മുഖക്കുറിപ്പ്

April 2024

നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രമായ ഇന്ത്യ അതിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. 77 വർഷം മുമ്പുള്ള ഒരു അർദ്ധരാത്രിയിൽ നാം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ചു. ഏറെക്കാലമായി അടിച്ചമർത്തപ്പെട്ട ജനതയുടെ ആത്മാവ് അതിൻ്റെ ഉച്ചാരണം കണ്ടെത്തി. എല്ലാവിധ വെല്ലുവിളികൾക്കും പാകപ്പിഴകൾക്കും ഇടയിലൂടെയാണെങ്കിലും നമ്മൾ ജനാധിപത്യത്തിലൂടെയുള്ള യാത്ര തുടർന്നു. എന്നാൽ ഇപ്പോൾ മറ്റൊരു തിരഞ്ഞെടുപ്പിൽ പങ്കെടുക്കുമ്പോൾ മുമ്പെങ്ങുമില്ലാത്തതിനേക്കാൾ വലിയ ഭീഷണിയാണ് നാം നേരിടുന്നത്.

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളുടെയെല്ലാം നിലനിൽപ് അപായസൂചനയിലാണ്. യാതൊരു വിധ ചർച്ചകളുമില്ലാതെ നിയമനിർമ്മാണ സഭ ജനദ്രോഹ ബില്ലുകൾ പാസാക്കുന്നു. ജുഡീഷ്യൽ സ്ഥാപനങ്ങൾ യുക്തിരഹിതമായി വിധികൾ പുറപ്പെടുവിക്കുന്നു. സർക്കാർ ഏജൻസികൾക്ക് യജമാനന്മാരെ പ്രീതിപ്പെടുത്താൻ പ്രാഥമിക മര്യാദകൾപോലും ലംഘിക്കാൻ യാതൊരു മടിയുമില്ല. ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമങ്ങളിൽ ഭൂരിഭാഗവും പൂർണ്ണമായി കീഴടങ്ങുകയും നിവർന്നു നിന്നാൽ നാശം സംഭവിക്കുമെന്ന ഭയത്തിൽ ഇഴയാൻ തയ്യാറാവുകയും ചെയ്യുന്നു. ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിൽ പ്രത്യക്ഷമാകുന്ന ബഹുസ്വരതയുടെ ആദർശം, സംസ്ഥാനങ്ങളുടെ ഐക്യം എന്ന തത്വത്തിലൂടെ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്ന ഫെഡറൽ ഘടന, വൈജാത്യങ്ങൾക്കിടയിലും സംസ്കാരങ്ങളെ സഹവർത്തിത്വത്തിന് അനുവദിക്കുന്ന മതേതരത്വം- നമ്മുടെ രാഷ്ട്രത്തിൻ്റെ അടിസ്ഥാനശിലകളായ അവയെല്ലാം അതിവേഗം തകർക്കപ്പെടുകയാണ്. ദേശീയ പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ ഉൾക്കൊണ്ട് പുരോഗതിയിലേക്ക് മുന്നേറാൻ പ്രേരിപ്പിക്കുന്ന ഭരണഘടനയും ജനാധിപത്യ സംവിധാനവും അനുനിമിഷം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. ആധുനികതയ്ക്കും ശാസ്ത്രീയ മനോഭാവത്തിനും പകരം ഭീതിയുടെയും വെറുപ്പിന്റെയും അന്തരീക്ഷം പ്രചരിപ്പിക്കാനും മധ്യകാല മൂല്യങ്ങൾ സ്ഥാപിക്കാനുമുള്ള നിരന്തരമായ ശ്രമം നടക്കുന്നു. ഇത് തുടരാൻ അനുവദിച്ചാൽ ഒരു സ്വതന്ത്രരാജ്യത്തിൻ്റെ പൗരന്മാരിൽനിന്ന് സ്വേച്ഛാധിപത്യ ഭരണകൂടത്തിൻ്റെ പ്രജകളിലേക്ക് നമ്മളേവരും തരംതാഴ്ത്തപ്പെടും.

എന്ത് വില കൊടുത്തും ഈ പിന്മടക്കങ്ങളെ ചെറുക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയും അവകാശവുമാണ്. എല്ലാ പോരായ്മകൾക്കിടയിലും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ നിലകൊണ്ട നമ്മുടെ രാജ്യത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതവും. അതുകൊണ്ടാണ് ‘ദർശന’യും ‘ദി ഐ’യുടെ എഡിറ്റോറിയൽ ബോർഡും ഇപ്രാവശ്യത്തെ മാസിക രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക പതിപ്പായി ഒരുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാർ ഈ പതിപ്പിന് സംഭാവനകൾ നൽകിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ ആകാംക്ഷകളെ ഊന്നിപ്പറയുന്ന ഈ ലേഖനങ്ങൾക്ക് ഓരോ രചയിതാവിനും എഡിറ്റോറിയൽ ബോർഡ് നന്ദി രേഖപ്പെടുത്തുന്നു.

കഴിഞ്ഞ പത്ത് വർഷമായി ഭരണകർത്താക്കൾ സ്വീകരിച്ച ദിശയും യഥാർത്ഥ സാഹചര്യവും വിശദമാക്കാൻ ഡാറ്റയും വസ്തുതാ ഷീറ്റുകളും അടിസ്ഥാനമാക്കിയുള്ള കുറിപ്പുകളും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2014 ന് ശേഷമുള്ള രാഷ്ട്രത്തിൻ്റെ ‘പുരോഗതി’യെക്കുറിച്ചുള്ള മിഥ്യാധാരണകളെ അന്ധമായി ആഘോഷിക്കാതെ അവകാശവാദങ്ങളും പരമാർത്ഥവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഒരു തുറന്ന ചർച്ചയാണ് ഞങ്ങളുടെ ലക്ഷ്യം.

നിങ്ങളുടെ നിർദ്ദേശങ്ങളും പ്രതികരണങ്ങളും എല്ലാപ്പോഴും എന്നപോലെ സ്വാഗതം ചെയ്യുന്നു.

————————————————————————–

പുറംചട്ടയിലെ ചിത്രം റിത്വിക് ഘട്ടക്കിൻ്റെ ഇന്ത്യാവിഭജനത്തെ ആധാരമാക്കിയുള്ള ചലച്ചിത്രത്രയത്തിലെ അവസാനത്തെ സിനിമയായ ‘സുവർണ്ണരേഖ’യിൽ നിന്നാണ്. വിഭജനത്തിൻ്റെ കൊടുംവേദനകളും അപകടങ്ങളും ചിത്രീകരിക്കുന്ന മികച്ച കലാസൃഷ്ടിയാണത്. സിഎഎ ഉൾപ്പെടെയുള്ള ഹിന്ദുത്വ ഫാസിസത്തിൻ്റെ വിഭജന അജണ്ട പലരുടെയും ഭാഗധേയത്തിനു മേൽ കരിനിഴൽ വീഴ്‌ത്തുന്ന നമ്മുടെ കെട്ടകാലത്തിലേക്ക് ആ സിനിമയിലെ സീത എന്ന കുട്ടിയുടെ നോട്ടം നീളുന്നു.

Share on facebook
Share on twitter
Share on linkedin
WhatsApp