ജഗന്നാഥൻ

(എം. നന്ദകുമാര്‍. 1988 EE)

വർഷങ്ങൾക്കു മുമ്പ്- 1992ൽ-  ഞാൻ ആദ്യമായി ജഗന്നാഥനെ  കണ്ടു. ഡിസംബറിൽ ദൽഹിയിലെ തണുത്തു മരവിച്ച ഒരു സായാഹ്നത്തിൽ. സിരി ഫോർട്ടിൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ദിവസങ്ങൾ. ഞാനും ഏതാനും കൂട്ടുകാരും ഒരു പ്രതിഷേധജാഥ കഴിഞ്ഞു റോഡരികിലെ ധാബയിലിരുന്നു ചായ കുടിക്കുകയായിരുന്നു. ആരും പതിവുപോലെ വാചാലരായിരുന്നില്ല. പള്ളിപൊളിച്ചതിന്റെ ശേഷമുള്ള കലാപങ്ങളുടെ ദിവസങ്ങൾ. രണ്ടായിരത്തിലേറെപേർ കൊലചെയ്യപ്പെട്ടതായി പിന്നീടു കണക്കുകൾ വന്നിരുന്നു.

‘മുദ്രാവാക്യവും പ്ലാക്കാർഡും മലയാളത്തിലായതു നന്നായി.’ കച്ചോരി പൊട്ടിച്ചു ചുവന്ന സോസിൽ മുക്കുമ്പോൾ ചിത്രകാരൻ ബാലു  ഒരു ചിരിയോടെ പറഞ്ഞു.
‘അതെന്താ, ബാലു?’ ജോസഫിന് കാര്യം പിടികിട്ടിയില്ല.
‘ഹിന്ദിയിലായിരുന്നെങ്കിൽ വഴിയിലൂടെ പോകുന്ന ഭ്രാന്തന്മാർ കൂട്ടംകൂടി തല്ലിക്കൊന്നെനെ…’ ബാലു മേശപ്പുറത്തു വിരലുകൾകൊണ്ടു അപായചിഹ്നങ്ങൾ വരച്ചു.

ചായ തണുക്കുന്ന കൊച്ചുമൺചട്ടി ഉള്ളംകയ്യിൽ അമർത്തിപ്പിടിച്ചു ഞാൻ ഇരുന്നു. സ്വെറ്ററിനും ഷാളിനും തൊപ്പിക്കും തടുത്തുനിർത്താനാവാത്ത ഏതോ ശൈത്യം അസ്ഥികളെ ബാധിക്കുന്നു. 

ധാബയിൽ നിന്നിറങ്ങി സിരിഫോർട്ടിലെ സിനിമാ ഹാളിലേക്കു ഞങ്ങൾ നടന്നു. ആരോ പിന്തുടരുന്നുവെന്ന തോന്നൽ എനിക്കുണ്ടായി.
ഞാൻ വഴിയിൽ സിഗരറ്റ് വാങ്ങാൻ നിന്നു. എന്തുകൊണ്ടോ സിനിമ കാണാൻ ആഗ്രഹമുണ്ടായിരുന്നില്ല. കവാടത്തിനരികിലുള്ള വേപ്പുമരത്തിന്റെ സിമന്റുതറയിൽ ഒറ്റക്കിരിക്കാനാണു തോന്നിയത്.

അപ്പോഴാണ് അയാൾ എന്റെ അരികിൽ വന്നിരുന്നത്. 
‘എന്തിനായിരുന്നു ജാഥ?’
‘പള്ളി പൊളിച്ചതിന് …’
‘ഏതു പള്ളി? ആര് എപ്പോ പൊളിച്ചു?’
അയാൾ എന്നെ പരിഹസിക്കുകയായിരുന്നില്ല. രാജ്യത്തു നടക്കുന്ന കാര്യങ്ങൾ അയാൾ അറിഞ്ഞിട്ടില്ല. ഹിമാലയത്തിലെവിടെയോ ചുറ്റി നടന്നു ഡൽഹിയിലെത്തിയത് ഇന്നലെയാണ്.
അപ്രകാരം ഞാൻ ജഗന്നാഥനെ കണ്ടു മുട്ടി.

