കെ. സഹദേവൻ
”ന ഖാവുംഗാ, ന ഖാനേ ദൂംഗാ” (തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല). 2014ലെ പൊതുതെരഞ്ഞെടുപ്പുവേളയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് നല്കിയ വാഗ്ദാനങ്ങളിലൊന്ന് ഇതായിരുന്നു. അഴിമതിയായിരുന്നു അക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ പ്രധാനവിഷയം. കോണ്‍ഗ്രസ്സ് ഭരണകാലത്തെ സുപ്രധാന അഴിമതികളായ കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരി കുംഭകോണം, 2 ജി സ്പെക്ട്രം എന്നിവയ്ക്കെതിരായി ബിജെപിയും സഖ്യകക്ഷികളും ആഞ്ഞടിച്ചുകൊണ്ടിരുന്നപ്പോള്‍, മറ്റൊരുഭാഗത്ത്, അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ‘ഇന്ത്യാ എഗേന്‍സ്റ്റ് കറപ്ഷന്‍’ അഴിമതിക്കെതിരായി ശക്തമായി സമരരംഗത്തു നിറഞ്ഞുനിന്ന നാളുകള്‍ കൂടിയായിരുന്നു അത്. ഈയൊരു സാഹചര്യത്തില്‍ തന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ താന്‍ അഴിമതി നടത്തുകയോ തനിക്ക് ചുറ്റും അഴിമതി നടത്താന്‍ ആരെയും അനുവദിക്കുകയോ ചെയ്യില്ലെന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് ഒരു ദശകം പൂര്‍ത്തിയാവുകയാണ്. ഈ പത്തുവര്‍ഷക്കാലയളവില്‍ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലം എത്രമാത്രം അഴിമതി മുക്തമായിരുന്നുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതിനുമുമ്പ് അഴിമതിയുടെ ഭിന്നരൂപങ്ങളെക്കുറിച്ച് ചെറുതായൊന്ന് പരാമര്‍ശിക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നു.
അഴിമതിയെന്ന് പൊതുവ്യവഹാരത്തില്‍ വിശേഷിപ്പിക്കുന്ന വ്യാവഹാരിക-വ്യവസ്ഥാപിത അഴിമതികള്‍ അവയുടെ സ്വഭാവത്തിലും പ്രയോഗത്തിലും തികച്ചും ഭിന്നങ്ങളാണ്. ദൈനംദിന ജീവിതത്തിലെ അഴിമതിയെയാണ് വ്യാവഹാരിക അഴിമതിയെന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. അതായത് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് തൊട്ട് സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ക്കായി നല്കപ്പെടുന്ന കൈക്കൂലി തൊട്ട് ഗവണ്മെന്റ് കരാറുകളും മറ്റും ലഭ്യമാക്കുന്നതിനും നല്കപ്പെടുന്ന പണം. നിയമപരമായി ലഭിക്കേണ്ട സേവനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന കാലതാമസം ഒഴിവാക്കുന്നതിനും മറ്റുമായി സാധാരണക്കാരന് നല്കുന്ന കൈക്കൂലി മുതല്‍ കരാര്‍ വ്യവസ്ഥകള്‍ നിയമവിരുദ്ധമായി ഇളവുചെയ്തും കരാര്‍ ലംഘനത്തെ കണ്ടില്ലെന്ന് നടിക്കുന്നതിനും ഒക്കെയായി വന്‍കിട ബിസിനസ്സുകാര്‍ നല്കുന്ന അഴിമതിപ്പണത്തെ വ്യാവഹാരിക അഴിമതി ഗണത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. പൊതുവില്‍ അഴിമതിയുടെ യഥാര്‍ത്ഥ മുഖമായി മനസ്സിലാക്കപ്പെടുന്ന ഒന്നാണിത്.
