KEN

കെ ഇ എന്‍

 

മുണ്ടകന്‍ വിതച്ചാല്‍ പൊക്കാളി?

വിദ്യാഭ്യാസയുദ്ധങ്ങളുടെ പശ്ചാത്തലം

പുതിയ ദേശീയ വിദ്യാഭ്യാസരേഖയില്‍ മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനവുമടക്കം  ഇന്ത്യയുടെ ചരിത്രത്തിൽ പ്രധാനമായ ഒട്ടേറെ സംഗതികൾ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാകാം?  പ്രശസ്ത ചരിത്രപ്രതിഭ ഇ എച്ച് കാര്‍ വിശദമാക്കിയത്പോലെ പൊതുവിലുള്ള അവസ്ഥയെക്കുറിച്ച് പറയാതെ ഒരു ഭാഗത്തെക്കുറിച്ചു മാത്രം അപഗ്രഥിക്കാനാവില്ല.  അതുകൊണ്ടുതന്നെ പരിഷ്കരിച്ച ദേശീയ വിദ്യാഭ്യാസരേഖക്ക് പുറകിൽ പ്രവർത്തിച്ച അനേകം ഘടകങ്ങൾ നാം പരിശോധിക്കേണ്ടി വരും.

ഇതിഹാസപുരാണങ്ങള്‍ ചരിത്രമാണെന്ന് ശഠിക്കുന്ന അഖില്‍ ഭാരതീയ ഇതിഹാസ സങ്കലന്‍ യോജന. ഭാരതീയ സംസ്കാരം ജാതിമേല്‍ക്കോയ്മാ സംസ്കാരമാണെന്ന് കരുതുന്ന വിദ്യാഭാരതി. കലര്‍പ്പ് കുറ്റകരമാണെന്ന് കരുതുന്ന ശിക്ഷാബച്ചാവോ ആന്ദോളന്‍ സമിതി. ഗാന്ധിവധമടക്കമുള്ള സെക്കുലര്‍ ധ്വംസനങ്ങളെ നിസ്സാരീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സങ്കുചിത രാഷ്ട്രീയനിലപാടുകൾ. നെഹ്റുവിയന്‍ പുസ്തകങ്ങള്‍ ചുട്ടുകരിക്കണമെന്ന ആക്രോശങ്ങൾ. പ്രശസ്തമായ ജെ എന്‍ യുവിന് ആര്‍ എസ് എസ് സ്ഥാപകനായ ഹെഡ്ഗെവാറിന്‍റെ പേര് നല്‍കണമെന്ന പ്രസ്താവന. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പാഠപുസ്തകങ്ങളിലെ ചരിത്രവക്രീകരണങ്ങൾ.  നാസിസത്തെയും ഫാസിസത്തെയും മാന്യപ്പെടുത്തുന്നതും  അഡോള്‍ഫ് ഹിറ്റ്ലറെ നായകനാക്കി അവരോധിക്കുന്നതുമായ  മുരളീമനോഹര്‍ ജോഷി കാലത്തെ പാഠങ്ങൾ. രണ്ടായിരമാണ്ടിൽ  വാജ്പേയി പ്രധാനമന്ത്രിയായത് മുതല്‍ ആരംഭിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങൾ. വ്യാജദേശീയതയുടെ പേരില്‍ സര്‍വ്വകലാശാലകളില്‍ മോദി കാലത്തിന്റെ  തുടക്കംമുതല്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ. രോഹിത് വെമുലയുടെ രക്തസാക്ഷിത്വം.  നജീബ് അഹമ്മദിന്റെ  ഇനിയും വിശദീകരണങ്ങൾ ലഭിക്കാത്ത അപ്രത്യക്ഷമാകൽ.  നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ദേശദ്രോഹികളായി മുദ്രകുത്തപ്പെട്ട്  തടവില്‍ കഴിയുന്ന അനവധി അധ്യാപകരും  വിദ്യാര്‍ത്ഥികളും. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ സന്ദീപ്‌  സിംഗിന്റെ  ഡല്‍ഹിയിലെ ലേഡിശ്രീറാം കോളേജില്‍ പഠിക്കുന്ന മകള്‍ ഗുര്‍മഹര്‍കൗര്‍ എന്‍റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണെന്നും യുദ്ധത്തിന്നെതിരെ സമാധാനമാണ് നമുക്കാവശ്യമെന്നും പറഞ്ഞതിന് അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങൾ.  സി ബി എസ് ഇ പാഠപുസ്തകങ്ങളില്‍നിന്ന് മതനിരപേക്ഷതയേയും ഫെഡറലിസത്തേയും വെട്ടിമാറ്റിയത്. ഏതുതരം പുസ്തകങ്ങള്‍ വായിച്ചുകൂടെന്ന സമീപകാല വിധിവിലക്കുകൾ. വിദ്യാഭ്യാസയുദ്ധങ്ങളെന്ന് പ്രശസ്ത സാംസ്കാരികവിമര്‍ശക മാര്‍ത്താ സിനുസ്ബോം   വിശേഷിപ്പിക്കുന്ന സ്ഥിതിവിശേഷമാണിത്.  ഇന്ത്യയില്‍ തൊണ്ണൂറുകള്‍ മുതല്‍ തുടങ്ങിയതും ഇപ്പോള്‍ തീവ്രമായിത്തീരുകയും ചെയ്ത മതനിരപേക്ഷവിരുദ്ധ സമീപനങ്ങളടക്കമുള്ള നിരവധി വിധ്വംസകസമീപനങ്ങൾ ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. രണ്ടായിരത്തി ഇരുപതിലെ പുതിയ വിദ്യാഭ്യാസരേഖയെ അപഗ്രഥിക്കുമ്പോൾ ഇതെല്ലാം നമ്മൾ കണക്കിലെടുക്കേണ്ടി വരും.

സ്വാതന്ത്ര്യാനന്തരം സ്വാതന്ത്ര്യപൂര്‍വ്വകാലത്തേക്കാള്‍ സജീവമായി സ്വയമൊരു അദൃശ്യഭരണകൂടമായി ഇന്ത്യയില്‍ ജാതിമേല്‍ക്കോയ്മ പ്രവർത്തിക്കുന്നു.  അത്  തങ്ങള്‍ക്ക് പ്രതിരോധങ്ങള്‍ കുറഞ്ഞ സുരക്ഷിത സ്ഥലങ്ങളില്‍ ഔപചാരികമായും അനൗപചാരികമായും നിരവധി മിത്തുകളെ സാംസ്കാരിക ജീവിതത്തിലേക്ക് ഇടിച്ചു കടത്തി. വിദ്യാഭ്യാസത്തിന്റെ  ഹൃദയമായ വിമര്‍ശനചിന്തയെ നിര്‍വീര്യമാക്കുന്ന തരത്തില്‍ നടപ്പിലാക്കപ്പെടുന്ന  പ്രക്രിയ ആണിത്. ജാതിമേല്‍ക്കോയ്മയെ ദൃഢപ്പെടുത്തിക്കൊണ്ടിരുന്ന അദൃശ്യഭരണകൂടവും അതിനോട് ചിലപ്പോഴെങ്കിലും ഇടഞ്ഞു നിന്നിരുന്ന ഭരണകൂടവും തമ്മിലുള്ള പൂര്‍ണ്ണസംയോജനം രണ്ടായിരത്തി പതിനാലിൽ  നരേന്ദ്ര മോഡിയുടെ അധികാരാരോഹണത്തോടെ പൂര്‍ത്തിയായി. അതോടെ ഇന്ത്യനവസ്ഥ പുതിയൊരു നവഫാസിസ്റ്റ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇക്കാര്യങ്ങൾ കാണാതിരുന്നാൽ പുതിയ രേഖയിലെ അപകടത്തിന്റെ  ആഴം അളക്കാൻ കഴിയില്ല.

തൊഴിലില്ലായ്മയുടെ രൂക്ഷതയാണ്  തൊഴില്‍കേന്ദ്രിത നൈപുണികള്‍ക്ക് പ്രാധാന്യം നല്‍കുന്നൊരവസ്ഥയെ സ്വാഗതം ചെയ്യുന്ന സ്ഥിതി സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസ പ്രക്രിയയുടെ ഡിഗ്രിഘട്ടത്തില്‍നിന്നും കൊഴിഞ്ഞു വീഴുന്നവര്‍ക്കും- ശരിയായ അര്‍ത്ഥത്തില്‍ വ്യവസ്ഥയാല്‍ പുറംതള്ളപ്പെട്ടവര്‍ക്കും- എന്തെങ്കിലുമൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്നുള്ളതുകൊണ്ട് അതില്‍ ആഹ്ളാദിക്കുന്നവരുണ്ട്.  സത്യത്തില്‍ സ്വയം വഞ്ചിതരാവുകയാണ് അവർ. മൂന്നുവര്‍ഷ ഡിഗ്രി നാല് വര്‍ഷമാക്കുന്നതും ഗവേഷണമടക്കം സര്‍വ്വകാര്യങ്ങളും ഒരു കേന്ദ്ര ഏജന്‍സിയുടെ കീഴില്‍ കൊണ്ടുവരുന്നതും എം ഫില്‍ ഡിഗ്രിയേ വേണ്ടെന്ന് വെക്കുന്നതും ഏതെങ്കിലും തരത്തില്‍ വിദ്യാഭ്യാസഗുണത വര്‍ദ്ധിപ്പിക്കുകയില്ല.

