ഭൂപടങ്ങളിൽ രേഖപെടുത്താത്തവർ

Nisha Sukesh 1996 Civil

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും വസിക്കാനുള്ള അവകാശം തുല്യമാണെന്നിരിക്കെ , നിറത്തിന്റെയോ, ജാതിയുടെയോ, വംശത്തിന്റെയോ പേരിൽ ചില മനുഷ്യർക്കു മാത്രം ഇത് നിഷേധിക്കപ്പെടുന്ന അവസ്ഥ ഭീകരമാണ്.  നീതി നിഷേധിക്കപ്പെടുന്നു എന്നു മാത്രമല്ല, ഭൂമുഖത്തുനിന്നു തന്നെ അവരെ ആട്ടിയോടിക്കാനുള്ള സവർണ്ണമേധാവിത്വത്തിൻ്റെ വികലമായ ചിന്തകളാണ് ഏറ്റവും ദുസ്സഹം. ഇന്ന് ഏറെ മറയ്ക്കപ്പെടാൻ ലോകം ശ്രമിച്ചുകൊണ്ടിരിക്കുന്നത് റോഹിൻഗ്യൻ അഭയാർത്ഥി പ്രതിസന്ധിയാണ്. എന്തുകൊണ്ട് ഈ ജനത  ഇത്രയേറെ പീഡനങ്ങൾക്ക് വിധേയമാക്കപ്പെടുന്നു എന്ന ചോദ്യത്തിന് ആർക്കും അധികം ഉത്തരങ്ങളില്ല.  യുസ് ഹോളോകാസ്റ്റ് മ്യൂസിയത്തിൽ അടുത്തിടെ പ്രദർശിപ്പിച്ച  റോഹിൻഗ്യൻ ജനതയുടെ ചിത്രങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കേട്ട ജൂതവംശഹത്യയെക്കാൾ ഭീതിജനകമാണ്.

 

ചരിത്രത്തിലേക്കു ഒന്ന് തിരിഞ്ഞു നോക്കിയാൽ രോഹിൻഗ്യൻ വംശജർ എവിടെ നിന്ന് വന്നു എന്നും എങ്ങനെ ഉണ്ടായെന്നും നമുക്ക് ഏറെക്കുറെ മനസ്സിലാകും.

രാഖൈൻ എന്നത് പഴയ അരക്കൻ ഭൂപ്രദേശം, ലോവർ ബർമയിലെ ഒരു തീരദേശ ഭൂമി. പഴയ ബർമയുടെ (ഇന്നത്തെ മ്യാന്മാറിന്റെ) പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയുന്ന ഒരു പ്രകൃതിദത്ത തുറമുഖം കൂടിയാണ് അരക്കൻ. ഒൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്  കച്ചവടത്തിനോ മറ്റോ കടൽ മാർഗം യാത്ര ചെയ്ത അറബികൾ വിശ്രമിക്കാനായി ഇവിടെ വന്നിറങ്ങുകയും, പിന്നീട് അവിടെ താമസിച്ച് പ്രാദേശിക സ്ത്രീകളെ വിവാഹം ചെയ്യുകയും ചെയ്തു. റോഹിൻഗ്യൻ മുസ്ലിങ്ങളുടെ വംശം ഇവിടെ തുടങ്ങിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാമർ രാജാവായ അനവ്രഹ്ത ഥേരവാദ ബുദ്ധമതം  ബഗനിൽ സ്ഥാപിച്ചതിൽ പിന്നെ, ബുദ്ധമതം ബർമയുടെ പല സംസ്ഥാനങ്ങളിലേക്കും പതുക്കെ പടരുകയായിരുന്നു.