അഴിമതിയിലെ രണ്ടാമത്തെ ഇനം വ്യവസ്ഥാപിത അഴിമതിയാണ്. നയപരമായ തീരുമാനങ്ങളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും നടത്തുന്ന ഈ അഴിമതി രാജ്യത്തിന്റെ പൊതുസമ്പത്തിലും ഖജനാവിനും ഭാവിയെലെ വിഭവലഭ്യതയിലും സൃഷ്ടിക്കുന്ന ആഘാതം എത്രയെന്ന് കണക്കാക്കുക പ്രയാസമായിരിക്കും. പൊതുവില്‍ ജനങ്ങളുടെ കണ്ണില്‍പ്പെടാതെ പോകുന്ന അല്ലെങ്കില്‍ അവരുടെ ദൈനംദിന ആലോചനകളില്‍ കടന്നുവരാത്ത വ്യവസ്ഥാപിത അഴിമതി കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ എങ്ങിനെ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കപ്പെട്ടുവെന്ന് ഇവിടെ പരിശോധിക്കുന്നതാണ്.
അഴിമതി ഒരു സംസ്കാരിക സാഹചര്യമായി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നിയമനിര്മ്മാണങ്ങളിലൂടെയോ ഭരണമികവിലൂടെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയില്ലെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ തന്റെ ഭരണത്തിന് കീഴില്‍ തന്റെ മന്ത്രിമാരെ ആരെയും തന്നെ അഴിമതിയില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല എന്നതുമാത്രമാണ് മോദി ഉദ്ദേശിച്ചതെന്ന് നമുക്ക് അനുമാനിക്കാം. എന്നാല്‍ മോദി ഭരണത്തില്‍ ബിജെപിയുടെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തൊട്ട് കേന്ദ്ര മന്ത്രിമാര്‍ വരെ അഴിമതി ആരോപണത്തിന്റെ നിഴലിലായിരുന്നിട്ടും അത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്താനോ ആരോപണവിധേയരായ സഹപ്രവര്‍ത്തകരെ മാറ്റിനിര്‍ത്താനോ പ്രധാനമന്ത്രി ശ്രമിച്ചിട്ടില്ലെന്നത് നമുക്കെല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.
രാജസ്ഥാന് മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയ്ക്ക് ഐപിഎല്‍ ലീഗുമായി ബന്ധപ്പെട്ട അഴിമതിയില്‍ ലളിത് മോദിയെ സഹായിച്ചുവെന്ന ആരോപണത്തിന്മേല് ഒരുവിധത്തിലുമുള്ള അന്വേഷണവും നേരിടേണ്ടിവന്നിട്ടില്ല. അതുപോലെ തന്നെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും നേരിട്ട് ഇടപെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ അഴിമതിയായ റഫാല്‍ വിമാന കേസിലും അന്വേഷണം പ്രഖ്യാപിക്കാന്‍ അഴിമതി വിരുദ്ധനെന്ന് സ്വയം പ്രഖ്യാപിച്ച നരേന്ദ്ര മോദി തയ്യാറായിട്ടില്ലെന്ന് കാണാം.
റഫാല്‍ അഴിമതി
റഫാല്‍ അഴിമതിയെ സംക്ഷിപ്തമായി ഇങ്ങനെ മനസ്സിലാക്കാം. 126 പോര്‍വിമാനങ്ങള്‍ രാജ്യത്തിനായി വാങ്ങാനുള്ള മുന്‍ ഗവണ്മെന്റിന്റെ തീരുമാനത്തെ 36 എണ്ണമായി ചുരുക്കിയത് മോദി സര്‍ക്കാരായിരുന്നു. ഒരു വിമാനത്തിന് 563 കോടി രൂപ എന്ന നിരക്കില്‍ 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനായി ഇന്ത്യ സര്‍ക്കാര്‍ ഏതാണ്ട് അന്തിമ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ഒരു വിമാനത്തിന് 1000 കോടി രൂപയിലേറെ കൂടുതല്‍ ചെലവാക്കിക്കൊണ്ട്, ഒരു വിമാനത്തിന് 1660 കോടി രൂപ എന്ന നിരക്കില്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള പുതിയൊരു കരാറായിരുന്നു മോദി സര്‍ക്കാര്‍ ഉണ്ടാക്കിയത്. ഏതാണ്ട് 95%വും ധാരണയിലെത്തിയ കരാറായിരുന്നു റദ്ദാക്കപ്പെട്ടത്. റഫേല്‍ കരാറിന്റെ വ്യവസ്ഥകള്‍ മാറ്റുന്നത് സംബന്ധിച്ച് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായോ, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുമായോ, വ്യോമസേനയുമായോ കൂടിയാലോചിച്ചില്ല എന്നതുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്രഥമ ടെണ്ടര്‍ പുറപ്പെടുവിച്ച് പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഏതാണ്ട് സമാനമായ ഉത്പന്നങ്ങളുമായി, അതേ രൂപരേഖയില്‍ അതേ നിര്‍മ്മാതാക്കളെ തന്നെയാണ് വീണ്ടും നടത്തിയ ടെണ്ടറില്‍ ക്ഷണിച്ചത്.
