P K Surendran

പി.കെ. സുരേന്ദ്രന്‍

മിത്തുകളേയും അനുഷ്ഠാനങ്ങളേയും ഒരു വിഭാഗം ആളുകൾ  മതാധിഷ്ഠിത രാഷ്ട്രീയതാത്പര്യങ്ങൾക്കായി  ഉപയോഗിക്കുമ്പോൾ, മറ്റൊരു വിഭാഗം അവയെ മതവുമായും അന്ധവിശ്വാസവുമായും ബന്ധപ്പെടുത്തുകയും അവയെ കലയിൽ അവതരിപ്പിക്കുമ്പോൾ  അത് മതപുനരുത്ഥാനമായി കണ്ട് വിമർശിക്കുകയും  ചെയ്യുന്നു.   ഇത്തരമൊരു പാശ്ചാത്തലത്തിലാണ്  ആഷിഷ് അവികുന്തക് എന്ന ചലച്ചിത്രകാരൻ നിർമ്മിച്ച  സിനിമകളെ  പരിശോധിക്കേണ്ടത്.  അദ്ദേഹത്തിന്റെ സിനിമകളുടെ ഉറവിടം ഹിന്ദുമതവും പുരാതന ഇന്ത്യൻ തത്വചിന്തയും, സൌന്ദര്യ ചിന്തയും പുരാണങ്ങളും  ചരിത്രവുമാണ്.  അദ്ദേഹം ഹിന്ദുഅനുഷ്ഠാനങ്ങളെ തന്റെ സിനിമകളിൽ ധാരാളമായി ഉപയോഗിക്കുന്നു.  ഈ സിനിമകൾ  മതത്തിനു പുറത്തുനിന്നുള്ള വിമർശനത്തേക്കാൾ  മതത്തിനകത്ത് നിന്നുള്ള സർഗാത്മക പ്രതിരോധങ്ങളും ചോദ്യംചെയ്യലുകളും ആണ്. ഇതിലൂടെ വർഗീയതയ്ക്കും വംശീയതയ്ക്കും എതിരായ സാധ്യതകൾ  തുറന്നിടുകയാണ് അവ. മതത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകാശിലാത്മകമാക്കുന്ന സമകാലികാവസ്ഥയുമായി ഇവയെ  ബന്ധപ്പെടുത്തി സർഗാത്മക ആവിഷ്കാരങ്ങൾ   സൃഷ്ടിക്കുകയാണ് അവികുന്തക്. നരവംശശാസ്ത്രജ്ഞൻ കൂടിയായ അവികുന്തക്കിന്റെ ശ്രമങ്ങൾ  സിനിമയിലൂടെയുള്ള സാംസ്ക്കാരിക ഉത്ഖനനമാണ്. അത് ഭൂതകാലത്തിലേക്കുള്ള യാത്രകളാണെങ്കിലും മതപുനരുത്ഥാന ശ്രമങ്ങളല്ല. ഹിന്ദു എന്ന ആശയത്തെ ഹിന്ദുത്വത്തിൽ നിന്ന് മോചിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

എന്നാൽ  ഇവയൊക്കെയും  മുഖ്യധാരാ സിനിമയുടെ ശൈലിയിലോ അല്ലെങ്കിൽ  നമ്മുടെ ‘ആർട്ട് ‘, ‘രാഷ്ട്രീയ’ സിനിമകളുടെ ശൈലിയിലോ അല്ല അവികുന്തക്  അവതരിപ്പിക്കുന്നത്.  നമ്മുടെ ചില  സിനിമകൾ  ഉള്ളടക്കത്തിൽ  ‘പുരോഗമനപരമായ’ ആശയങ്ങൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും രൂപത്തിൽ  യാഥാസ്ഥിതികശൈലി തന്നെയാണ് പിന്തുടരുന്നത്. അവികുന്തക് നമുക്ക് അധികം പരിചയമില്ലാത്ത രൂപമാണ് ഉപയോഗിക്കുന്നത്.  ‘ആപോത്കാലിൻ ത്രികാലിക’ എന്ന സിനിമ  ഗ്രെയിനി ഹോം-സിനിമ ശൈലിയിലും കഠിനമായ മോണോക്രോമിലും കളറിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ദൈർഘ്യമുള്ളതും  കുറഞ്ഞതുമായ ടേക്കുകൾ , സാവധാനത്തിലുള്ളതും ദീർഘഗതിയിലുള്ളതുമായ ചലനങ്ങൾ.  ‘കൽക്കിമന്ഥൻ  കഥ’ ചാരനിറത്തിലുള്ള കറുപ്പും വെളുപ്പും നിറത്തിലും പൊടിപിടിച്ചതുപോലുള്ള നിറങ്ങളിലുമാണ്  ചിത്രീകരിച്ചിരിക്കുന്നത്. മഞ്ഞിന്റെ അനുഭവമാണ് സിനിമ തരുന്നത്.  ‘നിരാകാർ ഛായ’ എന്ന സിനിമയിൽ  കളറും ബ്ലാക്ക് ആന്ഡ് വൈറ്റും മോണോക്രോമും ധാരാളമായി ഉപയോഗിക്കുന്നു. ഇവയുടെ ഉപയോഗം സിനിമാറ്റിക്  ടെക്സ്ച്ചറിന്റെ ഘടനാപരമായ ലീലകളാണ്.  ഈ രീതിയിൽ  ദൃശ്യങ്ങളുടെ  രാസായനികവും ഘടനാപരവുമായ സ്വഭാവത്തെ ഉപയോഗിക്കുന്നതിലൂടെ കണ്ണിനേയും കാതിനേയും കടന്നുനില്ക്കുന്ന ദൃശ്യാനുഭവം, ഇന്ദ്രിയാനുഭവം,  സ്പർശനേന്ദ്രിയ സംബന്ധിയായ അനുഭവം  എന്നിവ അദ്ദേഹത്തിന്റെ സിനിമകൾ  സൃഷ്ടിക്കുന്നു.

