മരണമന്വേഷിച്ചു നടക്കുന്ന ഒരാൾ
നിശാന്ത് (ICE 2004)
- ഞാൻ അപ്പാപ്പനെ കാണുന്നു
റോഡിനരികിൽ നടപ്പാതയിൽ ഒരു അപ്പാപ്പൻ ഇരിക്കുന്നു
വെളുത്ത ജുബ്ബ, വെളുത്ത ധോത്തി
പച്ച നിറത്തിൽ ക്Iറിത്തുടങ്ങിയ തോർത്ത്
മുഷിഞ്ഞ ഊന്നുവടി
മുഖം കരിവാളിച്ചാണ്
നീളമില്ലാത്ത നരച്ച മുടി ചീകിയൊതുക്കാതെ ഇട്ടിരിക്കുന്നു
കുഴിഞ്ഞ കണ്ണുകളിൽ പേടി, പരിഭ്രമം.
രാവിലെ വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടെയുള്ളൂ
മെയ്മാസച്ചൂടാണ്
അപ്പാപ്പൻ വിയർപ്പ് തുടക്കുന്നു
കാലു മടക്കി വയ്ച്ച് മുട്ടിൽ തല ചായ്ച്ചിരിക്കുന്നു
ഇടയ്ക്ക് തല പൊക്കി റോഡിനറ്റത്തേയ്ക്ക് ദൂരേയ്ക്ക് നോക്കുന്നു.
- അപ്പാപ്പനെ ഞാൻ വീണ്ടും കാണുന്നു :
അപ്പാപ്പൻ താമസം ഒറ്റയ്ക്കായിരിക്കണം
രാവിലെ നടക്കാൻ ഇറങ്ങിയതായിരിക്കണം
മക്കൾ ഉപേക്ഷിച്ചതായിരിക്കണം
മക്കൾ ഇല്ലാത്തതായിരിക്കണം
വിഭാര്യനോ
അവിവാഹിതനോ ആയിരിക്കണം
ദിവസം മുഴുവൻ ഒറ്റയ്ക്കായിരിക്കണം
വർഷങ്ങളായി ആരോടും മിണ്ടാതെ ശബ്ദം അടഞ്ഞു പോയതായിരിക്കണം
വാക്കുകൾ, ഭാഷ മറന്നു പോയിരിക്കണം
അപ്പാപ്പൻ ഭക്ഷണം കഴിക്കുമായിരിക്കണം
അപ്പാപ്പൻ ആരോടും കടം ചോദിക്കില്ലായിരിക്കും
അപ്പാപ്പന് സമയമുണ്ടാവില്ല
- അപ്പാപ്പനെ ഞാൻ എന്നും കാണുന്നു :
അപ്പാപ്പൻ
വീട്ടിൽ നിന്ന് എന്നും രാവിലെ ഇറങ്ങി നടക്കുന്നു
നഗരം മുഴുവൻ നടക്കുന്നു
ബസ് സ്റ്റോപ്പുകളിൽ കയറിയിറങ്ങുന്നു.
ചന്തകളിൽ ചുറ്റിത്തിരിയുന്നു
റെയിൽവേ ബെഞ്ചുകളിൽ കിടന്നുറങ്ങുന്നു
പാതയോരങ്ങളിൽ തളർന്നിരിക്കുന്നു
വളരെ വേഗത്തിലാണ് അപ്പാപ്പൻ നടക്കുന്നത്
കാണാതെ പോയ വേണ്ടപ്പെട്ട ആരെയോ തിരഞ്ഞു പോകുന്ന പോലെ
മുന്നോട്ടാണ്, ഇടയ്ക്കിടെ വേച്ചു പോകുന്ന നടത്തം
ഊന്നുവടി അപ്പാപ്പനെ വീഴാതെ നടത്തുന്നു.
അപ്പാപ്പന് :
‘നിങ്ങൾക്ക് ഒരു മൂലയ്ക്ക് ഇരുന്നുകൂടെ’ എന്ന് ചോദിയ്ക്കാൻ ആരുമുണ്ടാവില്ല
ഭക്ഷണത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ആരുമുണ്ടാവില്ല
കൈ പിടിക്കാൻ, വെള്ളം കൊടുക്കാൻ ആരുമുണ്ടാവില്ല
അപ്പാപ്പൻ സ്വാതന്ത്ര്യത്തിന്റെ തടവിലായിരിക്കണം
അപ്പാപ്പന്റെ കണ്ണുകളിൽ എപ്പോഴും വെള്ളം നിറഞ്ഞിരുന്നു.
- അപ്പാപ്പൻ എന്നെ കാണുന്നു :
ഞാൻ ബസ് കത്ത് നിൽക്കുന്നു
എൻറെ ബസ് വൈകുന്നു
ഞാൻ വാച്ച് നോക്കുന്നു
അപ്പാപ്പൻ എന്നെ കാണുന്നു
അപ്പാപ്പൻ എൻറെയടുത്ത് വരുന്നു
അപ്പാപ്പൻ എന്നോട് സ്വകാര്യം പറയുന്നു –
വേഗം നടന്നാൽ വേഗമെത്താം, കാത്തുനിൽക്കണ്ട.
നിൻറെ ഘടികാരം നിലക്കാൻ എത്ര സമയമെന്നാർക്കറിയാം
ഞാനെൻറെ സൂചികളില്ലാത്ത ഘടികാരത്തിലേയ്ക്ക് കണ്ണ് മിഴിച്ചു നോക്കുന്നു.
അപ്പാപ്പൻ അതിവേഗം നടന്നകലുന്നു
അപ്പാപ്പനെ തിരക്കിൽ കാണാതാവുന്നു
ആരുമില്ലാത്ത അപ്പാപ്പൻ നഗരം മുഴുവൻ മരണമന്വേഷിച്ചു നടക്കുന്നു.