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കടത്തില്‍ മുങ്ങിയ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള പ്രവര്‍ത്തനപരിചയമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി, പ്രവര്‍ത്തനപരിചയമുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിനെ(HAL) കരാറില്‍ നിന്ന് പുറത്താക്കിയും ‘നിര്‍ദ്ദേശങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന’ (Request for proposal) റദ്ദാക്കുകയും മത്സരാര്‍ത്ഥികളായ മറ്റ് നിര്‍മ്മാതാക്കളുടെ വിലകള്‍ പരിഗണിക്കാതെ ഫ്രാന്‍സിലെ ദാസ്സോ ഏവിയേഷന്‍ നിര്‍മ്മാണക്കരാര്‍ നല്‍കുകയും ചെയ്തതുവഴി മോദി സര്‍ക്കാര്‍ യുക്തിസഹമായ കീഴ്വഴക്കങ്ങള് ലംഘിക്കുകയാണ് ചെയ്തത്. തെറ്റായ ഇടപാടിലൂടെ പൊതുഖജനാവിന് നഷ്ടമുണ്ടാക്കുകമാത്രമല്ല, പൊതുപണം ചെലവഴിക്കുമ്പോള്‍ പാലിക്കേണ്ട സുതാര്യത പൂര്‍ണ്ണമായി ഇല്ലാതാക്കുകയുമാണ് റഫാല്‍ കരാറിലൂടെ മോദിയും കൂട്ടരും ചെയ്തത്.
മുമ്പ് ബോഫോഴ്സ് കരാറുമായി ബന്ധപ്പെട്ട കേസില്‍ ചെയ്തതുപോലെ, റഫാല്‍ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) രൂപീകരിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു ആവശ്യത്തെ അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. എന്നുമാത്രമല്ല, റഫാല്‍ അഴിമതിയെക്കുറിച്ച് ഫ്രാന്‍സില്‍ നടക്കുന്ന അന്വേഷണത്തിന് സഹായകമാകുന്നതരത്തില്‍ ഔദ്യോഗിക രേഖകള്‍ നല്കുന്നതില് മോദി ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഫ്രഞ്ച് അധികൃതര്‍ ആരോപണം ഉന്നയിച്ചതും നാം കാണുകയുണ്ടായി.
അദാനിയെന്ന മോദിയുടെ റോക്ഫെല്ലര്‍
ഗൗതം അദാനിയുടെയും അദാനി എന്റര്‍പ്രൈസസ് എന്ന വ്യവസായ സാമ്രാജ്യത്തിന്റെയും ഉദയം നരേന്ദ്രേ മോദിയെന്ന ഭരണാധിപന്റെ വാഴ്ചക്കാലവുമായി പ്രത്യക്ഷത്തില്‍തന്നെ ബന്ധമുണ്ടെന്നത് ഇന്ന് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭരണത്തിലേറിയ നാള്‍തൊട്ട് പ്രധാനമന്ത്രിയായി ഒരു ദശകം പൂര്‍ത്തിയാക്കുന്നതുവരെയുള്ള കാലയളവില്‍ ഗൗതം അദാനി കൈവരിച്ച സാമ്പത്തിക വളര്‍ച്ചയിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ത്തന്നെ ഇക്കാര്യം ബോധ്യപ്പെടാവുന്നതാണ്. 2002ല്‍ കേവലം 3741കോടി രൂപ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്ന അദാനി എന്റര്‍പ്രൈസസ് 2014 ആയപ്പോഴേക്കും 75,659 കോടി രൂപ വിറ്റുവരവുള്ള വ്യവസായ സ്ഥാപനമായി ഉയര്‍ന്നുകഴിഞ്ഞിരുന്നു. ഗുജറാത്തിലെ മുണ്ഡ്ര തുറമുഖം ഏറ്റെടുക്കുന്നതിലൂടെ തുറമുഖ ബിസിനസ്സിലേക്ക് കാലെടുത്തുവെച്ച അദാനി പിന്നീട് ഇന്ത്യയിലെ ഭൂരിപക്ഷം തുറമുഖങ്ങളും വിമാനത്താവളങ്ങളും കല്‍ക്കരി ഖനികളും ഊര്‍ജ്ജോത്പാദന നിലയങ്ങളും ഉള്ള വന്‍കിട ബിസിനസ് സാമ്രാജ്യമായി മാറിയതും നാം കണ്ടു.