‘മദ്യപിക്കുമോ?’
‘ഇപ്പൊ എവിടെ പോകാൻ?’
‘വാ..വഴിയുണ്ട്..’ ജഗന്നാഥൻ എന്നെക്കൂട്ടി സിരിഫോർട്ടിലെ ഗലികളിലേക്ക് ഊളിയിട്ടു. ഞങ്ങൾ ആളൊഴിഞ്ഞ ഒരു ജ്യൂസ് കടക്കുമുന്നിൽ എത്തി.
ഒരു വലിയ ഗ്ളാസ് മൊസാംബി ജ്യൂസ് പറഞ്ഞു ജഗന്നാഥൻ കാമറാ ബാഗിന്റെ ഉള്ളറയിൽനിന്നും അരക്കുപ്പി റം വലിച്ചെടുത്തു. കുപ്പി പൊട്ടിച്ചു പപ്പാതി രണ്ടു ഗ്ലാസ്സുകളിൽ പകർന്നു. ജ്യൂസ് നിറച്ചൊഴിച്ചു ഒരു ഗ്ലാസ്സ് എനിക്കു നീട്ടി.  ആ ലഹരിയിൽ ഞങ്ങൾ പരിചയപ്പെട്ടു.

ജഗന്നാഥൻ ഒറ്റയ്ക്കാണ്. വീടുവിട്ടറങ്ങിയിട്ടു കുറെ കാലമായി. അതിനുള്ള കാരണം അയാൾ പറഞ്ഞില്ല. ചെറിയ ജോലികളുമായി നാടുതെണ്ടുന്നു. ചലച്ചിത്രമേളകൾക്കു പതിവുതെറ്റിക്കാതെ  പ്രത്യക്ഷമാകുന്നു. സിനിമ കാണാനല്ല അയാൾ വരുന്നത്. ഏതാനും ചങ്ങാതിമാരെ കണ്ടുമുട്ടാൻ. സിനിമാനടികളുമായുള്ള അഭിമുഖങ്ങളും ഫോട്ടോകളും ടാബ്ലോയ്ഡുകളിൽ പ്രസിദ്ധീകരിക്കാൻ. 

അതിലപ്പുറമൊന്നും എനിക്ക് ജഗന്നാഥനെ  കുറിച്ച് അറിയില്ല. അന്നും ഇന്നും. എങ്കിലും ഞാൻ അയാളെ ഇഷ്ടപ്പെട്ടു. വിശദീകരണങ്ങൾ വേണ്ടാത്ത അനാഥത്വവും അനിശ്ചിതത്വവും ഞങ്ങളെ അടുപ്പിച്ചതാകാം.

അന്നത്തെ അവസാനപ്രദർശനം കഴിഞ്ഞു.  നേരം പാതിരാവായിക്കാണും. താമസസ്ഥലത്തേക്കു മടങ്ങാൻ  ഇനി വണ്ടിയൊന്നും കിട്ടാൻ സാധ്യതയില്ല. ഞാനും ജോസഫും  ബാലുവും കൊണാട്ട് പ്ലേസിനടുത്തുള്ള ഗോൾ മാർക്കറ്റിലേക്കു  നടക്കാൻ തീരുമാനിച്ചു. മഞ്ഞിൽ തെരുവുവിളക്കുകളുടെ  പിത്തനിറമുള്ള തുറുകണ്ണുകൾക്കു കീഴെ. അനക്കമറ്റ വഴിയോരവൃക്ഷങ്ങളുടെ ഇരുണ്ട നിഴലുകൾ ചവിട്ടി. അന്ധകാരവും ശ്യൂനതയും മാത്രമുള്ള ഒരു രാത്രി.

തീയേറ്റർവിട്ടു കുറച്ചുദൂരം നടന്നപ്പോഴേക്കും ആരോ ഞങ്ങളെ കൈകാട്ടി വിളിച്ചു. 
അടച്ചിട്ട ഒരു ഹാർഡ്‌വെയർ ഷോപ്പിനുമുന്നിൽ നിർത്തിയ പഴഞ്ചൻ കാർ. കാറ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്ന നരച്ച താടിയും പരുക്കൻ ശബ്ദവുമുള്ള ഒരു ബംഗാളി. അയാൾക്ക് അമ്പതു കഴിഞ്ഞുകാണും. 

‘ഞാനും ഫെസ്റ്റിവലിന് വന്നതാണ്. നിങ്ങളെങ്ങോട്ടാണ്?’ 
ഗോൾ മാർക്കറ്റെന്നു  കേട്ടപ്പോൾ ഞങ്ങളെ അവിടെ ഇറക്കിവിടാമെന്ന് അയാൾ  സന്തോഷത്തോടെ ഏറ്റു.. പക്ഷെ ആ പഴയ പ്രീമിയർ പദ്മിനിയെ ഉന്തിത്തള്ളി സ്റ്റാർട്ടാക്കാൻ ഞങ്ങളൊന്നു  സഹായിക്കണം. അയാൾക്കു പോകേണ്ടതു പഹാഡ് ഗഞ്ചിലെ ഒരു ഹോട്ടലിലേക്കാണ്. 