ആഷിഷ് അവികുന്തക്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും പരീക്ഷണാത്മകമാണ്  അവികുന്തക്കിന്റെ സിനിമകള്‍.  ഭാരതീയ തത്വചിന്തയിലും മതത്തിലും ചരിത്രത്തിലും ആഴത്തില്‍ വേരുകളാഴ്ത്തി നില്‍ക്കുമ്പോള്‍ത്തന്നെ നരവംശശാസ്ത്രപരമായി  നോക്കുമ്പോള്‍ ഈ സിനിമകള്‍ ഇവ ഒന്നിനേയും കുറിച്ച് അല്ലതാനും.  പുതിയ കാലത്തെ ആര്‍ട്ട് മാര്‍ക്കറ്റില്‍  ഇത്തരം ഘടകങ്ങള്‍ക്ക്  വലിയ ക്രയവിക്രയ സാധ്യതകള്‍ ഉണ്ടെങ്കിലും  ഈ സിനിമകള്‍ മാര്‍ക്കറ്റിന്റെ ശീലങ്ങളില്‍ നിന്ന്  കുതറുന്നു.  എഴുപത്-എണ്‍പതുകളിലെ ആര്‍ട്ട് ഹൌസ്/അവാംഗ് ഗാര്‍ഡ് സിനിമകളുമായി ചാര്‍ച്ച ഉണ്ടെങ്കിലും അവയില്‍നിന്നുള്ള വിടുതല്‍/കുതിപ്പ്  ഈ സിനിമകളില്‍ കാണാം. “These are self-consciously difficult works that are filmed in a self-consciously beautiful way “ –  അവികുന്തക്കിന്റെ സിനിമകളെ Art Review എന്ന അന്താരാഷ്‌ട്ര പ്രസിദ്ധീകരണം ഇപ്രകാരമാണ് വിശേഷിപ്പിച്ചത്.

അവികുന്തക് അമേരിക്കയിലെ റോഡ്‌ ഐലന്റ്  സര്‍വകലാശാലയുടെ സിനിമാ  വിഭാഗത്തിൽ  അസോസിയേറ്റ് പ്രൊഫസ്സറായി പ്രവര്‍ത്തിക്കുന്നു . സ്റ്റാന്‍ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ നിന്ന്  Cultural and Social Anthropology-യില്‍ അദ്ദേഹം പി.എച്ച്.ഡി. നേടിയിട്ടുണ്ട്.  Et Cetera,  Kalighat Fetish, Rummaging for Pasts, Performing Death, Dancing Othello,  End Note, Vakrathunda Swaha എന്നീ ഹ്രസ്വസിനിമകളും, Nirakar  Chhaya, Katho Upanishad, Rathi Chakravyuh, Kalkimanthan Katha,  Aapothkalin Trikalika, Vrindavani Vairagya, Devastated  എന്നീ ഫീച്ചര്‍സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. (സേതുവിന്‍റെ ‘പാണ്ഡവപുരം’ എന്ന നോവലാണ്‌ Nirakar  Chhaya എന്ന സിനിമയ്ക്ക് ആധാരം.)

പാതിരാ റെയ്ഡുകള്‍,  ഏറ്റുമുട്ടൽ  കൊലപാതകങ്ങള്‍, യു.എ.പി.എ. പോലുള്ള നിയമങ്ങൾ,  വിചാരണയില്ലാതെ അനിശ്ചിതമായി തുടരുന്ന ജയില്‍വാസം, സര്‍വേലന്‍സ്, അറസ്റ്റുകള്‍ എന്നിവയൊക്കെ യഥേഷ്ടം നടക്കുന്ന ഇന്നത്തെ ഇന്ത്യയിൽ അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കലുഷമായ ഈ സാമൂഹിക-രാഷ്ട്രീയാവസ്ഥയിൽ നമ്മുടെ ദേവീദേവന്മാർ ഭൂമിയിൽ  അവതരിക്കുകയാണെങ്കിൽ  എന്താവും സംഭവിക്കുക? സമകാലികാവസ്ഥയിലെ ഹിംസാത്മക സംഭവങ്ങളോട് അവർ എങ്ങിനെയായിരിക്കും പ്രതികരിക്കുക? ഭൂമിയില്‍ അവർ സ്ത്രീയേയും പുരുഷനേയും പോലെ നടക്കുകയാണെങ്കില്‍ അവ്യവസ്ഥമായ  ആധുനികതയോട് എങ്ങിനെയാണ് ഒത്തുപോവുക? ഇത്തരമൊരു ലോകക്രമത്തില്‍ അവതരിച്ച കാളിയുടെയും കാളിയുടെ അവതാരങ്ങളിലൂടെയും, അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ചുള്ള തത്വചിന്താപരമായ ആലോചനകള്‍ അവതരിപ്പിക്കുന്നു അവികുന്തക്കിന്റെ ‘ആപാത് കാലിന്‍ ത്രികാലിക’ എന്ന സിനിമ.

