ലോകം തീർച്ചയായും ചെറുതാണ്

NIRANJAN
നിരഞ്ജൻ 
1989 ME 

2019 ജൂൺ 11 നു രാത്രിയാണ് യാത്രക്കാവശ്യമായ ഇന്ധനം യു.എ.ഇ യിലെ ഫ്യുജറയിൽ നിന്ന് നിറച്ച് ആഫ്രിക്ക ചുറ്റി യൂറോപ്പിലേക്കോ കരീബിയനിലേക്കോ എന്ന് ഉറപ്പില്ലാത്ത ഒരു വോയേജിന് ഞങ്ങൾ പുറപ്പെട്ടത്. ആഫ്രിക്കയുടെ കിഴക്കൻ തീരത്തിന്റെ വടക്കൻ പ്രദേശം ഇപ്പോഴും കടൽക്കൊള്ളക്കാരുടെ സാന്നിദ്ധ്യമുള്ള ഹൈ റിസ്ക് ഏരിയ ആയി കണക്കാക്കപ്പെട്ടിട്ടുള്ളതു കൊണ്ട് കപ്പലിന്റേയും കാർഗോയുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് പതിവുള്ളതു പോലെ കൊമോറോസ് ദ്വീപിലെ മൊറോണി വരെ സായുധ സുരക്ഷാ ഏജൻസിയുടെ സാന്നിദ്ധ്യമുണ്ടാവുമെന്ന് നിർദ്ദേശം വന്നിരുന്നു. അതനുസരിച്ച് തുറമുഖാതിർത്തിക്കു പുറത്ത് നിന്ന് ബോട്ടിലെത്തിയ മൂന്ന് സുരക്ഷാ കാവൽക്കാരെയും അവരുടെ ആയുധശേഖരത്തേയും കപ്പലിൽ കയറ്റിയപ്പോൾ പാതിര കഴിഞ്ഞു. വീണ്ടും കപ്പൽ പുറപ്പെട്ട് പൂർണവേഗമെത്തിയ ശേഷം ഞാൻ എഞ്ചിൻ റൂമിൽ നിന്ന് മുകളിൽ വന്നപ്പോഴേക്കും രാവിലെ മൂന്നു മണിയായി.

അതുകൊണ്ട് സായുധസംഘത്തെ നേരിൽ കണ്ടില്ല. രണ്ടു മലയാളികളും ഒരു ശ്രീലങ്കക്കാരനുമാണ് എന്ന് ഇ മെയിലിൽ നിന്ന് ഊഹിച്ചിരുന്നു.
പിറ്റേന്ന് രാവിലെ പ്രാതലിന് പോവുമ്പോൾ ടീം ലീഡർ തലശ്ശേരിക്കാരൻ ഷൈനിത്തിനെ കണ്ടുമുട്ടി. ഷൈനിത്ത് പട്ടാളത്തിൽ നിന്ന് പിരിഞ്ഞിട്ട് നാലു വർഷമായി. അപ്പോൾ മുതൽ ഈ ബ്രിട്ടീഷ് ആംഡ് ഗാർഡ് ഏജൻസിയിലാണ്. പിറ്റേന്ന് ഹൈ റിസ്ക് ഏരിയ തുടങ്ങുന്നതിനാൽ ഉച്ച തിരിഞ്ഞ് ഒരു സെക്യൂരിറ്റി ഡ്രിൽ ആവാമെന്നൊക്കെ മൂപ്പരോട് തീരുമാനിച്ചുറപ്പിച്ച് മെസ്സ് ഹാളിലേക്കു പോകുമ്പോൾ സംഘത്തിലെ ബാക്കി രണ്ടാളും എതിരെ വന്നു. ഔപചാരികമായ കൈ കൊടുക്കലുകൾക്കു ശേഷം അഞ്ചരയടിക്കാരൻ ശ്രീലങ്കക്കാരനോടൊപ്പം മംഗലാംകുന്ന് ഗണപതിയായി ഉയർന്നുനിൽക്കുന്ന ആറേകാലടിക്കാരൻ പറഞ്ഞു.
“സാറ് പാലക്കാട്ടുകാരനാണ് ന്ന് സെക്കൻഡോഫീസറ് പറഞ്ഞേർന്നു.. പാലക്കാട് എവ്ട്ന്നാ സാറ്..?”