ബ്രിട്ടീഷ് കോളോണിലസിത്തിന്റെ കാലത്ത് ബ്രിട്ടീഷുകാർ സമീപപ്രദേശങ്ങളിൽ നിന്നുള്ള ബംഗാളി നിവാസികളെ അന്നത്തെ  ഫലഭൂയിഷ്ഠമായ  അരക്കൻ താഴ് വരകളിലേക്ക് കാർഷിക തൊഴിലാളികളായി കുടിയേറാൻ പ്രോത്സാഹിപ്പിച്ച -തോടെ അരക്കൻ ജനസംഖ്യ വർദ്ധിക്കാൻ തുടങ്ങി.  ഇന്ത്യയിൽ നിന്നും അരക്കനിലേക്ക് കുടിയേറ്റം നടന്നതായി ചരിത്രത്തിൽ പറയുന്നു.

ഇക്കാരണങ്ങളാൽ ചരിത്രകാരന്മാർ വിശ്വസിച്ചത് 19, 20 നൂറ്റാണ്ടുകളിൽ ഭൂരിഭാഗം റോഹിംഗ്യകളും ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളായാണ് എത്തിയതെന്നാണ്.

ഇത്  അധികമൊന്നും എഴുതിവെക്കപ്പെടാത്ത ചരിത്രം .

1978 ബർമീസ് ഭരണകൂടത്തിന്റെ ഓപ്പറേഷൻ കിംഗ് ഡ്രാഗണിന്റെ ഫലമായി, റോഹിംഗ്യൻ അഭയാർഥികളുടെ ആദ്യ തരംഗം ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. ഏകദേശം 200,000 റോഹിംഗ്യകൾ കോക്സ് ബസാറിൽ അഭയം തേടി .അത് പക്ഷെ അധികം നീണ്ടുനിന്നില്ല. 16 മാസങ്ങൾ തുടർച്ചയായ നീണ്ട ചർച്ചകൾക്കുശേഷം ബംഗ്ലാദേശ് അവരെ  സ്വദേശത്തേക്കു തന്നെ തിരിച്ചയച്ചു. കംബോഡിയൻ അഭയാർഥികളുടെ സ്വദേശത്തേക്കുള്ള തിരിച്ചുവരവിനു ശേഷം ഏഷ്യയിലെ രണ്ടാമത്തെ വലിയ , സ്വദേശത്തേക്കു മടങ്ങുന്ന പ്രക്രിയയാണ് ബർമയിലേക്കുള്ള അഭയാർഥികളുടെ  മടങ്ങിവരവ്.

1982 ൽ ബർമീസ് സൈനിക ഭരണാധികാരി, നെ വിൻ  നടപ്പിലാക്കിയ പൗരത്വ നിയമം റോഹിംഗ്യകളെ ബർമയിലെ 135 വംശങ്ങളിൽ   ഒന്നായി പട്ടികപ്പെടുത്തിയില്ല. അതിൻ്റെ ഫലമായി ബർമയിലെ റോഹിംഗ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും അവരുടെ  മാതൃരാജ്യമായ അരകനിൽ അഭയാർഥികളായി മാറി. 1990 ലെ തിരഞ്ഞെടുപ്പിലും 1988 ലെ പ്രക്ഷോഭത്തിലും ആംഗ് സാൻ സൂകിയുടെ വിജയത്തെത്തുടർന്ന് ബർമീസ് സൈനിക ഭരണകൂടം രാഷ്ട്രീയ പ്രതിപക്ഷത്തെ ഉപദ്രവിക്കാൻ തുടങ്ങി. മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നടപടികൾ (ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെ ശക്തമായി അനുകൂലിച്ചവർ) അരക്കൻ സംസ്ഥാനത്ത് ആരംഭിച്ചു. റോഹിംഗ്യകളുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌പി‌എച്ച്ആർ രാഷ്ട്രീയ പാർട്ടിയെ നിരോധിക്കുകയും അതിന്റെ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. ജനറൽ താൻഷ്വെയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് സൂക്വിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചത്.

 

1989 ൽ ഭരണകൂടം ബർമയുടെ പേര് മ്യാൻമർ എന്ന് ഒദ്യോഗികമായി മാറ്റി.1990 കളിൽ ഭരണകൂടം അരകാൻ പ്രവിശ്യയുടെ പേര് റാഖൈൻ സ്റ്റേറ്റ് എന്നുമാക്കി മാറ്റി . റോഹിൻഗ്യൻ ജനതയോടുള്ള അവഗണയും അടിച്ചമർത്തലുകളും ഇവിടെ തുടങ്ങുന്നു.