പുതിയ വിദ്യാഭ്യാസനയം സൂക്ഷ്മാര്‍ത്ഥത്തില്‍ പുതിയതോ അത്രപോലും ദേശീയമോ അല്ല. നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതും  മനുഷ്യബന്ധങ്ങളെ അഗാധമാക്കുന്നതും സൗഹൃദങ്ങള്‍ക്ക് ചിറക് നല്‍കുന്നതുമായ യാതൊന്നും ഈ രേഖയിൽ കണ്ടെത്താനാകില്ല.  മതനിരപേക്ഷ ജനാധിപത്യ മാനവികബോധ്യങ്ങളെ വികസിപ്പിക്കലും  ദൃഢപ്പെടുത്തലും. വിമര്‍ശനാത്മക ചിന്തക്ക് വീര്യം പകരൽ.  സര്‍ഗ്ഗാത്മകതയെ സജീവമാക്കൽ. ആധുനികകാലത്തെ നിവര്‍ന്ന് നിന്ന് അഭിമുഖീകരിക്കാന്‍ പുതുതലമുറയെ കരുത്തരാക്കൽ. സാങ്കേതിക പരിചയത്തിന്നപ്പുറം ശാസ്ത്രബോധം പകരാന്‍ പര്യാപ്തമാക്കൽ. വികസ്വരമായൊരു പ്രാപഞ്ചികബോധത്തെ ഉള്‍ക്കൊള്ളൽ. സ്നേഹാര്‍ദ്രമായൊരു സാര്‍വ്വദേശീയ ബോധത്തെ സ്വാഗതം ചെയ്യൽ, ജനാധിപത്യത്തിന്‍റെ ഹൃദയമെന്ന് വിളിക്കാവുന്ന വികേന്ദ്രീകരണത്തെ സാധ്യമാക്കൽ. സര്‍ഗാത്മക പ്രാദേശികതയെ തിരിച്ചറിയൽ. ഇത്തരത്തിലുള്ള ഒരു പദ്ധതിയും പുതിയതെന്ന് സ്വയം അവകാശപ്പെടുന്ന രേഖ മുന്നോട്ട് വെക്കുന്നില്ല. 

പുതിയ വിദ്യാഭ്യാസരേഖയുടെ  ഉള്ളടക്കം

സര്‍വ്വമൂല്യങ്ങളേയും വിവേചനരഹിതമായും  വിമര്‍ശനപരമായും  സ്വാംശീകരിക്കാത്ത ഈ വിദ്യാഭ്യാസരേഖ പുതിയതല്ലാത്തതുപോലെ ദേശീയവുമല്ല. അപ്പോൾ പിന്നെ അതിന്റെ സാരാംശം എന്താണ്? ചരിത്രം തള്ളിക്കളഞ്ഞ സുവര്‍ണ്ണഭൂതകാലം. വംശീയ ജാതിമേല്‍ക്കോയ്മാ കാഴ്ചപ്പാടുകൾ. കമ്പോളകേന്ദ്രിത സാംസ്കാരിക സമീപനം. വിദ്യാഭ്യാസത്തെ ഒരു വാണിജ്യചരക്കാക്കി ചുരുക്കുന്ന നിലപാട്. വിദ്യാഭ്യാസത്തിന്റെ  വിമോചനമൂല്യത്തെക്കുറിച്ചുള്ള മൗനം. കഴിഞ്ഞ കാലത്തെ വിദ്യാഭ്യാസരേഖകളില്‍ പേരിനെങ്കിലുമുണ്ടായിരുന്ന മതനിരപേക്ഷ-ഫെഡറല്‍ തത്വങ്ങളുടെ അഭാവം. ഇഷ്ടവിഷയങ്ങളില്‍ ഗവേഷണം നടത്താനുള്ള ഗവേഷക സ്വാതന്ത്ര്യത്തിന്‍റെ നിഷേധം. ഈ രേഖയുടെ ഉള്ളടക്കം വിദ്യാഭ്യാസമണ്ഡലത്തിലെ ഒരു വിചാരമാതൃകാ വിച്ഛേദത്തെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

1990-കള്‍വരെ ഏറ്റക്കുറച്ചിലോടെ ഇന്ത്യന്‍ സാമൂഹ്യാന്തരീക്ഷത്തില്‍ പരിക്കേറ്റതും പരിമിതികളേറെയുള്ളതുമായ ഒരു സ്വാതന്ത്ര്യസങ്കല്‍പ്പമെങ്കിലും നിലനിന്നിരുന്നു. 1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ  ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ആ വിചാരമാതൃക 1990-ന് ശേഷം കൃത്യമായും ‘ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണ’മെന്ന നവലിബറല്‍ വിചാരമാതൃകയിലേക്ക് പരിണമിക്കുകയാണ് ചെയ്തത്. കമ്പോളത്തെ ജീവിതത്തിന്റെ  കേന്ദ്രമായി വിമര്‍ശനരഹിതമായി അംഗീകരിക്കൽ; അതേസമയം അതിനെ ഇന്ത്യയുടെ അതീതഭൂതത്തോട് കൂട്ടിചേര്‍ക്കാനുള്ള വൃഥാശ്രമം നിര്‍വ്വഹിക്കൽ. ഇത്രയുമാണ്  പുതിയ രേഖ ചെയ്യുന്നത്. നവലിബറല്‍ കാഴ്ചപ്പാടും പുനരുത്ഥാനകാഴ്ചപ്പാടും പരസ്പരം പൂരിപ്പിച്ചും പ്രോത്സാഹിപ്പിച്ചും നിലകൊള്ളുന്നതാണ് നാം കാണുന്നത്. പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞ മീരാനന്ദ നിരീക്ഷിച്ച ഭരണകൂടക്ഷേത്ര കോര്‍പ്പറേറ്റ് കോംപ്ലക്സിന്‍റെ ഒരു സാംസ്കാരിക അവതാരമെന്ന നിലയിലാണ് ഇന്ത്യന്‍ അവസ്ഥയെ പൊതുവിലും വിദ്യാഭ്യാസരേഖയെ പ്രത്യേകമായും വിശകലനം ചെയ്യേണ്ടത്. ആര്യാവര്‍ത്തം, മനുസ്മൃതി, അദ്വൈതം, സംസ്കൃതം, കോര്‍പ്പറേറ്റിസം എന്നീ പഞ്ചസ്തംഭങ്ങള്‍ക്ക് മുകളിലാണ് രേഖ കെട്ടിപ്പൊക്കിയിരിക്കുന്നത്. മുതലാളിത്ത രാഷ്ട്രവ്യവസ്ഥകള്‍ മുമ്പ് മുഖ്യപരിഗണന നല്‍കിയത് പ്രതിരോധം, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകള്‍ക്കായിരുന്നു. സാമൂഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീടതിന്റെ  ഊന്നല്‍ നാമമാത്രമായെങ്കിലും ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നിവയിലേക്ക് വികസിക്കുകയാണുണ്ടായത്. എന്നാല്‍ 2020-ലെ വിദ്യാഭ്യാസരേഖ പരോക്ഷമായെങ്കിലും പഴയ അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കാണ്.

വേരുകള്‍ മുതല്‍ വിശ്വത്തിനോളം മനു മുതല്‍ മാനവികതവരെ അതീതം മുതല്‍ ആധുനികതവരെ എല്ലാ ബിന്ദുക്കളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ നയത്തിന് രൂപംകൊടുത്തിരിക്കുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശ്രദ്ധിക്കുക. അത്  പ്രധാനമായും അടിവരയിടുന്നത് മുമ്പേ വ്യക്തമാക്കിയ പുനരുത്ഥാന-കമ്പോളസന്ധിയേയും സഖ്യത്തേയുമാണ്. വേരുകള്‍, മനു, അതീതം എന്നുള്ളത് രേഖ ആവേശം കൊള്ളുന്ന ഭൂതകാലകമ്പത്തിന്റെ സൂചകങ്ങളാണ്. വിശ്വം, മാനവികത, ആധുനികത തുടങ്ങിയ പരികല്‍പ്പനകള്‍ ആഗോളവല്‍ക്കരണത്തിലേക്ക് ചുരുക്കപ്പെട്ടവയും. പാര്‍ശ്വവല്‍കൃതസമൂഹങ്ങളെ കൂടുതല്‍ പരവശമാക്കുംവിധമുള്ള വിദ്യാഭ്യാസത്തിന്‍റെ സ്വകാര്യവല്‍ക്കരണത്തേയും കേന്ദ്രീകൃത സ്വഭാവത്തെയും ദൃഢപ്പെടുത്തുന്ന നിര്‍ദേശങ്ങളാണ്  രേഖ മുന്നോട്ടു വെക്കുന്നത്. രേഖയുടെ ആമുഖത്തില്‍ മനുഷ്യാവകാശ പ്രഖ്യാപനത്തെക്കുറിച്ചു പരാമർശമുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവേകാനന്ദന്റെയും  ഐന്‍സ്റ്റൈന്റെയും ജാക്വസ്  ഡീലേഴ്സിന്റെയും ആശയങ്ങളെക്കുറിച്ചു പറയുന്നുണ്ട്. വ്യക്തിത്വത്തിന്റെ  സമ്പൂര്‍ണ്ണ വികാസമെന്ന ശരിയായ സമീപനത്തെക്കുറിച്ചും സൂചനയുണ്ട്. എന്നാൽ  ആത്യന്തികമായി അതിനെയൊക്കെ അട്ടിമറിക്കുന്ന  വിധമാണ് തുടര്‍ന്നുള്ള ആശയങ്ങളുടെ അവതരണം നിര്‍വ്വഹക്കപ്പെട്ടിരിക്കുന്നത്. ജാക്വസ് ഡീലേഴ്സ് അവതരിപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ  നാല് തൂണുകളില്‍ പരമപ്രധാനമായ ഒന്നാണ്  ഒത്തൊരുമിക്കാനുള്ള പരിശീലനം. അതിനു  ഗുരുതരമായ പരിക്കേല്‍പ്പിക്കും വിധമാണ് ചരി ത്രത്തില്‍ ചിലത് ഉള്‍ക്കൊണ്ടും മറ്റ് ചിലത് തള്ളിയും കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആമുഖത്തെ കേവലമായികൊണ്ടാടുന്നവര്‍ ഫ്ളവര്‍വെയ്സിലെ പൂക്കള്‍ കണ്ട വിഡ്ഢി ഉദ്യാനം മുഴുവന്‍ പുഷ്പി ച്ചുവെന്നു വിശ്വസിക്കുന്നുവെന്ന കവി വാക്യത്തെയാണ് അനുസ്മരിപ്പിക്കുന്നത്.

