എഴുത്തും ജനാധിപത്യവും

M. Nandakumar_Thumbnail

എം നന്ദകുമാർ 

1989  EEE

നിശ്ശബ്ദത അനീതികൾക്കു മൗനാനുവാദം നല്കൽ മാത്രമല്ല; പീഡകർക്കു ശക്തിപകരൽ കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം അധികാരത്തിലേറിയവരുടെമാത്രം പ്രത്യേക അവകാശമായി മാറുമ്പോൾ, അവരുടെ അസത്യഘോഷണങ്ങൾ ഉച്ചഭേരികൾ മുഴക്കുമ്പോൾ  ‘അതെല്ലാം കള്ളമാണ്…ഇങ്ങിനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്..’ എന്നു നിർഭയം സംസാരിക്കാനുള്ള പൗരന്റെ ശേഷിയാണു ജനാധിപത്യത്തിന്റെ കാതൽ. ആ കാതലിനു പുഴുക്കുത്തേൽക്കാതിരിക്കാനുള്ള കരുതലാണ് സാഹിത്യം. അതിനാൽ സാഹിത്യം ഒരു ആഡംബരവസ്തുവല്ല; മറിച്ച് ജനാധിപത്യവ്യവസ്ഥയുടെ ജീവവായുവാണ്. സത്യം വിളിച്ചുപറയാനുള്ള കലാകാരന്റെയും കലാകാരിയുടെയും വാശിയും അവരുടെ സർഗ്ഗക്രിയയിലെ പൊള്ളിക്കുന്ന തീക്ഷ്ണതയും പ്രതിരോധത്തിനുള്ള ആയുധങ്ങളായി മാറുന്നു.

Share on facebook
Share on twitter
Share on linkedin

     ഒരു കലാകാരനെ/കലാകാരിയെ സംബന്ധിച്ചിടത്തോളം ഭരണകൂടവുമായുള്ള ബന്ധം പൊതുവെ സംഘർഷഭരിതമായിരിക്കും. നിലവിലുള്ള വിവിധതരം അധികാരസ്ഥാപനങ്ങളുമായി സമരസപ്പെടാത്ത ചില നിഷേധങ്ങൾ എല്ലാ മഹത്തായ കലയിലുമുണ്ട്. എഴുത്തുകാർക്ക് അനുകൂലമായ രാഷ്ട്രസംവിധാനം എന്തായിരിക്കാം എന്ന ചോദ്യത്തിന് ഒരുതരത്തിലുള്ള ഭരണവ്യവസ്ഥകളുമായും കലാകാരന് പൊരുത്തപ്പെടാൻ സാധ്യമല്ലെന്നു ഓസ്കാർ വൈൽഡ് മറുപടി പറയുന്നു. കലയുടെയും സാഹിത്യത്തിന്റെയും അടിസ്ഥാന സവിശേഷതകളിൽ ഒന്നായ സ്വാതന്ത്ര്യബോധത്തിലേക്കാണ് ഓസ്കാർ വൈൽഡ് വിരൽ ചൂണ്ടുന്നത്. ചീത്ത സാഹിത്യത്തിന്റെ ഒരു ലക്ഷണം അതു നിലവിലുള്ള അധികാരസ്വരൂപങ്ങളെ പിൻപറ്റുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു എന്നതാകാം.’There can be no literature without democracy and no democracy without literature.’ എന്ന ദറിദയുടെ നിരീക്ഷണം ജനാധിപത്യവും സാഹിത്യവും എപ്രകാരം പരസ്പരപൂരകങ്ങളാകുന്നു എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. ഒന്നില്ലാതെ മറ്റൊന്നിന്റെ നിലനില്പിനെക്കുറിച്ചു ആലോചിക്കാൻപോലും സാധ്യമല്ലാത്തവിധം ഇഴചേർന്നു കിടക്കുന്ന പരികല്പനകളാണു ജനാധിപത്യവും സാഹിത്യവും. (ജനാധിപത്യം, സാഹിത്യം എന്നിവ നിരന്തരപരിണാമവിധേയമായ പൂർത്തീകരിക്കപ്പെടാനുള്ള സാമൂഹികസാംസ്കാരിക പദ്ധതികൾ എന്ന നിലയിലാണു ദറീദ ‘Passions’ എന്ന പഠനത്തിൽ വിവക്ഷിക്കുന്നത്.)