2014-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അഹമ്മദാബാദില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച നരേന്ദ്ര മോദി യാത്ര ചെയ്തത് ഗൗതം അദാനിയുടെ സ്വകാര്യ വിമാനത്തിലായിരുന്നുവെന്നത് ഇവിടെ പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. പിന്നീട് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി നടത്തിയ എല്ലാ വിദേശയാത്രകളിലും ഗൗതം അദാനിയുടെ വ്യവസായസാമ്രാജ്യത്തിന്റെ പ്രതിനിധികളും അകമ്പടി സേവകരായി ഉണ്ടായിരുന്നുവെന്നതും ഓര്‍ക്കുക.
2014ല്‍ നിന്നും 2024-ല്‍ എത്തുമ്പോഴേക്കും ഗൗതം അദാനി ചെയര്‍മാനായുള്ള അദാനി എന്റര്‍പ്രൈസസിന്റെ മൊത്തം റവന്യൂ 32 ബില്യണ്‍ അമേരിക്കന്‍ ഡോളറിലേക്ക് കുതിക്കുകയും ലോകത്തിലെ തന്നെ അതിസമ്പന്നരുടെ പട്ടികയിലേക്ക് ഗൗതം അദാനി നടന്നുകയറുന്നതിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇന്ന് അദാനി ഗ്രൂപ്പ് കൈവെക്കാത്ത ബിസിനസ് മേഖലകളില്ല. നേരത്തെ സൂചിപ്പിച്ച വ്യവസായങ്ങള്‍ തൊട്ട് ഭക്ഷ്യസംസ്കരണം, പശ്ചാത്തല പദ്ധതികള്‍, പ്രതിരോധം, ഡാറ്റാ ശേഖരണം, ആരോഗ്യം, വിനോദം തുടങ്ങി ഓരോരോ മേഖലകളിലായി അദാനിയുടെ സ്വാധീനം കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ വളര്‍ന്നുവന്നു. ഒരുവേള ഇന്ത്യന്‍ വ്യവസായമേഖല നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത രീതിയിലുള്ള ബിസിനസ് ഒളിഗാര്‍ക്കിയുടെ വളര്‍ച്ചയായിരുന്നു ഗൗതം അദാനിയിലൂടെ നാം കണ്ടത്.
ഇത് കേവലം ഒരു വ്യവസായിയുടെ ബിസിനസ് തന്ത്രങ്ങളുടെ വിജയമായി വിലയിരുത്താന്‍ സാധിക്കുകയില്ലെന്ന് പലപ്പോഴായി വിലയിരുത്തപ്പെട്ടതാണ്. അദാനി ആഗ്രഹിക്കുന്ന ഏത് മേഖലയിലേക്കും ഉള്ള കടന്നുകയറ്റം സുസാധ്യമാക്കുന്നതിനായി രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും സജ്ജമാക്കി നിര്‍ത്താന്‍ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് നരേന്ദ്ര മോദി ശ്രമിച്ചുകൊണ്ടിരുന്നു. എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെന്‍സ്, സ്റ്റോക് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ-സെബി, സിബിഐ തുടങ്ങിയ സകല സ്വതന്ത്ര അന്വേഷണ ഏജന്‍സികളെയും റഗുലേറ്ററി ഏജന്‍സികളെയും അദാനിയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് മടിയേതുമുണ്ടായിരുന്നില്ല.