വണ്ടി ഞെരങ്ങി സ്റ്റാർട്ടായി. അടുത്ത വളവിലേക്കു തിരിയുമ്പോൾ അയാൾ പറഞ്ഞു:
‘ഇടത്‌ ഭാഗത്തെ ആ ഡോർ ഒന്ന് ചേർത്ത് പിടിക്കണം.. അത് തുറന്നുപോകാൻ ഇടയുണ്ട്.’

അയാൾ കൽക്കട്ടയിൽനിന്നും ഫെസ്റ്റിവലിനു എത്തിയതാണ്. മുൻപ് ഋത്വിക് ദായുടെ കൂടെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹായിയായും ചെറിയ വേഷങ്ങളിലും. കേരളത്തിൽനിന്നുള്ള മൂന്നു ചെറുപ്പക്കാരെ കണ്ടതിൽ അയാൾക്കുള്ള സന്തോഷം മറച്ചുവെച്ചില്ല.

 

 

‘നിങ്ങൾ കുറേക്കാലമായി കൂട്ടുകാരാണോ?’

‘രണ്ടുമൂന്നു വർഷമായി…’ ജോസഫ് പറഞ്ഞു.
‘അടുത്ത ചങ്ങാതിമാർ..’ ഞാൻ ലഹരിയിൽ ശരിവെച്ചു.
അയാളുടെ പൊട്ടിച്ചിരിയിൽ വെല്ലുവിളിയുണ്ടായിരുന്നതായി ഇപ്പോൾ തോന്നുന്നു.
  
 

 

‘കലാകാരന്മാരും കലാപകാരികളും’ അയാൾ എന്തോ ആലോചിക്കന്നതുപോലെ പറഞ്ഞു. ‘നിങ്ങളുടെ ജാഥയുടെ പുറകിൽ ഞാനും വെറുതെ നടന്നു.’

വൈപ്പറുകൾ അനക്കമറ്റു കിടന്നു.  ചില്ലിൽ മൂടുന്ന കോടയിലേക്കു മുഖമടുപ്പിച്ചു ഡ്രൈവ് ചെയ്യുമ്പോൾ അയാൾ ഋത്വിക് ഘട്ടക്കിന്റെ സിനിമയെക്കുറിച്ചു വാചാലനായി. ആ മനുഷ്യന്റെ പേര് എനിക്ക് ഓർത്തെടുക്കാനാവുന്നില്ല.

ഗോൾ മാർക്കറ്റിലെ ട്രാഫിക്റൗണ്ടിൽ ഞങ്ങളെ ഇറക്കിവിടുമ്പോൾ അയാൾ ചോദിച്ചു: 
‘ഏതാനും കൊല്ലങ്ങൾ കടന്നുപോയെന്നിരിക്കട്ടെ…  നിങ്ങൾ ഇതേപോലെ സുഹൃത്തുക്കളായി തുടരുമോ?’
‘ഉറപ്പായും!’ ബാലു സ്വരമുയർത്തി പറഞ്ഞു.
‘എങ്കിൽ നല്ല കാര്യം…..അങ്ങിനെയാവട്ടെ…ഗുഡ് നൈറ്റ്…’

വാടകവീട്ടിലേക്കു നടക്കുമ്പോൾ സാക്രിഫൈസിലെ* അവസാനരംഗങ്ങൾ എന്റെ മനസ്സിൽ നിശ്ശബ്ദമായി ആളിപ്പടർന്നുകൊണ്ടിരുന്നു.
സ്വന്തം വീടിനു തീകൊടുക്കുന്ന അലക്‌സാണ്ടർ, മരിയയുടെ സൈക്കിൾ സവാരിയുടെ വിഭ്രാത്മകചലനങ്ങൾ. കടൽത്തീരത്ത് ഇലകൾ കൊഴിഞ്ഞ മരത്തിനു നനക്കുന്ന കുട്ടി. തൊണ്ടയിലെ ശസ്ത്രക്രിയക്കുശേഷമുള്ള മൂകത വിട്ടുമാറിയശേഷം അവന്റെ ആദ്യവാക്കുകൾ: ‘ആദിയിൽ വചനമുണ്ടായി… എന്തിനാണത് , പപ്പാ?’ 