മനുഷ്യാവസ്ഥയിലെ ആകുലതകളും സാധ്യതകളുമാണ് എക്കാലത്തും എഴുത്തിന്റെ അസംസ്കൃതവസ്തുക്കൾ. അന്നന്നത്തെ അന്നത്തിനു ആളുകൾ നെട്ടോട്ടമോടുമ്പോൾ, വംശീയകലാപങ്ങളും യുദ്ധങ്ങളും കുരുതിക്കളങ്ങൾ വിപുലമാക്കുമ്പോൾ, ജീവിതംതന്നെ നിലയ്ക്കാത്ത അഭയാർത്ഥിപ്രവാഹമാകുമ്പോൾ ഒരു കലാകാരന്റെയോ എഴുത്തുകാരിയുടെയോ പ്രയത്നങ്ങൾക്കും ക്ലേശങ്ങൾക്കും സാംഗത്യമുണ്ടോ?

ഒരു കവിതക്കോ ചിത്രത്തിനോ സിനിമക്കോ അത്രമാത്രം വിലകല്പിക്കേണ്ടതുണ്ടോ? ‘റിപ്പബ്ലിക്’ എന്ന കൃതിയിലെ തന്റെ ആദർശാത്മകരാഷ്ട്രത്തിൽ പ്ലേറ്റോ കലയെയും സാഹിത്യത്തെയും നാടുകടത്തുന്നുണ്ട്. സ്വതവേ നിഴൽരൂപങ്ങളായി മനുഷ്യർക്ക് പ്രത്യക്ഷമാകുന്ന യാഥാർഥ്യത്തെ വീണ്ടും അനുകരണാത്മകമായ പ്രതിരൂപകല്പനകൾക്കു വിധേയമാക്കുന്നതിനാൽ നാടകവും കാവ്യവും മനുഷ്യരെ ‘സത്യ’ത്തിൽനിന്നും രണ്ടടി മാറ്റിനിർത്തുന്നുവെന്നായിരുന്നു പ്ലാറ്റോയുടെ വാദം. എന്നാൽ പ്ലേറ്റോയുടെ അധിഭൗതികമായ ആശയലോകത്തിലെ ആത്യന്തികനന്മ (Absolute Goodness) ഒരു പൗരാണിക ദാർശനികനോവലിലെ കേന്ദ്രരൂപകം മാത്രമായും നമുക്കിന്നു വായിച്ചെടുക്കാം.

വിക്ടർ ഹ്യൂഗോ എഴുതിയ വിഖ്യാതമായ ‘നോത്രെദാമിലെ കൂനൻ’ എന്ന നോവൽ ആരംഭിക്കുന്നതുതന്നെ ഒരു യുവനാടകകൃത്തിനെ യാചകരും കുറ്റവാളികളും കുഷ്‌ഠരോഗികളും വേശ്യകളും അടങ്ങിയ പാരീസിലെ വലിയൊരു ജനക്കൂട്ടം വിചാരണക്കു വിധേയമാക്കുന്ന രംഗത്തോടെയാണ്.

സമൂഹത്തിന്റെ കൂട്ടായ അദ്ധ്വാനത്തിലെ മിച്ചമൂല്യമാണു കലയെയും കലാകാരനേയും നിലനിർത്തുന്നതെന്ന ശുഷ്കവും യാന്ത്രികവുമായ സാമ്പത്തികസിദ്ധാന്തങ്ങളും ഇമ്മാനുവൽ കാന്റിനെപോലെയുള്ള തത്വചിന്തകർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കാന്റിന്റെ കേവലയുക്തിയുടെ ന്യായീകരണങ്ങളെക്കാൾ ദസ്തയേവ്‌സ്‌ക്കിയുടെ കൃതികൾ തനിക്കു ഉൾക്കാഴ്ചകൾ നൽകിയതായി ഐൻസ്റ്റീൻ പറയുന്നു.