“കുറേക്കാലായി താമസം ചിറ്റൂരാണ്.. ജനിച്ചുവളർന്നത് ചെർപ്ലശ്ശേരിക്കടുത്ത്”
ചെർപ്ലശ്ശേരി എന്നു കേട്ടപ്പോൾ കക്ഷി ഒരു നാലിഞ്ചു കൂടി സടകുടഞ്ഞ് വളർന്നു..
“അയ്യോ.. ചെർപ്ലശ്ശേര്യോ..!”
ആ അന്തംവിടലും നിൽപ്പും കണ്ടപ്പോൾ പെട്ടെന്നെനിക്ക് ഒരു ഓർമ്മച്ചിത്രം മിന്നി. അടക്കാപുത്തൂർ യു.പി.സ്കൂളിലെ ഏഴാം ക്ലാസിൽ കണക്കു പഠിപ്പിക്കുന്ന ഹെഡ് മാഷ് നാരായണപ്പണിക്കർ ബോർഡിലെഴുതിയ വിചിത്രസംഖ്യയിൽ അംശവും ഛേദവും വേർതിരിക്കാൻ പാടുപെടുന്ന നീണ്ടുകൊലുന്നനെയുള്ള ഒരു പിൻബെഞ്ചുകാരനെ..
അംശത്തിന്റെയും ഛേദത്തിന്റെയും പൊസിഷൻ മനസ്സിലാക്കിത്തരാൻ മർദ്ദകഭീകരനായിരുന്ന നാരായണപ്പണിക്കര് മാഷ്ടെ ഒരു സൂത്രവാചകമുണ്ടായിരുന്നു..
“അപ്പനാണ്ടാര് മോളിലും മ്മാണ്ട്യേമ്മ ചോട്ടിലും”
ഈ രണ്ട് പേരിലുമുള്ള ആരും അടക്കാപുത്തൂരോ ചമ്മനൂരോ മാങ്ങോടോ ഒന്നും ഉള്ളതായി ഞങ്ങൾക്ക് അറിവില്ലെങ്കിലും ഏഴാം ക്ലാസിലെ പരിമിതമായ ലൈംഗികജ്ഞാനമനുസരിച്ച് സാമ്പ്രദായിക മിഷനറി പൊസിഷനിലുള്ള ഒരു അംശത്തേയും ഛേദത്തേയും സങ്കല്പിക്കാനൊക്കെ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
“പറയെടാ..” നാരായണമ്മാഷ് ഗർജ്ജിച്ചു.
“അപ്പനാണ്ടാര് മോളിലും മ്മാണ്ട്യേമ്മ ചോട്ടിലും”
നിർഭാഗ്യവാനായ ആ പിൻബെഞ്ചുകാരൻ വിയർത്തുകൊണ്ട് മെല്ലെ മന്ത്രിച്ചു.
“ഉറക്കെ..” മാഷ്ടെ ചൂരൽ പൊസിഷനെടുത്തു..
“അപ്പനാണ്ടാര് മോളിലും മ്മാണ്ട്യേമ്മ ചോട്ടിലും” പെട്ടെന്ന് അറ്റൻഷനിൽ നിന്ന് തലയുയർത്തി വിദൂരതയിൽ കണ്ണു നട്ട് ആ ഏഴാം ക്ലാസുകാരനും ആക്രോശിച്ചു.
ആർക്കും ചിരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
ആ നിവർന്നുനില്പിന്റെ ഓർമ്മയിൽ എനിക്ക് ശങ്കയേതുമുണ്ടായില്ല..
“രാമദാസാ..” ഞാൻ വിളിച്ചു.
രാമദാസൻ വീണ്ടും അന്തം വിട്ടു..
“സാറപ്പൊ…”
ഞാനെന്റെ പേരു പറഞ്ഞു..
ആകപ്പാടെ ഒരു പരവേശം കൊണ്ട് ആ ആറേകാലടി ആടിയുലഞ്ഞു..
“അയ്യോ..സാറ് .. സാറേ..”
എനിക്ക് കലി വന്നു. ജോൺ അബ്രഹാമിന്റെ ഒരു ഉദ്ധരണി ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു..
