ദർശനയും പ്രളയപുനരധിവാസവും
SHIBU KA [2008 CE]
ഒരു നൂറ്റാണ്ടിലെ മഹാ ദുരന്തത്തെയാണ് 2018 ഓഗസ്റ്റ് മാസത്തിൽ കേരളം അഭിമുഖീകരിച്ചത്. അതിവർഷവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും സൃഷ്ടിച്ച നാശനഷ്ടങ്ങൾ അവർണ്ണനീയമാണ്. അനവധി ജീവനുകൾ അപഹരിക്കപ്പെട്ടു. പാർപ്പിടവും കൃഷിയും മറ്റു സ്വത്തുക്കളും സമ്പാദ്യവും നഷ്ടപ്പെട്ട് നിരാലംബരായ മനുഷ്യർ നിരവധിയാണെങ്കിലും ഇതിലും എത്രയോ ഭീകരമാകുമായിരുന്ന ഒരു വൻ ദുരന്തത്തെ ലഘൂകരിക്കുന്നതിന് മലയാളി സമൂഹത്തിന്റെ ഐക്യ ബോധത്തിനും മനുഷ്യസ്നേഹത്തിനും കഴിഞ്ഞു എന്നതാണ് പ്രളയകാലത്തെ പുനർചിന്തനം നമ്മെ ഓർമ്മപ്പെടുത്തുന്നത്
പ്രളയകാലം വിനാശത്തിന്റെയും ഭീകരതയുടെയും അന്തകാരം മാത്രമായിരുന്നില്ല, ഉദാത്തമായ മാനവികതയുടെ പ്രത്യാശപൂത്ത നാളുകൾ കൂടിയായിരുന്നു. ജാതിയും മതവും കക്ഷിരാഷ്ട്രീയവും സകല വിവേചനവും അസ്തമിച്ച മനുഷ്യൻ ഉയർത്തെഴുന്നേറ്റ നാളുകൾ, സ്വന്തം ജീവനേക്കാളുപരി അപരന്റെ ജീവന് വില കൽപ്പിച്ച കാലം, മത്സ്യത്തൊഴിലാളികൾ നമ്മുടെ രക്ഷാസൈന്യമായി, ഭരണകൂടവും സൈന്യവും പോലീസും നവമാധ്യമങ്ങളും ജനങ്ങളുടെ കാവൽ ഭടന്മാരായി. രക്ഷാദൗത്യത്തിൽ സ്വയം സമർപ്പിതരായ നമ്മുടെ യുവാക്കൾ ഭാവിയുടെ വാഗ്ദാനങ്ങൾ ആയി. ജനങ്ങളുടെ കെട്ടുറപ്പും കരളുറപ്പും കൊണ്ട് ഒരു മഹാപ്രളയത്തെ “കൈകുമ്പിളിൽ കോരിയെടുത്ത്” കേരളം ലോകത്തിന് തന്നെ മാനവികതയുടെ ഒരു മഹാപാഠമാണ് നൽകിയത്.
പ്രളയാനന്തരം നമുക്ക് സൃഷ്ടിക്കാനുള്ളത് ഒരു നവകേരളം ആണ് പഴയ കേരളത്തിൻറെ പുനരാവിഷ്കാരം അല്ല. പ്രകൃതിവിഭവങ്ങളുടെ ഉപഭോഗത്തിലും ഭൂവിനിയോഗത്തിൽ പാർപ്പിട നിർമ്മാണത്തിലും മലയാളിക്ക് പുനർചിന്തനവും പുതു കാഴ്ചപ്പാടും ശാസ്ത്രീയ ബോധവും അത്യാവശ്യമാണ് എന്നും കൂടി പ്രളയം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. കേരളത്തിൻറെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപെരുപ്പം, അപകടസാധ്യത എന്നിവയൊക്കെ പരിഗണിച്ചു കേരളത്തിന് സമഗ്രമായ ഒരു പാർപ്പിട നയം ഉണ്ടാവണം
പുതുക്ക പെടാത്ത വിഭവങ്ങൾ പൂർണമായും പുനഃചംക്രമണം ചെയ്തുകൊണ്ടും പുതുക്കപ്പെടുന്ന വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് മാത്രമേ ഭൂമിയെ സംരക്ഷിക്കാൻ കഴിയൂ. പ്രളയാനന്തര കേരളത്തില്‍ വീട് നിര്‍മ്മാണത്തിന് പുതിയ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഹരിത നിര്‍മ്മാണ രീതികളെ കുറിചു ദർശന യിലെ വിദഗ്ദരുടെയും മറ്റും ചര്‍ച്ച ചെയ്ത് ആണ് ആദ്യ ഗൃഹനിർമ്മാണത്തിന് രൂപരേഖ ഉണ്ടാക്കിയത്. ദർശനയുടെ എക്കാലത്തെയും ആഗ്രഹമായിരുന്ന “DARSANA CONSULT”ന് തുടക്കം കുറിക്കാൻ സാധിക്കുകയും ചെയ്തു.