1969-ൽ സിംഗപ്പൂരിന്റെ രാഷ്ട്രപിതാവായ ലീ കുവാൻ യു തന്റെ വിഖ്യാതമായ പ്രസംഗത്തിൽ  ‘കവിത നമുക്കു താങ്ങാനാവാത്ത ഒരു ആഡംബരമാണെന്നു’ പ്രസ്താവിച്ചു. പകരം ജനങ്ങൾക്കാവശ്യം ജീവിതത്തിനു അനുയോജ്യമായ ഒരു തത്വശാസ്ത്രമാണെന്നും ലീ കുവാൻ യു നിർദ്ദേശിച്ചു. അയാൾക്കു തെറ്റു പറ്റി. കാരണം ജീവിതത്തിനു അവശ്യം വേണ്ട കാഴ്ചപ്പാടുകൾ തിരഞ്ഞെടുക്കാൻ ഒരാളെ പ്രാപ്തരാക്കുന്നതു പുസ്തകങ്ങളും മറ്റു കലാസൃഷ്ടികളുമാണ്. പൗരാണികഗ്രന്ഥങ്ങൾതൊട്ടു ഏറ്റവും പുതിയ ഒരു കഥവരെ തുറന്നുനോക്കിയാൽ വിവിധ ജീവിതദർശനങ്ങളുടെ വെളിപാടുകൾ നിങ്ങൾക്കു കണ്ടെത്താം. മോസ്സസ്സ് അടിമത്തത്തിനു കീഴടങ്ങാൻ വിസമ്മതിച്ചു. ഒഡീസിയസ്സ് അധികാരത്തിനെതിരെ സത്യങ്ങൾ വിളിച്ചുപറഞ്ഞു. തോമസ് പെയ്‌നും ജോൺ സ്റ്റുവാർട്ട് മില്ലും മനുഷ്യാവകാശങ്ങളെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായസ്വാതത്ര്യത്തെക്കുറിച്ചുമുള്ള ആധുനിക ആശയങ്ങൾക്കു വാക്കുകളാൽ ബീജാവാപം നടത്തി. ലീ കുവാൻ യു ആവശ്യപ്പെട്ട ജീവിതത്തിന്റെ തത്വശാസ്ത്രം സൂക്ഷിച്ചുവെച്ചിട്ടുള്ള ഇടങ്ങൾ ഗ്രന്ഥപ്പുരകളാണ്.

ജനാധിപത്യത്തിൽ ഒരാളെ സംസാരിക്കാൻ പ്രാപ്തരാക്കുന്നതു പല രൂപങ്ങളിലുള്ള സാഹിത്യമാണ്. നമ്മൾ ഒരു നോവലിന്റെ പ്ലോട്ട് പിന്തുടരുമ്പോൾ യാഥാർഥ്യത്തെ ക്രമത്തിൽ മനസ്സിലാക്കാനുള്ള ഒരു പരിശീലനം നേടിയെടുക്കുന്നു. ആഖ്യായികയിലെ കഥാപാത്രങ്ങളോടു തന്മയീഭാവം പുലർത്തുമ്പോൾ ചുറ്റുമുള്ള മനുഷ്യരുടെ സുഖദുഃഖങ്ങളുമായി താദാത്മ്യം പ്രാപിക്കാനുള്ള മാനസികശേഷി കൈവരിക്കുന്നു. സ്വന്തം മുറിവുകളിൽനിന്നും ലോകത്തിന്റെ മുറിവുകളിലേക്കു പ്രവേശിക്കാനുള്ള കവാടംകൂടിയാണ്  കവിത.

