കണക്കുപുസ്തകം
റാഫി കാമ്പിശ്ശേരി (1982 )
സസ്പെൻസ് ഇല്ലാതെ കഥ പറയണമെന്നാണ് തീരുമാനം. വിഷ്ണുവിന്റെ മരണവാർത്തയിൽ കഥ ആരംഭിക്കുകയാണ്.
വിഷ്ണുവിന്റെ മരണം വിളിച്ചറിയിച്ചത് മോഹനനാണ്.
“ഹലോ…. സാറല്ലിയോ ?”
“ങ്ഹാ.. മോഹനാ, എന്താ രാവിലെ ?”
“അല്ല സാറേ.. ഞാൻ വിഷ്ണു ഡോക്ടറുടെ വീട്ടിലാ. ഡോക്ടർക്ക് ഒരു ആക്സിഡന്റ്.”
“ങ്ഹാ.. മോഹനാ, എന്നിട്ട്?”
“…സാറേ…ഡോക്ടർ പോയി ….”
ഈ വാർത്ത എന്നിലുണ്ടാക്കിയ ആഘാതം എത്ര കഠിനമായിരുന്നെന്ന്, ഈ കഥ തുടർന്ന് വായിക്കുമ്പോൾ നിങ്ങൾക്ക് ബോധ്യമാകും.
“മോഹനാ, അയാളിപ്പൊ എവിടാ താമസം? “
“അതു വേണ്ട, സാർ വരണ്ട..ഇവിടെ വലിയ ആൾക്കൂട്ടമാണു”
“അല്ല… എനിക്ക് വരണം മോഹനാ…”
“വേണ്ട… ഡോക്റ്റർ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. സാർ വരണ്ട. ഞാൻ പിന്നെ വിളിക്കാം.”
ഈ സംഭാഷണത്തിൽ നിന്നും രണ്ടു കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുകാണണം. ഒന്നാമത്, ഡോക്റ്റർ വിഷ്ണു ആക്സിഡെന്റിൽ മരിച്ചു. രണ്ടാമത്, ആൾക്കൂട്ടത്തിനിടയിൽ പോകുന്നതിൽ നിന്നും എന്നെ ഡോക്റ്റർ വിലക്കിയിരിക്കുന്നു.
അങ്ങനെ വീട്ടുതടങ്കലിൽ തളയ്ക്കപ്പെട്ടപ്പോഴാണു, ഞാനെന്റെ കഴിഞ്ഞ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ ഇടയായത്.
ഞാൻ കണക്കുപുസ്തകം തുറന്നു നോക്കി. ജീവിതത്തിന്റെ കണക്കുപുസ്തകം!
ഒരു എൻട്രി പോലുമില്ലാതെ ശൂന്യമായിക്കിടക്കുന്ന കണക്കുപുസ്തകം.
ഇപ്പോൾ ധാരാളം സമയം സ്വന്തമായുള്ളതുകൊണ്ട് ഒരു പുതിയ നോട്ടുബുക്കെടുത്ത് കണക്കുപുസ്തകമായി പ്രഖ്യാപിച്ചു.
തെന്നിത്തെന്നി ഓർമ്മ വരുന്ന കടങ്ങൾ മറന്നുപോകുന്നതിനു മുൻപ് എഴുതിവെച്ചു തുടങ്ങി. തിരിച്ചു കൊടുക്കാനുള്ള കടങ്ങൾ മാത്രം; കിട്ടാനുള്ളവ ഇപ്പോൾ പ്രശ്നമേയല്ല.
അങ്ങനെയാണ് ആ കറുത്ത ആക്ടിവ സ്കൂട്ടറിൽ എന്റെ ഓർമയെ മുറിച്ചു കടന്ന വിഷ്ണുവിനായി കണക്കുപുസ്തകത്തിൽ ഒരു പേജ് തുറക്കപ്പെട്ടത്. വളരെ നാളുകളായി മനസ്സിൽ സൂക്ഷിച്ച ഒരു കടം വീട്ടാനുണ്ട്.
എന്താണ് ആ കടം എന്നതും സസ്പെൻസ് ആയി സൂക്ഷിക്കുന്നില്ല.
വിഷ്ണുവിനെ, അഥവാ വിഷ്ണു വൈദ്യരെയും കൂട്ടി ഒരു ദിവസം ആഘോഷമായി മദ്യപിക്കണം. അത്രതന്നെ.
വെറും വെള്ളമടിയിലെന്താണിത്ര പ്രാധാന്യമെന്ന ചോദ്യം സ്വാഭാവികമാണ്.