ഇന്ത്യയില്‍ നടക്കുന്ന മതപുനരുദ്ധാന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ  അവികുന്തക് തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുന്നു:

∙ ആപാത് കാലിന്‍ ത്രികാലിക’ എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ “സംഭവാമി യുഗേ യുഗേ” എന്ന ഗീതാ ശ്ലോകം മനസ്സില്‍ വരുന്നുണ്ടോ? 

ഇത് കൌതുകകരമാണ്.  ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ മിക്ക വക്താക്കളും ഭഗവദ്‌ഗീതയെ അപ്രധാന കൃതിയായാണ് പരിഗണിച്ചത്.  പുരാതന ഇന്ത്യയിൽ  ഇതൊരു  പ്രചാരമുള്ള കൃതിയായിരുന്നില്ല.  ഉദാഹരണത്തിന്, കഴിഞ്ഞ സഹസ്രാബ്ദത്തില്‍  ഒരു ഡസനിൽ  താഴെ നിരൂപണങ്ങളാണ് ഭഗവദ്ഗീതയെക്കുറിച്ച് ഉണ്ടായത്.  എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം നൂറുകണക്കിന് പരിഭാഷകളും നിരൂപണങ്ങളും ഉണ്ടായി!  ഹിന്ദുമതത്തെ ഉയര്‍ത്തിക്കാട്ടുന്ന ഗ്രന്ഥമെന്ന നിലയിൽ  ഗീതക്ക് പ്രാമുഖ്യം ലഭിക്കുന്നത് സ്വാതന്ത്ര്യസമര  പ്രക്ഷോഭനാളുകളിലെ ദേശീയതയുടെ ഉദയത്തോടെയാണ്.  ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടെ, ആധുനിക  ഹിന്ദുനവോത്ഥാനത്തിന്റെ പ്രതീകമായി ഗീത അവതരിപ്പിക്കപ്പെട്ടു.  സമകാലിക ഹിന്ദുമതത്തില്‍ ഇതിന്റെ പ്രചാരത്തിന് കാരണം 1785-ലെ ഇംഗ്ലീഷ്‌ പരിഭാഷയാണെന്ന് പണ്ഡിതന്മാർ  വാദിക്കുന്നു.  തങ്ങളുടെ  ബൈബിളിന്റെ അനുകരണമെന്ന നിലയിൽ  ഹിന്ദു ദൈവശാസ്ത്രത്തിന്റെ ഗ്രന്ഥമായി കൊളോണിയൽ   ഭരണകൂടം ഭഗവദ്‌ഗീതക്ക് അംഗീകാരം നല്‍കി. 

വാറൻ  ഹേസ്റ്റിഗ്‌സിന്റെ കാലമായിരുന്നു അത്.  പുതുതായി കീഴടക്കിയ ജനങ്ങളെ ഭരിക്കുന്നതിന് സമ്പൂര്‍ണമായ വിജ്ഞാനശാസ്ത്രത്തിനായുള്ള കൊളോണിയൽ    അധിനിവേശകരുടെ അടങ്ങാത്ത  അഭിവാഞ്ഛ അവരില്‍ ദൃശ്യമായിരുന്നു.   അദ്ദേഹത്തിന്റെ കാലത്താണ് മനുസ്മൃതി നിയമഗ്രന്ഥമായും ഭഗവദ്‌ഗീത ആത്മീയ ഗ്രന്ഥമായും അവതരിപ്പിക്കപ്പെട്ടത്.  ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.  പതിനെട്ടാം നൂറ്റാണ്ടില്‍ ബംഗാൾ  മുഖ്യമായും  ഒരു താന്ത്രിക ലോകമായിരുന്നു.  ഗീതയും ഉപനിഷത്തുക്കളും പോലുള്ള കൃതികള്‍ ബ്രാഹ്മണരായ കുലീന വിഭാഗം നേരത്തേ സ്വായത്തമാക്കിയിരുന്നു.  പുതിയ ഭരണാധികാരികളെ  മതകാര്യങ്ങളിലും സാംസ്കാരികകാര്യങ്ങളിലും ഉപദേശിച്ചിരുന്നത് അവരായിരുന്നു.  ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തുടക്കത്തോടെ ഗാന്ധി, തിലക് തുടങ്ങിയ വലതുപക്ഷവാദികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ദേശീയവാദികള്‍ക്കും ഗീത സ്വീകാര്യമായി. 

‘ആപോത്കാലിൻ ത്രികാലിക’ എന്ന സിനിമയിൽനിന്ന്

∙ ഇക്കാര്യം അല്‍പംകൂടി  വിശദീകരിക്കാമോ?

ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥമാണ് ഭഗവദ്‌ഗീത എന്നത് കൊളോണിയൽ   ആധിനുനികതയുടെ സൃഷ്ടിയാണ്.  കൊളോണിയല്‍ ഭരണത്തിൽ  സ്വാധീനം ലഭിച്ച ഒരു വിഭാഗം കുലീനഹിന്ദുക്കള്‍ (ബംഗാളി വൈഷ്ണവ ബ്രാഹ്മണര്‍)  മാത്രം പ്രധാനമായി കരുതിയ ഗ്രന്ഥമായിരുന്നു ഭഗവദ്‌ഗീത. അതീവസങ്കീര്‍ണ്ണവും വൈജാത്യം നിറഞ്ഞതുമായ പ്രപഞ്ചത്തിലേക്കുള്ള ഏക താക്കോൽ  എന്ന സങ്കല്‍പത്തിൽ  ഭഗവദ്‌ഗീത മയങ്ങിക്കിടക്കുകയാണ്.  ഭയാനകമാംവിധം വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങള്‍ക്കിടയാക്കുന്ന  ഈ ഗ്രന്ഥത്തിന്റെ അങ്ങേയറ്റം സൂക്ഷ്മമായ അര്‍ഥതലങ്ങൾ   ഇത് കൂടുതല്‍ ഗൌരവമുള്ളതാക്കുന്നു.  ഉദാഹരണത്തിന്  സമാധാനവാദിയായ ഗാന്ധിയും നാസി ഫാഷിസ്റ്റ് ഹെന്‍റിച്ച് ഹിംലറും ഈ കൃതിയെ ബൈബിൾ  എന്നു വിളിച്ചു.  ഹോളോകാസറ്റിന്റെ  ആസൂത്രകനായ ഹിംലർ  ജൂതന്മാരുടെ നിഗ്രഹത്തെ ന്യായീകരിക്കാന്‍ ഭഗവദ്‌ഗീതയുടെ യുക്തിയെ കൂട്ടുപിടിച്ചു.  ഗീത കേവലം ഹൈന്ദവഗ്രന്ഥമല്ല, വൈഷ്ണവ ദൈവശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവായ കൃതിയാണ്. വൈഷ്ണവ പരിപ്രേക്ഷ്യത്തില്‍ നിന്ന്  ഹിന്ദുമതത്തിന്റെ വിവിധ കൈവഴികളെ ഒരുമിപ്പിക്കാനുള്ള ഉദ്യമമാണ് ഈ കൃതി നടത്തുന്നത്.  ഒരര്‍ത്ഥത്തിലും  ഈ സിനിമയെ ഗീത സ്വാധീനിച്ചിട്ടില്ല. താന്ത്രിക തത്വമീമാംസയെ ആസ്പദമാക്കിയാണ്  ‘ത്രികാലിക’ എടുത്തിട്ടുള്ളത്.

ഇന്ത്യയില്‍ മതത്തിന്റെ കാര്യത്തില്‍  ഒരു  പുനരുദ്ധാരണ  പ്രക്രിയ നടക്കുകയാണ്.  പുരോഗമന നിലപാടുകള്‍ക്ക്‌ പേരുകേട്ട കേരളത്തില്‍പോലും നിരവധി  ക്ഷേത്രങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നത്. അതുപോലെ  നാശോന്മുഖമായ നിരവധി ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കപ്പെടുന്നു.  കേരളത്തില്‍ പ്രാദേശികദേവന്മാര്‍ക്കും ദേവിമാര്‍ക്കുമായി നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെ പൂജചെയ്യുന്നത് ബ്രാഹ്മണരല്ല. ഉത്സവകാലത്ത്  കീഴ്ജാതിയില്‍പ്പെട്ടവര്‍  തെയ്യങ്ങളായി ഭക്തര്‍ക്കു മുന്നില്‍ കെട്ടിയാടുന്നു.   യഥാര്‍ത്ഥ ജീവിതത്തില്‍ ഈ കീഴ്ജാതിയില്‍പ്പെട്ടവര്‍ക്ക്‌ കുലീന ജതിയില്‍പ്പെട്ടവര്‍ക്കൊപ്പം സ്ഥാനമില്ല. ഇത് ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമാണ്.   എന്നാല്‍ അടുത്തകാലത്തായി ഈ പ്രാദേശിക ദൈവങ്ങളെ  സംസ്കൃതവുമായും ബ്രാഹ്മണ സംസ്കാരവുമായും  ബന്ധിപ്പിക്കാനുള്ള  പ്രവണതയുണ്ട്.   ഇതുവഴി തദ്ദേശീയമായ സംസ്കാരത്തെ തുടച്ചുനീക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായം എന്താണ് ?