നിശ്ശബ്ദത അനീതികൾക്കു മൗനാനുവാദം നല്കൽ മാത്രമല്ല; പീഡകർക്കു ശക്തിപകരൽ കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം അധികാരത്തിലേറിയവരുടെമാത്രം പ്രത്യേക അവകാശമായി മാറുമ്പോൾ, അവരുടെ അസത്യഘോഷണങ്ങൾ ഉച്ചഭേരികൾ മുഴക്കുമ്പോൾ  ‘അതെല്ലാം കള്ളമാണ്…ഇങ്ങിനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്..’ എന്നു നിർഭയം സംസാരിക്കാനുള്ള പൗരന്റെ ശേഷിയാണു ജനാധിപത്യത്തിന്റെ കാതൽ. ആ കാതലിനു പുഴുക്കുത്തേൽക്കാതിരിക്കാനുള്ള കരുതലാണ് സാഹിത്യം. അതിനാൽ സാഹിത്യം ഒരു ആഡംബരവസ്തുവല്ല; മറിച്ച് ജനാധിപത്യവ്യവസ്ഥയുടെ ജീവവായുവാണ്. സത്യം വിളിച്ചുപറയാനുള്ള കലാകാരന്റെയും കലാകാരിയുടെയും വാശിയും അവരുടെ സർഗ്ഗക്രിയയിലെ പൊള്ളിക്കുന്ന തീക്ഷ്ണതയും പ്രതിരോധത്തിനുള്ള ആയുധങ്ങളായി മാറുന്നു.

കലയുടെ സാംഗത്യമെന്തെന്നുള്ള സന്ദേഹങ്ങൾക്കു കലാസൃഷ്ടികൾതന്നെ ഉത്തരങ്ങൾ നല്കിക്കൊണ്ടിരിക്കും – ആരും തീരെ നിനച്ചിരിക്കാത്ത സന്ദർഭങ്ങളിൽ. 2003-ൽ യു. എൻ സമ്മേളനഹാളിൽ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പൗവ്വൽ ഇറാക്കിനെതിരെ യുദ്ധപ്രഖ്യാപനം നടത്താനിരിക്കുന്ന സന്ദർഭം. പ്രഖ്യാപനത്തിനു മുമ്പ് അവർ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്തു. സമ്മേളന ഹാളിൽ ഒരു ചിത്രത്തിരശ്ശീലയിൽ പുനരാലേഖനം ചെയ്ത പിക്കാസോയുടെ ‘ഗൂർണിക്ക’ എന്ന ലോകപ്രശസ്തമായ കലാസൃഷ്ടി അവർ പൂർണ്ണമായും ആവരണംചെയ്തു. സ്പെയിനിലെ ഒരു കൊച്ചുനഗരത്തിലെ ജനങ്ങളെ ബോംബിട്ടു കൊന്ന ഫാസിസ്റ്റ് പൈശാചികതക്കെതിരെയുള്ള രൂക്ഷവിമർശനമായിരുന്നു പിക്കാസോയുടെ ചിത്രം. ലോകത്തിനോട് നുണകൾ പരസ്യമായി പറഞ്ഞു സാമ്പത്തികകൊള്ളകൾക്കു വേണ്ടി ഇറാഖിനെ തകർക്കാൻ ഒരുങ്ങുമ്പോൾ ഗൂർണിക്ക പശ്ചാത്തലത്തിൽ വരുന്നത് കൊലയാളികൾക്കു അസ്വസ്ഥകരമായി തോന്നി. അറുപത്തിയാറു വർഷം മുൻപ് അനാച്ഛാദനം ചെയ്ത ഗൂർണിക്ക ഐക്യരാഷ്ട്രസഭ മൂടിവെച്ചപ്പോൾ യുദ്ധത്തിന്റെ ക്രൂരതകളാണ് ആ ചിത്രം വീണ്ടും നമ്മെ ഓർമിപ്പിച്ചത്. മരണത്തിനുശേഷം മുപ്പത്തിയാറു വർഷങ്ങൾ കഴിഞ്ഞു പിക്കാസോ നമ്മോടു വീണ്ടും സംസാരിച്ചു. യുദ്ധങ്ങൾ അഴിച്ചുവിടുന്ന ലാഭക്കൊതിയന്മാരുടെ കുടിലതന്ത്രങ്ങളെക്കുറിച്ച്. മരണവും ആയുധക്കച്ചവടവും ഏറ്റവും ലാഭകരമായ വ്യവസായങ്ങളായി മാറിയ പുതിയ ലോകക്രമത്തെക്കുറിച്ചും.

