കീറ്റ്സ്: സൗന്ദര്യത്തിന്റെ രാപ്പാടി
അജിത് പി ആച്ചാണ്ടി
2010 CS
വേഡ്‌സ്‌വർത്തിന്റെയും ബ്ലേക്കിന്റെയും കോളറിഡ്ജിന്റെയും പിന്മുറക്കാ രായി വന്ന പ്രതിഭാധനരായ ഇംഗ്ലീഷ് കാൽപ്പനിക കവികളിൽ ഒരാളാണ് കീറ്റ്‌സ് (John Keats (31 October 1795 – 23 February 1821)) . പി ബി ഷെല്ലിയും ബൈറനുമാണ് ഈ കാലഘട്ടത്തിലെ സമശീര്ഷരായ മറ്റു രണ്ട് പ്രധാന കവികൾ. ഇടിമിന്നലായസ്തമിച്ച കാവ്യപ്രതിഭ. ഭാവഗീതങ്ങളിൽ/അർച്ചനാ കാവ്യങ്ങളിൽ (odes) അദ്ദേഹം അസാമാന്യ മികവ് കാട്ടി. പാരമ്പര്യമായി കിട്ടിയ ക്ഷയരോഗമാണ് ഇരുപത്താറാം വയസ്സിൽ ആ ജീവനെടുത്തത്. പലരുടെയും കാര്യത്തിലെന്ന പോലെ മരണശേഷമാണ് കീറ്റ്‌സിനെ ലോകം കൂടുതൽ അംഗീകരിച്ചത്. (മരിക്കുമ്പോൾ മാത്രം അംഗീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. ചാവിന് ബന്ധുത്വമേറുമല്ലോ എന്ന് കടമ്മനിട്ട). ക്ലാസ്സിക്കൽ കാലത്തിന്റെ ഉറപ്പുകൾ ഇല്ലാതാകുന്ന കാലഘട്ടമായിരുന്നല്ലോ അത്.
സൗന്ദര്യം സത്യമാണെന്നും സത്യം സൗന്ദര്യമാണെന്നും കീറ്റ്‌സ് വിശ്വസിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വലിയ തത്വചിന്തകളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിന്നു. ഭാവനയെന്ന സത്യത്തേയും ഹൃദയ വികാരങ്ങളുടെ പരിശുദ്ധിയേയും കുറിച്ചല്ലാതെ കൂടുതലൊന്നും തനിക്കറിയില്ലെന്ന് പറഞ്ഞ കീറ്റ്സ് സൗന്ദര്യാന്വേഷണം ഉപാസനയാക്കി മാറ്റി. കീറ്റ്സ് ഇന്ദ്രിയാനുഭൂതി കളുടെ കവിയായിരുന്നു.He was a poet of senses,beauty and colour.
കീറ്റ്സിന്റെ കാഴ്ചപ്പാടിൽ കഴമ്പുണ്ട് എന്ന് കാണാൻ വിഷമമില്ല. ശുദ്ധസൗ ന്ദര്യം കൊണ്ട് എന്താണ് കാര്യം എന്ന് ചോദിക്കുന്നവർ ഉണ്ടാകും. പക്ഷേ, 1970 ലെ ബ്രസീലിയൻ ഫുട്‌ബോൾ ടീമിനെ അറിയുന്നവർ അത്തരം ഒരു ചോദ്യം ഉന്നയിക്കാൻ ഇടയില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീം ആയി, ഫുട്‌ബോൾ, ക്രിക്കറ്റ് തുടങ്ങിയ എല്ലാ ഉൾപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പിൽ ഒന്നാമതെ ത്തിയത് ഈ ലോകകപ്പ് ജയിച്ച ബ്രസീൽ ടീം ആയിരുന്നു. പിന്നീട് വിജയം മാത്രം ലക്ഷ്യമാക്കുന്ന തത്വശാസ്ത്രങ്ങൾക്ക് മുൻകൈ ലഭിച്ചപ്പോൾ ഇതെല്ലാം അവഗണിക്കപ്പെട്ടു.
ഇന്ദ്രിയങ്ങളിലൂടെ പ്രകൃതിയെ അറിയാനാണ് കവി ശ്രമിച്ചത് (Keats was a poet of senses). അതാകട്ടെ ഭാവതീവ്രമായിരുന്നു. സുഗന്ധമാർന്ന പൂക്കൾ, സംഗീത സാന്ദ്രമായ അരുവികൾ,വർണാഭമായ ശരത്കാലം … ഇതെല്ലാം അദ്ദേഹത്തെ പ്രചോദിപ്പിച്ചു.
