കറുത്ത ബാഡ്ജ് കുത്തിയ മൂന്ന് കവിതകൾ

PN Gopikrishnan Auther
പി.എൻ.ഗോപീകൃഷ്ണൻ

1948 ജനുവരി 30

ആ ശവശരീരം നോക്കി ജവഹർലാൽ
ചുമരും ചാരിയിരുന്നു.

തെറ്റിയിരിക്കുന്ന കണ്ണട
മനു
നേരെയാക്കി വെച്ചു.
ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്ത
പരിപൂർണ്ണതയിൽ .

പുറത്ത് മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുണ്ട്.
മിക്കവാറും
ഗാന്ധി അമരനായിരിക്കുന്നു എന്നാകും.
മരിച്ച ഗാന്ധിയ്ക്ക്
ഭാഷയുടെ ചികിത്സ.

വയറു നിറഞ്ഞ ഒരാൾ
ബാക്കി വെച്ച അപ്പക്കഷണം പോലെ
ആ മൃതശരീരം കാണപ്പെട്ടു.

ആരായിരിക്കും വയറുനിറഞ്ഞ അയാൾ?
താൻ?
ജിന്ന ?
മൗണ്ട് ബാറ്റൺ ?
പട്ടേൽ?
റാഡ്ക്ലിഫ് ?
അപ്പോഴുണ്ടായ രണ്ട് പുതിയ രാജ്യങ്ങൾ?

നിമിഷങ്ങൾ
ഉറുമ്പുകളായി മാറിക്കൊണ്ടിരിക്കുന്നത്
ജവഹർലാൽ കണ്ടു.
അവ ആ അപ്പക്കഷണത്തെ
വലിച്ചുകൊണ്ട് പോകാൻ പാടുപെടുന്നു.

അതിലെന്താണ്
അവശേഷിക്കുന്നത്?
അഹിംസയുടെ മധുരം?
ചർക്ക നെയ്ത നാരുകൾ?
സ്നേഹത്തിൻ്റെ ഡി എൻ എ ?

നവഖാലിയിലും
ബീഹാറിലും
ഒഴുകിയ ചോരപ്പുഴകളെ
ആ അപ്പക്കഷണം
വലിച്ചെടുത്തിരുന്നു.
അതിൻ്റെ ഉപ്പിലാകണം
ഉറുമ്പുകളുടെ രുചി ഗവേഷണം.
അതോ
ദില്ലിയിൽ ഒഴുകാനിരുന്ന
ചോരക്കടലിനെ
ഒറ്റയ്ക്ക് തടഞ്ഞ
കയ്പൻ വീര്യത്തിലോ?

കൊലയാളി ഹിന്ദുവെന്നറിഞ്ഞ
ആശ്വാസത്തിൽ
കസേരയിൽ മാത്രം ഇരുന്ന് ശീലിച്ച മൗണ്ട് ബാറ്റൻ
അപ്പുറത്തെ ചുമര് ചാരി ഇരിയ്ക്കുന്നുണ്ട്.
പത്തു മിനിറ്റ് മുമ്പ്
സംസാരിച്ചിറങ്ങിപ്പോയ ആൾ
മൃതശരീരത്തിൽ അടക്കം ചെയ്ത്
തിരികെ വന്നത്
വിശ്വസിക്കാനാകാതെ പട്ടേലും

ആകാശവാണിക്കാർ
മൈക്ക് ശരിയാക്കിക്കൊണ്ടിരുന്നു.
പോലീസ് സ്‌റ്റേഷനിൽ
കൊലയാളിയുടെ പ്രസ്താവന
കോൺസ്റ്റബിൾ എഴുതിക്കൊണ്ടിരിക്കുന്നു

ഒരു വഴിക്കണക്ക് ഇട്ടു തന്ന്
അദ്ധ്യാപകൻ മരിച്ചിരിക്കുന്നു.
ഇനി ഉത്തരം
താൻ തന്നെ കണ്ടെത്തണം .
എഴുപത്തെട്ട് വർഷം കൊണ്ട്
ഭൂമി എഴുതിയ ഈ പുസ്തകം
താൻ തന്നെ പ്രകാശനം ചെയ്യണം.

ജവഹർലാൽ മൈക്ക്
കൈയ്യിലെടുത്തു.
താൻ പൊട്ടിക്കരയാൻ പോകുന്നു.
അയാൾ വിചാരിച്ചു.