മതം എന്നത് ചലനാത്മകമായ ഒരു സാംസ്കാരിക പ്രക്രിയയാണ്. അത് എല്ലായ്പ്പോഴും ചലനാത്മകമാണ്.  നാം ഹിന്ദുമതം എന്നു വിളിക്കുന്നതിന്റെ കാര്യത്തില്‍ ആവര്‍ത്തനവും തുടച്ചുമായ്ക്കലും പുനരാവിഷ്കാരവും പുന:പ്രതിഷ്ഠയുമെല്ലാം  അതിന്റെ വ്യക്തിത്വത്തിന്റെ സ്ഥായീഭാവമാണ്.  ഹിന്ദുമതം എന്നത് തെറ്റായ പ്രയോഗമാണ്.  അത് ഒരു ഏകീകൃത മതമോ വീക്ഷണഗതിയോ അല്ല.  പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ട ആശയങ്ങളുടെയും ആചാരങ്ങളുടെയും  സംസ്കാരങ്ങളുടെയും  സങ്കല്‍പങ്ങളുടെയും കൂടാരമാണ്.  കൊളോണിയല്‍ ഇന്‍ഡോളജിസ്റ്റുകളും തുടര്‍ന്ന് ദേശീയവാദികളായ ചരിത്രകാരന്മാരും ഇപ്പോള്‍ യാഥാസ്ഥിതിക ചരിത്രകാരന്മാരും സുസ്ഥിരവും മാറ്റമില്ലാത്തതുമായ മൌലിക ഹിന്ദുമതത്തെയാണ് അവതരിപ്പിക്കുന്നത്‌. നാനാത്വങ്ങളേയും വൈവിധ്യങ്ങളേയും അവര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശാലമായ പരിസരത്ത് സാരാംശം അവതരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.  ഇത് സത്യത്തില്‍നിന്ന് അകലെയാണ്.  താങ്കള്‍ ചൂണ്ടിക്കാണിച്ച കേരളത്തിലെ ഉദാഹരണങ്ങള്‍ അസാധാരണമല്ല.  ഈ പുനരുദ്ധാരണവും പുന:പ്രതിഷ്ഠയും  പുനരാവിഷ്കാരവുമെല്ലാം  ദൈവശാസ്ത്ര തത്ത്വസംഹിതയില്‍ പ്രധാനമാണ്.  ആധുനികതയും വിശേഷിച്ച് അതിന്റെ ബഹുരൂപങ്ങളായ അച്ചടി (പത്രങ്ങള്‍,  ജേണലുകള്‍, കലണ്ടര്‍, ചിത്രകല),  സിനിമ (ആദ്യകാല ഇന്ത്യന്‍ സിനിമകള്‍ അങ്ങേയറ്റം മതപരമായിരുന്നു) ടെലിവിഷന്‍ (മതപരമായ പരമ്പരകള്‍,  ബാബാ രാംദേവിന്റെയും ആസാറാം ബാബയുടെയും മറ്റും ടെലി വേദപ്രഭാഷണങ്ങള്‍) എന്നിവ പരിശോധിക്കുക.  ഇത്തരം സാമ്പ്രദായികമാധ്യമങ്ങളും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളും ആധുനിക ഹിന്ദുമതത്തിന്റെ സാമൂഹിക, സാംസ്കാരിക,  ധാര്‍മിക തത്ത്വസംഹിതയെ  സജീവമായി കടഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്. പുരാതനവും പ്രാചീനവും മൌലികവും എന്ന്  നാം കരുതുന്ന ഈ മതത്തിന്റെ സ്വഭാവം യഥാര്‍ത്ഥത്തില്‍ ആഴത്തിലുള്ള ആധുനികതയാണ്. ആധുനികപൂര്‍വ്വഹിന്ദുമതം ഭൂമിശാസ്ത്രപരമായും ഭാഷാപരമായും ചിതറിക്കിടന്ന പ്രദേശങ്ങളിലെ അങ്ങേയറ്റം പ്രാദേശികവും വൈജാത്യം നിറഞ്ഞതുമായ  ആചാരങ്ങളുടെ സങ്കലനമായിരുന്നു.  സമകാലിക ഹിന്ദുമതമാകട്ടെ, രാഷ്ട്രീയപരവും സാസ്കാരികവുമായ ഒരു എകാത്മകതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് ഇതിന്റെ ദൃഷ്ടാന്തം.  ഈ രാഷ്ട്രീയ-മത കൂട്ടുകെട്ട് ഹിന്ദുമതത്തിലെ വൈജാത്യങ്ങളുടെ കഴുത്ത്  ഞെരിച്ചുകൊണ്ടിരിക്കുകയാണ്

മറ്റൊരു ശ്രദ്ധേയമായ കാര്യം രതി ചക്രവ്യൂഹ് എന്ന സിനിമയിൽ സംഭാഷണങ്ങളിൽ ലിംഗവ്യത്യാസം ഇല്ല എന്നതാണ്. അതായത്,  പുരുഷന്റെ സംഭാഷണങ്ങൾ സ്ത്രീയും സ്ത്രീയുടെ സംഭാഷണങ്ങൾ പുരുഷനും പറയുന്നു. അപ്പോൾ പ്രേക്ഷകർ  ഒരു സംശയാവസ്ഥയിൽ എത്തിച്ചേരുന്നില്ലേ?