“എന്നെ സാറേ.. ഡാഷേ.. എന്നൊന്നും വിളിക്കാതെടാ ഡാഷേ..”
രാമദാസൻ സന്തോഷം കൊണ്ട് അട്ടഹസിച്ച് എന്നെ കെട്ടിപ്പിടിച്ചു. ഈ ബഹളമൊക്കെ കണ്ട് വിരണ്ടുനിൽക്കുന്ന ശ്രീലങ്കക്കാരൻ ഉപാലി ദിശനായകെയോട് ഒറ്റ വാക്കിൽ വിശദീകരിച്ചു
“ക്ലാസ് മെയ്റ്റ്സ്..ക്ലാസ് മെയ്റ്റ്സ്..”
“ഓ.. അഹഹ..ക്ലാസ് മെയ്റ്റ്സ്.,.!” മൂപ്പർക്കും സന്തോഷമായി.

നിരഞ്ജനും രാമദാസും

പത്താം ക്ലാസ് കഴിഞ്ഞ് മുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷമായിരുന്നു ഞങ്ങൾ തമ്മിൽ കാണുന്നത്. അടക്കാപുത്തൂരു നിന്ന് മൂന്നു കിലോമീറ്റർ നടക്കാനുള്ള പൂതക്കാടായിരുന്നു രാമദാസന്റെ വീട്. രാമദാസന്റെ രണ്ട് വയസ്സ് താഴെയുള്ള അനിയത്തി പ്രേമയായിരുന്നു സത്യത്തിൽ എന്റെ ക്ലാസ് മേറ്റ്. ഏഴാം ക്ലാസിൽ ഒരു കൊല്ലം കാത്തു നിന്ന് രാമദാസൻ ഞങ്ങളുടെ കൂടെ ചേർന്നു. എഴുത്തുപരീക്ഷകൾ രാമദാസന് ഇത്തിരി കടുപ്പമായിരുന്നു. ഹൈജമ്പ്, പോൾവാൾട്ട്, ട്രിപ്പിൾ ജമ്പ്, നൂറു മീറ്റർ, ഇരുനൂറ് മീറ്റർ, നാനൂറ് മീറ്റർ, എണ്ണൂറ് മീറ്റർ, ആയിരത്തഞ്ഞൂറ് മീറ്റർ എന്നിങ്ങനെയായിരുന്നു രാമദാസന് പെർഫോം ചെയ്യാനുള്ള വേദികൾ. സബ് ജൂനിയർ ബോയ്സിന്റെ സബ് ജില്ലാ ചാമ്പ്യനായി ഞങ്ങളുടെ കൂടെ ഹൈസ്കൂളിലെത്തിയ രാമദാസൻ ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ് വളർച്ചകളിലൂടെ പത്താം ക്ലാസുവരെ എത്തി. അസംബ്ലിയിൽ ഏറ്റവും പിന്നിൽ മീശ മുളച്ചവരുടെ കൂട്ടത്തിൽ ഉയർന്ന് വരി നിന്നു.

അടക്കാപുത്തൂർ ഹൈസ്കൂൾ


രാമദാസന് സ്വതവേ ഒരേ മുഖഭാവമായിരുന്നു. പോൾവാൾട്ടിന്റെ പോൾ കയ്യിലൊതുക്കി ജമ്പിങ് പിറ്റിന്റെ മോളിലേക്ക് ഉന്നമിടുന്ന തറഞ്ഞ നോട്ടത്തോടെയുള്ള വികാരരഹിതമായ ഒരു മുഖഭാവം. അങ്ങനെയുള്ള രാമദാസനെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന കാറൽമണ്ണക്കാരനും ചെറുപ്പക്കാരനുമായ ജാതവേദൻ മാഷ് സ്വയം ചിട്ടപ്പെടുത്തിയ ഒരു സംഗീതശില്പത്തിലെ നായകനാക്കി. പ്രേമശില്പി എന്നായിരുന്നു സംഗീതനാടകത്തിന്റെ പേര്. രാജകൊട്ടാരത്തിൽ കൊത്തുപണികൾ ചെയ്യാൻ വന്ന് രാജകുമാരി പ്രണയിക്കുന്ന നായകനായ ശില്പിയുടെ വേഷമായിരുന്നു രാമദാസന്.