അദാനി-മോദി ബന്ധങ്ങളെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തിയിട്ടുള്ള പ്രമുഖ പത്രപ്രവര്ത്തകന് പരഞ്ജോയ് ഗുഹ ഠാകുര്‍ദ ഈ വിഷയത്തില്‍ നിരവധി തെളിവുകള്‍ പുറത്തെത്തിക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പ്പോര്‍ട്ട് ഓപ്പറേറ്ററായി ഗൗതം അദാനി മാറിയതെങ്ങിനെ എന്നത് സംബന്ധിച്ച് എഴുതിയതില്‍ മുംബൈ എയര്‍പ്പോര്‍ട്ട് കൈക്കലാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിവികെ ഗ്രൂപ്പിനെ ഇഡിയെക്കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ച് ടെണ്ടര്‍ നടപടികളില്‍ നിന്ന് പിന്മാറ്റിക്കുന്നത് സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സമാനമായ രീതിയില്‍ എന്‍ഡിടിവി അടക്കമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിക്കുകയും പിന്നാലെ അവരുടെ ഓഹരികള്‍ അദാനി വാങ്ങിക്കുന്നതും അടക്കമുള്ള കഥകള്‍ പുറത്തുവരികയുണ്ടായി.
ഗൗതം അദാനിയുടെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ ഓഹരി മേഖലയില്‍ നടത്തുന്ന തിരിമറികളെ സംബന്ധിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഈ കാലയളവില്‍ അദാനി വ്യവസായ സാമ്രാജ്യത്തിന് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ വഴിവിട്ട സൗജന്യങ്ങളെക്കുറിച്ച് വലിയ തോതില്‍ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു. ഗൗതം അദാനിയുടെ ഓഹരി വിപണിയിലെ കൃത്രിമത്വങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ സെബി, ഇഡി തുടങ്ങിയ നിയന്ത്രണ-അന്വേഷണ ഏജന്‍സികള്‍ സമ്പൂര്‍ണ്ണമായി മൗനം പാലിക്കുകയും പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഭരണകക്ഷികള്‍ ആസൂത്രിതമായി ഇടപെടുകയും ചെയ്യുന്നത് നാം കാണുന്നു. രാജ്യത്ത് നാളിതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള, അതിവിപുലമായ ഒരു സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയോ, ജുഡീഷ്യല്‍ കമ്മറ്റിയോ അന്വേഷിക്കണമെന്ന ന്യായമായ ആവശ്യത്തെ ഭരണകൂടം ഭയപ്പെടുന്നുണ്ട് എന്നതാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം തന്നെ ഓഹരി ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടുന്ന സെബിയുടെ കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് കമ്മറ്റിയില്‍ ഗൗതം അദാനിയുടെ കുടുംബ ബന്ധുക്കളെ തിരികിക്കയറ്റിയും ഒക്കെ അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ മോദി ശ്രമിച്ചതും പരാമര്‍ശിക്കേണ്ടതാണ്. അദാനി ഓഹരി ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന സെബി കമ്മറ്റിയിലെ 24 അംഗങ്ങളില്‍ ഒരാള്‍ അദാനി കമ്പനിയുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സിറിള്ചന്ദ് അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായ സിറില്‍ ഷ്റോഫ് അദാനിയുടെ മകനായ കരണ്‍ അദാനിയുടെ ഭാര്യാപിതാവാണെന്നത് കൂടി അറിയേണ്ടതുണ്ട്.
വിദേശ നയങ്ങളും ബന്ധങ്ങളും അദാനിയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ മാറ്റുന്നതും ശ്രീലങ്ക, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളെ അദാനിയുമായുള്ള കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിക്കുന്നതും പിന്നീട് പുറത്തുവരികയുണ്ടായി. ശ്രീലങ്കയിലെ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ അദാനിക്ക് നല്കാന് പ്രധാനമന്ത്രി രാജപക്സെയെ മോദി നിര്‍ബന്ധിച്ച കാര്യം പിന്നീട് വെളിച്ചത്തുവരികയുണ്ടായി.