ഇഇത് വളരെ ബോധപൂര്‍വംതന്നെ ചെയ്തതാണ്.  ‘രതി ചക്രവ്യൂഹ്’  ദേശ- ലിംഗാവസ്ഥകള്‍ക്ക് അതീതമായി നില്‍ക്കുന്ന ഒരു സിനിമയാണ്.  വ്യക്തി, ദേശം, ലിംഗപരം എന്നീ നിലകളിലുള്ള പ്രകടമായ മനുഷ്യാവസ്ഥകളെ  എനിക്ക് തകര്‍ക്കണമായിരുന്നു. പകരം എനിക്ക്  സാമൂഹ്യ/സംഘ മനസ്സാക്ഷിയെ  ആഘോഷിക്കണമായിരുന്നു.   അങ്ങിനെ നോക്കുമ്പോള്‍ ഇതൊരു Post-national, Post-gender സിനിമയാണെന്ന് പറയാം.  പ്രശസ്ത സാമൂഹ്യ  ശാസ്ത്രജ്ഞയായ  Saskia Sassen-ന്ഠെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യം വിശദീകരിക്കുകയാണെങ്കില്‍ ആഗോള മൂലധനം,  ഇന്‍റര്‍നെറ്റ്, അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങൾ  എന്നിവയുടെ വ്യാപനത്തോടെ/ വളര്‍ച്ചയോടെ രാഷ്ട്രങ്ങളുടെ അതിരുകൾ തകര്‍ന്നു.   ഒരു പ്രത്യേക ദേശ, രാഷ്ട്ര  പൌരൻ എന്ന അവസ്ഥയിൽ  നിന്ന് വിശ്വ ജനീനനായ   മനുഷ്യൻ  എന്ന അവസ്ഥയിലേക്കുള്ള പോക്കിനെയാണ്  Post-national എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

PPost-gender എന്ന സംജ്ഞ റാഡിക്കൽ  ഫെമിനിസ്റ്റുകളായ  Shulamith Firestone,  Dona Haraway എന്നിവരുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കുകയാണെങ്കിൽ ലിംഗബന്ധിയായ വ്യക്തിത്വം ഇല്ലാതാക്കുകയോ അല്ലെങ്കിൽ  ഈ അവസ്ഥയ്ക്കും അപ്പുറത്തേക്ക് പോവുകയോ ചെയ്യുന്ന ആശയമാണ്.  ഒരാളെ സ്ത്രീ അല്ലെങ്കിൽ പുരുഷൻ  എന്നിങ്ങനെ ഒരു പ്രത്യേകലിംഗവുമായി ബന്ധിപ്പിച്ചു മാത്രം കാണരുതെന്നും  അല്ലെങ്കിൽ  വ്യക്തിയെ ഇത്തരത്തില്‍  ലിംഗപരമായി  ഒന്നിലേക്ക് ചുരുക്കരുതെന്നും വ്യക്തി മാനവികതയുടെ വാഹകനാണെന്നും  കര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്  വ്യക്തിയെ  നിര്‍വചിക്കേണ്ടതെന്നുമാണ് ഈ ആശയത്തിന്റെ കാതൽ.

   

ഇവിടെ സംഭാഷണരൂപത്തിലുള്ള വര്‍ത്തമാനങ്ങളുടെ ഘടനയിലൂടെയാണ് ദേശ-ലിംഗ അവസ്ഥകള്‍ക്ക് അതീതമായുള്ള ഒരു അവബോധത്തെക്കുറിച്ച് ആരായുന്നത്. ഇത് വ്യക്തി, ലിംഗം എന്നീ ഭിന്നതകള്‍ക്ക് അപ്പുറമാണ്. ഇത് സിനിമയുടെ രാഷ്ട്രീയമാണ്. രാഷ്ട്ര അതിര്‍ത്തികള്‍ക്കൊപ്പം ലിംഗവിവേചനവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  പക്ഷേ, ഈ സ്വാഭാവികമായ തുടച്ചുമാറ്റൽ  ഹിംസയെ തിരികെ കൊണ്ടുവരുന്നു. ഒന്നുകില്‍ സ്ത്രീകൾക്കെതിരെയുള്ള ആക്രമത്തിന്റെ ആധിക്യമായി (ലിംഗ സംബന്ധി) അല്ലെങ്കിൽ   ഹിന്ദുത്വത്തിന്റെ ശക്തമായ വളര്‍ച്ചയായി (രാഷ്ട്ര സംബന്ധി).  ഇതു രണ്ടും ദേശീയതയും  ലിംഗ നീതിയും  തകരുന്നതിന്റെ ലക്ഷണങ്ങളാണെന്ന്  ഞാൻ  വിശ്വസിക്കുന്നു.   ഈ രണ്ടു പ്രധാന കാര്യങ്ങളെയാണ് ഞാൻ  സ്പര്‍ശിക്കുന്നത്. വിഭജനത്തിന്റെ അനന്തരഫലങ്ങൾ  അനുഭവിക്കേണ്ടിവന്ന ഒരു കുടുംബത്തിലെ അംഗമായതിനാല്‍  രാഷ്ട്രം എന്ന നമ്മുടെ പൊതു ആശയത്തോട്  എനിക്ക്  നിശിതമായ   വിമര്‍ശമുണ്ട്.  അത്തരം പ്രതികരണങ്ങളാണ്  ഇതിൽ  കാണാൻ  കഴിയുക. അതിനാല്‍ ഞാൻ ദേശീ യാനാന്തര (Post-national) ലോകത്തെ പിന്താങ്ങുന്നു. അതുപോലെ  ലിംഗവിവേചനമാണ് വ്യക്തികൾ  തമ്മിലുള്ള പാരസ്പര്യമില്ലായ്മയുടെ മൂലകാരണമെന്നും ഞാൻ   വിശ്വസിക്കുന്നു.