ഇങ്ങനെ കണക്കുപുസ്തകത്തിന്റെ ഒറ്റ പേജിൽ ഒതുങ്ങേണ്ടുന്ന കഥാപാത്രമല്ല വിഷ്ണു. എന്റെ ജീവിത കഥയാണെഴുതുന്നതെങ്കിൽ പല അദ്ധ്യായങ്ങളിലും അയാൾ നിറഞ്ഞു നിൽക്കും.
നാട്ടിലെ സമ്പന്നന്റെ ആണ്മക്കളിൽ ഇളയവനായ വിഷ്ണുവും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്കാരന്റെ മകനായ ഞാനുംസുഹൃത്തുക്കളാകുന്നത് പ്രീഡിഗ്രി ക്ലാസ്സിൽ ആദ്യദിവസം കണ്ടുമുട്ടിയ ശേഷമാണ്. നാട്ടുകാരായ ഞങ്ങൾ മുൻപും കാണുകയും, പരിചയം ഭാവിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, വർഗ്ഗവ്യത്യാസത്തിന്റെ വിള്ളൽ ആ പരിചയം സൗഹൃദമായി വളരുന്നതിന് തടസ്സമായി.
വളരെ പെട്ടെന്നുതന്നെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. എനിക്കും വിഷ്ണുവിനും തമ്മിലുള്ള ഏകപൊരുത്തം, ഞങ്ങൾക്ക് രണ്ടുപേർക്കും ആറടി ഉയരം വരും എന്നതു മാത്രമായിരുന്നു. അയാൾക്ക് ഭാരം നൂറ്റിമുപ്പത് കിലോയെങ്കിൽ, മെലിഞ്ഞു നീണ്ട എനിക്ക് അറുപത്തിയഞ്ച് കിലോ മാത്രം. ആനയും തോട്ടിയും പോലെ.
വിഷ്ണുവിന്റെ സമ്പന്നപുത്രന്മാരുടെ സൗഹൃദക്കൂട്ടങ്ങളിൽ ഞാൻ ഔട്സൈഡർ ആയിരുന്നു. പക്ഷെ, ഞങ്ങളുടെ സൗഹൃദം വളർന്നു. എന്നും കോളേജിലേക്ക് ഞങ്ങൾ ഒന്നിച്ചാണ് പോവുക, വിഷ്ണുവിന്റെ സൈക്കിളിൽ. തിരിച്ചും അങ്ങനെതന്നെ.
അടിച്ചുപൊളിച്ച കോളേജ് കാലം. രാവിലെ നേരെ പോകുന്നത് കോളേജ് ജംഗ്ഷനിലെ ഗേലാൻഡിനു മുൻപിലേക്കാണ്. അതായിരുന്നു, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ചെത്തുപിള്ളേരുടെ കേന്ദ്രം. എതിരേയുള്ള കോളേജ് കാന്റീനിൽ ചായയും വടയും ദോശയും മറ്റും കിട്ടും. വില തുച്ഛവും.
പക്ഷെ, ഗേലാൻഡിലുള്ളത് കേക്കും പഫ്‌സും കട്ലറ്റും ലിംകയും ഗോൾഡ്‌സ്‌പോട്ടുമാണ്. കോഫിയാണേൽ വെള്ള കപ്പിലും സോസറിലും. വില സ്വല്പം കൂടുമെന്നു മാത്രം. വില എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല. അതു വിഷ്ണുവിന്റെ മാത്രം പ്രശ്നമായിരുന്നു. വിഷ്ണുവായിരുന്നു എന്റെ സ്പോൺസർ.
സിനിമകൾ റിലീസ് ദിവസംതന്നെ കാണണമെന്നത് വിഷ്ണുവിന് നിർബന്ധമായിരുന്നു. നമ്മൾ കൂടെയങ്ങ് ചെന്നാൽ മതി. പൂർണ്ണചെലവ് വിഷ്ണുവിന്റേതാണ്. മാറ്റിനിക്കാണ് പോവുക. ഒന്നുകിൽ സിനിമയ്ക്കു മുൻപ് ബിരിയാണി, ആസാദ് ഹോട്ടലിൽ നിന്നും. മൂന്ന് ബിരിയാണിയാണ് ഞങ്ങൾ ഓർഡർ ചെയ്യുന്നത്. രണ്ടെണ്ണം വിഷ്ണുവിനും, ഒന്ന് എനിക്കും. അതല്ലെങ്കിൽ സിനിമ കഴിഞ്ഞു നേരെ ഇന്ത്യൻ കോഫി ഹൗസിലേക്കാണ്. ഒന്നോ രണ്ടോ മസാലദോശയും മട്ടൻ ഓംലറ്റും കോഫിയും.