“അവനെക്കൊണ്ടാവ്വോ മാഷേ” ഞങ്ങൾ ആശങ്കപ്പെടാതിരുന്നില്ല.
“ഹേയ്.. അയാളേ ശര്യാവൂ..” മാഷ് ശഠിച്ചു.
“അവന് ഭാവൊന്നും വരില്യ മാഷേ..”
“ഹേയ്..അയാൾടെ കണ്ണ് കൃത്യാണ്” മാഷ്ക്കാണല്ലോ കാര്യങ്ങളറിയുക എന്നതിനാൽ പിന്നെ ആരും ഒന്നും പറഞ്ഞില്ല.
മദ്യവും മദിരാക്ഷിയും ദൗർബല്യമായിരുന്നു നാടകത്തിലെ ശില്പിക്ക്. മദ്യം വലം കൈയിൽ ഇടക്കിടെ ഉയർത്തുന്ന ഒരു സാങ്കല്പിക ചഷകവും മദിരാക്ഷി ഇടം കൈ നീട്ടിപ്പിടിച്ച് വായുവിൽ ഒതുക്കിപ്പിടിച്ചു എന്നു കരുതുന്ന സുന്ദരിയായ ഒരു ശൂന്യതയുമായിരുന്നു. സങ്കല്പത്തേയും ശൂന്യതേയും കൈകാര്യം ചെയ്തു നടക്കാൻ രാമദാസൻ ബുദ്ധിമുട്ടി. ഇടക്കിടെ ജമ്പിങ് പിറ്റിനു മുകളിലെ ക്രോസ് ബാറിലേക്ക് നോട്ടം പോയി.. പരാജയം സമ്മതിക്കാതെ ജാതവേദൻ മാഷ് കുറച്ചൊക്കെ രാമദാസന്റെ മസിലയപ്പിച്ചു.
അടുത്ത പ്രശ്നം ഇത്രയും ദുശ്ശീലക്കാരനായ ശില്പിയെ തീവ്രമായി പ്രണയിക്കുന്ന രാജകുമാരിയാവുക ആരാണ് എന്നായിരുന്നു. രാമദാസനെ തീവ്രമായി പ്രണയിച്ചിരുന്ന പെൺകുട്ടികൾ ധാരാളമുണ്ടായിരുന്നിരിക്കാം എങ്കിലും അത് സ്റ്റേജിൽ അഭിനയിക്കാൻ പാങ്ങുള്ള ആരും അടക്കാപുത്തൂർ ഹൈസ്കൂളിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല ശില്പി രാജകുമാരിയുടെ കവിളത്ത് ചുംബിക്കേണ്ടതുമുണ്ട്. വെറും ചുംബനമല്ല.. ചുംബനത്തിന്റെ ചൂടു കൊണ്ട് രാജകുമാരിയുടെ കവിൾ പൊള്ളിപ്പോകണം. അങ്ങനെ പൊള്ളിയ ചുംബനം കറുത്ത പാടാവുക വഴിയാണ് ഈ പ്രണയരഹസ്യം രാജാവും പരിവാരങ്ങളും അറിയുന്നത്. ശേഷമുള്ള കഥ ഊഹിക്കാവുന്നതു തന്നെ. എന്തായാലും രാജകുമാരിയായി ആ വർഷം സംസ്ഥാന യുവജനോത്സവത്തിൽ കഥകളിക്ക് ഒന്നാം സമ്മാനം കിട്ടിയ ഒമ്പതാം ക്ലാസിലെ കൃഷ്ണകുമാറിനെ പെൺവേഷം കെട്ടിച്ചു ജാതവേദൻ മാഷ്. കൃഷ്ണകുമാർ രാമദാസന്റെ ചുംബനം ഏറ്റുവാങ്ങി കഥകളിസമ്പ്രദായത്തിൽ കോരിത്തരിക്കുകയും ലജ്ജിക്കുകയും ചുംബനമാർക്ക് കണ്ണാടിയിൽ കണ്ട് ഭയപ്പെടുകയും വിഷണ്ണയാവുകയും വിവശയാവുകയുമൊക്കെ ചെയ്തു. രാമദാസനെ യഥാവിധം തൂക്കിക്കൊന്ന ശേഷം നീണ്ട വിസിലടികളോടെ നാടകത്തിന് തിരശ്ശീല വീഴുകയും ചെയ്തു.