രാജ്യം കോവിഡ് മഹാമാരിയുടെ പിടിയില്‍ മുറുകിക്കിടക്കെ, ഇന്ത്യയിലെ കല്‍ക്കരി ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് പതിച്ചുകൊടുക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയതും സ്വകാര്യവല്‍ക്കരിച്ച ഖനികളില്‍ 12 എണ്ണം അദാനിക്ക് സമ്മാനിച്ചതും മാധ്യമങ്ങളില്‍ ഇടംപിടിക്കാത്ത സംഗതികളായിരുന്നു. കൃത്രിമ കല്‍ക്കരി ക്ഷാമം സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യയിലെ കല്‍ക്കരി നിലയങ്ങള്‍ അടച്ചുപൂട്ടുകയും അദാനി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വാങ്ങാന്‍ ഊര്‍ജ്ജമന്ത്രാലയത്തെ നിര്‍ബന്ധിതമാക്കിയതും വിവിധങ്ങളായ ഷെല്‍ കമ്പനികള്‍ സൃഷ്ടിച്ചുകൊണ്ട് അവയിലൂടെ സര്‍ക്കാരിന് വന്‍വിലയ്ക്ക് കല്‍ക്കരി വില്പന നടത്തിയതും ഫൈനാന്‍ഷ്യല്‍ ടൈംസ് പോലുള്ള പത്രങ്ങള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവന്നതും ഈയടുത്ത കാലത്താണ്.
വ്യവസ്ഥാപിത അഴിമതികള്‍
നരേന്ദ്ര മോദി ഏതെങ്കിലും ഒരു സംഗതി വളരെ കാര്യക്ഷമതയോടെ ചെയ്തിട്ടുണ്ടെങ്കില്‍ അത് അഴിമതിയെ വ്യവസ്ഥാപിതവും നിയമപരവുമാക്കി മാറ്റി എന്നതാണ്. ഇപ്പോള്‍ ഏറ്റവും പുതുതായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇലക്ടറല്‍ ബോണ്ട് അഴിമതി അതിനുള്ള ഏറ്റവും വലിയ തെളിവാണ്.
തെരഞ്ഞെടുപ്പ് സംഭാവനകള്‍ സുതാര്യമാക്കുന്നതിനും കള്ളപ്പണ ഇടപാടുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയെന്ന് അവകാശപ്പെട്ട് 2017ല്‍ മോദി സര്‍ക്കാര്‍ പാസാക്കിയ തെരഞ്ഞെടുപ്പ് സംഭാവന സംബന്ധിച്ച നിയമത്തിലൂടെയാണ് ഇലക്ടറല്‍ ബോണ്ട് രംഗത്തെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്കായി പ്രത്യേക ബോണ്ടുകള്‍ തയ്യാറാക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഇന്ത്യന്‍ പൗരന്മാരായിട്ടുള്ള ആര്‍ക്കും അവ വാങ്ങിക്കാനും ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ഇലക്ടറല്‍ ബോണ്ട് പദ്ധതി. വളരെ പുതുമയുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന ഈ പദ്ധതി അടിമുടി നിഗൂഢത നിറഞ്ഞതും ഭരണകൂടത്തിന്റെ പ്രത്യേക താല്‍പ്പര്യത്തെ തൃപ്തിപ്പെടുത്തുന്നതും ആണെന്ന ആരോപണം ആരംഭകാലത്തുതന്നെ ഉയര്‍ന്നുവന്നിരുന്നു. റിസര്‍വ്വ് ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങള്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് തങ്ങളുടെ എതിര്‍പ്പുകള്‍ കൃത്യമായി സര്‍ക്കാരിനെ അറിയിക്കുകയുണ്ടായിരുന്നു. ഈ എതിര്‍പ്പുകളെല്ലാം അവഗണിച്ചുകൊണ്ട് 2017 ഫെബ്രുവരിയില്‍ അക്കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരണത്തോടൊപ്പം ഇലക്ടറല്‍ ബോണ്ട് പദ്ധതി പ്രഖ്യാപിക്കുകയാണുണ്ടായത്.
