ഓ അവനോ..? അവനൊരു ബംഗാളിയാ…
മനേഷ് ആക്കത്തേയംപറമ്പില്‍(2011 CE)
പതിവിലും വൈകി ഉറങ്ങിയതിന്റെ ഒരു ക്ഷീണം ഉണ്ടായിരുന്നെങ്കിലും അഞ്ചരയുടെ അലാറം കേട്ട ഉടനെ ചാടി എണീറ്റു! ഇന്ന് വൈകിയാല്‍ എല്ലാം പാളും. ഓഫീസില്‍ നിന്നും ഇന്നെങ്കിലും ക്ലിയറന്‍സ് കിട്ടിയാലേ കാര്യങ്ങള്‍ നടക്കു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട്, വിസ ക്യാന്‍സല്‍ ചെയ്യുനത് ഈ കമ്പനിയില്‍ ജോലി കിട്ടുന്നതിലും പ്രയാസമുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കി .അതുകൊണ്ട് തന്നെ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കി രാവിലത്തെ വണ്ടി പിടിച്ചു!
ഓഫീസിലെ ത്രീ സീറ്റട് സോഫ എന്നേം കാത്തു കിടക്കായിരുന്നു, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ആയി എന്‍റെ സ്ഥിരം ഇരിപ്പിടം ആണത്. അങ്ങനെ മൊബൈലും പിടിച്ചു ഞാന്‍ എന്‍റെ ഊഴവും കാത്തിരുന്നു. പെട്ടന്ന് ഒരുത്തന്‍ അടുത്ത് വന്നിരുന്നു! ഒരു മുഷിഞ്ഞ ബനിയനും ട്രാക്ക്സ്യുട്ടും ഇട്ടിരുന്ന അവന്‍ പരിസരബോധമില്ലാതെ എന്തൊക്കയോ ചെയ്യുന്നുണ്ടായിരുന്നു!! ഞാന്‍ അല്‍പ്പം മാറി ഇരുന്നുകൊണ്ട് (ഇരിക്കാവുനതിന്റെ പരമാവധി ) മൊബൈല്‍ഫോണില്‍ നോക്കികൊണ്ട് അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്തൊക്കയോ പറയുന്നുണ്ട്, ഒന്നും അങ്ങോട്ട് പിടി കിട്ടുനില്ല!! എന്തായാലും ഒരു കാര്യം ഉറപ്പിച്ചു – ആളൊരു ബംഗാളി ആണ്.
എനിക്ക് ചെറിയൊരു ഭയം വരാതിരുന്നില്ല. ഞാന്‍ നൈസ് ആയിട്ട് അവിടുന്ന് എണീറ്റ് ഓഫീസിനു അകത്തേക്ക് നടന്നു. എന്‍റെ പേപ്പര്‍ എല്ലാം കൊടുത്തു, അങ്ങനെ എന്നോട് ഉച്ചക്ക് വരാനായി അവശ്യപെട്ടു. ഇനിയിപ്പോ നിന്നിട്ട് വല്യ കാര്യമൊന്നും ഇല്ല, എന്നാല്‍ പോയിട്ടും പണിയൊന്നും ഇല്ല! അങ്ങനെ എന്ത് ചെയ്യണമെന്നു ആലോചിച്ചു നിക്കുമ്പോ എന്‍റെ ത്രി സീറ്റട് എന്നെ മാടി വിളിച്ചു, ഞാന്‍ നോക്കുമ്പോ ബംഗാളി അവിടെ ഇല്ല! ഇത്തിരി നേരം വാര്‍ത്തയൊക്കെ വായികാന്നു കരുതി ചെന്നിരുന്നപ്പോ ദേ നമ്മടെ പുള്ളികാരന്‍ വരുന്നു!! അവന്‍ അവിടുത്തെ ഒരു ഓഫീസറെ ചീത്ത പറഞ്ഞു വരുന്ന വഴിയാണ് ..! ഞാന്‍ വീണ്ടും പെട്ടു. അവന്‍ അടക്കിപിടിച്ച ദേഷ്യത്തോടെ എന്‍റെ അടുത്ത് വന്നിരുന്നു. ഞാന്‍ അവനെ നോക്കിയില്ല, അവന്‍ എന്നോടെന്തോ പറയാനായി വന്നു, ഞാന്‍ ഇത്തിരി കൂടി നീങ്ങി ഇരുന്നു. അവനു കാര്യം മനസിലായെന്നു തോന്നുന്നു. പതിയെ അവന്‍ നിശബ്ദനായി! ഞാന്‍ പതുക്കെ അവനെ നോകി. നിറകണ്ണുകളുമായി ഇമവെട്ടാതെ മുന്നോട്ടു നോക്കിയിരിക്കുന്ന അവനെ ഞാന്‍ തട്ടി വിളിച്ചു, അവന്‍ ഒരു ഉറ്റസുഹൃത്തിനെ കണ്ടപോലെ എന്നോട് മനസ് തുറന്നു!
