പട്ടാളത്തിന്റെ അകമ്പടിയുള്ള
കുഴലൂത്തുകാർ നടന്നു നീങ്ങിയപ്പോൾ
തെരുവ് വിജനമായി
കിടിലംകൊള്ളിയ്ക്കുന്ന ബൂട്ടൊച്ചകൾ
കാണാമറയത്തെത്തും വരെ ചിലമ്പിയ പാട്ടകൾ
ബാൽക്കണിയിൽ വിറകൊണ്ടു
മറ്റു താടിക്കാരുടെ ചിത്രങ്ങളെല്ലാം പിടിച്ചടക്കപ്പെട്ടപ്പോൾ
പാർട്ടി ഓഫീസുകൾക്കു താഴെ
വഴിയോരത്ത് പുസ്തകങ്ങൾ കത്തിയമർന്നു
ഫാക്ടറികളിൽ ശംഖൂതിയപ്പോൾ
അഞ്ച് കുതിരകളെപ്പൂട്ടിയ വണ്ടികൾ
തൊഴിലാളികളെ കുത്തി നിറച്ച് കടന്നുപോയി
വഴിയോരങ്ങളിൽ കുതിർന്നടിഞ്ഞു പോയ
മുക്കല്ലടുപ്പുകൾക്കരികെ
ഗോതമ്പും നെല്ലും മുളപൊട്ടി
കൂറ്റൻ മുൾവേലിയ്ക്കുള്ളിലെ
നെടുങ്കൻ തകരക്കൂടാരങ്ങളിലാണ്
എല്ലാ പാതകളും ചെന്നവസാനിക്കുന്നത്
തെരുവ് നിശ്ശബ്ദമാണ്.