അക്ഷരങ്ങള്‍ കവിതയെ ഉപേക്ഷിച്ച് കടലിലേക്കിറങ്ങിപ്പോവുന്നു
—————————————————————————————————–
പുതുതായി വാങ്ങിയ ഡയറിയ്ക്കുള്ളില്‍
ഇരിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ്
കവി
കവിതയെ
തലയില്‍ നിന്ന് ഇറക്കി വയ്ക്കാന്‍ ശ്രമിച്ചത്.
ബുദ്ധിമുട്ടി ചുമടിറക്കി വച്ചത്.
എന്നിട്ടും
പകര്‍ത്തിയെഴുതി അടച്ചു വച്ച ഡയറിയ്ക്കുള്ളില്‍ നിന്ന്
ക്രമം തെറ്റിച്ച്
അക്ഷരങ്ങള്‍
പുറത്തേക്ക് തള്ളി തള്ളി വന്നു കൊണ്ടേയിരുന്നു.
വള്ളിപുള്ളികള്‍,
കുറേ ദീര്‍ഘങ്ങള്‍, അഞ്ചോ ആറോ ചന്ദ്രക്കലകള്‍.
കുറേയേറെ അര്‍ദ്ധ വിരാമങ്ങള്‍.
പൂര്‍ണ വിരാമങ്ങള്‍, ചില്ലുകള്‍.
അക്ഷരങ്ങള്‍ കവിതയെ ഉപേക്ഷിച്ച് പുസ്തകത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കവി ചിതറിപ്പോയി.
കുമ്മായച്ചുവരില്‍ കരിക്കട്ട കൊണ്ട്
കവിത എഴുതാമോ എന്ന് ചോദിച്ച്
അക്ഷരങ്ങള്‍ മേശപ്പുറത്ത് പ്രതീക്ഷയോടെ കാത്തു കിടന്നു.
കവി കുമ്മായച്ചുവരില്‍ കരിക്കട്ടക്കവിതയെഴുതി.
ഇരുട്ടിവെളുത്തു.
കിടക്കയില്‍ നിന്ന് എണീറ്റ കവി
വള്ളിപുള്ളികളില്‍ കാലുടക്കി
ചന്ദ്രക്കലയില്‍ തെന്നി മുഖമടിച്ച് നിലത്തു വീണു.
രാത്രിയില്‍
അക്ഷരങ്ങള്‍ കവിതയെ ഉപേക്ഷിച്ച്
ചുവരില്‍ നിന്ന് കുമ്മായമിളക്കി അടര്‍ന്നു വീണിരുന്നു.
കവി ചോരയില്‍ കുളിച്ച് നിലത്തു കിടന്നു.
മുറ്റത്തെ മാവില്‍
മാമ്പൂ വിടര്‍ന്ന പോലെ
പൂക്കാത്ത മാവുകളില്‍
പൂക്കളായി വിടര്‍ന്നു നില്‍ക്കാമെന്ന് പറഞ്ഞ്
അക്ഷരങ്ങള്‍ കവിയുടെ കൈ പിടിച്ച് മാഞ്ചുവട്ടിലേക്ക് നടന്നു.
പൂക്കാത്ത മാവിന്റെ ചില്ലകളില്‍ കവിത വിരിഞ്ഞു.
കാറ്റടിക്കുന്നു.
ഇലകള്‍ കാറ്റത്ത് ചൊല്ലുന്ന കവിതയേക്കാള്‍
മികച്ച കവിത ഇല്ലെന്നു പറഞ്ഞ്
അക്ഷരങ്ങള്‍ കവിതയെ ഉപേക്ഷിച്ച്
കരിയിലകള്‍ക്കിടയിലേക്ക് പൊഴിഞ്ഞു വീഴുന്നു.
കവിയെ പുഴു തിന്നുന്നു.
കടല്‍ത്തീരത്തെ കരിമണലില്‍ കവി കവിത എഴുതുന്നു.
തിരയടിച്ച് കവിത നാലുപാടും തെറിച്ചു പോകുന്നു.
അക്ഷരങ്ങള്‍ കവിതയെ ഉപേക്ഷിച്ച് കടലിലേക്കിറങ്ങിപ്പോവുന്നു.
മൂന്നാം പക്കം തീരത്തടിയുന്നു.
കടല്‍ക്കാക്കകള്‍ വട്ടമിട്ട് പറക്കുന്നു.
കടലില്‍ കവി പൊങ്ങിമലര്‍ന്നു കിടക്കുന്നു.