“ഓർക്കുക വല്ലപ്പോഴും” “നീയെന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല” എന്നൊക്കെ ഓട്ടോഗ്രാഫുകളെഴുതി ലഡുവും മിക്സ്ചറും ചായയുമായി ഒരു ടീപ്പാർട്ടിയോടെ പത്താം ക്ലാസ് ഞങ്ങൾ അവസാനിപ്പിച്ചു. എസ്സെസ്സെൽസി പരീക്ഷ കഴിഞ്ഞ് പിരിഞ്ഞു. റിസൾട്ടിന്റെ അന്നൊന്നും രാമദാസനെ കണ്ടില്ല. പിന്നെ കുറച്ചു കാലം കഴിഞ്ഞ് പട്ടാളത്തിൽ ചേർന്നു എന്ന വിവരം കിട്ടി. പൂതക്കാട് അക്ഷരാർത്ഥത്തിൽ അങ്ങനെയൊരു ഉൾനാടാകയാൽ ഞങ്ങൾ തമ്മിൽ പിന്നെ കാണലുമുണ്ടായില്ല.
എന്തായാലും അപ്രതീക്ഷിതമായ ഒരു അക്ഷാംശരേഖാംശത്തിൽ മുപ്പത്തിയേഴു വർഷങ്ങൾക്കു ശേഷം ഞങ്ങളുടെ ജീവിതരേഖകൾ കൂട്ടിമുട്ടുക തന്നെ ചെയ്തു. സന്തോഷം കൊണ്ട് എന്തൊക്കെ ചെയ്യണം എന്നറിയാത്ത അവസ്ഥയിലെത്തി.

രാമദാസ് സുരക്ഷാ നിരീക്ഷണത്തിൽ

ഉച്ച തിരിഞ്ഞ് സെക്യൂരിറ്റി ഡ്രില്ലിന്റെ ഭാഗമായി പതിവു പോലെ ആയുധപ്രയോഗത്തിന്റെ സമയമായി. കടലിലെറിഞ്ഞ ഒരു കാർഡ് ബോഡ് പെട്ടി ദൂരെയെത്തുമ്പോൾ അതിൽ ഉന്നം പിടിച്ചാണ് വെടി.
“സാറ് രണ്ടെണ്ണം വെച്ചു നോക്ക്ണ്വോ..” രാമദാസൻ തോക്ക് എനിക്കു നേരെ നീട്ടി..
“വെടിവെപ്പൊക്കെ നീയ് ചീതാ മതി..” ഒരു ചീത്തവിളിച്ചുകൊണ്ട് ഞാനവന്റെ തോളത്ത് തട്ടി.
“അല്ല ഇന്ത്യക്കാരുള്ള കപ്പലിൽ പഞ്ചാബികൾക്കും ഹരിയാനക്കാർക്കും യൂപ്പിക്കാർക്കും ബീഹാറികൾക്കും ഒന്നും ഇതിലത്ര കമ്പല്യ.. അവര്ക്ക് ഇതൊക്കെ ശീലാ.. നമ്മടാൾക്കാർക്കാണ് പൊതുവെ ഇതിലൊക്കെ പൂതി” രാമദാസൻ കാര്യം വിശദീകരിച്ചു.
“എനിക്കെന്തായാലും ഇല്യ.. നീ വെച്ചോ..” ഞാൻ സമാധാനിപ്പിച്ചു.
പെട്ടി ഏതാണ്ട് അടക്കാപുത്തൂർ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ നീളം ദൂരത്തായപ്പോൾ രാമദാസൻ ചെവിയിൽ ഇയർ മഫ് വെച്ച് ഉന്നം പിടിച്ചു.
“ഠോ” ആദ്യത്തെ വെടി പെട്ടിയുടെ ഒരു മീറ്റർ മുന്നിൽ വെള്ളം തെറിപ്പിച്ചു. അടുത്ത രണ്ടെണ്ണം കൃത്യം പെട്ടി തുളച്ചു.
ഊഴമിട്ട് മറ്റു രണ്ടു പേരും മുമ്മൂന്നെണ്ണം വെച്ച് രണ്ട് പെട്ടികൾ കൂടി ഞങ്ങൾക്കു മുമ്പിൽ വെടിവെച്ച് ചപ്ലീസാക്കി. ഇനി കടൽക്കൊള്ളക്കാർ ഒന്നു വന്നു കിട്ടുകയേ വേണ്ടൂ..