നിർമ്മാണരീതി
ഒരു ഹാൾ കം ഡൈനിങ് റൂം, രണ്ട് ബെഡ്റൂം, ഒരു അടുക്കള, ഒരു കോമൺ ടോയ്‌ലറ്റ് എന്നിവയാണ് വീട്ടിൽ ഡിസൈൻ ചെയ്തിട്ടുള്ളത്.
അടിത്തറ
സാധാരണ രീതിയില്‍ കരിങ്കല്ല് ഉപയോഗിച്ച് ചെയ്ത്, അതിനു മുകളിൽ കോണ്ക്രീറ്റ് ബെൽറ്റ് കൊടുത്തു ബലപ്പെടുത്തി.
ചുമർ
സിമന്റ് ഇന്റര്ലോക്ക് കല്ലുകൾ ഉപയോഗിച്ചാണ് ചുമരുകൾ പണിതിട്ടുള്ളത്. പുറം ചുമരുകൾക്ക് 8″ഉം, അകം ചുമരുകൾക്ക് 6″ഉം വലിപ്പം ഉള്ള കല്ലുകളാണ് ഉപയോഗിച്ചത്. അടിത്തറക്ക് മുകളിൽ വരുന്ന ഒരു വരിക്ക് മാത്രം സിമന്റ് മോർട്ടാർ മതി എന്നുള്ളതും വിദഗ്ദ്ധ പണിക്കാരുടെ ആവശ്യം ഉള്ളൂ എന്നുള്ളത് കൊണ്ടും ഇത് സാധാരണക്കാർക്ക് കൂടെ എളുപ്പം ചെയ്യാവുന്നതാണ്. വാതിലുകൾക്കും ജനലുകൾക്കും മുകളിലുള്ള ലിന്റൽ കോണ്ക്രീറ്റ് ഉപയോഗിച്ച് പ്രീകാസ്റ് ആയിട്ടാണ് ചെയ്തിട്ടുള്ളത്. ചെറിയ ലിന്റലുകൾ ആയതുകൊണ്ട് വളരെ കുറവ് സമയവും ചിലവും അതിന് ആവശ്യമായി വന്നിട്ടുള്ളൂ.
ജനലുകൾ
പ്രീകാസ്റ്റ് കോണ്ക്രീറ്റ് ജനലുകൾക്ക് അലുമിനിയം ഫ്രെയിമിൽ ഗ്ലാസ് ഉപയോഗിച്ചാണ് ഫിനിഷ് ചെയ്തത്
വാതിൽ
കോണ്ക്രീറ്റ് വാതിലുകൾ സ്കിൻ ഡോറുകൾ ഉപയിച്ചാണ് തീർത്തത്. ബാത്റൂമിൽ പിവിസി ഡോറും ഉപയോഗിച്ചു.
മേൽക്കൂര
ജിഐ പൈപ്പുകൾ കൊണ്ട് ഫ്രെയിം വർക് ചെയ്ത് അതിൽ ക്ലേ ഓടുകൾ ഉപയോഗിച്ച് ആണ് മേൽക്കൂര ചെയ്തിട്ടുള്ളത് . പഴയ ഓടുകൾ വാങ്ങിച്ചു കഴുകി വീണ്ടും ഉപയോഗിക്കുകയാണ് ചെയ്തത്. 9 അടി വരെ ഉയരത്തിൽ ചെയ്ത ചുമരിൽ നിന്ന് ആണ് മേൽക്കൂര ചെയ്തത്. പുറത്തോട്ട് രണ്ടര അടി തള്ളി ചെയ്തത് കൊണ്ട് സൺഷൈഡ് വേറെ ചെയ്യേണ്ട ആവശ്യം ഇല്ല.