പുതിയ വിദ്യാഭ്യാസരേഖയുടെ പ്രാചീനസ്തുതിയും പ്രധാനമന്ത്രിയുടെ ‘വേരുകള്‍’ എന്ന പ്രയോഗവും സംഘപരിവാര്‍ ആവര്‍ത്തിക്കുന്ന ‘സാംസ്കാരിക ദേശീയത’യുടെ കാഴ്ചപ്പാടിനെയാണ് ദൃഢപ്പെടുത്തുന്നത്. 1939-ല്‍ ഗോള്‍വള്‍ക്കര്‍ എഴുതി: വേരുകളില്‍തന്നെ ഭിന്നമായ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുക എന്നത് അസാധ്യമാണെന്നാണ് ജര്‍മനിയുടെ അനുഭവത്തില്‍നിന്നും ഇന്ത്യക്ക് പഠിക്കാനാവുന്ന ഉപയോഗപ്പെടുത്തേണ്ട ഏറ്റവും നല്ല പാഠം. ഹിന്ദുസംസ്കാരവും പൈതൃകവും ആശ്ലേഷിക്കാനും ഹിന്ദുമതത്തെ ആദരിക്കാനും ഹിന്ദുവംശവും സംസ്കാരവുമല്ലാത്ത മറ്റ് ആശയങ്ങളെ മാനിക്കുന്നത് നിര്‍ത്താനും വിദേശവംശങ്ങള്‍ തീരുമാനിക്കണം. മാത്രമല്ല സ്വന്തം അസ്തിത്വം ഉപേക്ഷിച്ച് അവര്‍ ഹിന്ദുവംശത്തിലേക്ക് ലയിക്കണം. അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങളും പരിഗണനകളും ഇല്ലാതെ പൗരത്വ അവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദുസമൂഹത്തിനു കീഴൊതുങ്ങി കഴിയണം.

വിധ്വംസകരാഷ്ട്രീയത്തിന്റെ വിദ്യാഭ്യാസനയങ്ങൾ 

ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തി വിധ്വംസക ആശയങ്ങള്‍ ഇരമ്പുന്ന ഈ വിദ്യാഭ്യാസരേഖയെ വിശകലനം ചെയ്യാൻ സാധ്യമല്ല. ആരാണ് രേഖ അവതരിപ്പിച്ചത്? അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തിന്‍റെ സവിശേഷതയെന്താണ്? എന്തൊക്കെയാണ് പ്രസ്തുത രേഖയില്‍ ഇല്ലാത്തത്?  ആരാണ് ഈ രേഖയെ ആദ്യംതന്നെ സഹര്‍ഷം സ്വാഗതം ചെയ്തത്?  മിനിമം ചോദിക്കപ്പെടേണ്ട കാര്യങ്ങളാണിവ.  2019-ലാണ് ഇത് സംഘപരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസരേഖ പല ഭാഗത്ത്നിന്ന് വിമര്‍ശം നേരിട്ടപ്പോഴും അതിനെ സഹര്‍ഷം സ്വാഗതം ചെയ്തത് ആര്‍ എസ് എസ്സാണ്. 2014-ന് ശേഷം  പൊതുവിലുള്ള   ഇന്ത്യനവസ്ഥ. 2018-ലെ ബദല്‍ചരിത്രരചനക്കുള്ള ഔദ്യോഗിക കമ്മീഷന്‍ രൂപീകരണം. 2019-ലെ 370-ാം വകുപ്പ് റദ്ദാക്കൽ. പൗരത്വഭേദഗതി നിയമം. ഇവയെല്ലാംതന്നെ  വിദ്യാഭ്യാസരേഖയുടെ രൂപീകരണത്തിന്‍റെ ബൃഹദ്   പശ്ചാത്തലമാണ്.. പലതവണ വ്യക്തമാക്കപ്പെട്ടതുപോലെ സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന സാംസ്കാരിക ദേശീയതയുടെ മാനിഫെസ്റ്റോ എന്ന നിലയിലാണ് വിദ്യാഭ്യാസരേഖ മനസ്സിലാക്കപ്പെടേണ്ടത്.

‘ഭാരതമാതാവിനെ ലോകത്തിന്‍റെ സാംസ്കാരിക ഗുരുവായി പുനരവരോധിക്കുകയെന്ന നമ്മുടെ ‘സ്വപ്നത്തോട്’ നമുക്ക് വിശ്വസ്തത പുലര്‍ത്തണം.’  ഗുരുജി ഗോള്‍വള്‍ക്കറുടെ ഈ ആശയമാണ് രേഖ അടിസ്ഥാനപരമായി ആവിഷ്ക്കരിക്കുന്നത്.  സംഘപരിവാര്‍ കാഴ്ചപ്പാടിൽ   ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണം    ഭാഷാഭ്രാന്താണ്. സംവരണം  ഉരുകിചേരലിനുള്ള തടസ്സമാണ്.  ഭാരതമെന്നാൽ  ദേവന്മാര്‍ മംഗളാപദാനങ്ങള്‍ പാടുന്ന പുണ്യഭൂമിയാണ്. ഇതൊക്കെത്തന്നെയാണ് വിദ്യാഭ്യാസരേഖ ഉറപ്പിച്ചെടുക്കന്നതും. ഗാന്ധിജിയുടെ സാമുദായിക ദേശീയതയേയും നെഹ്റുവിന്റെ  സെക്കുലര്‍ ദേശീയതയേയും ഇടതുപക്ഷം വികസിപ്പിച്ച ജനകീയ ദേശീയതയേയും നിരാകരിക്കുന്ന- ദേശീയതയെതന്നെ തിരസ്ക്കരിക്കുന്ന- ‘മേല്‍ക്കോയ്മാ ദേശീയത’ യുടെ  സമീപനമാണ് രേഖ മുന്നോട്ടു വെക്കുന്നത്.