2018 ജനുവരി മുതല്‍ നടപ്പിലാക്കാനാരംഭിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരെന്ന് ആദ്യഘട്ടത്തില്‍ ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ തെളിവുനല്‍കിയിരുന്നു. 2018-19 കാലയളവില്‍ വിറ്റഴിക്കപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളില്‍ 93%വും സംഭാവന രൂപത്തില്‍ എത്തിപ്പെട്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അക്കൗണ്ടിലേക്കായിരുന്നു. സംഭാവനകളിലെ സുതാര്യത എന്ന കാരണം പറഞ്ഞ് നടപ്പിലാക്കിയ ഇലക്ടറള്‍ ബോണ്ട് പദ്ധതിയില്‍ ബോണ്ടുകള്‍ വാങ്ങുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോഴും സംഭാവന നല്‍കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഗവണ്മെന്റ് അഭിഭാഷകര്‍ കോടതില്‍ അവകാശപ്പെട്ടു. ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയുടെ കര്‍ശനമായ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രം പുറത്തുവന്ന ഇലക്ടറല്‍ ബോണ്ട് അഴിമതി വെളിപ്പെടുത്തുന്നത് പല തരത്തിലുള്ള സാമ്പത്തിക അഴിമതികളിലും പങ്കാളികളായ കമ്പനികളും വ്യക്തികളുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടുകള്‍ വഴി സംഭാവന നല്‍കിയതെന്നാണ്. പലവിധ സാമ്പത്തിക ക്രമക്കേടുകളിലും ഉള്‍പ്പെട്ട കമ്പനികളെ എന്ഫോര്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിച്ചും ഭീഷണിപ്പെടുത്തിയും ഭരണകക്ഷിയായ ബിജെപി നേടിയെടുത്തത് ആയിരക്കണക്കിന് കോടി രൂപയാണ്.
ഇതില്‍ വാക്സിന് നിര്‍മ്മാണ കമ്പനികള്‍ തൊട്ട് നിയമവിരുദ്ധ ലോട്ടറി കച്ചവടക്കാരും ഭൂമി ഇടപാടുകാരും നിര്‍മ്മാണ കമ്പനികളും ഒക്കെ ഉള്‍പ്പെടുന്നു എന്നത് കേവല അഴിമതിയുടെ മാത്രം കാര്യമായി കാണാനാവില്ല. ജനങ്ങളുടെ ആരോഗ്യ സുരക്ഷ, വിഭവ സുരക്ഷ എന്നിവയെല്ലാം പണയപ്പെടുത്തിയാണ് ഇത്തരം കമ്പനികളെ സഹായിക്കുന്നതും പകരം സംഭാവനകള്‍ സ്വീകരിക്കുന്നതും. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി, നിയമപരമായ വഴികളിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യവസ്ഥാപിത അഴിമതിയുടെ ഒരു മുഖം മാത്രമാണിത്. രാജ്യപുരോഗതിയുടെയും വികസനത്തിന്റെയും പേരുപറഞ്ഞ് പൊതുവിഭവങ്ങള്‍ എക്കാലത്തേക്കുമായി കൊള്ളയടിക്കാന്‍ അനുവദിക്കുന്ന നിയമ നിര്‍മ്മാണങ്ങളെ പരിശോധിക്കുവാനോ അവയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥാപിത അഴിമതിയെ തുറന്നുകാട്ടാനോ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍പോലും തയ്യാറായിട്ടില്ലെന്നത് മറ്റൊരു കാര്യം.
മോദി ദശകത്തില്‍ നടത്തിയ നിയമ നിര്‍മ്മാണങ്ങളുടെയും നിയമ ഭേദഗതികളുടെയും പട്ടിക പരിശോധിച്ചാല്‍ വ്യവസ്ഥാപിത അഴിമതിയെ നിയമപരമാക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ എത്രമാത്രം ഗുരുതരമാണെന്ന് കാണാന്‍ സാധിക്കും. ആ നിയമങ്ങളൊക്കെയും വിശദ പരിശോധനയ്ക്ക് വിധേയമാക്കുക എന്നത് ശ്രമകരമായതുകൊണ്ടുതന്നെ ഏറ്റവും സുപ്രധാനമായ ചിലവ ഉദാഹരണമെന്ന നിലയില്‍ ഇവിടെ നല്കുന്നു.