ഇന്ന് രാവിലെ അവന്റെ അച്ഛന്‍ മരിച്ചു!! പൂര്‍ണ ആരോഗ്യവനയിരുന്നു, മരണകാരണം ഞാന്‍ അന്വേഷിച്ചില്ല. അവന്‍ നാട്ടില്‍ പോകാനായി പാസ്പോര്‍ട്ട് കാത്തിരിക്കാണ്. പാസ്പോര്‍ട്ട് കിട്ടിയിട്ട് വേണം ടിക്കറ്റ് എടുക്കാന്‍. അവനു നിരന്തരം വാട്സാപില്‍ കാളുകള്‍ വന്നുകൊണ്ടേ ഇരിക്കുനുണ്ടായിരുന്നു. ഇവിടുത്തെ ഒരു സിസ്റ്റം വെച്ചു ഓഫീസ് ഫോര്മാലിറ്റി തീരാന്‍ ഒരുപാടു സമയം എടുക്കും, എന്നാലും ഞാന്‍ അവനോടു നുണ പറഞ്ഞു – ചിലപ്പോ മാനേജര്‍ വന്നു കാണില്ല അതാകും, മാനേജര്‍ വന്നാല്‍ വേഗം ശെരിയാക്കിത്തരും. അവന്റെ നിറഞ്ഞ കണ്ണിലും ഒരു പ്രതീക്ഷയുടെ തിളക്കം ഞാന്‍ കണ്ടു!
തിരിച്ചു റൂമിലേക്ക് പോകാനായി ടാക്സിയില്‍ ഇരിക്കുമ്പോളും അവന്റെ മുഖം മനസിന്നു പോകുന്നില്ലായിരുന്നു. എത്രയും പെട്ടന് അവനു പോകാന്‍ സാധികട്ടെ എന്ന് ആത്മഗതം പറഞ്ഞു!
ഉച്ചഭക്ഷണം പെട്ടന് തട്ടികയറ്റി വേഗം ഓഫീസിലേക്ക് വണ്ടി കയറി. ഇന്ന് എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം. ഇന്നത്തേം ചേര്‍ത്ത് 6 തവണയായി ഇതിനായി ഓഫീസില്‍ കയറി ഇറങ്ങുന്നു.
ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഞാന്‍ എന്‍റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഡോക്യുമെന്റ്സ് സെക്ഷനില്‍ എത്തി, അവിടത്തെ തിരക്ക് കണ്ടു ഞാന്‍ അല്പം മാറി നിന്നു. ഇനി ഇപ്പൊ ഇതും കൂടി വാങ്ങ്യാ തീര്‍ന്നല്ലോ!! ഞാന്‍ ചുറ്റിലും നോക്കി, ഒരുപാടു പേരുണ്ട് – പെട്ടന്നാണ് അതെന്‍റെ ശ്രദ്ധയില്‍ പെട്ടത്, വെയിറ്റിംഗ് ഏരിയയുടെ ഒരു മൂലക്കില്‍ ഒരു കസേരയില്‍ അവന്‍ ഇരിക്കുന്നു! ഇത്രേം നേരമായിട്ടും അവനു പാസ്പോര്‍ട്ട് കിടിയില്ലേ ! എനിക്ക് അത്ഭുതം വന്നു. ഞാന്‍ അവന്റെ അടുത്ത് ചെന്നു, പതുക്കെ ച്ചോദിച്ചു – ഇതുവരെ കിടിയില്ലേ ???
