വലിയ ശരികൾ

(അജ്മൽ 2010 EEE)

കമ്പിവേലികളാൽ അടച്ചുപൂട്ടപ്പെട്ട, പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു റെസിഡൻഷ്യൽ വിദ്യാലയത്തിലായിരുന്നു എന്റെ സ്കൂൾ ജീവിതം. ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളുമൊന്നും ഇല്ലാത്ത കാലം. സ്കൂളിലെ ന്യൂസ്പേപ്പർ സ്റ്റാൻഡിലെ പരിമിതവും നിയന്ത്രിതവുമായ അവസരങ്ങളിലെ പത്രവായന മാത്രമായിരുന്നു പുറംലോക വിശേഷങ്ങളിലേക്കുള്ള ഏക ജാലകം. +2 സയൻസ് വിദ്യാർത്ഥി എന്ന നിലയിൽ, പൊതുവെയുള്ള എൻട്രൻസ് എന്ന ഒഴുക്കിലേക്ക് വഴുതി വീഴാൻ നിൽക്കുന്ന കാലഘട്ടത്തിൽ,അന്നത്തെ യു. ഡി. എഫ്. സർക്കാരിന്റെ  സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളെ ഏറെ ഉത്കണ്ഠയോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. അന്നത്തെ വിദ്യാർത്ഥി – യുവജന സംഘടനകളുടെ സമരപോരാട്ടങ്ങൾ വളരെ ആവേശകരമായിരുന്നു.

പിന്നീട് വന്ന ഇടതുപക്ഷ സർക്കാർ ഇതിൽ കാതലായ ചില തിരുത്തലുകൾ നടപ്പിൽ വരുത്താൻ ശ്രമിച്ചത് മാനേജ്മെന്റുകൾ കോടതിയില്‍ ചോദ്യം ചെയ്തതോടെ, 2006 വർഷത്തെ പ്രൊഫഷണൽ കോളേജ് അഡ്മിഷൻ കുറച്ചധികം നീണ്ടുപോയി. ആ സമയം ഞാൻ നേരത്തെ പറഞ്ഞ ഒഴുക്കിൽ നീങ്ങിത്തുടങ്ങിയിരുന്നു.

പിന്നീട് ഇതിനൊടുവിൽ അഡ്മിഷൻ ഒക്കെ ശരിയായി എത്തിപ്പെട്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലായിരുന്നു. അങ്ങനെ വർണാഭമായ ഒരു കലാലയ ജീവിതത്തിന്റെ തുടക്കം കുറിക്കുന്ന ആ ദിവസം വന്നെത്തി. റെസിഡൻഷ്യൽ സ്കൂളിന്റെ ശ്വാസം മുട്ടിക്കുന്ന ചിട്ടവട്ടത്തിൽ നിന്ന്, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാക്കാവുന്ന ഇടത്തേക്കുള്ള മാറ്റത്തിന്റെ സന്തോഷം ഉള്ളിൽ അലയടിക്കുന്നുണ്ടായിരുന്നു. അഡ്മിഷൻ എടുക്കാനായി പ്രിൻസിപ്പലിന്റെ റൂമിനു മുൻപിൽ എന്റെ ടോക്കൺ നമ്പറുമായി കാത്തിരുന്നു. അഡ്മിഷൻ തുടങ്ങി ഓഫീസിനകത്തു കയറി വെരിഫിക്കേഷൻ ഒക്കെ കഴിഞ്ഞു പലവിധ ഫീസുകൾ അടക്കുന്ന സമയമായി. റിസൾട്ട് വന്ന സമയത്ത്‌ ബാങ്ക് വഴി അടച്ച ട്യൂഷൻ ഫീസിനു പുറമെ PTA ഫണ്ട്, പ്ലേസ്മെന്റ് സെൽ ഫണ്ട്, കോളേജ് യൂണിയൻ ഫണ്ട് അങ്ങനെ പല പേരുകളിൽ. അതെല്ലാം അടച്ച് പുറത്തു വന്നതിനു ശേഷം പേപ്പറുകളെല്ലാം നോക്കിയപ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അഡ്മിഷന്റെ അടുത്ത അലോട്മെന്റിൽ ഹയ്യർ ഓപ്ഷനിലുള്ള കോളേജിലേക്ക് മാറുമ്പോൾ PTA – യൂണിയൻ ഫണ്ടുകൾ തിരിച്ച് തരില്ലത്രേ! ഒന്നാം വർഷം തന്നെ മറ്റൊരു കോളേജിലേക്ക് മാറുന്ന കുട്ടികൾക്ക് ഈ പൈസ നഷ്ടപ്പെടുമെന്ന് മാത്രമല്ല, പുതിയ കോളേജുകളിൽ ഇത്തരം ഫീസുകൾ വീണ്ടും അടക്കേണ്ട അധിക ബാധ്യത കൂടി ആകുമായിരുന്നു. മാത്രവുമല്ല, ഈ കോളേജിലേക്ക് വരുന്ന പുതിയ കുട്ടികളിൽ നിന്നും ഈ ഫീസുകൾ ഈടാക്കി ലാഭം കൊയ്യുകയുമാവാം. ഇതിലെ ഒരു നീതികേടു പരസ്പരം പങ്കുവെച്ച എന്റെ വാപ്പയും, എന്നോടൊപ്പം തന്നെ അതെ കോളേജിൽ അഡ്മിഷൻ ലഭിച്ച കസിൻ ഹിമയുടെ ഉപ്പ മജീദ് അങ്കിൾ-ഉം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും, അവര്‍ ഇത്  യൂണിവേഴ്സിറ്റി സെനറ്റ് / സിൻഡിക്കേറ്റ് തീരുമാനമാണ് എന്ന് പറഞ്ഞു കൈമലർത്തുകയാണുണ്ടായത്.