താങ്കളുടെ സിനിമകളിലെ പുരാണ-ഇതിഹാസ-ചരിത്ര സംഭവങ്ങളുടെയും കഥാപാത്രങ്ങളുടെയും ചിത്രീകരണം  നമ്മുടെ ആർജിതവിശ്വാസങ്ങളെ / സങ്കൽപ്പങ്ങളെ പ്രകോപിപ്പിക്കുന്നവയാണ്.  ഇക്കാര്യം വിശദീകരിക്കാമോ?  

എന്നെ സംബന്ധിച്ച് പുരാണങ്ങൾ, പ്രത്യേകിച്ച്  ഭാരതീയ പുരാണങ്ങൾ  സജീവമായ പാരമ്പര്യമാണ്.  രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളും മറ്റ് പുരാണങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത തരത്തിലുള്ള നിശ്ചലങ്ങളായ പാഠങ്ങൾ  അല്ല,  പൌരസ്ത്യ ലോകത്തിലേതുപോലെ.  അവ നിരന്തരമായ പ്രക്രിയകളിലൂടെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതും നിരന്തരം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതുമാണ്.   അവ വാമൊഴിയിലൂടെ ഉണ്ടായിട്ടുള്ളതും ജീവതത്വശാസ്ത്രപരവുമായിട്ടുള്ളതുമായ പാരമ്പര്യവുമാണ്. അല്ലാതെ യാഥാസ്ഥിതികമായ ലിഖിത പാരമ്പര്യത്തിൽ   ഉള്ളതല്ല. ആശയങ്ങളും ചിന്തകളും വാക്കുകളും കഥകളും എപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്നു. അവ അവസാനമില്ലാത്ത പ്രക്രിയയിലൂടെ പരിണമിക്കുകയും രൂപാന്തരങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. ഗ്രീക്, റോമൻ  പാരമ്പര്യങ്ങളിൽ   കാണുന്നതുപോലെ ഇവ ഏകശിലാരൂപത്തിലുള്ള ചലനമില്ലാത്ത  പാഠങ്ങളല്ല.  ഇവയ്ക്ക് പല ജീവിതങ്ങളും നിരവധി ഉല്‍ഭവങ്ങളും നിരവധി രൂപങ്ങളുമുണ്ട്. ഉദാഹരണമായി 1259 ഹസ്തലിഖിതങ്ങളെ ആധാരമാക്കിയാണ് പൂനയിലെ Bhandarkar Oriental Institute  മഹാഭാരതത്തിന്റെ ഒരു വിമര്‍ശനപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാമായണത്തിനും ഇത് ബാധകമാണ്.  Three Hundred  Ramayanas: Five examples and three thoughts on translation  എന്ന  എ.കെ. രാമാനുജത്തിന്റെ പ്രശസ്തമായ ഉപന്യാസം വളരെ ഭംഗിയായി തര്‍ക്കിക്കുന്നതും രാമായണത്തിന്റെ  അനേകങ്ങളായ പാരമ്പര്യത്തെക്കുറിച്ചാണ്.  എഴുതപ്പെട്ടതും  ഇടുങ്ങിയതും ഏക ശിലാരൂപത്തിലുള്ളതും  മാറ്റമില്ലാതെ നില്‍ക്കുന്നതുമായ കലാസങ്കല്‍പ്പങ്ങൾ — പുസ്തകരൂപത്തിൽ  ഉള്ളത്  — ആധുനികതയെ സംബന്ധിച്ച്  അത്യന്താപേക്ഷിതമാണ്.   ഇത് ഒരുതരത്തിലുള്ള സ്ഥിരത വിഭാവനം ചെയ്യുന്നു. എന്നാല്‍ ഭാരതീയ പാരമ്പര്യം  ഇത്തരം  ആശയങ്ങള്‍ക്ക് എതിരായിരുന്നു.  ‘കാഞ്ചന സീത’യും, ‘രതിചക്രവ്യൂഹും’  ഇതിഹാസങ്ങളേയും  പുരാണങ്ങളേയും വ്യാഖ്യാനിക്കുകയും  പുനര്‍വ്യാഖ്യാനിക്കുകയും അവയ്ക്ക്  പുനർആകാരം   കൊടുക്കുകയും, അവയെ  പുനർആഖ്യാനം ചെയ്യുകയും ചെയ്യുന്നു.  ഇത് വളരെ നീണ്ട ഒരു സമ്പ്രദായത്തിന്റെ ഭാഗമാണ്. നമ്മുടെ ഇതിഹാസ-പുരാണങ്ങളുടെ ഉ ജ്ജ്വലത എന്തെന്നാൽ   അവ സമകാലികമായ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതകൾ ഒരുക്കുന്നു. ഓരോ കാലത്തും അവയുടെ വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ   ഉണ്ടാകും. അങ്ങിനെ പുതിയ പുതിയ രാമായണങ്ങളും മഹാഭാരതങ്ങളും ഉണ്ടാവുകയും ചെയ്യും.

