കേരളം തോൽക്കില്ല!!!
ആര്‍. ഡി. സൌമിത്ര [2016 EC]
ചരിത്രപ്രധാനമായ ഒരു വിധിയാണ് ശബരിമല സ്ത്രീശാക്തീകരണ വിഷയ ത്തിൽ സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. പത്തിനും അമ്പതി നും ഇടയിലുള്ള സ്ത്രീകൾക്ക് ശബരി മലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി. എന്നാൽ ഒരു പുരുഷാധിപത്യ സമൂഹം എന്തു മാത്രം മലീമസമായ രീതിയിലാണ് ആ വിധിയെ നേരിടുന്നത് എന്ന് കേരളം കണ്ടു. വർഗ്ഗീയ പടര്‍ത്താനും അതുവഴി കേരളത്തിന്റെ മതേതരത്വം തകർക്കാനും ഒരു കൂട്ടർ ശ്രമിക്കു ന്നതിന് കേരളം സാക്ഷിയായി.
ആർത്തവത്തിന്റെ പേരിൽ സ്ത്രീ കള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്ന ഒരു ആചാരത്തെ ഇല്ലാതാക്കാൻ കൊണ്ടുവന്ന ഒരു നിയമത്തിനെതിരെ ഒരു കൂട്ടം സ്ത്രീകൾ തന്നെ തെരുവി ലിറങ്ങുന്നതാണ് നമ്മൾ കണ്ടത്. സ്വന്തം കാലിലെ ചങ്ങല പാദസര മാണെന്ന് കരുതുന്ന, പുരുഷാധിപത്യ ത്തിന് അടിമപ്പെട്ട ഒരു വിഭാഗത്തെ യായിരുന്നു അത്തരം പ്രതിഷേധ ങ്ങളിൽ നമ്മൾ കണ്ടത്. തങ്ങൾ അശുദ്ധരാണെന്ന് സ്വയം പ്രഖ്യാപി ക്കുന്ന ചില “കുലസ്ത്രീകള്‍”, പുരോഗമ നാത്മകമായി ചിന്തിക്കുന്ന സ്ത്രീകളെ അസഭ്യങ്ങൾ കൊണ്ട് മൂടുന്ന അശ്ലീ ലവും ഈ നാട് കണ്ടു.
ശബരിമല വിഷയത്തിൽ കടുത്ത വർഗ്ഗീയ മുതലെടുപ്പിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിശ്വാസികളുടെ പേരിൽ അക്രമം അഴിച്ചുവിടുകയും കലാപാഹ്വാനം നടത്തുകയുമാണ് അവർ ചെയ്യുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ വരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും, ശബരിമലയിൽ വരാൻ ആഗ്രഹിക്കുന്ന യുവതികൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്യുന്ന ഒരു ക്രിമിനൽ സംഘമാണ് സംഘപരിവാർ. കേരളം ഇന്നോളം സംരക്ഷിച്ചു നിർത്തിയ മതേതര അടിത്തറ ഇളക്കാനാണ് അവർ ശ്രമിച്ചത്.
സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് ചൂട്ടുപിടിക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്. “ആർത്തവം അശുദ്ധമാ”ണെന്ന് ഒരു വർക്കിംഗ് പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോൾ, ഭരണഘടനക്ക് മുകളിലാണ് വിശ്വാസം എന്നൊരു നേതാവ് പറയുമ്പോൾ, കോൺഗ്രസ് ലജ്ജിച്ച് തല കുനിക്കണം. ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതര നേതാവായ നെഹ്‌റുവിനെ കോൺഗ്രസ് മറന്നു കഴിഞ്ഞിരിക്കുന്നു. നെഹ്‌റു ഉയർത്തിപ്പിടിച്ച ശാസ്ത്രബോധവും മതേതരത്വവും ഇന്ന് കോൺഗ്രസ് കൈവിട്ടിരിക്കുന്നു. ചരിത്രം നിങ്ങളെ വിളിക്കുക ഒരു നാടിനെ പിന്നോട്ട് നടത്താൻ ശ്രമിച്ച ഒറ്റുകാരെന്നായിരിക്കും. ശബരിമല വിധി, സവർണ്ണ-ബ്രാഹ്മണിക്കൽ-പുരുഷാധിപത്യ ശക്തികൾക്കേറ്റ പ്രഹരമാണ്. അതാണ് അവരെ ഇത്രത്തോളം രോഷാകുലരാക്കുന്നത്. നൂറ്റാണ്ടിനു മുമ്പുള്ള ഭ്രാന്താലയത്തിലേക്ക് കേരളത്തെ പിന്നോട്ട് നടത്താനാണ് അവർ ശ്രമിക്കുന്നത്. മനുഷ്യരെ തട്ടുകളായി വേര്‍തിരിച്ച്, സവർണ്ണ മേധാവിത്വത്തെ പുനഃസ്ഥാപിക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന കത്തിക്കണം എന്നു വരെ അവർ ആഹ്വാനം ചെയ്യുന്നത്. മാറുമറയ്ക്കൽ സമരം നടത്തിയ സ്ത്രീകളുടെ മേൽവസ്ത്രം സ്ത്രീകൾ തന്നെ വലിച്ചുകീറിയിട്ടുണ്ട്. വൈക്കം ക്ഷേത്രത്തിലെ നടവഴിയിലൂടെ നടന്ന അവർണ്ണരെ അവരുടെ അതേ കൂട്ടത്തിലുള്ളവർ തന്നെ തല്ലിയിട്ടുണ്ട്. പക്ഷേ, തല്ലിയവരുടെയും വസ്ത്രം വലിച്ചു കീറിയവരുടെയും സ്ഥാനം ചവറ്റുകുട്ടയിലായിരുന്നു. തല്ലുകൊണ്ടവരും അധിക്ഷേപങ്ങൾ ഏറ്റുവാങ്ങിയവരുമാണ് കേരളത്തെ മുന്നോട്ട് നടത്തിയത്. ശബരിമല വിഷയത്തിലും ഇത് തന്നെയാണ് സംഭവിക്കുക. വർഗ്ഗീയ-വലതുപക്ഷ ശക്തികളെ കാലം ചവറ്റുകുട്ടയിൽ തള്ളും. ഈ കാലയളവിൽ കേരളം ഭരിച്ച സർക്കാരിനെയും അതിന് നേതൃത്വം കൊടുത്ത ഇടതുപക്ഷത്തെയും ചരിത്രം നന്ദിയോടെ ഓർക്കും. ഒരു വർഗ്ഗീയഭീഷണിക്കും മുന്നിൽ തളരാതെ, ആർജ്ജവത്തോടെ പുരോഗമനാത്മകവും സ്ത്രീപക്ഷവുമായ നിലപാട് ഉയർത്തിപ്പിടിച്ചതിന്.
ഇത് കേരളമാണ്. അയ്യങ്കാളിയും, ശ്രീനാരായണ ഗുരുവും, വി. ടി.യും, സി. കേശവനും നവോത്ഥാനം കൊണ്ട് ഉഴുതുമറിച്ച മണ്ണ്. സഖാവ് പി. കൃഷ്ണപിള്ളയും, എ. കെ. ജി.യും അധ:സ്ഥിതർക്കു വേണ്ടി മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ മണ്ണ്. ഏതൊക്കെ വർഗ്ഗീയശക്തികൾ ശ്രമിച്ചാലും ഈ നാടിന്റെ മതേതരമനസ്സിനെ കീഴ്‌പ്പെടുത്താൻ സാധിക്കില്ല. എന്തു വില കൊടുത്തും ഈ നാടിന്റെ നവോത്ഥാന പാരമ്പര്യത്തെ, മതസൗഹാർദ്ദത്തെ ഇവിടുത്തെ മനുഷ്യർ സംരക്ഷിക്കും. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം അതിജീവിച്ച ജനതയാണ് നമ്മൾ. ഈ വർഗ്ഗീയപ്രളയത്തെയും നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കും. ഈ നാട് തോൽക്കില്ല. എല്ലാ അർത്ഥത്തിലും ഒരു നവകേരളം നമ്മൾ പടുത്തുയർത്തും.