 

തുടര്‍ന്ന്, കോളേജ് യൂണിയൻ ഫണ്ട് പിരിക്കാൻ വേണ്ടി അവിടെ ഉണ്ടായിരുന്ന പ്രതിനിധികളോടും മറ്റു സീനിയർ വിദ്യാര്ഥികളോടും ഈ വിഷയം അവർ പങ്കുവെച്ചു. PTA ഫണ്ടിന്റെ കാര്യത്തിൽ നിസ്സഹായരായിരുന്ന യൂണിയൻ പ്രതിനിധികൾ, യൂണിയൻ ഫണ്ടിന്റെ കാര്യം ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് റീഫണ്ട് ചെയ്യാൻ വേണ്ടി ആലോചിക്കാം എന്ന് പറഞ്ഞു.

 

എന്നാൽ അന്നവിടെ ഇരുന്നിരുന്ന വിഷ്ണു ഏട്ടൻ എന്തോ ആലോചിച്ചിട്ടെന്നവണ്ണം എണീറ്റ് പറഞ്ഞു, “സർ, താങ്കൾ സൂചിപ്പിച്ചത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഞങ്ങൾക്ക് കുറച്ചു സമയം തരു, പരിഹരിക്കാൻ ശ്രമിക്കാം.” എന്തോ തീരുമാനിച്ചുറപ്പിച്ച ഒരു നിശ്ചയദാർഢ്യം ആ ചേട്ടന്റെ മുഖത്തു കാണാമായിരുന്നു. പിന്നീട് ഹിമയുടെ അഡ്മിഷന് വേണ്ടി അവിടെ കാത്തിരുന്ന സമയത്ത്, അവരൊക്കെ ഓഫീസില്‍ കയറിയിറങ്ങി എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നതൊക്കെ കണ്ടിരുന്നു. പിന്നീട് അവളുടെ അഡ്മിഷൻ നടക്കുന്ന സമയത്ത്‌ തന്നെ 5-6 വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നിർബന്ധപൂർവം പ്രിൻസിപ്പലിന്റെ റൂമിൽ കയറി ഈ വിഷയം ഉന്നയിക്കുകയുണ്ടായി. നേരത്തെ സംസാരിച്ച വിഷ്ണു ഏട്ടൻ, അന്നത്തെ കോളേജിലെ എസ്. എഫ്. ഐ. യൂണിറ്റ് സെക്രട്ടറി അരുൺ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം എസ്. എഫ്. ഐക്കാർ നടത്തുന്ന ഒരു അവകാശപ്പോരാട്ടത്തിനു ഞങ്ങൾ ആദ്യമായി സാക്ഷ്യം വഹിക്കുകയായിരുന്നു.

ഒന്നും ചെയ്യാനാവില്ലെന്ന പ്രിൻസിപ്പലിന്റെ നിലപാടിനോട്, അഡ്മിഷൻ പ്രോസസ്സ് പോലും തടസ്സപ്പെടുത്തിക്കൊണ്ടാണവർ പ്രതിഷേധിച്ചത്. അങ്ങനെ വിഷയം യൂണിവേഴ്സിറ്റി അധികാരികളുടെ ശ്രദ്ധയിൽ പെടുകയും, ഫോണിലൂടെ സംസാരിച്ച് അടുത്ത ആഴ്ച നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം അവതരിപ്പിച്ച് അനുഭാവപൂർണമായ നിലപാടെടുക്കാം എന്ന ഉറപ്പിന്മേലാണ് അന്നവർ ആ ചേംബർ വിട്ടിറങ്ങിയത്.