ഗാന്ധി എന്ന ശത്രു

മഹാത്മാഗാന്ധിയെ പല നിലകളില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ഉത്തരേന്ത്യന്‍ പാഠപുസ്തകങ്ങളില്‍വരെ ഇടംപിടിച്ചത് മറക്കാറായിട്ടില്ല. അതിനുള്ള കാരണങ്ങൾ സംഘപരിവാർ വെറുക്കുന്ന ഗാന്ധിജിയുടെ നിലപാടുകളിൽനിന്നു വ്യക്തമാണ്. ഗാന്ധിജിയുടെ ഏതാനും വാക്കുകൾ ഓർക്കാം: എന്റെ  രാജ്യം സ്വതന്ത്രമാകണമെന്നും ആവശ്യമാണെങ്കില്‍ മനുഷ്യവംശത്തിനുവേണ്ടി ഈ രാജ്യം മുഴുവനും മരിക്കണമെന്നുള്ളതാണ് എന്റെ  ദേശീയബോധം. ഞാന്‍ ഉത്തമനായ ഹിന്ദുവായതുകൊണ്ട് ഉത്തമനായ മുസ്ലീമുമാണ്. എന്‍റെ മതം രാജ്യത്തോട് ആജ്ഞകള്‍ പുറപ്പെടുവിക്കുകയില്ല. എന്‍റെ രാജ്യം തിരിച്ച് മതത്തിനും ആജ്ഞകള്‍ നല്‍കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല. അത്തരം ഭ്രാന്തന്‍വിശ്വാസങ്ങളുടെ മേല്‍ അങ്ങനെ എന്റെ  വിശ്വാസത്തിന്റെ  മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഹിന്ദുമുസ്ലീം ഐക്യമില്ലാതെ സ്വരാജില്ല. മനുഷ്യര്‍ക്ക് തങ്ങളുടെ സഹോദരന്മാരെ നിന്ദിക്കുമ്പോള്‍ അഭിമാനം തോന്നുന്നത് എങ്ങിനെയാണെന്നത് എനിക്ക് നിഗൂഢമാണ്. പശുവിനെ രക്ഷിക്കേണ്ടതുതന്നെ; പക്ഷേ അത് നമ്മുടെ സഹോദരനെ കൊന്നിട്ടു വേണോ? ഹിന്ദുമതം ഗോവധം നിരോധിച്ചത് ഹിന്ദു ക്കള്‍ക്കിടയില്‍ മാത്രമാണ്. ഈ കുഴപ്പങ്ങളുടെയെല്ലാം വേര് കിടക്കുന്നത് സംഘത്തിലാണെന്ന് ഞാന്‍ കേള്‍ ക്കുകയുണ്ടായി കൊലയാളി സംഘങ്ങള്‍ക്ക് രക്ഷിക്കാവുന്നതല്ല ഹിന്ദുമതം. വിദ്യാഭ്യാസമെന്നാല്‍ പ്രധാനമായും സ്വഭാവ രൂപീകരണമാണ്.  സാമൂഹ്യബോധമില്ലാത്ത വിദ്യാഭ്യാസമാണ് ഇന്ത്യയുടെ ശാപം…ഇക്കാര്യങ്ങൾ നിരന്തരം ആവര്‍ത്തിച്ചു പറഞ്ഞ ഗാന്ധിജിയെ സംഘപരിവാറിന് ഒരിക്കലും അംഗീകരിക്കാനാവില്ല. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഭീകരപ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കേണ്ട ഗാന്ധിവധത്തെ ഗുജറാത്തിലെ 8-ാം തരം പാഠപുസ്തകം അവതരിപ്പിച്ചിരിക്കുന്നത് പ്രസ്തുത ഭീകരസംഭവത്തിന്റെ  സര്‍വ്വ രാഷ്ട്രീയ ഉള്ളടക്കവും ചോര്‍ത്തികൊണ്ടാണ്. ഹിരോഷിമാ കൂട്ടക്കൊലയെക്കുറിച്ച് മരണം ആകാശത്തുനിന്നും പതിച്ചു എന്ന ക്രൂരമായ ആ ‘പഴയ’ ഒബാമ പ്രയോഗത്തെയാണ് ആ പാഠഭാഗം ഓർമ്മിപ്പിക്കുക. സ്വാതന്ത്ര്യാനന്തരം ഭീകരമായ നിരവധി വര്‍ഗീയലഹളകള്‍ ഇന്ത്യയിലുണ്ടായി. അവ അടിച്ചമര്‍ത്താന്‍ ഗാന്ധി തന്‍റെ സര്‍വ്വശക്തിയും വിനിയോഗിച്ചു. പക്ഷേ പലര്‍ക്കും ഗാന്ധിജിയുടെ നിലപാടിനോട് യോജിക്കാനായില്ല. ഒടുവില്‍ 1948 ജനുവരി 30-ന് ഗോഡ്സെയുടെ കൈകളാല്‍ ഗാന്ധി കൊല്ലപ്പെട്ടുവെന്നുമാണ് പാഠപുസ്തകം പറയുന്നത്. ചുരുക്കത്തില്‍ മുമ്പേ പരാമര്‍ശിച്ച മേല്‍ക്കോയ്മാ ദേശീയതയുടെ മറവില്‍ മഹാത്മാഗാന്ധിക്കെതിരെയാണവര്‍ വിദ്വേഷത്തിന്‍റെ മിസ്സൈല്‍ പ്രധാനമായും തിരിച്ചുവെച്ചിരിക്കുന്നത്. 1936-ല്‍ ഗാന്ധി എഴുതി: ‘എന്‍റെ കൊലപാതകം പ്രധാനമല്ല. കാരണം എന്റെ  ചാരത്തില്‍നിന്നും ആയിരക്കണക്കിന് ഗാന്ധിമാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നാല്‍ ഞാന്‍ നിലകൊണ്ട മൂല്യങ്ങള്‍ കൊല്ലപ്പെട്ടാല്‍, അവ അഗ്നിക്കിരയായാല്‍ എന്താണ് സംഭവിക്കുക? എട്ട് പതിറ്റാണ്ടുമുമ്പ് മഹാത്മാഗാന്ധി ഭയപ്പെട്ട ആ കാര്യമാണ് ഇന്ത്യയില്‍ പല വഴികളിലായി  വിദ്യാഭ്യാസ സമീപനങ്ങളിലടക്കം സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശനാത്മകമായി ഉള്‍പ്പെടുത്തി സ്വയം ഉള്‍ക്കരുത്താര്‍ജ്ജിക്കുന്നതിന്നു പകരം ഉപേക്ഷിച്ച് ശുദ്ധമാവാനുള്ള ശ്രമങ്ങള്‍ക്കാണ് വിദ്യാഭ്യാസരേഖ അടിവര ചാര്‍ത്തുന്നത്.

വെട്ടിമാറ്റപ്പെട്ട വസ്തുതകൾ

പുതിയ വിദ്യാഭ്യാസരേഖയില്‍ ഒരു പ്രത്യേക പ്രാചീനകാലത്തിന്‍റെ സങ്കുചിത പ്രതാപവിവരണമുണ്ട്. പക്ഷേ അതില്‍ ഇന്ത്യയെ ഇന്ത്യയാക്കിയ വൈവിധ്യമാര്‍ന്ന ചിന്താപദ്ധതികളുടെ വിരലടയാളം പോലുമില്ല. ഇന്ത്യന്‍ ദേശീയതയെ ഇന്ത്യനാക്കിയ നാനാത്വത്തെ ന്യൂക്ലിയസ്സായി കണ്ട ഫെഡറലിസമില്ല. ആധുനിക ഇന്ത്യയെ നിര്‍മ്മിച്ച സാമ്രാജ്യത്വവിരുദ്ധതയില്ല. മാനവികതയെ അസാധ്യമാക്കുന്ന കമ്പോളമൗലികവാദത്തിന്നെതിരെയുള്ള ചുവടുവെപ്പുകളില്ല. മഹാത്മാഗാന്ധി പ്രാണന്‍ നല്‍കി വളര്‍ത്തിയ മതസൗഹാര്‍ദ്ദ സന്ദേശമില്ല. വിദേശ സര്‍വ്വകലാശാലകളെ സ്വാഗതം ചെയ്യുന്ന സമീപനം സ്വീകരിക്കുമ്പോഴും പൊതുവിദ്യാലയങ്ങളെ സജീവമാക്കാനുള്ള നിര്‍ദ്ദേശങ്ങളില്ല. സംസ്കൃതത്തിന് ഒരു ഭാഷയെന്ന നിലയിലുള്ളതിനപ്പുറം പ്രാധാന്യം നല്‍കുമ്പോള്‍, ഉറുദു, അറബി, ചൈനീസ് എന്നിവക്ക് പ്രാഥമികഭാഷയെന്ന നിലയിലുള്ള പരിഗണനപോലും നല്‍കിയിട്ടില്ല. തായ് ഭാഷ മുതല്‍ കൊറിയന്‍ ഭാഷയെവരെ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസരേഖ എന്തുകൊണ്ട് ചൈനീസ്, അറബി, ഉറുദു ഭാഷകളെ പൂര്‍ണ്ണമായി ഉപേക്ഷിച്ചു? സംസ്കൃതത്തിന് ഒരു ഭാഷക്കപ്പുറമുള്ള പ്രാധാന്യം നല്‍കാനുള്ള കാരണമെന്ത്? പ്രാചീന, മധ്യകാല ഇന്ത്യയില്‍ നടന്ന ധൈഷണിക സംവാദങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്തിന് ഒഴിവാക്കി? അറുപത്തിനാല് കലകളും യോഗയും വിദ്യാഭ്യാസരേഖയില്‍ എങ്ങനെ കടന്നുകൂടി? ഇക്കാര്യങ്ങൾ ആഴത്തില്‍ വിശകലനം ചെയ്താല്‍ സംഘപരിവാറിന്റെ  സാംസ്കാരിക ദേശീയത തെളിയും.

വിദ്യാഭ്യാസരേഖയില്‍ ‘യോഗ’ പ്രത്യക്ഷമായിത്തന്നെ കയറിപ്പറ്റിയതിനെപ്പറ്റി കാര്യമായ ഒരു സംവാദവും എവിടെയും കാണാനില്ല. യോഗയെ മുന്‍നിര്‍ത്തി മതപരമായ സംസ്കാരത്തെ ദേശീയസംസ്കാരമാക്കാനുള്ള ശ്രമത്തിനെതിരെ നേരത്തെയുണ്ടായിരുന്ന വിമര്‍ശനങ്ങള്‍പോലും ഇപ്പോള്‍ കേള്‍ക്കാനില്ല. ഒരു അനുഷ്ഠാനമോ ആശയമോ സമീപനമോ വ്യക്തികളും  സമൂഹങ്ങളും  സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ സൗകര്യവും സ്വാതന്ത്ര്യവുമാണ്. എന്നാല്‍ ഏതെങ്കിലും അനുഷ്ഠാനം ദേശീയമാക്കപ്പെടുന്നത് ആ വിധം നിരുപദ്രവകരമല്ല. സംസ്കൃതം ഒരു ഭാഷയെന്ന നിലയിലും അദ്വൈതം ഒരു തത്വചിന്തയെന്ന നിലയിലും ‘യോഗ’ ഒരു പ്രയോഗമെന്ന നിലയിലും പ്രസക്തമാവുമ്പോഴും അതി നെ ‘ദേശീയത’യായി ചുരുക്കാനോ വികസിപ്പിക്കാനോ കഴിയില്ല. ദേശീയതയിലേക്ക് പ്രവേശിക്കുന്നതോടെ ഭാഷയടക്കം എന്തും ഔദ്യോഗിക അധികാരവ്യവസ്ഥയുടെ ഭാഗമായി മാറും.

മേൽക്കോയ്മയുടെ ഭാഷ 

സംഘപരിവാര്‍ ശക്തികളും അവരുടെ കാഴ്ചപ്പാടിന്റെ  ഭാഗമായി അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസരേഖയും ‘സംസ്കൃതത്തെ’ അടയാളപ്പെടുത്തുന്നത് നിരവധി ക്ലാസ്സിക്കല്‍ ഭാഷകളില്‍ ഒന്നായിട്ടല്ല. മറിച്ച്, ഒരു മേല്‍ക്കോയ്മാ അധികാരവ്യവസ്ഥയുടെ ഭാഗമായിട്ടാണ്. വിദ്യാഭ്യാസരേഖയുടെ ആധാരമാണ് മഹത്തായ ഭാരതഭൂതകാലമെങ്കില്‍ ആ ഭൂതകാലത്തിന്റെ  ‘മാതൃഭാഷ’യായാണ് സംസ്കൃതം കടന്നുവരുന്നത്.

