പ്രിയപ്പെട്ട ദുഷ്ടന്
ഷഫീഖ് പാറയിൽ വളപ്പിൽ (2014 EEE)
ഒരു നരച്ച പകലിലിരുന്നാണ് നിനക്ക് ഞാൻ ഈ എഴുത്ത് എഴുതുന്നത്. മഴപ്പകലുകളെ ഓർത്തുകൊണ്ടിരുന്നപ്പോഴാണ് ഓർമകൾ ചുരം കയറി വീണ്ടും നിന്നിൽത്തന്നെ ഇടിച്ചുനിന്നത് .
എന്നെ ഓർമയില്ലേ? ആ മഴപ്പകൽ ഓർമയില്ലേ ദുഷ്ടാ??
മറന്നു കാണും… ദുഷ്ടനാണ് നീ!
വിശുദ്ധമായ ആദ്യപ്രണയത്തിന്റെ നൈരാശ്യത്തിൽ ദിക്കുകൾ പൊട്ടുമാറുച്ചത്തിൽ ഞാൻ നിലവിളിച്ച ദിവസം ,അസഹ്യമായ വേദനയോടെ ഹൃദയം നാലായി പിളർന്ന ആ ദിനം!
ആത്‌മാവിന്റെ സ്വാതന്ത്ര്യം, അതിന്റെ എല്ലാ തീക്ഷണതയോടും കൂടി എന്നോട് സംവദിച്ചു കൊണ്ടിരിക്കുമ്പോഴാണ് നീ കയറിവന്നത് -ദുഷ്ടൻ !

മേഘക്കീറുകൾക്കിടയിൽ നിന്നുള്ള ഇടിവെട്ട് പോലെ ഞാൻ നിന്നോട് അലറിയത് ഓർമയില്ലേ??? കാലം തെറ്റി അവതരിച്ച പ്രവാചകനെ പോലെ നീ എന്നോട് ചിരിച്ചു കാണിച്ചു . നിന്നെ ശകാരിക്കാനായി വാക്കുകൾ തിരഞ്ഞപ്പോഴാണ് വാക്കുകളുടെ ദൗർലഭ്യത ഞാൻ തിരിച്ചറിയുന്നത്. ഒടുവിൽ മൗനം കൊണ്ട് ശകാരിച്ചപ്പോൾ നീ വീണ്ടും ചിരിച്ചു കാണിച്ചു . ഞാൻ ഇളിഭ്യയായി!
അപ്പോഴേക്കും ആകാശം അടുത്ത മഴയ്ക്കുള്ള ചിത്രം വരച്ചു തുടങ്ങിയിരുന്നു. വേച്ചുവേച്ചു ഞാൻ അടുത്ത മരച്ചുവടു തേടിപ്പോയപ്പോൾ, എന്തിനാണ് ദുഷ്ടാ അവിടേക്കും നീ എന്നെ അനുഗമിച്ചത്?
അജ്ഞാതമായ ഭാഷയിൽ അപരിചിതമായ ഒരു ലോകത്തുനിന്ന് വന്നവനെപ്പോലെ, നീ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു… നിന്റെ വാക്കുകളുടെ വറ്റാത്ത ഉറവ എന്നെ വിസ്മയിപ്പിച്ചു.
അപ്പോഴേക്കും ആകാശം ഇരുട്ട് നിറച്ചു തുടങ്ങിയിരുന്നു. തെരുവുവിളക്കുകൾ നിയോൺ ലൈറ്റിന്റെ മഞ്ഞവെളിച്ചം പരത്തി. മഴച്ചീളുകൾ മണൽപ്പരപ്പിൽ വീണു മരിച്ചു കൊണ്ടിരുന്നു.
ഉൽപ്പത്തിയുടെ നാളുകളിൽ എന്നപോലെ ഹവ്വ ആയി ഞാനും, ആദം ആയി നീയും ആ കടൽ തീരത്തു തനിച്ചായി !
ശപിക്കപ്പെട്ട ഈ ലോകത്തു നിന്ന് ആത്മഹത്യയുടെ തുരുത്തിലേക്ക് നീന്തിക്കയറാൻ വന്നതായിരുന്നു ഞാൻ.
നീ, എന്റെ ‘മരണം’ എന്ന സന്തോഷത്തെ കൊല്ലാൻ വന്ന ദുഷ്ടനായി!
മഴ പെയ്യുന്ന ആ രാത്രിയിൽ ഞാൻ എന്റെ ദുഃഖങ്ങളെ കെട്ടിപിടിച്ചു കനൽ കാഞ്ഞു, നീയോ?
എന്തിനാണ് നീ ഒട്ടും മടുപ്പുവരാതെ എന്റെ ദുഖങ്ങളെ വീണ്ടും വീണ്ടും കേട്ടിരുന്നത്??
അപ്പോഴേക്കും എന്റെ അവസാന ദുഃഖവും നിന്നോട് പറഞ്ഞു കഴിഞ്ഞിരുന്നു…
അതു കഴിഞ്ഞ്, നീ വീണ്ടും സംസാരിച്ചു തുടങ്ങി…
ഒരു വേള പ്രവാചകനെ പോലെ… മറ്റു ചിലപ്പോൾ ഗുരുവിനെ പോലെ… അതുമല്ലെങ്കിൽ ഒരു സൂഫിയെ പോലെ… അല്ല ഒരു വഴിപോക്കനെ, അല്ലെങ്കിൽ ഒരു ഫക്കീറിനെ പോലെ… ഒന്നുമല്ലെങ്കിൽ ‘എന്നെപ്പോലെ’…
ഇതിൽ ആരോ ഒരാളാണ് നീ! അല്ലെങ്കിൽ ഇതിൽ എല്ലാവരുമാണ്!
മനസ്സ് പറഞ്ഞു, “ഞാൻ തന്നെ അത്..”
‘അനൽ ഹഖ്’ എന്നോ ‘തത്ത്വമസി’ എന്നോ -എന്തും വിളിക്കാം….
പ്രിയപ്പെട്ട ദുഷ്ടാ, നിന്നോട് നന്ദി എന്നല്ലാതെ മറ്റെന്ത് പറയാൻ..! പകർന്നു നൽകിയ ഭ്രാന്തിന്, ലഹരി പിടിപ്പിച്ച ചിന്തകൾക്ക്, തകർത്തെറിഞ്ഞ സങ്കൽപ്പങ്ങൾക്ക്, നീ നഗ്നമാക്കിയ യുക്തി ബോധത്തിന്, തിരിച്ചു തന്ന മനോഹരമായ ആത്മാവിന്…
എല്ലാത്തിനും നന്ദി!
നീ ഇരുളിൽ മറഞ്ഞപ്പോൾ എനിക്ക് പനി പിടിച്ചിരുന്നു!
ചാറ്റൽ മഴ തോരാതെ നിന്നു…