അതിർത്തി …
SHAFEEKH RAHMAN [2006 IC]
വിയർപ്പു തുടച്ചു കടലാസ് നോക്കി
കണ്ണ് കലങ്ങി, അക്ഷരങ്ങൾ മാഞ്ഞുപോയി
47-ല്‍ ജനിച്ച ഞാന്‍ പട്ടികയിലില്ല
തൊണ്ണൂറു കവിഞ്ഞ മാതാവും
പണിയില്ലാത്ത മുപ്പത്തഞ്ചുകാരൻ മകനും പട്ടികയിലില്ല.
ഇല്ലാത്ത രേഖകളാൽ ,മഹാരാജ്യത്തെ രേഖകളിൽ നിന്ന്
വെട്ടി മാറ്റപ്പെട്ടിരിക്കുന്നു
ജനിച്ചതും, നടന്നതും ഇവിടെ
സ്വപ്നം കണ്ടതും, പ്രേമിച്ചതും
ഭോഗിച്ചതും, ആഘോഷിച്ചതും
വെയിൽ കൊണ്ടതും, പണിയെടുത്തതും
സമരം ചെയ്തതും, ക്ഷോഭിച്ചതും
ഈ തെരുവിൽ, ഈ മണ്ണിൽ
ഇതെങ്ങനെ എനിക്കന്യമായി ?
വെട്ടിമാറ്റപ്പെട്ടവന് , മതിൽക്കെട്ടുകൾ
ആകാശം പോലെ വളരുകയാണ്
അതിർത്തികൾ വരച്ചവനറിയില്ലല്ലോ
മുറിഞ്ഞുപോയ ജീവിതങ്ങളുടെ നൊമ്പരങ്ങൾ?
വരിവരിയായി നിൽക്കുന്ന ആയിരം ജീവനുകൾ
രേഖകൾക്കായി കൈകൾ നീട്ടുന്നു…
അപ്പോഴും ദൂരെ, ആരോ ആക്രോശിക്കുന്നു…