ഇന്ത്യന്‍ കര്‍ഷകര്‍ ഐതിഹാസിക പ്രക്ഷോഭത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിച്ച മൂന്ന് കാര്‍ഷിക നിയമങ്ങളും അഴിമതിയെ വ്യവസ്ഥാപിതവല്ക്കരിക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് നിസ്സംശയം പറയാവുന്നതാണ്. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ ബില്ലിന്റെ അവതരിപ്പിക്കുന്നതിന് മുന്നെ തന്നെ കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ചും ഭക്ഷ്യ സംഭരണ രംഗത്ത്, വലിയ നിക്ഷേപ പദ്ധതികളുമായി ഗൗതം അദാനി ഇറങ്ങിയിരുന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്. അവശ്യ സാധന നിയമം (Essential Commodities Act) ഭേദഗതി ചെയ്ത്, ഭക്ഷ്യ സംഭരണ മേഖലയിലെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിച്ചുകൊണ്ട്, വന്‍കിട കമ്പനികള്‍ക്ക് കടന്നുകയറാനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചതുതന്നെ ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡ് എന്ന കമ്പനിയെയും സഹായിക്കാനായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമായ കാര്യമായിരുന്നു. പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നെ തന്നെ ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആധുനിക ഭക്ഷ്യധാന്യ സംഭരണികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗൗതം അദാനി ആരംഭിച്ചിരുന്നുവെന്നതും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെപ്പോലും അപകടത്തിലാക്കിക്കൊണ്ട് വന്‍കിട കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന ഈ വ്യവസ്ഥാപിത അഴിമതി ആദ്യം തിരിച്ചറിഞ്ഞത് കര്‍ഷകര്‍ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ കുന്തമുനകള്‍ അവര്‍ കേന്ദ്ര സര്‍ക്കാരിന് നേരെയന്നപോലെ അദാനി-അംബാനിമാര്ക്കെതിരായും തിരിച്ചുനിര്‍ത്തിയത്.
രാജ്യത്തെ കല്‍ക്കരി അടക്കമുള്ള ധാതുക്കള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1957-ല്‍ തയ്യാറാക്കപ്പെട്ട ‘കോള്‍ ബേയറിംഗ് ഏരിയാസ് (അക്വിസഷന്‍ ആൻറ് ഡെവലപ്പ്മെന്റ്) ആക്ട് ഭേദഗതി ചെയ്തുകൊണ്ട് 2021 ആഗസ്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട നിയമം വ്യവസ്ഥാപിത അഴിമതിയുടെ മറ്റൊരു ഉദാഹരണമാണ്. ഈ നിയമ ഭേദഗതിയിലൂടെ കല്‍ക്കരി മേഖലയിലെ പൊതു ഉടമസ്ഥത പൂര്‍ണ്ണമായി ഇല്ലാതാക്കുകയും കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കുത്തക തകര്‍ക്കുകയുമായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. അതിനു മുമ്പെ തന്നെ അദാനി അടക്കമുള്ള സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ ഖനനത്തിനായി അനുവദിച്ചുകൊടുത്തുകൊണ്ടുള്ള ഓര്‍ഡിനന്‍സുകളും (2020) സര്‍ക്കാര്‍ പാസാക്കുകയുണ്ടായി.
തൊഴില്‍ നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം, വിവരാവകാശ നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ മോദി ഭരണകാലത്ത് ഭേദഗതികള്‍ വരുത്തുകയും വന്‍കിട കമ്പനികള്‍ക്ക് വിഭവ ചൂഷണത്തിനും അധ്വാന ചൂഷണത്തിനും ഉള്ള ‘നിയമപരമായ’ വഴികള്‍ സ്ഥായിയായി നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്തു.
മോദികാല അഴിമതികളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്ന ഗവണ്മെന്റിനെ മാത്രമല്ല ഭാവി തലമുറയെക്കൂടി ഗുരുതരമായി ബാധിക്കുന്നവയായിരിക്കും. നയപരമായ തിരുത്തലുകളില്‍ കൂടിയല്ലാതെ അവയ്ക്ക് തടയിടാന്‍ കഴിയില്ലെന്നത് ഓര്‍ക്കേണ്ടതുണ്ട്.
കെ. സഹദേവൻ: സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും. പരിസ്ഥിതി പ്രശ്നങ്ങൾ, കാലാവസ്ഥാവ്യതിയാനം, വികസനം, രാഷ്ട്രീയ സമ്പദ്വ്യവസ്ഥ, കാർഷിക പ്രതിസന്ധി, വർഗീയത എന്നിവയെക്കുറിച്ച് അദ്ദേഹം വിപുലമായി എഴുതിയിട്ടുണ്ട്.