രണ്ട് ഘട്ടങ്ങളിലായി  മുസ്ലീം റോഹിംഗ്യൻ ജനതയ്‌ക്കെതിരെ മ്യാൻമർ സർക്കാർ തുടരുന്ന പീഡനങ്ങളുടെ ഒരു പരമ്പരയാണ് റോഹിംഗ്യൻ വംശഹത്യ. അതിൽ ആദ്യത്തേത് 2016 ഒക്ടോബറിൽ ആരംഭിച്ച് 2017 ജനുവരിയിൽ അവസാനിച്ചു, രണ്ടാമത്തേത് 2017 ഓഗസ്റ്റിൽ ആരംഭിച്ച് ഇപ്പോഴും തുടരുകയാണ് .വെള്ളവും വെളിച്ചവും കൂടി നിഷേധിക്കപെട്ടതോടെ സ്വന്തം നാട് അവർക്ക് നരകതുല്യമായി . ഈ പ്രതിസന്ധി ഒരു ദശലക്ഷത്തിലധികം റോഹിംഗ്യകളെ അയൽരാജ്യങ്ങളി ലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. അവരിൽ ഭൂരിഭാഗവും ഇന്ത്യ, തായ്ലൻഡ്, മലേഷ്യ,  ബംഗ്ലാദേശ്  എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. സ്വന്തമായി ഒരു നാടും വീടും ഉണ്ടായിട്ടും, തങ്ങളുടെ വാസസ്ഥലം ഉപേക്ഷിക്കേണ്ടി വന്ന നിസ്സഹായരായ ഒരു കൂട്ടം മനുഷ്യർ.

ബംഗ്ലാദേശിലെ കോക്സ് ബസാറിൽ മൊത്തം 3,321 റോഹിംഗ്യൻ അഭയാർത്ഥികളുമായി നടത്തിയ സർവെയിൽ രേഖപ്പെടുത്തിയിട്ടുള്ളത്, വംശഹത്യയ്ക്കിടെ സൈന്യവും പ്രാദേശിക റാഖൈൻ ബുദ്ധമതക്കാരും 24,000 റോഹിംഗ്യൻ ജനതയെയും സംഘത്തെയും കൊന്നൊടുക്കി എന്നാണ്.  18,000 റോഹിംഗ്യൻ മുസ്ലീം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ബലാത്സംഗവും മറ്റ് ലൈംഗിക അതിക്രമങ്ങളും നടന്നു എന്നും, 116,000 റോഹിംഗ്യകളെ മർദ്ദിച്ചുവെന്നും, 36,000 റോഹിംഗ്യകളെ തീകൊളുത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഏതാണ്ട് 140,000 പേർ ഇപ്പോഴും അവിടുത്തെ ഡീറ്റെൻഷൻ ക്യാമ്പുകളിൽ കഴിയുന്നു. വെള്ളവും വെളിച്ചവും ഇല്ലാതെ.

എത്‌നിക് ക്‌ളെൻസിങ് എന്ന ചെല്ലപ്പേരിട്ട് സവർണ്ണ ഫാസ്സിസം ഒരു ജനതയെ മുഴുവൻ ആക്രമിക്കുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുന്ന ഒരു ലോകമാണ് നമുക്ക് മുന്നിൽ. ഏതാണ്ട് ഇതേ മാതൃകയിൽ ഉള്ള ഒരു ക്ലെൻസിങ് ആണ് നമ്മുടെ ഇന്ത്യൻ ഭരണകൂടവും ഏറെക്കുറേ ലക്ഷ്യമിടുന്നത്.  ഇനിയും വരാനിരിക്കുന്ന ദിനങ്ങളിൽ ഭൂപടങ്ങളിൽനിന്ന് അപ്രത്യക്ഷരാവാൻ കാത്തിരിക്കുന്നവർ നമ്മളിൽ ചിലർ ആയിക്കൂടെന്നില്ല.

WhatsApp