അടുത്ത ആഴ്ച്ച നടന്ന സിണ്ടിക്കേറ്റ് മീറ്റിംഗിൽ റീഫണ്ടിന്‌ അനുകൂലമായ തീരുമാനം ഉണ്ടായി. PTA ഫണ്ടിന്റെ കാര്യത്തിൽ സമരത്തിനിറങ്ങുന്നതിനു മുൻപ് തന്നെ, അവർ കൈകാര്യം ചെയ്യുന്ന യൂണിയൻ ഫണ്ട് മറ്റു കോളേജിലേക്ക് മാറുന്നവർക്ക് തിരിച്ചുനല്‍കും എന്ന് എസ്. എഫ്. ഐ. യുടെ യൂണിയൻ തീരുമാനിച്ചിരുന്നു. അതിനേക്കാളുപരി എന്നെ അദ്ഭുതപ്പെടുത്തിയത്, ആ കോളേജിൽ പഠിക്കാൻ പോകുന്നവർക്ക് വേണ്ടിയല്ല, മറിച്ച് അവിടെ നിന്നും മറ്റു ക്യാമ്പസുകളിലേക്ക് പോകാൻ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയായിരുന്നു ആ സമരം എന്നതാണ്‌. പൊതുസമൂഹത്തോടു പ്രതിബദ്ധത ഉണ്ടാവേണ്ട ഒരു സംഘടന എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടത് എന്നതിന്റെ ആദ്യപാഠം ഞാൻ പഠിക്കുകയായിരുന്നു. 

അന്ന് അഡ്മിഷൻ പ്രോസസ്സ് എല്ലാം കഴിഞ്ഞതിനു ശേഷം എനിക്ക് കോളേജ് യൂണിയൻ ഓഫീസിൽ കയറി കാണാനും അന്നത്തെ എസ്. എഫ്. ഐ. നേതാക്കന്മാരെ എല്ലാം പരിചയപ്പെടാനും ഒരു അവസരം കിട്ടി. കോളേജിൽ ചേരാൻ പോയ ഞാൻ അന്ന് തന്നെ മനസ്സുകൊണ്ടു എസ്. എഫ്. ഐ. യിലും കൂടി ചേർന്നിട്ടാണ് അന്ന് ആ ക്യാമ്പസ് വിട്ടത്. പിന്നീട് അവിടെയും പാലക്കാട് എന്‍. എസ്. എസ്.  എഞ്ചിനീയറിംഗ് കോളേജിലുമായി ഉള്ള സംഘടനാ ജീവിതത്തിൽ ഒട്ടനവധി നല്ല അനുഭവങ്ങൾ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് സംഘടനാ ഭാരവാഹിയായിരിക്കുമ്പോളും, അത്തരം മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കൂട്ടായി ശ്രമിച്ചതിന്റെ അഭിമാനത്തോടു കൂടിയുമാണ് ഇപ്പോൾ ഇതെഴുതുന്നത്.

ഇന്ത്യയിലെ വിദ്യാർത്ഥിഹൃദയങ്ങൾ കീഴടക്കിക്കൊണ്ട് എസ്. എഫ്. ഐ.  വലിയ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ, എസ്. എഫ്. ഐ.യെ കുറ്റം പറയുക എന്നതിലപ്പുറത്തേക്ക് മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് അജണ്ടകൾ ഒന്നും ഇല്ലാത്ത അവസ്ഥയിൽ, ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ ആ സംഘടനയെ കല്ലെറിയാൻ ചുറ്റിലുമുള്ള വലതുപക്ഷ – വർഗീയ-പ്രതിലോമ ശക്തികൾ ശ്രമിക്കുന്ന കാഴ്ച്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ചലനാത്മകമായ ഒരു സംഘടനയില്‍ വന്നുപോകാവുന്ന ചില ചെറിയ തെറ്റുകൾക്കുമപ്പുറം, ഒരുപാടു ശരികളുടെ പ്രസ്ഥാനമാണ് ഇത്. ക്യാമ്പസുകളിൽ വർഗീയതക്കും, അധികാര വർഗ്ഗത്തിന്റെ അന്യായ നിലപാടുകൾക്കുമെതിരെ വിദ്യാർത്ഥികളുടെ  അത്താണിയായ ഈ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്.

 

WhatsApp