ഇടവേളയിലെ കപ്പലണ്ടിയും ഫിൽറ്റർ സിഗററ്റും ഉൾപ്പെടെ സമ്പൂർണ പാക്കേജാണ്. അടിപൊളി ജീവിതം. പക്ഷെ, നമുക്കുചുറ്റും അസൂയാലുക്കളാണ്, ദുഷ്ടന്മാർ; ദുഷ്ടകൾ ! സ്ത്രീപുരുഷ വ്യത്യാസമില്ല. അവർ പണി ആരംഭിച്ചു. അവർ എന്റെ അമ്മയെ സമീപിച്ച് അറിയിച്ചു, നിങ്ങളുടെ മകൻ നശിക്കാൻ പോകുന്നു.
ആ വിഷ്ണുവുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചില്ലെങ്കിൽ ചെറുക്കൻ പിഴച്ചുപോകുമെന്ന് അവർ കട്ടായമായി പറഞ്ഞു. ‘അമ്മ കേസുകെട്ടുമായി അച്ഛന്റെ അടുത്തുചെന്നു. അഭ്യുദയകാംക്ഷികൾ അച്ഛനെയും സമീപിച്ചിരുന്നു. അമ്മയുടെ വക ചില മുന്നറിയിപ്പുകൾക്കുപരി കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. മുഖ്യ ആരോപണം മദ്യപാനമായിരുന്നു. അതായിരുന്നു എന്റെ പിടിവള്ളി.ധൈര്യപൂർവം എനിക്കത് നിഷേധിക്കാൻ സാധിച്ചു. അത്യാവശ്യം ഭക്ഷണവും സിനിമയും ഒരു സ്റ്റൈലിനുള്ള സിഗററ് വലിയിലും ഒതുങ്ങുന്നതായിരുന്നു ഞങ്ങളുടെ ദുശീലങ്ങൾ. ഞങ്ങൾ ഒരിക്കലും മദ്യപിച്ചിട്ടില്ല. വിഷ്ണു ഉറച്ച മദ്യവിരോധിയായിരുന്നു.
പ്രീഡിഗ്രിക്കു ശേഷം ഞങ്ങൾ വഴിപിരിഞ്ഞു. വിഷ്ണു ആയുർവ്വേദം പഠിക്കാൻ ഷൊർണ്ണൂരിനു പോയി. ഞാൻ പഠനവും, തുടർന്ന് പ്രവാസിജീവിതവുമായി നീണ്ടകാലം മാറിനിന്നശേഷം, നാട്ടിൽ താമസമുറപ്പിച്ചപ്പോഴാണ് വിഷ്ണുവുമായി വീണ്ടും ഇടപഴകുന്നത്.
ഉൾപ്രദേശത്ത് ഒരു വൈദ്യശാലയുമായി കഴിഞ്ഞുകൂടുകയാണ് വിഷ്ണു. കുടുംബ ബിസിനസ്സൊക്കെ നേരത്തെ അടച്ചുപൂട്ടിയിരുന്നു. പഴയ തടിയും, ഉല്ലാസത്തോടെയുള്ള ഇടപെടീലും കഴിച്ചാൽ, സമ്പന്നതയുടെ ലക്ഷണങ്ങളൊന്നും വിഷ്ണുവിൽ അവശേഷിച്ചിരുന്നില്ല. ശ്രദ്ധിക്കപ്പെട്ട മാറ്റം, വിഷ്ണു മദ്യവിരോധം ഉപേക്ഷിച്ചു എന്നതാണ്. നാട്ടിലെ പല മദ്യപാന കൂട്ടായ്മകളിലും വിഷ്ണു അംഗമായിക്കഴിഞ്ഞിരുന്നു.
വിഷ്ണുവിന് സംഭവിച്ച സാമ്പത്തിക തകർച്ച ഞങ്ങൾ സുഹൃത്തുക്കളുടെ സംസാരവിഷയമായിരുന്നു. പക്ഷെ എന്താണ് ചെയ്യുക. സാമ്പത്തിക സഹായം ചെയ്യാമെന്നു വച്ചാൽ എത്ര, എങ്ങനെയെന്ന് ഒരു രൂപവും കിട്ടിയില്ല.