മൈക്ക്
അപ്പോൾ സ്വയം സംസാരിക്കാൻ തുടങ്ങി.
” ആ വെളിച്ചം അസ്തമിച്ചിരിക്കുന്നു. ”
——————————-
കുറിപ്പ് :

1.മരണത്തിന് തൊട്ടുമുമ്പ് ഗാന്ധി ,പട്ടേലുമായി സംസാരിച്ചിരുന്നു
2 .ഗാന്ധിയുടെ മരണമറിഞ്ഞ് പാഞ്ഞെത്തിയ മൗണ്ട് ബാറ്റൺ ജനക്കൂട്ടത്തിൽ നിന്നൊരാൾ ” കൊലയാളി മുസ്ലീമാണ് ” എന്ന് വിളിച്ചു പറഞ്ഞത് കേട്ട് തിരിഞ്ഞു നിന്നു. ” അല്ല ,ഒരു ഹിന്ദുവാണത് ചെയ്തത് ” മൗണ്ട് ബാറ്റൺ ഉറക്കെ പ്രതിവചിച്ചു. അന്നേരം അദ്ദേഹത്തിന് അറിയില്ലായിരുന്നു ,ശരിക്കും ഒരു ഹിന്ദുവാണത് ചെയ്തതെന്ന്

ഇന്ത്യ ഈസ് എ സെക്യുലർ റിപ്പബ്ലിക്ക്

മതിലകം പള്ളിയിൽ നിന്ന്
അറബിക്കടലിലേയ്ക്ക് കുതിക്കുന്നതിനിടയിൽ
വാങ്ക്
ആകാശത്തിൽ അല്പനേരം
തങ്ങി നിൽക്കുമായിരുന്നു.
ഞങ്ങളുടെ വീടിൻ്റെ
നേരെ മുകളിൽ.
അമ്മൂമ്മ അന്നേരം
നാമജപം നിർത്തും.
എന്താ ,
പടച്ചോനും രാമനും തമ്മിൽ
കൂട്ടിയിടിക്കുമോ?
പാതിവെന്ത യുക്തിവാദി എന്ന നിലയിൽ
ഞാൻ ചോദിക്കുമായിരുന്നു.
തർക്കിക്കാൻ മാത്രമല്ല,
അമ്മൂമ്മയ്ക്ക് മാത്രം തരാൻ കഴിയുന്ന
ഒരു ചിരിയുടെ സുഖം കിട്ടാൻ കൂടി .
ലോകം നെഞ്ചിൽ
വന്നിടിക്കുന്ന കാലത്ത്
ഓരോ ഞരമ്പും
പിഴുതെടുക്കുന്ന കാലത്ത്
എത്ര തുള്ളി ചോരകൊണ്ടാണ്
മനുഷ്യർ നിർമ്മിക്കപ്പെട്ടതെന്ന്
രോമകൂപങ്ങൾ കൊത്തിപ്പരിശോധിക്കുന്ന കാലത്ത്
അന്വേഷിക്കുന്നു.
എന്തായിരുന്നു
ആ ചിരിയുടെ പൊരുൾ?
തിരുവണ്ണാമലയിൽ
ഗുരുവിനേയും രമണമഹർഷിയേയും
അപ്പുറത്തും ഇപ്പുറത്തും പിടിച്ചിരുത്തിയ
അതേ ഗഹന നിശ്ശബ്ദതയെ
രാമനും റഹീമിനും ഇടയിൽ
ആവിഷ്ക്കരിക്കുകയോ?
രാമ രാമ രാമ രാമ
എന്ന് തിരയടിക്കുന്ന കടലിനെ
പാഹിമാം എന്നടച്ചു വെച്ച്
“നെടുനാൾ വിപിനത്തിൽ വാഴുവാൻ
ഇടയായ് ഞങ്ങൾ ,അതെൻ്റെ കുറ്റമോ?”
എന്ന് കുമാരനാശാനൊപ്പം ചേർന്ന്
രാമവിചാരണ തുടങ്ങുന്ന
കുസൃതിയുടെ വകഭേദമോ?
ഏതു ഭാഷയിലുമുള്ള പൊതുഭാഷ
മൗനമാണെന്ന തിരിച്ചറിവോ?
ചോദിക്കാൻ
അമ്മൂമ്മയില്ല .
പക്ഷെ
2024 ജനുവരി 26 ന്
ആ ചിരിഫോട്ടോ എടുത്ത്
വിടർത്തി നോക്കുമ്പോൾ
എന്തൊരത്ഭുതം.
അതിൽ
ഞങ്ങളുടെ പൂമുഖം
ഒരു ഇടത്തരം നഗരമായിരിക്കുന്നു.
പേ പിടിച്ച ആൾക്കൂട്ടം
അനന്തമായ് ബഹളം വെയ്ക്കുന്നു.
അതിന് നടുവിൽ
മതമസിലും അധികാരമസിലും
പെരുപ്പിക്കാനുള്ള
ഒരു വ്യായാമശാലയെ
ആരാധനാലയമെന്ന് തെറ്റിദ്ധരിച്ച്
പാവങ്ങൾ കൈകൂപ്പി നിൽക്കുന്നു.
വൃത്തിയില്ലാത്ത തെരുമൂലയിൽ
ഒരു വൃദ്ധൻ മാത്രം
ഒറ്റക്കമ്പി മൺവീണയിൽ
ഏകാഗ്രമായൊരു സംഗീതം
സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.
ഈശ്വർ – അള്ളാ തേരേ നാം
എന്നയാൾ വായിച്ചപ്പോൾ
പെട്ടെന്ന്
രണ്ടിലയുള്ള ഒരു പുൽക്കൊടി
കഠിനനിലം പിളർന്ന് ഉയർന്നു വരുന്നു.
അമ്മൂമ്മ നാമജപം നിർത്തിയിരുന്നത്
അഥവാ
ചിരി പൊഴിച്ചിരുന്നത്
എന്തുകൊണ്ടെന്ന്
എനിക്ക് പെട്ടെന്നു മനസ്സിലായി.
ഒരു വിത്തിൽ നിന്ന്
മുളയെടുക്കുന്ന കതിരുകൾ
പരസ്പരം
കുത്തിക്കീറരുത്.
ഒരേ കാലിയുടെ
കൊമ്പുകൾ രണ്ടും
ഏറ്റുമുട്ടരുത് .
ഒരു കോശത്തെ അയൽക്കോശം
തിന്നുന്ന അർബുദത്തിന്
വഴി വെയ്ക്കരുത് .
ഇന്ത്യ ഈസ് എ സെക്യുലർ റിപ്പബ്ലിക്ക്