സംസ്കൃതത്തെ പ്രശസ്തമാക്കിയതില്‍ മാക്സ് മുള്ളറുടെ പങ്ക് പ്രധാനമാണ്. ആ ഭാഷയോടുള്ള സ്നേഹം ഉള്‍ക്കൊണ്ട് സ്വന്തം പേര് ‘മോക്ഷമൂലന്‍’ എന്ന് സംസ്കൃതവല്‍ക്കരിക്കാന്‍വരെ അദ്ദേഹം സന്നദ്ധനായി. ഭാഷകളുടെ മാതാവ് എന്നും വിശ്വവിജ്ഞാനത്തിന്‍റെ സൂക്ഷിപ്പ് കേന്ദ്രം എന്നും സംസ്കൃതം വാഴ്ത്തപ്പെട്ടു. എന്റെ  രാഷ്ട്രത്തിന്‍റെ തിരുമൊഴിയായ സംസ്കൃതത്തില്‍ ‘അപരം’ എന്നര്‍ത്ഥം വരുന്ന ഒരു പദമില്ലെന്ന് വിവേകാനന്ദന്‍ അഭിമാനിച്ചു. 

സംസ്കൃതഭാഷക്കു മാത്രമേ നമ്മുടെ ദേശീയ ബന്ധം നിലനിര്‍ത്തിപ്പോരുന്നതിന്നുള്ള മാധ്യമമാവാന്‍ കഴിയുവെന്ന് ഗോള്‍വള്‍ക്കര്‍ ശഠിച്ചു. ‘പൊതുഭാഷാ’ പ്രശ്നത്തിന്റെ  കാര്യത്തില്‍ സംസ്കൃതം ആ സ്ഥാനം ഏറ്റെടുക്കുന്നതുവരെ സൗകര്യത്തെ മുന്‍നിര്‍ത്തി നമുക്ക് ഹിന്ദിക്ക് മുന്‍ഗണന നല്‍കേണ്ടതായി വരും എന്നാണ് വിചാരധാരയില്‍ ഗോള്‍വള്‍ക്കര്‍ അസന്നിഗ്ദ്ധമായി അഭിപ്രായപ്പെട്ടത്. ഇത് കേവലപഠനത്തിന്റെയും  തൊഴിലിന്റെയും  വൈദികകര്‍മ്മങ്ങളുടെയും ഭാഗമായ മറ്റ് ഭാഷകള്‍പോലെ ഒരു ഭാഷയെന്ന നിലയിലുള്ളൊരു സംസ്കൃതമല്ല. എല്ലാ സംസ്കാരത്തിന്റെയും   സ്രോതസ്സായി പരിഗണിക്കപ്പെടുന്ന സംസ്കൃതമാണിത്. സംസ്കൃതം സമം സംസ്കാരമെന്ന ഒരു മേല്‍ക്കോയ്മാ കാഴ്ചപ്പാട്. അതുകൊണ്ടാണ് ഭാരതത്തിന്‍റെ പൈതൃകം മനസ്സിലാക്കാന്‍ സംസ്കൃതമറിഞ്ഞേ മതിയാവൂ എന്ന് ലഹളക്കാര്‍ക്ക് മനസ്സിലാവുമോ എന്ന് ഒ.രാജഗോപാലിനെപ്പോലുള്ള സംഘധൈഷണികര്‍ ചോദിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ പൈതൃകമറിയാന്‍ കോടിക്കണക്കിന് മനുഷ്യരോട് മഹാത്മാ ബുദ്ധന്‍ സംസാരിച്ച ആ ‘പാലിഭാഷ’ അറിഞ്ഞേ മതിയാവൂ എന്നവര്‍ പറയാത്തത്?

ക്ലാസ്സിക്കല്‍ എന്നത് പ്രശസ്ത സംഗീതജ്ഞനായ ടി എം കൃഷ്ണ സൂചിപ്പിക്കുന്നതുപോലെ സാംസ്കാരികമായ അധികാരം കയ്യിലുള്ളവര്‍ ഉണ്ടാക്കുന്ന ഒരു മാനദണ്ഡമാണ്. ഇന്ത്യയില്‍ ക്ലാസ്സിസിസം, ബ്രാഹ്മണിസം, ഉച്ചസംസ്കാരം, നാടുവാഴിത്തം എന്നിവയുടെയെല്ലാം ഭാഗമായിരുന്നു സംസകൃതമെന്ന് ഐജാസും നിരീക്ഷിക്കുന്നു. അമ്മ കുട്ടിക്ക് പറഞ്ഞുകൊടുക്കുന്ന ഭാഷയാണ് മാതൃഭാഷ എന്നാണ് ശബ്ദതാരാവലിയിലെ നിർവ്വചനം. പക്ഷെ ഒരു അമ്മക്കും സംസ്കൃതം ഉച്ചരിക്കാന്‍ അവകാശമില്ലായിരുന്നു (ഡോ. കെ സുഗതന്‍). സംസ്കൃതം ഉച്ചരിക്കുന്ന ശൂദ്രനേയും സ്ത്രീയേയും കാത്തിരുന്നത് കനത്ത ശിക്ഷയായിരുന്നു. രാമചരിതമാനസം സംസ്കൃതത്തിലെഴുതാതെ അവധിഭാഷയില്‍ എഴുതിയതിന്റെ  പേരില്‍ തുളസീദാസ് ആക്രമിക്കപ്പെട്ടു.  മുമ്പ് മലയാളത്തില്‍ കവിതയെഴുതിയവര്‍ ‘മുഴുകവികളായി’ ആദരിക്കപ്പെട്ടിരുന്നില്ല. നെയ്ത്തുകാരനായതിനാല്‍ കബീറിനെ സംസ്കൃതം പഠിപ്പിക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറായില്ല. സംസ്കൃതമറിയാത്ത പഞ്ചാബി ഗ്രാമ്യഭാഷമാത്രമറിയുന്നവന്‍ എന്ന് ഗുരുനാനാക്ക് അപഹസിക്കപ്പെട്ടു. ഇതെല്ലാം നമ്മുടെ ചരിത്രമാണ്. ജാതിമേല്‍ക്കോയ്മക്ക് അധികാരവും ശക്തിയും നല്‍കിയതില്‍ ഭൂമിക്കും ഭരണകൂടാധികാരത്തിനുമൊപ്പം ‘മേല്‍ക്കോയ്മ സംസ്കൃതവും’ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. അതിന് ജ്ഞാനാന്വേഷണ സംസ്കൃതവുമായി പേരിലൊഴിച്ച് മറ്റൊന്നിലും ഒരു  ബന്ധവുമില്ല. ഈയൊരു മേല്‍ക്കോയ്മ സംസ്കൃതം നിലനിര്‍ത്തിയത് നാടുവാഴിത്ത മൂല്യവ്യവസ്ഥയേയും കുലീനതാനാട്യത്തേയുമാണ്. പഴയ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചാണ് മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ സംസാരിക്കുക. എന്നാല്‍ കാലഘട്ടത്തിന്നനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാണ് കീഴെയുള്ള  ജാതിക്കാർ ആവശ്യപ്പെടുന്നത്. ചരിത്രപരമായ രണ്ട് സമയങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. രണ്ടും ഒത്തുപോവാന്‍ വിസമ്മതിക്കുന്നു (ഡി ആര്‍ നാഗരാജ്).

സംഘപരിവാറിന്റെ  ‘സംസ്കൃതം’ കീഴാള ജനകീയതയുമായും മതനിരപേക്ഷതയുമായും ഒത്തുപോവാന്‍ വിസമ്മതിക്കുന്ന കാഴ്ചപ്പാടിനേയാണ് വെളിപ്പെടുത്തുന്നത്. മുംബൈയില്‍ നടന്ന 102-ാം ഇന്ത്യന്‍ ശാസ്ത്രസമ്മേളനത്തില്‍ അവതരിപ്പിച്ച, ‘പ്രാചീനശാസ്ത്രം സംസ്കൃതത്തിലൂടെ’ എന്ന പ്രബന്ധവും അതിന്റെ തുടർച്ചയും വെളിപ്പെടുത്തിയത് ആധുനികതയുമായി ഒരു തരത്തിലും ഒത്തുപോവാനാവാത്ത കുറെ അസംബന്ധങ്ങളാണ്. വിമാനവും ആറ്റംബോംബും സര്‍ജറിയുമെല്ലാം പണ്ടേ ഇവിടെയുണ്ടായിരുന്നുവെന്നാണവര്‍ അവകാശപ്പെട്ടത്. സമസ്ത വിജ്ഞാനവും ആദ്യം നമ്മുടെ സംസ്കൃതത്തില്‍ രൂപംകൊണ്ട് പിന്നീട് ലോകമാകെ വ്യാപിക്കുകയായിരുന്നുവത്രേ! വിജ്ഞാനത്തെ സംബന്ധിക്കുന്ന ചരിത്രം തള്ളിക്കളഞ്ഞ  മോണോജെനസിസ്’ കാഴ്ചപ്പാടാണവര്‍ ‘സംസ്കൃത സ്തുതിയിലൂടെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൗടില്യന്റെ  ‘അര്‍ത്ഥശാസ്ത്രം’ എന്ന കൃതിയെ അടിസ്ഥാനമാക്കി രാജ്യതന്ത്രത്തേയും യുദ്ധത്തേയും സംബന്ധിച്ച് മുന്നോട്ട് വെക്കപ്പെട്ട വിചിത്രവാദങ്ങളെക്കുറിച്ച് മീരാനന്ദ എഴുതുന്നു. ഒരൊറ്റ നേരത്തെ ആഹാരംകൊണ്ട് ഒരു മാസക്കാലം യുദ്ധം ചെയ്യാന്‍ സൈനികനെ പ്രാപ്തനാക്കുന്ന വിശിഷ്ടാഹാരത്തിന്റെ  പാചകവിധി. ശത്രുസേനയെ മാനസികവിഭ്രാന്തിയില്‍ അകപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ.  രാസജൈവയുദ്ധമുറകള്‍ വികസിപ്പിച്ചെടുക്കുന്നതിന്നു സഹായകമായി  അർത്ഥശാസ്ത്രത്തിലുള്ള നിർദ്ദേശങ്ങൾ.   ഇത്തരം കാര്യങ്ങളാണ്  ആ ശാസ്ത്രസമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടത്.