സമഗ്രവും കൃത്യവുമായ കാര്യങ്ങളോട് ആയിരുന്നു കവിക്ക് പ്രിയം. ജീവിതത്തിന്റെ ചടപ്പിൽ നിന്ന് കവിതയുടെ ചിറകിലേറി കീറ്റ്സ് പറന്നുയർന്നു. ഇത് രക്ഷപ്പെടലാണെന്ന ക്രൂരമായ വിമർശനങ്ങൾ ഉയർ ന്നിരുന്നു. പ്രകൃതി നശിക്കുമെന്നും കല അനശ്വരമാണെന്നുമായിരുന്നു കീറ്റ്‌സിന്റെ പക്ഷം.
ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രകൃതിയിലേക്ക് നോക്കുമ്പോൾ അല്ലെങ്കിൽ അതിനെ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യന്റെ വികാരങ്ങളെയാണ് കാല്പനിക പ്രസ്ഥാനം കവിതയായി ആവിഷ്കരിച്ചത്. അല്ലാതെ വെറും പൂവും പൂമ്പാറ്റയുമല്ല ആ കവിതകളിൽ. ഒരു ചെടിയിൽ ഇല പൊടിച്ച് വരുന്ന പോലെ, മൊട്ടിടുന്ന പോലെ, പൂ വിരിയുന്ന പോലെ സ്വാഭാവികമായി വരുന്നതാണ് കവിത എന്ന് കീറ്റ്‌സും കൂട്ടരും പറഞ്ഞു. കാല്പനികരിലെ കാല്പനികനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
കവികൾക്ക് അല്ലെങ്കിൽ കലാകാരന്മാർക്ക് നെഗറ്റീവ് കേപ്പബിലിറ്റി(Negative Capability) ഉണ്ടെന്ന ഒരു നിരീക്ഷണം കീറ്റ്സ് മുന്നോട്ട് വെക്കുന്നു.സ്വയം നിഷേധിക്കാനും വിവിധ കഥാപാത്രങ്ങളിലേക്ക് കൂട് മാറാനും ഉള്ള കഴിവാണിത്. വർഷങ്ങൾക്ക് മുമ്പ് തിരൂരിൽ നടന്ന നാടക മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് മന്ദബുദ്ധികൾ അവതരിപ്പിച്ച ഒരു നാടകമായിരുന്നു. എം.ടി ഉൾപ്പെടെയുള്ളവർ ആയിരുന്നു അന്ന് വിധികർത്താക്കൾ. ഇതിന്റെ കാരണം, വിജയൻ മാഷ് നിരീക്ഷിച്ച പോലെ അവർക്ക് ജാടയില്ലാത്തതിനാൽ സ്വയം നിഷേധിച്ച് മറ്റൊരാളായ് മാറാൻ കഴിയുന്നു എന്നതാകാം.
കീറ്റ്‌സിന്റെ കല്പനകൾ പലകുറി മിനുക്കി മിനുക്കി എടുത്തതാണ്. വ്യക്തിപരമായ ദു:ഖങ്ങളുടെ പ്രതിഫലനങ്ങളും ആ കവിതകളിൽ കാണാം. കവിയുടെ ജീവിതം അറിയണോ എന്നത് നിരൂപണത്തിലെ പ്രധാന ചോദ്യമാണ്. ഉദാഹരണത്തിന് തരളഹൃദയനായ കീറ്റ്‌സിന് സഹിക്കാൻ കഴിയാത്ത പരുക്കൻ വിമർശനങ്ങൾ അദ്ദേഹത്തെ കുറിച്ച് ഉയർന്നിരുന്നു. റൊമാന്റിക് കവികളെ യൂണിവേഴ്‌സിറ്റിയിൽ വിട്ട് പഠിപ്പിക്കണമെന്നാക്ഷേ പിച്ചവർ ഉണ്ടല്ലോ.
