മൂന്ന് പ്രണയ കവിതകൾ

puspha
Pushpa Baby Thomas
W/o Baiju Kalluparambil 1992 EC

കാവ്യാഗതം

എഴുതിയതൊക്കെയും നിന്നെ കുറിച്ചായിരുന്നു.
നിനക്ക് വേണ്ടിയായിരുന്നു.
അക്ഷരങ്ങളിൽ തെളിഞ്ഞത് നീയായിരുന്നു.
അക്ഷരമായ നമ്മുടെ പ്രണയം
കവിതയായ് പിറവിയെടുത്തു ; നമ്മിലൂടെ ….

മൗന വാത്മീകത്തിൽ തളയ്ക്കപ്പെട്ടവളെ
പ്രണയത്താൽ തിരിച്ച് നടത്തിയവന്
ഉപഹാരം കവിതയല്ലാതെ മറ്റെന്താണ് ??

നിന്നോട് പറയാനുള്ളതും
നിന്നിൽ നിന്ന് കേൾക്കാൻ കൊതിക്കുന്നതും
മോഹങ്ങളുടെ തേരിൽ എന്നെ
മായാലോകത്ത് എത്തിക്കുന്നതും
പ്രതീക്ഷയുടെ നക്ഷത്രമായി
എന്നെ വഴി നടത്തുന്നതും
അക്ഷരങ്ങളല്ലേ, കൂട്ടുകാരാ ???

വരികളിലെ പൊരുളും ,ഉയിരും
നീയല്ലേ കൂട്ടുകാരാ ??
പൊരുളറിഞ്ഞ് ,ഉയിരേകി
നീ വിളിച്ച പേരുകൾ ….
കവിതയേക്കാൾ മനോഹരം !!

ഞാൻ നിനക്കായി കുറിക്കാൻ
നീ കൊതിക്കും കവിത
എന്നുള്ളിൽ കുടുങ്ങി കിടക്കുന്നു

എന്നിട്ടും

മരം കോച്ചുന്ന രാവുകളിൽ
മനസ്സാകെ ചുട്ടു പൊള്ളി
ഉടലാകെ നനഞ്ഞ് …

കണ്ണീരിൽ നനഞ്ഞ
ഉറക്കമില്ലാത്ത രാപ്പകലുകൾ …
ചുളിവ് വീഴാത്ത കിടക്കവിരി
രുചി മറന്ന നാവ്
മണമില്ലാത്ത അടുക്കള
ഇരുളടഞ്ഞ ജനാലക്കാഴ്ചകൾ
ജീവിതം ഒടുക്കണമെന്ന് തോന്നിയ നാളുകൾ …

നിന്നെ മുറുകെ പിടിക്കാറില്ലെങ്കിലും
നീ മുറുകെ പിടിക്കാൻ കൊതിച്ചിരുന്ന വിരലുകൾ
മുറുകെ പിടിക്കുന്നത് മറ്റൊന്നെന്ന
നീറുന്ന സത്യത്തിൻ്റെ
നീരാവിയിൽ പുഴുങ്ങി,
നനുത്ത മഞ്ഞണിഞ്ഞ പുലർവേളകളിൽ,
നിൻ്റെ മനസ്സിൻ്റെ ഉടമയെ തേടി
തനിച്ചുള്ള യാത്രകൾ …

തുറക്കാത്ത വാതിൽപ്പടിയിൽ
കീറി മുറിഞ്ഞുള്ള കാത്തിരിപ്പ് …

തീ കോരിയിടുന്ന വാക്കുകളാൽ
മേനിയാകെ വെന്ത് നീറുമ്പോൾ
കത്തിച്ചാമ്പലാകാൻ കൊതിച്ച വേളകൾ ….

കുറവുകളിൽ നിന്ന്
നിറവുകളിലേയ്ക്ക്
അവൻ ഒഴുകി എത്തിയപ്പോൾ …
നിറഞ്ഞ മനസ്സിൽ
നിനക്കിടമില്ലെന്ന സത്യം
പഠിപ്പിച്ച പാഠങ്ങൾ …

മിഴികൾ അടച്ച്,
മനസ്സ് പൂട്ടി
കേട്ട ഗുണഗണങ്ങൾ …

അറിയാത്ത ദൂരങ്ങളിലേക്ക്
പറന്നകന്നപ്പോൾ
തകർന്ന്, തനിച്ചായിട്ടും …

എന്നിട്ടും…. എന്നിട്ടും….
എങ്ങനെ ??
ഇങ്ങനെ ??
നീ …കാത്തിരിക്കുന്നു ???

ഒരു വാക്കിന് ; ഒരൊറ്റ വാക്കിന്

ആഴിയുടെ ആഴവും
വാനത്തിൽ വിശാലതയും
വേനലിന്റെ ചൂടും
മകരമഞ്ഞിന്റെ കുളിരും
വസന്തത്തിൻ മനോഹാരിതയും
വൃശ്ചിക നിലാവിന്റെ തെളിമയും
വേനൽ മഴയുടെ ആകസ്മികതയും
നനുത്ത കാറ്റിന്റെ തലോടലും
ചുംബനത്തിന്റെ മധുരവും
ആശ്ലേഷത്തിന്റെ സാന്ത്വനവും
മോഹങ്ങളുടെ മിഴിവും
കാത്തിരിപ്പിന്റെ സുഖവും
മാരിവില്ലിന്റെ നിറങ്ങളും
ഉണ്ടെന്ന
അനുഭവം തന്നത് ; നീയാണ്

Share on facebook
Share on twitter
Share on linkedin
WhatsApp