പറഞ്ഞുവരുന്നത് ചുരുങ്ങിയത് മൂന്നുതരത്തിലുള്ള സംസ്കൃതങ്ങള്‍ ഉണ്ടെന്നാണ്. അതിലെന്തുകൊണ്ടും ഉയര്‍ത്തിപ്പിടിക്കേണ്ടത് ജ്ഞാനാന്വേഷണത്തിന്റെ  മാതൃകയായി സാധ്യതയുള്ള സംസ്കൃതത്തെയാണ്. ഒരു ‘ലൈബ്രററി ഭാഷ’യെന്ന നിലയിലുള്ളതും  ആധുനികതയുമായി സംവദിക്കാന്‍ കഴിയുന്നതുമായ  സംസ്കൃതമാണ് അത്. രണ്ടാമത്തേത് നവോത്ഥാനം നിരാകരിച്ച വൈദികക്രിയകളുടെ കൂടി ഭാഗമായ സംസ്കൃതമാണ്. നമ്പൂരികുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പരമ്പരാഗത സംസ്കൃതം ഇത്തരത്തിൽ ഉള്ളതായിരുന്നു. ഇ എം എസും വി ടിയുമെല്ലാം നിശിത വിമര്‍ശനത്തിന് വിധേയമാക്കിയത് ആ സംസ്കൃതത്തെയാണ്.  ‘മലയാളം മ്ലേഛമാണ്; ദേവഭാഷയായ സംസ്കൃതമാണ് ബ്രാഹ്മണര്‍ക്ക് അനുയോജ്യം. അമ്മിഞ്ഞപ്പാലോടെ പഠിച്ച് ശീലിച്ചതായാലും അമ്മ, അച്ഛന്‍ എന്നീ പദങ്ങള്‍ നികൃഷ്ടങ്ങളായതുകൊണ്ട് പകരം മാതാ, പിതാ എന്നീ സംസ്കൃതപദങ്ങള്‍ ഞാന്‍ പ്രയോഗിച്ചു തുടങ്ങി. സഹജമായ ശീലം നിമിത്തം വൈദികക്രിയകള്‍ക്കിടയില്‍ വല്ലപ്പോഴും അബദ്ധത്തിന് ഒരു മലയാളപദം നാവില്‍നിന്നു വീണുപോയാല്‍ ‘ശൂ’ ശബ്ദം മുഴക്കി മറ്റുള്ളവര്‍ എന്നെ വിലക്കുകയും വിമര്‍ശിക്കുകയും പതിവായിരുന്നു.’ (വി ടി).  മാതാ എന്ന് വിളിക്കുന്നതിനുപകരം ‘അമ്മേ’ എന്ന് വിളിച്ച്പോയതിന് അമ്മയോട് അടികിട്ടിയ കാര്യവും വി ടി ഓര്‍ക്കുന്നുണ്ട്.

എന്നാല്‍ ഏറ്റവും അപകടകരം ‘സംസ്കൃതത്തിലൂടെ സര്‍വ്വസ്വവും’ എന്ന കാഴ്ചപ്പാട് നിലനിര്‍ത്തുന്ന സംഘപരിവാർ സംസ്കൃതമാണ്. കുലീനതയുടെ കൊടിയടയാളമായി അടയാളപ്പെടുത്തപ്പെടുന്ന മേല്‍ക്കോയ്മാ ഭാഷയാണ് അത്. മെക്കോളോ സായ്പ്പിന്‍റെ ഇംഗ്ലീഷിനെ ഓര്‍മ്മിപ്പിക്കുംവിധമുള്ള ആ മേല്‍ക്കോയ്മാ ഉച്ചാരണത്തെയാണ് 1908-ല്‍ തലശ്ശേരിയില്‍വെച്ച് സംസ്കൃത പണ്ഡിതന്‍ കൂടിയായിരുന്ന ശ്രീനാരായണഗുരു തകര്‍ത്തത്! മണന്തല നീലകണ്ഠ മൂസ്സത് സംസ്കൃതത്തില്‍ സംസാരിച്ചപ്പോള്‍ മലയാളത്തിലാകാമല്ലോ എല്ലാവര്‍ക്കും മനസ്സിലാവുമല്ലോ എന്ന ഗുരുവിന്‍റെ സൗമ്യപ്രതികരണം യഥാർത്ഥത്തിൽ മേല്‍ക്കോയ്മയുടെ ശിരസ്സില്‍ വീണൊരടിയാണ്. പുതിയ വിദ്യാഭ്യാസനയം സംസ്കൃതത്തിലെ സംവാദാത്മകമായ ജ്ഞാനാന്വേഷണ മാതൃകകളെയല്ല, മറിച്ച് അധീശധാരകളെയാണ് പിന്തുടരുന്നത്. അതിനാലാണ് പുരോഗമന കാഴ്ചപ്പാടില്‍ ആ നയം വിമര്‍ശനവിധേയമാവുന്നതും. ജ്ഞാനത്തെ സംബന്ധിച്ച യൂറോകേന്ദ്രിത കാഴ്ചപ്പാടിനെ ‘ഭാരതകേന്ദ്രിത’ കാഴ്ചപ്പാടുകൊണ്ടല്ല; ജനാധിപത്യ കാഴ്ചപ്പാടുകൊണ്ടാണ് നേരിടേണ്ടത്. കൂടികലരലിനെ കളങ്കമായിട്ടല്ല കരുത്തായിട്ടാണ് തിരിച്ചറിയേണ്ടത്.  ചാതുര്‍വര്‍ണ്യത്തിന്‍റെ ശുദ്ധിസങ്കല്‍പം ചരിത്രത്തിലേക്കും ഭാഷയിലേക്കും ഔദ്യോഗികമായി വ്യാപിപ്പിക്കാനാണ് വിദ്യാഭ്യാസത്തെ മാധ്യമമാക്കി സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്.

തമസ്കരണത്തിന്റെ പാഠങ്ങൾ

പി എന്‍ ഓക്കിന്‍റെയും ദീനാനാഥ് ബത്രയുടെയും സങ്കുചിത സമീപനങ്ങള്‍ ഈ വിദ്യാഭ്യാസരേഖയിൽ  പ്രവർത്തിക്കുന്നത് എപ്രകാരമാണ്? ജാതിമേല്‍ക്കോയ്മക്ക് തിരസ്ക്കരിക്കാനല്ലാതെ സമത്വാടിസ്ഥാനത്തില്‍ ഒന്നും സ്വീകരിക്കാനാവില്ല. സ്വീകരിക്കുകയാണെങ്കില്‍ത്തന്നെ മേല്‍ക്കോയ്മാ വ്യാകരണത്തിന് വിധേയമായി വേണ്ടവിധം രൂപാന്തരം വരുത്തിയല്ലാതെ അതൊന്നിനെയും പടിക്കകത്തേക്ക് കടത്തുകയുമില്ല. സംഘപരിവാറിന്‍റെ വിദ്യാഭ്യാസ വിചക്ഷണനായി രാഷ്ട്രീയവേദികളില്‍ പ്രത്യക്ഷപ്പെട്ട ആളാണ് ദീനാനാഥ്ബത്ര. അദ്ദേഹം സൂക്ഷ്മപരിശോധന നടത്തി ഉത്തരേന്ത്യയിലെ ഹിന്ദി പാഠപുസ്തകത്തില്‍നിന്ന് ‘ദോസ്ത്, മുഷ്കില്‍, മൊഹല്ല’ തുടങ്ങി ‘ഉറുദു’ കലര്‍ന്ന ഇരുപത്തിനാല് വാക്കുകള്‍ കുത്തിക്കളയണമെന്ന് ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസരേഖയില്‍നിന്നാകട്ടെ ഉറുദു പൂര്‍ണ്ണമായും മാറ്റി നിര്‍ത്തപ്പെട്ടു. ഇന്ത്യന്‍ സാഹിത്യത്തിലും ജീവിതത്തിലും പ്രധാനപങ്ക് ഇന്നും വഹിച്ചുകൊണ്ടിരിക്കുന്ന ഒരു  ഭാഷയോടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ ഇവ്വിധം പെരുമാറിയിരിക്കുന്നത്. രണ്ട് വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ മൂന്നാമതൊരു ‘വാക്കല്ല’ നക്ഷത്രമാണ് പിറക്കുന്നതെന്ന് ബ്രൗണിംഗ്. ഇന്ത്യയിലാകട്ടെ പതിറ്റാണ്ടുകളായി, ആയിരക്കണക്കിന് വാക്കുകളുള്ള ഹിന്ദി-ഉറുദു ഭാഷകള്‍ കണ്ട് മുട്ടുമ്പോള്‍ ആകാശത്ത് നക്ഷത്രങ്ങളല്ല ഉദിക്കുന്നത്. പകരം  ഭൂമിയില്‍ പരസ്പരം ഏറ്റുമുട്ടി അംഗഭംഗം വന്ന കുറെ മനുഷ്യരാണ് കുഴഞ്ഞ് വീഴുന്നത്. ഗാന്ധിജിക്ക് ഏറെ പ്രിയംകരമായ ഉറുദു കലര്‍ന്ന ‘ഹിന്ദുസ്ഥാനി’യെ ‘ജാരഭാഷ’യെന്നാണ് നാഥുറാം ഗോഡ്സേ വിളിച്ചത്. 2002-ലെ ഗുജറാത്ത് വംശഹത്യക്കിടയില്‍ ഉറുദു കവിതയുടെ പിതാവായ വാലി ഗുജറാത്തിയുടെ സ്മാരകമാണ് തകര്‍ക്കപ്പെട്ടത്. വാലിയുടെ ‘ദര്‍ഗ’ നിലനിന്ന അഹമ്മദാബാദ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇപ്പോള്‍ ടാറിട്ട റോഡാണുള്ളത്. ദര്‍ഗയുടെ ഒരവശിഷ്ടം പോലും അവിടെ കാണാനാവില്ല. മധ്യകാലഘട്ടത്തിലെ ചരിത്രപരവും സാമൂഹികവുമായ സാഹചര്യത്തിന്റെ  സൃഷ്ടിയെന്ന നിലയില്‍ ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെയും സൗഹൃദത്തിന്റെയും  സൃഷ്ടിയെന്ന നിലയിലാണ് ഉറുദു ഭാഷ ഉണ്ടായത്. മുഗള്‍ കാലഘട്ടത്തിന്‍റെ മഹത്തായ മൂന്ന് സംഭാവനകളായി പറയപ്പെടുന്നത് ഉറുദുവും ഗാലിബും താജ് മഹലുമാണ്  .