—————————————————————————-

രാമനെ അയോദ്ധ്യയിൽ നിന്നും
കാട്ടിലേയ്ക്ക്
നാടുകടത്തിയത്
നിങ്ങൾക്കറിയാം
ദശരഥനാണ്.
കൈകേയി പറഞ്ഞിട്ടാണ്.
പെറ്റമ്മയല്ലെങ്കിലും
കൈകേയി രാമൻ്റെയും ലക്ഷ്മണൻ്റേയും അമ്മയായിരുന്നു.
സീതയ്ക്ക് അമ്മായിഅമ്മയെപ്പോലായിരുന്നു.
രാമനെ
അയോദ്ധ്യയിൽ നിന്ന് നാടുകടത്തിയത്
നിങ്ങൾക്കറിയാം
ഉറ്റബന്ധുക്കളാണ്.
രാമനെ മാത്രമല്ല,
സീതയേയും ലക്ഷ്മണനേയും അവർ നാടുകടത്തി.
അക്കാലത്ത്
പോലീസ് സ്‌റ്റേഷനോ കോടതിയോ ഇല്ലായിരുന്നു.
കവികൾ ഉണ്ടായിരുന്നു.
അതിനാൽ
സംസ്കൃതത്തിൽ വാല്മീകിയും
തമിഴിൽ കമ്പനും
വംഗഭാഷയിൽ കൃത്തിവാസനും
ഹിന്ദിയിൽ തുളസീദാസും
ഉറക്കെ വിളിച്ചു പറഞ്ഞു.
” ആ നാടുകടത്തലിന്‌ പിന്നിൽ
സ്വന്തം കുടുംബമാണ് “
തെക്കനേഷ്യയിലും
തെക്കുകിഴക്കനേഷ്യയിലും
ഭാഷകളായ ഭാഷകളിലൊക്കെ
കവികൾ
വിളിച്ചു പറഞ്ഞു.
“ആ ഇളംപ്രായക്കാരെ
കാട്ടിലെറിഞ്ഞത് നാട്ടുകാരല്ല ,വീട്ടുകാരാണ് “
സഹിക്കാനാകാതെ
മലയാളത്തിൽ എഴുത്തച്ഛൻ
‘ദുഷ്ടേ ,നിശാചരീ ,ദുർവൃത്ത മാനസേ ‘
എന്ന്
ഉറ്റവരെ ചീത്ത വിളിച്ചു.
“പ്രാണനോ പോയിതല്ലോ മമം ദൈവമേ’
എന്ന്
തടിച്ചു കൂടിയ ജനതയിലൂടെ കരഞ്ഞു.
തമസാനദിയിലെ ജലം മാത്രം കുടിച്ച്
കല്ലിലും വേരിലും തളർന്നു കിടക്കുന്ന
മൂന്നാത്മാക്കളെ പേർത്തും പേർത്തും കാണിച്ചു തന്നു.
അതിനാൽ
രാമനെ തിരികെയെത്തിച്ചു എന്ന് അലറുന്ന ചങ്ങാതിമാരേ,
അയോദ്ധ്യയിൽ നിന്നും രാമനെ തുരത്തിയത്
ബാബറല്ല.
സ്വന്തം അച്ഛനും
പോറ്റമ്മയുമാണ്.
സ്വന്തം വീട്ടിലെ
ഉപജാപമാണ്.
കൊട്ടാരത്തിൻ്റെ
കുടിലതയാണ്.
അധികാരക്കൊതിയാണ് .
സാക്ഷി പറയാൻ
കോടതിയിൽ നിൽക്കുന്നത്
വാത്മീകിയാണ്,
കമ്പനാണ്,
തുളസീദാസാണ്.
സാക്ഷാൽ തുഞ്ചത്ത്
രാമാനുജൻ എഴുത്തച്ഛനാണ്.

മലയാളത്തിലെ പ്രമുഖ കവികളിലൊരാളാണ് പി.എൻ. ഗോപീകൃഷ്ണൻ. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ’ എന്ന പഠനഗ്രന്ഥം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ഏറെ പ്രസക്തമാണ്.

Share on facebook
Share on twitter
Share on linkedin
WhatsApp