ഫെസ്റ്റിവൽ അവസാനിക്കുന്ന ദിവസം. പിരിയുംമുൻപുള്ള ആഘോഷങ്ങൾക്ക് ആരുടെ കയ്യിലും മതിയായ കാശില്ല. ഞങ്ങൾ ജഗന്നാഥനെ സമീപിച്ചു. ചെറിയ മഴയുള്ള സന്ധ്യയിൽ  ചളി നിറഞ്ഞ ഊടുവഴികളിലൂടെ ജഗന്നാഥൻ ഞങ്ങളെ നയിച്ചു.

ഒരു അഭിമുഖം സംഘടിപ്പിക്കാൻവേണ്ടി ചർച്ചകഴിഞ്ഞു വേദിയിൽ നിന്നിറങ്ങിയ നടിയുടെ കാലുതൊട്ടു വന്ദിച്ചത് ജഗന്നാഥൻ എന്നോട് പറഞ്ഞു. അയാളുടെ കഷണ്ടിത്തലയും മുഷിഞ്ഞ ജാക്കറ്റും കാമറാബാഗിൽ തള്ളിനിൽക്കുന്ന മദ്യക്കുപ്പിയും കണ്ടു അവർ ആദ്യമൊന്നു അമ്പരന്നു. 
‘അഭിമുഖത്തിന് വേണ്ടിയാണ്…എനിക്ക് കുറച്ചു കാശും കിട്ടും. മാഡത്തിന് ഒരു പരസ്യവും…’ ജഗന്നാഥൻ കാര്യം തുറന്നുപറഞ്ഞു.

പൊതുവെ സ്‌ക്രീനിൽ കരച്ചിൽ കഥാപാത്രമായ ആ സ്ത്രീ പൊട്ടിച്ചിരിച്ചു. പിറ്റേന്ന് ജഗന്നാഥൻ ആ നടിയെക്കുറിച്ചു ഏതോ സിനിമാവാരികയിൽ കവർ സ്റ്റോറി തയ്യാറാക്കി. ഇപ്പോൾ അവർക്കു തന്നോട് പ്രണയമുണ്ടെന്നു അയാൾ എന്റെ ചെവിയിൽ പറഞ്ഞു.

ഞങ്ങൾ ഇടുങ്ങിയ ഗലി അവസാനിക്കുന്നിടത്തു  കാണപ്പെട്ട അരണ്ട വെളിച്ചത്തിനു നേരെ നടക്കുകയായിരുന്നു. കാൽപാദങ്ങൾ കൊഴുത്ത ചളിയിൽ പൂഴ്ന്നു…ലോകാവസാനത്തിന്റെ തർക്കോവ്സ്കയിൻ വെളിപാട് പോലെ മഴ കനക്കുന്നു. കൊടുംതണുപ്പും കൂരിരുട്ടും.

മരപ്പലകകൾ അടിച്ചുണ്ടാക്കിയ വാറ്റുപീടികക്കു മുന്നിൽ ആളുകൾ തിക്കി നിന്നു. റിക്ഷ വലിക്കുന്നവർ, യാചകർ, ഏതാനും സ്ത്രീകൾ…പ്രകാശം കുറഞ്ഞ ഒരു മൂട്ടവിളക്കിനരികിൽ മുഷിഞ്ഞ കിണ്ണത്തിൽ പുളിനാരങ്ങകൾ കഷണങ്ങളാക്കി ഇട്ടിരുന്നു. നാരങ്ങ പിഴിയാതെ ആ ദ്രാവകം ഇറക്കാനാകില്ല. ചാരായം കുടിച്ചു ഓക്കാനത്തെ അടക്കി നിർത്തി ഞാൻ നേരിയ തലചുറ്റലോടെ നിന്നു. അന്നേരം അരികിൽ നിന്നൊരു ശബ്ദം: 
‘ഭയ്യാ..ആ മുസംബിയൊന്നു പിഴിഞ്ഞ് താ…’

മരപ്പലകയിൽ പാതിചാരായമൊഴിച്ച ചില്ലുഗ്ലാസിൽ മൊസാംബി പിഴിഞ്ഞ് ഞാൻ അപരിചിതനു നീട്ടി…ഇരുട്ടിൽനിന്നും കുഷ്ഠരോഗത്തിൽ വിരലുകൾ മുരടിച്ച രണ്ടു കയ്യുകൾ ഗ്ളാസ് ഏറ്റുവാങ്ങി. അയാൾ പറഞ്ഞു: ‘താങ്ക് യൂ…’ 