മിർസ ഗാലിബിന്റെ പ്രതിമ

ഗാലിബിന്‍റെ ശബ്ദം മാറ്റൊലികൊണ്ട നഗരങ്ങളില്‍നിന്ന് ഉറുദു ഇന്ന് തുടച്ചു മാറ്റപ്പെട്ടിരിക്കു ന്നു. സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട ദിവസം മുതല്‍ അത് നീചഭാഷയായി, ‘ദേശദ്രോഹിയായി’ മുദ്ര കുത്തപ്പെട്ടിരുന്നു. (സാഹിര്‍ അക്ഷരങ്ങളുടെ ആഭിചാരകന്‍- കെ പി എ സമദ്) അന്നത് ‘നീചഭാഷ’യായെങ്കിലും നിലനിന്നു. എന്നാൽ  ഇന്നാകട്ടെ ദേശരാഷ്ട്രത്തില്‍നിന്ന് അതിന്‍റെ സാംസ്കാരിക ന്യൂക്ലിയസായ വിദ്യാഭ്യാസരേഖയില്‍നിന്ന് ഉറുദു പൂര്‍ണ്ണമായും ബഹിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. അവശിഷ്ടങ്ങളൊന്നും ബാക്കിവെക്കാതെ.

സംഘപരിവാര്‍ അറബി സമം ഇസ്ലാം എന്ന സങ്കുചിത മതാത്മക കാഴ്ചപ്പാടാണ് പൊതുവെ പുലര്‍ത്തുന്നത്.  അറബിയെ അവര്‍ അടയാളപ്പെടുത്തുന്നത് ലോകത്തിലെ ജീവിക്കുന്ന പ്രമുഖഭാഷകളില്‍ ഒന്നായല്ല. മറിച്ച് ഹിന്ദുക്കള്‍ ചെയ്യുന്നതിന് എന്തോ അതിന് എതിരായി പ്രവര്‍ത്തിക്കുന്നൊരു ഭാഷയായാണ്. നാം വലത്തുനിന്ന് ഇടത്തോട്ട് എഴുതുമ്പോള്‍ മുസ്ലീങ്ങള്‍ നമുക്ക് എതിരായി ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്നു എന്ന മട്ടില്‍ വിചിത്രമാണ് അവരുടെ അറബി വിശകലനം. അറബി മാത്രമല്ല ഉറുദുവും ഹിബ്രുവും ഉള്‍പ്പെടെ പല ഭാഷകളും ഈവിധം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. അത് ആരോടെങ്കിലും ആനുകൂല്യമോ എതിർപ്പോ പ്രകടിപ്പിക്കാനല്ല. ഇതൊക്കെ  വ്യക്തമായിട്ടും അറബിയെ മുന്‍നിര്‍ത്തി നടക്കുന്ന വൈകാരിക പ്രചാരണംഅരങ്ങേറുന്നത് അങ്ങേയറ്റം സങ്കുചിതമായാണ്. അറബിവാക്കുകളില്ലാത്ത ലോകഭാഷയില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും വിദ്യാഭ്യാസരേഖയില്‍നിന്നും അറബി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

ചൈനക്കാര്‍ എന്തും ഭക്ഷിക്കുന്നവരായതുകൊണ്ട് അനാഗരികരാണെന്ന കാഴ്ചപ്പാടാണ് ‘വിചാരധാര’ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ടാവണം  ചൈനീസ് ഭാഷയും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. രണ്ടോ മൂന്നോ ഭാഷ ഉപേക്ഷിക്കപ്പെട്ടതും  ചില കാഴ്ചപ്പാടുകളെ പുറത്തു നിര്‍ത്തിയതും  മാത്രമല്ല ഈ വിദ്യാഭ്യാസനയത്തിലെ അപാകതകൾ. വിചാരധാരയില്‍ വിവരിച്ചതും ‘വിദ്യാഭാരതി’ ആവിഷ്ക്കരിക്കുന്നതും പി എന്‍ ഓക്കും ദീനാനാഥ്ബത്രയും ആവശ്യപ്പെട്ടതുമായ കാര്യങ്ങള്‍ അതിനുള്ളിൽ  കടന്നു കൂടിയിരിക്കുന്നു എന്നുള്ളതാണ് പ്രധാനം. ഐക്യത്തിന്നു പകരം കൃത്രിമമായ ഏകീകരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന് ശക്തിപകരും വിധമാണ് വിദ്യാഭ്യാസരേഖയില്‍ കാര്യങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസരേഖ അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ അതിന്‍റെ മര്‍ദ്ദകമായ ഏകീകരണയുക്തി അക്രമാസക്തമായി ജെ എന്‍ യു പോലെയുള്ള സര്‍വ്വകാലശാലകളില്‍ ‘ദേശീയത’യുടെ മൂടുപടമിട്ട് നായാട്ടിന്നിറങ്ങി. ലോകജനത ദൃക് സാക്ഷിയായ സംഭവങ്ങളാണതെല്ലാം. ’ ജെ എന്‍ യു ഒരു ശത്രു രാജ്യമല്ല’ എന്ന് മാതൃഭൂമി മുഖപ്രസംഗമെഴുതി.

മങ്ങിപ്പോകുന്ന പ്രതിരോധങ്ങൾ

ഒരു സര്‍വ്വകലാശാല നിലകൊള്ളുന്നത് മാനവികതക്കുവേണ്ടിയും സഹിഷ്ണുതക്കു വേണ്ടിയും ആശയങ്ങളുടെ സാഹസികതകള്‍ക്കുവേണ്ടിയും സത്യാന്വേഷണങ്ങള്‍ക്ക് വേണ്ടിയുമാണ്. കൂടുതല്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങളിലേക്കുള്ള മനുഷ്യരാശിയുടെ മുന്നോട്ട്പോക്കിന് വേണ്ടിയുമാണ്. സര്‍വകലാശാലകള്‍ അവരുടെ കടമകള്‍ കൃത്യമായി നിര്‍വഹിക്കുകയാണെങ്കില്‍ രാജ്യവും ജനതയും സംതൃപ്തരായിരിക്കും. (നെഹ്റു)

ചരിത്രമെന്നത് നിശ്ചലതയുടെ ചുരുക്കപ്പേരല്ല. അത് ഭിന്നകാലങ്ങളുടെ കെട്ടിമറിയലും പല പ്രകാരത്തിലുള്ള കൂടിച്ചേരലുകളുമാണ്. ചരിത്രം സവിശേഷമായ ഒരു സാമൂഹ്യശാസ്ത്രം, എന്ന നിലയില്‍ മാത്രമല്ല സര്‍വ്വജ്ഞാനത്തിന്‍റെയും ‘ഭൗതികമായ ആധാരം’ എന്ന നിലയില്‍കൂടിയാണ് ഇന്ത്യയില്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള നിരന്തരസംവാദം എന്നര്‍ത്ഥത്തില്‍ തിരിച്ചറിയപ്പെട്ട ചരിത്രത്തെ വെറും പുരാണമാക്കൽ. അതുവഴി ഭാരതീയതയെ ‘ബ്രാഹ്മണിക’മാക്കൽ. രാഷ്ട്രവൈവിധ്യങ്ങളെയാകെ കൃത്രിമമായ ഏകത്വത്തിലേക്ക് വെട്ടിചുരുക്കൽ. സമരങ്ങളുടെ ജ്വലിക്കുന്ന ചരിത്രത്തെയാകെ മായ്ച്ചുകളയൽ. തങ്ങൾ  ഇച്ഛിക്കുന്ന വിധത്തിലേക്ക് വിദ്യാഭ്യാസത്തെയടക്കം കൊണ്ടുപോകൽ. ഇതിനൊക്കെ കഴിയുന്ന അവസ്ഥയിലേക്ക് സാമാന്യബോധത്തെ വഴിതിരിച്ചുവിടുന്നതില്‍ നവഫാസിസ്റ്റുകള്‍ ഏറെക്കുറെ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. 1977-ല്‍ പുറത്തിറങ്ങിയ നാഥുറാം ഗോഡ്സേയുടെ അശ്ലീലമായ ഗാന്ധിവധ ന്യായീകരണ പുസ്തകത്തിന്‍റെ പേര് May It Please Your Honour എന്നായിരുന്നു. 1993-ല്‍ അതേ പുസ്തകത്തിന്‍റെ പേര് Why I Assassinated Mahatma Gandhi  എന്നായി മാറി! എഴുപതിലെ പുസ്തകത്തിന്റെ  പേരിലെ കൃത്രിമവിനയം തൊണ്ണൂറുകളാവുമ്പോഴേക്കും ധാര്‍ഷ്ട്യമായി വളര്‍ന്നു. ഇതൊരു പുസ്തകത്തിന്റെ  പേരില്‍ മാത്രം സംഭവിച്ച മാറ്റമല്ല. സംഘപരിവാർ നടപ്പാക്കുന്ന ‘അനൗപചാരിക’ വിദ്യാഭ്യാസത്തിലൂടെയുള്ള പ്രചാരണം,  ഔദ്യോഗിക മാധ്യമങ്ങളെപ്പോലും സ്വന്തം വരുതിയിലാക്കൽ, ജാതി-വൈരുധ്യങ്ങളെ മതവൈരങ്ങളാക്കിത്തീർക്കൽ,  ലോകത്തിലെതന്നെ ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടിയായി സംഘപരിവാറിന്റെ വളർച്ച…  അതിന്റെയൊക്കെ ഭാഗമായി സംഭവിച്ചതാണ് ഇത്തരം മാറ്റങ്ങൾ.  വാജ്പേയി കാലത്ത് മുരളീമനോഹര്‍ ജോഷി അവതരിപ്പിച്ച വിദ്യാഭ്യാസരേഖക്കെതിരെ ഉയര്‍ന്ന അത്ര പ്രതിഷേധം ഇന്നുണ്ടാവുന്നില്ല. 2001 സെപ്തംബര്‍ 2-ന് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആ വിദ്യാഭ്യാസരേഖക്കെതിരെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്തു. തുടര്‍ന്ന് അഖിലേന്ത്യാവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതും സംഘപരിവാര്‍ ശക്തികള്‍ പതറിപ്പോയതും മറക്കാനാവില്ല. എന്നാലിന്ന് ആയൊരവസ്ഥ നിലനിൽക്കുന്നില്ല.