രാപ്പാടിയുടെ പാട്ട് അതിജീവിക്കുന്നത് ചവിട്ടിയരച്ച് മുന്നേറുന്ന കാലത്തെ തന്നെയാണ്. ആർദ്രതയെ കല്ലാക്കി തീർക്കുന്ന ഈ ലോകത്ത് നിന്ന് അവളുടെ പാട്ട് കേട്ട് വിടപറയാൻ കഴിഞ്ഞെങ്കിൽ. തന്റെയും വീട്ടുകാരുടെയും ജീവിതം കാർന്നെടുത്ത രോഗത്തെ കുറിച്ചുള്ള സൂചനകളും ഇതിലുണ്ട്. മരിക്കാൻ നല്ല നിമിഷം ഇതാണെന്ന് കവിക്ക് തോന്നി.അനർഘ നിമിഷം! ഇതേ പേരിൽ ബഷീറിന്റെ ഒരു കഥയുണ്ട്. “നീയും ഞാനും എന്നതിൽ നിന്ന് നീ മാത്രമാകാൻ പോവുകയാണ്” . ഒരുപക്ഷേ ഇതിനേക്കാൾ നല്ല നിമിഷമുണ്ടെന്ന് ചങ്ങമ്പുഴ എഴുതി,”അത്യനർഘമാം നിമിഷത്തിലുത്തമേ നീ മരിക്കണം”. സുഹൃത്തായ ചാൾസ് ഡൗണിന്റെ ഹാംസ്റ്റഡിലെ വീട്ടിലാണ് ഈ കവിതയുടെ പിറവി. 1819 ലെ വസന്തത്തിൽ രാപ്പാടിയുടെ പാട്ട് കേട്ട സന്തോഷത്തിൽ മരച്ചോട്ടിൽ എത്തി ചുരുട്ടിപ്പിടിച്ച തുണ്ട് കടലാസിൽ അദ്ദേഹം കവിത കുത്തിക്കുറിച്ചു എന്നാണ് കഥ. കവിതയിൽ വൈകുന്നേരമാണ് ചിത്രീകരിച്ചതെതെങ്കിലും ഈ സംഭവം നടന്നത് രാവിലെയാണ് എന്നത് കൗതുകകരമാണ്. പക്ഷിയുടെ പാട്ട് നേരത്തെ തന്നെ കീറ്റ്സ് ആസ്വദിച്ചിരുന്നു എന്ന് പറയുന്നവരുമുണ്ട്. അതേതായാലും ഈ ഓഡിനെ പോലെ സുന്ദരമായ മറ്റൊന്ന് ഇംഗ്ലീഷിൽ കാണാൻ ബുദ്ധിമുട്ടാണ്. രാപ്പാടിയെ പോലെ അനശ്വര കവിയായി കീറ്റ്സും മാറുകയായിരുന്നു.
അനശ്വരമെന്ന് ഇവിടെ പറയാൻ കാരണമുണ്ട്. മഹാകാവ്യം എഴുതി പേരെടുക്കണമെന്നായിരുന്നു കീറ്റ്സും കരുതിയത്. അങ്ങനെ ഒന്ന് എഴുതാതെ മഹാകവി ആയ ആളാണ് ആശാൻ. പുതുകവികൾ മഹാകവികളാകാൻ വ്രതം എടുക്കുന്നില്ല എന്നത് കവികളെ സംബന്ധിച്ച് മാത്രമല്ല; ശിഥിലമാകുന്ന കാലത്തെ കുറിച്ച് കൂടിയുള്ള ഒരു പ്രസ്താവനയാണ്.
എന്നാൽ രോഗം വഷളാക്കിയപ്പോൾ മഹാകാവ്യമെഴുതാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും പകരം ചെറിയ കൃതികൾ എഴുതാൻ തീരുമാനിക്കു കയും ഹൈപ്പീരിയോണുൾപ്പെടെയുള്ള കൃതികൾ 1819ൽ എഴുതുകയും അത് കവിതയെ സംബന്ധിച്ച് അത്ഭുതങ്ങളുടെ വർഷം ആകുകയും ’21ൽ അദ്ദേഹം മരിക്കുകയും ചെയ്തു.
ഹെംലോക്കാണോ മദ്യമാണോ താൻ കുടിച്ചത് എന്നുറപ്പില്ലെങ്കിലും രാപ്പാടീ നിന്റെ പാട്ട് എത്ര മനോഹരമാണ്, നീയൊരു വനദേവത തന്നെയാകണം. ഈ പാട്ടിന്റെ ആഹ്ളാദത്തിൽ അസൂയയല്ല, അത് പങ്കിടാൻ കഴിഞ്ഞ സന്തോഷമാണ് വൈതരണിയിൽ ഉഴറുമ്പോലെ തോന്നുമ്പോഴും തനിക്കുള്ളത് എന്ന് കീറ്റ്സ് എഴുതി. ആദ്യഘട്ടത്തിൽ തന്നെ ഗ്രീക്ക് മിത്തോളജിയുമായ് കീറ്റ്സിനുള്ള പരിചയം വ്യക്തമാണ്. സോക്രട്ടീസ് നിർഭയം വാങ്ങിക്കുടിക്കുന്ന കൊടും വിഷമാണല്ലോ ഹെംലോക്ക്.