പിന്നീട് ഒന്നോ രണ്ടോ സിനിമാമേളകളിൽ ഞാൻ ജഗന്നാഥനെ കണ്ടിരുന്നു. ബോംബെയിലും കൽക്കട്ടയിലും കേരളത്തിലും വച്ച്.. വലിയ മാറ്റമൊന്നുമില്ല. പുറംലോകം ജഗന്നാഥനെ ഒരിക്കലും ബാധിക്കാറില്ല. യാത്രകൾ, ഫോട്ടോഗ്രാഫി, പത്രക്കുറിപ്പുകൾ, അഭിമുഖങ്ങൾ…..വേനലിലും ഊരിക്കളയാത്ത തവിട്ടു ജാക്കറ്റ്, അതേ  കാമറയും ബാഗും ഓൾഡ് മങ്ക് റം കുപ്പിയും..എല്ലായ്‌പോഴും വിയർക്കുന്ന കഷണ്ടി..ഒരിടത്തും ഇരിക്കാനാകാതെ എന്തിനുമല്ലാതെ പരതി നടക്കൽ…കുറച്ചുകാലം ആശുപത്രിയിൽ ആയിരുന്നുവെന്ന് ജഗന്നാഥൻ പറഞ്ഞു. അസുഖമെന്തായിരുന്നെന്ന ചോദ്യം അയാൾ അവഗണിച്ചു.

ഈ രാത്രിയിൽ പ്രത്യേകിച്ചൊരു കാരണവും കൂടാതെ ജഗന്നാഥന്റെ മരണവാർത്ത ഞാൻ ഓർക്കുന്നു. പത്രത്തിലാണ് കണ്ടത്. പ്രശസ്തമായ ഒരു ക്ഷേത്രക്കുളത്തിൽ പൊങ്ങിയ അജ്ഞാതന്റെ ജഡം. കാമറയും ജാക്കറ്റും കുളക്കരയിൽ വെച്ചിരുന്നു. അയാൾ താമസിച്ചിരുന്ന അഭയകേന്ദ്രത്തിന്റെ മാനേജർ ജഡം പിന്നീടു തിരിച്ചറിഞ്ഞു.

ജഗന്നാഥന് എന്തുപറ്റിയെന്നു അന്വേഷിക്കാൻ അപ്പോൾ ഞങ്ങൾക്കിടയിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. ബാലുവും ജോസഫും എവിടെയാണെന്നുപോലും എനിക്കറിയില്ല. അവരും എന്നെപ്പോലെ നഗരങ്ങളും രാജ്യങ്ങളും ജോലികളും മാറി എവിടെയെങ്കിലും തമ്പടിച്ചിരിക്കണം. പ്രതിഷേധജാഥകൾ കാണുമ്പോൾ നിസ്സംഗരായ വഴിപോക്കരായി നോക്കി നിൽക്കുന്നുണ്ടാകും. എന്നെന്നും നിങ്ങളുടെ ചങ്ങാത്തം തുടരട്ടെ എന്ന് ആശംസിച്ച ബംഗാളി സിനിമാക്കാരൻ ഇന്നുണ്ടാകുമോ? അയാളുടെ പഴയ പദ്മിനി കാറ് ഓർമ്മയിൽ തുരുമ്പിച്ചു പൊടിയുന്നു.

ഈ രാത്രിയിൽ മഞ്ഞുതാഴ്വാരങ്ങളിൽ ചെന്നായ്ക്കൾ വേട്ടയാരംഭിച്ച വാർത്തകൾ എത്തുമ്പോൾ ഞാൻ ജഗന്നാഥനെ വീണ്ടും ഓർക്കട്ടെ. ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ ക്രൂരമായ ഡിസംബറിൽ അസ്ഥികളിൽ തുളച്ചു കയറിയ ശൈത്യം വീണ്ടും അനുഭവിക്കട്ടെ. ഇരുട്ടിൽനിന്നും മാറാവ്യാധിയുടെ മുരടിച്ച വിരലുകൾ ചരിത്രത്തെ സ്പർശിക്കുന്ന മുഹൂർത്തം കിടിലം കൊള്ളിക്കട്ടെ. 

തലചുറ്റൽ, ഓക്കാനം, കാലുകൾ പൂണ്ടുപോകുന്ന ചളി…വചനത്തിനു മുമ്പ് ഭയാനക നിശ്ശബ്ദതയായിരുന്നു.

എനിക്കു ജഗന്നാഥനോടു അസൂയ തോന്നുന്നു. ഒന്നും അറിയാതിരുന്നെങ്കിൽ.

ജഗന്നാഥാ…രക്ഷ! 
 

WhatsApp