അവികുന്തക്കിന്റെ ‘ഡീവാസ്റ്റേറ്റഡ്‘ (Devastated ) എന്ന  പുതിയ സിനിമയുടെ ഒരു തലം സമകാലിക ഇന്ത്യയിലെ ഒരു മധ്യവയസ്‌കനായ പോലീസ് ഏറ്റുമുട്ടൽവിദഗ്ധനും അയാളുടെ ഭാര്യയും കാമുകി(?)യും  തമ്മിലുള്ള സംഭാഷണങ്ങളുടെ ഒരു പരമ്പരയാണ്.   സ്ത്രീ അയാളുടെ പ്രവൃത്തികളെ കുറ്റപ്പെടുത്തുന്നു, ചോദ്യംചെയ്യുന്നു. അയാളുടെ  ശരീരത്തില്‍ നിന്ന്  – ശ്വാസം, നെഞ്ച്, കക്ഷം, പുറം, വൃഷണം, മലദ്വാരം തുടങ്ങിയ എല്ലായിടത്തു നിന്നും – പച്ചമാംസത്തിന്റെയും  രക്തത്തിന്റെയും  ദുർഗന്ധം വമിക്കുന്നു എന്നാണ് അവള്‍ പറയുന്നത്.  പക്ഷെ  അയാള്‍  തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു, കൃഷ്ണനെപോലെ.  ന്യായീകരിക്കാനായി അയാള്‍ക്ക്  ഉചിതമായ മറുമരുന്ന് ഉണ്ട്: ഓരോ തവണ വെടിയുതിർക്കുമ്പോഴും അയാള്‍  ഒരു ബീജമന്ത്രം ഉച്ചരിക്കാറുണ്ട്. തൽഫലമായി അയാളും അയാളുടെ  ബുള്ളറ്റും അയാളുടെ പ്രവൃത്തികളുടെ  അനന്തരഫലങ്ങളിൽനിന്ന് രക്ഷപ്പെടുന്നു. അയാള്‍ അയാളെത്തന്നെ ഒരു കൊലയാളിയായി കാണുന്നില്ല. മാതൃരാജ്യത്തെ സേവിക്കുന്ന അനേകം  ത്യാഗികളിൽ ഒരാൾ മാത്രമാണ് അയാള്‍.

സമാന്തരമായി, യുദ്ധമുഖത്ത് തേര്‍ത്തട്ടില്‍ തന്റെ ബന്ധുക്കളേയും ഗുരുക്കന്മാരേയും കൊല്ലേണ്ടിവരുന്ന തന്റെ അവസ്ഥയെ നേരിടാനാവാതെ  തളര്‍ന്നുപോയ അര്‍ജുനന് കര്‍മ്മനിരതനാവാന്‍  ഗീതോപദേശം നടത്തുന്ന കൃഷ്ണ-അര്‍ജുന സംഭാഷണത്തിന്റെ ഒരു തലം കൂടിയുണ്ട് ഈ സിനിമയിൽ.  പ്രധാന കഥാപാത്രവും മറ്റൊരാളും പല സ്ഥലങ്ങളില്‍വച്ച് ഗീതയിലെ ഈ സന്ദര്‍ഭത്തിലെ വരികള്‍  വികാരരഹിതമായി അച്ചടി ഭാഷയില്‍ ഉദ്ധരിക്കുന്നു.  സിനിമയെ കുറിച്ച് അവികുന്തക് പറയുന്നു: “The violence of the encounter specialist also emerges from a deep-seated desire for social and national normativity. Psychologically, extrajudicial killing in India emerges from a patriarchal nation that desires to execute its own citizens, who are not submissive, normative, and obedient. Why does a democratic nation like India have to resort to such drastic means to obliterate its own citizenry? There are very few democratic countries in the world that have taken recourse to such extreme measures”. 

പി.കെ. സുരേന്ദ്രന്‍: മുംബൈയിലെ സെന്‍റർ  ഫോര്‍ മോണിറ്ററിംഗ് ഇന്ത്യൻ  ഇക്കണോമി എന്ന സ്ഥാപനത്തിലെ നീണ്ടകാല സേവനത്തിനു ശേഷം ഇപ്പോൾ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ സ്ഥിരതാമസം. മലയാളത്തിലെ മുന്‍നിര പ്രസിധീകരണങ്ങളിൽ സിനിമാ സംബന്ധിയായ ലേഖനങ്ങള്‍ എഴുതുന്നു.  ആകാശവാണിയില്‍ സിനിമയെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്താറുണ്ട്‌. വിവിധ സെമിനാറുകളില്‍ സിനിമയെ കുറിച്ച് പ്രബന്ധങ്ങൾ  അവതരിപ്പിച്ചിട്ടുണ്ട്. അതിഥിയായി കോളേജുകളില്‍ സിനിമയെ കുറിച്ച് ക്ലാസ്സുകള്‍ എടുക്കാറുണ്ട്.

‘ആഖ്യാനത്തിന്റെ പിരിയൻ കോവണികള്‍‘ എന്ന പുസ്തകത്തിന് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചു

Share on facebook
Share on twitter
Share on linkedin
WhatsApp