ഐൻസ്റ്റീന്റെ ദുഃസ്വപ്നം

മത്സ്യമാംസാദികള്‍ കഴിക്കുന്നവരെകൊണ്ടുപോലും അതിനെന്തോ ‘കുഴപ്പമുണ്ടെന്ന്’ ചിന്തിപ്പിക്കുക, അല്ലെങ്കില്‍ ‘മിനിമം’ അങ്ങിനെ നടിക്കുകയെങ്കിലും ചെയ്യൽ. ‘യോഗ’ അനുഷ്ഠിക്കാത്തവരെ കൊണ്ടുപോലും അതിലെന്തോ ‘അത്ഭുത’മുണ്ടെന്ന് തെറ്റിധരിപ്പിക്കൽ. സവര്‍ണ്ണതയാണ് സംസ്കാരത്തിന്‍റെ മാനദണ്ഡമെന്ന മിത്ത് നിര്‍മ്മിക്കൽ. ഇക്കാര്യങ്ങളിൽ  ഇന്നവര്‍ മുമ്പൊന്നുമില്ലാത്തവിധം മുന്നേറി കഴിഞ്ഞിരിക്കുന്നു. സരസ്വതീക്ഷേത്രം, ഗുരുപ്രണാമം എന്നിങ്ങനെയുള്ള താരതമ്യേന നിരുപദ്രവകരങ്ങളെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന പദപ്രയോഗങ്ങളുടെ ധൂര്‍ത്തമായ പ്രയോഗംപോലും അത്ര നിഷ്കളങ്കമല്ല. അധ്യാപകനെ ഗുരുവുമായും വിദ്യാര്‍ത്ഥിയെ ശിഷ്യനുമായും പരിവർത്തിപ്പിക്കുന്നു. വിദ്യാലയത്തെ സരസ്വതീക്ഷേത്രവുമായും പ്രതിജ്ഞകളെ പ്രാര്‍ത്ഥനയുമായും പൊതുസ്ഥാപനങ്ങളെ ജീവകാരുണ്യകേന്ദ്രങ്ങളുമായും വെച്ചുമാറ്റുന്നു. ഈ ശ്രമങ്ങള്‍ എത്രയോ കാലത്തെ ജനാധിപത്യത്തിന്‍റെ ത്യാഗോജ്ജ്വലമായ സമരചരിത്രത്തെയാണ് ഇല്ലാതാക്കുന്നത്. അതൊന്നും തിരിച്ചറിയാതെ ഇത്തരം പദാവലികളില്‍ അതിരുവിട്ട് അഭിരമിക്കുന്നവര്‍ ധാരാളമുണ്ട്.  സരസ്വതീപൂജയാണ് കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷരതക്ക് കാരണമെന്ന സംഘപരിവാര്‍ ധൈഷണികനായ പി പരമേശ്വരന്‍റെ ‘തിസീസും’അക്കൂട്ടർ  വൈകാതെ അംഗീകരിക്കും.

കെട്ട  പഠനം‘ കൂടിയാണ് ഗുജറാത്തിനെ 2002-ലെ സമാനതകളില്ലാത്ത വംശഹത്യയിലേക്ക് നയി ച്ചത്. പ്രാചീന ഇന്ത്യാ പ്രകീര്‍ത്തനത്തിന്‍റെ പേരിലുള്ള ‘അപരവല്‍ക്കരണം’ അവസാനിപ്പിക്കാതെ ജനാധിപത്യത്തിന് വികസിച്ച രൂപത്തില്‍ നിലനില്‍ക്കാനാവില്ല. ഇവയൊന്നും അനിവാര്യമായും തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍  ഇന്ത്യന്‍ ജനത -പ്രത്യേകിച്ചും പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍- കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവേണ്ടി വരും. അതാണിപ്പോള്‍ ഇന്ത്യയില്‍ പതുക്കെയും പ്രതിരോധം കുറഞ്ഞ സ്ഥലങ്ങളില്‍ വളരെ വേഗത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശനചിന്തയുടെ തീപ്പൊരികള്‍ ചിതറിയ ഇന്ത്യയുടെ അഭിമാനമായ സര്‍വ്വകലാശാലകള്‍ പോലും മുന്‍വിധികളുടെ നേഴ്സറികളായിമാറ്റപ്പെടുകയാണ്. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫസര്‍ അപൂര്‍വ്വാനന്ദ് തന്റെയൊരു വിദ്യാര്‍ത്ഥിയുടെ അനുഭവത്തെ അടിസ്ഥാനമാക്കി എഴുതിയത് അങ്ങേയറ്റം പ്രസക്തമാണ്.  മുന്‍വിധികളുടെ സമുദ്രത്തില്‍ ഒരു നാട് പതുക്കെ മുങ്ങുമ്പോഴും സര്‍വ്വകലാശാലകള്‍ ഒരു തുരുത്തായി എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് അത് നമ്മെ നിശ്ചയമായും ബോധ്യപ്പെടുത്തും. ഒരു ബ്രാഹ്മണ വിദ്യാര്‍ത്ഥിനിയും ദളിത് വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയമാണ് പശ്ചാത്തലം. സ്വന്തം ജീവിതംതന്നെ ആയൊരൊറ്റ പ്രണയംകൊണ്ട് വിദ്യാര്‍ത്ഥിക്ക്  ഭീഷണിയായി. ഇപ്പോഴുള്ള സ്ഥലത്ത് പഠനം പ്രയാസമായതിനാല്‍ ജെ എന്‍ യുവില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രൊഫസര്‍ അപൂര്‍വാനന്ദിന്‍റെ സഹായം ആ വിദ്യാർത്ഥി ആവശ്യപ്പെട്ടത്. അപൂര്‍വാനന്ദിന്‍റെ വാക്കുകളില്‍ സാമൂഹ്യവും സാംസ്കാരികവുമായി അഭയാര്‍ത്ഥികളായി തീരുന്നവര്‍ക്ക് മുമ്പില്‍ സര്‍വ്വകലാശാല പഠിക്കാനുള്ളൊരു സ്ഥലം മാത്രമല്ല. അത്  ഒരു അഭയകേന്ദ്രവും സാന്ത്വനം നല്‍കുന്ന വീടുമാണ്. അധിനിവേശമെന്ന് പറയുന്നത് ഓരോ വ്യക്തിക്കും കിട്ടേണ്ട അവസരങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ  അപ്രത്യക്ഷമാവല്‍ കൂടിയാണ്. അതാണിപ്പോള്‍ ഇന്ത്യയില്‍ പല സ്ഥലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ധൈഷണിക സാധൂകരണം നിര്‍മ്മിക്കാനുള്ള ശ്രമമാണ് പുതിയ വിദ്യാഭ്യാസരേഖയുടെ കാതൽ.

ക്ലാസ്സിക്കല്‍ ഫാസിസത്തിന്‍റെ കാലത്ത് ഐന്‍സ്റ്റൈന്‍ കണ്ട ഒരു സ്വപ്നം സ്വന്തം ഹിസ്റ്ററി പ്രൊഫസറെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതായിരുന്നത്രെ!

 

കെ.ഇ.എൻ. കുഞ്ഞഹമ്മദ്:  എഴുത്തുകാരനും പ്രഭാഷകനും സാംസ്‌കാരിക വിമര്‍ശകനും. ഫാറൂഖ് കോളേജിൽ മലയാളവിഭാഗത്തിന്റെ വകുപ്പുമേധാവിയായിരുന്നു.  ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ഗുരുദര്‍ശന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, തായാട്ട് അവാര്‍ഡ് എന്നിവ ലഭിച്ചു.

Share on facebook
Share on twitter
Share on linkedin
WhatsApp