നാടൻ പാട്ടിലേക്കും പൂക്കളിലേക്കും നൃത്തത്തിലേക്കും ഒന്നാന്തരം മദ്യത്തിലേക്കും കവിയുടെ ഓർമകൾ കടന്ന് ചെല്ലുന്നു. പവിഴക്കുമിളകൾ ചിമ്മി**, തിളങ്ങിച്ചുവന്ന ബീക്കറിന്റെ ചോരിവായ് നുകർന്ന രുചിയെല്ലാം മറന്ന് രാപ്പാടിയുടെ പാട്ടിൽ അലിയാൻ കഴിഞ്ഞെങ്കിൽ എന്ന് കവി ആശിക്കുന്നു.
അല്ലെങ്കിൽത്തന്നെ ഇവിടുത്തെ കാര്യങ്ങളും മറ്റും നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം. ജ്വരവും ക്ഷീണവും മരണവും ഒക്കെ ഇലച്ചാർത്തിൽ ഇരിക്കുന്ന നീ എങ്ങനെ അറിയാനാണ്? മിന്നലിനെ കടക്കണ്ണിൽ ഒളിപ്പിക്കാൻ കഴിയാത്ത സൗന്ദര്യവും തപിക്കാൻ കഴിയാത്ത പുത്തൻ പ്രേമവും ഒക്കെയായ് മരണം കാത്ത് കഴിയുക തന്നെ. വിവാഹം കഴിച്ചാൽ സൗന്ദര്യം കാമുകിക്ക് കവർന്ന് പോകും എന്നൊരു ധാരണ കീറ്റ്സ് പങ്ക് വെച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞതിന്റെ അപകർഷതയും അദ്ദേഹം വെച്ച് പുലർത്തി. ഫാനി ബ്രൗണിനോടുള്ള പ്രണയത്തിന് ജീവൻ തന്നെ എടുത്ത ക്ഷയരോഗം വിഘാതമായ്. ചുമച്ച് തുപ്പിയ ചോരയിൽ മരണത്തിന്റെ വാറണ്ട് കീറ്റ്സ് കണ്ടു. (ചങ്ങമ്പുഴയുടെ മരണം ഇവിടെ ഓർക്കാം)
സൗരഭ്യമായ്, വള്ളിപ്പടർപ്പുകളായ്, നീലപ്പൂക്കളുടെ ശോഭയായ് എല്ലാം ഞാൻ നിന്റെ കാൽക്കൽ കാണാതെ കാണുന്നുണ്ട്. കാഴ്‌ചയെ കാതിൽ നിന്ന് ഒഴിവാക്കിയാൽ പാട്ട് നന്നായ് ആസ്വദിക്കാൻ കഴിയും. അത് കൊണ്ട് ഇരുട്ടത്ത് പാട്ട് കേൾക്കണം എന്ന് പറയാറുണ്ട്. കേട്ട പാട്ടുകൾ മധുരമാണെങ്കിൽ കേൾക്കാത്തവ അതിമധുരമത്രെ.
നിന്റെ ഈ പാട്ട് ഗ്രാമീണനും രാജാവിനും ഒരുപോലെ ആനന്ദദായകമാണ്. ഇത് തന്നെയാണ് നിസ്വയായ റൂത്തിന്റെ കണ്ണ് നനയിക്കുന്നതും കടലിലെ മാന്ത്രികപ്പൂട്ട് തുറക്കുന്നതും.
വാസ്തവത്തിൽ ബിബ്ലിക്കൽ റഫറൻസ് കീറ്റ്‌സിന്റെ സങ്കൽപ്പമാണ്. എന്നാൽ ആർക്കും പെട്ടെന്നത് തോന്നില്ല. ഭാവനയെ യാഥാർത്ഥ്യം ആക്കാനുള്ള റൊമാന്റിക് എബിലിറ്റിയാണിത് കാണിക്കുന്നത്.
പുൽമേടും കുന്നും താഴ്‌വരയും കടന്ന് നിന്റെ സംഗീതം മായുകയാണ്. താൻ കണ്ടത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.
കുറഞ്ഞ വാക്കുകളിൽ ഇത്രയും മനോഹരമായ കവിത അനുഭവവേദ്യമാക്കിയത് കൊണ്ട് തന്നെയാണ് കീറ്റ്‌സിനെ സാക്ഷാൽ ഷെയ്ക്സ്പിയറോട് ചിലർ താരതമ്യപ്പെടുത്തുന്നത്.
കീറ്റ്സ് മരിച്ചപ്പോൾ ഷെല്ലി പറഞ്ഞത് മരണമാണ് ഇല്ലാതായത് എന്നാണ്, Death of death. മരണത്തിനും മരണമെന്നൊന്നില്ലേ?
**സുഗതകുമാരിയുടെ വിവർത്തനം