1930- കളിൽ യുദ്ധവിരുദ്ധവികാരത്തിന്റെ പ്രതീകമായി ലോകമെമ്പാടും ഏറ്റെടുത്ത ഒരു നോവലായിരുന്നു ജർമ്മൻ എഴുത്തുകാരനായ എറിക് മരിയ റെമാർക്കെയുടെ ‘All Quite on the Western Front’ എന്ന കൃതി. ഒന്നാംലോകമഹായുദ്ധത്തിൽ ട്രഞ്ചുകളിൽ പൊലിഞ്ഞ ജീവിതങ്ങളുടെ നേർസാക്ഷ്യമായിരുന്നു റെമാർക്കെയുടെ ആഖ്യാനം. ഷെൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരെക്കുറിച്ചു മാത്രമല്ല; യുദ്ധത്തെ അതിജീവിച്ചെങ്കിലും ആന്തരികമായി മരണം സംഭവിച്ച തന്റെ തലമുറയെക്കുറിച്ചാണു ലോകത്തിനുമുന്പിൽ അവതരിപ്പിക്കുന്നതെന്നു നോവലിന്റെ ആമുഖത്തിൽ റെമാർക്കെ പറയുന്നുണ്ട്. നോവലിനെ ആധാരമാക്കി അതേ പേരിൽ നിർമ്മിക്കപ്പെട്ട സിനിമ ഓസ്കാർ പുരസ്കാരവും നേടി.

1930- കളിൽ യുദ്ധവിരുദ്ധവികാരത്തിന്റെ പ്രതീകമായി ലോകമെമ്പാടും ഏറ്റെടുത്ത ഒരു നോവലായിരുന്നു ജർമ്മൻ എഴുത്തുകാരനായ എറിക് മരിയ റെമാർക്കെയുടെ ‘All Quite on the Western Front’ എന്ന കൃതി. ഒന്നാംലോകമഹായുദ്ധത്തിൽ ട്രഞ്ചുകളിൽ പൊലിഞ്ഞ ജീവിതങ്ങളുടെ നേർസാക്ഷ്യമായിരുന്നു റെമാർക്കെയുടെ ആഖ്യാനം. ഷെൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരെക്കുറിച്ചു മാത്രമല്ല; യുദ്ധത്തെ അതിജീവിച്ചെങ്കിലും ആന്തരികമായി മരണം സംഭവിച്ച തന്റെ തലമുറയെക്കുറിച്ചാണു ലോകത്തിനുമുന്പിൽ അവതരിപ്പിക്കുന്നതെന്നു നോവലിന്റെ ആമുഖത്തിൽ റെമാർക്കെ പറയുന്നുണ്ട്. നോവലിനെ ആധാരമാക്കി അതേ പേരിൽ നിർമ്മിക്കപ്പെട്ട സിനിമ ഓസ്കാർ പുരസ്കാരവും നേടി.