വിഷ്ണു കുറച്ചു പണം കടം ചോദിച്ചിരുന്നെങ്കിൽ എളുപ്പമായേനെ. പക്ഷെ ഒരിക്കലും സംഭാഷണങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾ വന്നിരുന്നില്ല. എനിക്ക് എന്തെങ്കിലും പറയാനുള്ള പഴുതും തന്നിരുന്നില്ല.
വിഷ്ണുവിനെ കാണുമ്പോഴും, ഓർക്കുമ്പോഴും വീട്ടാക്കടത്തിൻറെ ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ എപ്പോഴോ മനസ്സിൽ കയറിക്കൂടിയതാണ് ഈ വെള്ളമടി എന്ന ആശയം. വിഷ്ണുവിനെ ഓസിയതിനൊക്കെ പകരമായി, അയാളെയും കൂട്ടി ഒരു ഗ്രാൻഡ് വെള്ളമടി. ഒരു കടംവീട്ടൽ.
പക്ഷേ മുഖ്യതടസ്സം വിഷ്ണുവിന്റെ സുഹൃത്തുക്കളും, നാട്ടിലെ എന്റെ ഇമേജുമാണ്. അടുത്തിടെ തുടങ്ങിയ ചില സാംസ്‌കാരിക പ്രവർത്തനം പരസ്യ വെള്ളമടിക്കു തടസ്സമായി. കൂടാതെ, വിഷ്ണുവുമായി വെള്ളമടിച്ചാൽ എങ്ങനെയും അയാളുടെ സുഹൃത്തുക്കൾ അറിയാതെ വരില്ല. അതും എൻറെ ഇമേജിനെ ദോഷമായി ബാധിക്കും എന്ന ചിന്തയും കലശലായി.
ഒന്നും വേണ്ട സമയത്ത് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്ന എൻറെ സ്വഭാവം ഇക്കാര്യത്തിലും തുടർന്നു. ഇനി ഏതായാലും വീട്ടുതടങ്കൽ കഴിയാതെ നടക്കുകയില്ലെങ്കിലും. കണക്കുബുക്കിൽ വിശദമായിത്തന്നെ വെള്ളമടി പ്രോഗ്രാം എഴുതിവെച്ചിരുന്നു. ഇനി, ഒരിക്കലും വീട്ടാൻ കഴിയാത്ത ഒരു കടം.
ലാലുവിന്റെ ഫോൺ ആശ്വാസമായെത്തി.
“ഹലോ.. വൈദ്യരുടെ കാര്യം അറിഞ്ഞോ?”
“ങ്ഹാ.. ലാലു. ഒന്ന് പോകണമെന്നുണ്ട്. പക്ഷേ, ഇപ്പോൾ ഡ്രൈവ് ചെയ്യാറില്ല.”
“സാരമില്ല… ഞാൻ അതുവഴി വരാം”
അങ്ങനെ ലാലുവുമൊന്നിച്ചാണ് പ്രധാന റോഡിൽനിന്നും അകലെ, ഇടവഴി അവസാനിക്കുന്നിടത്തുള്ള വിഷ്ണുവിന്റെ വീട്ടിൽ പോയത്.
തിരിച്ച് കാറിൽ മൗനിയായിരിക്കുമ്പോൾ എന്റെ ചിന്തയിൽ അവർത്തിച്ചുകൊണ്ടിരുന്നത് മോഹനൻറെ വാക്കുകളായിരുന്നു.
“വെളുപ്പിന്, സ്കൂട്ടറിൽ പാലുകൊടുക്കാൻ പോയതാണ്”
“പാലു കൊടുക്കാനോ ..?!”
“ആ വീട്ടിൽ ഡോക്ടറും ഭാര്യയും മാത്രമേയുള്ളു. പശുവിനെ വളർത്തുന്നുണ്ട്. വൈദ്യശാലയിൽ നിന്നും കാര്യമായൊന്നും കിട്ടാനില്ല.”
“വീടുകളിലും ഹോട്ടലിലും പാൽ കൊണ്ടു കൊടുക്കാൻ പോയതാണ്. ചാറ്റല്മഴയുണ്ടായിരുന്നു. ഹൈവേയിൽ വെച്ചാണ്.”
ഹൃദയത്തിൽ കനത്തഭാരം കയറ്റിവെച്ച അനുഭവം. ഒന്നും വേണ്ടസമയത്തു ചെയ്യാത്ത എന്റെ സ്വഭാവത്തെ ഞാൻ ശപിച്ചുകൊണ്ടേയിരുന്നു.