സ്വരം താഴ്ത്തി അടഞ്ഞ ശബ്ദത്തില്‍ അവന്‍ പറഞ്ഞു, പലതവണ ചോദിച്ചു, കാത്തിരിക്കാനാണ് നിര്‍ദേശം!
ഡോക്യുമെന്റ് സെക്ഷനിലെ ഫിലിപിനിയോടു ഞാന്‍ കാര്യം അന്വേഷിച്ചു, പാസ്പോര്‍ട്ട് കൊടുകാനുള്ള പേപ്പര്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല, സമയം 2.30 ആയിരിക്കുന്നു. ഇന്നിനി അവനു പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല! ഞാന്‍ അവനെയും കൂടി HR ഡിപ്പാര്‍ട്ടുമെന്‍ടില്‍ പോയി, കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, മാനേജര്‍ ഒരു മീറ്റിംഗില്‍ ആണ്, 3മണിക്ക് എത്തും. എത്തിയാലുടനെ ശരിയാക്കാമെന്നു ഉറപ്പുതന്നു. വീട്ടില്‍ നിന്നും വരുന്ന വാട്സാപ് കാളിനു ഉത്തരം നല്കാന്‍ അവന്‍ നന്നേ വിഷമിക്കുനുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ സഹതാപം ഒരു വിങ്ങലായി നിന്നു, ഒരു നിമിഷം ഞാന്‍ എന്നെ അവന്‍റെ സ്ഥാനത്തു പ്രതിഷ്ഠിച്ചുനോക്കി.
കലങ്ങിയ കണ്ണുകളുമായി അവന്‍ സോഫയില്‍ ഇരുന്നു! എന്ത് പറയണമെന്ന് അറിയാതെ അവന്റെ അടുത്ത് ഞാനും. ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും, അവന് അതൊരു ആശ്വാസമായി എനിക്ക് തോന്നി. ബംഗാളിക്കും മലയാളിക്കും വലിയ അന്തരം ഇല്ലെന്നു മനസിലാകിയ നിമിഷങ്ങള്‍ – മാനുഷിക മൂല്യങ്ങള്‍ ഏതു നാട്ടിലും ഏതു വര്‍ഗത്തിനും ഒന്നു തന്നെ! മനുഷ്യനിര്‍മ്മിതങ്ങളായ വേര്‍തിരിവുകളാണു നമ്മളെ ഒക്കെ തട്ടുകളാക്കി വേര്‍തിരിക്കുന്നത്..
ഒരു 3.15 ഓടെ പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടി ടിക്കറ്റ് എടുക്കാനായി പോകുന്നതിനു മുമ്പായി അവനെന്‍റെ അടുത്ത് വന്നു. എന്‍റെ കൈ പിടിച്ചു കരഞ്ഞു ചീര്‍ത്ത കണ്ണുമായി എന്നെ നോക്കി, ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല! അവന്‍ തിരിഞ്ഞു നടന്നു! എന്തോ വലിയ ഭാരം ഇറക്കിവെച്ചപോലെ അവന്‍ നടന്നകന്നു – നെഞ്ച് നുറങ്ങുന്നു വേദന കരയാതെ കാണാന്‍, ഒരു ആണായി കൂടപ്പിറപ്പുകള്‍ക്ക് സാന്ത്വനമേകാന്‍…