നോവലിന്റെയും സിനിമയുടെയും പ്രചാരം ഏറ്റവും അസ്വസ്ഥമാക്കിയതു നാസികളുടെ പ്രചരണങ്ങൾക്കു നേതൃത്വം നൽകിയ ഗീബൽസിനെയായിരുന്നു. ജർമ്മനിയിൽ റെമാർക്കെയുടെ കൃതികളെല്ലാം നിരോധിക്കപ്പെട്ടു. ഗീബൽസ് ഏർപ്പാടാക്കിയ നാസി ഗുണ്ടാസംഘങ്ങൾ റെമാർക്കെയുടെ ഗ്രന്ഥങ്ങൾ പൊതുസ്ഥലങ്ങളിൽ കത്തിച്ചു. സിനിമ പ്രദർശിപ്പിച്ച തീയേറ്ററുകൾ തല്ലിത്തകർത്തു. റെമാർക്കെയുടെ പൗരത്വം ഭരണകൂടം റദ്ദാക്കി. അദ്ദേഹം സ്വിറ്റ്‌സ്വർലണ്ടിലേക്കും പിന്നീട് യു.എസ്സിലേക്കും പലായനം ചെയ്തു. എഴുത്തുകാരന്റെ സഹോദരിയെയും അവരുടെ ഭർത്താവിനെയും രാജ്യദ്രോഹക്കുറ്റത്തിനു നാസികൾ വധിച്ചു. വിചാരണയെന്ന പ്രഹസനത്തിനിടക്കു അവർ പറഞ്ഞു: ”അയാൾ ഞങ്ങളുടെ കയ്യിൽനിന്നും രക്ഷപ്പെട്ടെങ്കിലും നിങ്ങളെ വെറുതെ വിടുകയില്ല…”

വംശഹത്യ നടപ്പാക്കുംമുമ്പു നാസികൾ ജൂതന്മാരുടെയും ജിപ്സികളുടെയും പൗരത്വം എടുത്തുകളഞ്ഞിരുന്നു. കണിശമായ കണക്കെടുപ്പുകളിൽ ആളുകളുടെ വിവരങ്ങൾ പഞ്ച് കാർഡുകളിൽ രേഖപ്പെടുത്താൻ സാങ്കേതികവിദ്യ വികസിപ്പിച്ചതു IBM എന്ന അമേരിക്കൻ കമ്പനിയാണ്. ലക്ഷക്കണക്കിനു മനുഷ്യരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലും ഗ്യാസ് ചേമ്പറുകളിലും കൊലപ്പെടുത്താനുള്ള പ്രാകൃത പ്രോഗ്രാമിങ്ങിലൂടെ IBM വൻകിടലാഭവും കൊയ്തു. ഫാസിസം ദേശീയതയുടെയും കോർപറേറ്റിസത്തിന്റെയും കൂട്ടുകെട്ടാണ് എന്ന മുസ്സോളിനിയുടെ നിർവചനത്തെ സാക്ഷാത്ക്കരിക്കുംവിധം.

ഗീബൽസിന്റെ പരമ്പരകൾ അഴിഞ്ഞാടുന്ന ഒരു സാംസ്ക്കാരിക അന്തരീക്ഷത്തിലാണു നാം ജീവിക്കുന്നത്. അന്നേരം യാഥാർഥ്യത്തെ മനനത്തിനു വിധേയമാക്കാനും തകരുന്ന ജനാധിപത്യത്തെക്കുറിച്ചുള്ള ആകാംക്ഷകൾ പങ്കുവെക്കാനും പ്രതിരോധത്തിന്റെ എടുപ്പുകൾ പണിതുയർത്താനും കലക്കും സാഹിത്യത്തിനും സാരമായ പങ്കുണ്ട്.

 

ഡിസംബർ
——————-
കാലങ്ങളായി മുളക്കാത്ത വിത്തുകളുടെ
കിരുകിരുപ്പ് മണ്ണിനടിയിൽ കേൾക്കാനുണ്ട്
കാട്ടിലും വയലിലും ഖനികളിലും വീശുന്ന
കാറ്റുകളിൽ ചോരയുടെ മണമുണ്ട്.

കൊന്നതിന്റെയും തിന്നതിന്റേയും
കണക്കുപുസ്തകത്തിൽ വരവുവെച്ച്
കിടക്കാനൊരുങ്ങുന്നവരെ കാത്ത്
കാലുകൾ വിണ്ട പ്രേതങ്ങൾ വരുന്നുണ്ട്.

പിഞ്ഞിയ ഭൂപടത്തിന്റെ വക്കുകളിൽ
പട്ടിണി, രോഗം, മരണമെന്ന വാക്കുകളാൽ
പാടുന്നവരെ മഞ്ഞു മൂടുമ്പോഴും ദൂരെ
പുതുവർഷത്തിന്റെ തീജ്വാലകളുണ്ട്.

WhatsApp