ഡാ…
നിരഞ്ജൻ [1985-89 ME]
ജോണിനെ അന്വേഷിക്കുന്നതിനിടയിലെ
ഒരു ബീഡി കത്തിക്കലിനിടയിലേക്ക്
അപ്സരാ തിയേറ്ററിൽ നിന്ന്
ഗന്ധർവ്വനെപ്പോലെ ഇറങ്ങിവന്ന ഷെൽവി
നക്ഷത്രങ്ങളെന്നപോൽ
ആകാശത്തടയാളപ്പെടുത്തിക്കാണിച്ച
രണ്ടു ചാരായഷാപ്പുകൾക്കിടയിലെ
ലഹരിയുടെ പ്രകാശവർഷങ്ങൾ
രണ്ട് ബഹിരാകാശപേടകങ്ങളുടെ
പൊക്കിൾക്കൊടിയിൽ തൂങ്ങിയ
രണ്ട് സഞ്ചാരികളായി
നമ്മൾ തുഴഞ്ഞുപോയത്..
ഡാ….
മെസ്സ് ഫീ കൊടുക്കാതെ
പ്രീ പബ്ലിക്കേഷനിൽ മൾബറിയും
പിന്നെ കയ്യിൽക്കിട്ടുന്നതെന്തും തിന്ന്
മുഷിഞ്ഞുനടന്ന ഒരു പുഴുക്കാലം കഴിഞ്ഞ്
പൂമ്പാറ്റയാവുക എന്ന സാദ്ധ്യത
പെട്ടെന്നോർമ്മവന്ന്
എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ
കൊക്കൂണുകളായി റജിസ്റ്റർ ചെയ്തിരിക്കെ
ഈയാമ്പാറ്റകളുടെ താൽക്കാലികവേക്കൻസിക്കായി
നീ ഡെൽഹി ജയന്തിക്കും
ഞാൻ ബോംബെ ജയന്തിക്കും
ടിക്കറ്റെടുക്കാൻ നിന്നത്
ഡാ…
രണ്ടു നഗരങ്ങളിലും
ആൾക്കൂട്ടത്തിന്റെ
രണ്ട് എഡിഷനുകളിലെ
ഏതെല്ലാമോ പേജുകളിലെ
ഏതെല്ലാമോ വരികളിൽ
നടന്നുപോകേണ്ട കഥാപാത്രങ്ങളെന്ന്
സ്റ്റേഷനിൽ തൂങ്ങിപ്പിടിച്ചിരിക്കെ
നായനാർ ഗവണ്മെന്റും നാടോടിക്കാറ്റും
രണ്ടുമുണ്ടായത് എൺപത്തിയേഴിലെന്ന
യാദൃച്ഛികതയോർത്ത്
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമെന്ന്
ശ്രീനിവാസന്മാരായ് ചിരിച്ച്
ആനന്ദിനെ കുടഞ്ഞുകളഞ്ഞത്…
ഡാ…
മുപ്പതാം വയസ്സിൽ
ഒലവക്കോട് സ്റ്റേഷനിൽ വെച്ച്
അമിതാഭ് ബച്ചനും
ശശികപൂറുമായി
വീണ്ടും കണ്ടുമുട്ടുമെന്നും
ഹോസ്റ്റലിൽ നിന്നു മുറിച്ചുപങ്കിട്ട
ലൈഫ്ബോയ് ഓർമ്മകൾ ചേർത്തുവെച്ച്
നമ്മൾ കെട്ടിപ്പിടിക്കുമെന്നും
മലയാളസാഹിത്യം
ഹേമമാലിനിയായി
ഡബിൾ റോളിൽ
നമ്മളെ പ്രേമിച്ചുകെട്ടുമെന്നും
ഒരുപോലിരിക്കുന്ന അവളുമാരെയെന്നപോലെ
ദിനേഷ്ബീഡിത്തീകൊണ്ട് പരസ്പരം ഉമ്മവെച്ച്
നമ്മൾ ചിരിച്ചുമറിഞ്ഞുപിരിഞ്ഞത്
ഡാ..
അതൊക്കെക്കൂടിയോർത്ത്
മുപ്പതും നാല്പതുമൊക്കെക്കഴിഞ്ഞ്
പല തീച്ചൂടുകൾക്കരികെ
നിറമൊതുക്കിപ്പിടിച്ചുപറന്ന്
കരിഞ്ഞ ചിറകുകൾ നിഴലിക്കുന്ന
നമ്മുടെ വെള്ളെഴുത്തുകണ്ണുകളിൽ
പല വസന്തങ്ങളുടെ
ശലഭജീവിതം തിരഞ്ഞ്
കെട്ടിപ്പിടിക്കാനായുമ്പോൾ
ഡാ..എന്ന്
വെറുമൊരക്ഷരത്തിന്
ഒരു ദീർഘം ചേർത്തുപറയുന്നതിന്
ഇത്രയൊന്നും ഇടർച്ചയോ
ഇത്രയൊന്നും നനവോ
വേണ്ടാത്തതാണ്..
ഡാ…