സരത്തിലെ കാണികളാണ്, കളിക്കാരല്ല. ഒരു വശം ദുർബലമാണെങ്കിൽ അഥവാ മല്‍സരസന്നദ്ധരല്ലെങ്കിൽ, അതിനു പകരം ഞങ്ങള്‍ക്ക് റിംഗിലേക്ക് ചാടാൻ കഴിയില്ല. ഇത് ഭയമല്ല. ഇത് നിയമങ്ങളുടെയും റോളുകളുടെയും യോഗ്യതയുടെയും കാര്യമാണ്. ഞങ്ങള്‍ സന്ദേശവാഹകരാണ്‌, സന്ദേശമല്ല.”

(അവലം‌ബങ്ങള്‍: ഈ സംഭാഷണത്തില്‍ ‘ആരുടെ അയോധ്യ?’ എന്ന ന്യൂ സ്പ്രിംഗ് പബ്ലിക്കേഷൻ, കോഴിക്കോട്, പ്രസിദ്ധീകരിച്ച എന്റെ പുസ്തകം, ഡൂൾ ന്യൂസിനു നല്‍കിയ അഭിമുഖം എന്നിവയില്‍ നിന്ന് ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതില്‍ പറഞ്ഞിട്ടുള്ള ചില സാമ്പത്തിക കണക്കുകളുടെ ഉറവിടം ‘എക്‌സ്‌ചേഞ്ച്4 മീഡിയ’, ‘ ന്യൂസ്‌ലോണ്‍ട്രി ‘ എന്നീ പ്രസിദ്ധീകരണങ്ങളാണ്.)

ശ്രീ. ആർ.രാജഗോപാൽ, ‘ദ ടെലഗ്രാഫി’ൻ്റെ മുൻ എഡിറ്ററും ഇപ്പോഴത്തെ എഡിറ്റര്‍-അറ്റ്-ലാര്‍ജുമാണ്. അദ്ദേഹം ആ പത്രത്തിൽ സ്ഥിരമായി ഒരു പ്രതിമാസ കോളം എഴുതുന്നുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർഗീയതയാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ നിഷ്പക്ഷ പത്രപ്രവർത്തനം ഒരു കാപട്യമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. പത്രപ്രവർത്തനം മാത്രമാണ്‌ ഏക താല്‍പ്പര്യം എന്നതിനാൽ അദ്ദേഹത്തിന് മറ്റു ഹോബികളൊന്നുമില്ല.

Share on facebook
Share on twitter
Share on linkedin
WhatsApp