ഫ്ലോറിങ്
പിസിസി ചെയ്ത് ഉറപ്പാക്കിയ തറയിൽ വിട്രിഫൈഡ് ടൈൽസ് ഉപയോഗിച്ച് ആണ് ഫിനിഷ് ചെയ്തിരിക്കുന്നത്.
പെയിന്റിങ്
നല്ല ഫിനിഷിങ് ഉള്ള ഇൻറർലോക്ക് കട്ടകൾ ഉപയോഗിച്ച് ഭിത്തി പണിതാൽ അതിൻറെ ജോയിന്റുകൾ മാത്രം സിമൻറ് ഗ്രൗട്ട് ഉപയോഗിച്ച് ഫിനിഷ് ചെയ്യാവുന്നതാണ് ചുമർ തേക്കുന്നതിന് ആവശ്യമായി വരുന്ന സമയവും, പൈസയും നല്ല രീതിയിൽ ലാഭിക്കാവുന്നതാണ്.
ഇങ്ങിനെ ഫിനിഷ് ചെയ്ത് ചുമരിലേക്ക് നേരിട്ട് പെയിൻറ് ചെയ്യാവുന്നതുമാണ്.
ഇലക്ട്രിക്കൽ
ഓപ്പൺ വയറിങ് ആണ് ഇവിടെ ചെയ്തിട്ടുള്ളത്. എല്ലാ മുറികളിലും ഒരു ലൈറ്റ്, ഒരു ഫാൻ, ഒരു സോക്കറ്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ കൊടുത്തിട്ടുണ്ട്
പ്ലംബിംഗ്
ബാത്റൂമുകളിൽ പ്ലാസ്റ്റർ ചെയ്ത് അതിൽ കൺസീൽഡ് പ്ലംബിംഗ് ആണ് ചെയ്തിട്ടുള്ളത്. ബാത്റൂമിൽ ഒരു യൂറോപ്യൻ ക്ലോസറ്റിനും, ഒരു ടാപ്പിനും, ഹെൽത്ത് ഫോസ്റ്റിനുമുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.
ഡൈനിങ്ങിൽ ഒരു വാഷ്ബേസിനും ഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്.
റെഡിമെയ്ഡ് ആർസിസി സെപ്റ്റിക് ടാങ്ക് ആണ് ഉപയോഗിച്ചിട്ടുള്ളത്. അതിൽ നിന്നുള്ള ഓവർ ഫ്ലോ പൈപ്പും, അടുക്കളയിൽനിന്ന് വെള്ളത്തിനും വെവ്വേറെ കോൺക്രീറ്റ് റിങ്ങുകൾ ഇറക്കിയിട്ടുണ്ട്.
ജിഐ പൈപ്പ് കൊണ്ടുള്ള ഒരു സ്റ്റാൻഡ് നിർമ്മിച്ച് അതിൽ 500 ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർടാങ്ക് വച്ച് വെള്ളം ശേഖരിക്കാനും അതിൽനിന്ന് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഉള്ള കണക്ഷനുകളും ചെയ്തിട്ടുണ്ട്.
അടുക്കള
ജിഐ പൈപ്പുകൾ ഉപയോഗിച്ച് ഫ്രെയിം ചെയ്ത് അതിൽ സിംഗ് ഘടിപ്പിച്ച ഗ്രാനൈറ്റ് ഉപയോഗിച്ച് ഫിനിഷ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.
എന്താണ് ഇത്തരം നിര്‍മ്മിതിയുടെ ഗുണങ്ങള്‍?
★ചിലവ് കുറവാണ്, വളരെ വേഗത്തില്‍ നിര്‍മ്മിക്കാനും കഴിയും.