ഒക്കെ കഴിഞ്ഞ് ഡിന്നറിനു ശേഷം രാമദാസനെ ഞാൻ കാബിനിൽ വിളിച്ചിരുത്തി വിശേഷങ്ങൾ വിശദമായി ചോദിച്ചു. പട്ടാളത്തിൽ നിന്ന് പിരിഞ്ഞിട്ട് ഏഴു വർഷമായി. അധികം താമസിയാതെ ഈ ജോലിയിൽ കയറി. ദുബയ്, ശ്രീലങ്ക, മൊറോണി, സൗത്ത് ആഫ്രിക്ക., ഈജിപ്ത് എന്നിവടങ്ങളിലായി ക്യാമ്പ് ചെയ്ത് പല കപ്പലുകളിൽ മൂന്നു മാസക്കാലം ഡ്യൂട്ടിക്കു പോവും. പിന്നെ മൂന്നു മാസം ലീവിൽ കൃഷിയും കാര്യങ്ങളുമൊക്കെ നോക്കിനടത്തും. ഷൊർണൂരു നിന്ന് കല്യാണം കഴിച്ച് മനിശ്ശേരിയിൽ വീടു വെച്ച് താമസമാണ് രാമദാസൻ. രണ്ടു പെൺ മക്കളും ജോലിക്കാർ. മൂത്ത മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ കല്യാണം ആലോചിക്കണം..
അങ്ങനെ പത്തുപന്ത്രണ്ടുദിവസം ഞങ്ങൾ സഹപാഠികൾ ആഘോഷമായി കടലിൽ കഴിഞ്ഞു. മൊറോണിയിൽ ഒരു ബോട്ടിൽ രാമദാസൻ ഇറങ്ങിപ്പോയി. പിന്നെ അവധിക്കാലത്തും ഞങ്ങൾ തമ്മിൽ കണ്ടു. 37 വർഷങ്ങൾക്കു ശേഷം 2019 ആഗസ്റ്റിൽ ഞങ്ങളുടെ എസ്.എസ്.എൽ.സി ബാച്ച് ഒരു ഗെറ്റ് ടുഗദർ നടത്തിയ ദിവസം പക്ഷേ രാമദാസന് വരാൻ പറ്റിയില്ല. വീണ്ടും സൊമാലിയൻ കടൽക്കൊള്ളക്കാരെ എതിരിടാനുള്ള അടുത്ത യാത്രയിൽ പെട്ടു.
വീണ്ടും കടൽ യാത്രകളും തുടർന്ന് കോവിഡ് പ്രതിസന്ധികളും ഒക്കെയായി രാമദാസനുമായി കൂട്ടിമുട്ടലുകൾ ഉണ്ടായില്ല. ഇടക്ക് വല്ലപ്പോഴും മെസ്സേജുകൾ.
അടുത്തിടെ രാമദാസനെ വിളിച്ചപ്പോൾ കിട്ടി. കോവിഡ് കാല ബഹളങ്ങളും നൂലാമാലകളും മടുത്ത് ആളിപ്പോൾ കടൽ സുരക്ഷാജോലികൾ നിർത്തി. കൊച്ചിൻ ദേവസ്വം ബോർഡിലെ വിജിലൻസിൽ ജോലിക്കു കയറി. കല്യാണം കഴിപ്പിച്ചയക്കാനുദ്ദേശിച്ച രണ്ടാമത്തെ മകൾ തൽക്കാലം കല്യാണമൊന്നും വേണ്ട എന്നു പറഞ്ഞ് യു.കെയിൽ ഉപരിപഠനത്തിനു പോയി. മാസത്തിൽ പത്തു ദിവസം ജോലി ചെയ്താൽ മതി രാമദാസന്. ബാക്കി സമയം കൃഷിയും വീട്ടുകാര്യങ്ങളുമായി പ്രായമായ അച്ഛനമ്മമാരുടെ ദേഹസൗഖ്യം നോക്കി കഴിഞ്ഞുകൂടുന്നു..
സ്വസ്ഥം..!

WhatsApp