★ഈടുറ്റതും നീണ്ടകാലത്തേക്ക് നിലനിൽക്കുന്നതുമാണ്.
★പരിമിതമായ ഊര്‍ജ്ജം ഉപയോഗിച്ചുള്ള പരിസ്ഥി സൗഹൃദ നിര്‍മ്മിതി.
★പരമ്പരാഗത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗക്കുറവ്.
★നിര്‍മ്മാണ സാമഗ്രികളുടെ പുനരുപയോഗം സാധ്യമാണ്.
★വളരെക്കുറഞ്ഞ തൊഴില്‍ശക്തി മാത്രം മതി.
★ നിർമ്മാണസമയത്ത് വെള്ളത്തിൻറെ ആവശ്യം വളരെ കുറവാണ്
ശ്രീദേവി ഏടത്തിയുടെ വീട്
പാലക്കാട് ഒലവക്കോട് റെയിൽവേ ഡിവിഷണൽ ഓഫീസിന് പുറകിൽ മേലേപ്പുറത്ത് ആണ് ശ്രീദേവിയമ്മയുടെ വീട്. പ്രളയത്തിൽ ഒലിച്ചു വന്ന വെള്ളത്തിൽ അവരുടെ വീടിൻറെ ചുമരുകൾ ഇളകി നിലം പതിക്കുന്ന അവസ്ഥയിൽ ആയിരുന്നു. ഒക്ടോബർ 28 ന് പാലക്കാട് എജിപി നടന്ന ദിവസം രാവിലെ അകത്തേത്തറ പഞ്ചായത്ത് പ്രസിഡൻറ് നമ്മുടെ ആദ്യ വീട് നിർമാണത്തിന് തറക്കല്ലിടുക ഉണ്ടായി.
നവംബർ 14 ന് തുടങ്ങിയ വീടിൻറെ പണി ഡിസംബർ 8 ന്
പൂർത്തീകരിക്കാൻ നമുക്കു കഴിഞ്ഞു. ആ നാട്ടിലെ തൊഴിലാളി യൂണിയനുകളുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും സഹകരണം കൊണ്ട് വളരെ പെട്ടെന്ന് തന്നെ, വെറും 18 ദിവസം കൊണ്ട് തന്നെ നമുക്ക് ആ വീട് പൂർത്തീകരിക്കാനും പോയി. 5 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കി തുടങ്ങിയ പണി 4,96,000 രൂപ കൊണ്ട് തന്നെ തീർക്കാനും കഴിഞ്ഞു.


നബീസുമ്മയുടെ വീട്
പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ, ഇരട്ടയാൽ പോളി ടെക്നിക് കോളജിന് അടുത്ത് ആണ് നബീസമ്മയുടെ വീട്.
ഈ കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായ മഴയിൽ ചുമരുകൾ ക്ഷയിച്ചു വീഴാനുള്ള അവസ്ഥയിലായിരുന്നു. മഴയത്ത് രേഖകൾ നഷ്ടപ്പെട്ടത് കൊണ്ട് സർക്കാർ സഹായവും ബുദ്ധിമുട്ട് ആയിരുന്നു. അവിടെ താമസം ഉണ്ടായിരുന്നത് നബീസുമ്മയും അവരുടെ കാൽ ചലനശേഷിയില്ലാത്ത അവരുടെ ഒരു മകനും, ബുദ്ധി വളർച്ച ഇല്ലാത്ത ഒരു മകളുമാണ് താമസിക്കുന്നത്. ആ നാട്ടിലെ സേതുമാധവൻ സ്മാരകവായനശാലയുടെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ബാക്കി വരുന്ന തുക ദർശനയും സമാഹരിച്ചാണ് ആ വീടിൻറെ പണി നമ്മൾ പൂർത്തിയാക്കിയത്. ജനുവരി പതിനെട്ടാം തീയതി മരുതറോഡ് പഞ്ചായത്ത് പ്രസിഡൻറ് തറക്കല്ലിട്ട വീടിൻറെ പണി മാർച്ച് മൂന്നാം തീയതി നമ്മൾ പൂർത്തീകരിച്ചത്. 4,76,000 എസ്റ്റിമേറ്റ് കണക്കിയിരുന്ന വീടിന്റെ പണി 5,08,000 ചിലവിൽ ആണ് തീർക്കാനായത്. അടിത്തറ കുറച്ചു കൂടെ ശക്തി പെടുത്തുന്നതിന് വേണ്ടിയാണ് അധിക ചിലവ് വന്നത്. കൂടാതെ ബാത്റൂമിലെ സീലിങ്ങും, പുറത്തു വിറക് ഉപയോഗിച്ചുള്ള അടുപ്പും, ഇലക്ടറിക്കൽ ഫിറ്റിങ്‌സും ചെയ്യുകയുണ്ടായി.
കാശു അമ്മയുടെ വീട്
ദർശനയുടെ ആദ്യത്തെ വീടുപണിയെ കുറിച്ച് അറിഞ്ഞ അർബൻ ബാങ്ക് ആണ് കാശു അമ്മയുടെ വീട് നിർമ്മിക്കുന്നതിന് വേണ്ടി സമീപിച്ചത്. മേൽപറഞ്ഞ രീതികളിൽ നിന്ന് വ്യത്യസ്തമായി RCC സ്ലാബ് ആണ് മേൽക്കൂര ആയി അവശ്യപ്പെട്ടിട്ടുള്ളത്. 5,50,000 ചിലവ് കണക്കിയ വീടിന് 5 ലക്ഷം രൂപ നൽകുന്നത് ബാങ്ക് ആണ്. ജനുവരി 22 തുടങ്ങിയ വീടിന്റെ മേൽക്കൂര കോണ്ക്രീറ്റ് മാര്ച്ച് 25 ന് ആണ് ചെയ്തത്. ഏപ്രിൽ മാസം പകുതിയോട് കൂടി പൂർത്തികരിക്കാൻ കഴിയും.


സുലൈഖ താത്തയുടെ വീട്
കോഴിക്കോട് കടലുണ്ടിയിൽ ആണ് ദർശനയുടെ നാലാമത്തെ വീട്. മഴയിൽ ദുർബലപ്പെട്ട വീടിന്റെ അടിത്തറ ബലപ്പെടുത്തി ആണ് നിർമ്മാണം ആരംഭിച്ചത്. ഫെബ്രുവരി 13 തുടങ്ങിയ വീടിന്റെ ഭിത്തി നിർമ്മാണം മേൽക്കൂര പൊക്കം ആണ് ആയിട്ടുള്ളത്. ഏപ്രിൽ പകുതിയോടെ വീടിന്റെ നിർമ്മാണം പൂർത്തികരിക്കാൻ കഴിയും. 4,56,000 രൂപ എസ്റ്റിമേറ്റ് കണക്കിയ വീടിന്റെ മേൽക്കൂര RCC സ്ളാബ് ആണ്. ഇതിൽ 2,50,000 രൂപ പഞ്ചായത്തിന്റെ സഹായവും ഉണ്ട്.
വെള്ള അമ്മയുടെ വീട്
പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീടിന്റെ നിർമ്മാണം ഏറ്റെടുത്തു ചെയ്യാൻ ആരുമില്ലാതിരുന്ന വെള്ള അമ്മക്ക് വേണ്ടി പഞ്ചായത്തിന്റെ അവശ്യ പ്രകാരം നിർമ്മാണം ഏറ്റെടുക്കുക ആയിരുന്നു. വളരെ താഴ്ന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഭൂമിയിൽ നിന്ന് അടിത്തറ ഉയർത്തി നിർമ്മാണം ആരംഭിച്ച വീടിന് 6,50,000 രൂപ ആണ് എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്.




ജനുവരി 12 ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജി ക്യാമ്പസിൽ സംഘടിപ്പിച്ച “New Housing Literacy for Rebuilding Kerala” എന്ന പരിപാടിയിൽ ദർശന യുടെ നിർമ്മാണ രീതി അവതരിപ്പിക്കുവാൻ നമുക്ക് കഴിഞ്ഞു, കൂടാതെ അതിൽ രണ്ടാം സ്ഥാനം നേടി എടുക്കുവാനും കഴിഞ്ഞു…